മുഗള്‍കാലത്തെ നീതിന്യായം
മുഗള്‍ ഭരണാധികാരികളായ സുല്‍ത്താന്മാരും കോടതികളുടെ പ്രാധാന്യത്തെ ഒട്ടും ചെറുതായി കണ്ടിരുന്നില്ല. അതിനാല്‍ കോടതികളില്‍നിന്ന് ജനങ്ങള്‍ക്ക് ലഭിച്ചിരുന്ന നീതിയും സമത്വവും നിലനിര്‍ത്തുന്നതിന് അവര്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. കോടതിയുടെ അധികാരങ്ങള്‍ സുതാര്യമാക്കുന്നതിനും മനുഷ്യാവകാശ ധ്വംസനങ്ങള്‍ തടയുന്നതിനും നിയമവ്യവസ്ഥകളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തി. ഒപ്പം തലസ്ഥാനത്തേതിന് സമാനമായ കോടതി സംവിധാനങ്ങള്‍ പ്രവിശ്യാ ആസ്ഥാനങ്ങളിലും സ്ഥാപിച്ചു. വിവിധ അധികാരശ്രേണികളിലുള്ള നാല് കോടതികള്‍ വീതമാണ് ഓരോ കേന്ദ്രങ്ങളിലും നിലവില്‍ വന്നത്. ഖാദി അല്‍ ഖുദാത് (മുഖ്യ ന്യായാധിപന്‍), മീറെ അദ്ല്‍ (പ്രധാന നീതിമാന്‍), ഖാദി (ജഡ്ജി), ആദില്‍ (നീതിമാന്‍) എന്നീ സ്ഥാനപ്പേരുകളില്‍ ഉള്ളവരായിരുന്നു അത്തരം കോടതികളില്‍ നീതിനി ര്‍വഹണത്തിന് നേതൃത്വം നല്‍കിയിരുന്നത്. അവരില്‍ ഓരോരുത്തരെയും സഹായിക്കാന്‍ ആവശ്യമായ വേറെയും നിരവധി ഉദ്യോഗസ്ഥന്മാര്‍ ഉണ്ടായിരുന്നു. പ്രവിശ്യകള്‍ക്കു കീഴിലെ പര്‍ഗാനകളിലും അവക്കു കീഴിലെ കച്ചേരികളിലും കോടതികള്‍ പ്രവര്‍ത്തിച്ചു. പര്‍ഗാനകളില്‍ ശിഖസ്താര്‍, അമീന്‍ എന്നീ ഉദ്യോഗസ്ഥന്മാരായിരുന്നു നേതൃത്വം നല്‍കിയിരുന്നത്. പര്‍ഗാന ആസ്ഥാനത്തുനിന്ന് അകലെയായി സ്ഥിതി ചെയ്തിരുന്ന പ്രദേശങ്ങളിലെ വില്ലേജുകളിലായിരുന്നു കച്ചേരികള്‍. സമീന്ദാര്‍(ജന്മി)മാര്‍ക്കോ ജാഗീര്‍ദാര്‍മാര്‍ക്കോ ആയിരുന്നു അവിടത്തെ ചുമതല. എന്നാല്‍ കച്ചേരികള്‍ നിലവിലില്ലാതിരുന്ന പ്രദേശങ്ങളില്‍ വില്ലേജ് അധികാരിയുടെ ആസ്ഥാനത്ത് എത്തിയായിരുന്നു ജനങ്ങള്‍ തര്‍ക്കങ്ങള്‍ക്ക് പരിഹാരം തേടിയിരുന്നത്.
ഏതെങ്കിലും കോടതിയില്‍നിന്ന് മതിയായ നീതി ലഭിക്കുന്നില്ലെന്ന് പരാതിയുള്ളവര്‍ക്ക് അതിന്റെ മേല്‍ക്കോടതിയെ സമീപിക്കാം. എന്നിട്ടും നീതി ലഭിക്കാത്തവര്‍ക്ക് ദിവാനെ അദാലത്തിനെ സമീപിക്കാം. എന്നാല്‍ മുഴുവന്‍ കോടതികളില്‍നിന്നും നീതി കിട്ടിയിട്ടില്ലെന്ന് ബോധ്യമുള്ളവര്‍ക്ക് സുല്‍ത്താന് നേരിട്ടു തന്നെ പരാതി നല്‍കാനും അവസരം ലഭിച്ചിരുന്നു. പല കോടതികളും വിധിപറഞ്ഞ കേസുകളാണെങ്കില്‍ പോലും അവയെ തികഞ്ഞ പരിഗണനയോടെയും സൂക്ഷ്മ വിശകലനത്തോടെയും തന്നെയായിരുന്നു എല്ലാ സുല്‍ത്താന്മാരും പരിഗണിച്ചിരുന്നത്. അത്രമാത്രം രാജ്യത്ത് നീതി പുലരണമെന്ന് ആഗ്രഹിച്ചിരുന്നവരായിരുന്നു അവര്‍. അതുകൊണ്ടാണ് ഏകാധിപതികളായ രാജാക്കന്മാരായിരിക്കുമ്പോഴും ജനാധിപത്യവാദികളെപ്പോലെ രാജ്യം ഭരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞത്.
അക്ബര്‍ ചക്രവര്‍ത്തിയുടെ കാലം മുതല്‍ക്കാണ് നീതിന്യായ വ്യവസ്ഥയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമായത്. ഷേര്‍ഷയുടെ ചില നടപടികള്‍ അതിന് അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു. കോടതി വിധിയില്‍ പരാതിയുള്ളവരുടെ കേസുകള്‍ കേള്‍ക്കാനായി എല്ലാ വ്യാഴാഴ്ചയും രാവിലെ ഒമ്പത് മണി മുതല്‍ അക്ബര്‍ ദൗലത് ഖാനയില്‍ എത്തും. ആ സമയത്ത് അവിടെ ഒരു വലിയ സദസ്സ് തന്നെ ഒരുമിച്ചുകൂടും. മാത്രവുമല്ല, കോടതിവിധിയില്‍നിന്ന് ഭിന്നമായിട്ടാണ് അക്ബര്‍ ചക്രവര്‍ത്തി വിധിക്കുന്നതെങ്കില്‍ അതിന്റെ സാധുത വിലയിരുത്താന്‍ ന്യായാധിപന്മാര്‍ ഉള്‍പ്പെടെയുള്ള കോടതി ഉദ്യോഗസ്ഥന്മാര്‍ അവിടെ ഹാജരാവണമെന്ന് അദ്ദേഹം കല്‍പിച്ചിരുന്നു. കൂടാതെ വിധിന്യായത്തെ പുതിയ രീതിയില്‍ സമീപിക്കുന്നത് മനസ്സിലാക്കാന്‍ മക്കളും പേരമക്കളും ഉള്‍പ്പെടെയുള്ള രാജകുമാരന്മാരെല്ലാം അവിടെ സമ്മേളിച്ചിരുന്നതായി അബുല്‍ ഫദ്ല്‍ അല്ലാമി, 'ആഈനെ അക്ബരി'യില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നാലര മണിക്കൂര്‍ സമയമാണ് അതിനായി അദ്ദേഹം നീക്കിവെച്ചിരുന്നത്. എന്നാല്‍ കേസുകളുടെ ആധിക്യമനുസരിച്ച് രാത്രിയില്‍ പോലും അദ്ദേഹം പരാതികള്‍ കേട്ടിരുന്നു. കോടതിവിധിയില്‍നിന്ന് ഭിന്നമായ തീരുമാനത്തിലേക്കാണ് ചക്രവര്‍ത്തി എത്തുന്നതെങ്കില്‍ അതിനു മുമ്പ് നിയമവിദഗ്ധരുമായും കൊട്ടാരത്തിലെ ഉന്നതരുമായും അദ്ദേഹം കൂടിയാലോചിക്കാറുണ്ട്. അകാരണമായി ആരും ശിക്ഷിക്കപ്പെടാതിരിക്കാനും ശ്രദ്ധിച്ചു. 'ഞാനാണ് കുറ്റവാളിയെങ്കില്‍, വിധി എനിക്ക് എതിരായിരിക്കു'മെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
അക്ബര്‍ ചക്രവര്‍ത്തിയുടെ പിന്‍ഗാമിയായി വന്ന ജഹാംഗീര്‍ ചക്രവര്‍ത്തിയും നീതിനിര്‍വഹണ രംഗത്ത് സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ചവെച്ചത്. അധികാരം ഏറ്റെടുത്ത ശേഷം അദ്ദേഹം ആഗ്രയിലെ കോട്ടയില്‍ ഒരു സ്വര്‍ണച്ചങ്ങല സ്ഥാപിച്ചതായി 'തുമ്പുകെ ജഹാന്‍ ഗീരി'യിലെ പ്രഥമ അധ്യായത്തില്‍തന്നെ പരാമര്‍ശിച്ചിട്ടുണ്ട്. സുല്‍ത്താന്‍ ഇല്‍തുമിശിനെ പോലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പൂര്‍ണമായും നീതി ലഭ്യമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു അത്. ആ ചങ്ങലയുടെ ഒരറ്റം കൊട്ടാരത്തിനകത്തും മറ്റേയറ്റം യമുനാ നദിയുടെ കരയില്‍ നാട്ടിയ ഒരു കരിങ്കല്‍ തൂണിലുമായിരുന്നു ബന്ധിച്ചിരുന്നത്. കോടതിയില്‍നിന്ന് നീതി ലഭിക്കാത്തവര്‍ക്കും തങ്ങളുടെ പ്രശ്നം മറ്റാരും അറിയാതെ ചക്രവര്‍ത്തിയെ ധരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏതെങ്കിലും അര്‍ഥത്തില്‍ കോടതിയെ സമീപിക്കാന്‍ കഴിയാത്തവര്‍ക്കുമെല്ലാം ആ ചങ്ങലയില്‍ പിടിച്ചു വലിക്കാം. അപ്പോള്‍ സുല്‍ത്താന്‍ അതിനെപ്പറ്റി അറിയുകയും പരാതിക്കാരന്റെ ആവലാതി കേട്ട് നീതി ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. എന്നാല്‍ ജഹാംഗീറിനെപ്പറ്റി പഠനം നടത്തിയ ആധുനിക ചരിത്രകാരനായ ഡോ. ബേനി പ്രസാദ്, പേര്‍ഷ്യന്‍ കൈയെഴുത്തു പ്രതിയായ 'റാസുല്‍ മുലൂകി'നെ അവലംബിച്ച് രസകരമായ ഒരു സംഭവം പരാമര്‍ശിച്ചിട്ടുണ്ട്. ഒരു ദിവസം ആ ബെല്ല് മുഴങ്ങിയപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അപ്പോള്‍ യമുനയുടെ തീരത്ത് മേഞ്ഞുനടക്കുന്ന വയറൊട്ടിയ ഒരു കഴുതയെ അല്ലാതെ ആരെയും കണ്ടില്ല. പിന്നീട് ആ കഴുതയുടെ ഉടമയെ കണ്ടെത്തിയപ്പോഴാണ് വസ്തുത പുറത്തായത്; ആ കഴുതക്ക് ആവശ്യമായ ഭക്ഷണമോ വെള്ളമോ നല്‍കാതെ നിരന്തരം ഭാരം വഹിപ്പിക്കുകയും അതിനു ശേഷം അലയാന്‍ വിടുകയുമാണത്രെ ആ ഉടമയുടെ പതിവ്. കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയ ശേഷം ഉടമയെ താക്കീത് ചെയ്ത് വിട്ടയച്ചു. ജഹാംഗീര്‍ സ്ഥാപിച്ച ആ സ്വര്‍ണച്ചങ്ങല 'സഞ്ചീറെ അദ്ല്‍' (നീതിയുടെ ചങ്ങല) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അതുപോലെ, ഭൂമിയില്‍നിന്ന് താമസക്കാരെയും കൃഷിഭൂമിയില്‍നിന്ന് കര്‍ഷകരെയും അവരുടെ കൈവശഭൂമി സര്‍ക്കാറിന്റേതാണെന്നു പറഞ്ഞ്, ഒഴിപ്പിക്കരുതെന്ന് എല്ലാ സമീന്ദാര്‍മാര്‍ക്കും (ജന്മി) ജഹാന്‍ഗീരിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. മുകളില്‍ പരാമര്‍ശിച്ചതു
പോലെ എല്ലാ ചൊവ്വാഴ്ചയും പൂര്‍ണമായും അദ്ദേഹം ജനങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ നീക്കിവെച്ചു. കൂടാതെ ഓരോ ദിവസവും രണ്ട് മണിക്കൂര്‍ വീതവും അദ്ദേഹം ജനങ്ങളുടെ പരാതികള്‍ കേട്ടു. ആ സന്ദര്‍ഭത്തില്‍ നീതിന്യായ വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരും അവിടെ സന്നിഹിതരാവണമെന്ന് ഉത്തരവ് നല്‍കി. പരാതികള്‍ സസൂക്ഷ്മം കേള്‍ക്കുകയും നിയമവിശാരദരുമായുള്ള ചര്‍ച്ചക്കു ശേഷം പരിഹാരം നിര്‍ദേശിക്കുകയും ചെയ്തു. കൂടാതെ രാജ്യത്തെ എല്ലാ നഗരങ്ങളിലും കോടതികള്‍ സ്ഥാപിച്ചു. അതോടനുബന്ധിച്ച് പരാതി സെല്ലും പ്രവര്‍ത്തിച്ചിരുന്നു. ദൂരദിക്കുകളില്‍നിന്നുള്ള പരാതികള്‍ക്ക് കൊട്ടാരത്തില്‍നിന്നു തന്നെയാണ് തീര്‍പ്പു കല്‍പിച്ചിരുന്നതെങ്കിലും അതിന്റെ പരിഹാരത്തിന് അതത് പ്രവിശ്യാ ഗവര്‍ണര്‍മാരെ ചുമതലപ്പെടുത്തി.
നീതിനിര്‍വഹണത്തില്‍ പിതാവിന്റെ പാത പിന്തുടര്‍ന്നാണ് സുല്‍ത്താന്‍ ഷാജഹാന്‍ ചക്രവര്‍ത്തിയും പ്രവര്‍ത്തിച്ചിരുന്നത്. അദ്ദേഹം ജനങ്ങളുടെ പരാതികള്‍ കേട്ടിരുന്നത് ബുധനാഴ്ചകളിലായിരുന്നു. ആവലാതികള്‍ കേള്‍ക്കുമ്പോള്‍ സഹാനുഭൂതിയോടെ കാര്യങ്ങള്‍ ആരായുകയും ഒപ്പം ഉണ്ടായിരുന്ന നിയമ വിദഗ്ധരുടെ അഭിപ്രായം കൂടി പരിഗണിച്ച് പരിഹാരം നിര്‍ദേശിക്കുകയും ചെയ്തു. സൈനിക നീക്കങ്ങള്‍ നടക്കുമ്പോഴും വിനോദങ്ങളില്‍ മുഴുകുമ്പോഴുമെല്ലാം ബുധനാഴ്ചകളിലെ ജനസമ്പര്‍ക്ക പരിപാടിക്ക് അദ്ദേഹം മുടക്കം വരുത്തിയിരുന്നില്ല. ഓരോ ബുധനാഴ്ചകളിലും ഇരുപതോളം പേരെങ്കിലും പരാതിക്കാരായിട്ടുണ്ടാവും. എന്നാല്‍ അത് കുറവാണെന്ന വീക്ഷണക്കാരനായിരുന്നു ചക്രവര്‍ത്തി. പരാതി സെല്ലിലെ പ്രധാന ഉദ്യോഗസ്ഥനെ പരാതികള്‍ കുറഞ്ഞതിന്റെ പേരില്‍ ഒരിക്കല്‍ ഷാജഹാന്‍ ആക്ഷേപിക്കുകയുണ്ടായി. എന്നാല്‍ പരാതിക്കാരായി ഒരാളെങ്കിലും ഇല്ലെങ്കില്‍ മാത്രമേ തന്നെ കുറ്റക്കാരനായി കാണാവൂ എന്ന്, പരാതി സെല്ലിലെ ഉദ്യോഗസ്ഥന്‍ ചക്രവര്‍ത്തിയോട് പറഞ്ഞതായി 'ലുബ്ബുത്തവാരീഖെ ഹിന്ദി'ല്‍ റായ് ബഗ്റമാള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നീതിന്യായം ദേശീയതലത്തില്‍തന്നെ വ്യവസ്ഥാപിതമായി നടത്തിയിരുന്നതിനാല്‍ മറ്റുള്ളവരുടെ സമാധാനം കെടുത്തുന്നതും പരസ്പരം ശണ്ഠ കൂടുന്നതുമെല്ലാം ജനങ്ങള്‍ക്കിടയില്‍ അപൂര്‍വമായി. കുറ്റങ്ങള്‍ പിടിക്കപ്പെട്ടാല്‍ ശിക്ഷയില്‍നിന്ന് രക്ഷപ്പെടാനാവില്ലെന്ന് ജനങ്ങളെല്ലാം തിരിച്ചറിഞ്ഞതായി 'ലുബ്ബുത്തവാരീഖെ ഹിന്ദി'ല്‍ രേഖപ്പെടുത്തിയതായി കാണാം.
സുല്‍ത്താന്‍ ഔറംഗസീബ് ആലംഗീറിന്റെ കാലത്തും നീതിന്യായ കോടതികള്‍ വലിയ സേവനമാണ് പൊതുസമൂഹത്തിന് നല്‍കിയത്. കോടതികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാവുന്നതിന് പല പദ്ധതികളും അദ്ദേഹം നടപ്പാക്കി. കോടതികളിലെ കേസുകള്‍ നീതിപൂര്‍വമാണ് നിര്‍വഹിക്കപ്പെടുന്നതെന്ന് ഉറപ്പുവരുത്താന്‍ എല്ലാ പ്രവിശ്യാ ഗവര്‍ണര്‍മാരോടും അദ്ദേഹം കല്‍പിച്ചു. തടവിലാക്കപ്പെടുന്നവര്‍ കുറ്റവാളികളല്ലെങ്കില്‍ അവരെ ഉടന്‍ തന്നെ മോചിപ്പിക്കണം. ഏതെങ്കിലും കേസ് വിധിപറയാതെ അകാരണമായി നീണ്ടുപോകുന്നുണ്ടെങ്കില്‍ അതിന് പരിഹാരം കാണാനും അദ്ദേഹം ആജ്ഞാപിച്ചിരുന്നു. അദ്ദേഹത്തിന്റെ കോടതിയില്‍ ഏഷണിക്കോ വഞ്ചനക്കോ അവസരം ലഭിച്ചിരുന്നില്ല. കേസുകള്‍ നടക്കുമ്പോള്‍ രണ്ടോ മൂന്നോ തവണ അദ്ദേഹം കോടതിയില്‍ വരും. സുസ്മേരവദനനായിട്ടാണ് എത്തുക. അനുഭാവപൂര്‍വം ഓരോരുത്തരുടെയും പ്രശ്നങ്ങള്‍ കേള്‍ക്കും. പരാതിക്കാര്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ട ഒരാളോടെന്ന പോലെ നിര്‍ഭയരായി അദ്ദേഹത്തോട് കാര്യങ്ങള്‍ പറയും. ഒരിക്കല്‍ പോലും അവര്‍ക്കിടയില്‍ നെറ്റിചുളിച്ച് സുല്‍ത്താന്‍ ഔറംഗസീബ് പ്രത്യക്ഷപ്പെട്ടിരുന്നില്ലെന്ന് 'മിര്‍ആതെ ആലമി'ല്‍ ബക്തവാര്‍ ഖാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ആഴ്ചയില്‍ ഒരു ദിവസം കോടതികള്‍ക്ക് അദ്ദേഹം അവധി പ്രഖ്യാപിച്ചു. ഖാദിമാര്‍ അഞ്ചു ദിവസം കോടതിയിലും ഒരു ദിവസം ഗവര്‍ണര്‍മാരോടൊപ്പം ജനങ്ങളുടെ പരാതികള്‍ കേള്‍ക്കാനുമായി നീക്കിവെക്കണമെന്ന് അദ്ദേഹം ഉത്തരവിറക്കി. സൂര്യോദയം കഴിഞ്ഞ് ഒരു മണിക്കൂറിനകം കോടതികള്‍ ആരംഭിക്കാനും ഉച്ചവരെ കേസുകള്‍ക്ക് തീര്‍പ്പ് കല്‍പിക്കാനും ആജ്ഞാപിച്ചു. ആഴ്ചയില്‍ ഒരു ദിവസം പൂര്‍ണമായി അദ്ദേഹവും കോടതിയില്‍ ഹാജരായി. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റൊരു കല്‍പന, വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയുടെ വധശിക്ഷ നടപ്പാക്കുന്നതിനു മുമ്പ്, മൂന്ന് തവണ അതിനായി സുല്‍ത്താന്റെ അനുവാദം ലഭിക്കണമെന്നായിരുന്നു. ആ നിയമത്തിലൂടെ അന്യായമായ എല്ലാ വധശിക്ഷകള്‍ക്കും അദ്ദേഹം തടയിട്ടു. മാത്രവുമല്ല, ഖാദിയുടെ മാത്രം വിധിതീര്‍പ്പിലൂടെ ആരെയും വധശിക്ഷക്ക് വിധേയമാക്കാന്‍ കഴിഞ്ഞിരുന്നുമില്ല. ഔറംഗസീബിന്റെ നീതിനിര്‍വഹണത്തിന് മുന്നില്‍ സര്‍വരും തുല്യരായിരുന്നു. ചക്രവര്‍ത്തിക്കെതിരെ പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്ന് രാജ്യമൊട്ടുക്കും അദ്ദേഹം വിളംബരം ചെയ്തു. ഒരിക്കല്‍ മുഹമ്മദ് ആദില്‍ ഖാന്‍ എന്ന കൊട്ടാരത്തിലെ ഒരു ജോലിക്കാരനെ സൈ
ന്യാധിപരില്‍ ഒരാളായ ഖാന്‍ ഫൈറൂസ് ജംഗ് വിഷം നല്‍കി കൊലപ്പെടുത്തിയതായി ബന്ധുക്കള്‍ പരാതി നല്‍കി. അന്വേഷണത്തില്‍ ഖാന്‍ ഫൈറൂസ് ജംഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഉടന്‍തന്നെ സുല്‍ത്താന്‍ ഔറംഗസീബ് കുറ്റക്കാരനായ ഉദ്യോഗസ്ഥനെ വധശിക്ഷക്ക് വിധേയമാക്കാന്‍ പ്രധാനമന്ത്രിയോട് കല്‍പിച്ചതായി 'അഹ്കാമെ ആലംഗീരി'യില്‍ ഹമീദുദ്ദീന്‍ ഖാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നീതിയും ശിക്ഷയുമെല്ലാം നടപ്പാക്കുന്നതില്‍ അദ്ദേഹം സ്വന്തം മക്കളോടു പോലും വിട്ടുവീഴ്ച ചെയ്തിരുന്നില്ലെന്നതാണ് ചരിത്രം. അദ്ദേഹത്തിന്റെ പുത്രന്മാരും രാജകുമാരന്മാരുമായ ബഹദൂര്‍ ഷാ (മുഅള്ളം ഷാ) ഒന്നാമനെയും മുഹമ്മദ് അഅ്ളം ഷായെയുമെല്ലാം ശിക്ഷിച്ചതായ പരാമര്‍ശങ്ങളും 'അഹ്കാമെ ആലംഗീരി'യില്‍ കാണാം.
(തുടരും)
Comments