Prabodhanm Weekly

Pages

Search

2020 ജൂണ്‍ 12

3155

1441 ശവ്വാല്‍ 20

പി. ഖാസിം എഞ്ചിനീയര്‍

കെ.കെ അബ്ദുല്‍ ഗഫൂര്‍, ഊട്ടേരി

പത്തു വര്‍ഷത്തിലധികം ഊട്ടേരി മഹല്ല് പ്രസിഡന്റായിരുന്ന പി. ഖാസിം സാഹിബ് (എഞ്ചിനീയര്‍) ആകര്‍ഷക വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു.
ടി.കെ.എം എഞ്ചിനിയറിംഗ് കോളേജില്‍നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദവും, സൂറത്കല്‍ ആര്‍.ഇ.സിയില്‍നിന്ന് മറൈന്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം പഠിച്ച കോളേജില്‍ തന്നെ അസിസ്റ്റന്റ് പ്രഫസറായി ജോലി ചെയ്തു. 
കുറച്ചു കാലം ലിബിയയിലും പിന്നീട് കുവൈത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് റിസര്‍ച്ചി(KISR)ല്‍ സയന്റിസ്റ്റായും പ്രവര്‍ത്തിച്ചു. ജീവിതത്തിന്റെ ശിഷ്ടകാലം നാട്ടില്‍ ചെലവഴിച്ചു ഖാസിം സാഹിബ്. മുസ്‌ലിംകള്‍ അക്കാദമിക രംഗത്ത് പിന്നാക്കമായിരുന്ന ഒരു കാലത്ത് ആ മേഖലയില്‍ മികവു തെളിയിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത.
ഊട്ടേരി മഹല്ലിന്റെ വികസനത്തിനു വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മഹല്ലിലെ പാവപ്പെട്ടവരെ സഹായിക്കുന്നതിലും അവരെ പുനരധിവസിപ്പിക്കുന്നതിലും ഏറെ താല്‍പര്യം കാണിച്ച അദ്ദേഹം തന്റെ കൈവശമുള്ള ഭൂമിയുടെ ഒരു ഭാഗം അത്തരക്കാര്‍ക്ക് വീടു വെച്ച് താമസിക്കാനായി വിട്ടു നല്‍കി. അതുപോലെ പൊതുജനങ്ങള്‍ക്കായി സ്ഥാപിച്ച കുടിവെള്ള പദ്ധതി ഏറെപേര്‍ക്ക് ഉപകാരപ്പെടുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പള്ളികള്‍ നിര്‍മിക്കുന്നതിന് ഫണ്ടുകള്‍ സംഘടിപ്പിച്ചു നല്‍കുകയും പള്ളികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. പള്ളി നിര്‍മാണത്തിന് ഖാസിം സാഹിബിന്റെ സാങ്കേതിക ജ്ഞാനവും അനുഭവസമ്പത്തും പലരും ഉപയോഗപ്പെടുത്തിയിരുന്നു. 
ഊരള്ളൂരില്‍നിന്നും കുറ്റിക്കാട്ടൂരിലേക്ക് താമസം മാറിയതിനു ശേഷവും ഊട്ടേരി മഹല്ലുമായുള്ള ബന്ധം അറ്റുപോകാതെ ഖാസിം സാഹിബ് കാത്തു സൂക്ഷിച്ചു. 
ദീനീ വിഷയങ്ങളിലും അറബി ഭാഷയിലും നല്ല അറിവുണ്ടായിരുന്ന ഖാസിം സാഹിബിന് ഖുര്‍ആന്റെ വലിയൊരു ഭാഗം മനഃപാഠമായിരുന്നു. ശ്രുതിമധുരമായിരുന്നു ഖുര്‍ആന്‍ പാരായണം. ആ ഖിറാഅത്തിന്റെ വശ്യത കാരണം കുവൈത്തിലെ അറബികള്‍ പോലും നമസ്‌കാരത്തില്‍ പലപ്പോഴും അദ്ദേഹത്തെ ഇമാം ആക്കിയിരുന്നു. തറാവീഹ് ഉള്‍പ്പെടെ നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്ന മഹല്ല് പ്രസിഡന്റുമാര്‍ അപൂര്‍വമായിരിക്കുമല്ലോ. 
വേളത്തെ കൂരങ്ങോട്ട് തറവാട്ടിലെ പ്രമുഖ പണ്ഡിത കുടുംബത്തിലായിരുന്നു ഖാസിം സാഹിബിന്റെ ജനനം. ദീര്‍ഘകാലം എലങ്കമല്‍ മഹല്ല് ഖാദിയും പ്രമുഖ പണ്ഡിതനുമായിരുന്ന ഇബ് റാഹീം മുസ്‌ലിയാരുടെ മകന്‍ അമ്മത് മുസ്‌ലിയാരാണ് ഖാസിം എഞ്ചിനീയറുടെ പിതാവ്. അദ്ദേഹവും അറിയപ്പെട്ട പണ്ഡിതനും ഉല്‍പതിഷ്ണുവുമായിരുന്നു. പാരമ്പര്യ പണ്ഡിത കുടുംബത്തില്‍ ജനിച്ച സാത്വികനായ പിതാവിന്റെ പുരോഗമന കാഴചപ്പാടാണ് എഞ്ചിനീയറിംഗില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ നേടാന്‍ അക്കാലത്ത് അദ്ദേഹത്തിന് പ്രേരണയായത്. കൂടാതെ ഊരള്ളൂരിലെ പൗരപ്രമുഖനും കോഴിക്കോട്ട് വ്യാപാരിയും പിതൃവ്യനുമായിരുന്ന മര്‍ഹൂം ഇ.കെ അഹമ്മദ് കുട്ടി ഹാജിയുടെ മാര്‍ഗനിര്‍ദേശവും സഹായവും ഖാസിം എഞ്ചിനീയറുടെ വിദ്യാഭ്യാസത്തിന് മുതല്‍ക്കൂട്ടായി. പിന്നീട് ഇ.കെ അഹമ്മദ് കുട്ടി ഹാജിയുടെ മൂത്ത മകള്‍ സഫിയയെ വിവാഹം ചെയ്തു. അവരുടെ അകാലത്തിലുള്ള വേര്‍പാട് ഖാസിം സാഹിബിനെ വല്ലാതെ ഉലച്ചിരുന്നൂ. 
ഖാസിം സാഹിബിന്റെ മരണത്തിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് നമ്മെ വിട്ടുപിരിഞ്ഞ സര്‍ഗധനനായ വേളം അബ്ദുല്‍ മജീദ് മാസ്റ്റര്‍, ഖാസിം സാഹിബിന്റെ അനുജനാണ്. കുവൈത്തിലുള്ള ഡോ. നജീബ്, ശിഫ, ത്വാഹിറ എന്നിവര്‍ മക്കളാണ്. പി.കെ അബദുര്‍റസാഖ് ചേന്ദമംഗല്ലൂര്‍, പി.ടി യൂനുസ് ചേന്ദമംഗല്ലൂര്‍, മുന്‍ മന്ത്രിയും എം.പിയുമായ ഇ. ടി മുഹമ്മദ് ബഷീര്‍ സാഹിബിന്റെ മകള്‍ സമീന എന്നിവര്‍ മരുമക്കളാണ്. 

 

 


അബ്ദുല്‍ ഖാദിര്‍ മൗലവി

ആദ്യകാല ഇസ്‌ലാമിക പ്രവര്‍ത്തകനും ജമാഅത്തെ ഇസ്‌ലാമി അംഗവുമായിരുന്നു ടി.എ അബ്ദുല്‍ ഖാദിര്‍ മൗലവി. കൊല്ലം, കരിക്കോട് ഘടകങ്ങളുടെ നാസിമായി ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നു. അറബി ഭാഷാ പണ്ഡിതനും കൊല്ലം ഭാഷാധ്യാപക പരിശീലന കേന്ദ്രത്തില്‍ ദീര്‍ഘകാലം ചീഫ് ഇന്‍സ്ട്രക്ടറുമായിരുന്ന അദ്ദേഹം ഫറോക്ക് റൗദത്തുല്‍ ഉലൂമില്‍നിന്നാണ് അഫ്ദലുല്‍ ഉലമാ പാസ്സായത്. കേരളത്തിലെ വിവിധ മുസ്‌ലിം സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തരായ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ മൗലവിയുടെ ശിഷ്യന്മാരാണ്. സൗമ്യതയും പുഞ്ചിരിയും വശ്യമായ പെരുമാറ്റവുമാണ് അദ്ദേഹവുമായി ഇടപഴകിയവര്‍ എപ്പോഴും ഓര്‍ക്കുക.
അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅഃ, സ്ത്രീകളുടെ പള്ളിപ്രവേശം, മുബ്തദിഉകളെ തിരിച്ചറിയുക തുടങ്ങി ഏതാനും ലഘുകൃതികള്‍ രചിച്ച് സൗജന്യമായി വിതരണം ചെയ്തിട്ടു്.
എറണാകുളം ജില്ലയിലെ മാഞ്ഞാലിയാണ് ജന്മദേശം. ജോലിയുമായി ബന്ധപ്പെട്ട് കൊല്ലത്തെത്തുകയും വിവാഹാനന്തരം കരിക്കോട് സ്ഥിരതാമസമാക്കുകയും ചെയ്തു. പൂര്‍ണമായും പ്രാസ്ഥാനിക കുടുംബമാണ് മൗലവിയുടേത്. കേരളാ അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സ്ഥാപക നേതാവായ മങ്ങാട് മുഹമ്മദ് കുഞ്ഞ് മുന്‍ഷിയുടെ മകളും റിട്ടയേഡ് അധ്യാപികയുമായ ആരിഫയാണ് ഭാര്യ. ജമാഅത്തെ ഇസ്‌ലാമി കൊല്ലം ഏരിയാ പ്രസിഡന്റും ഐ.ആര്‍.ഡബ്ല്യു ജില്ലാ കണ്‍വീനറുമായ ടി.എ ഖലീലുല്ല മകനാണ്. മറ്റു മക്കള്‍: അമീന, നജീബ.

സൈനുദ്ദീന്‍ കോയ, കൊല്ലം

 

പി. ഇബ്‌റാഹീം

ഇസ്‌ലാമിക പ്രസ്ഥാന മാര്‍ഗത്തിലെ മാതൃകാ പ്രവര്‍ത്തകനായിരുന്നു ചെരക്കാപറമ്പിലെ പി. ഇബ്‌റാഹീം (72). ഔദ്യോഗിക ജീവിതത്തിലും റിട്ടയര്‍മെന്റ് കാലത്തും പ്രസ്ഥാനത്തിനുവേണ്ടി സജീവമായി നിലകൊണ്ടു. തിരൂര്‍ക്കാട് എ.എം ഹൈസ്‌കൂളിലെ ആദ്യ എസ്.എസ്.എല്‍.സി ബാച്ചില്‍ ഫസ്റ്റ് ക്ലാസോടെ പാസ്സായി.
ഉപരിപഠനത്തിനുശേഷം ബി.എസ്.എന്‍.എല്ലില്‍ ജൂനിയന്‍ ടെലികോം ഓഫീസറായി ജോലി ചെയ്തു. യുവാവായിരിക്കുമ്പോള്‍ തന്നെ ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി. ഇസ്‌ലാമിനെ പറ്റി കൂടുതല്‍ പഠിക്കാനും ഇത് അവസരമൊരുക്കി. ജമാഅത്തിന്റെ കാര്‍കുന്‍ ഹല്‍ഖാ നാസിമായി ഏറെക്കാലം പ്രവര്‍ത്തിച്ചു. പാറപ്പറമ്പ് മഹല്ല് കമ്മിറ്റി മുന്‍ സെക്രട്ടറി, ചെരക്കാപറമ്പ് മസ്ജിദുസ്സലാം പ്രസിഡന്റ്, വലിയ വീട്ടില്‍പടി മസ്ജിദുത്തൗഹീദ് കമ്മിറ്റിയംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. മസ്ജിദുത്തൗഹീദിന്റെ കീഴിലുള്ള സകാത്ത് കമ്മിറ്റിയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ച അദ്ദേഹം സകാത്തിന്റെ സംഘടിത വിതരണത്തിന്റെ ഗുണവശങ്ങളെ പറ്റി മഹല്ല് നിവാസികള്‍ക്ക് അവബോധം നല്‍കി. പൊതുജന കൂട്ടായ്മയിലൂടെ ഉളുഹിയ്യത്ത് സംരംഭത്തിനും പ്രേരണ നല്‍കി. മഹല്ലിലുള്ള വിവിധ പള്ളികളുമായി നല്ല ബന്ധം പുലര്‍ത്തുകയും പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും ചെയ്തു.
വ്യക്തിജീവിതത്തിലെ സ്വഭാവ സവിശേഷതകള്‍ ചെരക്കാപറമ്പിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ ഇബ്‌റാഹീം സാഹിബിനെ സമുന്നത വ്യക്തിത്വത്തിന്റെ ഉടമയാക്കി. സാമൂഹിക രംഗത്തെ സജീവതയും അമുസ്‌ലിം സുഹൃത്തുക്കളുമായുള്ള നിരന്തര ബന്ധവും സൗമ്യശീലവും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. പൊതു സ്വീകാര്യനായ മാധ്യസ്ഥന്‍ കൂടിയായിരുന്നു അദ്ദേഹം.
ഭാര്യ: പുലാമന്തോള്‍ യു.പിയിലെ തെക്കേതില്‍ ഫാത്വിമ എന്ന മാളു. മക്കള്‍: നിസാര്‍ മുഹമ്മദ് (ഷാര്‍ജ), റിയാസ് മുഹമ്മദ് (കെ.എസ്.ഇ.ബി ജൂനിയന്‍ എഞ്ചിനീയര്‍, അരീക്കോട്).

പി.എ.എം അബ്ദുല്‍ഖാദര്‍, തിരൂര്‍ക്കാട്

 

 

ആലത്തൂര്‍ മജീദ്

പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ടി.ബി റോഡ് പ്രാദേശിക ജമാഅത്തിലെ പ്രവര്‍ത്തകനായിരുന്നു കഴിഞ്ഞ ഡിസംബറില്‍ അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി നമ്മെ വിട്ടുപിരിഞ്ഞ മജീദ് സാഹിബ്. ഇസ്‌ലാമിക പ്രസ്ഥാനത്തിനു വേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ച അദ്ദേഹം ശരീരം തളര്‍ന്ന് കിടപ്പിലാകുന്നതു വരെ പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പ്രാദേശിക ജമാഅത്തിനു കീഴില്‍ നടക്കുന്ന എല്ലാ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളിലും നിറസാന്നിധ്യമായി അദ്ദേഹം ഉണ്ടായിരുന്നു. ആലത്തൂര്‍ ഇശാഅത്ത് മസ്ജിദിനു കീഴില്‍ നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് എല്ലാ വര്‍ഷവും റമദാന്‍ മാസത്തില്‍ നടക്കുന്ന നോമ്പുതുറ, റമദാന്‍ കിറ്റ് വിതരണം, ഫിത്വ്ര്‍ സകാത്ത് അരി വിതരണം, ജില്ലക്കകത്തും പുറത്തുമുള്ള കാലിച്ചന്തകളില്‍ പോയി ഉളുഹിയ്യത്തിനുള്ള ഉരുക്കളെ സംഘടിപ്പിക്കല്‍, ഉളുഹിയ്യത്ത് മാംസം വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വത്തിന് താങ്ങായി എന്നും അദ്ദേഹം ഉണ്ടായിരുന്നു.
ആലത്തൂര്‍ അല്‍മനാര്‍ മദ്‌റസയിലെ ദീര്‍ഘ നാളത്തെ അധ്യാപനം മൂലം രണ്ടു തലമുറകള്‍ക്ക് അറിവ് പകര്‍ന്നുകൊടുക്കാനുള്ള സൗഭാഗ്യം അദ്ദേഹത്തിനുണ്ടായി. ഇശാഅത്ത് മസ്ജിദില്‍ ദീര്‍ഘകാലം മുഅദ്ദിനായി ജോലി അനുഷ്ഠിച്ചിരുന്ന അദ്ദേഹം കുറച്ചുകാലം കാസര്‍കോട് ജില്ലയിലും ജോലി ചെയ്തിരുന്നു.
പ്രദേശെത്ത അറിയപ്പെടുന്ന ജനസേവന പ്രവര്‍ത്തകനായിരുന്നു മജീദ് സാഹിബ്. മരണവീടുകളില്‍ ആദ്യമെത്തുകയും ജനാസ ശുശ്രൂഷകള്‍ മുന്നില്‍ നിന്ന് നിര്‍വഹിക്കുകയും ചെയ്തിരുന്നു. ആലത്തൂര്‍ കൃപ പാലിയേറ്റീവ് ക്ലിനിക്കിലെ ആക്റ്റീവ് വളന്റിയറായിരുന്ന അദ്ദേഹം ഹോം കെയര്‍ അടക്കമുള്ള 'കൃപ'യുെട േസവന പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. ആരോരും തുണയില്ലാത്ത അശരണെര കണ്ടെത്തി സഹായമെത്തിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യമെടുത്തു. മജീദ് സാഹിബ് മരണപ്പെടുന്നതിന്റെ ഒരുമാസം മുമ്പ് നാട്ടില്‍ അവധിെക്കത്തിയ ഞാന്‍ അദ്ദേഹെത്ത സന്ദര്‍ശിച്ചപ്പോള്‍ എേന്നാട് ആദ്യം പറഞ്ഞത് ആഴ്ചകള്‍ക്കുള്ളില്‍ നടക്കുന്ന പാവപ്പെട്ട കുടുംബത്തിലെ ഒരു പെണ്‍കുട്ടിയുെട വിവാഹ ചെലവിലേക്ക് സാമ്പത്തിക സഹായം ചെയ്യണമെന്നാണ്.
മജീദ് സാഹിബിന്റെ നിഴല്‍ പോലെ എന്നും കൂെടയുണ്ടായിരുന്ന ഭാര്യ അനീസ സാഹിബയും പ്രദേശത്തെ ജനസേവന പ്രവര്‍ത്തനങ്ങളിെല സജീവ സാന്നിധ്യമാണ്. എസ്.ഐ.ഒ പാലക്കാട് ജില്ലാ പ്രസിഡന്റായിരുന്ന മകന്‍ ഫാസിലടക്കം മുഴുവന്‍ കുടുംബത്തെയും ഇസ്‌ലാമിക പ്രവര്‍ത്തകരാക്കി മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു.

അബ്ദുല്ലാ ഹസനാര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (48-54)
ടി.കെ ഉബൈദ്‌