Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 20

3144

1441റജബ് 25

ഖുര്‍ആന്‍ സത്യം ചെയ്ത് പറയുമ്പോള്‍

നൗഷാദ് ചേനപ്പാടി

വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു അവന്റെ പല സൃഷ്ടികളെക്കൊണ്ടും സത്യം ചെയ്ത് പല കാര്യങ്ങളും നമുക്കു വിശദീകരിച്ചു തന്നിട്ടുണ്ട്. എന്തിനെക്കൊണ്ടാണോ സത്യം ചെയ്തിട്ടുള്ളത്, അതിനെപ്പറ്റി ചിന്തിക്കുമ്പോള്‍ തുടര്‍ന്നു പറയുന്ന കാര്യം സത്യമാണെന്നും ശരിയാണെന്നും നമുക്കു മനസ്സിലാകും. വശ്ശംസി, വല്‍ഫജ്‌രി, വല്ലൈലി, വത്തീനി തുടങ്ങി അവന്റെ സൃഷ്ടികളായ പ്രപഞ്ച പ്രതിഭാസങ്ങളെ മുന്‍നിര്‍ത്തി സത്യം ചെയ്യുന്നു. അവന്റെ കലാമായ ഖുര്‍ആനെക്കൊണ്ടും സത്യം ചെയ്യും. ചിലപ്പോള്‍  സൂറ: യാസീനിന്റെ ആദ്യത്തില്‍ കാണുന്നപോലെ: 'യുക്തിപൂര്‍ണമായ ഖുര്‍ആനെക്കൊണ്ട് സത്യം.' തുടര്‍ന്നു പറയുന്നതോ, 'നിശ്ചയം താങ്കള്‍ ദൈവദൂതന്മാരില്‍പെട്ടവന്‍ തന്നെയാണ്' എന്ന യാഥാര്‍ഥ്യവും. നബി(സ) എഴുത്തും വായനയും അറിയാത്ത ആളായിരുന്നല്ലോ. ഈ ഖുര്‍ആനോ എക്കാലത്തെയും അറബിഭാഷാ സാഹിത്യത്തിന്റെയും അലങ്കാരത്തിന്റെയും ഏറ്റവും സമുന്നത മാതൃകയും.
അതില്‍ വിവരിച്ച ചരിത്ര പ്രവചനങ്ങള്‍ ആ കാലത്തുതന്നെ പുലര്‍ന്നത്  അവര്‍ കണ്ടിട്ടുമുണ്ട്. അതില്‍ കാണുന്ന ശാസ്ത്രീയ പരാമര്‍ശങ്ങള്‍ ഇന്നോളം സത്യമായി പുലര്‍ന്നിട്ടേയുള്ളൂ. എല്ലാറ്റിലുമുപരി ലോകത്തേറ്റവും ദുഷിച്ചു കഴിഞ്ഞിരുന്ന ഒരു ജനവിഭാഗത്തെ മാലാഖമാരേക്കാള്‍ ഉന്നതരായ മനുഷ്യരാക്കിയ വിപ്ലവഗ്രന്ഥം. പതിനാലു നൂറ്റാണ്ടായി കോടിക്കണക്കായ മനുഷ്യരെ നയിക്കുകയും നിയന്ത്രിക്കുകയും സംസ്‌കരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഗ്രന്ഥം. മനുഷ്യചരിത്രത്തിലിന്നോളം അങ്ങനെയൊരു ഗ്രന്ഥം ലോകത്ത് ഉണ്ടായിട്ടേയില്ല. ചുരുക്കത്തില്‍ ഏറ്റവും വലിയ ദാര്‍ശനികന്നോ ശാസ്ത്രകാരന്നോ സാഹിത്യസാമ്രാട്ടിനോ അതുപോലൊരു ഗ്രന്ഥം രചിക്കാന്‍ കഴിഞ്ഞിട്ടില്ല.  അവിടെയാണ് പതിനാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് മുഹമ്മദ് എന്ന വ്യക്തി ഞാന്‍ ലോകത്തിനാകമാനമുള്ള നബിയും റസൂലുമാണെന്നും ഈ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണെന്നും എന്നില്‍ വിശ്വസിച്ച് എന്നെ പിന്തുടര്‍ന്നാല്‍ മാത്രമേ ഇഹത്തിലും പരത്തിലും നിങ്ങള്‍ക്കു രക്ഷയുള്ളൂ എന്നും അവകാശപ്പെട്ടുകൊണ്ട് രംഗത്തുവരുന്നത്. അതിന് തെളിവോ ഇതാ ഈ ഗ്രന്ഥം എന്നും. അതിനെ ഹകീം- യുക്തിപൂര്‍ണമായത്- എന്നും വിശേഷിപ്പിച്ചിരിക്കുന്നു. ഒരിക്കലും ഒരു നിരക്ഷരന് സാധിക്കാത്ത അത്ഭുത പ്രതിഭാസം. ഈ ഗ്രന്ഥത്തെപ്പറ്റി നിങ്ങള്‍ പഠിച്ചു നോക്കൂ. അപ്പോള്‍ നിങ്ങള്‍ക്കു വ്യക്തമായും ബോധ്യപ്പെടും മുഹമ്മദ് എന്ന വ്യക്തി അല്ലാഹുവിന്റെ റസൂലാണെന്ന്. ഇതാണ് ഖുര്‍ആന്‍കൊണ്ട് സത്യം ചെയ്തു പറഞ്ഞതിന്റെ പ്രധാന യുക്തി.
എന്നാല്‍ മനുഷ്യന്‍ അല്ലാഹുവിനെക്കൊണ്ടു മാത്രമേ സത്യം ചെയ്യാവൂ. അത് അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ഭാഗമാണ്. നബി(സ)പറഞ്ഞു: ''ആര് അല്ലാഹുവല്ലാത്തവയെക്കൊണ്ട് സത്യം ചെയ്തുവോ അവന്‍ നിഷേധിയായിരിക്കുന്നു, അല്ലെങ്കില്‍ അല്ലാഹുവില്‍ പങ്കു ചേര്‍ത്തവനായിരിക്കുന്നു''- തിര്‍മിദി ഉദ്ധരിച്ച ഹദീസ്. ഇത് ശിര്‍ക്ക് അസ്ഗറാ- ഏറ്റവും ചെറിയ ശിര്‍ക്ക്-ണെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിരിക്കുന്നു. അഥവാ മില്ലത്തില്‍നിന്നും പുറത്തുപോകുന്ന ശിര്‍ക്ക് അക്ബര്‍- ഏറ്റവും വലിയ ശിര്‍ക്ക്- അല്ലെന്ന് സാരം. 
ഇതുപോലെ അല്ലാഹു സത്യം ചെയ്തുപറഞ്ഞ അവന്റെ സൃഷ്ടികളെപ്പറ്റി ചിന്തിച്ചു നോക്കൂ. ഖുര്‍ആന്റെ മുഅ്ജിസത്ത്- അമാനുഷികത- നമുക്കു ബോധ്യപ്പെടും. സത്യം ചെയ്തുകൊണ്ടു തുടങ്ങുന്ന ചെറിയ ഒരു  സൂറത്താണല്ലോ സൂറ അല്‍അസ്വ്ര്‍.
എന്താണതിന് കാരണം? അതിന്റെ യുക്തി? അസ്വ്ര്‍, ദഹ്ര്‍, സമന്‍, സാഅത്ത്, മുദ്ദത്ത്, വഖ്ത്ത് ഇവക്കെല്ലാം മലയാളത്തില്‍ സമയം, കാലം എന്നീ അര്‍ഥങ്ങളാണ് പറയുക. എന്നാല്‍ ഇവ തമ്മില്‍ സൂക്ഷ്മമായ വ്യത്യാസങ്ങളുണ്ട്. അവ വേര്‍തിരിച്ചു പഠിച്ചാലേ ഖുര്‍ആനിക പ്രയോഗങ്ങളുടെ ശരിയായ അര്‍ഥം ഗ്രഹിക്കാന്‍ സാധിക്കുകയുള്ളൂ.
അസ്വ്ര്‍ എന്നാല്‍ 'അസ്സമനുല്‍ മാളി' കഴിഞ്ഞകാലം എന്നാണ് ഒരര്‍ഥം. ഒരു സെക്കന്റ് കഴിഞ്ഞാലും കഴിഞ്ഞ കാലമാണല്ലോ. തുടര്‍ന്നു പറയുന്ന വിശേഷണങ്ങള്‍ ഇല്ലാത്തവരെല്ലാം കഴിഞ്ഞ കാലത്ത് മഹാനഷ്ടത്തില്‍ പെട്ടുപോയവരുമാണല്ലോ. 
ഒരു വസ്തുവിന്റെ സത്ത് കിട്ടാനായി അതിനെ എല്ലാ വശത്തുനിന്നും ശക്തിയായി അമര്‍ത്തുകയും പിഴിയുകയും ചെയ്യുക എന്നതാണ് 'അസ്വ്ര്‍' എന്ന പദത്തിന്റെ അടിസ്ഥാനാര്‍ഥം. 'അസ്വര്‍ത്തുസ്സൗബ' എന്നാല്‍ കഴുകിയ തുണിയിലെ വെള്ളം പുറത്തുപോകാന്‍ ഞാനതിനെ അമര്‍ത്തി പിഴിഞ്ഞു എന്നര്‍ഥം. 'അസ്വറല്‍ ഇനബ വ നഹ്‌വഹു' എന്നാല്‍ 'ഇസ്തഖ്‌റജ മാഫീഹി' എന്നര്‍ഥം. അതായത് മുന്തിരിയോ  അതുപോലെയുള്ള പഴങ്ങളില്‍ നിന്നോ അതിന്റെ ചാറു കിട്ടാന്‍ അതിനെ പിഴിഞ്ഞു. പഴച്ചാറിന് അറബിയില്‍ 'അസ്വീര്‍' എന്നാണ് പറയുക. പിഴിഞ്ഞെടുത്തത് എന്നു സാരം. മഴ തരുന്ന മേഘങ്ങളെ 'മുഉസ്വിറാത്ത്' എന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നുണ്ട്. ആ മേഘങ്ങളെ കാറ്റ് ശക്തിയായി അമര്‍ത്തുമ്പോഴാണല്ലോ മഴ പെയ്യുന്നത്. 
ഈ ഭാഷാപ്രയോഗങ്ങളില്‍നിന്ന് നിങ്ങളുടെ ആയുസ്സാകുന്ന  കാലത്തെ, സമയത്തെ നന്നായി അമര്‍ത്തി പിഴിഞ്ഞ് അതിന്റെ ഫലമെടുക്കുക എന്നാണതിന്റെ പൊരുള്‍ എന്നു വ്യക്തമാകുന്നു. അതായത് ജനിച്ചതു മുതല്‍ മരണം വരെയുള്ള സമയം അഥവാ കാലമാണല്ലോ ഒരു മനുഷ്യന്റെ ആയുസ്സ് എന്നു പറയുന്നത്. അതില്‍ തന്റെ സ്രഷ്ടാവും പരിപാലകനും ആരാധ്യനുമായ അല്ലാഹുവില്‍  വിശ്വസിച്ചുകൊണ്ടും അവന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ചുകൊണ്ടും ആ വിശ്വാസത്തിനനുയോജ്യമായ കര്‍മങ്ങള്‍ ചെയ്ത്, ആ കാലത്തെ, ആയുസ്സിനെ 'നന്നായി പിഴിഞ്ഞെടുക്കുക.' അല്ലാത്തവരെല്ലാം മഹാനഷ്ടത്തിലാണ്. എന്നുമാത്രമല്ല ആ മഹാനഷ്ടത്തില്‍ പെട്ടുപോകാതിരിക്കാനായി തനിക്ക് അല്ലാഹു നല്‍കിയ മഹാ അനുഗ്രഹമായ ആ വിശ്വാസത്തെ മനുഷ്യസമൂഹത്തിന് ഉപദേശിച്ചു കൊടുക്കുകയും അതിന്റെ മാര്‍ഗത്തില്‍ അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങളെ ക്ഷമകൊണ്ടും സഹനം കൊണ്ടും ഉപദേശിച്ചും ആ സമയത്തെ പിഴിഞ്ഞെടുക്കണം. അല്ലാത്തവരെല്ലാം ആ കൊടിയ നഷ്ടത്തില്‍ ആപതിച്ചിരിക്കും. ഈ ഒരു മാനദണ്ഡത്തില്‍ വേണം നമ്മുടെ ജീവിതത്തെ വിലയിരുത്താന്‍. ഇവിടംവരെയുള്ള കാലത്തെ ഈ രീതിയിലാണോ നാം പിഴിഞ്ഞെടുത്തിട്ടുള്ളത്? പിഴിഞ്ഞെടുത്ത ആ ചാറുമായിട്ടാണോ നമ്മുടെ പരലോകയാത്ര?

Comments

Other Post

ഹദീസ്‌

മൂന്നു കാര്യങ്ങള്‍ ഹൃദയത്തെ നിര്‍മലമാക്കും
മുഹമ്മദ് സ്വാലിഹ് മുന്‍ജിദ്‌

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (14-16)
ടി.കെ ഉബൈദ്‌