Prabodhanm Weekly

Pages

Search

2020 ജൂണ്‍ 12

3155

1441 ശവ്വാല്‍ 20

ഇ ന്ത്യന്‍ മുസ്‌ലിംകള്‍ അതിജീവനം അസാധ്യമല്ല

ബാബുലാല്‍ ബശീര്‍ 

ഇതൊരു പുതിയ എഴുത്തല്ല. കൂട്ടിച്ചേര്‍ക്കലുകളാണ്. അതിജീവനത്തിന്റെ സാധ്യതകള്‍ വികസിക്കുന്നത് കൂട്ടിച്ചേര്‍ക്കലുകളിലൂടെയാണ്. വര്‍ത്തമാനത്തെ നിശിതമായി വിലയിരുത്തിയും ഭാവി സാധ്യതകളുടെ പുതിയ വാതിലുകള്‍ തുറന്നിട്ടുമാണ് അത് മുന്നോട്ടു പോവേണ്ടത്. നാഗരികതകളുടെ വികാസവും ചെറുത്തുനില്‍പ്പിന്റെ പാഠങ്ങളും മുന്നോട്ടുള്ള ഗമനത്തിന്റെ ചൂണ്ടുപലകകളാണ്. നിലവിലെ സാഹചര്യം മാത്രമല്ല, വരാനുള്ള ഒരു നീണ്ട കാലം കൂടി വായിച്ചെടുത്തു പാലം പണിയുകയാണ് പുതിയ കാലത്തിന്റെ തേട്ടം; സാധ്യമാവുന്ന എല്ലാ ബൗദ്ധിക വ്യവഹാരങ്ങളെയും ആ അടവുപരമായ നീക്കത്തില്‍ ഉപയോഗപ്പെടുത്തുക എന്നതും. എല്ലാവരും ആ പാതയിലാണ്. ഒരു മനുഷ്യായുസ്സിന്റെ പ്ലാനിംഗുകളാണ് കോര്‍പ്പറേറ്റുകളെ മുതല്‍ ചാരിറ്റി ഓര്‍ഗനൈസേഷനുകളെ വരെ രൂപപ്പെടുത്തുന്നത്. നിലനില്‍പ്പാണെങ്കിലും ചെറുത്തുനില്‍പ്പാണെങ്കിലും വഴി ഒന്നു തന്നെയാണ്. അപരന്റെ വഴി അന്യായമാവാത്ത കാലത്തോളം, 'ശത്രുവാണെങ്കിലും വിജയിയെ പിന്തുടരുക' എന്നൊരു തത്ത്വമുണ്ട്. കാക്കയില്‍നിന്ന് പാഠം പഠിച്ച ഖാബീലിനെ പോലെ ചുറ്റുപാട് നിന്നും പഠിച്ചെടുക്കുക. അതിലേക്കു പുതിയ ആശയങ്ങള്‍ പിന്നെയും പിന്നെയും പ്രവഹിക്കണമെന്നു മാത്രം. അര്‍ഹതയുള്ളവയുടെ അതിജീവനം അല്ലാഹുവിന്റെ ഭൂമിയിലെ നടപടിക്രമമാണ്. ബദ്റിന് ശേഷം ഉഹുദാണെങ്കില്‍, അതിനു ശേഷം ഖൈബറും ഹുനൈനും ഹുദൈബിയ സന്ധിയും മക്കാവിജയത്തിലേക്ക് നയിച്ചത്, റസൂല്‍ ആ ദൈവിക ക്രമത്തെക്കുറിച്ച് നന്നായി ഗൃഹപാഠം ചെയ്തതു കൊണ്ടാണ്.
ഇന്ത്യന്‍ മുസ്‌ലിംകള്‍ എന്നത് ആഴമുള്ള ഒരു അനുഭവമാണ്. അതുകൊണ്ടാണ് അവര്‍  ഫാഷിസത്തിന്റെ ഉരുക്കുമുഷ്ടിക്കടിയിലും പതറാതെ പിടിച്ചു നില്‍ക്കുന്നത്. ജനാധിപത്യ ബോധങ്ങളും രാജ്യം നിലനില്‍ക്കണം എന്നാഗ്രഹിക്കുന്ന പൊതുസമൂഹവും കൂടെയുണ്ട് എന്നത് ചെറിയ കാര്യമല്ല. പക്ഷേ അതാണ് എല്ലാറ്റിന്റെയും കാതല്‍ എന്ന അര്‍ഥത്തില്‍ സമുദായത്തെ വിഭജിച്ചെടുക്കുന്ന പ്രവണത സ്വത്വബോധത്തിന്റെ അടയാളങ്ങളെ അപകടപ്പെടുത്തും. പലതായി പെരുവഴിയിലാകുക എന്നതാണ് അതിന്റെ അനന്തര ഫലം. നിലവില്‍ 'ഞങ്ങള്‍' എന്ന ബോധം വര്‍ധിച്ചു വന്നിട്ടുണ്ട്. ധ്രുവീകരണത്തിന്റെയും സംഘ ശക്തിയുടെയും രണ്ടു തട്ടുകളുടെ തുലാസ്സ് കൃത്യമായി മനസ്സിലാക്കപ്പെടേണ്ടതുണ്ട്. ഇന്ത്യയുടെ മിടിപ്പും ചരിത്രവും ധ്രുവീകരണത്തിന്റെ വാതിലുകള്‍ പണ്ടേ തുറന്നു വിട്ടിട്ടുണ്ട്. കുടം തുറന്ന ഭൂതത്തെപ്പോലെ 'നാനാത്വത്തില്‍ ഏകത്വം' ഏകത്വത്തിലെ നാനാത്വമായും ഏകത്വത്തിലെ പ്രിവിലേജ്ഡ് ഏകത്വമായും മാറുന്നതാണ് സമകാല വര്‍ത്തമാനം. അതൊരു അത്ഭുതല്ല. 'റാഡിക്കല്‍ ബ്രാഹ്മണിസം' കോണ്‍ഗ്രസിലെ തന്നെ ഒരു ധാര എക്കാലവും കൃത്യമായി നിലനിര്‍ത്തിയിരുന്ന ബോധമായിരുന്നു. പട്ടേലിന്റെ പ്രതിമ നരേന്ദ്ര മോദി പണിതുയര്‍ത്തുമ്പോള്‍ ഒരു സാധാരണ പൗരനുണ്ടാവുന്ന സംശയത്തിലുണ്ട് ഇന്ത്യന്‍ പൊളിറ്റിക്കല്‍ പാര്‍ട്ടികളുടെ അരമനകളില്‍ കുടിയിരിക്കുന്ന മതേതരത്വത്തിന്റെ വിഭാവനകള്‍. ധ്രുവീകരിച്ചു സംഘബോധത്തിന്റെ ഓര്‍മകളെ പോലും ശണ്ഠീകരിച്ചതുകൊണ്ട് രാജ്യത്തിലെ രണ്ടാമത്തെ ഭൂരിപക്ഷ ജനത അതൊന്നും കാര്യമായെടുക്കാതെ പോയി. അവരുടെ ആദര്‍ശ ചരിത്രവും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളും ത്യാഗങ്ങളും പണ്ടേ 'ഖിലാഫത്ത് പ്രക്ഷോഭവും മാപ്പിള ലഹളയുമായി' വര്‍ഗീകരിച്ചു കൊണ്ട്  മുഖ്യധാരാ ചരിത്ര പാഠങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടത് അവരറിഞ്ഞത് പോലുമില്ല. ഇന്ത്യന്‍ മുസ്‌ലിം എന്ന ആഴവും പരപ്പുമുള്ള വേരുകളെ വെള്ളവും വളവുമില്ലാതെ മുരടിപ്പിച്ചു നിര്‍ത്തുക എന്ന ശത്രു തന്ത്രം വിജയിക്കുന്നതാണ് പിന്നീട് കണ്ടത്. വിദ്യാഭ്യാസവും  അവബോധവുമില്ലാതെ, അടിസ്ഥാന ചുറ്റുപാടുകള്‍ പോലും നിഷേധിക്കപ്പെട്ട നവാബുമാരും ഷഹന്‍ഷാമാരും റിക്ഷ വലിക്കുന്നവരായി അവരുടെ പൂര്‍വപിതാക്കള്‍ ഭരിച്ചിരുന്ന തെരുവുകളില്‍ ജീവിതം തള്ളിനീക്കുന്നു എന്നത് പാര്‍ട്ടി ഭേദമില്ലാതെ സവര്‍ണ റാഡിക്കല്‍ ബ്രാഹ്മണിസത്തിന്റെ സ്വപ്‌ന പൂര്‍ത്തീകരണമായിരുന്നു. പ്രതീക്ഷയുടെ തുരുത്തുകളായി കേരളം പോലുള്ള ചിലയിടങ്ങള്‍ നിലനിന്നെങ്കിലും.
സംഘബോധം മനുഷ്യ നാഗരികതയുടെ മാത്രമല്ല പ്രപഞ്ചത്തിന്റെ വരെ താളമാണ്. ദൈവ സൃഷ്ടിപ്പിന്റെ മനോഹാരിതയാണ്. ഒന്നും ഒന്നും കൂടി പെരുക്കുക എന്നതാണത്. കൂടുതല്‍ വലുതാവുമ്പോള്‍ ഒരുപാട് ചെറുതുകള്‍ വലിയ പ്രതലത്തില്‍ പലതായി രൂപപ്പെടും എന്നതാണ് മനുഷ്യ ചരിത്രം. വൈവിധ്യവും ഭിന്നിപ്പും രണ്ടാണ്. ഖുര്‍ആനിന്റെ ഭാഷയില്‍ വൈവിധ്യം സാധ്യതയാണെങ്കില്‍ ഭിന്നിക്കല്‍ കാറ്റ് പോകലാണ്. ഇന്ത്യന്‍ മുസ്‌ലിംകള്‍ ഉള്‍പിരിവുകളുള്ള ഒരു സമുദായമാണ്. ചിലതൊക്കെ കിത്താബിയായതും മറ്റു ചിലത് ജന്മനായും. അവയെ ഒന്നാക്കുക എന്നത് അസാധ്യം എന്ന ഒറ്റ വാക്കു കൊണ്ട് നിര്‍വചിക്കാം. അപ്പോള്‍ വൈജാത്യങ്ങളെ ഉള്‍ക്കൊള്ളുക എന്ന വലിയ പാഠം പഠിക്കുന്നത് 'ഭിന്നിപ്പ്' എന്ന മാരകരോഗത്തിന്റെ വലിയ മരുന്നായി തീരും. നിര്‍ഭാഗ്യവശാല്‍ മുസ്‌ലിം സമുദായത്തിലെ ഭിന്നിപ്പ് ഒരു യാഥാര്‍ഥ്യമാണ്. യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളാതെ ശാഠ്യം പിടിക്കുന്നത് മൗഢ്യമാണ്. അമ്മാര്‍ ഇബ്‌നു യാസിര്‍ റസൂലിനോട് കരഞ്ഞത് പിടിച്ചു നില്‍ക്കാനാവാതെ അല്ലാഹുവിനെ തള്ളിപ്പറഞ്ഞ് ലാത്തയെ വിളിച്ചതിനായിരുന്നു. മണ്ണിന്റെ പാകം കൃത്യമായി മനസ്സിലാക്കിയ റസൂല്‍ ഇസ്ലാമിലെ കൊടിയ പാതകത്തെ മനസ്സിന്റെ ശുദ്ധിയുമായി  ചേര്‍ത്തു നിര്‍ത്തി ആശ്വസിപ്പിച്ചു വിടുകയായിരുന്നു. ഭിന്നിപ്പിനെ നേരിടാന്‍ വേണ്ടത് അടിസ്ഥാന ബോധങ്ങളെ നിരന്തരം  ഉണര്‍ത്തുകയാണ്. സ്വത്വബോധമാണ് അതില്‍ പ്രധാനം. സൈനുദ്ദീന്‍ മഖ്ദൂമും മമ്പുറം തങ്ങളും ആലി മുസ്‌ലിയാരും തുടങ്ങി പ്രാദേശിക സാധ്യതയുള്ള ചെറുത്തുനില്‍പ്പിന്റെ ബിംബങ്ങള്‍ പൗരത്വ ബില്ലിന്റെ കാലത്ത് കൂടുതല്‍ ഓര്‍മിക്കപ്പെട്ടത് ആ സാധ്യത വലിയ ശരിയാണ് എന്നത് കൊണ്ടാണ്. ഓരോ വിഭാഗങ്ങളുടെയും ചരിത്ര മുഖങ്ങളെ ഒറ്റ പ്രതലത്തില്‍ സംഘടിപ്പിക്കുക എന്ന ദൗത്യം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഇന്നലെ ഭിന്നിച്ചു നിന്ന അവരെ ഇന്ന് ഒന്നാക്കിയാല്‍ ആദരവിന്റെ അടയാളങ്ങളില്‍ അനുയായികളെ കുറച്ചു കൂടി ചേര്‍ത്ത് നിര്‍ത്താം. തോളോട് തോള്‍ ചേര്‍ക്കാനായില്ലെങ്കിലും.
നിങ്ങള്‍ ഒരു കോട്ട പോലെ ഭദ്രമാവുക എന്നത് ഖുര്‍ആനിന്റെ പ്രയോഗമാണ്. സ്ഥൈര്യത്തിന്റെ അങ്ങേ തലയുള്ളവര്‍ പത്തു പേരുണ്ടായാല്‍ നൂറു പേര്‍ക്ക് തുല്യമാവുമെന്നും ഈമാന്‍ ചോര്‍ന്നു പോയ ഒരു സമുദായത്തിന്റെ പത്ത് ഇരുപതിന് തുല്യം എന്നും ഖുര്‍ആന്‍. ഇന്ത്യന്‍ മുസ്‌ലിംകള്‍ നിലവില്‍ ഒന്നിന് നാലിലൊന്ന് എന്ന നിലയിലാണ്. ഇരിക്കാന്‍ പറയുമ്പോള്‍ കമിഴ്ന്നു പോകുന്ന അവസ്ഥ. മുമ്പ് താര്‍ത്താരികള്‍ക്കു മുന്നില്‍ മുസ്‌ലിം സമൂഹത്തിനു സംഭവിച്ചത് പോലെ. റോഹിങ്ക്യകളും ഉയിഗൂര്‍ മുസ്‌ലിംകളുമൊക്കെ തൊട്ടപ്പുറത്ത് നിന്നും പകരുന്ന ഭീതിയുടെ ചിത്രങ്ങളും ഇന്ത്യന്‍ മുസ്‌ലിംകളുടെ ആത്മവീര്യം ചോര്‍ത്തുന്നുണ്ട്. മാറ്റങ്ങളെ കൗതുക പൂര്‍വം വീക്ഷിച്ചാല്‍ ദല്‍ഹിയിലെ തെരുവുകളിലെ തട്ടമിട്ട പെണ്‍പുലികളുടെ ചൂണ്ടുവിരല്‍ കാണാം. അക്രമിയുടെ നേരെ വിരല്‍ ചൂണ്ടാന്‍ സമുദായത്തിന് ധൈര്യം പകരുക എന്നതാണ് ഒന്നിന് സമം ഒന്നോ അതിലും ഉയര്‍ന്ന തലങ്ങളിലോ അവരെ എത്തിക്കാന്‍ പാകപ്പെട്ട വഴി. പ്രാദേശിക നേതൃത്വങ്ങളും പള്ളി സംവിധാനങ്ങളും മുസ്‌ലിം സഹകരണ കൂട്ടായ്മയിലൂടെ അത്തരം ഒരു ബോധതലത്തിലേക്കു പ്രവേശിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ശത്രുവിന്റെ ദൗര്‍ബല്യവും ശക്തിയും ഇരയുടെ ചെറുത്തുനില്‍പ്പിന്റെ ഊക്കാണ്. ആ ഊക്കിന്റെ തീവ്രത വര്‍ധിക്കുന്നത് നമ്മുടെ ജാഗ്രതയിലാണ്. സ്വയം പ്രതിരോധത്തിന്റെ ജാഗ്രതകള്‍ പക്ഷേ കൂടുതല്‍ ഫലവത്താകണമെങ്കില്‍  ഉയര്‍ത്തുന്ന ശബ്ദത്തിനു പുതിയ പ്രതലങ്ങള്‍ കണ്ടെത്തണം. അറേബ്യന്‍ രാജകുമാരി ട്വിറ്ററിലൂടെ പ്രതികരിച്ചപ്പോള്‍ മോഹന്‍ ഭഗവതും നരേന്ദ്ര മോദിയും വിശദീകരണവുമായി വന്നത് സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വര്‍ഗീയ വൈറസുകളെ തുരത്തണമെന്നു ലോകം ശബ്ദമുയര്‍ത്തിയപ്പോഴാണ്. വളരെ ആസൂത്രണത്തോടെ ഉപയോഗപ്പെടുത്തേണ്ട ഒന്നാണ് ഓണ്‍ലൈന്‍. പുതിയ കാലത്ത്  ഓഫ്  ലൈനില്‍ നമ്മുടെ അസ്തിത്വവും സമാധാനവും നിലനില്‍ക്കുക ഓണ്‍ലൈനില്‍ നമ്മളെത്ര  ജാഗരൂകരാണ് എന്നതിനെ ആശ്രയിച്ചണ്. ഫാഷിസത്തിന്റെ മുന്നില്‍ ഇരവാദം വിജയിക്കില്ല എന്നത് അനുഭവങ്ങളുടെ തിരിച്ചറിവാണ്. കൊന്നാലും തീരില്ല എന്നിടത്താണ് അവര്‍ പൗരത്വം റദ്ദ് ചെയ്യാനുള്ള തന്ത്രം മെനഞ്ഞത്. രാജ്യത്തിനുള്ളില്‍ അവകാശങ്ങളില്ലാത്ത രണ്ടാം തരം അടിമകളെ സൃഷ്ടിക്കുക എന്നത് മുമ്പ് പരീക്ഷിക്കപ്പെട്ടതാണ്. മുസ്‌ലിം സമുദായ നേതൃത്വം അകലങ്ങള്‍ കുറച്ചു അടുത്തിരുന്നു എന്നത് ഫാഷിസം കാണാതെ പോയ സാധ്യതയായിരുന്നു. ദൈവിക സഹായം എപ്പോഴും മാലാഖമാരുടെ ഇറക്കം ആവണമെന്നില്ല. ശത്രു അറിയാതെ ചതുപ്പുനിലം തെരഞ്ഞെടുക്കുന്നു എന്നതുമാവാം. ആത്മവിശ്വാസത്തിന്റെ തോത് കൂട്ടാന്‍ സമുദായത്തിന് അത് ഉപകരിച്ചു എന്നത് സത്യമാണ്. അത് എല്ലാവരിലേക്കും പകര്‍ന്നെത്തിയിട്ടില്ല എന്ന് പുതിയ കലാപങ്ങളിലെ വെന്തു വെണ്ണീറായ ഗ്രാമങ്ങള്‍ കാണിച്ചു തരുന്നു. ഓരോ ഗ്രാമത്തിലും ഗല്ലിയിലും സഫൂറമാരും ആഇശമാരും റാനിയമാരും ഉണ്ടാവേണ്ടതുണ്ട്. പേടിച്ചു മരിക്കുന്നതിലും ഭേദം വിരല്‍ ചൂണ്ടി വിറപ്പിച്ചു കൊണ്ട് തീരുന്നതാണ് അന്തസ്സ് എന്ന് കരുതുന്ന ഒരു തലമുറ.
വാതിലുകള്‍ അടക്കുകയാണ് ഫാഷിസത്തിന്റെ രീതി. ഉള്ളിലേക്കുള്ള ഒഴുക്കും പുറത്തേക്കുള്ള ഒഴുക്കും തടഞ്ഞു ശ്വാസം മുട്ടിച്ച് ഇല്ലാതാക്കുന്ന പുതിയ ഗ്യാസ് ചേമ്പറുകളാണത്. സാമ്പത്തികവും സാംസ്‌കാരികവുമായ കൊച്ചാക്കലുകളാണതിന്റെ തുടക്കങ്ങള്‍. അരികുവല്‍ക്കരണവും അപരവല്‍ക്കരണവും കൊണ്ട് പൊതു ജീവിതത്തിന്റെ സാധ്യതകളെ പരിമിതപ്പെടുത്തുകയാണത്. പണ്ടേയുള്ള സ്റ്റീരിയോടൈപ്പ് ഫ്രെയിമുകളില്‍നിന്നും വലിയ സ്‌ക്രീനുകളിലേക്ക് പേരിനെയും രൂപത്തെയും മാത്രമല്ല, ഭരണഘടന അനുവദിക്കുന്ന അടിസ്ഥാന അവകാശങ്ങള്‍ക്കു പോലും ഇവര്‍ യോഗ്യരല്ല എന്ന സവര്‍ണ ബോധത്തെ പൊതുബോധമായി സംക്രമിപ്പിക്കുന്നു. ആള്‍ക്കൂട്ട അക്രമങ്ങളില്‍ ഒരു മൃഗത്തിന് കൊടുക്കുന്ന വിലപോലും മനുഷ്യജീവന് കിട്ടാത്തത് ഇത്തരം വൈകാരിക തീവ്രത അറിയാതെ അവര്‍ണനിലേക്കും ദലിതുകളിലേക്കും വരെ  അത് കുത്തിവെക്കപ്പെടുന്നതു കൊണ്ടാണ്. ഇതിന്റെ മൂര്‍ധന്യതയാണ് ഭരണഘടന റദ്ദാക്കലും ഹൈന്ദവ രാഷ്ട്ര പ്രഖ്യാപനവുമെല്ലാം. ആ ചവിട്ടുപടികളെ കിട്ടാവുന്നിടത്തെല്ലാം പ്ലാറ്റ്‌ഫോമുകളില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചു കടന്നാക്രമിക്കുക വലിയ സാധ്യതയാണ്. നാളെ കടലാസ്സ് ആയി മാറാവുന്ന അംബേദ്കറിന്റെ അധ്വാനം ഇന്ന് സുപ്രീം കോടതിയില്‍ വ്യവഹരിക്കാവുന്ന ഒരു രേഖയായി നില്‍ക്കുന്ന കാലം വരെയേ അതിനും സാധ്യതയുള്ളൂ. വര്‍ഗീയതയുടെ ചിതലരിക്കാത്തതോ അത്രത്തോളം ചീഞ്ഞിട്ടില്ലാത്തതോ ആയ പൊളിറ്റിക്കലോ അല്ലാത്തതോ ആയ സംഘങ്ങളുമായുള്ള നിരന്തര പങ്കിടലുകള്‍ ഇത്തരുണത്തില്‍ അനിവാര്യമാണ്. കേരളത്തിനപ്പുറം അത്തരം സാധ്യത തുലോം കുറവാകുന്നത് സ്വയം  അപരവത്കരിച്ചുള്ള 'തിരിച്ചറിയല്‍' ബോധങ്ങള്‍ മൂലമാണ്. ഭാഷയും വേഷവും മുതല്‍ കച്ചവടവും വീട് നിര്‍മാണരീതി വരെയുള്ളതില്‍ 'ഞങ്ങള്‍ മുസ്‌ലിംകളാണെന്ന്' പറയാതെ പറയുന്നവര്‍ ആദര്‍ശത്തിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്തു പൊതുസമൂഹത്തിലേക്കു ഇഴുകിച്ചേരുന്നതാണ് കാണുന്നത്. കാണിക്കേണ്ടത് മറച്ചുപിടിക്കുകയും മറക്കേണ്ടത് കാണിക്കുകയും ചെയ്യുന്ന ഒരു തരം ട്രപ്പീസ് കളി. ഈ വൈരുധ്യാത്മക കുത്തൊഴുക്കിന് തടയിടാന്‍ ദയൂബന്ദുകളും ദാറുല്‍ ഉലൂമുകളും ഒരല്‍പം ചേര്‍ന്നിരിക്കേണ്ടതുണ്ട്. തലയുണ്ടാവുകയാണ് തല തടവല്‍ മസ്അലയെയും നിലനിര്‍ത്തുക. അറബ് രാജ്യങ്ങളിലെ പുതിയ തലമുറയെ ഉപയോഗിച്ചു ഒരുപക്ഷേ അത്തരം ചേര്‍ന്നിരിക്കലുകള്‍ സാധ്യമായേക്കാം.
ആദര്‍ശ സമൂഹമല്ല, ആള്‍ക്കൂട്ടമാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍. വൈകാരികത കൊണ്ട് ദീനിനെ മാറോടു പിടിക്കുന്നവര്‍. അടിത്തട്ടിലെ ചെറിയ മാറ്റങ്ങള്‍ പോലും അവരില്‍ അത്ഭുതകരമായ പരിവര്‍ത്തനമുണ്ടാക്കും. വിദ്യാഭ്യാസവും അതുവഴി സോഷ്യല്‍ എന്‍ഗേജ്‌മെന്റും പുതിയ തലമുറയിലേക്കു പ്രസരിപ്പിക്കാന്‍ സാധിച്ചാല്‍ ഫാഷിസം വിയര്‍ക്കുക തന്നെ ചെയ്യും. ആസൂത്രിത കാല്‍വെപ്പുകള്‍ അതിനനിവാര്യമാണ്. ചിന്തന്‍ ബൈഠക്കുകള്‍ ഇവിടെയും വേണ്ടതുണ്ട്. ശിക്ഷകുമാര്‍ സേവന സന്നദ്ധരായി മുന്നോട്ടു വരണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (48-54)
ടി.കെ ഉബൈദ്‌