Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 20

3144

1441റജബ് 25

മലേഷ്യന്‍ രാഷ്ട്രീയത്തിലെ അടിയൊഴുക്കുകള്‍

ആബിദ് അടിവാരം

1957-ല്‍ ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം സിംഗപ്പൂരിന്റെയും വെസ്റ്റ് മലേഷ്യയുടെയും കൂടിച്ചേരലുകളും പിന്നീട് സിംഗപ്പൂരിന്റെ പിരിഞ്ഞുപോകലും വരെയുള്ള കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ പിന്നിട്ട ശേഷം മലേഷ്യ ഇപ്പോള്‍ സങ്കീര്‍ണമായ മറ്റൊരു രാഷ്ട്രീയ സാഹചര്യത്തെ അഭിമുഖീകരിക്കുകയാണ്. 1957 മുതല്‍ 1970 വരെ 13 വര്‍ഷക്കാലം പ്രധാനമന്ത്രിയായിരുന്ന തുങ്കു അബ്ദുര്‍റഹ്മാനാണ് രാജ്യത്തിന്റെ രാഷ്ട്രീയ അടിത്തറ ഭദ്രമാക്കിയത്. പക്ഷേ ആധുനിക മലേഷ്യയുടെ ശില്‍പി എന്നറിയപ്പെടുന്ന രാഷ്ട്രീയ അതികായന്‍ മറ്റൊരാളാണ്; 1981 മുതല്‍ 2003 വരെ 22 വര്‍ഷക്കാലം പ്രധാനമന്ത്രിയായിരുന്ന മഹാതീര്‍ മുഹമ്മദ്. 
മലേഷ്യന്‍ രാഷ്ട്രീയത്തില്‍ വംശീയത ഒരു പ്രധാന ഘടകമാണ്. 60 ശതമാനം വരുന്ന ഭൂമിപുത്ര എന്ന് വിളിക്കപ്പെടുന്ന മലായ് മുസ്‌ലിംകള്‍ക്കാണ് രാഷ്ട്രീയത്തില്‍ ആധിപത്യം. അവരുടെ പാര്‍ട്ടിയായ UMNO (United Malays National Organisation) യാണ് 2018 വരെ സുദീര്‍ഘമായ ആറു പതിറ്റാണ്ട് ഭരണത്തിന് നേതൃത്വം നല്‍കിയത്. തുങ്കു അബ്ദുര്‍റഹ്മാന്‍ മുതല്‍ നജീബ് റസാഖ് വരെയുള്ള പ്രധാനമന്ത്രിമാരെല്ലാം 'ഉംനോ'ക്കാരായിരുന്നു. 30 ശതമാനം വരുന്ന ചൈനീസ്  വംശജരും 10 ശതമാനം വരുന്ന ഇന്ത്യന്‍ (തമിഴ്) വംശജരും MCA (Malaysian Chinese Association), MIC (Malaysian Indian Congress)  എന്നീ സംഘടനകളിലായി ഉംനോയുടെ നേതൃത്വത്തിലുള്ള BN (Barisan National)  എന്ന ഭരണമുന്നണിയുടെ ഭാഗമായി നിന്നു. പ്രതിപക്ഷം വെറും നാമമാത്രം. മലയാളിയായ, പില്‍ക്കാലത്ത് സിംഗപ്പൂര്‍ പ്രസിഡന്റായ, ചെങ്ങറ വീട്ടില്‍ ദേവന്‍ നായരുടെ നേതൃത്വത്തില്‍ രൂപംകൊണ്ട, എല്ലാ വംശക്കാരെയും ഉള്‍ക്കൊള്ളുന്ന ഉഅജ( ഉലാീരൃമശേര അഹഹശമിരല ജമൃ്യേ) ആയിരുന്നു പ്രമുഖ പ്രതിപക്ഷ പാര്‍ട്ടി. 
മലേഷ്യന്‍ രാഷ്ട്രീയത്തിന് ആദ്യ വഴിത്തിരിവുണ്ടായത് 1998-ലാണ്. ആ വര്‍ഷം സെപ്റ്റംബര്‍ 2-നാണ് മഹാതീര്‍ മന്ത്രിസഭയിലെ രണ്ടാമനായ അന്‍വര്‍ ഇബ്‌റാഹീമിനെ പ്രധാനമന്ത്രി പുറത്താക്കിയത്. വിദ്യാര്‍ഥി നേതാവും ആക്ടിവിസ്റ്റുമായി മലേഷ്യന്‍ രാഷ്ട്രീയത്തില്‍ കളംനിറഞ്ഞു കളിച്ച 'ഇസ്‌ലാമിസ്റ്റ്' രാഷ്ട്രീയക്കാരനായിരുന്നു അന്‍വര്‍ ഇബ്‌റാഹീം. 1982-ല്‍ 'ഉംനോ'യില്‍ ചേര്‍ന്നുകൊണ്ടാണ് അന്‍വര്‍ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമാവുന്നത്. കുറഞ്ഞകാലം കൊണ്ട് പ്രധാനമന്ത്രി മഹാതീറിന്റെ വലംകൈയായി മാറിയ അന്‍വര്‍ പടിപടിയായി ഉയര്‍ന്ന് ഉപപ്രധാനമന്ത്രിവരെ എത്തി. മഹാതീറിനു ശേഷം ആര് എന്ന ചോദ്യത്തിന് അന്‍വര്‍ ഇബ്‌റാഹീം എന്ന ഒറ്റ ഉത്തരം മാത്രം നല്‍കപ്പെട്ടുകൊിരിക്കെയാണ് ഇരുവരും തമ്മില്‍ ഉടക്കുന്നത്. കാരണങ്ങള്‍ എന്ത് എന്നതിനെക്കുറിച്ച് പല കഥകളുമുണ്ട്. മഹാതീറിനെ അട്ടിമറിച്ച് പ്രധാനമന്ത്രിയാവാന്‍ ശ്രമം നടത്തി എന്നു വരെയുണ്ട് ആരോപണം. 
ഏതായാലും അന്‍വറിനെ മഹാതീര്‍ അക്ഷരാര്‍ഥത്തില്‍ വെട്ടിനിരത്തുകയായിരുന്നു. പാര്‍ട്ടിയില്‍നിന്നും മന്ത്രിസഭയില്‍നിന്നും പുറത്താക്കുക മാത്രമല്ല, അന്‍വറിന്റെ പേരില്‍ 'പ്രകൃതിവിരുദ്ധ ലൈംഗിക പീഡന'കേസ് പടച്ചുണ്ടാക്കി അദ്ദേഹത്തെ ജയിലിലടച്ചു, കൂടെ അഴിമതിക്കേസും ചാര്‍ത്തി. അന്‍വറിനായി തെരുവുകളില്‍ പ്രകടനങ്ങളും പ്രതിഷേധങ്ങളും നടന്നു. അന്താരാഷ്ട്ര മാധ്യമങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഒച്ചവെച്ചു. മഹാതീറിന് ചുറ്റും വലയം വെച്ചിരുന്ന അധികാര രാഷ്ട്രീയം പക്ഷേ പരിക്കുകളൊന്നും ഇല്ലാതെ മുന്നോട്ടുതന്നെ നീങ്ങി.
അതിനിടെ, 2003-ല്‍ തീര്‍ത്തും നാടകീയമായി അന്‍വറിനു ശേഷം ഉപപ്രധാനമന്ത്രിയായി അധികാരമേറ്റ അബ്ദുല്ല അഹ്മദ് ബദവിക്ക് പ്രധാനമന്ത്രിപദം കൈമാറിക്കൊണ്ട് മഹാതീര്‍ പാര്‍ലമെന്ററി ജീവിതത്തോട് വിടപറഞ്ഞു. 2004 സെപ്റ്റംബര്‍ 2-നാണ് അന്‍വര്‍ ജയില്‍മോചിതനായത്. ജയിലില്‍ ഇരുന്നുകൊണ്ടു തന്നെ, തന്റെ ഭാര്യ വാന്‍ അസീസയെ മുന്നില്‍ നിര്‍ത്തി അന്‍വര്‍ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തിയിരുന്നു. പ്രതിപക്ഷ കക്ഷികളുമായി ചേര്‍ന്ന് ചില സംസ്ഥാനങ്ങളിലും അധികാരത്തിലെത്താന്‍ കഴിഞ്ഞുവെങ്കിലും രാജ്യത്തിന്റെ അധികാരം പിടിക്കാനുള്ള ശേഷിയുടെ നാലയലത്തെത്താന്‍ അവര്‍ക്കായില്ല. 
2008-ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ച് പുതിയ മുന്നണിയുണ്ടാക്കി അന്‍വര്‍ മത്സരിച്ചെങ്കിലും 222-ല്‍ 82 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അന്‍വര്‍ പ്രതിപക്ഷ നേതാവായി. മലേഷ്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റ നജീബ് റസാഖിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും രാജ്യം നേരിട്ട സാമ്പത്തിക പ്രതിസന്ധിയും 2013-ലെ പൊതുതെരഞ്ഞെടുപ്പില്‍ അധികാരമാറ്റത്തിന് സാധ്യതയായി തോന്നിയെങ്കിലും ജനവിധി ഉംനോക്ക് അനുകൂലമായിരുന്നു. നജീബ് വീണ്ടും പ്രധാനമന്ത്രിയായി. 
നജീബിന്റെ രണ്ടാമൂഴത്തിലാണ് മലേഷ്യന്‍ രാഷ്ട്രീയം കലങ്ങിമറിഞ്ഞത്. ജയില്‍മോചിതനായ ശേഷം സമാനമായ മറ്റൊരു കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അന്‍വര്‍ 2015-ല്‍ വീണ്ടും 5 വര്‍ഷത്തേക്ക് ജയിലിലടക്കപ്പെട്ടു. അന്‍വറിനോടുള്ള രാഷ്ട്രീയ പകപോക്കലായി ഈ നടപടി വ്യാഖ്യാനിക്കപ്പെട്ടു. വന്‍പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ഏതാണ്ട് ഇതേസമയത്താണ് പ്രധാനമന്ത്രി നജീബിനെതിരെ 700 മില്യണ്‍ ഡോളറിന്റെ 1MDB അഴിമതി ആരോപണം ഉയര്‍ന്നത്. അകത്തുനിന്നും പുറത്തുനിന്നും നജീബിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുായി. ഡെപ്യുട്ടി പ്രധാനമന്ത്രിയായിരുന്ന മുഹ്‌യിദ്ദീന്‍ യാസീന്‍ (ഇപ്പോഴത്തെപ്രധാനമന്ത്രി) രാജിവെച്ചു. അതുകൊണ്ടൊന്നും നജീബ് കുലുങ്ങിയില്ല. 2015-ല്‍ രാജ്യത്ത് ജി.എസ്.ടി നടപ്പാക്കി. അതോടെ മലേഷ്യന്‍ കറന്‍സിയായ റിംഗിറ്റിന്റെ മൂല്യം അമേരിക്കന്‍ ഡോളറിന് 3.1 എന്നതില്‍നിന്ന് 4.1-ലേക്ക് കൂപ്പുകുത്തി. രാജ്യത്ത് ജീവിതച്ചെലവും പണപ്പെരുപ്പവും കുത്തനെ ഉയര്‍ന്നു. നജീബിന്റെ ഭാര്യ റോസ്മ മന്‍സൂറിന്റെ പേര് പല അഴിമതിക്കഥകളിലും ഉയര്‍ന്നുകേട്ടു. മാധ്യമങ്ങള്‍ അവരെ മലേഷ്യയുടെ ഇമല്‍ഡ മാര്‍ക്കോസ് എന്ന് വിശേഷിപ്പിച്ചു. 
ഈ സാഹചര്യത്തിലാണ് പണ്ട് സ്വമേധയാ കളംവിട്ട മഹാതീര്‍ വീണ്ടും കളത്തിലിറങ്ങുന്നത്. നജീബിനോട് രാജിവെക്കാനും രാഷ്ട്രീയനയങ്ങള്‍ തിരുത്താനും ആവശ്യപ്പെട്ടെങ്കിലും നജീബ് വഴങ്ങിയില്ല. 93 വയസ്സുകാരനായ മഹാതീര്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത നജീബ് കണ്ടിരുന്നില്ല. പക്ഷേ അത് സംഭവിച്ചു. ഉംനോയില്‍നിന്ന് പുറത്താക്കപ്പെട്ട മുഹ്‌യിദ്ദീന്‍ യാസീനും കൂട്ടരും രൂപീകരിച്ച BERSATU  പാര്‍ട്ടിയില്‍ ചേര്‍ന്ന മഹാതീര്‍ പഴയ പ്രതിയോഗി അന്‍വറിന്റെ പി.കെ.ആര്‍  അടക്കം പ്രതിപക്ഷകക്ഷികള്‍ ഉള്‍പ്പെട്ട Pakatan Harapan (PH) മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാഥിയായി രംഗത്തുവന്നു. 
2018-ലെ ദേശീയ തെരഞ്ഞെടുപ്പില്‍ 222-ല്‍ 112 എന്ന മാജിക് നമ്പര്‍ മറികടന്ന്, തന്റെ 93-ാമത്തെ വയസ്സില്‍, ലോകത്തെ ഏറ്റവും പ്രായംകൂടിയ ഭരണാധികാരിയായി മഹാതീര്‍ മുഹമ്മദ് വീണ്ടും മലേഷ്യന്‍ പ്രധാനമന്ത്രിയായി.
ഇതുവരെ പറഞ്ഞത് ചരിത്രം, ഇനി പുതിയ സംഭവവികാസങ്ങളിലേക്ക്....
അധികാരമേല്‍ക്കുമ്പോള്‍ മഹാതീര്‍ ചില പ്രധാന വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. ജി.എസ്.ടി  നിര്‍ത്തലാക്കും, അന്‍വറിനെ ജയില്‍മോചിതനാക്കും, നജീബിനെ അഴിമതിക്കേസില്‍ പൂട്ടും, ആദ്യത്തെ ഒരുവര്‍ഷം കഴിഞ്ഞാല്‍ അധികാരം അന്‍വറിന് കൈമാറും. ആദ്യത്തെ മൂന്നും നടന്നു. വ്യാപാരമേഖലക്ക് വലിയ ആശ്വാസവും പ്രതീക്ഷയും നല്‍കി ജി.എസ്.ടി നിര്‍ത്തലാക്കി. ജയില്‍ശിക്ഷയില്‍ ഇളവ്‌കൊടുക്കാനുള്ള രാജാവിന്റെ (നമ്മുടെ പ്രസിഡന്റിന്റെ സ്ഥാനം) അധികാരം ഉപയോഗിച്ച് അന്‍വറിനെ പുറത്തിറക്കി. അന്‍വറിന്റെ ഭാര്യ വാന്‍ അസീസയെ ഡെപ്യുട്ടി പ്രധാനമന്ത്രിയായി നിയോഗിച്ചു. 
നജീബിനെ പൂട്ടാന്‍ സ്വന്തം പാര്‍ട്ടിക്കാരെപ്പോലും ഞെട്ടിച്ചുകൊണ്ട് രണ്ട് അതികായരെ രംഗത്തിറക്കി, ആകസ്മികമാവാം രണ്ടുപേരും 'പച്ചമലയാളം' പറയാന്‍ അറിയാവുന്ന മലയാളികള്‍. പ്രമുഖ അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ, കണ്ണൂര്‍ ജില്ലയിലെ മാട്ടൂലില്‍ ജനിച്ച, ലത്വീഫ ബീവി കോയ ആന്റികറപ്ഷന്‍ കമീഷന്റെ ചീഫായി നിയോഗിക്കപ്പെട്ടു. അറ്റോര്‍ണി ജനറലായി പ്രമുഖ അഭിഭാഷകന്‍ ടോണി തോമസും ചുമതലയേറ്റു. 
ജയില്‍മോചിതനായ അന്‍വര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രധാനമന്ത്രിക്കുപ്പായം തുന്നി കാത്തിരുന്നു. പക്ഷേ, അധികാര കൈമാറ്റം മാത്രം നടന്നില്ല. ഒരു വര്‍ഷം കഴിഞ്ഞതോടെ മുറുമുറുപ്പ് തുടങ്ങി. മുന്നണിയില്‍ നിരന്തരം ചര്‍ച്ചകള്‍ നടന്നു. അവസാനം ഈ ഫെബ്രുവരിയില്‍ മഹാതീര്‍ മുഹമ്മദുമായി അന്‍വര്‍ ഉടക്കി. കസേര തന്നില്ലെങ്കില്‍ തന്റെ പാര്‍ട്ടി പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണിപ്പെടുത്തി. സഖ്യകക്ഷികളുമായി ചര്‍ച്ചകള്‍ നടത്തി. കലങ്ങിമറിഞ്ഞ രണ്ടു നാളുകള്‍ക്കൊടുവില്‍ കാര്യങ്ങള്‍ തന്റെ വരുതിയില്‍ കൊുവരാന്‍ മഹാതീര്‍ ഒരു കൈവിട്ടകളി കളിച്ചു; ഫെബ്രുവരി 23-ന് തന്റെ രാജി സമര്‍പ്പിച്ചു. 
പുതിയ മന്ത്രിസഭയുണ്ടാക്കാന്‍ അവകാശവാദവുമായി അന്‍വര്‍ അഗോങിനെ(രാജാവ്) കണ്ടു. പക്ഷേ ഭൂരിപക്ഷം അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ പറ്റിയില്ല. മുന്നണിയിലെ ചില കക്ഷികള്‍ തങ്ങള്‍ മഹാതീറിനെ മാത്രമേ പിന്തുണക്കൂ എന്ന് തീര്‍ത്തുപറഞ്ഞു. ഒരാഴ്ചത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥക്കൊടുവില്‍ മഹാതീര്‍ പ്രധാനമന്ത്രിയായി മടങ്ങിവരികയല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്ന് ഉറപ്പിച്ചിരിക്കെ, പുതിയൊരാള്‍ അവകാശവാദവുമായി അഗോങിനെ സമീപിച്ചു. മുന്‍ ഉംനോ നേതാവും നജീബിന്റെ കൂടെ ഡെപ്യുട്ടി പ്രധാനമന്ത്രിയുമായിരുന്ന മഹാതീര്‍ ഉള്‍പ്പെട്ട bersatu പാര്‍ട്ടിയുടെ അധ്യക്ഷന്‍ സാക്ഷാല്‍ മുഹ്‌യിദ്ദീന്‍ യാസീന്‍. നിലവിലെ പ്രതിപക്ഷകക്ഷികളും മഹാതീറിനോടും അന്‍വറിനോടും താല്‍പര്യക്കുറവുള്ള ഭരണപക്ഷത്തെ കക്ഷികളും വാഗ്ദാനം ചെയ്ത പിന്തുണ അഗോങിനെ ബോധ്യപ്പെടുത്താന്‍ മുഹ്‌യിദ്ദീന് സാധിച്ചു. അന്‍വറിന്റെ പി.കെ.ആര്‍ പാര്‍ട്ടിയില്‍നിന്ന് 11 പേര്‍ രാജിവെച്ച് BERSATU വില്‍ ചേര്‍ന്നു. അങ്ങനെ 2020 മാര്‍ച്ച് ഒന്നിന് മലേഷ്യയുടെ എട്ടാമത്തെ പ്രധാനമന്ത്രിയായി 72-കാരനായ മുഹ്‌യിദ്ദീന്‍ യാസീന്‍ ചുമതലയേറ്റു. 
മുഹ്‌യിദ്ദീന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ മെയ് 18 വരെ സമയമുണ്ട്. അതുവരെ കുതിരക്കച്ചവടങ്ങളുടെ കാലമാണ്. ഉംനോയുടെ അഴിമതിക്കും ദുര്‍ഭരണത്തിനും എതിരെ വോട്ടുവാങ്ങി, അതേ കക്ഷിയെ തന്നെ കൂട്ടുപിടിച്ച് അധികാരത്തിലിരിക്കുന്നതിലെ രാഷ്ട്രീയ അധാര്‍മികതയെ ചോദ്യം ചെയ്തത് സാക്ഷാല്‍ മഹാതീര്‍ തന്നെയാണ്. മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതെവന്നപ്പോള്‍ അന്‍വര്‍ ഇബ്‌റാഹീമും പി.എച്ചിലെ മിക്ക ഘടകകക്ഷികളും മഹാതീറിനെ വീണ്ടും പ്രധാനമന്ത്രിയായി പിന്തുണക്കാം എന്ന വാഗ്ദാനവുമായി രംഗത്തുവന്നിരിക്കുന്നു. 
തനിക്ക് 120 പേരുടെ പിന്തുണയുണ്ടെന്ന് മുഹ്‌യിദ്ദീന്‍ അവകാശപ്പെടുന്നുണ്ട്. ഇതേ അവകാശവാദം മഹാതീറിനുമു്. ആകെ 222 സീറ്റേയുള്ളൂ, ഇതില്‍ ഇരുവര്‍ക്കും പരസ്യമായി പിന്തുണ പ്രഖ്യാപിച്ചവര്‍ 95-100 പേരാണ്. ബാക്കിയുള്ളവരാണ് നിര്‍ണായകം. അവരെ 'ചാക്കിലാക്കാന്‍' കഴിയുന്നവരിലേക്ക് ഭരണം പോകും. പരമാവധി പ്രലോഭിപ്പിച്ചും അവസരങ്ങള്‍ നല്‍കിയുമാണ് മാര്‍ച്ച് 9-ന് മുഹ്‌യിദ്ദീന്‍ മന്ത്രിസഭാ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഇനിയുള്ള രണ്ടര മാസം നടക്കുന്ന അന്തര്‍നാടകങ്ങളാണ് അന്തിമ വിധി നിര്‍ണയിക്കുക.  
സാധാരണക്കാര്‍ക്കിടയില്‍ ഏറ്റവും ചര്‍ച്ചയായത് മലയാളി അഭിഭാഷക ലത്വീഫയുടെ നീക്കങ്ങളാണ്. നജീബ് ഗവണ്‍മെന്റ് നടത്തിയ അഴിമതിയുടെ പരമാവധി തെളിവുകള്‍ അവര്‍ ശേഖരിച്ചിരുന്നു. സ്വിസ് ബാങ്കില്‍ നിക്ഷേപിക്കപ്പെട്ട പണത്തിന് തുമ്പുണ്ടാക്കാനായി അവര്‍ സ്വിറ്റ്‌സര്‍ലന്റില്‍ പോയി കൃത്യമായ തെളിവുകള്‍ സംഘടിപ്പിച്ചു. ഭരണം മാറിയാല്‍ താന്‍ കൊണ്ടുവന്ന തെളിവുകള്‍ അട്ടിമറിക്കപ്പെടാനുള്ള സാധ്യത മുന്നില്‍കണ്ട് ലത്വീഫ കഴിഞ്ഞ ജനുവരിയില്‍ ഒരു അറ്റകൈപ്രയോഗം നടത്തിയിരുന്നു. പ്രധാന തെളിവുകളില്‍ പെടുന്ന ചില ടെലിഫോണ്‍ സംഭാഷണങ്ങളും വീഡിയോ ക്ലിപ്പുകളും അവര്‍ പുറത്തുവിട്ടു. അങ്ങനെ ആര്‍ക്കും സംരക്ഷിക്കാന്‍ കഴിയാത്തവിധം 'പ്രതികള്‍' ജനങ്ങള്‍ക്കു മുമ്പില്‍ തുറന്നുകാണിക്കപ്പെട്ടു. 
അധികാരമാറ്റം ഉണ്ടായപ്പോള്‍ ലത്വീഫയെ പുറത്താക്കുമോ, തുടരാന്‍ അനുവദിക്കുമോ എന്ന ചര്‍ച്ച സജീവമായിരുന്നു. പുറത്താക്കിയാല്‍ അത് ഉംനോയിലെ സാമ്പത്തിക കുറ്റവാളികളെ രക്ഷിക്കാനുള്ള മുഹ്‌യിദ്ദീന്റെ നീക്കമായി വിലയിരുത്തപ്പെടും. തല്‍സ്ഥാനത്ത് തുടര്‍ന്നാല്‍ ലത്വീഫ നടപടിയുമായി മുന്നോട്ടുപോവുകയും ചെയ്യും. അവരെ സ്വാധീനിക്കാന്‍ കഴിയും എന്ന് ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ആരും വിശ്വസിക്കുന്നില്ല. പക്ഷേ ആശങ്കകള്‍ക്കൊന്നും കൂടുതല്‍ ആയുസ്സുണ്ടായിരുന്നില്ല. ലത്വീഫയും ടോണി തോമസും കഴിഞ്ഞ ദിവസങ്ങളിലായി രാജിവെച്ചു. മുഹ്‌യിദ്ദീന്റെ ഇഷ്ടക്കാര്‍ പകരം ചുമതലയേറ്റു. 
എന്തുവിലകൊടുത്തും മുഹ്‌യിദ്ദീന്‍ മന്ത്രിസഭയെ നിലനിര്‍ത്തേണ്ടത് ഉംനോയുടെ ആവശ്യമായിക്കഴിഞ്ഞിരിക്കുന്നു. അത്രയേറെ അഴിമതി കേസുകളാണ് അവര്‍ക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്. 63 വര്‍ഷത്തിനിടെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ മാത്രമാണ് ഉംനോ അധികാരത്തിനു പുറത്തായത്. എക്‌സിക്യൂട്ടീവില്‍ അവര്‍ക്കുള്ള സ്വാധീനമെത്രയെന്ന് ആര്‍ക്കുമറിയാം. പ്രതിയോഗി മഹാതീര്‍ ആണെന്നത് മാത്രമാണ് ഭരണപക്ഷത്തിന്റെ ഏക ആശങ്ക. ആധുനിക മലേഷ്യയേക്കാള്‍ പ്രായമുണ്ട് മഹാതീറിന്റെ രാഷ്ട്രീയജീവിതത്തിനു തന്നെ. മഹാതീര്‍ എന്തു നീക്കമാണ് നടത്തുക എന്നത് തീര്‍ത്തും പ്രവചനാതീതവും. 
വരുന്ന രണ്ടര മാസം മലേഷ്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമാണ്. ദേശീയതലത്തില്‍ മുന്നണിബന്ധങ്ങളിലുണ്ടായ മാറ്റം സംസ്ഥാന സര്‍ക്കാരുകളെയും ബാധിച്ചിട്ടുണ്ട്. ഒന്ന് കലങ്ങിത്തെളിയണമെങ്കില്‍ മെയ് 18 വരെ കാത്തിരിക്കണം.
 

(ലേഖകന്‍ മലേഷ്യയില്‍ ഐ.ടി ബിസിനസ് ചെയ്യുന്നു)
 

Comments

Other Post

ഹദീസ്‌

മൂന്നു കാര്യങ്ങള്‍ ഹൃദയത്തെ നിര്‍മലമാക്കും
മുഹമ്മദ് സ്വാലിഹ് മുന്‍ജിദ്‌

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (14-16)
ടി.കെ ഉബൈദ്‌