സ്ഥാപനവത്കരിക്കപ്പെട്ട വെള്ള വംശീയത
ഒരു ഭരണാധികാരിയെ വിലയിരുത്തേണ്ടത് പ്രതിസന്ധിഘട്ടങ്ങളെ അയാള്‍ എങ്ങനെ മറികടക്കുകയും അതിജീവിക്കുകയും ചെയ്യുന്നു എന്നു നോക്കിയാണ്. ഇക്കാര്യത്തില്‍ വട്ടപ്പൂജ്യമാണ് നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയിലെ വുഹാന്‍ നഗരം കൊറോണാ വൈറസിന്റെ പിടിയിലമര്‍ന്നപ്പോള്‍ പ്രത്യക്ഷത്തില്‍ അമേരിക്കക്ക് യാതൊരു ഭീഷണിയുമുണ്ടായിരുന്നില്ല. മുന്‍കരുതലുകളെടുക്കാന്‍ സമയവും സംവിധാനവും വേണ്ടത്ര ഉണ്ടായിരുന്നു. പക്ഷേ, രോഗപ്രതിരോധ സംവിധാനങ്ങളെ നിശ്ചലമാക്കി നിര്‍ത്തി ചൈനക്കെതിരെ വംശീയാധിക്ഷേപങ്ങള്‍ ചൊരിഞ്ഞ് നിര്‍വൃതിയടയുകയായിരുന്നു ഈ പ്രസിഡന്റ്. ഫലം: ഒന്നാം ലോക രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്ക കോവിഡിനെ പ്രതിരോധിക്കാനാവാതെ ഉഴലുന്നു. മരണസംഖ്യ ഒരു ലക്ഷവും കടന്ന് കുതിക്കുന്നു. അപ്പോഴാണ് വംശവെറിയാല്‍ അന്ധനായ ഒരു പോലീസുകാരന്‍ കറുത്തവനും തൊഴില്‍ രഹിതനുമായ ജോര്‍ജ് ഫ്‌ളോയിഡിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുന്നത്. ജനം പ്രതിഷേധവുമായി തെരുവിലേക്കിറങ്ങി. ഈ പൈശാചിക കൊലപാതകത്തെ അപലപിക്കാന്‍ പോലും ട്രംപ് തുടക്കത്തില്‍ കൂട്ടാക്കിയില്ലെന്നു മാത്രമല്ല, പ്രക്ഷോഭകര്‍ക്കെതിരെ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞുകൊണ്ടുമിരുന്നു. ഇതെഴുതുമ്പോഴും അമേരിക്കന്‍ നഗരങ്ങളില്‍ പ്രതിഷേധങ്ങള്‍ ആളിപ്പടരുകയാണ്. പതിനായിരത്തോളം പേരെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ചിലയിടങ്ങളില്‍ അക്രമവും കൊള്ളിവെപ്പും നടക്കുന്നു. എന്നിട്ടും പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാത്ത ഈ പ്രസിഡന്റിനെ റോം കത്തുമ്പോള്‍ വീണ വായിച്ച റോമന്‍ ചക്രവര്‍ത്തി നീറോയോടും 'എനിക്കു ശേഷം പ്രളയം' എന്നു പറഞ്ഞ് ജനങ്ങളെ പേടിപ്പിച്ചിരുന്ന ഫ്രഞ്ച് രാജാവ് ലൂയിസ് പതിനഞ്ചാമനോടും മാത്രമേ ഉപമിക്കാനാവൂ.
പക്ഷേ ട്രംപ് പറയുന്നത്, പ ത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തില്‍ പ്രസിഡന്റ് പദവിയേറ്റ അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വിശ്രുതനായ പ്രസിഡന്റ് അബ്രഹാം ലിങ്കനു(പ്രസിഡന്റ് പദവിയിലിരുന്നത് 1861-1865)മായി മാത്രമേ തന്നെ താരതമ്യപ്പെടുത്താവൂ എന്നാണ്. ട്രംപിന്റെ പതിവ് വിടുവായത്തമായി തള്ളാവുന്നതേയുള്ളൂ ഈ പരാമര്‍ശം. പക്ഷേ ഈ പ്രസ്താവം മറ്റൊരു നിലക്ക് ശരിയുമാണ്. അടിമത്ത സമ്പ്രദായത്തിനെതിരെയുള്ള അബ്രഹാം ലിങ്കന്റെ നീക്കങ്ങള്‍ വംശീയ ധ്രുവീകരണത്തിന് നിമിത്തമാവുകയുണ്ടായി. വെള്ളക്കാരായ പല ഭൂവുടമകളും അദ്ദേഹത്തിനെതിരെ തിരിഞ്ഞു. ആ പോരാട്ടത്തില്‍ ലിങ്കന് സ്വന്തം ജീവന്‍ ബലികൊടുക്കേണ്ടതായും വന്നു. ലിങ്കന്റെ നീക്കങ്ങള്‍ തുടക്കത്തില്‍ ആഭ്യന്തര യുദ്ധങ്ങള്‍ക്ക് വരെ കാരണമായെങ്കിലും, അദ്ദേഹത്തിന്റെ യത്‌നങ്ങളാണ് ഇന്നുള്ള അമേരിക്കയെ കെട്ടിപ്പടുത്തത്. ആ ധ്രുവീകരണം വര്‍ണവംശഭേദമില്ലാതെ എല്ലാ മനുഷ്യരും തുല്യ പൗരന്മാരായി ജീവിക്കുന്ന ഒരു നല്ല നാളേക്കു വേണ്ടിയുള്ളതായിരുന്നു എന്നു മാത്രം. ട്രംപും ധ്രുവീകരണം നടത്തുന്നുണ്ട്. ആ പണിയേ ട്രംപിന് അറിയൂ എന്നും പറയാം. ലിങ്കന്‍ ചേര്‍ത്തുപിടിച്ച കറുത്ത വര്‍ഗക്കാരെയാണ് ട്രംപ് ധ്രുവീകരിച്ച് അരികുകളിലേക്ക് തള്ളിമാറ്റുന്നത്. അതാണ് സ്ഥിതിഗതികള്‍ അനുദിനം വഷളാക്കിക്കൊണ്ടിരിക്കുന്നത്. അത് ഇനിയും കൂടുതല്‍ കൂടുതല്‍ വഷളാവുകയേ ഉള്ളൂ.
ട്രംപ് ഒരു വ്യക്തിയല്ല; അമേരിക്കന്‍ രാഷ്ട്രീയ-സാമൂഹിക ജീവിതത്തില്‍ സ്ഥാപനവത്കരിക്കപ്പെട്ടുകഴിഞ്ഞ വെള്ള വംശീയതയുടെ പ്രതിനിധിയാണ്. എഡ്ഗാര്‍ ഹൂവര്‍ (1896-1972) എന്നൊരാളുണ്ടായിരുന്നു. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്.ബി.ഐ) തലപ്പത്ത് 37 വര്‍ഷം വാണരുളിയ ഒരാള്‍. വംശീയ ഭ്രാന്ത് തലക്കു കയറിയ ഈ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ കാട്ടിക്കൂട്ടിയതൊക്കെ അയാളുടെ മരണശേഷമാണ് പുറത്തു വന്നത്. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെപ്പോലുള്ള കറുത്ത വര്‍ഗക്കാരായ പൗരാവകാശ പ്രവര്‍ത്തകരെ ഹൂവര്‍ നിരന്തരം വേട്ടയാടി. ഹൂവറും അതുപോലുള്ള വര്‍ണവെറിയന്മാരും ജന്മം കൊടുക്കുകയും പരിലാളിക്കുകയും ചെയ്ത എഫ്.ബി.ഐ പോലുള്ള സംവിധാനങ്ങളില്‍നിന്ന് ജോര്‍ജ് ഫ്‌ളോയ്ഡിന് ഇതേ പ്രതീക്ഷിക്കേണ്ടതുള്ളൂ. പ്രസിഡന്റുമാര്‍ക്ക് പോലും തൊടാനാവാത്ത വിധം അത്രമേല്‍ ശക്തമായി വെള്ള വംശീയത അമേരിക്കയില്‍ സ്ഥാപനവത്കരിക്കപ്പെട്ടിരിക്കുന്നു.
Comments