എം.വി കാസിം
സേവനം ജീവിത തപസ്യയാക്കിയ എം.വി കാസിം നിരവധി പേരുടെ അത്താണിയായിരുന്നു. ജന്മംകൊണ്ട് ആലപ്പുഴക്കാരനാണെങ്കിലും കര്‍മംകൊണ്ട് അദ്ദേഹം നിറഞ്ഞുനിന്നത് തിരുവനന്തപുരത്തായിരുന്നു. ആലപ്പുഴ കിടങ്ങാംപറമ്പാണ് തറവാട്. എസ്.എസ്.എല്‍.സിക്കുശേഷം പ്രീ-യൂനിവേഴ്‌സിറ്റിയും ബി.എ ഡിഗ്രിയും പഠിച്ചത് ആലപ്പുഴ എസ്.ഡി കോളേജില്‍. ധനശാസ്ത്ര ക്ലാസുകളും ചരിത്ര-രാഷ്ട്രമീമാംസാ ക്ലാസുകളും ചോദ്യങ്ങളുന്നയിച്ച് കാസിം സജീവമാക്കുമായിരുന്നു. കോളേജ് യൂനിയന്‍ പ്രവര്‍ത്തനങ്ങളിലും ഭാഗഭാക്കായിരുന്നു. കുറേകാലം മഞ്ചേരി ഐ.ടി.ഐയില്‍ ക്ലര്‍ക്കായി ജോലി നോക്കി. പിന്നീടാണ് പി.എസ്.സിയില്‍ ജോലി ലഭിച്ചത്. സൂക്ഷ്മതയും കാര്യക്ഷമതയും കൃത്യനിഷ്ഠയും ഔദ്യോഗിക ജീവിതത്തില്‍ കാത്തുസൂക്ഷിച്ച അദ്ദേഹം പി.എസ്.സി അണ്ടര്‍ സെക്രട്ടറി സ്ഥാനത്തെത്തുകയും ആ പദവിയിലിരുന്ന് കൊണ്ടുതന്നെ വിരമിക്കുകയും ചെയ്തു.
പി.എസ്.സി ബുള്ളറ്റിനിലെ ചോദ്യോത്തര പംക്തിയും പി.എസ്.സി സംബന്ധമായ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്ന 'മാധ്യമ'ത്തിലെ പംക്തിയും ദീര്‍ഘകാലം കൈകാര്യം ചെയ്തത് അദ്ദേഹമായിരുന്നു. ചെറിയൊരു കാലം 'ദീപിക'യിലും ഇതുസംബന്ധിച്ച് എഴുതിയിരുന്നു. പി.എസ്.സി എംപ്ലോയീസ് യൂനിയനിലും മറ്റു നിരവധി സാമൂഹിക-സാംസ്‌കാരിക സംഘടനകളിലും പ്രവര്‍ത്തിച്ചു.
'സിജി'യുമായി (സെന്റര്‍ ഫോര്‍ ഗൈഡന്‍സ് ഇന്ത്യ) സഹകരിച്ച് കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ നടത്തി. യുവാക്കള്‍ക്ക് തൊഴില്‍ മേഖലകള്‍ കണ്ടെത്തുന്നതിന് സഹായകമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് തല്‍പരനായിരുന്നു. ഉദ്യോഗവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ വിശദമായി പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും കാസിം പ്രകടിപ്പിച്ച ഔത്സുക്യം നിരവധി തൊഴിലന്വേഷകര്‍ക്ക് സഹായകമായി. സ്‌പെഷ്യല്‍ റൂള്‍സിനെ സംബന്ധിച്ച് ഒരു ഗൈഡ് തന്നെയായിരുന്നു അദ്ദേഹം. കെ.എസ്.യുവിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ പ്രവേശിച്ച കാസിമിന് ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന നിരവധി രാഷ്ട്രീയ നേതാക്കള്‍ സഹപാഠികളായുണ്ട്.
ആലപ്പുഴയില്‍ മുസ്‌ലിം യുവജന കൂട്ടായ്മകളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമുായിരുന്നു. അനാഥശാലകള്‍ക്ക് സംഭാവന നല്‍കുന്നതില്‍ പിശുക്കു കാണിക്കാതിരുന്ന അദ്ദേഹം, അവിടത്തെ അന്തേവാസികള്‍ക്ക് തൊഴില്‍ സംബന്ധമായ മാര്‍ഗനിര്‍ദേശങ്ങളും വിദ്യാഭ്യാസസംബന്ധമായ ദിശാബോധവും നല്‍കിയിരുന്നു. കേരളത്തിലെ മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളെ പറ്റി പഠിക്കാന്‍ ഇടക്കാലത്ത് ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ശാന്തപുരം ഇസ്‌ലാമിയാ കോളേജ് സന്ദര്‍ശിക്കുകയും അവിടത്തെ അധ്യാപകരുമായും പണ്ഡിതന്മാരുമായും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.
ഭാര്യ: ആഇശക്കുട്ടി (റിട്ട. അക്കൗണ്ട്‌സ് ഓഫീസര്‍, വാട്ടര്‍ അതോറിറ്റി). മക്കള്‍: ബിനു കാസിം (അമേരിക്ക), സീമ കാസിം. മരുമക്കള്‍: ഇ.കെ നസീം, എ.എന്‍ ഷീന
മുണ്ടേകാട്ടു മുഹമ്മദ് അബ്ദുര്‍റഹ്മാന്‍
തിരൂര്‍ പയ്യനങ്ങാടി സ്വദേശി മുണ്ടേകാട്ടു മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ എന്ന കോട്ടുബാവ, അറുപതു വര്‍ഷത്തിലധികം പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും ദീര്‍ഘകാലം പ്രാദേശിക നേതൃത്വം വഹിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു. തിരൂരിലും പരിസരങ്ങളിലും പ്രസ്ഥാനത്തെ നട്ടുവളര്‍ത്തുന്നതില്‍ കോട്ടുബാവക്കുണ്ടായിരുന്ന പങ്ക് നിസ്തുലമാണ്. പ്രദേശത്തെ അറിയപ്പെടുന്ന മുണ്ടേക്കാട്ടു കുടുംബാംഗമായിരുന്നതിനാല്‍ പ്രസ്ഥാനത്തിനു പുറത്തും അദ്ദേഹത്തിന് നല്ല സ്വീകാര്യതയുണ്ടായിരുന്നു. സരസമായ നാടന്‍ ഭാഷാ ശൈലിയിലാണ് സംസാരമെങ്കിലും, ഏതു സങ്കീര്‍ണപ്രശ്‌നവും കെട്ടഴിക്കാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. എഴുപതുകളുടെ ആദ്യത്തില്‍ തിരൂരില്‍ നടന്ന ജമാഅത്തെ ഇസ്‌ലാമി മേഖലാ സമ്മേളനത്തിന്റെ മുഖ്യസൂത്രധാരന്‍ അദ്ദേഹമായിരുന്നു. പ്രസ്ഥാനവുമായും പ്രസ്ഥാന നേതാക്കളുമായും അന്നു തുടങ്ങിയ അഗാധമായ ബന്ധം പിന്നീട് ജീവിതകാലം മുഴുക്കെ തുടര്‍ന്നു. പ്രസ്ഥാനത്തിന്റെ മുന്‍ അമീറുമാരായ കെ.സി അബ്ദുല്ല മൗലവി, ടി.കെ അബ്ദുല്ല സാഹിബ്, സിദ്ദീഖ് ഹസന്‍ സാഹിബ് മുതല്‍ മൊയ്തു മൗലവി, കെ.എന്‍ അബ്ദുല്ല മൗലവി തുടങ്ങിയവരുമായുണ്ടായിരുന്ന ബന്ധം പ്രസ്ഥാനത്തിന് തിരൂരില്‍ വ്യാപനം നേടാനുള്ള വഴിയൊരുക്കി. തിരൂര്‍ സമ്മേളനത്തിനു ശേഷം, സമ്മേളനം നടന്ന സ്ഥലത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനം നിര്‍മിക്കാന്‍ തീരുമാനമായി. പ്രസ്തുത സ്ഥാപനമാണ് ഇന്നത്തെ തിരൂര്‍ ഇസ്‌ലാമിക് സെന്റര്‍. അബ്ദുര്‍റഹ്മാന്‍ സാഹിബ്, പൊന്മുണ്ടം കോയാമു സാഹിബ്, ബാവ സാഹിബ് എന്നീ ത്രയങ്ങളാണ് ഇസ്‌ലാമിക് സെന്ററിനെ വളര്‍ത്തിയതും നിലനിര്‍ത്തിയതും. സങ്കീര്‍ണമായ സാമ്പത്തിക പ്രതിസന്ധികളില്‍ സ്ഥാപനത്തെ കരകയറ്റി സംരക്ഷിച്ചതും ഇവര്‍ തന്നെ. വിടപറയുന്നതുവരെ ഇവര്‍ ഈ സ്ഥാപനത്തിന്റെ ജീവനാഡികളായിരുന്നു. മസ്ജിദുസ്സ്വഫായുടെ നിര്‍മാണത്തിലും ആസൂത്രണത്തിലും അദ്ദേഹം വലിയ പങ്ക് വഹിച്ചു.
ഇസ്‌ലാമിക് സെന്റര്‍ ട്രസ്റ്റിന്റെ ഏറെക്കാലത്തെ ചെയര്‍മാനായിരുന്നു. സമീപപ്രദേശങ്ങളിലെ പലപ്രശ്‌നങ്ങളിലും മാധ്യസ്ഥം വഹിക്കാന്‍ അദ്ദേഹം ക്ഷണിക്കപ്പെടാറുണ്ടായിരുന്നു. മാധ്യസ്ഥങ്ങളില്‍ അദ്ദേഹം സ്വീകരിച്ചിരുന്ന നിലപാട് ഏതു കടുത്ത മനസ്സുകളെയും അലിയിപ്പിക്കാന്‍ പോന്നതായിരുന്നു. നമസ്‌കാരാദി ആരാധനാ കര്‍മങ്ങളില്‍ അലസരായവരെ സമര്‍ഥമായ നീക്കങ്ങൡലൂടെ തികഞ്ഞ ഭക്തരാക്കിമാറ്റിയ ഒട്ടേറെ അനുഭവങ്ങള്‍ പലരും അനുസ്മരിക്കാറുണ്ട്. ബാവ സാഹിബിന്റെ വിയോഗം തിരൂരിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ്. ഫാത്വിമയാണ് ഭാര്യ. മുഹ്‌സിന്‍, സൈനുല്‍ ആബിദ്, സാജിദ, ജമാഅത്തെ ഇസ്‌ലാമി തിരൂര്‍ ഏരിയാ പ്രസിഡന്റ് ശുഹൈബ് എന്നിവര്‍ മക്കളാണ്.
മുഹമ്മദ് കുട്ടി
ഉമര്‍ അയിലക്കാട്
എടപ്പാള്‍ ഏരിയ അയിലക്കാട് ഹല്‍ഖയിലെ സജീവ പ്രവര്‍ത്തകനായിരുന്നു ഉമര്‍. ഏകദേശം പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് 30 വയസ്സിനു താഴെ പ്രായമുള്ളപ്പോഴാണ് ഉമര്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് കടന്നു വന്നത്. അന്നത്തെ അയിലക്കാട് ഹല്‍ഖാ നാസിം പൂളക്കല്‍ മുഹമ്മദ് കുട്ടി സാഹിബ് നല്‍കിയ പുത്രതുലൃമായ സ്‌നേഹവും ശ്രദ്ധയുമായിരുന്നു കാരണം.
സ്വന്തമായി റേഡിയോയും മോട്ടോറും സ്‌കൂട്ടറും നിര്‍മിച്ചിരുന്ന ബാലൃം, യുവത്വത്തോടേ കാര്‍ മെക്കാനിക്കായി ഉമര്‍, ഏരിയയില്‍ പ്രസിദ്ധനായി; ഒരു കാര്‍ വര്‍ക്‌ഷോപ്പില്‍ മെക്കാനിക്കല്‍ സെക്ഷന്‍ ചാര്‍ജ് ഏറ്റെടുത്ത ഉമര്‍ ആ മേഖലയില്‍ ശോഭിച്ചു.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഖുര്‍ആന്‍ സ്റ്റഡി ക്ലാസ്സ് നന്നായി ഉപയോഗപ്പെടുത്തിയ ഉമര്‍, ഉസ്താദ് വി. സൈനുദ്ദീന്‍ സാഹിബില്‍നിന്ന് ഖുര്‍ആന്‍ പഠിച്ചു. പണ്ഡിതസമാനമായ അറിവ് ആര്‍ജിച്ചു. ഖുര്‍ആന്‍ ക്ലാസ് എടുക്കാന്‍ യോഗ്യനായി. ഉമര്‍ ഏറ്റെടുക്കുന്ന പരിപാടികളെല്ലാം തന്റെ സൗഹൃദവലയത്താല്‍ പരിപൂര്‍ണ വിജയമാക്കിമാറ്റും. സൗമ്യതയും ആത്മാര്‍ഥതയും നിശ്ചയദാര്‍ഢ്യവും തൃാഗനിര്‍ഭരതയും സൂക്ഷ്മതയും സേവനസന്നദ്ധതയും സ്‌നേഹസൗഹാര്‍ദവും ഉമറിന്റെ സന്തതസഹചാരികളായിരുന്നു.
എടപ്പാള്‍ ഐ.സി.സിയില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന, ദിനേന 150-ല്‍പരം പേര്‍ പങ്കെടുക്കുന്ന ഇഫ്ത്വാറിന്റെ എല്ലാമായിരുന്നു ഉമര്‍. ഭക്ഷണവും വിതരണവും സ്വീകരണവും കണക്കും എല്ലാം ചെയ്യാന്‍ വര്‍ക്‌ഷോപ് ഒരു തടസ്സമല്ലായിരുന്നു. അവിടെ അല്ലാഹു ഒരു കുറവും വരുത്തിയില്ല. സ്വന്തമായി ഒരു വീടു പോലുമില്ലാത്ത ഉമര്‍ സഹായം നല്‍കുന്നതില്‍ എന്നും സഹപ്രവര്‍ത്തകരെ കവച്ചുവെച്ചു. പുതിയ മീഖാത്തില്‍ ദഅ്‌വാ കണ്‍വീനര്‍ ആയിരുന്നു ഉമര്‍.
ഒന്നര മാസം മുമ്പേ മരണദൂതുമായി അവസാനഘട്ടത്തിലെത്തിയ ലിവര്‍ കാന്‍സര്‍ വന്നപ്പോള്‍ ഒരാഴ്ച കൊണ്ട് തന്റെ വര്‍ക്‌ഷോപ്പും പ്രസ്ഥാന പ്രവര്‍ത്തന മേഖലയും സഹപ്രവര്‍ത്തകരെ ഏല്‍പിച്ചു. രോഗശയ്യയിലായിരിക്കെ ഖുര്‍ആന്‍ സ്റ്റഡി സെന്ററില്‍ പോയി യാത്ര പറഞ്ഞു. ഹല്‍ഖയില്‍ തൊട്ടടുത്ത ആഴ്ചവരെ ഖുര്‍ആന്‍ ക്ലാസ്സ് എടുത്തു. ഫ്രറ്റേണിറ്റിയുടെ ആഭിമുഖ്യത്തില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന എയര്‍പോര്‍ട്ട് ഉപരോധത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദന പങ്കുവെച്ചു.
സുസ്‌മേരവദനനായാണ് ഉമര്‍ വിടവാങ്ങിയത്. മരണസമയത്ത് വുദൂ എടുത്തു. ശഹാദത്തും ഖുര്‍ആന്‍ വചനങ്ങളും ഉരുവിട്ടും സ്വര്‍ഗ ലക്ഷണങ്ങള്‍ പകര്‍ന്നുമാണ് ഉമര്‍ ഇഹലോകവാസം വെടിഞ്ഞത്. മൂന്നു പിഞ്ചു പെണ്‍കുട്ടികള്‍ക്കും പ്രിയതമക്കും ഉമര്‍ ആവോളം ദീനും സ്‌നേഹവും നല്‍കി. പ്രിയതമക്കു നല്‍കിയ വസ്വിയ്യത്തും ഖുര്‍ആനും പ്രസ്ഥാനജീവിതവുമായിരുന്നു.
അബ്ദുല്‍ ഖാദര്‍ വലിയകത്ത്
Comments