വീരേന്ദ്രകുമാര്‍ പതിറ്റാണ്ടുകളുടെ സൗഹൃദം
ചെറുപ്രായത്തില്‍ തന്നെ വീരേന്ദ്രകുമാറുമായി ബന്ധപ്പെടാന്‍ അവസരം ലഭിച്ചിരുന്നു. ഏറ്റവുമാദ്യം പരിചയപ്പെടുത്തിയത് സുല്‍ത്താന്‍ ബത്തേരിയിലെ പി.സി ഫൈസലാണെന്നാണ് ഓര്‍മ.
പലരുമായെന്നപോലെ ആദ്യമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചത് പ്രഭാഷണവേദിയില്‍ വെച്ചു തന്നെയാണ്. പിന്നീട് സ്റ്റേജുകളില്‍ വെച്ചെന്ന പോലെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചും മാതൃഭൂമി ഓഫീസില്‍ വെച്ചും പലതവണ അടുത്ത് ബന്ധപ്പെടാന്‍ അവസരം ലഭിച്ചു. അവയില്‍ പലതും ഇസ്‌ലാമും മുസ്‌ലിംകളുമായി ബന്ധപ്പെട്ട് മാതൃഭൂമിയില്‍ വന്നുകൊണ്ടിരുന്ന വാര്‍ത്തകളും ലേഖനങ്ങളും ഫീച്ചറുകളുമായും ബന്ധപ്പെട്ടായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ വന്നപ്പോഴും നേരില്‍ കണ്ട് സംസാരിക്കുകയുണ്ടായി. തെറ്റുകള്‍ പത്രം പിന്നെയും ആവര്‍ത്തിച്ചിരുന്നുവെങ്കിലും ഒരിക്കല്‍ പോലും വീരേന്ദ്രകുമാര്‍ അവയെ ന്യായീകരിച്ചിരുന്നില്ല. പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കുകയും വിഷയം പഠിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. വിമര്‍ശനങ്ങളെ വളരെ സൗമനസ്യത്തോടെയാണ് കേട്ടുകൊണ്ടിരുന്നത്. ഒന്നിലേറെ തവണ ഞങ്ങളുടെ സാന്നിധ്യത്തില്‍ തന്നെ പത്രമോഫീസിലെ ബന്ധപ്പെട്ടവരെ വിളിച്ച് വിശദീകരണം ചോദിക്കുകയും തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത അനുഭവവുമുണ്ട്.
ജമാഅത്തെ ഇസ്‌ലാമിയുടെയും പോഷക സംഘടനകളുടെയും പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ അനല്‍പമായ താല്‍പര്യം കാണിച്ചിരുന്ന പ്രഗത്ഭനായ പ്രഭാഷകനാണ് എം.പി വീരേന്ദ്രകുമാര്‍. ജമാഅത്തെ ഇസ്‌ലാമിയുടെ മേല്‍ നിരന്തരം വ്യാജാരോപണം നടത്തിയിരുന്നവരുടെ നടുവില്‍ സത്യസന്ധമായ നിലപാട് സീകരിക്കാനും തുറന്നു പറയാനും ധൈര്യം കാണിച്ച അപൂര്‍വം രാഷ്ട്രീയ നേതാക്കളില്‍ ഒരാള്‍.
വര്‍ഗീയത, വംശീയത, ഫാഷിസം, സാമ്രാജ്യത്വ അധിനിവേശം, പ്രകൃതിക്കെതിരായ കൈയേറ്റം, മണ്ണും വിണ്ണും വായുവും വെള്ളവും മലിനമാക്കുന്ന മനുഷ്യവിരുദ്ധ വികസനം എന്നിവക്കെതിരായ ശക്തമായ നിലപാടാണ് ഞങ്ങളെ ചേര്‍ത്തുനിര്‍ത്തിയിരുന്ന ഏറ്റവും കരുത്തുറ്റ കണ്ണി. ബാബരി മസ്ജിദ് വര്‍ഗീയഭ്രാന്തന്മാര്‍ തകര്‍ത്ത ഇരുണ്ട കാലത്ത് വര്‍ഗീയ ഫാഷിസത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും അത് തുറന്നുപറയാന്‍ ആര്‍ജവം കാണിക്കുകയും ചെയ്തുവെന്നത് കേരള ജനത എന്നും ഓര്‍ത്തുവെക്കും. 'രാമന്റെ ദുഃഖം' ഏറെ ചര്‍ച്ച ചെയ്യപ്പെടാനുള്ള കാരണവും അതുതന്നെ.
സാഹിത്യ, സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ, ഭരണ, മാധ്യമ രംഗങ്ങളിലെല്ലാം അതികായനായി നിലകൊണ്ടപ്പോഴും തന്റെ സഹജമായ വിനയത്തോട് വിടപറയുകയുണ്ടായില്ല. ഹൃദ്യമായി പൊട്ടിച്ചിരിച്ചിരുന്ന വിരേന്ദ്രകുമാര്‍ സൗമ്യമായ സമീപനത്തിന്റെയും പെരുമാറ്റത്തിന്റെയും ഉടമയായിരുന്നു. മതനിരപേക്ഷ കേരളത്തിന് കരുത്തനായ ഒരു നേതാവിനെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന് ഒരു നല്ല സുഹൃത്തിനെയുമാണ് വിരേന്ദ്രകുമാറിന്റെ വിയോഗത്തോടെ നഷ്ടമായത്; വ്യക്തിപരമായി പതിറ്റാണ്ടുകളായി സ്‌നേഹബന്ധം കാത്തുസൂക്ഷിക്കുന്ന ഒരു നല്ല സുഹൃത്തിനെയും.
Comments