വ്യക്തിഗത ടാര്‍ഗറ്റുകള്‍ എന്ന പ്രസ്ഥാന പ്രവര്‍ത്തനം
ഇസ്‌ലാമിക പ്രസ്ഥാനം പ്രവര്‍ത്തകരെ രണ്ട് തരം പ്രവര്‍ത്തനങ്ങള്‍ ഏല്‍പിക്കുന്നുണ്ട്. അതിലൊന്ന് സംഘടിത പ്രവര്‍ത്തനങ്ങളാണ്. യോഗങ്ങള്‍, സമ്മേളനങ്ങള്‍, സമരങ്ങള്‍, കൂട്ടായ സേവന പ്രവര്‍ത്തനങ്ങള്‍.... അതിന്റെ പട്ടിക നീണ്ടതാണ്. രണ്ടാമത്തേത് വ്യക്തിതല പ്രവര്‍ത്തനങ്ങളാണ്. പാരായണങ്ങള്‍, പഠനങ്ങള്‍, പ്രബോധന-സംസ്‌കരണ-സേവന ബന്ധങ്ങള്‍, ഗൃഹയോഗങ്ങള്‍, വിശാല കുടുംബത്തെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ മുതലായവ ഇതിന്റെ ഉദാഹരണങ്ങളാണ്.
ആദ്യം പറഞ്ഞ ഇനത്തിലെ പ്രവര്‍ത്തനങ്ങളില്‍ എല്ലാ പ്രവര്‍ത്തകരും പൊതുവെ സജീവമായിരിക്കും. കാരണം അത് എല്ലാവരും ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങളാണ്. അതിന് നേതൃത്വമുണ്ടായിരിക്കും. പ്രവര്‍ത്തകര്‍ അതില്‍ ഭാഗഭാക്കായാല്‍ മതിയാവും. നമ്മുടെ ശാരീരിക അധ്വാനവും സാന്നിധ്യവുമാണ് അതില്‍ പ്രധാനം.
വ്യക്തിഗത ടാര്‍ഗറ്റുകളുടെ നിര്‍വഹണത്തില്‍ ഓരോ പ്രവര്‍ത്തകനും ഒറ്റക്കാണ്. ഒന്നിച്ചാകുമ്പോള്‍ ശക്തരാവുകയും ഒറ്റക്കാവുമ്പോള്‍ ദുര്‍ബലരാവുകയും ചെയ്യുക എന്ന ഒരു പ്രശ്‌നം മനുഷ്യനു പൊതുവിലുണ്ട്. ആള്‍ക്കൂട്ട മനശ്ശാസ്ത്രം ഈ മനുഷ്യദൗര്‍ബല്യത്തിന്റെ ഏറ്റവും സാമൂഹികവിരുദ്ധ പ്രകടിത രൂപമാണ്. ആള്‍ക്കൂട്ട സംഘടിതത്വത്തിന് രണ്ട് സവിശേഷതകള്‍ ഉണ്ട്: ഒന്ന്, അത് ഏറ്റവും സാമൂഹികവിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. രണ്ട്, ഇങ്ങനെ വലിയ അളവില്‍ സാമൂഹികവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍തന്നെ ഒറ്റക്കൊറ്റക്കായാല്‍ അത് പോലും പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളവരായിക്കൊള്ളണമെന്നില്ല. എന്നല്ല, അവരില്‍ പലരും വളരെ ദുര്‍ബലരായിരിക്കും.
ഇസ്‌ലാം ഓരോ അനുയായിയെയും ധാര്‍മികമായും ഭൗതികമായും കരുത്തരായി വളര്‍ത്താനാണ് പരിശ്രമിക്കുന്നത്. കരുത്തരായ വ്യക്തികള്‍ ഉള്‍ച്ചേരുകയും പരസ്പരം ശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്ന കരുത്തുറ്റ സമൂഹം എന്നതാണ് വ്യക്തി-സമൂഹ ബന്ധത്തെ കുറിച്ച ഇസ്‌ലാമിക കാഴ്ചപ്പാട്. വ്യക്തി ശക്തനാവുക എന്നത് സാമൂഹികതക്കെതിരായ കാഴ്ചപ്പാടല്ല. ഇസ്‌ലാമിന്റെ ഓരോ കോശത്തിലും സാമൂഹികതയുടെ ജനിതകാംശങ്ങള്‍ അടങ്ങിയിട്ടുണ്ടാവും. ഇബ്‌റാഹീം നബി ജനതകളുടെ പിതാവാണ്. പക്ഷേ, അദ്ദേഹം അനുയായികള്‍ വളരെ കുറച്ച് മാത്രമുള്ള പ്രവാചകനായി നടന്നു. അദ്ദേഹത്തെ കുറിച്ച് അല്ലാഹു പറയുന്നത് അദ്ദേഹം ഒരു സമൂഹമായിരുന്നു എന്നാണ് (നഹ്ല്‍ 120). ഒരു വ്യക്തി തന്നെ സാമൂഹികതയുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു പ്രവര്‍ത്തിച്ചു എന്നാണതിന്റെ അര്‍ഥം.
കൂടെ ആളുണ്ടായാലും ഇല്ലെങ്കിലും വ്യക്തി തന്നെ ഒരു പ്രസ്ഥാനമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ ഒന്നാമത്തെ യൂനിറ്റ് ഹല്‍ഖയല്ല, പ്രവര്‍ത്തകനാണ്. പ്രവര്‍ത്തകന്‍ ഹല്‍ഖാ ഘടനയുടെ ഒരു ഭാഗം മാത്രമല്ല, സ്വയം തന്നെ ഒരു പ്രസ്ഥാന ഘടനയാണ്. വ്യക്തിപരമായി തന്നെ കരുത്തനായ ഒരു പ്രവര്‍ത്തകനു മാത്രമേ വ്യക്തിതല ടാര്‍ഗറ്റുകള്‍ ഏറ്റെടുത്ത് നിര്‍വഹിക്കാന്‍ കഴിയുകയുള്ളൂ. നാം വ്യക്തിപരമായി ദുര്‍ബലരായ പ്രവര്‍ത്തകരായിരിക്കുമ്പോള്‍ സംഘടിത പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കുകയും വ്യക്തിപരമായ ടാര്‍ഗറ്റുകളില്‍ ശൂന്യരായിരിക്കുകയും ചെയ്യും.
ഇസ്‌ലാമിക പ്രസ്ഥാനത്തെ മറ്റു നിരവധി പ്രസ്ഥാനങ്ങളില്‍നിന്ന് പ്രായോഗികമായി വ്യതിരിക്തമാക്കുന്ന ഘടകമാണ് വ്യക്തിതല പ്രവര്‍ത്തനങ്ങള്‍. പൊതുജീവിതത്തില്‍ മാത്രമല്ല, വ്യക്തിജീവിതത്തിലും പ്രസ്ഥാന പ്രവര്‍ത്തകനായിരിക്കാന്‍ ആവശ്യപ്പെടുന്ന പ്രസ്ഥാനങ്ങളാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍.
സംഘടിതത്വത്തിന്റെ മാത്രം കരുത്തുകൊണ്ടല്ല ചരിത്രത്തില്‍ ഇസ്‌ലാം ഐതിഹാസികമായ വിജയങ്ങള്‍ നേടിയത്. വ്യക്തിപരമായിത്തന്നെ കരുത്തരായവര്‍ സുസംഘടിതര്‍ കൂടിയായപ്പോള്‍ നേടിയ വിജയങ്ങളാണവ. ആദ്യകാല വിശ്വാസികള്‍ വ്യക്തിമികവിന്റെ സാന്ദ്രതയില്‍ പിന്നീട് ചെറിയ മാറ്റങ്ങളുണ്ടായി എന്ന് അല്ലാഹു പറയുന്നു: ''പ്രവാചകരേ, അവരെ പോരാട്ടത്തിന് പ്രേരിപ്പിക്കുക. അവരില്‍ സ്ഥൈര്യമുള്ള ഇരുപത് പേരുണ്ടെങ്കില്‍ അവര്‍ക്ക് ഇരുനൂറു പേരെ ജയിക്കാനാവും. നൂറു പേരുണ്ടെങ്കില്‍ അവിശ്വാസികളായ ആയിരത്തെ ജയിക്കാനാവും. കാരണമവര്‍ കാര്യങ്ങള്‍ ഗ്രഹിക്കാത്ത ജനതയാണ്. ഇപ്പോള്‍ അല്ലാഹു നിങ്ങള്‍ക്കത് ലഘൂകരിച്ചിരിക്കുന്നു. നിങ്ങളില്‍ ദുര്‍ബലതയുണ്ടെന്ന് അവന്‍ മനസ്സിലാക്കുന്നു. നിങ്ങളില്‍ സ്ഥൈര്യമുള്ള നൂറു പേരുണ്ടെങ്കില്‍ ഇരുനൂറു പേരെ ജയിക്കാനാവും'' (അല്‍അന്‍ഫാല്‍ 65,66). വ്യക്തിത്വപരമായ കരുത്തുള്ള ധാരാളം വ്യക്തികളുള്ള സമൂഹം എന്നതാണ് പ്രവാചക അനുചര സമൂഹത്തിന്റെ സവിശേഷത.
വ്യക്തിത്വപരമായി തന്നെ കരുത്തുള്ള ധാരാളം വ്യക്തികള്‍ ഉണ്ടാവുക എന്നത് ആദ്യകാല ഇസ്‌ലാമിക സമൂഹനായകരുടെ ആഗ്രഹം കൂടിയായിരുന്നു. അബൂഉബൈദത്തുല്‍ ജര്‍റാഹി(റ)ന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ അന്നത്തെ ഖലീഫ ഉമര്‍ (റ) പറയുന്നുണ്ട്; 'അപ്രാപ്യമായ വല്ലതും ഞാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ അബൂഉബൈദയെപ്പോലെയുള്ള വ്യക്തികള്‍ നിറഞ്ഞ വീടുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കും.' സമൂഹം എന്താവണമെന്നതിനെ കുറിച്ച് പൊതുവായ സ്വപ്‌നം മാത്രമല്ല, വ്യക്തികള്‍ ഏതു തരത്തിലാവണമെന്നും ഇസ്‌ലാമിന്റെ ആദ്യകാല നായകന്മാര്‍ സ്വപ്‌നം കണ്ടിരുന്നു.
ചരിത്രത്തില്‍ ഇസ്‌ലാം പ്രചരിച്ചത് കേവല സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ അല്ല. ഇസ്‌ലാംതല്‍പരരായ എല്ലാ വ്യക്തികളും അവരുടെ നിത്യജീവിതത്തിന്റെയും നിത്യവൃത്തിയുടെയും ഭാഗമായി ഇസ്‌ലാമിക പ്രബോധനം നിര്‍വഹിച്ചു. അബുല്‍ അഅ്‌ലാ മൗദൂദി ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്: ''ക്രിസ്ത്യാനികളില്‍ കാണപ്പെടുന്നതു പോലെ മതപ്രബോധനാര്‍ഥം പ്രത്യേക മിഷനറി സൊസൈറ്റികളുടെ സംവിധാനം മുസ്‌ലിംകളില്‍ ഇല്ലെന്ന് നാം പലതവണ പറഞ്ഞുകഴിഞ്ഞു. ദീനീസേവനം അനുയായികളില്‍ ഒരു വിഭാഗത്തിന്റെ മാത്രം ചുമതലയായി ഇസ്‌ലാം കാണുന്നില്ല എന്നതാണ് അതിന്റെ മുഖ്യ കാരണം. സന്ദര്‍ഭാനുസൃതം മുഴുവന്‍ കഴിവുകളും ദീനീസേവനത്തിന് വ്യയം ചെയ്യണമെന്ന് ഇസ്‌ലാം അതിന്റെ ഓരോ അനുയായികളോടും ആവശ്യപ്പെടുന്നു. ക്രിസ്ത്യാനികളില്‍ ഒരു സവിശേഷ വിഭാഗമൊഴിച്ച് മറ്റാരും പങ്കുവഹിക്കുകയോ, മതകാര്യങ്ങളില്‍ താല്‍പര്യം കാണിക്കുകയോ ചെയ്യുന്നില്ല. ഇപ്രകാരം മുസ്‌ലിംകളിലും ഒരു പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയിരുന്നെങ്കില്‍ ദീനീപ്രബോധനം ഒരു വിഭാഗത്തിനു മാത്രം താല്‍പര്യമുള്ള കാര്യമായി കലാശിക്കുകയും മുസ്‌ലിം ജനസമൂഹം പൊതുവില്‍ ദീനീപ്രചാരണത്തില്‍ വിമുഖരായിത്തീരുകയും ചെയ്യുന്ന സ്ഥിതിവിശേഷം സംജാതമാകുമായിരുന്നു.'' (ഇസ്‌ലാം വാളിന്റെ തണലിലോ?)
ഇതിനര്‍ഥം ഈ പ്രബോധകരുടെ പിന്നില്‍ സംഘടനകള്‍ ഉണ്ടായിരുന്നില്ല എന്നല്ല. ആധുനിക പ്രസ്ഥാനങ്ങളുടെ പൂര്‍വരൂപങ്ങളായ വ്യത്യസ്ത ത്വരീഖത്തുകളുടെ ഭാഗമായിരുന്നു മിക്കവാറും ഈ പ്രബോധകര്‍. പക്ഷേ സംഘടനയും നേതൃത്വവും മാത്രമല്ല സംഘാംഗവും സ്വന്തം നിലക്ക് പ്രബോധകനായിരുന്നു എന്ന വസ്തുതയാണ് സയ്യിദ് മൗദൂദി ചൂണ്ടിക്കാട്ടുന്നത്.
കോവിഡ് 19-നെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രസ്ഥാനത്തിന്റെ സംഘടിത പ്രവര്‍ത്തനങ്ങള്‍ നിലക്കപ്പെട്ടു. കുറച്ചു സമയത്തിനുള്ളില്‍ ഓണ്‍ലൈന്‍ വഴി അത്തരം പ്രവര്‍ത്തനങ്ങള്‍ പരിമിതികളോടെ പുനരാരംഭിച്ചു എന്നത് ശരിയാണ്. പക്ഷേ ഏതു ലോക്ക് ഡൗണിലും ഒരു പ്രസ്ഥാന പ്രവര്‍ത്തകന്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തവനായി മാറുന്നില്ല. ഏത് അസ്വാതന്ത്ര്യത്തിലും സാമൂഹികമായല്ലെങ്കില്‍, വ്യക്തിഗതമായി അവര്‍ പ്രസ്ഥാന പ്രവര്‍ത്തനം നിര്‍വഹിച്ചുകൊണ്ടിരിക്കും. വ്യക്തി തല പ്രവര്‍ത്തനത്തിന്റെ പ്രാധാന്യത്തെ വെളിപ്പെടുത്തിയ പ്രാസ്ഥാനിക സന്ദര്‍ഭം കൂടിയായിരുന്നു ലോക്ക് ഡൗണ്‍ കാലം.
Comments