Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 20

3144

1441റജബ് 25

വരുംകാലത്തിന്റെ നാഡിമിടിപ്പുകള്‍

മെഹദ് മഖ്ബൂല്‍

വേഗതയുടെ കാലമാണിത്. ഒന്ന് ശ്രദ്ധ തെറ്റിയാല്‍ കിലോമീറ്ററുകളോളം പിറകിലായിപ്പോകും. ഒരു ദിവസം എന്തെങ്കിലും തിരക്കുകള്‍ കാരണം സോഷ്യല്‍ മീഡിയയില്‍ വരാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ അവിടെ നടക്കുന്ന  ചര്‍ച്ചകള്‍ മനസ്സിലാകില്ല എന്നതുപോലെ തന്നെയാണ് ലോകത്ത് നടക്കുന്ന ചലനങ്ങളും. മുമ്പ് അങ്ങനെയായിരുന്നല്ലോ എന്ന തീര്‍പ്പില്‍ എന്തെങ്കിലും  ചെയ്യാന്‍ ശ്രമിച്ചാല്‍ കാര്യങ്ങള്‍ അവതാളത്തിലാകും. കാരണം പണ്ടത്തെ പോലെയല്ല ഒന്നും. ഇന്നലത്തെ പോലെ പോലും അല്ല. അത്ര വേഗതയിലാണ് കാര്യങ്ങള്‍ മാറിമറിയുന്നത്. മനുഷ്യന്റെ കഴിഞ്ഞതും വരാനിരിക്കുന്നതുമായ ലോകങ്ങളെ കുറിച്ച് ഏറെ എഴുതിയ എഴുത്തുകാരനാണ് യുവാല്‍ നോവ ഹരാരി. അദ്ദേഹത്തിന്റെ ഹോമോസാപ്പിയന്‍സ്, ഹോമോ ദിയൂസ് എന്ന പുസ്തകങ്ങളെല്ലാം ബെസ്റ്റ് സെല്ലറുകളാണ്. മനുഷ്യന്റെ കഴിഞ്ഞ കാലത്തെ കുറിച്ചും വരാനിരിക്കുന്ന കാലത്തെ കുറിച്ചും എഴുതിക്കഴിഞ്ഞ ശേഷം വര്‍ത്തമാന കാലത്തെ കുറിച്ച് ഒന്നും എഴുതിയില്ലല്ലോ എന്ന തോന്നലില്‍നിന്നാണ് അദ്ദേഹം 21 ഘലീൈി െഎീൃ വേല 21േെ ഇലിൗേൃ്യ  എന്ന പുസ്തകം എഴുതുന്നത്. അതില്‍ വിദ്യാഭ്യാസത്തെ കുറിച്ച നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്.  
ഈ കാലത്ത് ജനിക്കുന്ന കുട്ടികള്‍ക്ക് 2050-ലാകും മുപ്പത് വയസ്സാവുക. 2100 വരെയൊക്കെ ചിലപ്പോള്‍ അവര്‍ ജീവിക്കുമായിരിക്കും. ഇരുപത്തി രണ്ടാം നൂറ്റാണ്ടിലെ പൗരന്മാരാകാന്‍ പോകുന്ന കുട്ടികള്‍ക്ക് നമ്മളെന്താണ് ഇന്ന് പഠിപ്പിക്കേണ്ടത് എന്ന് അദ്ദേഹം ചോദിക്കുന്നു. 
''ആ കാലത്ത് അതിജീവിക്കാന്‍ അവര്‍ക്ക് എന്തെല്ലാം കഴിവുകളായിരിക്കും വേണ്ടത്? 2050-ലെയും 2100-ലെയും ലോകം എന്തായിരിക്കും? ''
മനുഷ്യന്റെ ഭാവിയെ കുറിച്ച് നമുക്കൊട്ടും പ്രവചിക്കാന്‍ കഴിയില്ല എന്നതാണ് ഈ ചോദ്യങ്ങളുടെ പ്രശ്‌നം. വരുംകാലത്തിന്റെ നാഡിമിടിപ്പുകള്‍ എന്തു മാപിനി കൊണ്ട്  നമ്മള്‍ തൊട്ടറിയും?
 ടെക്‌നോളജി അതിവേഗമാണ് കുതിക്കുന്നത്. 
ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്കും ഭാവിയെകുറിച്ച് വലിയ ധാരണയില്ലായിരുന്നു എന്നദ്ദേഹം പറയുന്നു. 
''എങ്കിലും 1018-ലെ ജനങ്ങള്‍ 1050-ലും കര്‍ഷകരും മറ്റുമൊക്കെ തന്നെയായിരുന്നു. ഇന്ന് പക്ഷേ അങ്ങനെയല്ല. 2050-ല്‍ എന്താകും ലോകം എന്ന് നമുക്ക് ഒരു പിടിയുമില്ല.''
സ്‌കൂളുകള്‍ കുട്ടികളില്‍ വിവരങ്ങള്‍ കുത്തിനിറച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അറിവുകള്‍ ശേഖരിക്കാന്‍ പ്രയാസമായിരുന്ന കാലത്താണ് അങ്ങനെ ചെയ്തിരുന്നത്. 1800-ല്‍ ഉള്‍നാടുകളില്‍ താമസിക്കുന്നവര്‍ക്ക് ലോകത്തിന്റെ വൈവിധ്യത്തെ കുറിച്ച് അറിയാന്‍ പ്രയാസമായിരുന്നു. അന്ന് റേഡിയോ ഇല്ല, ടെലിവിഷന്‍ ഇല്ല, ദിനപ്പത്രങ്ങളില്ല, പബ്ലിക് ലൈബ്രറികളില്ല. നിങ്ങള്‍ക്ക് വായിക്കാനറിയുമെങ്കില്‍ പ്രൈവറ്റ് ലൈബ്രറിയില്‍ പോകാം. അവിടെ തന്നെ പരിമിതമായ നോവലുകളും മതഗ്രന്ഥങ്ങളും മാത്രമേ കാണൂ. 
വിവരങ്ങളുടെ അതിപ്രസരമുള്ള ഈ കാലത്ത് തെറ്റും  ശരിയും വേര്‍തിരിക്കാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടത് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്.  
''2050-ല്‍ എങ്ങനെയാകും ലോകം എന്നറിയാത്തതുകൊണ്ടുതന്നെ എന്തു തരത്തിലുള്ള കഴിവുകളാണ് കുട്ടികള്‍ക്ക് വേണ്ടത് എന്ന് യാതൊരു ധാരണയും നമുക്കില്ല. 2050-ല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ച എങ്ങനെയാകും എന്ന് ആലോചിക്കാന്‍ പോലും കഴിയില്ല. മനുഷ്യരേക്കാള്‍ സുന്ദരമായി കാര്യങ്ങള്‍ യന്ത്രങ്ങള്‍ ചെയ്യുമായിരിക്കും.''
അതുകൊണ്ട് കുട്ടികളോട് ഇലാസ്തികതയുള്ളവരായി മാറാനാണ് യുവാല്‍ നോവ ഹരാരി ഉപദേശിക്കുന്നത്. അവര്‍ എത്തിപ്പെടുന്ന കാലത്ത് അന്ന് ലഭിക്കുന്ന അവസരത്തിനനുസരിച്ച് മാറാന്‍ അവര്‍ക്ക് സാധിക്കണം. പഠിച്ച കാര്യങ്ങളാകില്ല ചിലപ്പോള്‍ അവര്‍ക്ക് പ്രയോജനപ്പെടുക. ട്രക്ക് ഡ്രൈവറായ ഒരാള്‍ക്ക് ഡ്രൈവര്‍ലെസ് വാഹനങ്ങള്‍ വരുന്നതോടെ ആ ജോലി നഷ്ടപ്പെടും. അപ്പോള്‍ ആ സാഹചര്യത്തിനനുസരിച്ച് മാറാനുള്ള ശേഷി വിദ്യാഭ്യാസത്തില്‍നിന്ന് അവര്‍ക്ക് ലഭിക്കണം. 
ചെറുപ്പക്കാരാണ് ലോകത്ത് മാറ്റങ്ങള്‍ കൊണ്ടു വരിക എന്നും  അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്:  
''മാറ്റം എപ്പോഴും സമ്മര്‍ദങ്ങളുണ്ടാക്കും. ഒരു പ്രായമെത്തിയാല്‍ നിങ്ങള്‍ക്ക് മാറ്റം ഇഷ്ടമില്ലാതെ വരും. പതിനഞ്ച് വയസ്സാകുമ്പോള്‍ നിങ്ങള്‍ ചെയ്ഞ്ചിന്റെ ലോകത്താകും. മനസ്സും ശരീരവും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. എല്ലാറ്റിനോടും കൗതു കമായിരിക്കും. പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ആവേശമായിരിക്കും. ലോകം മൊത്തം കീഴടക്കണമെന്ന് തോന്നും. ഒരു അമ്പത് വയസ്സാകുമ്പോള്‍ ചെയ്ഞ്ച് വേണം എന്ന ആഗ്രഹം അധിക പേര്‍ക്കും ഇല്ലാതാകും.''

Comments

Other Post

ഹദീസ്‌

മൂന്നു കാര്യങ്ങള്‍ ഹൃദയത്തെ നിര്‍മലമാക്കും
മുഹമ്മദ് സ്വാലിഹ് മുന്‍ജിദ്‌

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (14-16)
ടി.കെ ഉബൈദ്‌