Prabodhanm Weekly

Pages

Search

2020 ജൂണ്‍ 19

3156

1441 ശവ്വാല്‍ 27

ഉന്നത ഇസ്‌ലാമിക വിദ്യാഭ്യാസം മികവിന്റെ മാനദണ്ഡങ്ങള്‍ക്ക് ഒരാമുഖം

യാസിര്‍ ഇല്ലത്തൊടി

വിവിധ സംഘടനകള്‍ക്കു കീഴിലും അല്ലാതെയുമായി നൂറുകണക്കിന് ഉന്നത ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട് കേരളത്തില്‍. പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഈ സ്ഥാപനങ്ങളില്‍ പഠിച്ചുകൊണ്ടിരിക്കുന്നത്.  ആയിരക്കണക്കിനു വിദ്യാര്‍ഥികളുടെ ഭാവി കരുപ്പിടിപ്പിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങള്‍ ഇസ്ലാമിക പ്രസ്ഥാനത്തിനു കീഴിലുമുണ്ട്. ദേശീയതലത്തില്‍ കേരളത്തിന്റെ എത്രയോ മടങ്ങ് സ്ഥാപനങ്ങളും വിദ്യാര്‍ഥികളുമുണ്ട്  ഉന്നത ഇസ്ലാമിക വിദ്യാഭ്യാസ രംഗത്ത്. എന്നാല്‍ ഈ സ്ഥാപനങ്ങളുടെയും അവിടെ നിന്ന് പഠനം പൂര്‍ത്തീകരിച്ച് ഇറങ്ങുന്ന വിദ്യാര്‍ഥികളുടെയും ഫലപ്രാപ്തിയും കാര്യക്ഷമതയും മികവും വിലയിരുത്താന്‍ ഉതകുന്ന ഏകീകൃതമോ അല്ലാത്തതോ ആയ എന്തെങ്കിലും സംവിധാങ്ങള്‍ ഉള്ളതായി അറിയില്ല.
ഉന്നത വിദ്യാഭ്യാസത്തിന്റെ ഫലപ്രാപ്തി വിലയിരുത്താന്‍ ആഗോളതലത്തില്‍ സര്‍വാംഗീകൃതമായി ഉപയോഗിക്കുന്ന ചില അളവുകോലുകളുണ്ട്. ഇന്ത്യയിലെ ഉന്നത ഇസ്ലാമിക വിദ്യാഭ്യാസ പരിസരങ്ങളില്‍ വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെടാത്ത ഈ നിലവാര മാനദണ്ഡങ്ങളെ കുറിച്ച് ചില കാര്യങ്ങള്‍ പുതിയ അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ ചര്‍ച്ച ചെയ്യുന്നത് ഉചിതമാകും.
ഒരു രാജ്യത്തെ മനുഷ്യവിഭവത്തിന്റെ ഗുണനിലവാരം നിര്‍ണയിക്കുന്നത് ആ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിലാണ്.  സ്വാഭാവികമായും ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന്റെയും ഇസ്ലാമിക ഗുണനിലവാരം നിര്‍ണയിക്കുന്നതിലെ പ്രധാന ഘടകമാണ് അവരുടെ ഉന്നത വിദ്യാഭ്യാസ നിലവാരം. അവരുടെ വിദ്യാഭ്യാസ പുരോഗതി സാമ്പത്തിക പുരോഗതിയുമായും സാമൂഹിക സുസ്ഥിരതയുമായും കൂടി ബന്ധപ്പെട്ടതാണ്.
ആ അര്‍ഥത്തില്‍ മികവുള്ള ഇസ്‌ലാമിക ഉന്നത വിദ്യാഭ്യാസം ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ മുഖ്യ പരിഗണനയില്‍ വരേണ്ടതാണ്.

ഇന്ത്യന്‍ ഇസ്‌ലാമിക്‌  ഹയര്‍ എജുക്കേഷന്‍ റാങ്കിങ്

ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങളുടെ  ഗുണനിലവാരം നിര്‍ണയിക്കാനും (Continuous Quality Assurance)  അത് കൂടുതല്‍ മെച്ചപ്പെടുത്താനും (Improvement)   ലക്ഷ്യം വെച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം 2016-ല്‍ രൂപപ്പെടുത്തിയ നാഷ്നല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക് (NIRF) അടിസ്ഥാനപ്പെടുത്തി ആരംഭിച്ച സംവിധാനമാണ് 'ഇന്ത്യ റാങ്കിങ്സ്.' പഠന- അധ്യാപന വിഭവങ്ങള്‍ (Teaching and Learning Resources),  ഗവേഷണവും പ്രഫഷണല്‍ പരിശീലനവും (Research and Professional Practice), ബിരുദധാരികളുടെ ഗുണമേന്മകള്‍ (Graduation Outcomes), എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്താനുള്ള ശ്രദ്ധയും സാമൂഹികബന്ധവും (Inclusivity and Outreach),   സ്ഥാപനത്തെയും സ്ഥാപനത്തിലെ വിദ്യാര്‍ഥികളെയും കുറിച്ച സമൂഹത്തിന്റെ പൊതു അഭിപ്രായം (Perception) എന്നീ മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഈ സംവിധാനത്തില്‍ സ്ഥാപനങ്ങളുടെ ഗുണനിലവാരം നിശ്ചയിക്കുന്നത്. ഈ മാനദണ്ഡങ്ങള്‍ അനുസരിച്ച് എല്ലാ വര്‍ഷവും റാങ്കിങ് പട്ടിക പുറത്തിറക്കുന്നു. സര്‍ക്കാര്‍ ഫണ്ടുകള്‍ ലഭിക്കുന്നതിനും സ്വയംഭരണം അടക്കമുള്ള മറ്റു പല ആനുകൂല്യങ്ങള്‍ക്കും ഈ റാങ്കിങ് ആണ് ഉപയോഗപ്പെടുത്തുന്നത്.
സമാനമായ രീതിയില്‍ ഇന്ത്യയിലെ മൊത്തം ഇസ്ലാമിക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം നിശ്ചയിക്കാന്‍ ഉതകുന്ന ഒരു ഇന്ത്യന്‍ ഇസ്ലാമിക് ഹയര്‍ എജുക്കേഷന്‍ റാങ്കിങ് സംവിധാനത്തെക്കുറിച്ച് മുസ്ലിം സംഘടനകള്‍ കൂട്ടായി ആലോചിക്കേണ്ടതാണ്.  സെക്യുലര്‍ വിദ്യാഭ്യാസ മേഖലയെ വിലയിരുത്താന്‍ ഇന്ത്യയടക്കം ലോകത്തിന്റെ എല്ലാ ഭാഗത്തും പ്രയോഗത്തിലുള്ള ഈ അളവുകോലുകള്‍ ഇസ്ലാമിക വിദ്യാഭ്യാസ മേഖലയില്‍ അധികം പ്രയോഗിക്കുന്നത് ഇറാന്‍, തുര്‍ക്കി, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ്.  ഈ രാജ്യങ്ങളില്‍ ഇതു സംബന്ധമായ ധാരാളം അക്കാദമിക പഠനങ്ങളും ലഭ്യമാണ്. സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍, അധ്യാപന - പഠന പ്രക്രിയ, അധ്യാപകര്‍, സ്ഥാപനം, സ്ഥാപന നടത്തിപ്പ് തുടങ്ങിയ വിഷയങ്ങളിലാണ് ഈ പഠനങ്ങള്‍.
മികവിന്റെ മാനദണ്ഡങ്ങളും അവയുമായി ബന്ധപ്പെട്ട സൂചകങ്ങളും വിശദമായി വിലയിരുത്തുകയും ഇന്ത്യയിലെ ഇസ്ലാമിക ഉന്നത വിദ്യാഭ്യസ മേഖലക്ക് അനുയോജ്യമായ വിധം അവയെ എങ്ങനെ വികസിപ്പിക്കാമെന്ന് ആലോചിക്കുകയും ചെയ്യണം. അതിന്റെ മുന്നോടിയായി പ്രസ്തുത മാനദണ്ഡങ്ങളും അവയുടെ സൂചകങ്ങളും മനസ്സിലാക്കേണ്ടതുണ്ട്:

എ) വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍

ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഏറ്റവും പ്രധാനപ്പെട്ട അളവുകോലായി കണക്കാക്കപ്പെടുന്നത് വിദ്യാര്‍ഥികളുടെ ജീവിത വിജയമാണ്  (Student Success).
പഠനം പൂര്‍ത്തീകരിക്കുന്നതോടെ വിദ്യാര്‍ഥികള്‍ നേടാനാഗ്രഹിക്കുന്ന വ്യക്തിഗത ലക്ഷ്യങ്ങള്‍ (Personal Goals), അക്കാദമിക ലക്ഷ്യങ്ങള്‍ (Academic Goals), കരിയര്‍ ലക്ഷ്യങ്ങള്‍ (Career Goals),  തൊഴില്‍ കരസ്ഥമാക്കാനുള്ള കഴിവുകള്‍ (Employability Skills),  ബിരുദധാരികള്‍ക്കുണ്ടായിരിക്കേണ്ട ഗുണവിശേഷങ്ങള്‍ (Graduate Attributes),  പഠനാനന്തരം ബിരുദധാരികള്‍ എത്തിപ്പെടുന്ന ലക്ഷ്യസ്ഥാനങ്ങള്‍ (Graduate Destinations),  വിദ്യാര്‍ഥികളുടെ പഠനകാലത്തെ വ്യത്യസ്തങ്ങളായ പഠനാനുഭവങ്ങള്‍ (Learning Experience),  സ്ഥാപനത്തെ കുറിച്ചുള്ള അവരുടെ അഭിമാനബോധം (Student Ownership)  എന്നിവ ഈ രംഗത്തെ പ്രധാന മാനദണ്ഡങ്ങളാണ്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനകാലത്തും അതിനു ശേഷവും ഈ മേഖലകളിലൊക്കെ എന്തു നേടാന്‍ സാധിക്കുന്നു എന്നത് വിദ്യാര്‍ഥികളുടെ വിജയത്തിന്റെ (Student Success)   മാത്രമല്ല,  അതത് സ്ഥാപനത്തിന്റെ കൂടി വിജയത്തിന്റെയും മികവിന്റെയും (Institutional Effectiveness and Excellence)  മാനദണ്ഡങ്ങള്‍ ആയിട്ടാണ് വിലയിരുത്തപ്പെടുന്നത്.

ബി) പഠന പ്രക്രിയയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍

അധ്യാപന, പഠന പ്രക്രിയയെ കുറിച്ച ചര്‍ച്ചയില്‍ പാഠ്യപദ്ധതിയിലൂടെ വിദ്യാര്‍ഥികള്‍ ആര്‍ജിക്കേണ്ട കഴിവുകള്‍ (Learning Outcomes), പഠനകാലത്ത് വിദ്യാര്‍ഥികള്‍ക്ക് സ്ഥാപനം ലഭ്യമാക്കുന്ന ഗവേഷണവും മറ്റു പ്രായോഗിക അസൈന്‍മെന്റുകളും ചെയ്യാനുള്ള അവസരങ്ങള്‍, പഠനാനുബന്ധ പരിശീലന അവസരങ്ങള്‍ (Internship), അക്കാദമിക മികവ് (Academic Excellence),  പാഠ്യപദ്ധതിയിലൂടെ സിദ്ധിക്കേണ്ട കഴിവുകളെ ലക്ഷ്യം വെച്ചുള്ള അധ്യയനരീതി   (Outcome based Education),  അക്കാദമിക സത്യസന്ധത  (Academic Integrity) എന്നിവ ഈ രംഗത്തെ വിജയത്തിന്റെയും മികവിന്റെയും മാനദണ്ഡങ്ങളില്‍ ചിലതാണ്.

സി) അധ്യാപകരുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍

അധ്യാപകര്‍ അടക്കമുള്ള ജീവനക്കാരെ കുറിച്ച് പറയുമ്പോള്‍ അവരുടെ ജോലിയിലെ പ്രകടനത്തെ കുറിച്ച പ്രതീക്ഷകള്‍ (Performance Expectations), അവരുടെ പ്രകടനത്തെ വിലയിരുത്തല്‍ (Staff Performance Appraisal), പ്രകടന മികവ് (Staff Performance), ഫാക്കല്‍റ്റിയുടെ വ്യക്തിതലത്തിലും പ്രഫഷണല്‍ തലത്തിലുമുള്ള വളര്‍ച്ച (Faculty Development),  നൈപുണ്യ വര്‍ധനവ് (Skill Enhancement), കഴിവും പ്രാപ്തിയുമുള്ള ജീവനക്കാരെ കഴിവതും സ്ഥാപനത്തില്‍ തന്നെ നിലനിര്‍ത്തല്‍ (Staff Retention), ജീവനക്കാരെ സ്ഥാപനത്തില്‍ നിലനിര്‍ത്താനാവശ്യമായ ബഹുമുഖമായ പ്രവര്‍ത്തനങ്ങള്‍ (Staff Engagement), ജോലിയിലും സ്ഥാപനത്തിന്റെ അന്തരീക്ഷത്തിലും സ്റ്റാഫിനുള്ള സംതൃപ്തി (Staff Satisfaction) എന്നിവയും സ്ഥാപന അധികാരികളുടെ ശ്രദ്ധ പതിയേണ്ട സുപ്രധാനമായ മേഖലകളാണ്.

ഡി) സ്ഥാപനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍

സ്ഥാപനം, സ്ഥാപന നടത്തിപ്പ് എന്നിവയെ കുറിച്ച് വിലയിരുത്താന്‍, സ്ഥാപനത്തിന്റെ മുന്‍ഗണനകള്‍ (Institutional Priorities), സ്ഥാപനത്തിന്റെ പ്രകടനം (Institutional Performance), അതിന്റെ ഫലപ്രാപ്തി (Institutional Effectiveness), പ്രകടന മികവ് (Institutional Excellence), ഈ ഫലപ്രാപ്തി നേടാനും മികവ് കൈവരിക്കാനും ആവശ്യമായ തന്ത്രപരമായ ദീര്‍ഘകാല ആസൂത്രണം (Strategic Planning), അതിനു താഴെ വരുന്ന ഹ്രസ്വകാല പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം (Operational Planning), തന്ത്രപരമായ ആസൂത്രണ ഫലങ്ങള്‍ (Strategic Outcomes), വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം (Resource Optimization), മുകളില്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച് സ്ഥാപനാധികാരികള്‍ക്കും സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ നേരിട്ടും അല്ലാതെയും പങ്കുവഹിക്കുന്ന വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും (Stakeholders) സ്ഥാപനത്തിന്റെ എല്ലാ അര്‍ഥത്തിലുമുള്ള പ്രകടനങ്ങളെ കുറിച്ച് വിവരവും അറിവും നല്‍കാന്‍ ഉതകുന്ന സ്ഥാപനസംബന്ധിയായ ഗവേഷണങ്ങള്‍ (Institutional Research), സ്ഥാപനത്തിന്റെ സുസ്ഥിരത (Sustainability),  സ്ഥാപനം നിലകൊള്ളുന്ന പ്രദേശവും സമൂഹവുമായുള്ള അതിന്റെ ആദാനപ്രദാനങ്ങള്‍  (Community Engagement), സ്ഥാപനത്തിലെ വിദ്യാര്‍ഥികളല്ലാത്തവര്‍ക്ക് സ്ഥാപനം ഒരുക്കുന്ന ആജീവനാന്ത പഠനത്തിനുള്ള (Lifelong Learning) അവസരങ്ങള്‍ തുടങ്ങിയ മാനദണ്ഡങ്ങളും സൂചകങ്ങളുമാണ് ഉപയോഗിക്കുന്നത്.
മേല്‍പറഞ്ഞ മേഖലകളിലെല്ലാം ഓരോ സ്ഥാപനവും എവിടെ നില്‍ക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സാധാരണയായി ദേശീയ - അന്തര്‍ദേശീയ ഏജന്‍സികള്‍ സ്ഥാപനങ്ങളെ വിലയിരുത്തുന്നതും (Assessment) അക്രെഡിറ്റ് ചെയ്യുന്നതും.
നാഷ്നല്‍  ഇസ്ലാമിക് എജുക്കേഷന്‍ അക്രെഡിറ്റേഷന്‍ ഏജന്‍സി മേല്‍പറഞ്ഞ മാനദണ്ഡങ്ങളെ ഇസ്ലാമിക ഉന്നത വിദ്യാഭ്യാസ പരിസരത്ത് നിന്നുകൊണ്ട് വിശദമായി വിശകലനം ചെയ്യേണ്ടതുണ്ട്.  കാരണം ആഗോളാടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിജയപരാജയങ്ങള്‍ വിലയിരുത്തുന്നതിന് അംഗീകരിക്കപ്പെട്ട മേല്‍സൂചകങ്ങള്‍ അതേ അളവിലോ അതിലേറെയോ ഇസ്ലാമിക സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. പൊതു (സെക്യുലര്‍) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന അതേ മണ്ണിലാണ് ഇസ്ലാമിക സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് എന്നതാണ് അതിന്റെ കാരണങ്ങളിലൊന്ന്. പൊതുസ്ഥാപനങ്ങളില്‍നിന്ന് പുറത്തിറങ്ങുന്ന ബിരുദധാരികളുടെയും ഇസ്ലാമിക സ്ഥാപനങ്ങളിലെ ബിരുദധാരികളുടെയും പ്രവര്‍ത്തന മണ്ഡലം ഏതാണ്ട് ഒന്ന് തന്നെയാണ് എന്നതാണ് മറ്റൊരു കാരണം.   പൊതുസ്ഥാപനങ്ങളുടെ പൊതുവായ ഗുണങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്നതോടൊപ്പം മറ്റു ചില അധിക ഗുണങ്ങള്‍ കൂടി ഇസ്ലാമിക സ്ഥാപനങ്ങള്‍ക്ക് ഉണ്ട്, അല്ലെങ്കില്‍ ഉണ്ടാവേണ്ടതുണ്ട്. അതിനാല്‍ ആ ഗുണങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്ന ചില അധിക മാനദണ്ഡങ്ങളും ഇസ്ലാമിക സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളാനും പാലിക്കാനും നിര്‍ബന്ധിതമാകുന്നു.
ദേശീയതലത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മികവിന്റെ അടിസ്ഥാനത്തില്‍ അംഗീകാരം നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ബോഡിയാണ് നാഷ്നല്‍ അക്കാദമിക് അക്രെഡിറ്റേഷന്‍ കൗണ്‍സില്‍ - നാക് (NAAC). ഇതിനു സമാനമായി ഈയടുത്ത് കേരളത്തില്‍ സംസ്ഥാന തലത്തില്‍ സാക് (SAAC) നിലവില്‍ വരികയുണ്ടായി.  ഇസ്ലാമിക കലാലയങ്ങള്‍ക്കായി ദേശീയതലത്തില്‍ ഒരു അക്രെഡിറ്റേഷന്‍ സംവിധാനം ഉണ്ടാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എല്ലാ സ്ഥാപനങ്ങള്‍ക്കും അവയുടെ സ്വഭാവം അനുസരിച്ചുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കപ്പെടുകയും ആ മാനദണ്ഡങ്ങള്‍ക്കനുസൃതമായി അവ ഓഡിറ്റ് ചെയ്യപ്പെടുകയും ആ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവക്ക് അക്രെഡിറ്റേഷന്‍ നല്‍കപ്പെടുകയും ചെയ്യുന്ന രീതി ആരംഭിച്ചാല്‍ ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യയിലെ ഇസ്ലാമിക വിദ്യാഭ്യാസത്തിനും ഉന്നത ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പുതിയ രൂപവും ഭാവവും ആര്‍ജിക്കാന്‍ കഴിയും. അക്കാദമിക മേന്മയും പ്രകടന  മികവും പുലര്‍ത്തുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്ക് സാമൂഹിക ശാക്തീകരണ പ്രക്രിയയില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാനാകും. കേരളത്തിലും ദേശീയതലത്തിലും ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്രെഡിറ്റേഷനും കമ്യൂണിറ്റി ബേസ്ഡ് അഫിലിയേഷനും നല്‍കുന്ന ഒരു നാഷ്നല്‍  ഇസ്ലാമിക് എജുക്കേഷന്‍ അക്രെഡിറ്റേഷന്‍ ഏജന്‍സി ആരംഭിക്കേണ്ടത് അടിയന്തരാവശ്യമാണ്.
ഇസ്ലാമിക പ്രസ്ഥാനത്തിന് അത്തരമൊരു സംരംഭത്തിന് നാന്ദികുറിക്കാന്‍ സാധിച്ചാല്‍ ഇന്ത്യയിലെ ഇസ്ലാമിക വിദ്യാഭ്യാസമേഖലക്ക് പ്രസ്ഥാനം നല്‍കുന്ന വലിയ സംഭാവനയായി ചരിത്രം അത് രേഖപ്പെടുത്തും. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (1)
ടി.കെ ഉബൈദ്‌

ഹദീസ്‌

വെളിച്ചമാണ് അധ്യാപകന്‍
ഫാത്വിമ കോയക്കുട്ടി