Prabodhanm Weekly

Pages

Search

2020 ജൂണ്‍ 12

3155

1441 ശവ്വാല്‍ 20

അമേരിക്കയിലെ വര്‍ണവിവേചന ഭീകരത

ഹസന്‍ തിക്കോടി

ജോര്‍ജ് ഫ്‌ളോയ്ഡ് എന്റെ ആരുമല്ല, പക്ഷേ ആരുമല്ലാത്തവര്‍ പോലും ചിലപ്പോള്‍ നമ്മളറിയാതെ നമ്മില്‍ വലിയ ചലനങ്ങളും ചിന്തകളും സൃഷ്ടിക്കാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ നാടോ വീടോ നിറമോ വര്‍ഗമോ മതമോ ഭാഷയോ  ഒന്നും നാം നോക്കാറില്ല. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഹൃദയങ്ങളില്‍ അത്തരം വാര്‍ത്തകളും ചിത്രങ്ങളും ഉണ്ടാക്കുന്ന സ്പാര്‍ക്കുകള്‍ ചിലപ്പോള്‍ നൈമിഷികമാവാം. അത്തരം ചില ദാരുണമായ  വാര്‍ത്തകളും വീഡിയോ ക്ലിപ്പുകളും എന്നെ വല്ലാതെ വേദനിപ്പിച്ചു. ഇതൊക്കെ സ്വാഭാവികമല്ലേ എന്നു ചോദിക്കുന്നവരുണ്ടാവാം. ഇതുപോലെ അല്ലെങ്കില്‍ ഇതിനേക്കാള്‍ ക്രൂരമായ എത്രയെത്ര സംഭവങ്ങള്‍ ലോകത്തില്‍ പലേടങ്ങളിലും ഓരോ നിമിഷങ്ങളിലും നടക്കുന്നു! അതൊക്കെ ചിലപ്പോള്‍ വാര്‍ത്തയാകാറുണ്ട്, ചര്‍ച്ചചെയ്യപ്പെടാറുണ്ട്. സര്‍വസാധാരണം എന്ന ഒഴുക്കന്‍ മട്ടില്‍ പറഞ്ഞൊഴിയാന്‍ ആവാത്തതുകൊണ്ട് മാത്രം ഞാനിവിടെ ആ സംഭവത്തെക്കുറിച്ച് എഴുതുന്നു. 
മിനിയാപോളിസ് അമേരിക്കയിലെ തണുപ്പ് കൂടുതലുള്ള ഒരു മനോഹര നഗരം. ഞാന്‍ താമസിക്കുന്നിടത്തുനിന്നു മൂന്നര മണിക്കൂര്‍ ഡ്രൈവ്. അവിടെ ജീവിക്കുന്ന ഒരു ആഫ്രിക്കന്‍ അമേരിക്കക്കാരനാണ് ജോര്‍ജ് ഫ്‌ളോയ്ഡ്, 46 വയസ്സുള്ള ഒരു സാധാരണ മനുഷ്യന്‍. സ്‌കൂള്‍ പഠനകാലത്ത് നല്ലൊരു ഫുട്‌ബോള്‍ (അമേരിക്കന്‍) കളിക്കാരനായിരുന്നു. നല്ല കായികശേഷിയുള്ള, ആറടിയിലേറെ ഉയരമുള്ള ദൃഢഗാത്രനായ ഒരു കറുത്ത വര്‍ഗക്കാരന്‍.  'കോങ്ങാ ലാറ്റിന് ബ്രിസ്റ്റോ' റെസ്റ്റോറന്റിലെ ജീവനക്കാരന്‍. അതിനു മുമ്പ് സെക്യൂരിറ്റിക്കാരനായും ജോലി നോക്കിയിട്ടുണ്ട്. തൊഴില്‍ ചെയ്തു കുടുംബം പുലര്‍ത്തുന്ന ഒരു സാധാരണക്കാരന്‍. കൊറോണാ കാലത്തെ ലോക്ക്ഡൗണ്‍ കാരണം കഴിഞ്ഞ മൂന്നു മാസമായി ജോലിയില്ല. മറ്റൊരു ജോലിക്കുള്ള അന്വേഷണത്തിനിടയിലാണ് ഇക്കഴിഞ്ഞ ദിവസം  ജോര്‍ജ് ഫ്‌ളോയ്ഡ് പിടിക്കപ്പെടുന്നത്. പരിസരത്തിലെവിടെയോ ഒരു ഗ്രോസറി ഷോപ്പില്‍ വ്യാജ കറന്‍സി കൈമാറ്റം നടന്നതായി ആരോ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറയുന്നു. സ്ഥലത്തെത്തിയ പോലീസ് ആദ്യം കാണുന്നത് ഒരു നീല കാറിന് മുകളില്‍ തന്റേതായ ലോകത്തു കണ്ണും നട്ടിരിക്കുന്ന ജോര്‍ജ് ഫ്‌ളോയ്ഡ്‌നെയാണ്. ഒന്നുമറിയാത്ത ജോര്‍ജിനോട് താഴെ ഇറങ്ങാന്‍ പറയുന്നു, പൊടുന്നനെ കൈയാമം വെക്കുന്നു. സ്വാഭാവികമായ ഒരു ചെറുത്തുനില്‍പ്പ് പോലീസുകാരെ പ്രകോപ്പിച്ചു എന്നു വേണം കരുതാന്‍. വെളുത്ത പോലീസ് കറുത്ത ജോര്‍ജിനെ വാഹനത്തിന്റെ സൈഡില്‍ കിടത്തി കാല്‍മുട്ട് അയാളുടെ കഴുത്തില്‍ ശക്തിയോടെ 8 മിനിറ്റോളം അമര്‍ത്തിപ്പിടിച്ചു. അയാള്‍ ഉറക്കെ നിലവിളിക്കുന്നുണ്ടായിരുന്നു, 'എനിക്കു ശ്വാസം മുട്ടുന്നു' എന്നു പലതവണ കരഞ്ഞു പറഞ്ഞു. പക്ഷേ പൊലീസുകാര്‍ അത് ശ്രദ്ധിക്കാതെ വീണ്ടും വീണ്ടും അയാളെ കാല്‍മുട്ടുകൊണ്ട് പൂര്‍വാധികം ശക്തിയോടെ അമര്‍ത്തിപ്പിടിച്ചു. ഒടുവില്‍ ഒമ്പതാം മിനിറ്റില്‍ ഫ്‌ളോയ്ഡ് അന്ത്യശ്വാസം വലിച്ചു. കഴുത്തില്‍ ശക്തിയോടെ അമര്‍ത്തി ചവിട്ടുമ്പോള്‍ തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ പ്രവാഹം നിലക്കും. ഏറിയാല്‍ അഞ്ചു പത്തു മിനിറ്റിനുള്ളില്‍ മരണം സംഭവിക്കും. ജോര്‍ജ് ഫ്‌ളോയ്ഡ് തല്‍ക്ഷണം മരിക്കുന്നു.  ഉടനെ ആംബുലന്‍സ് എത്തുന്നു, ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നു. പിറ്റേ ദിവസം പോലീസ് ഭാഷ്യം വരുന്നു, പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ജോര്‍ജ് ഫ്‌ളോയ്ഡ് 'ആരോഗ്യപരമായ കാരണത്താല്‍ മരിച്ചു'. അന്വേഷണം എഫ്. ബി. ഐ ഏറ്റെടുത്തു. അന്വേഷണവിധേയമായി ചില പോലീസുകാരെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുന്നു. നാടകത്തിനു താല്‍ക്കാലിക തിരശ്ശീല വീഴുന്നു.
അമേരിക്കയില്‍ വെളുത്ത പോലീസുകാരുടെ പരസ്യമായ മര്‍ദനത്തിനിരയാകുന്ന ആദ്യത്തെ കറുത്ത മനുഷ്യനല്ല ജോര്‍ജ് ഫ്‌ളോയ്ഡ്. ഇതിന് മുമ്പും സമാനമായ ഒരുപാടു സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, വെളുത്ത പോലീസുകാര്‍ ശിക്ഷിക്കപ്പെടുന്നത് വളരെ ദുര്‍ലഭം. കാരണം പോലീസ് സേനയില്‍ വെള്ളക്കാരുടെ മേധാവിത്തം അത്രമേല്‍ ശക്തമാണ്. ഈ സംഭവവും അത്തരത്തില്‍ തേഞ്ഞുമാഞ്ഞു പോവുമോ എന്ന ആശങ്കയിലായിരുന്നു സാധാരണ അമേരിക്കന്‍ നിവാസികള്‍. പക്ഷേ, അടുത്ത ദിവസം മിനിയാപോളിസ് നഗരവും സമീപപ്രദേശങ്ങളും ഉണരുന്നത് അതിശക്തമായ പ്രതിഷേധപ്രകടനങ്ങളോടെയാണ്. കോവിഡ് 19-ന്റെ കര്‍ശന നിയമങ്ങള്‍ ഒന്നും തന്നെ വകവെക്കാതെ ജനം പ്ലേക്കാര്‍ഡുകളും  മുദ്രാവാക്യവുമായി തെരുവിലിറങ്ങി. 'ജോര്‍ജ് ഫ്‌ളോയ്ഡിനെ കൊന്ന പൊലീസുകാരെ അറസ്റ്റ് ചെയ്യുക, അവനെ വെടിവെച്ചു കൊല്ലുക, സ്റ്റേറ്റ് നീതി പാലിക്കുക.' തുടര്‍ന്ന്, പരക്കെ തീവെപ്പും അക്രമങ്ങളും നടന്നു. തൊട്ടടുത്തുള്ള സ്റ്റേറ്റുകളിലും വലിയ തോതില്‍ പ്രതിഷേധ പ്രകടനങ്ങളുണ്ടായി. 'ഈ രാജ്യം വെള്ളക്കാരുടേത് മാത്രമല്ല, എല്ലാവരുടേതുമാണ്. കറുത്ത വര്‍ഗക്കാരെ സംരക്ഷിക്കുക' തുടങ്ങിയ പ്ലേക്കാര്‍ഡുകള്‍ തെരുവോരങ്ങളില്‍ വ്യാപകമായി ഉയര്‍ന്നുപൊങ്ങി. ഇതെഴുതുമ്പോള്‍ മിനിയാപോളിസ് കോടതി ഉത്തരവിട്ടിരിക്കുന്നു, ജോര്‍ജ് ഫ്‌ളോയ്ഡിനെ കൊലപ്പെടുത്തിയ ഡെറിക്ള്‍ ഷൗവിനെ അറസ്റ്റ് ചെയ്യാനും അയാളുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കാനും. ഈ അസാധാരണ നടപടികള്‍ ഉണ്ടാവാന്‍ കരണം മാധ്യമങ്ങളുടെ ഇടപെടലുകളുായതിനാലും, സംഭവത്തിന്റെ വീഡിയോകളും സി. സി. ടി. വി ദൃശ്യങ്ങളും വൈറല്‍ ആയതിനാലുമാണ്. സംഭവത്തിന്റെ ഗൗരവം അധികാരികള്‍ക്കും കോടതിക്കും ബോധ്യമായതിനാല്‍ വേഗത്തില്‍ നടപടിയും അറസ്റ്റും നടന്നു. പക്ഷേ അന്നു വൈകുന്നേരം തന്നെ ഡെറിക്ള്‍ ഷൗവിന് ജാമ്യം ലഭിച്ച വാര്‍ത്ത പുറത്തു വന്നതോടെ കലാപാഗ്‌നി കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിച്ചു. അറ്റ്‌ലാന്‍ഡയിലും ലോസ് ആഞ്ചലസിലും കടകള്‍ക്ക് തീയിട്ടു, പോലീസ് വാഹനങ്ങള്‍ കത്തിച്ചു. ഹൈവേ ബ്ലോക്ക് ചെയ്തു ഗതാഗതം തടസ്സപ്പെടുത്തി. സി. എന്‍. എന്‍ വാര്‍ത്താ ലേഖകരെ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കെ സംഭവസ്ഥലത്തുവെച്ചു അറസ്റ്റ് ചെയ്തു. ആക്രമണകാരികള്‍ സി. എന്‍. എന്‍ ആസ്ഥാനവും ആക്രമിച്ചു. 'ഞങ്ങള്‍ക്ക് ഒരു പാടു കരയാനുണ്ട്, പറയാനുണ്ട്'- 43 വയസ്സായ ക്രിസ്റ്റീന പീറ്റര്‍ എന്ന വെള്ളക്കാരി പെണ്ണ് വിതുമ്പിക്കൊണ്ട് പറഞ്ഞു. 'ഈ രാജ്യം എല്ലാവരുടേതുമാണ്. ഇവിടെ നീതി വേണം. അത് നടപ്പാക്കാന്‍ ഒരു സിസ്റ്റം ഉണ്ടാവണം. കറുത്തവനോ വെളുത്തവനോ എന്ന വേര്‍തിരിവ് പാടില്ല...' അവള്‍ തുടര്‍ന്നു; 'ഞങ്ങള്‍ക്ക് പോലും ഇവിടത്തെ സിസ്റ്റത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. കോവിഡ് കാലത്തെ വര്‍ക്ക് അറ്റ് ഹോം, സോഷ്യല്‍ ഡിസ്റ്റന്‍സ് എന്നിവയുമായി സഹകരിച്ചവരാണ് അമേരിക്കന്‍ ജനത. കൊറോണ കാരണം 40 ദശലക്ഷം അമേരിക്കക്കാര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. അവരുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ട്രംപ് നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ എവിടെയും എത്തുന്നില്ല. ഇനി അടുത്ത കാലത്തൊന്നും അമേരിക്കക്ക് സാമ്പത്തികമായി മികവ് പുലര്‍ത്താന്‍ കഴിയണമെന്നില്ല. ന്യൂനപക്ഷമായ കറുത്ത വര്‍ഗക്കാരോട് വെളുത്തവര്‍ കാണിക്കുന്ന ക്രൂരതകളും സമീപനങ്ങളും മാറേണ്ടതുണ്ട്' എന്നും ക്രിസ്റ്റീന പറഞ്ഞു. 
ചേര്‍ത്തുവായിക്കാന്‍ ഇതുപോലെ ഒരു പാടു സംഭവങ്ങള്‍ അമേരിക്കയില്‍ സാധാരണമാണ്. കറുത്തവരും  വെളുത്തവരും തമ്മിലുള്ള അന്തരം ഇപ്പോഴും ഇവിടെ പ്രകടമായി നിലനില്‍ക്കുന്നു. കോവിഡ് 19 പിടിപെട്ടു മരിച്ചവരില്‍ നല്ലൊരു ശതമാനം കറുത്ത വര്‍ഗക്കാരാണെന്ന സത്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോവിഡ് രോഗപരിചരണത്തില്‍ പോലും വര്‍ണവിവേചനമുന്നെ് ആരോപണമുയര്‍ന്നു.  
'കഴുത്തില്‍ നിന്നും ആ കാല്‍മുട്ട് ഒന്നു എടുക്കൂ...എനിക്ക് ശ്വസിക്കാന്‍ പറ്റുന്നില്ല..' ജോര്‍ജ് ഫ്‌ളോയ്ഡ് കേണപേക്ഷിക്കുമ്പോള്‍ ഡെറിക്ള്‍ തന്റെ കൈകള്‍ സ്വന്തം പാന്‍സിന്റെ പോക്കറ്റില്‍ തിരുകിക്കൊണ്ടു മരണം ആസ്വദിക്കുകയായിരുന്നു. ജോര്‍ജ് ഫ്‌ളോയ്ഡിനെ നിഷ്‌കരുണം കൊലപ്പെടുത്തിയ ഡെറിക്ള്‍ ഷൗവിന്‍ ഇതിനു മുമ്പും സമാനമായ രീതിയില്‍ കറുത്തവരോട് പെരുമാറിയിട്ടുണ്ട്. പക്ഷേ ഇതേവരെ ഒരു കേസുപോലും അയാളുടെ പേരില്‍ രേഖപ്പെടുത്തിയിട്ടില്ല. 
കറുത്ത വര്‍ഗക്കാരായ ചെറുപ്പക്കാരെയാണ് വെളുത്ത പൊലീസുകാര്‍ ലക്ഷ്യം വെക്കുന്നത്. കറുത്തവര്‍ഗക്കാരായ അമേരിക്കക്കാരെ വെളുത്ത പോലീസുകാര്‍ വെടിവെച്ചും ശ്വാസംമുട്ടിച്ചും കൊല്ലുന്നത് അമേരിക്കയില്‍ ഒറ്റപ്പെട്ട സംഭവമല്ല. ഇതിനുമുമ്പ് ടാമിര്‍ റൈസ് എന്ന പന്ത്രണ്ടു വയസ്സുള്ള ആഫ്രോ-അമേരിക്കന്‍ പയ്യന്‍ കളിപ്പാട്ട തോക്ക് കൊണ്ടു കളിച്ചതിനു ആ കുഞ്ഞിനെ സ്‌പോട്ടില്‍ വെടിവെച്ചു കൊന്ന ടിമോത്തി ലോമാന്‍ എന്ന വെളുത്ത പൊലീസുകാരനെതിരെ ഒരു ക്രിമിനല്‍ ചാര്‍ജ് പോലും ഫയല്‍ ചെയ്തില്ല! ആ പന്ത്രണ്ടു വയസ്സുള്ള പയ്യനെ കണ്ടപ്പോള്‍ ഭീകരവാദിയെ പോലെ വെള്ളക്കാരനായ പോലീസ് ഓഫീസര്‍ക്കു തോന്നിയത്രെ. ആ ന്യായം മതിയായിരുന്നു. കോടതികളില്‍പോലും വിധികള്‍ വെള്ളക്കാര്‍ക്കു അനുകൂലമാകുന്നു. ഇതുപോലെ വെളുത്തവര്‍ഗക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ കറുത്തവര്‍ഗക്കാരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ അനവധിയാണ്. 2014-ല്‍ ന്യൂയോര്‍ക്കിലെ തെരുവില്‍ നിന്നും എറിക് ഗാര്‍ണര്‍ എന്ന കറുത്തവന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയപ്പോഴും ഉരുവിട്ടത് 'എനിക്കു ശ്വസിക്കാന്‍ പറ്റുന്നില്ല' എന്നായിരുന്നു. 400 വര്‍ഷമായി സമൂഹഗാത്രത്തില്‍ ആഴത്തില്‍ വേരിറക്കിയ വംശീയ വൈറസിനെ ചെറുക്കാനായില്ലെങ്കില്‍ ഇവിടെ ഇനിയും കറുത്തവന്റെ കഴുത്തില്‍ വെളുത്ത പോലീസിന്റെ കാല്‍മുട്ടുകള്‍ വീണുകൊണ്ടേയിരിക്കും. മിനിയാപോളിസ് സിറ്റി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് അന്തേര ജാക്പിന്‍ പറഞ്ഞത്, നിര്‍ഭാഗ്യവശാല്‍ ഞാനും ഈ സിസ്റ്റത്തിന്റെ ഭാഗമായതില്‍ ഖേദിക്കുന്നു എന്നാണ്. ജോര്‍ജ് ഫ്‌ലോയ്ഡ് സംഭവത്തില്‍ പ്രതിഷേധിക്കുന്നത് കറുത്തവര്‍ മാത്രമല്ല, ഈ സിസ്റ്റത്തിന്റെ ഭാഗമാകേണ്ടി വന്ന വെള്ളക്കാരും അവരോടൊപ്പം സഹതപിക്കുകയും നീതിക്കു വേണ്ടി ഗര്‍ജിക്കുകയും ചെയ്യുന്നു. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും അവരോടൊപ്പം തന്റെ നിലപാട് വളരെ വ്യക്തമായി ഭരണകൂടത്തെ അറിയിച്ചിരിക്കുന്നു. 
പണ്ടുമുതലേ അടിമത്തവും അടിമത്ത കച്ചവടവും ഏറെ നടന്നിരുന്നത് അമേരിക്കയിലായിരുന്നു. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ആഫ്രിക്കയില്‍നിന്നും അടിമവേല ചെയ്യിക്കാനാണ് അവരെ ഇവിടെ കൊണ്ടുവന്നത്. കപ്പലില്‍ കൂട്ടമായി കൊണ്ടുവരുന്ന ആഫ്രിക്കക്കാര്‍ കരയിലെത്തും മുമ്പ് മരണപ്പെട്ടാല്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിര്‍ദാക്ഷിണ്യം വലിച്ചെറിയുകയായിരുന്നു പതിവ്. ലൈംഗിക ചൂഷണത്തിനും അവര്‍ ഇരകളായിരുന്നു. അമേരിക്കയില്‍ ഇന്നു കാണുന്ന എല്ലാ നിര്‍മാണ പ്രവൃത്തികളിലും അവരുടെ വിയര്‍പ്പിന്റെയും അധ്വാനത്തിന്റെയും രുചിയും ഗന്ധവുമുണ്ട്.  1854-ല്‍ അടിമത്തം അവസാനിപ്പിക്കാനും എല്ലാ അടിമകളെയും മോചിപ്പിക്കാനുമായി നിയമഭേദഗതി കൊണ്ടുവന്നപ്പോള്‍ വെളുത്ത വര്‍ഗക്കാര്‍ അതിനെ നഖശിഖാന്തം എതിര്‍ത്തു. എന്നാല്‍ അബ്രഹാം ലിങ്കണ്‍ എന്ന കരുത്തനായ അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റ് തന്റെ ധീരമായ തീരുമാനത്തിലൂടെ എല്ലാ അടിമകളെയും മോചിപ്പിക്കുകയായിരുന്നു. 1865- ഏപ്രില്‍ 11-നു ലിങ്കണ്‍ നടത്തിയ അവസാനത്തെ പ്രസംഗത്തില്‍ വര്‍ണവര്‍ഗഭേദമന്യേ എല്ലാ അമേരിക്കക്കാര്‍ക്കും വോട്ടവകാശവും നല്‍കി. മഴതോര്‍ന്നാലും മരം പെയ്യും എന്നപോലെ അമേരിക്കയില്‍ ഇന്നും അടിമത്തരീതി ഒളിഞ്ഞും തെളിഞ്ഞും നിലനില്‍ക്കുന്നതിന്റെ ഒടുവിലത്തെ  ഉദാഹരണമാണ് ജോര്‍ജ് ഫ്‌ലോയ്ഡിന്റെ വധം. 
ലോക ബോക്‌സിങ് പട്ടം കരസ്ഥമാക്കിയ, ലോകം മുഴുവന്‍ ആദരവോടെ കാണുന്ന കാഷ്യസ് ക്ലേ പോലും കറുത്തവനായതിനാല്‍ അവഗണിക്കപ്പെട്ടിരുന്നു. ബോക്‌സിംഗ് ചാമ്പ്യനായ ക്ലേ സ്വന്തം നാട്ടിലേക്ക് തിരിച്ചു വന്നത് ഏറെ പ്രതീക്ഷകളോടെയാണ്. തനിക്ക് ലോകകിരീടം ലഭിച്ചതില്‍ സ്വന്തം നാടായ അമേരിക്ക ഏറെ സന്തോഷിക്കുമെന്നും അവര്‍ തനിക്ക് വാരിക്കോരി സ്വീകരണങ്ങള്‍ തരുമെന്നും അദ്ദേഹം പ്രതീക്ഷിച്ചു. എന്നാല്‍ ആ പ്രതീക്ഷ അസ്ഥാനത്തായിരുന്നു. കറുപ്പിനോടുള്ള അവഗണന ചാമ്പ്യനായ ആ യുവാവിനും നേരിടേി വന്നു. തീന്‍മേശകളില്‍നിന്ന് പോലും ആട്ടിയോടിക്കപ്പെട്ടു. തന്റെ സ്വര്‍ണ മെഡലിന് പിച്ചളയുടെ വില പോലും ഇല്ലെന്നു മനസ്സിലാക്കിയ ക്ലേ, ഓഹിയോ നദിയുടെ ആഴപ്പരപ്പിലേക്ക് അത് വലിച്ചെറിഞ്ഞു. ഒരുപക്ഷേ ഇവിടെ നിന്നായിരിക്കാം ക്ലേ ഇസ്‌ലാമിന്റെ സമത്വ ചിന്തയിലേക്കും മാനവികതയിലേക്കും ആകര്‍ഷിക്കപ്പെടുന്നത്.
മനുഷ്യാവകാശ സംരക്ഷണത്തിന്റെ അപ്പോസ്തലന്മാരാണ് തങ്ങളെന്ന് ആണയിടുന്ന അമേരിക്ക കറുത്ത വര്‍ഗക്കാരുടെ ജീവിതംകൊണ്ട് അമ്മാനമാടുന്ന ദാരുണവും ദയനീയവുമായ സംഭവങ്ങള്‍ ധാരാളമാണ്. വെളുത്ത വര്‍ഗക്കാരുടെ ദുര്‍ഗന്ധം വമിക്കുന്ന വംശീയ മനസ്സ് മാറ്റിയെടുക്കാന്‍ നാളിതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (48-54)
ടി.കെ ഉബൈദ്‌