Prabodhanm Weekly

Pages

Search

2020 ജൂണ്‍ 12

3155

1441 ശവ്വാല്‍ 20

നാം അനുഭവിക്കാത്ത ജീവിതങ്ങള്‍ നമുക്ക് കെട്ടുകഥകള്‍ മാത്രമാണ്

മുഹമ്മദ് അബ്ദുല്‍ ബാസിത്വ്

ദല്‍ഹി വംശഹത്യക്കെതിരെ പ്രതിഷേധിച്ച് ആലുവയില്‍ ട്രെയിന്‍ തടഞ്ഞതിന് അറസ്റ്റു ചെയ്യപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ കഴിഞ്ഞതിന്റെ ചില അനുഭവങ്ങള്‍ പങ്കു വെക്കുകയാണ്. എഴുതാന്‍ അല്‍പ്പം വൈകിയത് നന്നായെന്ന്  ഇപ്പോള്‍ തോന്നുന്നു.  മൊത്തം ജനങ്ങളും അടച്ചുപൂട്ടപ്പെട്ട അവസ്ഥയില്‍ കഴിയുമ്പോള്‍ അവര്‍ക്ക് ജയില്‍വാസത്തിന്റെ ചിത്രങ്ങള്‍ സ്വന്തം അനുഭവങ്ങളുമായി പെട്ടെന്ന് സമീകരിക്കാന്‍ കഴിയും. കേരളത്തില്‍ ആദ്യമായിട്ടാവും ട്രെയിന്‍ തടഞ്ഞതിന്റെ പേരില്‍ ജാമ്യം നിഷേധിക്കുന്നത്, അതും 37 പേര്‍ക്ക്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ധാര്‍ഷ്ട്യമാണ് ഇത്തരമൊരു നടപടിയിലേക്ക് നയിച്ചത്. പതിവ് അസഭ്യ വാക്കുകള്‍ ഉപയോഗിച്ച ഉന്നത ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് വിരല്‍ ചൂണ്ടി താക്കീത് നല്‍കിയ ചടുല ചെറുപ്പം, ഒരുപാട് പ്രതീക്ഷകള്‍ നല്‍കുന്നു. അല്ലാഹു ഉദ്ദേശിച്ച പരീക്ഷണങ്ങള്‍ നമുക്ക് തടുക്കാന്‍ കഴിയില്ലല്ലോ.
പോലീസ് സ്റ്റേഷന്‍, കോടതി, കേസ്, ജയില്‍ എന്നിവ നിത്യജീവിത വ്യവഹാരങ്ങളില്‍ പൊതുവെ കടന്നുവരാത്തവയാണ്; അല്ലെങ്കില്‍ കടന്നുവരാന്‍ നാം ഇഷ്ടപ്പെടാത്തവ. ലോകത്തെ ഏത് സ്വാതന്ത്ര്യസമര, വിമോചന, നവോത്ഥാന ചരിത്രം എടുത്തു പരിശോധിച്ചാലും തടവറയും തൂക്കുകയറും  നാടുകടത്തലുമൊന്നുമില്ലാതെ അവ മുന്നേറിയിട്ടില്ലെന്ന് കാണാനാവും. ജയില്‍വാസം എന്നത് സത്യ സമര മാര്‍ഗത്തില്‍ അനിവാര്യമായും കടന്നുവരുന്ന ഒന്നാണ്. പ്രവാചകന്മാര്‍, ഇമാമുമാര്‍, നവോത്ഥാന നായകന്മാര്‍, അധിനിവേശവിരുദ്ധ പോരാളികള്‍,  പണ്ഡിതന്മാര്‍, സ്വാതന്ത്ര്യസമര സേനാനികള്‍, സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍   തുടങ്ങി ഭരണകൂടത്തിന് അനിഷ്ടമായത് വിളിച്ചു പറഞ്ഞവര്‍ക്കെല്ലാം തടവറ വാസം  അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.
ജയിലറകളില്‍ ചിലപ്പോള്‍ കടുത്ത  ശാരീരിക പീഡനങ്ങള്‍ അനുഭവിക്കേണ്ടിവരും. ചിലപ്പോള്‍ മാനസിക പീഡനമായിരിക്കും. രണ്ടാമത്തെ ഇനം പീഡനം നിസ്സാരമായിരിക്കുമെന്നു കരുതരുത്. മനസ്സിനേല്‍ക്കുന്ന ക്ഷതം ഏത് മരുന്ന് കൊണ്ട് മാറും!  നമ്മുടേതായ എല്ലാം വാങ്ങി വെക്കുന്നു, അര്‍ധനഗ്‌നരാക്കി പരിശോധിക്കുന്നു. നിങ്ങളുടെ ഭാവി അവസാനിച്ചു, നിങ്ങളെ സംഘടന ഇനി തിരിഞ്ഞു നോക്കില്ല, നിങ്ങള്‍ കളിച്ചത് കേന്ദ്രത്തോടായതിനാല്‍ കേന്ദ്രം നിങ്ങളെ പാഠം പഠിപ്പിക്കും, ഇനി അടുത്തൊന്നും പുറത്തിറങ്ങാന്‍ കഴിയില്ല, ഇവര്‍ക്കൊക്കെ എന്തിന്റെ കേടാണ്, ഇനി ഗള്‍ഫില്‍ പോകാന്‍ കഴിയുമോ.... ഞങ്ങള്‍ കേള്‍ക്കാനായി ഉദ്യോഗസ്ഥരുടെ അടക്കം പറച്ചിലുകള്‍... അങ്ങനെ തുടങ്ങുന്നു മാനസിക പീഡകള്‍. ഞങ്ങളുടെ കൂട്ടത്തിലെ 20 വയസ്സിനു താഴെയുള്ള 13 പേരെ  ബോയ്‌സ് ഹോമിലേക്കാണ് കൊണ്ടുപോയത്.  അവരെ അവിടെ മണിക്കൂറുകളോളം നിര്‍ത്തി  അസഭ്യവര്‍ഷം നടത്തി. ഇരിക്കാന്‍ പോലും അനുവദിച്ചില്ല. പ്രായപൂര്‍ത്തി ആവുന്നതിനു മുമ്പേ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ കുട്ടികളാണ് അവിടെയധികവും. ഇത്തരം കേന്ദ്രങ്ങള്‍ ഈ തലമുറക്ക് എന്ത് ദുര്‍ഗുണപരിഹാരമാണ് നല്‍കുന്നത്!  സാഹചര്യമോ അറിവില്ലായ്മയോ മൂലം ഇവിടങ്ങളില്‍ എത്തിപ്പെടുന്ന കുട്ടികളില്‍ ഇത്തരം 'ഉദ്യോഗസ്ഥ' ശിക്ഷണങ്ങള്‍ ഉണ്ടാക്കുന്ന മുറിവ് ആഴമേറിയതാണ്.
ജയിലില്‍ ആറ് ബ്ലോക്കുകളിലായാണ് ഞങ്ങളെ പാര്‍പ്പിച്ചത്. ഓരോ ബ്ലോക്കും പല കാലങ്ങളില്‍ നിര്‍മിച്ചതു കൊണ്ടാവണം, പല വലിപ്പത്തിലുള്ള മുറികളാണ്. എല്ലാവര്‍ക്കും  പായ, ജിംകാള്‍ (കട്ടിയുള്ള പരുക്കന്‍ പുതപ്പ്), രണ്ട് പ്ലേറ്റ്, ഒരു ഗ്ലാസ്, പിന്നെ അവരവരുടെ വസ്ത്രങ്ങള്‍ (റിമാന്‍ഡില്‍ സ്വന്തം വസ്ത്രം ഉപയോഗിക്കാം). ആരും ജയില്‍ വസ്ത്രം സ്ഥിരമായി ധരിക്കുന്നത് കണ്ടില്ല. ചില സെല്ലുകളില്‍ ടി.വിയും (രാത്രി മാത്രം) ഫാനും ഉണ്ട്. ചിലതില്‍ ഫാന്‍ പോലും ഇല്ല. എല്ലാ സെല്ലിലും പൊതുവായുള്ളത് അര മതില്‍ മറയുള്ള കക്കൂസും, കൊതുകും പിന്നെ കഞ്ചാവും. മറ്റൊരു ലഹരി കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ പോയപ്പോള്‍ കഞ്ചാവ് തിരുകാനുള്ള ബീഡി വാങ്ങാന്‍ അനുവദിക്കാത്തതിന് കൂടെ വന്ന പോലീസുകാരന്റെ തല തല്ലിപ്പൊളിച്ച ഒരാളെ അവിടെ കണ്ടു. സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷന്‍ (correction)  ഹോം എന്നത് corruption  എന്ന് മാറ്റി വായിക്കേണ്ടി വരും. ഇത്തരത്തില്‍ ലഹരിക്ക് അടിപ്പെട്ട ആളുകള്‍ അക്രമവാസനയില്ലാത്ത പുതിയ മനുഷ്യരായി പുറത്തിറങ്ങുമെന്ന് എങ്ങനെ പറയാന്‍ കഴിയും?
വൈകീട്ട് 4:30-ന് രാത്രി ഭക്ഷണം എടുത്തുവെക്കണം, കാരണം 5:30-ന് വിസില്‍ കേട്ടാല്‍ തലയെണ്ണി സെല്‍ അടക്കും. നാം നിത്യജീവിതത്തില്‍  പാടത്തോ മൈതാനത്തോ അങ്ങാടിയിലോ കറങ്ങി നടക്കുന്ന സമയം, ജയിലില്‍ കന്നുകാലികളെ പോലെ ബന്ധിക്കപ്പെടുന്നു.  മനസ്സ് മടുപ്പിക്കുന്ന യാന്ത്രിക ജീവിതം. രാത്രി മുഴുവന്‍ അണയാതെ ജ്വലിച്ചുനില്‍ക്കുന്ന ട്യൂബ് ലൈറ്റുകള്‍. ഇടതടവില്ലാതെ മൂളുന്ന കൊതുകുകള്‍. എങ്ങനെയോ നേരം വെളുപ്പിച്ചു. ജയിലിലെ ആദ്യ പ്രഭാതം. തഹജ്ജുദ് നമസ്‌കാരത്തില്‍ മനസ്സിന് ശക്തിയേകാന്‍ എല്ലാവരും അല്ലാഹുവോട് പ്രാര്‍ഥിച്ചു. എവിടെനിന്നോ കേട്ട സ്വുബ്ഹ് ബാങ്ക് ഇന്നും മനസ്സിലുണ്ട്. 6 മണിക്ക് വിസില്‍ കേട്ടാല്‍ തലയെണ്ണലിന് ഇരുമ്പ് ഗേറ്റിന്റെ മുമ്പില്‍ നിരയായി ഇരിക്കണം. അര മണിക്കൂര്‍ കഴിഞ്ഞ് ഗേറ്റ് തുറക്കും.  പ്രഭാതഭക്ഷണത്തിന് വേണ്ടുവോളം ഉപ്പുമാവും ഒരു പഴവും. ടാങ്കില്‍നിന്ന് വെള്ളം കോരിയുള്ള അലക്കും കുളിയും. ഓരോ ബ്ലോക്കിലും മേസ്തിരി (സൂപ്പര്‍വൈസര്‍)മാരെ തടവുകാരില്‍ നിന്ന് തന്നെ തെരഞ്ഞെടുത്തിട്ടുണ്ട്. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ അവരെ അറിയിക്കണം, ബ്ലോക്കിന്റെ പുറത്ത് ഇറങ്ങാന്‍ ആണെങ്കില്‍ പോലും.
ആദ്യദിനം ഒരു ശനിയാഴ്ചയാണ്. സ്വന്തമായി ഉണ്ടാക്കിയെടുത്ത ജിം ഉപകരണങ്ങള്‍ കൊണ്ട് കാര്യമായി വ്യായാമം ചെയ്യുന്നവര്‍. ശനിയാഴ്ച ഉച്ചഭക്ഷണത്തിന് മട്ടന്‍ ആണെന്ന് കേട്ടു, അതാണ് അവരുടെ ഉന്മേഷത്തിന്റെ കാരണവും. പലരുടെയും സംസാരത്തില്‍ മട്ടന്‍ കടന്നു വന്നു. അവര്‍ പ്രതീക്ഷിച്ചിരിക്കുന്ന ആഴ്ചയിലെ ഒരു ദിവസം ശനിയാഴ്ച ആയിരിക്കും. ബാക്കി ദിവസങ്ങളെല്ലാം അവര്‍ക്ക് ഒന്നുപോലെ. ഉച്ചക്ക് വീട്ടില്‍ ഒരു വിശിഷ്ട അതിഥി   വരാനിരിക്കുന്ന പോലൊരു പ്രതീതി. ഞങ്ങളും ആ അതിഥിയെ കാത്തിരുന്നു. മട്ടന്‍ ബിരിയാണി പ്രതീക്ഷിച്ച ഞങ്ങള്‍ക്ക് ലഭിച്ചത് സാധാരണ ലഭിക്കുന്ന ചോറ് തന്നെ. മട്ടന്‍ കറി കിട്ടാന്‍ പാത്രങ്ങള്‍ സെല്‍ തിരിച്ച് നിരത്തി വെക്കണം. ഓരോ സെല്ലിലെയും പാത്രങ്ങള്‍ വെച്ച് ആളെണ്ണം കൃത്യമാണോ എന്ന് എണ്ണി നോക്കും. ശേഷം കൃത്യം ഒരു തവി മട്ടന്‍ കറി.  പിന്നെ ആഴ്ചയില്‍ 2 വട്ടം മാത്രം അനുവദിക്കപ്പെടുന്ന ഫോണ്‍ കാളും, ഉറ്റവരുടെ സന്ദര്‍ശനവും നല്‍കുന്ന സന്തോഷം ചെറുതല്ല. ഞങ്ങളുടെ റിമാന്‍ഡ് വാര്‍ത്ത അറിഞ്ഞപ്പോള്‍, പാനായിക്കുളം കേസില്‍ നിരപരാധി എന്നു കണ്ട് വിട്ടയക്കപ്പെട്ട റാസിഖ് റഹീം പ്രാര്‍ഥിച്ചത്, 'മനോബലം തളരാതെ കാത്തോളണേ നാഥാ' എന്നായിരുന്നു.  കരിനിയമങ്ങള്‍ ചാര്‍ത്തി ജയിലിലടക്കപ്പെടുന്നവര്‍ സ്വന്തം ആളുകളില്‍ നിന്ന് പോലും ഭീകരമായ ഒറ്റപ്പെടുത്തല്‍ അനുഭവിക്കുന്നു. ജോലിക്ക്, വിവാഹ ആലോചനകള്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടുകള്‍, തടസ്സങ്ങള്‍. ഇതുകൊണ്ടൊക്കെ തന്നെ, ശരീരികമായല്ല, മാനസികമായാണ്  ജയിലറകള്‍ നമ്മുടെ ജീവിതത്തെ വല്ലാതെ സ്വാധീനിക്കുക. ഈ ഭയമാണ് പലരെയും, ഉന്നതരെ പോലും,  ഭരണകൂടവുമായി സന്ധി ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.
കുറ്റവാളികള്‍ക്ക് തങ്ങള്‍ ചെയ്ത തെറ്റിനുള്ള ശിക്ഷയാണ് ജയില്‍വാസം. ചെയ്തുപോയ തെറ്റുകളില്‍ പശ്ചാത്തപിക്കാനും തിരുത്താനും അധിക പേരും ശ്രമിക്കുന്നു. ആദര്‍ശധീരര്‍ക്ക് ജയിലറ ശിക്ഷണമാണ്. അവരില്‍ നിരപരാധികളും പോരാളികളുമുണ്ടാവും. ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ അടക്കപ്പെട്ടവരെയാണ് 'നിരപരാധികള്‍' എന്ന് വിളിച്ചത്. ഭരണകൂടം ചുമത്തിയ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞാല്‍ ഒരുപക്ഷേ അവര്‍ക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷാ കാലാവധി, ഇതുവരെ അവര്‍ അനുഭവിച്ച വിചാരണാ തടവിനേക്കാള്‍ കുറവായിരിക്കാം. ജയില്‍ മോചനം ലഭിക്കുകയും ചെയ്തേക്കാം. എന്നാല്‍ ചെയ്യാത്ത കുറ്റം ഏറ്റുപറയാന്‍ കൂട്ടാക്കാതെ അവര്‍ നിയമയുദ്ധം നടത്തുന്നു, വിചാരണാ തടവില്‍ തുടരുന്നു, സകരിയ്യയെ പോലെ.  ചിലര്‍  നിരപരാധിത്വം തെളിയിച്ചു മോചിതരായ ശേഷം മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നു; ഈയിടെ മരണപ്പെട്ട പ്രഫ. അബ്ദുര്‍റഹ്മാന്‍ ഗീലാനിയെ പോലെ. എടുത്തുപറയേണ്ടത്, അദ്ദേഹത്തിന്റെ രണ്ട് മക്കളും ഇന്ന് നിയമവിദ്യാര്‍ഥികളാണ് എന്നതാണ്. പോരാളികള്‍ എന്ന് വിശേഷിപ്പിച്ചത്, ഭരണകൂട-ഫാഷിസ്റ്റ് കൂട്ടുകെട്ടിന്റെ ഹിംസകളെ മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ട് വിമര്‍ശിച്ചതിന്, സത്യം ഉറക്കെ വിളിച്ചുപറഞ്ഞതിന് ജയില്‍വാസം അനുഭവിക്കുന്നവരെയാണ്. 
ഇതെഴുതുമ്പോള്‍ ശര്‍ജീല്‍ ഇമാം, ഗര്‍ഭിണിയായ സഫൂറ സര്‍ഗാര്‍, ത്വാഹിര്‍ മദനി,  താഹിര്‍ ഹുസൈന്‍, ഖാലിദ് സൈഫി,  കഫീല്‍ ഖാന്‍, മീരാന്‍ ഹൈദര്‍, സഞ്ജീവ് ഭട്ട് എന്നിവരെ കള്ളക്കേസുകളില്‍ കുടുക്കി ജയിലില്‍ അടച്ചിരിക്കുന്നു. 
ഒന്നാലോചിച്ചുനോക്കൂ, ആരുമറിയാത്ത കഫീല്‍ ഖാന്‍ എന്ന ഡോക്ടക്ടര്‍ യോഗി സര്‍ക്കാരിന്റെ വീഴ്ചകളെ ചൂണ്ടിക്കാട്ടിയതിനാണ് ജയിലില്‍ അടക്കപ്പെട്ടത്. ജയില്‍മോചിതനായ അദ്ദേഹം പിന്‍വലിയുകയല്ല, മറിച്ച് രാജ്യമെങ്ങുമുള്ള ഫാഷിസ്റ്റ് വിരുദ്ധ പോരാളികള്‍ക്ക് ആവേശമാവുകയാണ് ചെയ്തത്. ഇത്തരമൊരു മാനസികാവസ്ഥയില്‍ തന്നെയായിരുന്ന റിമാന്‍ഡ് ചെയ്യപ്പെട്ട ഞങ്ങളെല്ലാവരും. ജാമ്യം വൈകുമെന്ന് അറിഞ്ഞപ്പോള്‍ ആവേശം ഇരട്ടിക്കുകയാണ് ചെയ്തത്. ഓരോ സെല്ലിലും ഉസ്റ കൂടാനും പഠനം നടത്താനുമുള്ള ആലോചനകള്‍ തുടങ്ങി. അതിനുവേണ്ട പുസ്തകങ്ങള്‍ എത്തിക്കാന്‍ വിളിച്ചറിയിച്ചു.  അസ്വ്‌റിന് ജയിലിലെ പള്ളിയില്‍ ഒത്തുകൂടാന്‍ തീരുമാനിച്ചു. വുദൂ എടുത്ത് പള്ളിയില്‍ പ്രവേശിച്ചപ്പോള്‍ സ്വന്തം ഭവനത്തില്‍  പ്രവേശിച്ച അനുഭൂതി. ജീവിതത്തില്‍ അന്നേവരെ തോന്നാത്ത ഒന്ന്. പള്ളിയിലെ ഷെല്‍ഫ് നിറയെ പുസ്തകങ്ങള്‍, തഫ്‌സീറുകള്‍, സാഹിത്യങ്ങള്‍. നമസ്‌കാര ശേഷം ആവശ്യമുള്ള പുസ്തകങ്ങള്‍ എടുത്ത്, സഹോദരങ്ങള്‍ക്ക് സലാം പറഞ്ഞ് മടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി ജാമ്യവാര്‍ത്ത എത്തുന്നത്. രാത്രിയോടെ ജയില്‍മോചിതരായി വീടുകളില്‍ തിരികെയെത്തി.
ഒരു ദിവസത്തെ അനുഭവം മാസങ്ങളുടേതായി തോന്നി. നാം വാഴ്ത്തുന്ന ധീരര്‍ അനുഭവിച്ച ത്യാഗങ്ങളുടെ ഒരു അംശം അനുഭവിക്കാന്‍ ഭാഗ്യം നല്‍കിയ അല്ലാഹുവിനെ സ്തുതിക്കുന്നു. വരും കാലങ്ങളില്‍ ഈ കിരാത ഭരണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ തടവറകള്‍ നമുക്ക് അന്യമല്ല എന്നത് ഓര്‍മയില്‍ ഉണ്ടാകണം. അതിന് തയാറാകണം. പിന്‍വലിയുകയോ, കള്ളസാക്ഷ്യം നല്‍കുകയോ അല്ല വേണ്ടത്. ജയിലറ കണ്ട് ഭയന്ന്, മര്‍ദകര്‍ നല്‍കിയ തിളങ്ങുന്ന പട്ടു പൈജാമയിട്ട് സൈനബുല്‍ ഗസാലിക്കെതിരെ മൊഴി നല്‍കിയ അലി അശ്മാവിയല്ല നമ്മുടെ മാതൃക, കുരിശിലേറ്റി പ്രഹരിച്ചിട്ടും പതറാതെ നിന്ന ഫാറൂഖ് മന്‍ശവിയാണ്. 
ഫാഷിസത്തിനെതിരെ ശക്തമായ പോരാട്ടം കാഴ്ച വെച്ച പൂര്‍വികരെ പോലെ സമരമുഖത്ത് ഉറച്ചുനില്‍ക്കും എന്ന് ആവര്‍ത്തിച്ചു പറയുന്നവരാണ് നാം. അത്തരമൊരു അവസ്ഥ സംജാതമായാല്‍ മണ്‍മറഞ്ഞ സമര ചരിത്രങ്ങള്‍ നമ്മിലൂടെ പുനര്‍ജനിക്കും എന്ന് പറയുന്ന നാം മനസ്സിലാക്കേണ്ടത്, ആ അവസ്ഥ സംജാതമായിരിക്കുന്നു എന്നതാണ്. ആ ചരിത്രങ്ങള്‍ ആവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈ കോവിഡ് ഭീതിയിലും ഭരണകൂടം ജയിലുകള്‍ നിറച്ചുകൊണ്ടിരിക്കുന്നു. തേച്ചു മിനുക്കിയ വസ്ത്രം അണിഞ്ഞു വന്ന്   വീട്ടിലേക്ക് തിരികെ പോകുന്ന 'വൈറ്റ് കോളര്‍' സമരമുറകള്‍ മറന്നേക്കുക. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ തന്നെ തവക്കുലിന്റെ മന്ത്രം മനസ്സറിഞ്ഞ്  ഉരുവിടുക. യുദ്ധത്തിന്റെ അധ്യായങ്ങള്‍ക്കായി കാത്തിരുന്ന്, അത് ഇറങ്ങിയപ്പോള്‍ മരണവെപ്രാളത്തിലായി പിന്‍വലിഞ്ഞ കപടന്മാരുടെ  ചരിത്രം നമുക്ക്  പാഠമാകേണ്ടതുണ്ട്.
'നിങ്ങള്‍ ചെയ്യാത്തത് നിങ്ങള്‍ എന്തിനു പറയുന്നു' എന്ന വിശുദ്ധ ഖുര്‍ആന്റെ ചോദ്യം എപ്പോഴും മനസ്സിലുണ്ടാവണം. നാം തടവറകളെ ഭയക്കുകയും വെറുക്കുകയും ചെയ്യുന്നുവെങ്കില്‍, മഹാരഥന്മാരുടെ കഥചൊല്ലി നാം വീമ്പുപറയരുത്. പോരാളികളെ നിങ്ങള്‍ക്ക് കാണാനാവുക തെരുവുകളിലോ തടവറകളിലോ അല്ലെങ്കില്‍ മണ്ണിനടിയിലോ ആണെന്ന് ഇബ്‌നുതൈമിയ്യ (റ) പറഞ്ഞത് എത്രയോ സത്യം. എന്റെ കൂട്ടരേ, വിപ്ലവങ്ങള്‍ക്കെന്നും കസ്തൂരിയുടെ ഗന്ധമായിരുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (48-54)
ടി.കെ ഉബൈദ്‌