ആ ധാരണ തിരുത്താന്‍ അധിക കാലം വേണ്ടിവരില്ല
സിനിമക്കു വേണ്ടി നിര്‍മിച്ച താല്‍ക്കാലിക ക്രിസ്ത്യന്‍ പള്ളി സംഘ് പരിവാര്‍ പൊളിച്ചപ്പോള്‍ കേരളത്തില്‍ നിന്ന് പ്രതീക്ഷിച്ച ജനകിയ എതിര്‍പ്പൊന്നും ഉയര്‍ന്നില്ല. ഇതൊരു അപായ സൂചനയാണ്. ഇതുവരെ ഉത്തരേന്ത്യയില്‍ മാത്രം കണ്ടിരുന്ന സംഹാരാത്മക അക്രമങ്ങള്‍ കേരളത്തിലേക്കും കടത്താനുള്ള ആസൂത്രിത ശ്രമമാണ് 'പള്ളി' പൊളിച്ചത് എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഒരുപക്ഷേ ഭാവിയില്‍ ഇത്തരം ആക്രമണങ്ങള്‍ ഇവിടെയും ആവര്‍ത്തിക്കാനുള്ള റിഹേഴ്സലായിരിക്കാം ഇത്. അതും സോഷ്യല്‍ മീഡിയയില്‍ പരസ്യമായി പോസ്റ്റിട്ടുകൊണ്ടാണ് കൃത്യം നിര്‍വഹിച്ചത് എന്നത് ഇവര്‍ നിയമവ്യവസ്ഥയെ തെല്ലും ഭയപ്പെടുന്നില്ല എന്നതിന്റെ ഭീതിപ്പെടുത്തുന്ന തെളിവാണ്. അല്ലെങ്കില്‍ മുമ്പ് കേരളത്തില്‍ ഇത്തരത്തില്‍ നടന്ന സംഘ് ഭീകരതയുടെ മകുടോദാഹരണങ്ങളായ പല അക്രമങ്ങളിലും പ്രതികള്‍ അര്‍ഹിക്കുന്ന ശിക്ഷ കിട്ടാതെ രക്ഷപ്പെട്ടതിന്റെ ധൈര്യത്തിലുമാവാം. ഡഅജഅ പോലെയുള്ള കരിനിയമങ്ങള്‍ ചിലര്‍ക്ക് മാത്രം സംവരണം ചെയ്യപ്പെട്ടതാണെന്ന് പറയാതെ പറയുന്ന, ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ പോലും എത്ര കൊടിയ അക്രമങ്ങള്‍ നടത്തിയാലും സംഘ് പരിവാറുമായി ബന്ധമുള്ളവര്‍ക്കെതിരെ നിസ്സാര വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുക്കാറുള്ളത്. കൊടിഞ്ഞിയിലെ ഫൈസല്‍ വധം, കാസര്‍കോട് റിയാസ് മൗലവിയെ ക്രൂരമായി പള്ളിക്കുള്ളില്‍ കയറി വെട്ടിക്കൊന്നതടക്കം ഒരുപാട് ഉദാഹരണങ്ങള്‍ ആഭ്യന്തര വകുപ്പിനെ നോക്കി ഇപ്പോഴും കൊഞ്ഞനം കുത്തുന്നുണ്ട്. അതൊക്കെയാവാം സംഘ് ഭീകരര്‍ക്ക് കേരളത്തിലും ഇങ്ങനെ അഴിഞ്ഞാടാന്‍ ധൈര്യം നല്‍കുന്നത്.
ഇത്രയൊക്കെയായിട്ടും ഈ സംഘ് ഭീകരതക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ സിനിമാ മേഖലയില്‍ നിന്നു പോലും ഉണ്ടായില്ല എന്നത് എത്ര ഖേദകരമാണ്! അന്തരീക്ഷത്തിലെ പുക പോലെ എവിടെയും തട്ടാതെയുള്ള ചില പ്രതികരണങ്ങള്‍ മാത്രമാണ് ചില നടന്മാരില്‍ നിന്നും മറ്റു ബന്ധപ്പെട്ടവരില്‍ നിന്നും ഉണ്ടായത്. സംഘ് ഭീകരത എന്ന് തുറന്നു പറയാന്‍ പലരും ഭയപ്പെടുന്നു. മാത്രമല്ല, കാലാകാലങ്ങളായി മലയാള സിനിമയില്‍ തഴുകിത്തലോടി നടമാടിയിരുന്ന സവര്‍ണ തമ്പുരാന്‍ മെയ്യനക്കങ്ങള്‍ക്ക് കിട്ടിയ ഇരുട്ടടിയായിരിക്കാം ഈ സംഭവം. വര്‍ഗീയ ഫാഷിസം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ ഇന്ത്യയിലാകെ രക്ത താണ്ഡവമാടുന്ന വര്‍ത്തമാനത്തില്‍ അതിനോട് യാതൊരു വിധത്തിലും പ്രതിരോധാത്മകമായി നിലകൊള്ളാതെ തീര്‍ത്തും അരാഷ്ട്രീയമായി സവര്‍ണതയെ പുല്‍കി മുന്നോട്ടു പോവുകയായിരുന്നു മലയാള സിനിമ.
സംഘ് പരിവാര്‍ ഭീകരതക്കു മുമ്പില്‍ ഉറക്കം നടിക്കുന്ന, രഹസ്യമായി സംഘ് പരിവാറിനെ താലോലിക്കുന്ന ക്രിസ്ത്യന്‍ നേതാക്കള്‍ക്കും സഭകള്‍ക്കും യാഥാര്‍ഥ്യബോധം ഉള്‍ക്കൊണ്ട് ഉണര്‍ന്നെണീക്കാനുള്ള ഒരവസരം കൂടിയാണ് ഈ സംഭവം. ആള്‍ക്കൂട്ട അക്രമങ്ങളുടെ ഇരകള്‍ ഇപ്പോള്‍ മുസ്ലിം സമൂഹമാണ് എന്നുള്ളതുകൊണ്ട് അത് മുസ്ലിംകളില്‍ മാത്രം അവസാനിക്കും എന്ന് കരുതുന്നത് മൗഢ്യമാണ്. സംഘ് പരിവാറിന്റെ ആചാര്യന്‍ ഗോള്‍വാള്‍ക്കര്‍ 'വിചാരധാര'യില്‍ എഴുതിവെച്ചതു പോലെ അടുത്ത ലക്ഷ്യം ക്രൈസ്തവരായിരിക്കും എന്നത് സംശയലേശമന്യേ പറയാവുന്നതാണ്. ഒഡീഷയിലെ കണ്ട്മാലിലും ഇപ്പോള്‍ കേരളത്തിലും അതിന്റെ തുടക്കമായിരിക്കാം നടന്നത്. നൂറുകണക്കിന് ചര്‍ച്ചുകളാണ് ഒഡീഷയില്‍ അഗ്നിക്കിരയാക്കിയത്. കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒഡീഷയില്‍ തന്നെ ആസ്‌ത്രേലിയന്‍ മിഷനറി പ്രവര്‍ത്തകന്‍ ഗ്രഹാം സ്റ്റൈന്‍സിനെയും കുടുംബത്തെയും പച്ചക്ക് ചുട്ടെരിച്ചതും, ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിലും മതപരിവര്‍ത്തനം ആരോപിച്ച് ക്രൈസ്തവര്‍ക്കെതിരെ ഇടക്കിടെ നടക്കുന്ന അക്രമങ്ങളുമെല്ലാം ഇതിനോട് കൂട്ടി വായിക്കാവുന്നതാണ്. ദുഃഖകരമായ കാര്യം, ബീഫിന്റെ പേരിലും ശ്രീരാമന്റെ പേരിലും നിരവധി മുസ്ലിംകള്‍ ക്രൂരമായി മര്‍ദിക്കപ്പെട്ടിട്ടും കൊല ചെയ്യപ്പെട്ടിട്ടും, ജാതിയുടെ പേരില്‍ നിരവധി ദലിതരെ ക്രൂരമായി അക്രമിച്ചിട്ടും ഇന്ത്യയിലെ ക്രൈസ്തവ നേതൃത്വം കേരളത്തിലടക്കം അതിനെതിരെ വേണ്ട രീതിയില്‍ പ്രതികരിച്ചില്ല എന്നതാണ്. ക്രൈസ്തവ സഭകളും പുരോഹിതന്മാരും ശക്തമായ സാന്നിധ്യമറിയിക്കുന്ന കേരളത്തില്‍ പോലും അങ്ങനെയുള്ള പ്രതിഷേധ സ്വരങ്ങള്‍ കേട്ടതായി ഓര്‍ക്കുന്നില്ല.
എന്നു മാത്രമല്ല സംഘ് പരിവാര്‍ മുസ്ലിംകള്‍ക്കെതിരെ പടച്ചുവിടുന്ന പെരും നുണകള്‍ തൊണ്ട തൊടാതെ വിഴുങ്ങുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു പുരോഹിതന്മാര്‍ അടക്കമുള്ളവര്‍ ചെയ്തത്. ലൗ ജിഹാദ് വിഷയത്തില്‍ ഒരു സമുദായത്തെ മുഴുവന്‍ വ്യാജ ആരോപണങ്ങളും തീവ്രവാദ പട്ടവും കൊണ്ട് അപമാനിച്ചത് സംഘ് പരിവാറും ക്രൈസ്തവ ജിഹ്വകളും ഒരുമിച്ചു ചേര്‍ന്നാണ്. കോഴിക്കോട്ട് നടന്ന ഒരു ക്രൈസ്തവ പെണ്‍കുട്ടിയുടെ മതംമാറ്റ വിഷയത്തില്‍ ക്രൈസ്തവ ഗ്രൂപ്പുകള്‍ കുറച്ച് മുമ്പ് സമൂഹമാധ്യമങ്ങളില്‍ സംഘ് പരിവാര്‍ ചവച്ചു തുപ്പിയ ലവ് ജിഹാദും സിറിയയും അഫ്ഗാനിസ്താനും ഒക്കെ വീണ്ടുമെടുത്ത് ചവച്ചരക്കുകയാണ് ചെയ്തത്.
മാധവിക്കുട്ടി ഇസ്ലാം സ്വീകരിച്ചപ്പോള്‍ രണ്ട് കന്യാസ്ത്രീകള്‍ അവരെ സമീപിച്ച് തെറ്റ് തിരുത്തണം എന്നാവശ്യപ്പെട്ട കാര്യം പിന്നീട് അവര്‍ തന്റെ ഓര്‍മകളില്‍ പങ്കു വെക്കുന്നുണ്ട്. ആരെങ്കിലും മതം മാറുന്നുണ്ടെങ്കില്‍ അത് തങ്ങളിലേക്ക് മാത്രമേ മാറാവൂ, ഇസ്ലാമിലേക്ക് ആവരുത് എന്നുള്ള സങ്കുചിത മനോഭാവം വെച്ചു പുലര്‍ത്തുന്നവരാണ് ചില പുരോഹിതന്മാരും കന്യാസ്ത്രീകളും എന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ഇതൊരു മനോരോഗമാണ്. സംഘ് പരിവാറിന് ഈ മതഭ്രാന്ത് മൂത്തപ്പോഴാണ് ഇസ്ലാം സ്വീകരിച്ച കൊടിഞ്ഞിയിലെ ഫൈസല്‍ എന്ന ചെറുപ്പക്കാരനെ ക്രൂരമായി കൊന്നുതള്ളിയത്. തൃപ്പൂണിത്തുറ പീഡനകേന്ദ്രത്തില്‍ നിരവധി പെണ്‍കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച് നിര്‍ബന്ധിതമായി ഘര്‍ വാപ്പസി നടത്തിയപ്പോഴും ക്രൈസ്തവ നേതാക്കളോ സഭാധ്യക്ഷന്മാരോ അതിനെതിരെ ഏതെങ്കിലും രീതിയില്‍ ശബ്ദിച്ചില്ല. മറിച്ച് കിട്ടുന്ന അവസരങ്ങളിലെല്ലാം വേട്ടക്കാരോടൊപ്പം നിന്ന് ഇരകളെ പരിഹസിക്കുകയായിരുന്നു. നമ്മളല്ലല്ലോ, നമുക്കെന്ത് പ്രശ്നം എന്ന നിലപാടാണ് പലപ്പോഴും മുസ്ലിം വിരുദ്ധ, ദലിത് വിരുദ്ധ സംഘ് പരിവാര്‍ ആക്രമണങ്ങളില്‍ ക്രൈസ്തവ പൗരോഹിത്യവും സഭാ നേതാക്കന്മാരും പൊതുവില്‍ സ്വീകരിച്ചത് എന്ന് കാണാനാവും. പക്ഷേ ഒഡീഷയിലും മറ്റ് പലയിടത്തും ക്രൈസ്തവര്‍ അക്രമിക്കപ്പെട്ടപ്പോള്‍ അതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ മുസ്ലിം സംഘടനകളും നേതാക്കന്മാരും മുന്നിലുണ്ടായിരുന്നു.
മുസ്ലിംകളും ദലിതരും ആക്രമിക്കപ്പെടുന്ന ഫാഷിസ്റ്റ് കാലത്ത് ഇരകളെ അവഗണിച്ച് വേട്ടക്കാരോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നതിലൂടെ തങ്ങളുടെ ഭാവി സുരക്ഷിതമാക്കാം എന്ന് മനപ്പായസം ഉണ്ണുന്നവര്‍ സംഘ് പരിവാറിനെ പറ്റി ഒന്നും യഥാര്‍ഥത്തില്‍ പഠിച്ചിട്ടില്ല. എന്നും ഭരിക്കുന്നവരോടൊപ്പം ചേര്‍ന്നു നിന്ന് തങ്ങളുടെ സുരക്ഷിതത്വവും സാമ്പത്തിക അജണ്ടകളും ഭദ്രമാക്കുക എന്നതില്‍ കവിഞ്ഞ താല്‍പ്പര്യങ്ങളൊന്നും പൊതുവെ ഇന്ത്യയിലെ സഭകളിലും പുരോഹിതന്മാരിലും കാണാറില്ല. സംഘ് പരിവാറിന്റെ ലക്ഷ്യം മുസ്ലിംകള്‍ മാത്രമാണ് എന്നാണ് വിചാരിച്ചിരിക്കുന്നതെങ്കില്‍ തീര്‍ച്ചയായും അത് തിരുത്തപ്പെടുന്ന കാലമാണ് വരാനിരിക്കുന്നത്.
നിങ്ങളുടെ ദുഃസ്ഥിതി ഓര്‍ക്കാനോ എഴുതാനോ വയ്യ
'ഇവിടെ പോരാടിയ ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ ധീരന്മാര്‍ നമ്മുടെ ദുര്‍ബലമായ ശേഷികൊണ്ട് നമുക്കു കൂട്ടിച്ചേര്‍ക്കാനോ മുറിച്ചുകളയാനോ കഴിയാത്തവിധം അതിനെ പവിത്രീകരിച്ചിരിക്കുന്നു. നാം ഇവിടെ എന്തു പറയുന്നുവെന്നത് ലോകം ഒട്ടും ശ്രദ്ധിക്കുകയോ ഓര്‍ത്തുവെക്കുകയോ ഇല്ല. പക്ഷേ, അവര്‍ ഇവിടെ എന്തു ചെയ്തു എന്നത് ലോകത്തിനു ഒരിക്കലും മറക്കാനാവില്ല.' 1862-63 കളില്‍ നടന്ന അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തെ വിലയിരുത്തിക്കൊണ്ട് എബ്രഹാം ലിങ്കണ്‍ പറഞ്ഞതാണിത്.
പതിറ്റാണ്ടുകളായി ഒരു കിരാത ഭരണാധികാരിയുടെ അടിച്ചമര്‍ത്തലിനും കൂട്ടക്കൊലകള്‍ക്കും വിധേയരായ സിറിയന്‍ ജനത മുല്ലപ്പൂ വിപ്ലവത്തിന്റെ സുഗന്ധം ആവാഹിച്ച് തെരുവിലേക്കിറങ്ങിയതിന്റെ പരിണിതഫലം എന്തുകൊണ്ട് ഇത്ര വലിയ മനുഷ്യദുരന്തമായി മാറിയെന്നുള്ള പഠനങ്ങള്‍ ഒരുപക്ഷേ വരുംതലമുറയെ അത്ഭുതപ്പെടുത്തിയേക്കാം. ആദ്യം അവര്‍ സോഷ്യലിസ്റ്റുകളെ തേടി വന്നു, പക്ഷേ ഞാനവര്‍ക്കു വേണ്ടി സംസാരിച്ചില്ല; കാരണം ഞാനൊരു സോഷ്യലിസ്റ്റായിരുന്നില്ല... എന്നു തുടങ്ങുന്ന മാര്‍ട്ടിന്‍ നീമോലറുടെ പ്രസിദ്ധമായ കവിത ഒരിക്കല്‍ കൂടി ഓര്‍മയില്‍ വരുന്നു. അഡോള്‍ഫ് ഹിറ്റ്ലറും നാസികളും വിതച്ച കൊടും ദുരന്തത്തെ ജര്‍മന്‍ ജനതയുടെ കോംപ്ലിസിറ്റായ സ്വയം കുറ്റപ്പെടുത്തലായുള്ള ഈ ചിത്രീകരണം മനുഷ്യ മനസ്സാക്ഷിയോടുള്ള എക്കാലത്തെയും ഒരു ചോദ്യമാണ്.
ഇനി ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മനുഷ്യ ദുരന്തമായ, വേദനയായ സിറിയയിലേക്ക് നോക്കാം. 1971 -ല്‍ 'സര്‍വസമ്മതനായി' (99.9 ശതമാനം വോട്ടു നേടി) സിറിയന്‍ പ്രസിഡന്റായ ഹാഫിസ് അല്‍ അസദ് കൊടും ചതികളും ക്രൂരതകളുമാണ് തന്റെ രാജ്യത്തിലെ 85% സുന്നി മുസ്ലിംകളോടും ചെയ്തത്. 2000 -ല്‍ തന്റെ മരണം വരെയും പിന്നീട് സിറിയയെ അടക്കിഭരിച്ച ഈ ഏകാധിപതി കാരണം അമ്പതിനായിരത്തില്‍പരം നിരപരാധികള്‍ സിറിയയിലെ ഹിംസ്, അലപ്പോ എന്നീ പ്രദേശങ്ങളില്‍ കൊല ചെയ്യപ്പെട്ടു. അറസ്റ്റു ചെയ്യപ്പെട്ട ഇരുപതിനായിരത്തോളം പൗരന്മാര്‍ അപ്രത്യക്ഷരായി. ഈ കൊടുംക്രൂരതകളെ ഇന്നേ വരെ ഒരു ലോക ഏജന്‍സിയോ യു. എന്നോ ആംനസ്റ്റി പോലുള്ള മനുഷ്യാവകാശ സംഘടനകളോ വിലയിരുത്തുകയോ, കുറ്റക്കാര്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയോ ചെയ്തിട്ടില്ല.
അതുകൊണ്ടു തന്നെ ഹാഫിസ് അല്‍ അസദിന്റെ മരണശേഷം പുത്രനായ ബശ്ശാര്‍ 2000 ജുലൈ 17 -ല്‍ അധികാരമേറ്റ ശേഷം, ദുഷ്ടനായ പിതാവിന്റെ പാത തന്നെ പിന്തുടര്‍ന്നു. 2010 -ല്‍ പൊട്ടിപ്പുറപ്പെട്ട 'മുല്ലപ്പൂ വിപ്ലവം' എന്നു പേരിട്ട, അറബ് നാടുകളില്‍ ഭരണകൂടങ്ങള്‍ക്കെതിരായി രൂപം കൊണ്ട വിപ്ലവ ശ്രമങ്ങളെ മറ്റു ഏകാധിപതികളെയും ഇസ്രയേലിനെയും പോലെ ബശ്ശാര്‍ ഭരണകൂടവും ഏറെ ഭയപ്പെട്ടു. അറബ് വിന്റര്‍ എന്ന് ഇസ്രയേല്‍ പേരിട്ട ഈ ജനാധിപത്യ മുന്നേറ്റങ്ങളെ തുടക്കത്തില്‍ തന്നെ ചോരയില്‍ മുക്കിക്കൊല്ലാനാണ് പിന്നീട് ബശ്ശാര്‍ ശ്രമിച്ചത്. സിറിയ മുഴുവനും ചാരമായാലും താനും ബഅസ് പാര്‍ട്ടിയും അധികാരം ഒഴിയില്ലെന്ന കടുംപിടിത്തം നടത്തിയ ബശ്ശാറിനെ അധികാരത്തില്‍ നിലനിര്‍ത്താന്‍ നിര്‍ഭാഗ്യവശാല്‍ മറ്റു തല്‍പര കക്ഷികള്‍ രംഗത്തു വന്നു.
അറബ് പ്രദേശങ്ങളിലെ ജനാധിപത്യ/ ഇസ്ലാമിക ഭരണകൂടങ്ങളെ തങ്ങളുടെ മരണമണിയായി കാണുന്നു ഇസ്രയേല്‍. ശീഈ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഇറാനിലെ ഭരണകൂടം സര്‍വ സന്നാഹങ്ങളോടും കൂടി ബശ്ശാറിനൊപ്പം നിലകൊണ്ടു. ഏകാധിപതികളായ മറ്റു അറബ് ഭരണാധികാരികളും അവരെ സംരക്ഷിച്ചു നിലനിര്‍ത്തുന്ന അമേരിക്കന്‍ - യൂറോപ്യന്‍ ഭരണാധികാരികളും സിറിയന്‍ ജനാധിപത്യ മുന്നേറ്റങ്ങളെ നിഷ്‌കരുണം ചവിട്ടിമെതിച്ചു. ഇതിന്റെയെല്ലാം പരിണതി വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ പറ്റാത്ത ദുരന്തമായി പെയ്തിറങ്ങി. 2000 മാര്‍ച്ച് 20 വരെ അഞ്ചു ലക്ഷത്തി എണ്‍പത്തിയാറായിരം മരണങ്ങള്‍, 5.6 മില്യന്‍ ജനങ്ങളുടെ പലായനം, സിറിയന്‍ മണ്ണിനെയും ഭൂപ്രകൃതിയെയും വരെ എന്നന്നേക്കുമായി തകര്‍ത്ത ബോംബിംഗ്, ഇസ്രയേലും റഷ്യയും അമേരിക്കയും ഇറാനും ഊഴമിട്ട് നടത്തുന്ന ആക്രമണങ്ങള്‍, ഭയാനകമായ നാശനഷ്ടങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.
1980-കളില്‍ ഞാന്‍ കണ്ട സിറിയക്കാര്‍ വളരെ സംസ്‌കാരസമ്പന്നരായിരുന്നു. ആരിലും അസൂയ ജനിപ്പിക്കുന്ന ശരീരസൗന്ദര്യമുള്ള സ്ത്രീ, പുരുഷന്മാര്‍. വെള്ളയില്‍ ചുവപ്പു കലര്‍ന്ന നിറം, ആഢ്യത്വം തുളുമ്പുന്ന മുഖഭാവങ്ങള്‍, ഉയര്‍ന്ന നാസിക, നല്ല ഭാഷ, ഭക്ഷണരീതി... എല്ലാം കൊണ്ടും ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ ലഭിച്ച ജനത. ഇന്ന് 2020 -ല്‍ എത്തിനില്‍ക്കുമ്പോള്‍ ഷാര്‍ജ തെരുവില്‍ ഒരു നേരത്തെ ഭക്ഷണത്തിനായി അലയുന്ന ഈ സുന്ദരന്മാരോടും സുന്ദരികളോടും ഒരു സാധാരണ മനുഷ്യനു പറയാണുള്ളത്; 'സുഹൃത്തേ, ഞാന്‍ നിങ്ങളുടെ മുമ്പില്‍ കുറ്റബോധത്തോടെ നില്‍ക്കുന്നു. ഞാനും എന്റെ ലോകവും നിങ്ങളെ കുരുതികൊടുത്തു. ഞങ്ങള്‍ നിസ്സഹായരാണ്. നിങ്ങളുടെ ദുഃസ്ഥിതി ഓര്‍ക്കാനോ എഴുതാനോ ഞങ്ങള്‍ക്കാവുന്നില്ല.'
യൂസുഫ് ഉസ്മാന്‍
Comments