പുതിയ പ്രഭാതം പുലരുക തന്നെ ചെയ്യും
'തിരിഞ്ഞൊഴുകുമോ ഗംഗാ?' എന്ന ശീര്‍ഷകത്തില്‍ എ. ആര്‍ എഴുതിയ ലേഖനം (ലക്കം 3154) വായിച്ചു. വന്‍ ശക്തികള്‍ പോലും വിറകൊണ്ട സാമ്പത്തിക മാന്ദ്യത്തില്‍ തകരാതെ പിടിച്ചുനിന്നിരുന്ന ഇന്ത്യയെ, ആറുവര്‍ഷം കൊണ്ട് കുട്ടിച്ചോറാക്കിയ ഒരു ഭരണാധികാരി സൃഷ്ടിച്ച പുകമറയാണ് വിവാദമായ പൗരത്വ ഭേദഗതി നിയമം.
ഇന്ത്യ അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മയും വ്യാപാര മാന്ദ്യവും ഉല്‍പാദന തകര്‍ച്ചയുമൊക്കെ വിഷയമാക്കി ജനം തെരുവിലിറങ്ങിയാല്‍, അത് പൊളിച്ചുകളയുന്നത് ആപ്കോ വേള്‍ഡ് പോലുള്ള പരസ്യക്കമ്പനികള്‍ അന്തര്‍ദേശീയ തലത്തില്‍ പൊലിപ്പിച്ചുവെച്ച മോഡി എന്ന ഐക്കണ്‍ ആയിരിക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ് പൗരത്വ നിഷേധം വിവാദമാക്കി ജനശ്രദ്ധ മറ്റൊരു വഴിക്കു കൊണ്ടു പോകാന്‍ ശ്രമിക്കുന്നത്.
വര്‍ഗീയത മാര്‍ക്കറ്റ് ചെയ്യുന്നതിനപ്പുറം ഭരണ രംഗത്ത് ഭാരതീയ ജനതാ പാര്‍ട്ടി വന്‍ പരാജയമാണെന്നതിനു ചേരികള്‍ മതില്‍കെട്ടി മറച്ച ഗുജറാത്ത് തന്നെയാണ് ഏറ്റവും വലിയ തെളിവ്. സാധാരണക്കാരന്റെ ജീവിത നിലവാരം ഉയര്‍ത്താന്‍ വേണ്ടി കേന്ദ്ര ഭരണകൂടം എന്തു ചെയ്തു എന്ന ചോദ്യം കൂടി പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമായി ഉയര്‍ത്തികൊണ്ടു വരേണ്ടതുണ്ട്.
പൗരത്വഭേദഗതിയും മുസ്‌ലിം ചിഹ്നങ്ങളും
നമസ്‌കാരാനന്തരമുള്ള പതിവ് കുശലാന്വേഷണത്തിനിടെ ഉസ്താദ് ചോദിച്ചു: 'അല്ല നിങ്ങളുടെ വീട് ബുക്ക് ചെയ്തിട്ടുണ്ടോ?' മുഖവുരയില്ലാതെ ചോദ്യത്തിന്റെ ഞെട്ടലൊന്നും പുറത്ത് കാണിക്കാതെ ഞാന്‍ പറഞ്ഞു; 'എന്താ? നിങ്ങക്ക് വേണോ?' എന്റെ മറുചോദ്യത്തോട് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു; 'പാലക്കാട് ഭാഗത്തൊക്കെ ചിലര്‍ വീട് ബുക്ക് ചെയ്ത് തുടങ്ങീട്ടുണ്ട്.' അദ്ദേഹത്തിന്റെ നര്‍മം ആസ്വദിച്ച് ഞങ്ങള്‍ ഒന്നിച്ച് ചിരിച്ചു.
വിവാദ പൗരത്വ ഭേദഗതി നിയമം പ്രത്യക്ഷമായും പ്രഥമമായും ബാധിക്കുന്നത് മുസ്‌ലിംകളെയാണ് എന്നതിനാല്‍ മുസ്‌ലിംകളാണ് ഇതുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ആശങ്കയും ഉത്കണ്ഠയും അനുഭവിക്കുന്നത്. അവരുടെ സംസാരങ്ങളിലും ചിന്തകളിലും പ്രതിഫലിക്കുന്നത് അതാണ്.
ഒരു മുസ്‌ലിം ഈ വിഷയത്തെ എങ്ങനെയാണ് സമീപിക്കേണ്ടത്? ഇസ്‌ലാമിക മൂല്യങ്ങളില്‍നിന്നാണോ അതോ മതേതര മൂല്യങ്ങളില്‍നിന്നാണോ അയാള്‍ സമരം നയിക്കേണ്ടത്? ഈ ചര്‍ച്ചയും ഇപ്പോള്‍ നടക്കുന്നുണ്ട്.
'ലാ ഇലാഹ ഇല്ലല്ലാഹ്', 'അല്ലാഹു അക്ബര്‍' പോലെയുള്ള മുദ്രാവാക്യങ്ങള്‍ സമരങ്ങളില്‍ ഉപയോഗിക്കരുതെന്ന് ചിലര്‍ ഉപദേശിക്കുന്നു. ഒരു മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം അവന്റെ അടിസ്ഥാന ആദര്‍ശമാണ് 'ലാ ഇലാഹ ഇല്ലല്ലാഹ്.'
ഖുര്‍ആനിന്റെ മാനവിക വിമോചനത്തിനുള്ള ഈ ആഹ്വാനമുള്‍ക്കൊണ്ടാണ് ലോകത്തുള്ള എല്ലാ പ്രധാന സമര
പോരാട്ടങ്ങളിലും മുസ്‌ലിംകള്‍ക്ക് മുന്നണിപ്പോരാളികളാകാന്‍ കഴിഞ്ഞത്. ഇസ്‌ലാമിന്റെ അടിസ്ഥാന ആദര്‍ശത്തില്‍നിന്ന് ഊര്‍ജം സ്വീകരിച്ചുകൊണ്ടാണ് അവര്‍ പട നയിച്ചത്. പാശ്ചാത്യ പാദസേവകനായ ഷാ പഹ്‌ലവിക്കെതിരെ 1979-ല്‍ ഖുമൈനിയുടെ നേതൃത്വത്തില്‍ പട നയിച്ചത് ഇസ്‌ലാമിക ചിഹ്നങ്ങളില്‍നിന്നും ആദര്‍ശത്തില്‍നിന്നുമുള്ള അഗ്നിസ്ഫുലിംഗങ്ങള്‍ ഏറ്റുവാങ്ങിയാണ്. 1921-ല്‍ മലബാറിലെ മുസ്‌ലിംകള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയതും ഇറ്റാലിയന്‍ അധിനിവേശത്തിനെതിരെ ലിബിയക്കു വേണ്ടി ഉമര്‍ മുഖ്താര്‍ ധീരസമരം നയിച്ചതും ശുദ്ധ ഇസ്‌ലാമിക പക്ഷത്തു നിന്നാണ്.
ഓരോ ഇന്ത്യന്‍ പൗരനും തന്റെ മതവിശ്വാസ പ്രകാരമുള്ള ആചാരങ്ങള്‍ അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന അനുവദിച്ചുതരുന്നുണ്ട്. അപ്രകാരം അനുഷ്ഠിക്കുമ്പോള്‍ മാത്രമേ രാഷ്ട്രശില്‍പികള്‍ സ്വപ്‌നം കണ്ട യഥാര്‍ഥ മതേതരത്വം സാക്ഷാല്‍ക്കരിക്കപ്പെടുകയുള്ളൂ. അതിനാല്‍ ഇസ്‌ലാമിക ചിഹ്നങ്ങള്‍ ഉപയോഗിക്കേണ്ടതില്ല എന്ന വാദം ബാലിശവും ദുര്‍ബലവുമാണ്.
മുസ്‌ലിം പെണ്ണിന്റെ ശിരോവസ്ത്രം അവളെ അധോഗതിയിലേക്ക് കൊണ്ടുപോകുന്നുവെന്ന് വിമര്‍ശിക്കാറുണ്ട് ചിലര്‍. ആഇശ റെന്നയും ലദീദ ഫര്‍സാനയും ശിരോവസ്ത്രമണിഞ്ഞ മറ്റ് മുസ്‌ലിം വിദ്യാര്‍ഥിനികളും സ്ത്രീകളും ഫാഷിസ്റ്റ് അധികാരികള്‍ക്കെതിരെ നടത്തുന്ന സിംഹഗര്‍ജനങ്ങളും പര്‍ദയിട്ട കൈകള്‍ തൊടുക്കുന്ന ചോദ്യശരങ്ങളും അവരുടെ ചൂണ്ടുവിരലുകളുമെല്ലാം മതേതരത്വത്തിന്റെ പുരോഹിതന്മാര്‍ക്ക് ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ല.
പൈങ്കിളി സമരങ്ങളിലും പരസ്യ കമ്പോളങ്ങളിലും മാത്രം പെണ്ണുടല്‍ കണ്ട് ശീലിച്ചവര്‍ക്ക് ഫെമിനിസത്തെയും മറികടന്ന ഈ പുതിയ മുഖം അലര്‍ജി സൃഷ്ടിച്ചേക്കാം. 'അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം ആഘോഷിച്ചവര്‍ അരങ്ങില്‍നിന്ന് ചോദ്യശരങ്ങളുയര്‍ത്തിയ പെണ്ണിനോട് അത് അടുക്കളയില്‍ പോയി പറയാന്‍ പറയുന്നത് അതുകൊണ്ടാണ്.
പുരുഷനെ ശത്രുപക്ഷത്തു നിര്‍ത്തി പോരാടുന്ന സ്ത്രീയില്‍നിന്നു വ്യത്യസ്തമായി മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടി, മാനവവിമോചനത്തിനായി സമരം നയിക്കുന്ന സ്ത്രീരത്‌നങ്ങളെയാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്നത്. മുഴുവന്‍ കൊട്ടാര നിവാസികളും ജനങ്ങളും നീതിക്കും സത്യത്തിനുമെതിരെ നിന്നപ്പോള്‍ കൊട്ടാരത്തിന്റെ കണ്ണഞ്ചിക്കുന്ന സുഖാഡംബരങ്ങള്‍ ത്യജിച്ച ആസിയ ബീവി, അറേബ്യയിലെ അനീതിക്കും അധര്‍മത്തിനുമെതിരെ സന്ധിയില്ലാ സമരം നയിച്ച ഉമ്മു അമ്മാറ (റ), ആഇശ(റ).... ഇവരുടെയൊക്കെ ആദര്‍ശത്തില്‍നിന്നും വിശ്വാസത്തില്‍നിന്നും ആവേശമുള്‍ക്കൊള്ളുകയും ഊര്‍ജം സ്വീകരിക്കുകയും ചെയ്തതുകൊണ്ടാണ് മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് സമരരംഗത്തിറങ്ങാനും മറ്റുള്ളവരെ സമരത്തിന് പ്രചോദിപ്പിക്കാനും സാധിക്കുന്നത്.
മാര്‍ക്‌സില്‍നിന്ന് തൊഴിലാളികള്‍ക്കും ഗാന്ധിയില്‍നിന്ന് സ്വാതന്ത്ര്യസമരസേനാനികള്‍ക്കും അംബേദ്കറില്‍നിന്ന് ദലിതര്‍ക്കും ആവേശമുള്‍ക്കൊള്ളാവുന്നതുപോലെ തന്നെ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കും സ്ത്രീ-പുരുഷന്മാര്‍ക്കും ഇസ്‌ലാമിക സംസ്‌കാരത്തില്‍നിന്നും ഖുര്‍ആനില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് സമരവീഥിയില്‍ ഉറച്ചുനില്‍ക്കാവുന്നതാണ്.
ഹുസൈന്‍ കാളാവ്
ചൈനയെ കുറിച്ച തെറ്റിദ്ധാരണകള്‍
കൊറോണ വൈറസ് ബാധയെ സംബന്ധിച്ച് പ്രബോധനത്തില്‍ വന്ന മുഖക്കുറിപ്പും ലേഖനങ്ങളുമാണ് ഈ കുറിപ്പിന് ആധാരം. ചൈനയെ കുറിച്ച് പ്രചരിപ്പിക്കപ്പെടുന്ന ചില തെറ്റിദ്ധാരണകള്‍ ആ രാഷ്ട്രത്തെക്കുറിച്ച യാഥാര്‍ഥ്യങ്ങള്‍ തമസ്‌കരിക്കപ്പെടാന്‍ കാരണമായിട്ടുണ്ട്. ലോകത്തെ വമ്പിച്ച പ്രതിസന്ധിയിലാഴ്ത്തിയ കൊറോണ വൈറസിന്റെ കാരണം ചൈനയിലെ ഭക്ഷണ രീതിയാണെന്ന വിലയിരുത്തല്‍ ശരിയല്ല എന്നാണു ചൈനയില്‍ കുറച്ചുകാലം ജീവിച്ച ആളെന്ന നിലയില്‍ എനിക്ക് മനസ്സിലായിട്ടുള്ളത്. അതുകൊണ്ട് പ്രബോധനം പോലൊരു പ്രസിദ്ധീകരണം ഈ വിഷയം അവതരിപ്പിക്കുമ്പോള്‍ കുറേക്കൂടി സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം.
വവ്വാല്‍, എലി എന്നിവയില്‍നിന്നാണ് ഈ വൈറസ് പടര്‍ന്നതെന്നു സൂചനകള്‍ വരുന്നുണ്ട്. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ നിപ വൈറസ് ബാധിച്ചപ്പോഴും വവ്വാലിലേക്ക് സംശയം നീണ്ടിരുന്നു. എന്നാല്‍, ആ സമയത്തൊന്നും നമ്മുടെ ഭക്ഷണ രീതിയെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നില്ല. ഇത്തരം ജീവികളെ ഭക്ഷിക്കുന്നതുകൊണ്ടാണ് ഈ വൈറസ് പകരുന്നതെന്നും നാം പറഞ്ഞിരുന്നില്ല. ലോക ചരിത്രത്തില്‍ ഇത്തരം അസുഖങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. പ്രവാചകന്റെ കാലത്ത് പ്ലേഗ് പടര്‍ന്നിരുന്നു. അതിനു പല കാരണങ്ങള്‍ ഉണ്ടാകാം. പരീക്ഷണങ്ങളും പുനരാലോചന സന്ദര്‍ഭങ്ങളുമായി അവയെ മനസ്സിലാക്കാം. ഭക്ഷണം എന്ന ഒരേയൊരു കാരണത്തിലേക്കു വൈറസ് ബാധയെ ന്യൂനീകരിക്കുന്നത് ഉചിതമല്ല.
ചൈനയുടെ വ്യത്യസ്ത നഗരങ്ങളിലും ഗ്രാമങ്ങളിലും സഞ്ചരിക്കുകയും ഒരുപാട് സന്ദര്‍ഭങ്ങളില്‍ അവരുമായി ഇടപഴകുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്. പ്രാണികളെയും വന്യജീവികളെയും തിന്നുന്നത് ചൈനയിലെ പൊതുവായ ഭക്ഷണ രീതിയല്ല. വളരെ വിരളമായ ആളുകള്‍ മാത്രമേ ഇവയെയൊക്കെ ആഹരിക്കാറുള്ളൂ. ചില വന്യജീവികളെ ഭക്ഷിച്ചാല്‍ പ്രത്യേക ശക്തി ലഭിക്കും എന്ന് ധരിച്ചിട്ടുള്ള അന്ധവിശ്വാസികളാണ് അവ കഴിക്കാറുള്ളത്. ചൈനക്കാരില്‍ സാധാരണമായ ഭക്ഷണ രീതിയാണ് ഇതെന്ന് തോന്നിക്കുന്നത് നീതിയല്ല. ഭക്ഷണകാര്യത്തില്‍ വളരെ ശുചിത്വമുള്ളവരായാണ് ചൈനക്കാരെ പൊതുവെ അനുഭവിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. കൊറോണ വൈറസ് ഉത്ഭവിക്കാന്‍ കാരണമായ വുഹാന്‍ നഗരത്തിന്റേത് എന്ന പേരില്‍ വൃത്തി കുറഞ്ഞ ഒരു മാര്‍ക്കറ്റിന്റെ വീഡിയോ പ്രചരിക്കുന്നത് കാണാന്‍ ഇടയായി. ആ വീഡിയോ യഥാര്‍ഥത്തില്‍ ഇന്തോനേഷ്യയിലെ ഒരു ദ്വീപിലെ മാര്‍ക്കറ്റാണ്. ചൈനയിലെ വിവിധ മാര്‍ക്കറ്റുകള്‍ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ശുചിത്വത്തിലും സാങ്കേതികവിദ്യയിലും ലോകോത്തര നിലവാരമുള്ളവയാണ് അവിടത്തെ മാര്‍ക്കറ്റുകള്‍ പൊതുവില്‍. എന്തുകൊണ്ട് ഇതൊക്കെ നമ്മുടെ നാട്ടില്‍ നടപ്പിലാക്കിക്കൂടാ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. 1978-നു ശേഷം നാല്‍പ്പത് വര്‍ഷങ്ങള്‍ കൊണ്ട് വമ്പിച്ച പുരോഗതി നേടുകയും ലോകത്തെ ഒന്നാം നമ്പര്‍ സമ്പദ്ശക്തിയായി വളരുകയും ചെയ്ത ചൈനയെക്കുറിച്ച് നാം ഇനിയും പഠിക്കേണ്ടതുണ്ട്.
സി. ജെലീസ് മഞ്ചേരി
കെജ്‌രിവാള്‍ ഡെമോക്രസിയുടെ കാവല്‍ക്കാരനോ?
ദല്‍ഹി കലാപത്തിന്റെ ബാക്കിപത്രം വായിച്ചാല്‍ ഇന്ത്യന്‍ ജനാധിപത്യം ജീവവായു ലഭിക്കാതെ മരണ ശയ്യയിലാണെന്ന് മനസ്സിലാക്കാം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം നടന്ന സംസ്ഥാന - ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ അല്‍പം പ്രതീക്ഷ നല്‍കുന്നതായിരുന്നു. ഉദാഹരണമായി കഴിഞ്ഞ മാസം നടന്ന ദല്‍ഹി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനം ജനാധിപത്യത്തിന് പുതുപ്രതീക്ഷ നല്‍കുന്നതായിരുന്നു.
പക്ഷേ, പുതിയ സംഭവവികാസങ്ങള്‍ പരിശോധിച്ചാല്‍ കെജ്രിവാളിന്റെ മനസ്സ് സംഘ് പരിവാറിലേക്കാണോ ചായുന്നതെന്ന് സംശയിക്കേിയിരിക്കുന്നു. ദല്‍ഹി കലാപം നടക്കുമ്പോള്‍ ഗാന്ധി സമാധിയില്‍ പ്രാര്‍ഥന നടത്തി തിരിഞ്ഞ് നടക്കുകയായിരുന്നു കെജ്രിവാള്‍.
വ്യക്തികളെ പേടിപ്പിച്ച് നിശ്ശബ്ദരാക്കുകയും മുഖ്യമന്ത്രിമാരെയും മറ്റും അനുനയിപ്പിച്ച് വശത്താക്കുകയും ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ വിജയിക്കുന്നു എന്നു വേണം കരുതാന്‍. മഹാരാഷ്ട്രയിലെ ഉദ്ദവ് സര്‍ക്കാര്‍ സി.എ.എക്ക് എതിരെ നിയമസഭയില്‍ പ്രമേയം പാസ്സാക്കുമെന്നു പറഞ്ഞിരുന്നു. എന്നാല്‍ അഛനെയും പിന്‍ഗാമി മകനെയും സല്‍ക്കരിച്ച് മോദി സര്‍ക്കാര്‍ അവരുടെ മനസ്സ് മാറ്റുന്നതില്‍ വിജയിച്ചു. മറ്റൊരു ബി.ജെ.പി വിരുദ്ധ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിയും ചായ സല്‍ക്കാരത്തില്‍ പങ്കെടുക്കുകയുണ്ടായി.
ഏറ്റവും ഒടുവില്‍ കെജ്രിവാളിന്റെ ബി.ജെ.പി അടുപ്പമാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സി.എ.എ വിരുദ്ധ നിലപാട് എടുത്തില്ല എന്നു മാത്രമല്ല പല വിഷയങ്ങളിലും ബി.ജെ.പി നയങ്ങളെ ദൃഢപ്പെടുത്തുകയും ചെയ്യുന്നു, മുഖ്യമന്ത്രിയുടെ ഇരിപ്പിടത്തില്‍ ഇരുന്നുകൊണ്ട്. ദല്‍ഹിയുടെ വടക്കന്‍ മേഖലയിലേക്ക് അടുത്ത സംസ്ഥാനത്തു നിന്നും നരഭോജികള്‍ ആയുധങ്ങളുമായി വന്നിറങ്ങുന്നത് കണ്ടില്ല, കേട്ടില്ല എന്ന് പറയുന്നത് ഒരു മുഖ്യമന്ത്രിയെ സംബന്ധിച്ച് അസംബന്ധമാണ്.
അബ്ബാസ് ആനപ്പുറം, യാമ്പു
Comments