Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 20

3144

1441റജബ് 25

മുഹമ്മദ് ഇമാറ ഇസ്‌ലാമിക ധാരയിലെത്തിയ ഇടത് ധിഷണ

വി.എ കബീര്‍

കഴിഞ്ഞ ഫെബ്രുവരി 29-ന് ട്വിറ്റര്‍ തുറന്നപ്പോള്‍ യാദൃഛികമായാണ് ഡോ. മുഹമ്മദ് ഇമാറയുടെ ചരമത്തില്‍ ഒരു അറബ് അനുശോചനം ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ഈജിപ്ഷ്യന്‍ പത്രപ്രവര്‍ത്തകരായ സലീം അസൂസിന്റെയും സാമി കമാലുദ്ദീന്റെയും ട്വീറ്റുകള്‍ കണ്ടതോടെ വാര്‍ത്തക്ക് സ്ഥിരീകരണമായി. ഈജിപ്തിലെ അവസാനത്തെ ചിന്തകനും മരിച്ചു എന്നായിരുന്നു അസൂസിന്റെ ട്വീറ്റ്. താമസിയാതെ മകന്‍ ഖാലിദ് ഇമാറയുടെ ചരമ അറിയിപ്പ് അസ്ഹറില്‍ പഠിക്കുന്ന കാസര്‍കോട്ടുകാരന്‍ അല്‍താഫ് വാട്ട്‌സ് ആപ്പ് ചെയ്തു തന്നു. അനായാസേന മരണം. അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട്, ഭാര്യക്കു വേണ്ടി പ്രാര്‍ഥിച്ച്, മക്കളോടും പേരക്കുട്ടികളോടും സ്‌നേഹം പ്രകടിപ്പിച്ച്, ആരെക്കുറിച്ചും പരാതിയില്ലാതെ, എല്ലാവരോടും ക്ഷമിച്ച്, തന്റെ വൈജ്ഞാനിക പൈതൃകം ലോകോപകാരത്തിനായി സമര്‍പ്പിച്ചുകൊണ്ടാണ് ആ മഹാനുഭാവന്‍ കണ്ണടക്കുന്നത്. 'പ്രശാന്തമായ മനസ്സേ, സംപ്രീതയായും പ്രീതിയേകിയും നിന്റെ വിധാതാവിങ്കലേക്ക് മടങ്ങുക' എന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ സാക്ഷാത്കാരം. ഇസ്‌ലാമിക ചിന്താ ലോകത്തെ ആ ഐക്കണിനെ ഡോ. യൂസുഫുല്‍ ഖറദാവി വിശേഷിപ്പിച്ചത് എത്ര അന്വര്‍ഥം! 'ദാര്‍ശനികന്റെ ധിഷണയും സൂഫിയുടെ ചേതനയും നിയമമീമാംസകന്റെ കൃത്യതയും പ്രബോധകന്റെ ആവേശവും സാഹിത്യകാരന്റെ മസൃണതയും പോരാളിയുടെ നിശ്ചയദാര്‍ഢ്യവും സമഞ്ജസം സമ്മേളിതമായ വ്യക്തിത്വം. അദ്ദേഹം ദന്തഗോപുരവാസിയോ മഠങ്ങളിലെ ഏകാന്ത ധ്യാന താപസനോ ആയിരുന്നില്ല. പോരാട്ടത്തിന്റെ ഹൃദയഭൂമിയില്‍ ഇസ്‌ലാമിക ചിന്തയുടെ ജാഗരൂകനായ കാവല്‍ഭടനായാണ് അദ്ദേഹം ജീവിതം ജീവിച്ചുതീര്‍ത്തത്.' ഈജിപ്ഷ്യന്‍ വെള്ളിത്തിരയിലെ ഏതെങ്കിലും താരമാണ് അസ്തമിച്ചതെങ്കില്‍ അറബ് മാധ്യമങ്ങളിലുടനീളം അത് തത്സമയ വാര്‍ത്തയായിട്ടുണ്ടാകുമായിരുന്നു. രണ്ടു ദിവസം കഴിഞ്ഞിട്ടാണ് ഖാലിദ് ഇമാറയുടെ ചരമക്കുറിപ്പ് കാണുന്നതെന്ന് പ്രമുഖ അറബ് കോളമിസ്റ്റായ യാസിര്‍ സആതിറ ഖേദിക്കുന്നു. മലയാളത്തില്‍ നാലു ദിവസം പിന്നിട്ടിട്ടും ഇതെഴുതുമ്പോഴും നമ്മള്‍ പ്രതീക്ഷിക്കുന്ന മാധ്യമങ്ങളില്‍ പോലും ഇതൊരു വാര്‍ത്തയായിട്ടില്ല. ഇമാറയുടെ കൃതികളുമായി പരിചയമുള്ളവര്‍ക്കേ ഇസ്‌ലാമിക ചിന്താലോകത്തിന് എത്ര വലിയൊരു പ്രതിഭയാണ് നഷ്ടപ്പെട്ടതെന്ന് മനസ്സിലാകൂ.
ഓര്‍മകള്‍ പിന്നോട്ടു പോകുമ്പോള്‍ '90-കളുടെ അന്ത്യത്തില്‍ ഇമാറ ഖത്തറില്‍ വന്നത് മനസ്സില്‍ തെളിയുന്നു. ഖത്തറിലെ ഔദ്യോഗിക വേദികളുടെ ക്ഷണമനുസരിച്ചായിരുന്നു ആ സന്ദര്‍ശനം. രണ്ട് പ്രഭാഷണങ്ങള്‍ അന്ന് അദ്ദേഹം നടത്തുകയുണ്ടായി: ഒന്ന്, ഖത്തര്‍ നാടക തിയേറ്ററിലും മറ്റൊന്ന് ജസ്‌റ ക്ലബ് ഹാളിലും. രണ്ടിലും നിറഞ്ഞ സദസ്സില്‍ ശ്രോതാവായി ലേഖകനുമുണ്ടായിരുന്നു. സാധാരണ ഈജിപ്തുകാര്‍ ധരിക്കാറുള്ള സ്യൂട്ടോ സഈദികളുടെ ജില്‍ബാബോ അസ്ഹരികളുടെ ത്വര്‍ബൂശോ ആയിരുന്നില്ല അദ്ദേഹത്തിന്റെ വേഷം. കഴുത്തറ്റം മറക്കുന്ന ഉള്‍വസ്ത്രത്തിനു മുകളില്‍ കസവു വരകളുള്ള സുതാര്യമായ ശുഭ്രമേലാടയാല്‍ ഗാംഭീര്യവും സൗന്ദര്യവും സ്ഫുരിക്കുന്ന ആ കുലീന വേഷം ഇപ്പോഴും മനോമുകുരത്തില്‍ തെളിഞ്ഞുനില്‍ക്കുന്നു. ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെയും ഇസ്‌ലാമിക ചിന്തയുടെയും സമകാലിക വര്‍ത്തമാനങ്ങളായിരുന്നു പ്രഭാഷണ വിഷയം. പ്രസംഗാനന്തരം തുറന്ന സംവാദങ്ങളുമുണ്ടായി. സദസ്സിന്റെ ചോദ്യങ്ങള്‍ക്കൊക്കെ അദ്ദേഹം ഒട്ടും മുഷിയാതെ തൃപ്തികരമായ മറുപടി നല്‍കി. ഈജിപ്ഷ്യന്‍ പ്രസിഡന്റായിരുന്ന ജമാല്‍ അബ്ദുന്നാസിറും മുസ്‌ലിം ബ്രദര്‍ഹുഡും തമ്മിലുണ്ടായ ഏറ്റുമുട്ടലും ചോദ്യങ്ങളില്‍ ഉയര്‍ന്നുവരികയുണ്ടായി. ഫ്രീ ഓഫീസേഴ്‌സ് വിപ്ലവാനന്തരം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും നിരോധിച്ച നാസിര്‍ ബ്രദര്‍ഹുഡിന് മാത്രമാണ് പ്രവര്‍ത്തന സ്വാതന്ത്ര്യമനുവദിച്ചിരുന്നത്. പക്ഷേ, രാഷ്ട്രീയ ഇടപെടല്‍ സമ്മതിച്ചില്ല. ബ്രദര്‍ഹുഡിനെ സ്വന്തം ചിറകിലൊതുക്കാനായിരുന്നു നാസിറിന്റെ ശ്രമം. ബ്രദര്‍ഹുഡിന് കൂടി പങ്കാളിത്തമുള്ള വിപ്ലവത്തിന്റെ അവകാശത്തര്‍ക്കമായി മാറുകയായിരുന്നു ഇത്. നാസിറും മുസ്‌ലിം ബ്രദര്‍ഹുഡും തമ്മിലുണ്ടായ അധികാര വടംവലി ഒരു ദുരന്തത്തില്‍ കലാശിക്കുകയായിരുന്നുവെന്നും അത് ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അറബ് ലോകത്തിന്റെ തന്നെ ചിത്രം മറ്റൊന്നാകുമായിരുന്നുവെന്നും ഇമാറ അന്ന് പറഞ്ഞത് ഓര്‍ക്കുന്നു.
അല്‍ജസീറ ചാനലില്‍ കണ്ട ഡോ. നസ്ര്‍ അബൂസൈദുമായുള്ള സംവാദമാണ് മറ്റൊരു ഓര്‍മ. ഇടത് സെക്യുലര്‍ ബുദ്ധിജീവിയായ അബൂസൈദിനെ മുബാറകിന്റെ  കാലത്തെ കോടതി ഇസ്‌ലാമില്‍നിന്ന് പുറത്താക്കുക മാത്രമല്ല ദാമ്പത്യബന്ധം തന്നെ റദ്ദാക്കിയ സമയത്താണ് ഈ സംവാദം നടക്കുന്നത്. കോടതിവിധിയെ തുടര്‍ന്ന് നസ്ര്‍ അബൂസൈദും ഭാര്യ ഡോ. ഇബ്തിഹാല്‍ യൂനുസും ഈജിപ്ത് വിടുകയായിരുന്നു. കോടതിവിധിയുടെ ശരിതെറ്റുകളായിരുന്നില്ല ചാനല്‍ സംവാദത്തില്‍ ഇമാറയുടെ വിഷയം. അതൊരു കോടതി വിഷയമല്ലെന്നായിരുന്നു ഇമാറയുടെ ഉറച്ച നിലപാട്. ചിന്തകള്‍ കണ്ടുകെട്ടുന്നതിനോട് അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല. അത് കോടതിയോ അഭിഭാഷകരോ തീര്‍പ്പു കല്‍പിക്കേണ്ട പ്രശ്‌നമല്ല. ധൈഷണിക സംവാദത്തിലൂടെ തെളിച്ചം നല്‍കേണ്ട, വൈകാരിക സമീപനം ഒഴിവാക്കി വസ്തുനിഷ്ഠ വിശകലനത്തിലൂടെ പ്രതിരോധിക്കേണ്ട ആശയസമരമാണെന്ന നിലപാടുകാരനായിരുന്നു ഡോ. ഇമാറ.
നസ്ര്‍ അബൂസൈദ് ചിന്തകളുടെ മര്‍മത്തെ പ്രഹരിക്കുന്നതായിരുന്നു അല്‍ജസീറ ചാനലിലെ ഇമാറയുടെ ഇടപെടല്‍. ആറാം നൂറ്റാണ്ടിലെ അറേബ്യന്‍ സാഹചര്യങ്ങളുടെ ഉല്‍പന്നമാണ് ഖുര്‍ആന്‍ എന്നും അതിന്റെ ഗുണഭോക്താവായി രംഗപ്രവേശം ചെയ്ത തന്ത്രശാലിയായ സാമൂഹിക പരിഷ്‌കര്‍ത്താവാണ് പ്രവാചകനെന്നുമാണ് നസ്ര്‍ അബൂസൈദിന്റെ വാദം. 'മഫ്ഹൂമുന്നസ്വ്: ദിറാസത്തുന്‍ ഫീ ഉലൂമില്‍ ഖുര്‍ആന്‍' എന്ന ബൃഹദ് ഗ്രന്ഥത്തില്‍ ഈയൊരു പ്രമേയമാണ് അദ്ദേഹം സമര്‍ഥിക്കുന്നത്. ഇസ്‌ലാമിന്റെ ഈ മാര്‍ക്‌സിസ്റ്റ് വ്യാഖ്യാനത്തിന് ഇടതുപക്ഷ ഫ്രഞ്ച് ഓറിയന്റലിസ്റ്റ് മാക്‌സിം റോഡിംഗ്‌സണിനോടുള്ള കടപ്പാട് വ്യക്തമാണ്. അബൂസൈദിന്റെ പുസ്തകങ്ങള്‍ നന്നായി വായിച്ചു പഠിച്ചാണ് ഇമാറ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയത്. അബൂ സൈദിന്റെ ഇടതുപക്ഷ ഖുര്‍ആന്‍ വായന ഒടുവിലെത്തിച്ചേരുക ഖുര്‍ആന്റെ വെളിപാട് സ്വഭാവത്തിനെ ചോദ്യം ചെയ്യുന്നതിലേക്കാണ്. നസ്‌റിനെ തുറന്നുകാട്ടാന്‍ ഇമാറക്ക് ഏറെ അധ്വാനിക്കേണ്ട ആവശ്യമില്ലായിരുന്നു. ചര്‍ച്ചയിലുടനീളം നസ്‌റിനെ ഇമാറ സമൃദ്ധമായി ഉദ്ധരിച്ചപ്പോള്‍ നസ്ര്‍ ഉത്തരം മുട്ടിയത് സ്വാഭാവികം. തന്നെത്തന്നെ നിഷേധിക്കാന്‍ കഴിയാത്ത ഗതികേടിലാണ് അദ്ദേഹം ചെന്നുപെട്ടത്. അതിനിടെ ഫോണ്‍ വഴി ഇടപെട്ട ഖത്തര്‍ യൂനിവേഴ്‌സിറ്റി പ്രഫസറും യമനീ ബുദ്ധിജീവിയുമായ ഡോ. മുഹമ്മദ് മുസ്ഫിര്‍ അവതാരകനോട് ഡോ. ഇമാറ വിഷയം നന്നായി പഠിച്ചു വന്നിരിക്കുകയാണെന്നത് വ്യക്തമാണെങ്കിലും ഡോ. അബൂസൈദിന് അല്‍പം സാവകാശം നല്‍കണമെന്ന് പറയുന്നതു കേള്‍ക്കാമായിരുന്നു!
പൂര്‍വാശ്രമത്തില്‍ ഇടതുപക്ഷ ധാരയിലായിരുന്നതിനാല്‍ അവരുടെ ആവനാഴിയിലെ ആയുധങ്ങളെയൊക്കെ എളുപ്പം പ്രതിരോധിക്കാന്‍ ഇമാറക്ക് കഴിഞ്ഞിരുന്നു. പാരമ്പര്യ മതപണ്ഡിതന്മാരെ അപേക്ഷിച്ച് ഇടത് ബുദ്ധിജീവികള്‍ അദ്ദേഹത്തെ ഭയപ്പെട്ടതും അതുകൊണ്ടുതന്നെ.
'ഇസ്‌ലാമിന് മാര്‍ക്‌സിസ്റ്റ് വ്യാഖ്യാനം' (അത്തഫ്‌സീറുല്‍ മാര്‍കിസി ലില്‍ ഇസ്‌ലാം) എന്ന കൃതിയുടെ മുഖവുരയില്‍ ഡോ. അബൂസൈദിനെ ആദ്യമായി പരിചയപ്പെട്ടത് ഇമാറ സൂചിപ്പിക്കുന്നുണ്ട്. ഈജിപ്ഷ്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ നേതൃനിരയില്‍പെട്ട ഒരാളുടെ നിര്യാണത്തില്‍ അനുശോചിക്കാന്‍ പോയ സന്ദര്‍ഭത്തിലായിരുന്നു അത്. ഈജിപ്തിലെ കമ്യൂണിസ്റ്റ് സ്ഥാപക നേതാക്കളിലൊരാളായ പരേതനായ മഹ്മൂദ് അമീന്‍ അല്‍ ആലമിന്റെ അരികിലിരിക്കുകയായിരുന്നു ഇമാറ. അപ്പോള്‍ ഒരു യുവാവ് മുന്നോട്ടു വന്ന് മഹ്മൂദ് അമീനെയും പിന്നെ ഇമാറയെയും ഹസ്തദാനം ചെയ്ത ശേഷം  സ്വസ്ഥാനത്ത് ചെന്നിരുന്നു. അന്നേരം മഹ്മൂദ് ആലം ആ യുവാവിനെ ഇമാറക്ക് പരിചയപ്പെടുത്തിക്കൊടുത്തു; 'പാഠം വിശകലനം ചെയ്യുന്നതില്‍ മിടുക്കനായ എഴുത്തുകാരന്‍.'
മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രകാരന്‍ എന്നതിനേക്കാള്‍ സാഹിത്യ വിമര്‍ശകന്‍ എന്ന നിലയിലായിരുന്നു മഹ്മൂദ് ആലമിന്റെ പ്രസിദ്ധി. അതിനാല്‍ അദ്ദേഹം പാഠം എന്ന് പറഞ്ഞപ്പോള്‍ സാഹിത്യപാഠം (ഠലഃ)േ എന്നല്ലാതെ ഖുര്‍ആനിക പാഠമാണെന്ന് ആ സാങ്കേതിക പ്രയോഗത്തെക്കുറിച്ച് താന്‍ മനസ്സിലാക്കിയിരുന്നില്ലെന്ന് ഇമാറ പറയുന്നു. കലാ-സാഹിത്യ മേഖലകളില്‍ തന്റെ ശ്രദ്ധയില്‍ പെടാതെ പോയ ഏതെങ്കിലും പുതിയ സാഹിത്യ വിമര്‍ശകനായിരിക്കും ഡോ. നസ്ര്‍ എന്നേ ഇമാറ ധരിച്ചുള്ളൂ. അന്നു മുതല്‍ക്കേ ഡോ. നസ്‌റിനെ ഇമാറ ശ്രദ്ധിച്ചു തുടങ്ങുന്നുണ്ട്. ഈജിപ്തില്‍നിന്നും ബൈറൂത്തില്‍നിന്നും പുറപ്പെടുന്ന ഇടത് പ്രസിദ്ധീകരണങ്ങളൊക്കെ അപ്പോള്‍ ഡോ. നസ്‌റിന്റെ ലേഖനങ്ങള്‍ക്ക് പ്രത്യേക പരിഗണനയും നല്‍കുന്നുണ്ടായിരുന്നു.
സാഹിത്യ പാഠങ്ങളുടെ പ്രശ്‌നവത്കരണവും വിമര്‍ശ വിശകലനങ്ങളുമല്ല സമകാലിക ഇസ്‌ലാമിക ഉണര്‍വായിരുന്നു നസ്‌റിന്റെ താല്‍പര്യവിഷയമെന്നതായിരുന്നു ശ്രദ്ധേയമായ ഒരു കാര്യം. സമകാലിക അറബ് മാര്‍ക്‌സിസ്റ്റുകളില്‍ അപൂര്‍വമായൊരു പ്രവണതയായിരുന്നു അത്. തങ്ങളുടെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പദ്ധതികളുടെ ആഗോള പരാജയത്തിനു ശേഷം അവരില്‍ ചിലര്‍ സജീവമായൊരു രംഗമാണ് സമകാലിക ഇസ്‌ലാമിക ജാഗരണത്തിനെതിരെയുള്ള ചെറുത്തുനില്‍പ്. പൊതുവെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ചിന്തകന്മാരും മതവിശ്വാസങ്ങളെ തൊടുന്നതില്‍നിന്ന് അകലം പാലിക്കുക എന്ന നയം സ്വീകരിക്കുന്നവരായിരുന്നു; വിശിഷ്യാ ഈജിപ്തിലെ കമ്യൂണിസ്റ്റ് സംഘടനകള്‍. പാര്‍ട്ടി സ്‌കൂളുകളില്‍ പോലും വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെയോ ചരിത്രപരമായ ഭൗതികവാദത്തിന്റെയോ അടിസ്ഥാനത്തില്‍ മതപാരമ്പര്യങ്ങളെ വിശകലനം  ചെയ്യുന്ന പതിവ് അവര്‍ക്കില്ലാത്തതാണ്. അംഗങ്ങളെ പരസ്യമായി നാസ്തികത പഠിപ്പിക്കുന്നതു പോലും അവരുടെ സ്ട്രാറ്റജിക്ക് അന്യമായിരുന്നു. മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും മതവിമര്‍ശനങ്ങള്‍ ഓടിച്ചു പരാമര്‍ശിച്ച്, വിശ്വാസകാര്യങ്ങള്‍ നേരിട്ട് പരാമര്‍ശിക്കാതെ തദ്സ്ഥാനത്ത് ഭൗതികവാദം പ്രതിഷ്ഠിക്കുക എന്നതായിരുന്നു പാര്‍ട്ടി ക്ലാസ്സുകളില്‍ അവരുടെ പതിവു രീതി. ദൈവവിശ്വാസികളായ അംഗങ്ങള്‍ ക്ലാസ്സുകളില്‍ ഇതേപ്പറ്റി ചോദിക്കുമ്പോള്‍ അത്തരം പരാമര്‍ശങ്ങളൊക്കെ ക്രിസ്തു മതത്തെയും വര്‍ഗചൂഷകരായ യൂറോപ്യന്‍ ക്രൈസ്തവ പിന്തിരിപ്പന്‍ ദൈവശാസ്ത്രത്തെയും സംബന്ധിച്ചാണെന്ന മറുപടിയാണ് അവര്‍ നല്‍കാറ്. ഡോ. നസ്‌റിന്റെ മുന്‍ചൊന്ന ഖുര്‍ആന്‍ പഠനങ്ങള്‍ വായിച്ചപ്പോള്‍ കമ്യൂണിസ്റ്റുകള്‍ സമര്‍ഥമായി തങ്ങളുടെ പരമ്പരാഗത നയം കൈയൊഴിഞ്ഞോ എന്ന് സംശയമുദിച്ചതായി ഡോ. ഇമാറ എഴുതുന്നു. മാത്രമല്ല, ഇസ്‌ലാമിസ്റ്റുകള്‍ക്കെതിരെ തങ്ങളുടെ പരമ്പരാഗത ശത്രുക്കളായ ഇംപീരിയലിസ്റ്റുകളെയും ലിബറലുകളെയും കൂട്ടുപിടിച്ച് മുന്നണിയുണ്ടാക്കാനും അവര്‍ മടിച്ചില്ല. അതോടെയാണ് നസ്‌റിന്റെ എല്ലാ കൃതികളും പഠനവിധേയമാക്കി, ആ 'ചിന്താ പദ്ധതി'യെ പൊളിച്ചടുക്കാനുള്ള ഉദ്യമത്തില്‍ അദ്ദേഹം ചെന്നെത്തുന്നത്. അതിനിടെ ആറു പേര്‍ ചേര്‍ന്ന് നസ്ര്‍ ഹാമിദ് അബൂസൈദിനെതിരെ നല്‍കിയ കേസില്‍ കയ്‌റോ അപ്പീല്‍ കോര്‍ട്ട് അദ്ദേഹത്തിന്റെയും ഭാര്യയുടെയും ദാമ്പത്യബന്ധം നിയമപരമായി പിരിച്ചുകളഞ്ഞു. ഇസ്‌ലാമില്‍നിന്ന് പുറത്തായ ഒരാളുമായുള്ള മുസ്‌ലിം സ്ത്രീയുടെ ദാമ്പത്യബന്ധം നിലനില്‍ക്കുകയില്ല എന്ന 'ഫിഖ്ഹി'ന്റെ അടിസ്ഥാനത്തിലായിരുന്നു വിധി. അറബ് മീഡിയയില്‍ ഇത് ചൂടേറിയ ചര്‍ച്ചക്ക് വിഷയമാവുകയും നസ്‌റും ഭാര്യയും ഹോളണ്ടില്‍ അഭയം തേടുകയും ചെയ്തു. ഇതില്‍ കക്ഷിയാകാന്‍ താല്‍പര്യമില്ലാത്തതുകൊണ്ട് ഡോ. ഇമാറ തന്റെ പഠനവിശകലനം ബഹളം കെട്ടടങ്ങുന്നതുവരെ നീട്ടിവെക്കുകയായിരുന്നു.
'ഇസ്‌ലാമിന് മാര്‍ക്‌സിസ്റ്റ് വ്യാഖ്യാനം' കമ്യൂണിസത്തെക്കുറിച്ച് വേണ്ടത്ര ഗൃഹപാഠം നടത്താതെ എഴുതിയ കൃതിയാണെന്ന് ഒരു മലയാളി ലേഖകന്‍ ആരോപിച്ചതായി കാണുകയുണ്ടായി. അത് കമ്യൂണിസത്തെക്കുറിച്ചുള്ള വിമര്‍ശന കൃതിയേ അല്ലെന്ന് അതിന്റെ പിന്‍ കവറെങ്കിലും വായിച്ച ആര്‍ക്കും വ്യക്തമാകുന്ന സംഗതിയാണ്. നസ്ര്‍ അബൂസൈദിന്റെ 'മാര്‍ക്‌സിയന്‍ ഇജ്തിഹാദുകള്‍' തുറന്നു കാട്ടുകയാണ് ആ കൃതിയുടെ  ലക്ഷ്യമെന്ന് പിന്‍കവറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രന്ഥകാരനെ കാഫിറാക്കുകയല്ല, സംവാദം നടത്തുകയാണ് പ്രധാനമെന്നും ആ ഒരു ദൗത്യമാണ് ഈ കൃതി നിര്‍വഹിക്കുന്നതെന്നും അതില്‍ വായിക്കാനാകും. നസ്‌റിനെതിരെയുള്ള കോടതിവിധിയുടെ പശ്ചാത്തലത്തില്‍ മാര്‍ക്‌സിയന്‍ വീക്ഷണത്തിലുള്ള ഇസ്‌ലാം വിശകലന രീതിയോടൊപ്പം വിശ്വാസ സ്വാതന്ത്ര്യം, കാഫിറാക്കല്‍ പ്രവണത എന്നിവ കൂടി ചര്‍ച്ച ചെയ്യുന്ന 133 പേജുകള്‍ മാത്രം വരുന്ന ചെറിയൊരു കൃതിയാണത്. വിഷയവിവരത്തിലൂടെ കടന്നുപോകുമ്പോള്‍ തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ അതിന്റെ ഉള്ളടക്കത്തിന്റെ സ്വഭാവം.

വിജ്ഞാന പാരംഗതന്‍

സമകാലിക അറബ് ലോകത്ത് ഇമാറയോട് കിടപിടിക്കുന്ന ഒരു ഇസ്‌ലാമിക അക്കാദമികന്‍ വേറെയുണ്ടെന്ന് തോന്നുന്നില്ല. ചില ഇസ്‌ലാമിസ്റ്റ് പണ്ഡിതന്മാര്‍ അലങ്കാരമായി കൊണ്ടുനടക്കുന്ന ഗീര്‍വാണ ശൈലി അന്യമാണെന്നതാണ് അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്ന ഒരു സവിശേഷത. അറബ് പുസ്തക മേളകളില്‍ അദ്ദേഹത്തിന്റെ കൃതികള്‍ തെരഞ്ഞു പിടിച്ചുവാങ്ങാനുള്ള പ്രേരണയും ഇതുതന്നെ. അവ വായിച്ചാല്‍ വെറുതെയാകില്ല. എന്തെങ്കിലും പുതിയ വിവരങ്ങള്‍ അതിലില്ലാതിരിക്കില്ല. ഖാസിം അമീന്‍, അലി അബ്ദുര്‍റാസിഖ്, രിഫാഅത്വഹ്ത്വാവി, കവാകിബി, സന്‍ഹൂരി പാഷ മുതല്‍ ത്വാഹാ ഹുസൈന്‍ വരെയുള്ളവര്‍ക്ക് പില്‍ക്കാലത്തുണ്ടായ ചിന്താ മാറ്റങ്ങളിലേക്ക് വെളിച്ചം വീശുന്ന വിവരങ്ങള്‍ ലഭ്യമാകുന്നത് ഇമാറയുടെ കൃതികളില്‍നിന്നാണ്. മുഹമ്മദ് അബ്ദു മുതല്‍ മൗലാനാ മൗദൂദി വരെയുള്ള നവോത്ഥാന നായകന്മാരെ കുറിച്ചൊക്കെ അദ്ദേഹം എഴുതിയിട്ടുണ്ട്. വിലയിരുത്തലുകളൊക്കെ ഒരു അക്കാദമികന് സമീചീനമാംവിധം കുലീനവും ഉന്നതവുമായ ശൈലിയിലാണ്. 'മൗദൂദിയും ഇസ്‌ലാമിക നവജാഗരണവും' (അബുല്‍ അഅ്‌ലാ മൗദൂദി വസ്സഹ്‌വത്തുല്‍ ഇസ്‌ലാമിയ്യ) എന്ന കൃതി തന്നെ എടുക്കുക. അതില്‍ അദ്ദേഹം മൗദൂദിയെ വിമര്‍ശിക്കുന്നുണ്ട്. പക്ഷേ മറ്റു മിക്കവരെയും പോലെ കേവലം പൊന്തക്കടിയോ പിശാചുവത്കരണമോ അല്ല അത്. വിമര്‍ശനമുണ്ടെങ്കിലും വായനക്കാരന്റെ മനസ്സില്‍ മൗദൂദിയുടെ പ്രതിഛായക്ക് തിളക്കം കൂടുകയല്ലാതെ കുറയുകയില്ല. അന്ധമായ വിമര്‍ശനത്തിന്റെയും അതിരു കവിഞ്ഞ ആരാധനയുടെയും ഇര എന്നതാണ് മൗദൂദിയുടെ ദുരന്തം. ഇമാറ ഈ ദുരന്തത്തില്‍നിന്ന് മൗദൂദിയെ മോചിതനാക്കുന്നു.
ഇസ്‌ലാമിന്റെ അടിയിളക്കുകയും പുതിയ തലമുറയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്ന ചിന്തകളെ പ്രതിരോധിക്കുന്നതിലും ഇമാറയുടെ സേവനങ്ങള്‍ അനര്‍ഘങ്ങളാണ്. നസ്ര്‍ അബൂസൈദിന്റെ മാത്രമല്ല മൊറോക്കന്‍ ബുദ്ധിജീവിയായ ഡോ. മുഹമ്മദ് ആബിദ് അല്‍ ജാബിരി(1935-2010)യെപ്പോലുള്ളവരുടെ ലിബറല്‍ ചിന്തകളും ഇമാറ നിശിതമായ വിശകലനത്തിന് വിധേയമാക്കിയതായി കാണാം. ജാബിരിയുടെ മൂന്ന് വാള്യങ്ങളില്‍ പുറത്തിറങ്ങിയ ക്രോണോളജിക്കല്‍ ക്രമത്തില്‍ ക്രോഡീകരിച്ച ഖുര്‍ആന്‍ വ്യാഖ്യാന(ഫഹ്മുല്‍ ഖുര്‍ആന്‍: അത്തഫ്‌സീറുല്‍ വാദിഹ് ഹസ്ബ തര്‍തീബിന്നുസൂല്‍)ത്തിന് പ്രത്യാഖ്യാനമായി 'റദ്ദു ഇഫ്തിറാആത്തില്‍ ജാബിരി' എന്നൊരു കൃതി അദ്ദേഹത്തിനുണ്ട്. കയ്‌റോ പുസ്തകമേളയില്‍ നടന്ന, സെക്യുലര്‍ ലിബറല്‍ ചിന്തകനായ ഫറജ് ഫൗദയുമായുണ്ടായ പ്രസിദ്ധമായ സംവാദത്തില്‍ മറുപക്ഷത്ത് ഇമാറയുമുണ്ടായിരുന്നു. മാര്‍ക്‌സിസ്റ്റ് ഫെമിനിസ്റ്റ് നവാല്‍ സഅ്ദാവി, ഫുആദ് സകരിയ്യ, കമാല്‍ സാഖിര്‍, മുഹമ്മദ് അഹ്മദ് ഖലഫുല്ല, ഹംദി അസ്‌യൂത്വി എന്നിവരൊക്കെ അദ്ദേഹം സംവാദം നടത്തിയവരിലുള്‍പ്പെടുന്നു. ഇറാനിയന്‍ സെക്യുലരിസ്റ്റ് ബുദ്ധിജീവി അബ്ദുല്‍ കരീം സറോശിന്റെ ചിന്തകളെയും അദ്ദേഹം വിശകലന വിധേയമാക്കിയിട്ടുണ്ട്.

ജനനവും വിദ്യാഭ്യാസവും

ഉത്തര കയ്‌റോയിലെ കഫറുശൈഖ് പ്രവിശ്യയില്‍ സ്വറാവ എന്ന ഒരു കുഗ്രാമത്തില്‍ 1931 ഡിസംബര്‍ 8-നാണ് മുഹമ്മദ് ഇമാറ മുസ്ത്വഫ ഇമാറയുടെ ജനനം. ചെറുപ്രായത്തില്‍തന്നെ അദ്ദേഹം ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. സ്‌കൂള്‍ സിലബസ്സിനു പുറത്ത് അദ്ദേഹം ആദ്യമായി വായിക്കുന്ന സാഹിത്യ കൃതി മന്‍ഫലൂത്വിയുടെ 'അന്നള്‌റാത്ത്' (നിരീക്ഷണങ്ങള്‍) ആണ്. പിന്നീട് ഗ്രാമത്തിലെ മസ്ജിദില്‍ ജുമുഅ പ്രഭാഷണം നടത്താന്‍ അത് അദ്ദേഹത്തെ പ്രാപ്തനാക്കി. 1965-ല്‍ കയ്‌റോ യൂനിവേഴ്‌സിറ്റിയിലെ ദാറുല്‍ ഉലൂം കോളേജില്‍നിന്ന് അറബി ഭാഷയിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും ഇമാറ ബിരുദം നേടി. 1970-ല്‍ ഇസ്‌ലാമിക വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദവും '75-ല്‍ ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും ഇസ്‌ലാമിക ദര്‍ശനത്തിലും ഡോക്ടറേറ്റും സമ്പാദിച്ചു.
വിദ്യാഭ്യാസാനന്തരം 'യുവ ഈജിപ്ത്' (മിസ്വ്ര്‍ അല്‍ ഫത്താത്) എന്ന ദേശീയ വിപ്ലവ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. മുപ്പതുകളിലായിരുന്നു ഈ പാര്‍ട്ടിയുടെ രൂപീകരണം. ഫ്യൂഡലിസത്തിനും സാമ്രാജ്യത്വത്തിനുമെതിരിലുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായി. 'മിസ്വ്‌റുല്‍ ഫത്താത്' എന്ന പേരില്‍ തന്നെയുള്ള പത്രത്തില്‍ അദ്ദേഹം ആദ്യമെഴുതിയ ലേഖനം ഫലസ്ത്വീന്‍ ജിഹാദിനെ കുറിച്ചായിരുന്നു. 1957-ല്‍ പുറത്തിറങ്ങിയ പ്രഥമ കൃതി അറബ് ദേശീയതയെയും അതിനെതിരെ നടക്കുന്ന സാമ്രാജ്യത്വ ഉപജാപങ്ങളെയും കുറിച്ചുള്ളതായിരുന്നു. 

ഇടതു ധാരയില്‍നിന്ന് ഇസ്‌ലാമിക ധാരയിലേക്ക്

അസ്ഹറിന്റെയും ഇസ്‌ലാമിക പഠനങ്ങളുടെയും പശ്ചാത്തലമുണ്ടായിരുന്നെങ്കിലും ഇടതു പക്ഷത്തോടായിരുന്നു തുടക്കം മുതലേ ഇമാറയുടെ ആഭിമുഖ്യം. 1952 ജൂലൈ 23-ന് നജീബിന്റെ നേതൃത്വത്തില്‍ ഫ്രീ ഓഫീസര്‍മാരുടെ വിപ്ലവം നടക്കുകയും പാര്‍ട്ടികളൊക്കെ നിരോധിക്കപ്പെടുകയും ചെയ്തപ്പോള്‍ ഡോ. ഇമാറ ഇടതുപക്ഷത്തോടാണ് ചേര്‍ന്നുനിന്നത്. അന്നദ്ദേഹം വിദ്യാര്‍ഥി നേതാവായിരുന്നു. ഇക്കാലത്ത് ഒരു ദേശീയ സമ്മേളനത്തിന്റെ സംഘാടന നേതൃത്വത്തിന്റെ പേരില്‍ ഒരു വര്‍ഷത്തോളം യൂനിവേഴ്‌സിറ്റി അദ്ദേഹത്തെ പുറത്താക്കുകയുണ്ടായി. ആറു വര്‍ഷത്തോളം തടവിലായതിനാല്‍ ബിരുദപഠനം പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങള്‍ വൈകി. തടവു കാലത്ത് ഫലസ്ത്വീനടക്കം ദേശീയ പ്രശ്‌നങ്ങളെ കുറിച്ച് നാല് കൃതികള്‍ രചിച്ചു. തടങ്കല്‍ മോചനത്തിനു ശേഷം അവ വെളിച്ചം കണ്ടു.
ചിന്താഗതികളില്‍ മാറ്റം വരുന്നത് തടവുകാലത്താണ്. വര്‍ഗ സംഘട്ടനമല്ല, ഇസ്‌ലാമാണ് സാമൂഹിക പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമെന്ന് അദ്ദേഹം കണ്ടെത്തുന്നത് അങ്ങനെയാണ്. ആദ്യകാലത്തെ തന്റെ ഇടതുപക്ഷ ചായ്‌വ് തന്നെ ഒരു 'ദൈവിക നിയോഗ'മായാണ് ഇമാറ കണ്ടത്. പില്‍ക്കാലത്ത് ഇടതുപക്ഷ ചിന്തകളെ പ്രത്യാക്രമണം നടത്താനുള്ള കോപ്പുകള്‍ അദ്ദേഹത്തിന് സജ്ജമാക്കിക്കൊടുക്കുകയായിരുന്നു ദൈവം ഇതിലൂടെ. പാശ്ചാത്യ ഭൗതിക ചിന്താ പ്രസ്ഥാനങ്ങളെ കുറിച്ച് അഗാധമായി പഠിക്കാനും മര്‍മത്തെ പ്രഹരിക്കുന്ന ഖണ്ഡനങ്ങള്‍ നടത്താനും ഈ 'ദൈവിക നിയോഗം' അദ്ദേഹത്തെ പ്രാപ്തനാക്കി എന്ന് 'സെക്യുലരിസ്റ്റ് ഗോപുരങ്ങള്‍' (അഖ്ത്വാബുല്‍ അല്‍മാനിയ്യ) എന്ന കൃതിയുടെ കര്‍ത്താവ് താരിഖ് മനീന എഴുതുന്നു: 'ഭൗതിക പ്രത്യയശാസ്ത്രങ്ങളെ, വിശിഷ്യാ ഇസ്‌ലാമിക ലോകത്തെ സോഷ്യലിസ്റ്റ് ലോകമാക്കി മാറ്റാന്‍ യത്‌നിക്കുന്ന മാര്‍ക്‌സിയന്‍ ചിന്താഗതിയെ ആഴത്തില്‍ പഠിക്കാതെ ഒരു ഇസ്‌ലാമിക ചിന്തകനെ സംബന്ധിച്ചേടത്തോളം ഇത്തരമൊരു വിമര്‍ശനം അപ്രാപ്യമായി അവശേഷിക്കുകയേ ഉള്ളൂ. സെക്യുലര്‍ ചിന്തയുടെ സഹയാത്രികനായിക്കൊണ്ട് അതിന്റെ നാനാ മാനങ്ങളില്‍ ആഴത്തില്‍ പഠനം നടത്തിക്കൊണ്ടാണ് ഇമാറ ഈ ദുഷ്‌കര ദൗത്യം സുസാധ്യമാക്കിയത്.' ഇസ്‌ലാമിനെ അപര വെളിച്ചത്തിലും അപരത്തെ ഇസ്‌ലാമിന്റെ മഹത്വത്തിന്റെ വെളിച്ചത്തിലും കാണാന്‍ കഴിഞ്ഞതിന്റെ സാഫല്യത്തെക്കുറിച്ച് ഇമാറ തന്നെയും പറഞ്ഞിട്ടുണ്ട്.

ശീഈസ നിരൂപണം

മൗദൂദിയുടേതെന്നപോലെ മുസ്‌ലിം ബ്രദര്‍ഹുഡിന്റെയും ഇമാം ബന്നായുടെയും ഇബ്‌നു തൈമിയ്യയുടെയും വിഷയത്തിലും നീതിനിഷ്ഠമായ നിലപാടുകളാണ് അദ്ദേഹം പുലര്‍ത്തിയത്. സെക്യുലര്‍ ലിബറലുകള്‍ തീവ്രവാദത്തിന്റെ പ്രജ്ഞയായി മുദ്രകുത്തുന്ന ഇബ്‌നുതൈമിയ്യയെ കുറിച്ച്, അദ്ദേഹത്തിന്റെ നവോത്ഥാന പദ്ധതി വിജയം പ്രാപിച്ചിരുന്നെങ്കില്‍ ഇസ്‌ലാമിക ലോകത്തിന്റെ മുഖഛായ തന്നെ മാറിയിട്ടുണ്ടാകുമായിരുന്നു എന്നാണ് ഇമാറ എഴുതിയത്. ശീഈസത്തോടുള്ള സമീപനത്തിലും ഈ നീതിനിഷ്ഠ തെളിഞ്ഞുകാണാം. ഇമാറയുടെ 'ശീഈ-സുന്നീ സംബന്ധമായ സംശയങ്ങളും യാഥാര്‍ഥ്യങ്ങളും' (ഹഖാഇഖ് വശുബ്ഹാത്ത് ഹൗലസ്സുന്ന വശ്ശീഅ) എന്ന കൃതി ശീഈകളെ ഇസ്‌ലാമില്‍നിന്ന് പുറംതള്ളുന്ന ചില ഇസ്‌ലാമിസ്റ്റ് പണ്ഡിതന്മാരുടെ വൈകാരിക നിലപാടില്‍നിന്ന് വ്യത്യസ്തത പുലര്‍ത്തുന്നതാണ്. ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തിന് ശീഈ നേതാക്കളായ സിസ്താനിയെ പോലുള്ളവര്‍ ചെയ്തുകൊടുത്ത ഒത്താശ സംബന്ധമായ നിരവധി രേഖകള്‍ ഈ പുസ്തകത്തില്‍ കാണാം. എന്നാല്‍, ശീഈകള്‍ നിലവിലെ ഖുര്‍ആന്‍ അംഗീകരിക്കുന്നില്ലെന്ന അപകടകരമായ സുന്നീ വാദങ്ങളെ സയ്യിദ് ഖൂഈ, കാശാനി, മുര്‍തസ മൂസവി, ശൈഖ് റസൂല്‍ ജഅ്ഫരിയാന്‍ തുടങ്ങി നിരവധി ശീഈ ഗുരുക്കന്മാരെ ഉദ്ധരിച്ചുകൊണ്ട് തള്ളിക്കളഞ്ഞിരിക്കുകയാണ് ഇമാറ (പേജ് 140-143). സുന്നികളോടുള്ള സമീപനത്തില്‍ ശീഈകളെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുന്ന ശൈലിയിലാണ് ഈ കൃതി അദ്ദേഹം രചിച്ചിട്ടുള്ളത്.

Comments

Other Post

ഹദീസ്‌

മൂന്നു കാര്യങ്ങള്‍ ഹൃദയത്തെ നിര്‍മലമാക്കും
മുഹമ്മദ് സ്വാലിഹ് മുന്‍ജിദ്‌

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (14-16)
ടി.കെ ഉബൈദ്‌