Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 20

3144

1441റജബ് 25

മരണവീട്ടിലുണര്‍ന്ന ഓര്‍മകള്‍

ടി.കെ അബ്ദുല്ല

നവാസിന്റെ മകന്‍ പത്തൊമ്പതുകാരന്‍ വാഹനാപകടത്തില്‍ മരണമടഞ്ഞു. കൗമാരത്തില്‍ പൊലിഞ്ഞ ദാനിഷിന്റെ മരണവീട്ടിലുണര്‍ന്ന എന്റെ ഓര്‍മകളും ചിന്തകളും

എ ഇന്‍സാന്‍ ഹഖീഖത്ത് മെ ക്യാ ചീസ്‌ഹേ
എ ആതാ കഹാന്‍സേ ഹെ, ജാതാ കഹാം

ആരാണ്, എന്താണ്  ഈ മനുഷ്യന്‍?
അവന്‍ വന്നതെവിടെനിന്ന്, പോകുന്നതെവിടേക്ക്?
    - അല്ലാമാ ഇഖ്ബാല്‍
                
മരണം ഉത്തരമില്ലാത്ത ചോദ്യമാണ്. ജനിച്ചാല്‍ മരിക്കും. അത് പ്രകൃതിനിയമം. വിശ്വാസികള്‍ക്ക് ദൈവവിധിയും. രണ്ടും തമ്മില്‍ ഭിന്നതയില്ല. പ്രകൃതിയും ദൈവവിധിയാണല്ലോ. മരണം വേദനയാണ്. ചില മരണങ്ങള്‍ വല്ലാത്ത വേദനയാണ്. ഈ ലോകത്ത് പ്രതിവിധിയില്ലാത്ത വേദന. 
ആണ്ടുതോറും നോമ്പുകാലത്ത് ഹറമില്‍ ഉംറക്ക് പോകുമായിരുന്ന സുഹൃത്ത് പറഞ്ഞ കഥ:
എല്ലാ വര്‍ഷവും അവിടെ ഒരു മധ്യവയസ്‌കയെ കാണാം. വേഷം കൊണ്ട് അറബി വനിതയാണ്. ആരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്ന കുലീന കുടുംബാംഗം. ആര്‍ജവവും തന്റേടവുമുള്ള മുഖശ്രീ. എന്തുകൊണ്ടാണ് എപ്പോഴും ഇവര്‍ ഹറമില്‍. കൂടെയാരും ഉള്ളതായി കാണുന്നില്ല. ആരുമായും സംസാരിക്കുന്നില്ല. സുഹൃത്തിന് ജിജ്ഞാസ വര്‍ധിച്ചു. അവരുടെ വിവരം അന്വേഷിച്ചറിയാന്‍ തന്നെ തീരുമാനിച്ചുറച്ചു. അറച്ചറച്ചാണ് സമീപിച്ചത്. സലാം ചൊല്ലി, അറബിയിലാണ് സംസാരം. 'സഹോദരിയെ എപ്പോഴും ഒറ്റക്ക് ഹറമില്‍ കാണുന്നു. വിവരം അറിയാന്‍ ആഗ്രഹമുണ്ട്.' അവര്‍ ഒരു നെടുവീര്‍പ്പോടു കൂടിയാണ് സുഹൃത്തിനെ നോക്കിയത്. 'നിങ്ങള്‍ക്ക് ഒരുപകാരവുമില്ലാത്ത കാര്യങ്ങള്‍ എന്തിനാണ് അന്വേഷിക്കുന്നത്? നിങ്ങളെ അത് വേദനിപ്പിക്കുകയേ ചെയ്യൂ' എന്നായിരുന്നു അവരുടെ പ്രതികരണം. എന്നാലും അറിയാനുള്ള താല്‍പര്യം ആവര്‍ത്തിച്ചപ്പോള്‍ ഒരു ചെറിയ മൗനത്തിനു ശേഷം അവര്‍ പറഞ്ഞ ദുഃഖ കഥ: ''ഞങ്ങള്‍ വളരെ സമ്പന്നമായ സന്തുഷ്ട കുടുംബമായിരുന്നു. ഈ ദുന്‍യാവില്‍ വേണ്ടതെല്ലാം ഞങ്ങള്‍ക്കുണ്ട്. സന്തോഷം തരുന്ന മൂന്ന് മക്കളും. ഒരിക്കല്‍ ഒരു ദുരന്ത വാര്‍ത്ത ഞങ്ങളെ തേടിയെത്തി. വീട്ടിനു പുറത്ത് പോയ മൂത്ത മകന്‍ ഒരു അത്യാഹിതത്തില്‍ പെട്ടിരിക്കുന്നു. ഷേവ് ചെയ്യുകയായിരുന്ന വാപ്പ എല്ലാം മറന്ന് വണ്ടി സ്റ്റാര്‍ട്ടാക്കി. വണ്ടിയുടെ അടിയില്‍നിന്ന് ദീനമായ ഒരട്ടഹാസം. ഏതോ കളിയുടെ ഭാഗമായി രണ്ടാമത്തെ മകന്‍ കാറിനടിയില്‍ ഒളിച്ചതായിരുന്നു. രക്തത്തില്‍ കുളിച്ച മകനെയും കാറിലെടുത്തിട്ടായി പിന്നത്തെ ഓട്ടം. ചുരുക്കി പറഞ്ഞാല്‍ രണ്ട് മയ്യിത്തുമായിട്ടാണ് വാപ്പയുടെ മടക്കം! ഇതിനിടെ ഞങ്ങളാരും ശ്രദ്ധിക്കാതെ ഇളയകുട്ടി മറ്റൊരബദ്ധം ചെയ്തു. ബ്ലേഡ്‌കൊണ്ട് വാപ്പ ചെയ്തതെല്ലാം ആവര്‍ത്തിക്കുകയായിരുന്നു. നിലവിളി കേട്ടാണ് ഞങ്ങള്‍ അറിയുന്നത്. ഒടുവില്‍ അതും പോയി! വാപ്പ ഇളമനസ്സായിരുന്നു. എന്നെപ്പോലെ പിടിച്ചുനില്‍ക്കാനുള്ള കരുത്തും ക്ഷമയും ഇല്ലായിരുന്നു. മൂന്ന് കുരുന്നുകള്‍ പോയ ലോകത്തേക്ക് വാപ്പയും പോയി! ആഡംബരപൂര്‍ണമായ ഒരു വലിയ വീട്ടില്‍ ഞാനെങ്ങനെ, എന്തിന് ഒറ്റക്ക് നില്‍ക്കും! ഇനി അല്ലാഹുവിന്റെ ഭവനം എന്റെ ഭവനം.'' അവര്‍ മൗനിയായി. ആ നനഞ്ഞ കണ്ണുകളിലേക്ക് നോക്കാന്‍ ഞാന്‍ അശക്തനായിരുന്നു. 
മറ്റൊരു ദുരന്തം പത്രത്തില്‍ വായിച്ചതാണ്. ഒരു പാവപ്പെട്ട കുടുംബത്തിലെ അമ്മ വീടിന് തൊട്ട പുഴക്കടവില്‍ ഇളയ കുട്ടിയെയും കൂട്ടി അലക്കാന്‍ പോയതാണ്. അതിനിടെ എന്തോ അലമുറ കേട്ട് അമ്മ വീട്ടിലേക്കോടി. കുട്ടികള്‍ക്ക് കൈയെത്താത്ത ഉയരത്തില്‍ അമ്മ മാങ്ങ പഴുക്കാന്‍ വെച്ചിരുന്നു. നല്ലപോലെ പഴുത്തിട്ടു വേണം കുട്ടികള്‍ക്ക് കൊടുക്കാന്‍. അമ്മ പുഴക്കല്‍ പോയ തഞ്ചത്തില്‍ മൂത്ത കുട്ടികള്‍ മാങ്ങയെടുക്കാന്‍ മത്സരിക്കുകയായിരുന്നു. രണ്ട് കുട്ടികളും മത്സരിച്ച് കുട്ടയില്‍ കൈയിട്ടപ്പോള്‍ രണ്ടിനും കിട്ടി, പാമ്പിന്റെ കൊത്ത്. മാങ്ങാകുട്ടയില്‍ മൂര്‍ഖന്‍ പാമ്പ് കാവലിരുന്നത് കുട്ടികള്‍ കണ്ടില്ല. ഇതിനിടയില്‍ ഇളയകുട്ടിയെ ആരും ഓര്‍ത്തില്ല. പിന്നീടാണ് പുഴക്കടവിലേക്കോടിയത്. സമയം വൈകിപ്പോയിരുന്നു. ഇളയത് വെള്ളത്തില്‍ പോയി!  മൂത്ത രണ്ടും പാമ്പ് കടിയേറ്റ് മരിച്ചു! ഈ അമ്മയെ ആര്‍ക്ക് എന്ത് പറഞ്ഞ് ആശ്വസിപ്പിക്കാനാവും?
ഇത്തരം ദുരന്തങ്ങള്‍ ഇന്ന് ആവര്‍ത്തനംകൊണ്ട് വാര്‍ത്തയല്ലാതായിരിക്കുന്നു. ആളുകള്‍ നിസ്സംഗതയോടെ വായിച്ചു തള്ളുന്നു. നൊന്തുപെറ്റ അമ്മയെയും ബന്ധുക്കളെയും വേര്‍പാടിന്റെ വേദന വേട്ടയാടിക്കൊണ്ടിരിക്കും. വിശ്വാസികളുടെ കുടുംബമാണെങ്കില്‍ ഒരുവിധം സമാശ്വസിപ്പിക്കാന്‍ സാധ്യമായേക്കാം. പോയവരുടെ വേദനയില്‍ ദയ തോന്നി പടച്ചതമ്പുരാന്‍ തെറ്റുകുറ്റങ്ങള്‍ പൊറുത്ത് മാപ്പാക്കിത്തരും. നാളെ പരലോകത്ത് സ്വര്‍ഗകവാടത്തില്‍ നമ്മെ സ്വീകരിക്കാന്‍ അവര്‍ കാത്തിരിപ്പുണ്ടാകും - ഇങ്ങനെയൊക്കെ സമാശ്വസിപ്പിക്കാന്‍ സുഹൃത്തുക്കള്‍ക്ക് കഴിഞ്ഞേക്കും.
ആലുവ ചാലക്കല്‍ ഉസ്മാന്റെ അനുഭവം ഓര്‍ത്തുപോവുന്നു. ഉസ്മാന്റെ കുടുംബം ദീനീബോധമുള്ള, ജമാഅത്ത് കുടുംബമാണ്. 1974 ഡിസംബര്‍ ഏഴിനാണ് ദുരന്തം. ഉസ്മാന്റെ രണ്ട് മക്കള്‍, ജലാലുദ്ദീനും സദ്‌റുദ്ദീനും പെങ്ങളുടെ മകള്‍ ആഇശയും വെള്ളത്തില്‍ പോയി മരിച്ചു. സാധാരണ മുതിര്‍ന്നവരില്ലാതെ കുരുന്നുകളെ കുളിക്കാന്‍ പോകാന്‍ സമ്മതിക്കാറില്ല. അന്ന് എന്തുകൊണ്ടോ തടഞ്ഞില്ല. മൂന്നും പോയി. ഉസ്മാന്‍ ആകെ ആളുമാറിയതുപോലെ! എല്ലാ നിയന്ത്രണവും കൈവിട്ടുപോയി. കുട്ടികള്‍ മരിച്ചെന്ന് ഉസ്മാന്‍ സമ്മതിക്കുന്നില്ല. എങ്കിലും ശേഷക്രിയകള്‍ തടയുന്നുമില്ല.  ഇതിനിടയില്‍ എനിക്ക് കത്തെഴുതി. ഇ.വി ആലിക്കുട്ടി മൗലവിക്കും എഴുതിയെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. കത്ത് കിട്ടിയ ഉടന്‍ ഞാന്‍ മറുപടി എഴുതി: ''ഉസ്മാന്‍ ധരിക്കുന്നതാണ് ശരി. കുട്ടികള്‍ ജീവിച്ചിരിപ്പുണ്ട്. അത്യാഹിതത്തില്‍ മരിക്കുന്നവര്‍ രക്തസാക്ഷികളാണെന്നും, രക്തസാക്ഷികള്‍ക്ക് മരണമില്ലെന്നും ഖുര്‍ആനും സുന്നത്തും പഠിപ്പിച്ചുതന്നിട്ടുണ്ട്. അതേസമയം, അവരുടെ ശേഷക്രിയകളെല്ലാം നടത്തണം. നാളെ സ്വര്‍ഗത്തില്‍ കുട്ടികള്‍ രക്ഷിതാക്കളെ കാത്തിരിപ്പുണ്ട്.'' ഈ ശൈലിയിലുള്ള കത്ത് ആലിക്കുട്ടി മൗലവിയും എഴുതിക്കാണും. കെ.എന്‍ അബ്ദുല്ല മൗലവിയും നീണ്ട കത്തെഴുതിയതായി അറിയാം. ഈ കത്തുകളെല്ലാം ഉസ്മാനിലും കുടുംബത്തിലും വലിയ ആശ്വാസവും  പ്രതീക്ഷയും പകര്‍ന്നതായി അവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കുട്ടികള്‍ പോയി മൂന്നാം ദിവസം കണ്ട ഒരു സ്വപ്‌നവും വിശ്വാസിയായ ഉസ്മാന് വലിയ പ്രതീക്ഷ പകര്‍ന്നതായി അദ്ദേഹം എന്നോട് സ്വകാര്യം പറയുകയുണ്ടായി. കുട്ടികള്‍ തിളങ്ങുന്ന ശരീരഭംഗിയോടെ പുഞ്ചിരി തൂകി മലക്കുകളുടെ അകമ്പടിയില്‍ വന്നു കണ്ടതാണ് സ്വപ്‌നം. സ്വര്‍ഗത്തിലെ സന്തോഷമാണ് അവര്‍ക്ക് തന്നോട് പങ്കുവെക്കാനുണ്ടായിരുന്നത്. മര്‍ഹൂം ഉസ്മാന്റെ ഈമാന്‍ വര്‍ധനക്ക് ഇതും സഹായകമായി. വിശ്വാസികള്‍ക്ക് അവകാശപ്പെട്ട സദ്ഭാഗ്യമാണിത്. 
ചാലക്കല്‍ സംഭവത്തില്‍ ഒരേ കുടുംബത്തിലെ മൂന്ന് കുരുന്നുകളാണ് പോയതെങ്കില്‍ കുറ്റിയാടിക്കടുത്ത് പാലേരി പാറക്കടവില്‍ അടുത്തടുത്ത വീടുകളിലെ മൂന്ന് കൗമാരങ്ങളെയാണ് പുഴവെള്ളം കൊണ്ടുപോയത്. 2005 വെക്കേഷന്‍ കാലത്ത് മെയ്മാസത്തിലാണ് സംഭവം. വിദ്യാര്‍ഥികളായ കെ.ടി സൂപ്പി മാസ്റ്ററുടെ മകന്‍ ശാഹീനും ഹംസ നദ്‌വി മകന്‍ ശബീബും ഖാസിം മകന്‍ ശക്കീബും ഒഴിവുകാലത്തെ പതിവുരീതിയില്‍ പുഴക്കടവില്‍ കുളിക്കാന്‍ പോയതാണ്. ഒരേ ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍. തിരിച്ചെത്തിയത് മൂന്ന് മയ്യിത്ത്! നാടിനെ നടുക്കിയ ദുരന്തം! ദൂരദിക്കുകാര്‍ക്ക് ഇതില്‍ അസാധാരണമായി ഒന്നുമില്ല. വെക്കേഷന്‍ കാലത്തെ പതിവുമരണങ്ങള്‍. അസാധാരണമായുള്ളത് കുടുംബങ്ങളും ബന്ധുക്കളും അത്യാഹിതത്തെ നേരിട്ട മാനസികാവസ്ഥയാണ്. ദുഃഖാര്‍ത്തരായ ആയിരങ്ങള്‍ക്കു മുമ്പില്‍ അവര്‍ പതറിയില്ല. സാന്ത്വനിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാത്ത സുഹൃത്തുക്കളെ അങ്ങോട്ട് സമാശ്വസിപ്പിക്കുകയായിരുന്നു അവര്‍. നാളെ പരലോകത്ത് സ്വര്‍ഗ പൂങ്കാവനത്തില്‍ ആ പുഞ്ചിരിക്കുന്ന മുഖങ്ങള്‍ കാത്തിരിപ്പുണ്ടെന്ന വിശ്വാസം അവര്‍ക്ക് വെറുമൊരു പാരമ്പര്യ ധാരണയല്ല, അടിയുറച്ച വിശ്വാസം തന്നെയായിരുന്നു. സൂപ്പി മാസ്റ്ററുടെ കാര്യം സവിശേഷം ഓര്‍ക്കേണ്ടതുണ്ട്. കവിയും എഴുത്തുകാരനുമായ അദ്ദേഹം ലോലഹൃദയനാണ്. എന്നിട്ടും ദുരന്തത്തില്‍ പിടിച്ചുനിന്നത് ഈമാനിക ശക്തി ഒന്നുകൊണ്ട് മാത്രം. അനുശോചനത്തിനെത്തിയ കെ.ഇ.എന്‍ കുഞ്ഞമ്മദിനെ പോലും അതിശയിപ്പിച്ച അനുഭവമാണിത്. എഴുത്തിലും പ്രസംഗങ്ങളിലും കെ.ഇ.എന്‍ ഇത് അനുസ്മരിച്ചതായി അറിയാം. 

(അവസാനിച്ചു)

Comments

Other Post

ഹദീസ്‌

മൂന്നു കാര്യങ്ങള്‍ ഹൃദയത്തെ നിര്‍മലമാക്കും
മുഹമ്മദ് സ്വാലിഹ് മുന്‍ജിദ്‌

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (14-16)
ടി.കെ ഉബൈദ്‌