കളിക്കളങ്ങളില്‍ കനലുകളുള്ള ശ്വാസം
വര്‍ണവെറി, വെളുത്ത ചര്‍മമുള്ളവന്റെ മനസ്സിലെ ഇരുട്ടാണ്. ഇരുണ്ട ചര്‍മമുള്ളവനെ മുഖ്യധാരയില്‍നിന്ന് അകറ്റാന്‍ നിത്യം ഉപയോഗിക്കുന്ന അശ്ലീലമായ കൈമുതല്‍. വര്‍ണാധിക്ഷേപം കൊണ്ടവന്‍ അനുഭവിക്കുന്നത് പൈശാചികമായ ആനന്ദമാണ്. അമേരിക്കയോളം വര്‍ണവെറിയില്‍ അഭിരമിക്കുന്ന മറ്റൊരു രാജ്യം ഉണ്ടാകാനിടയില്ല. കൊളംബസ് കണ്ടുപിടിച്ചത് അമേരിക്കയാണെങ്കില്‍, അമേരിക്ക കണ്ടുപിടിച്ചുകൊണ്ടേയിരിക്കുന്നത് വര്‍ണവെറിയുടെ പ്രസരണം സാധ്യമാക്കുന്ന പുതിയ തലങ്ങളെയാണ്, ഇടങ്ങളെയാണ്. കറുത്തവരോട് വെള്ളക്കാര്‍ വെച്ചുപുലര്‍ത്തുന്ന അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും തീവ്രത ഒരു മാപിനിയിലും അളക്കാനികില്ലെന്ന് ആഫ്രോ അമേരിക്കക്കാരനായ മാല്‍ക്കം എക്‌സിന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. കറുപ്പ് എന്നാല്‍ അടിമത്തത്തിന്റെ പ്രത്യക്ഷലക്ഷണം! ബോക്‌സിംഗ് റിംഗിലല്ലാതെ ഒരു വെള്ളക്കാരന് നേരെ കറുത്തവന്‍ കൈയുയര്‍ത്തിയാല്‍ അവന്റെ ഗതി വിവരണാതീതമാണ്. വീട്ടുജോലിക്ക് വരെ നിര്‍ത്തുന്നതില്‍ അവന്റെ ചര്‍മത്തിലെ കറുപ്പിന്റെ ആഴം പരിശോധനക്ക് വിധേയമാക്കുന്ന ദുരന്തം!
കോവിഡ് 19 മറ്റു രാജ്യങ്ങളുടെ മരണനിരക്കിനേക്കാള്‍ അമേരിക്കന്‍ ജനതയെ മരണത്തിന്റെ നിലയില്ലാക്കയങ്ങളിലേക്ക് തള്ളിയിടുമ്പോള്‍ പ്രാര്‍ഥനാഭരിതമായ മനസ്സോടെ നിലകൊണ്ടവരാണ് ലോകജനത. ഇന്നിതാ, വംശവെറിയെന്ന വൈറസ്, ജോര്‍ജ് ഫ്‌ളോയ്ഡിന്റെ നിലച്ച ശ്വാസത്തില്‍ നിന്നും അമേരിക്കയെന്ന രാഷ്ട്രത്തിന്റെ ശ്വാസഗതിയെ ഉലക്കുന്ന കാഴ്ച. 'എനിക്ക് ശ്വാസം മുട്ടുന്നു' എന്നത് തെരുവിന്റെ മുദ്രാവാക്യമായി പരിണമിച്ചിരിക്കുന്നു. "When looting starts shooting starts' കൊള്ള തുടങ്ങുമ്പോള്‍ വെടിവെപ്പും തുടങ്ങുന്നു എന്ന അമേരിക്കന്‍ ഭരണാധികാരിയുടെ നിരുത്തരവാദപരമായ ട്വീറ്റ് സമാധാനവും ശാന്തിയും തിരികെ കൊണ്ടുവരുന്നതില്‍ താന്‍ പൂര്‍ണപരാജയമാണെന്ന് അടിവരയിടുന്നു. ഏഴു മിനിറ്റോളം കഴുത്തില്‍ ആഞ്ഞുപതിഞ്ഞ വംശവെറിയനായ പോലീസുകാരന്റെ മുട്ടുകാലിനേക്കാള്‍ മാരകമാണ് ട്രംപിന്റെ വംശീയതയുടെ ട്വീറ്റുകള്‍.
പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും അമേരിക്കയെ ശ്വാസം മുട്ടിക്കുന്നു. ജോര്‍ജ് ഫ്‌ളോയ്ഡിന് നീതി വേണമെന്ന് ലോകം വിളിച്ചാര്‍ക്കുന്നു. അമേരിക്കന്‍ നീതിപീഠത്തെ സംബന്ധിച്ചേടത്തോളം വെളുത്തവനെതിരില്‍ വിധി പുറപ്പെടുവിക്കുക എന്നത് ശ്വാസംമുട്ടല്‍ തന്നെയാണ്. നീതിന്യായ പീഠങ്ങള്‍ ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കെതിരായി വിധി പുറപ്പെടുവിക്കുമ്പോഴുണ്ടാകുന്ന മാനസിക സമ്മര്‍ദങ്ങള്‍ മറ്റൊരര്‍ഥത്തില്‍ ശ്വാസംമുട്ടല്‍ തന്നെയാണ്. അത് അമേരിക്കയെ മാത്രമല്ല, വംശീയമായി ചിന്തിക്കുകയും ഹിംസാത്മകമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്റ്റേറ്റിലെ നീതിപീഠങ്ങളെ നിരീക്ഷണവിധേയമാക്കിയാല്‍ ബോധ്യമാകും, അവയുടെ കഴുത്തില്‍ ആഞ്ഞുതറക്കുന്ന ഒരു അദൃശ്യമായ മുട്ടുകാലുണ്ടെന്ന്. നമ്മുടെ രാജ്യവും അതില്‍നിന്നും ഭിന്നമല്ല. ദല്‍ഹി വംശീയാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അത് തടയാനുള്ള കോടതിയുടെ പരിമിതികള്‍ പരാമര്‍ശിച്ചുകൊണ്ട് നമ്മുടെ നീതിന്യായ പീഠവും ഒരിക്കല്‍ പറഞ്ഞു: 'എനിക്ക് ശ്വാസം മുട്ടുന്നുവെന്ന്!'
കോവിഡ് നിര്‍ത്തിവെപ്പിച്ച, രണ്ടാഴ്ച മുമ്പ് പുനരാരംഭിച്ച കളിക്കളങ്ങളില്‍ പോലും പ്രതിഷേധ കൊടുങ്കാറ്റ് ആഞ്ഞുവീശാന്‍ തുടങ്ങിയിരിക്കുന്നു. കളിക്കളങ്ങള്‍ രാഷ്ട്രീയ പ്രകടനങ്ങളുടെ വേദിയാക്കരുതെന്ന കര്‍ശന നിയമമുള്ള ഫുട്‌ബോള്‍ ലീഗാണ് ജര്‍മന്‍ ബുണ്ടസ് ലിഗ. ആ നിയമത്തെയാണ് ജോര്‍ജിനു വേണ്ടി, റോഡുവക്കില്‍ ചതഞ്ഞരഞ്ഞ നീതിക്കു വേണ്ടി കളിക്കാര്‍ മാരകമായി ടാകഌംഗ് ചെയ്യുന്നത്. കാണികളില്ലെങ്കിലും ക്യാമറയുടെ മുന്നില്‍ വന്നുനിന്ന് ഗോള്‍നേട്ടം ആഘോഷിക്കുന്നത് 'ഖൗേെശരല ളീൃ ഏലീൃഴല എഹീ്യറ' എന്ന ഇന്നര്‍ഷര്‍ട്ടില്‍ ആലേഖനം ചെയ്യപ്പെട്ട കുറിപ്പ് ഉയര്‍ത്തികാട്ടിയാണ്. ഷാല്‍കെ ക്ലബിന്റെ അമേരിക്കന്‍ താരമായ വെസ്റ്റേണ്‍ മകേനിയാണ് കളിക്കളത്തില്‍ പ്രതിഷേധത്തിന്റെ കനമുള്ള, കനലുകളുള്ള ശ്വാസം ആഞ്ഞു ഊതിയത്. അടുത്ത ആഴ്ചകളില്‍ പുനരാരംഭിക്കാനിരിക്കുന്ന ഇതര കളിക്കളങ്ങളും പ്രതിഷേധത്തിന്റെ തീക്ഷ്ണത മുറ്റിയ കനല്‍ശ്വാസങ്ങള്‍ ആഞ്ഞ് ഊതും, തീര്‍ച്ച.
മനസ്സിലെ അഴുക്കിന്റെ ആഘോഷമാണ് റേസിസം. നീതിയും സമത്വവും പുലരാത്ത കാലത്തോളം അത് ആഘോഷിക്കപ്പെടും. ശ്വാസംമുട്ടിയ ഇരുണ്ട ചര്‍മമുള്ള ബിലാലിന് പുതുശ്വാസം നല്‍കിയത് ഈ സമത്വമാണ്. മുഹമ്മദലി ക്ലേയും മാല്‍ക്കം എക്‌സും ആസ്വദിച്ചു വലിച്ചത് പരിമളം പരത്തുന്ന ആ ശ്വാസമാണ്. ജോര്‍ജ് ഫ്‌ളോയ്ഡിന്റെ നിലച്ചുപോയ ശ്വാസം, വര്‍ണവെറിക്കെതിരെ പ്രക്ഷോഭങ്ങളുടെ നിലക്കാത്ത ശ്വാസമാകട്ടെ, മുറിയാത്ത പ്രവാഹമാകട്ടെ.
ഫാഷിസം എന്ന വൈറസ്
ഇന്ന് ലോകത്തുടനീളം കൃത്രിമ ഭയത്തിന്റെ ഉല്‍പാദനവും വിതരണവും തിടംവെച്ചു കൊണ്ടിരിക്കുകയാണ്. വ്യവഹാര മേഖലകളിലെല്ലാം ചൂഷണങ്ങളുടെയും ലാഭക്കൊതിയുടെയും പിന്നാമ്പുറങ്ങളിലൊളിപ്പിച്ചുള്ള ഭയവിഹ്വലതകളാണ് മനുഷ്യനെ ഭരിക്കുന്നത്. പടിഞ്ഞാറ് തീവ്ര വലതുപക്ഷം ആഗോളതലത്തില്‍ ഇസ്‌ലാമോഫോബിയയും വംശീയതയും പരദേശീസ്പര്‍ധയും വ്യാപിപ്പിച്ചു കൊണ്ടേയിരിക്കുന്ന കാഴ്ച അത്യന്തം ഭീകരമാണ്. എക്കാലത്തും ഏകാധിപതികള്‍ പ്രയോഗിക്കന്ന ആണവായുധമാണല്ലോ ഭയം. തളംകെട്ടി നില്‍ക്കുന്ന ഭയത്തിന്റെ ആനുകൂല്യത്തില്‍ സ്വേഛാ ഭരണകൂടങ്ങള്‍ക്ക് സമര്‍ഥമായി ജനതക്കു മേല്‍ മാനസികവും ശാരീരികവും സാമ്പത്തികവുമായ അധീശത്വം സ്ഥാപിച്ചെടുക്കാമെന്നതിന്റെ തെളിവുകൂടിയാണ് കൊറോണാകാലം. ലോകം ആരോഗ്യ അടിയന്തരാവസ്ഥയില്‍ കഴിയുന്ന ഘട്ടത്തില്‍ അപായസൂചനകള്‍ ഉയര്‍ത്തി, സാമൂഹിക സുരക്ഷയുടെ അനിവാര്യതകളില്‍ പൗരാവകാശത്തിനും നീതിക്കും സ്വാതന്ത്ര്യത്തിനും പ്രസക്തിയില്ലെന്നും അധികാരത്തിന് മൗലികാവകാശങ്ങള്‍ നിഷേധിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം വകവെച്ചു കൊടുക്കണമെന്നും പൗരസമൂഹത്തെ വിശ്വസിപ്പിക്കുന്നതില്‍ ഭാഗികമായെങ്കിലും അവര്‍ വിജയിക്കുന്നു.
അധികാരത്തിന്റെ മര്‍ദനോപാധികളെ നിലനിര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആസൂത്രിത മാര്‍ഗമായി പൊതു സമൂഹത്തില്‍ നിരന്തരം ഭയം ഉല്‍പ്പാദിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. ആധി നല്‍കുന്ന നിസ്സഹായതയുടെ മറവില്‍ അധികാരത്തിന്റെ സങ്കുചിത താല്‍പര്യങ്ങളെ താലോലിക്കുന്ന പല ചട്ടങ്ങളും നിര്‍മിച്ചെടുക്കാനാവുന്നു. തോമസ് ജെഫേഴ്‌സണ്‍ പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നതുപോലെ 'അധികാരം ജനങ്ങളെ ഭയപ്പെടുമ്പോള്‍ സ്വാതന്ത്ര്യം വാഴുന്നിടമായി മാറുകയും, ജനത അധികാരത്താല്‍ ഭീതിദരായി മാറുമ്പോള്‍ സ്വേഛാധിപത്യം സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു.' ഭയത്തില്‍ മുങ്ങിയ ജനതയെ തങ്ങളുടെ കാല്‍ക്കീഴില്‍ ആശ്രിതരായി നിലനിര്‍ത്തുകയും, പൗരസമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങള്‍ക്കും പിന്നാക്കാവസ്ഥക്കും ഉത്തരവാദി ജനം തന്നെയാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്ത് അധികാരശക്തികള്‍ കഴിവുകേടില്‍നിന്നും ബലഹീനതകളില്‍നിന്നും സ്വയം കുറ്റവിമുക്തതരാവുകയും ചെയ്യുന്നു. ഭരണാധികാരികള്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയും വിചാരണക്ക് വിധേയമാവുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്ലെല്ലാം, ജനതയെ ഭിന്നിപ്പിച്ചും ഭയം ഉദ്ദീപിപ്പിച്ച് പരസ്പരം ശത്രുത വളര്‍ത്തിയും കലാപങ്ങള്‍ സൃഷ്ടിച്ച് അടിസ്ഥാന പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തെറ്റിച്ചും സാഹചര്യങ്ങളെ തങ്ങള്‍ക്കനുകൂലമായി പരിവര്‍ത്തിപ്പിക്കുന്നതു കാണാം.
ഇസ്‌ലാം വിരുദ്ധത, സാംസ്‌കരിക ദേശീയത, ജാതിവ്യവസ്ഥയുടെ സംരക്ഷണം, വംശീയത, സാമുദായിക ധ്രുവീകരണം, സെമിറ്റിക് വിരോധം തുടങ്ങിയ കര്‍മ പരിപാടികളിലും വൈകാരിക അടിത്തറകളിലുമാണ് ഇന്ത്യന്‍ ഫാഷിസം കോട്ട പണിയുന്നത്. ഫാഷിസം സാങ്കല്‍പിക ശത്രുവിനെ പൊള്ളയായ ആശയങ്ങള്‍ക്കു മുകളില്‍ നിര്‍മിക്കന്നു. അതുവഴി അയല്‍വാസിയും സഹപാഠിയും സുഹൃത്തും സഹപ്രവര്‍ത്തകനും തുടങ്ങിയ എല്ലാ പാരസ്പര്യങ്ങളും കണ്ണികളും മായ്ക്കപ്പെടുകയും തല്‍സ്ഥാനത്ത് മത ജാതിഭേദങ്ങള്‍ക്കനുസരിച്ച് ശത്രുവും മിത്രവുമെന്ന ദ്വന്ദ്വങ്ങളെ മാത്രം നിലനിര്‍ത്തുകയും ചെയ്യുന്നു. പലപ്പോഴും സാമൂഹിക മണ്ഡലത്തില്‍ ഫാഷിസം അംഗീകാരം സ്ഥാപിക്കുന്നത് കലാപം കൊണ്ടോ കൂട്ടക്കശാപ്പു കൊണ്ടോ പോലീസ് കൈയേറ്റങ്ങള്‍ കൊണ്ടോ ആയിരിക്കണമെന്നില്ല, മറിച്ച് ഭയത്തിന്റെ ഭാഷയും വെറുപ്പിന്റെ സംസ്‌കാരവും ആശയസംക്രമണം നടത്തുന്നതോടെ നടേ പറഞ്ഞ ലക്ഷ്യങ്ങളെല്ലാം ക്രമപ്രവൃദ്ധമായി സാധ്യമാക്കിത്തീര്‍ക്കുന്നു എന്നത് രാജ്യത്ത് അനുഭവവേദ്യമായ വസ്തുതയണല്ലോ. ഹിറ്റ്‌ലറുടെ നാസി ജര്‍മനിയും മുസോളിനിയുടെ ഫാഷിസ്റ്റ് ഇറ്റലിയും വംശീയ ഉന്മൂലന സിദ്ധാന്തങ്ങളില്‍ വേരുറപ്പിക്കുന്ന ആദിമ ഘട്ടങ്ങളില്‍ നടപ്പിലാക്കിയിരുന്ന വിദ്വേഷ പ്രചാരണങ്ങള്‍ സമകാലീന ഭാഷയില്‍ പറഞ്ഞാല്‍ വെറുപ്പിലധിഷ്ഠിതമായ 'സാമൂഹിക അകല' മാതൃകകള്‍ തന്നെയായിരുന്നു. ഇന്ത്യന്‍ ഫാഷിസവും സമാന പദ്ധതികളാണ് നടപ്പിലാക്കുന്നത് എന്നത് വ്യക്തമാണ്. ചിന്തിക്കാനും അഭിപ്രായം പറയാനും എഴുതാനും മതമാചരിക്കാനും ഭക്ഷിക്കാനും തുടങ്ങി മൗലികമായ എല്ലാ സ്വാതന്ത്ര്യങ്ങളെയും അത് റദ്ദ് ചെയ്യുന്നു. നേരത്തേ ക്ലാസിക്കല്‍ ഫാഷിസം യൂറോപ്പ് അടക്കിവാണ കാലത്തെ ഓര്‍മിപ്പിക്കും വിധമാണ് ഇന്ത്യയില്‍ ഫാഷിസം വേരാഴ്ത്തിക്കൊണ്ടിരിക്കുന്നത്. അധികാരമോഹത്താല്‍ പ്രചോദിതമായ സ്വേഛാഭരണ വാഴ്ച മാത്രമല്ല ഫാഷിസം എന്നും, കോര്‍പ്പറേറ്റ് കൈകളില്‍ സുരക്ഷിതവും ഇവന്റ് മാനേജ്‌മെന്റ് സംഘങ്ങളുടെ കാപട്യങ്ങളില്‍ വികസിക്കുന്നതുമായ ഉന്മൂലന ആശയമാണത് പ്രതിനിധാനം ചെയ്യുന്നത് എന്നതും ഇന്ത്യന്‍ ജനത തിരിച്ചറിയാതെ പോകരുത്.
മനുഷ്യന്‍ നേരിട്ടിട്ടുള്ള ദുരന്തങ്ങളില്‍നിന്ന് ചോരയും നീരും വലിച്ചെടുത്ത് തളിര്‍ക്കാന്‍ ഫാഷിസ്റ്റുകള്‍ എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. ഈ മഹാമാരി ദുരന്തത്തെ ഇന്ത്യയില്‍ ഫാഷിസം ചൂഷണം ചെയ്തതിന്റെ ഒരു ഉദാഹരണം മാത്രമാണ് ദല്‍ഹിയിലെ നിസാമുദ്ദീന്‍ മര്‍കസിലെ തബ്‌ലീഗ് സമ്മേളനവുമായി ബന്ധിപ്പിച്ച് മെനഞ്ഞെടുത്ത ഇസ്‌ലാമോഫോബിയ. അതുപോലെ സഫൂറ സര്‍ഗാര്‍, മീരാന്‍ ഹൈദര്‍, താഹിര്‍ മദനി, ഉമര്‍ ഖലിദ്, സഫറുല്‍ ഇസ്‌ലാം ഖാന്‍, ശിഫാഉര്‍റഹ്മാന്‍, കഫീല്‍ ഖാന്‍, ഖാലിദ് സൈഫി തുടങ്ങിയവര്‍ കോവിഡ് കാലത്ത് വേട്ടയാടപ്പെട്ടത് എന്തുകൊണ്ട് എന്ന് ചിന്തിക്കണം. നിരന്തരം പെരുംനുണകള്‍ തങ്ങളുടെ ഉച്ചഭാഷിണികളായ മീഡിയയിലൂടെ പ്രസാരണം ചെയ്തുകൊണ്ടാണ് സംഘ് പരിവാര്‍ വംശീയവും ഹിംസാത്മകവുമായ അജണ്ടകള്‍ക്ക് ഭൂമി പാകപ്പെടുത്തുന്നത്. അപ്രധാനവും അസാധാരണവുമായ സംഭവങ്ങളെ അതിവൈകാരികമായി അവതരിപ്പിച്ചും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്രശ്‌നങ്ങളെ തിരസ്‌കരിച്ചും അവയില്‍നിന്ന് സമൂഹശ്രദ്ധ തിരിച്ചും മീഡിയ ഫാഷിസ്റ്റ് നാവായി മാറുന്നു. ഇത്തരം കാപട്യങ്ങള്‍ രോഗാണുവിനേക്കാര്‍ അതിവേഗം പൊതു സമൂഹത്തിലേക്ക് സംക്രമണം നടത്തുന്നുണ്ട്. വ്യക്തിമാഹാത്മ്യവാദവും വീരപുരുഷത്വവും അധികാരത്തോട് ഉപാസനയും ദേശീയതാ വികാരത്തിന്റ പിന്‍ബലത്തില്‍ വംശീയതയും അഭയാര്‍ഥികളോടും കുടിയേറ്റക്കാരോടുമുള്ള കടുത്ത വെറുപ്പും മതങ്ങളോടും വര്‍ണങ്ങളോടുമുള്ള വിവേചനവും ഫാഷിസത്തിന്റെ പ്രായോഗിക പ്രതിനിധാനങ്ങളാണ്.
വിദ്വേഷത്തിന്റെ ആക്രോശങ്ങള്‍ക്കെതിരെ കലഹിക്കേണ്ടതുണ്ട്. മൗലികമായി അഭിപ്രായാന്തരങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ നവഫാഷിസത്തിനെതിരെ ജനകീയ ചേരിയുടെ ഐക്യവും ഈടും കരുതിവെപ്പുമുള്ള ജനകീയ മുന്നേറ്റങ്ങളും ആവിഷ്‌കരിക്കപ്പെടണം. നാം വിജയിച്ചേ തീരൂ, കൊറോണയോടു മാത്രമല്ല, ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തിലും.
സിദ്ദീഖ് കൊടക്കാട്ട്
Comments