മനസ്സിലെഴുതിയ കുറിപ്പ് മരണാനന്തരം
ശാന്തപുരത്തു നിന്ന് വാണിമേലിലേക്ക് മടങ്ങിയ സായാഹ്നം. ഒപ്പം ടി. മുഹമ്മദ് വേളം. വര്‍ത്തമാന വിഷയങ്ങള്‍ പലത്. എവിടെയോ വെച്ച് മഞ്ചേശ്വരത്തെ സി. അഹമ്മദ് കുഞ്ഞി വര്‍ത്തമാനത്തില്‍ കയറി.
വെല്‍ഫെയര്‍ പാര്‍ട്ടി സംഘാടന സന്ദര്‍ശനങ്ങളിലൂടെ കുഞ്ഞി ടി.എമ്മിന്റെ മനസ്സില്‍ ഇടം നേടിയെന്ന് അദ്ദേഹത്തിന്റെ സംസാരം തെളിയിച്ചു. കുഞ്ഞിയെക്കുറിച്ച് 'പ്രബോധനം' വാരികയില്‍ എഴുതുന്ന കാര്യം വിഷയമായി. അലസതയാല്‍ നീണ്ടു. ഈദുല്‍ ഫിത്വ്ര്‍ ദിനത്തില്‍ ടി.എമ്മിനെ കണ്ടപ്പോള്‍ വിഷയമായത് സി.അഹമ്മദ് കുഞ്ഞിയുടെ മരണം.
മഞ്ചേശ്വരംകാരുടെ 'സി' വിട്ടേച്ചുപോയത് കാസര്‍കോടിന്റെ ചരിത്രവും സ്വയം ചരിത്രമായ തന്റെ ജീവിതവുമാണ്. യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമീഷന്‍ 2006 നവംബര്‍ 30-ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ കേരളത്തില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്ക് അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ് കുട്ടി ചെയര്‍മാനായി സര്‍ക്കാര്‍ 2007 ഒക്‌ടോബര്‍ 15-ന് രൂപവത്കരിച്ച സമിതിയില്‍ സി. അംഗമായിരുന്നു. ടി.കെ ഹംസ എം.പി, കെ.ഇ ഇസ്മയില്‍ എം.പി, കെ.എ അസീസ് എം.എല്‍.എ, ഡോ. കെ.ടി ജലീല്‍ എം.എല്‍.എ, ടി.കെ വില്‍സണ്‍, ഡോ. ഫസല്‍ ഗഫൂര്‍, 'മാധ്യമം' എഡിറ്റര്‍ ഒ. അബ്ദുര്‍റഹ്മാന്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി എന്നിവരായിരുന്നു സമിതിയിലെ മറ്റംഗങ്ങള്‍.
കേരളത്തിനു പുറത്തും അറിയപ്പെടുന്ന ഈ പ്രഗത്ഭരുടെ കൂട്ടത്തില്‍ എന്തെങ്കിലും സന്തുലനം പാലിക്കാന്‍ ഉള്‍പ്പെടുത്തിയ പേരായിരുന്നില്ല അഹമ്മദ് കുഞ്ഞിയുടേത്. മുസ്‌ലിം ലീഗ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന അദ്ദേഹത്തിന്റെ കഴിവുകളും ബോധ്യങ്ങളും ആ പാര്‍ട്ടി തിരിച്ചറിഞ്ഞതിന്റേതായിരുന്നു ആ പരിഗണന. കമ്മിറ്റിയില്‍ തന്റെ നിയോഗം എന്താണെന്ന മാര്‍ഗനിര്‍ദേശം ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ കാര്യ വിഭാഗം അന്ന് നല്‍കിയത് അനുഗ്രഹമായി കരുതുകയും പാലിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങളുടെ പൊതുവായ പ്രശ്‌നങ്ങള്‍ക്ക് ഉപരിയായ സവിശേഷതകള്‍ കാസര്‍കോട്ടുണ്ടെന്ന് സമിതി വഴി സര്‍ക്കാറിനെ ബോധ്യപ്പെടുത്താനുള്ള തീവ്രശ്രമം തന്നെ സി. നടത്തി. ഉര്‍ദു മാതൃഭാഷയായ തുര്‍ക്കന്മാര്‍ എന്നറിയപ്പെടുന്ന, ടിപ്പു സുല്‍ത്താന്റെ പടയാളികളുടെ പിന്മുറക്കാര്‍ മഞ്ചേശ്വരം ഉപ്പളയില്‍ വലിയ സമൂഹമായി താമസിക്കുന്നുണ്ട്. ഹനഫികളായ ഈ വിഭാഗത്തിന്റെ പ്രത്യേക ആരാധനാലയവും മറ്റും പ്രവര്‍ത്തിക്കുന്നു. സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ ഉര്‍ദു മേഖലക്ക് ശിപാര്‍ശ ചെയ്ത പ്രത്യേക ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭ്യമാക്കാനുള്ള സി.യുടെ ഇടപെടല്‍ എടുത്തുപറയേണ്ടതാണ്. എന്നാല്‍ ഈ വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ആരും ഉര്‍ദു മീഡിയം സ്‌കൂളില്‍ പഠിക്കുന്നില്ലെന്ന മുടന്തന്‍ ന്യായം പറഞ്ഞ് സച്ചാര്‍ കമീഷന്‍ ശിപാര്‍ശയടിസ്ഥാനത്തില്‍ ഉപ്പളക്ക് അവകാശപ്പെട്ട സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം ഇംഗ്ലീഷ് മീഡിയമാക്കിയുള്ള പ്രഖ്യാപനമാണ് അന്നത്തെ തൊഴില്‍ മന്ത്രി പി.കെ ഗുരുദാസന്‍ നിയമസഭയില്‍ നടത്തിയത്. അതിന് ബലമായതാവട്ടെ പാലോളി കമ്മിറ്റി അംഗമായ ഡോ. കെ.ടി ജലീല്‍ സഭയില്‍ നടത്തിയ പ്രസംഗവും.
സി. അഹമ്മദ് കുഞ്ഞിയിലെ ഭാവനാസമ്പന്നത അദ്ദേഹം അധികാര സ്ഥാനങ്ങളില്‍ ഇരുന്നേടത്തെല്ലാം പ്രകടമായിരുന്നു. ഇ. പത്മാവതി പ്രസിഡന്റായ 2000-2005 വര്‍ഷ കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഇടത് ഭരണസമിതി പുറത്തിറക്കിയ 'കാസര്‍കോട്: ചരിത്രവും സമൂഹവും' ഗ്രന്ഥത്തിന്റെ ആമുഖത്തിലും തുടര്‍ന്ന് എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കിയ അടുത്ത ഇടത് ഭരണസമിതി പുതുക്കി പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന്റെ അവസാന ഭാഗത്തും സി. അഹമ്മദ് കുഞ്ഞിയുടെ സമര്‍പ്പണ പത്രം കാണാം. ഇന്നേവരെ കേരളത്തില്‍ മറ്റൊരു ജില്ലക്കും സാധിക്കാത്ത, കാസര്‍കോടിനെ സമഗ്രമായി സ്പര്‍ശിക്കുന്ന ഗ്രന്ഥം 1995-2000 വര്‍ഷങ്ങളില്‍ പ്രഥമ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ സി. അഹമ്മദ് കുഞ്ഞി ആവിഷ്‌കരിച്ച പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനം മാത്രമാണതെന്ന് ആ പത്രിക ബോധ്യപ്പെടുത്തും. അന്ന് അദ്ദേഹം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു.
അഹമ്മദ് കുഞ്ഞി മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റായ കാലത്താണ് മലബാര്‍ അക്വാ ഫാം എന്ന ചെമ്മീന്‍ കൃഷി സ്ഥാപനം അന്നത്തെ ഫിഷറീസ് മന്ത്രി എം. ടി പത്മ ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് പാട്ടവ്യവസ്ഥയില്‍ കൈമാറിയ ഭൂമിയില്‍ തുടങ്ങിയ ഫാം പഞ്ചായത്തിന് സ്ഥിരവരുമാനവും പ്രദേശവാസികള്‍ക്ക് തൊഴിലും തീരദേശത്തിന് ഉണര്‍വും പകര്‍ന്ന പദ്ധതിയായിരുന്നു. ഈ സ്ഥാപനം പിന്നീട് ഒരു യു.ഡി.എഫ് പ്രമുഖന്റെ കേസ്സും ഇടത് മുന്നണി ഭരണത്തില്‍ അഡ്വക്കറ്റ് ജനറലായിരുന്ന വ്യക്തിക്ക് കൈമാറിയ ലക്ഷങ്ങളുമായി ബന്ധപ്പെടുത്തി ചര്‍ച്ച ചെയ്യപ്പെട്ട രാഷ്ട്രീയ അശ്ലീലം സി.യില്‍നിന്ന് അകലം പാലിച്ച് സംഭവിച്ചതാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തുടര്‍ന്ന മഞ്ചേശ്വരം കണ്‍സ്യൂമര്‍ സൊസൈറ്റി നടത്തുന്ന പൗരാവകാശ പ്രവര്‍ത്തനങ്ങള്‍ ആലംബഹീനര്‍ക്ക് അത്താണിയും ബ്യൂറോക്രാറ്റുകള്‍ക്ക് ഭീഷണിയുമാണ്.
രാഷ്ട്ര കവി ഗോവിന്ദ പൈയുടെ ഭവനം കേരള-കര്‍ണാടക സര്‍ക്കാറുകളുടെ സഹകരണത്തോടെ സാംസ്‌കാരിക സ്ഥാപനമായി മാറ്റുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ സി. വഹിച്ച പങ്ക് നിസ്തുലമായിരുന്നു. മംഗളൂരു രൂപതയുടെ കീഴില്‍ മഞ്ചേശ്വരം വൊര്‍ക്കാടിയില്‍ സ്ഥിതിചെയ്യുന്ന കൊറഗ സങ്കേതവും ക്രൈസ്തവ ദേവാലയവുമായി അഹമ്മദ് കുഞ്ഞി പുലര്‍ത്തിയ സൗഹൃദം മതേതര മഹിമയോടൊപ്പം ഫാഷിസത്തിനെതിരെ പരിചയുമായി.
മഞ്ചേശ്വരം കുഞ്ചത്തൂര്‍ മാഡയില്‍ ആണ്‍/പെണ്‍ അനാഥാലയങ്ങള്‍, സ്‌കൂള്‍, കോളേജ് തുടങ്ങിയവയോടെ പ്രവര്‍ത്തിക്കുന്ന മുസ്ലിം ഓര്‍ഫനേജ് എന്നിവ മുപ്പതു വര്‍ഷം മുമ്പ് അഹമ്മദ് കുഞ്ഞി തുടക്കമിട്ടതാണ്. സന്താനസൗഭാഗ്യം അനുഗ്രഹമാവാത്ത തന്റെ ജീവിതം അനാഥകളെ താലോലിക്കുന്നതിലേക്ക് നീണ്ടപ്പോള്‍ മഞ്ചേശ്വരം മണ്ഡലം എം.എല്‍.എ കൂടിയായ തന്റെ പാര്‍ട്ടി നേതാവ് ചെര്‍ക്കളം അബ്ദുല്ല പിന്തുണയേകി. ശാരീരിക വൈകല്യം മാനസിക ഉല്ലാസത്തിലൂടെ മറികടന്ന ടാസ അബൂബക്കര്‍ സാഹിബ് തുണയാവുകയും ചെയ്തു (ടാസ നാലു വര്‍ഷം മുമ്പ് അന്തരിച്ചു). ഇരുവരുടെയും പ്രഭാതങ്ങള്‍ ദൈവപ്രണാമത്തിനു ശേഷം അനാഥ മക്കള്‍ക്കു മേല്‍ കാരുണ്യം ചൊരിഞ്ഞു. ആ പൈതങ്ങളുടെ ശൗച്യാനന്തര ശുചീകരണം വരെ അറപ്പില്ലാതെയും മനസ്സ് നാഥനില്‍ അര്‍പ്പിച്ചും നിര്‍വഹിച്ച നിര്‍വൃതിയുടെ തുടര്‍ച്ചയായാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന പ്രഥമ അധികാരക്കസേരയില്‍ അഹമ്മദ് കുഞ്ഞി അവരോധിതനായത്.
സ്വയം ചരിത്രമാവുക കൂടിയായിരുന്നു സി. അഹമ്മദ് കുഞ്ഞി. തുളുനാടിന്റെ ഭാഷകളും വേഷവും പ്രസംഗ ഗാംഭീര്യവും കൊണ്ട് മഞ്ചേശ്വരത്ത് ഇദ്ദേഹം മേല്‍ക്കൈ നേടുന്നതിനെതിരെ മുസ്ലിം ലീഗിനകത്തുണ്ടായ കരുനീക്കങ്ങളെ തുടര്‍ന്നാണ് സി. പാര്‍ട്ടി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നത്. അദ്ദേഹത്തിന് വളരെ വേഗം ആ പാര്‍ട്ടിയില്‍ അംഗീകാരം ലഭിക്കുകയും നേതൃത്വത്തിലെത്തുകയും ചെയ്തിരുന്നു. കമ്യൂണിസ്റ്റ് രീതികളും തന്റെ ഇസ്‌ലാമിക ശൈലിയും തമ്മിലുള്ള മനോസംഘര്‍ഷം പിരിമുറുകിത്തുടങ്ങിയ ഘട്ടത്തില്‍ ചെങ്കൊടി ഉപേക്ഷിച്ചു. മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന് പടിഞ്ഞാറ് കളിപ്പാട്ടങ്ങളും യൂനാനി മരുന്നും വില്‍ക്കുന്ന കൊച്ചു കടയിലേക്ക് ഒതുങ്ങിയെങ്കിലും രാഷ്ട്രീയാതീത ആദരവോടെ അദ്ദേഹത്തെ ജനങ്ങള്‍ സമീപിക്കുന്നുണ്ടായിരുന്നു. പിന്നീടാണ് അദ്ദേഹം വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ എത്തിയത്. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗമായിരിക്കെയാണ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീനും ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍റഹ്മാനും അദ്ദേഹത്തെ ചെന്നു കണ്ട് തിരിച്ചുവരാന്‍ അഭ്യര്‍ഥിച്ചത്. താന്‍ വളര്‍ത്തിയ പച്ചയിലേക്ക് അവസാനം അദ്ദേഹം മടങ്ങുകയും ചെയ്തു.
Comments