Prabodhanm Weekly

Pages

Search

2020 ജൂണ്‍ 12

3155

1441 ശവ്വാല്‍ 20

നമുക്ക് എന്തെല്ലാം അറിയില്ല എന്ന് നമ്മളറിയുന്നില്ല

മെഹദ് മഖ്ബൂല്‍

കൈയിലൊരു മൊബൈലുണ്ട്. അത് നമുക്ക് സ്വിച്ചോണാക്കാനറിയാം, ലോക്ക് തുറക്കാനറിയാം, അതെങ്ങാനും കേടു വന്നാല്‍ തൊട്ടടുത്ത മൊബൈല്‍ ഷോപ്പില്‍ കൊടുത്താല്‍ നന്നാക്കി കിട്ടുമെന്നും അറിയാം. 
ആ മൊബൈലില്‍ പലവിധങ്ങളായ കാര്യങ്ങളുണ്ടെന്നറിയാം, ആപ്പുകളുണ്ടെന്നറിയാം, അതെല്ലാം പ്ലേസ്റ്റോറില്‍നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യാനറിയാം, ആ ആപ്പുകളൊന്നില്‍ ചെന്നാല്‍ കരന്റ് ബില്ല് അടക്കാന്‍ കഴിയുമെന്നറിയാം, ഫുഡ് ഓര്‍ഡര്‍ ചെയ്യാന്‍ പറ്റുമെന്നറിയാം. മിനിറ്റുകള്‍ക്കകം താന്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം തന്റെ മേശപ്പുറത്തെത്തുമെന്നുമറിയാം. അങ്ങനെ മേശപ്പുറത്തെത്തുന്ന ഭക്ഷണം ആസ്വദിച്ച് കഴിച്ച് 'ഹോ.. എന്റെയൊരു കഴിവേ, പതിനഞ്ചു മിനിറ്റ് കൊണ്ടല്ലേ ഫുഡ് എത്തിയത്' എന്ന് ആത്മാഭിമാനം കൊള്ളാന്‍ ആര്‍ക്കും ഒന്നു തോന്നിപ്പോകും.
ശരിക്കും ഒന്നാലോചിച്ചുനോക്കൂ. ഇതിലേതാണ് എന്റെ കഴിവ്? മൊബൈല്‍ ഉണ്ടാക്കിയത് ഞാനല്ല, ആപ്പുകളുണ്ടാക്കിയത് ഞാനല്ല, ഭക്ഷണം ഉണ്ടാക്കിയതും കൊണ്ടു തന്നതും ഞാനല്ല. എന്നിട്ടും എനിക്ക് തോന്നുന്നു; കുറേ അറിവും ആഴവും ഉള്ള ആളാണ് ഞാനെന്ന്. അത്തരം മിഥ്യാധാരണയെയാണ് നോളജ് ഇല്യൂഷന്‍(ഗിീംഹലറഴല കഹഹൗശെീി) എന്നു വിളിക്കുന്നത്.
മനുഷ്യന്റെ പ്രത്യേകത അവന്‍ അറിവുകള്‍ പരസ്പരം ഷെയര്‍ ചെയ്തും അതുപയോഗപ്പെടുത്തിയും ജീവിക്കുന്നു എന്നതാണ്. അതുകൊണ്ടാണവന്‍ ഈ കാണുന്ന വിസ്മയങ്ങളെല്ലാം സാധിച്ചെടുത്തത്. ഓരോരുത്തരെയും ഒറ്റക്കെടുത്താല്‍ അവന്‍ പിന്നെയും പിന്നെയും കഴിവു കുറഞ്ഞവരായി മാറുകയാണ് ചെയ്യുക. പണ്ടുകാലത്തെ മനുഷ്യന്‍ വസ്ത്രങ്ങളുണ്ടാക്കുമായിരുന്നു, വേട്ടയാടുമായിരുന്നു, കൃഷി ചെയ്യുമായിരുന്നു, തീ കത്തിക്കുമായിരുന്നു.. അവനു വേണ്ടുന്ന കാര്യങ്ങളെല്ലാം അവന്‍ തന്നെ ചെയ്യുമായിരുന്നു. എന്നാല്‍ കാലം മുന്നോട്ടു പോയപ്പോള്‍ എനിക്കു വേണ്ടുന്ന കാര്യങ്ങളെല്ലാം ഞാന്‍ തന്നെ ചെയ്യണം എന്നില്ലാതായി. മനുഷ്യന്‍ പരസ്പരം കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങി. അങ്ങനെ തന്നെയാണ് വേണ്ടതും. പക്ഷേ വ്യക്തിപരമായി ഞാന്‍ അത്ര കഴിവും അറിവും ഉള്ളവനല്ല എന്നു തിരിച്ചറിയപ്പെടാതെയും പോകുന്നു. 
നമ്മുടെ അജ്ഞതയെ കുറിച്ച് സംസാരിക്കുകയാണ് 'നോളജ് ഇല്യൂഷന്‍' എന്ന പുസ്തകത്തില്‍ സ്റ്റീവന്‍ സ്ലോമനും ഫിലിപ്പ് ഫേണ്‍ബാച്ചും. നമ്മളെല്ലാം കൂട്ടമായി ചിന്തിച്ചുണ്ടാക്കിയതാണ് ഈ ലോകം, ഒറ്റക്കല്ല എന്നവര്‍ അടിവരയിടുന്നു. എനിക്കേറെ അറിയാമെന്ന ധാരണപ്പുറത്താണ് ശരിക്കും നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നത്, ആകാശത്തിനു കീഴിലുള്ള സകലതിനെ പറ്റിയും കുറിച്ചിടുന്നത്. വ്യാജ വാര്‍ത്തയാണെന്നറിയാതെ അത് പറഞ്ഞും പ്രചരിപ്പിച്ചും പലരും അബദ്ധങ്ങളില്‍ ചാടുന്നതും പതിവാണ്. കുറച്ച് ലൈക് കിട്ടുന്നതോടെ ഞാന്‍ പറയുന്നതെല്ലാം ശരിയാണെന്ന് എനിക്ക് തോന്നുന്നു. അങ്ങനെ എന്റെ അറിവില്‍ എനിക്ക് കൂടുതല്‍ മതിപ്പ് തോന്നിത്തുടങ്ങുന്നു. ഇവിടെയാണ് ശരിക്കും അപകടം പതിയിരിക്കുന്നത്. നോളജ് ഇല്യൂഷന്‍ സോഷ്യല്‍ മീഡിയയില്‍ വളരെയേറെയാണ്. 
ഇന്ന് ഏതു വിഷയത്തെ കുറിച്ചറിയാനും വിക്കിപീഡിയ പരതിയാല്‍ മതി. പക്ഷേ ആ അറിവ് എത്രയോ പേരുടെ അധ്വാനവും കണ്ടെത്തലുമാണ്. അത് തന്റെ മിടുക്കാണെന്ന് ധരിക്കുമ്പോഴാണ് നമ്മള്‍ നോളജ് ഇല്യൂഷനിലായിപ്പോവുക. നമ്മുടെ തലക്കകത്തും പുറത്തുമുള്ളതായ അറിവുകളെ പറ്റി കൃത്യമായി തരം തിരിച്ചറിയാന്‍ ശ്രമിക്കുന്നില്ല എന്നതാണ് പ്രശ്‌നമെന്ന് പുസ്തകത്തില്‍ സ്റ്റീവന്‍ സ്ലോമനും ഫിലിപ്പ് ഫേണ്‍ബാച്ചും പറയുന്നു. 
 ഈ കാലത്ത് നമുക്ക് എന്തെല്ലാം അറിയില്ല എന്ന് നമ്മളറിയുന്നില്ല! 
ശരിക്കും മൂന്നോ നാലോ പാസ്‌വേഡ്‌കൊണ്ടാണ് നമ്മള്‍ ജീവിക്കുന്നത്. ഫോണ്‍ ഓപ്പണ്‍ ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ നാം കുഴങ്ങി. അതിലുള്ള മിക്ക ഫോണ്‍ നമ്പറുകളും നമുക്ക് കാണാതെ അറിയില്ല. ആരെയും കോണ്‍ടാക്റ്റ് ചെയ്യാന്‍ കഴിയില്ല. കുറച്ച് പാസ്‌വേഡുകള്‍ മതി ഈ കാലത്ത് ജീവിക്കാന്‍ എന്നതു മറ്റൊരു കാര്യം. പക്ഷേ ഈ പാസ്‌വേഡുകളേ തനിക്കറിയൂ, അതേ സ്വന്തമായുള്ളൂ എന്ന തിരിച്ചറിവ് ഓരോരുത്തര്‍ക്കും വേണം എന്നതാണ് കാര്യം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (48-54)
ടി.കെ ഉബൈദ്‌