Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 20

3144

1441റജബ് 25

നൂറ്റാണ്ടിനെ ത്രസിപ്പിച്ച  സിദ്ധിയും സാധനയും

പി.കെ ജമാല്‍

ഇസ്‌ലാമിക ചിന്തയുടെ ഏതെങ്കിലും ഒരു രംഗത്ത് തളച്ചിടപ്പെടാത്ത ഡോ. മുഹമ്മദ് ഇമാറയുടെ ധിഷണാ വ്യാപാരത്തിന്റെ ഉത്തമ നിദര്‍ശനമാണ് വൈവിധ്യവും വ്യത്യസ്തതയും ഇഴചേര്‍ന്ന അദ്ദേഹത്തിന്റെ ഇരുനൂറ്റമ്പതോളം കൃതികള്‍. ചിന്തയുടെയും പഠനത്തിന്റെയും വ്യത്യസ്ത തലങ്ങളെ ആ പ്രതിഭാശാലിയുടെ ധിഷണ സ്പര്‍ശിച്ചു. ആഴത്തിലും പരപ്പിലും ചിന്തയുടെ സൂക്ഷ്മ സഞ്ചാരം ആ കൃതികളെ മികച്ച വായനാനുഭവമാക്കി. സര്‍വതല സ്പര്‍ശിയായ ഇമാറയുടെ രചനകള്‍ ഉള്ളടക്കത്തിന്റെ കരുത്ത് കൊണ്ടും പ്രതിപാദനത്തിന്റെ വശ്യത കൊണ്ടും ശ്രദ്ധേയമാണ്.
പുതിയ കാലത്തെ ഇസ്‌ലാമിക നവോത്ഥാന സംരംഭങ്ങളുടെയും ജ്ഞാനോദയത്തിന്റെയും ചിന്താ നവീകരണ യജ്ഞങ്ങളുടെയും തേരാളിയായി തിളങ്ങിയ ശൈഖ് ഡോ. മുഹമ്മദ് ഇമാറ 2020 ഫെബ്രുവരി 28-ന് ഈ ലോകത്തോട് വിട പറഞ്ഞു. കുലീനമായ ഇസ്‌ലാമിക വൈജ്ഞാനിക പൈതൃകത്തിന്റെ കാവലാളായി വിരാജിച്ച പണ്ഡിത ശ്രേഷ്ഠന്‍ അന്ത്യശ്വാസം വലിക്കുമ്പോള്‍ 89 വയസ്സായിരുന്നു.
പിറന്ന നാടായ ഈജിപ്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഇമാറക്ക് ചെറുപ്പന്നേ സാധിച്ചു. കഴിഞ്ഞ നൂറ്റാണ്ടിലെ നാല്‍പതുകളില്‍ വിദ്യാര്‍ഥിയായിരിക്കെ, ഈജിപ്തിന്റെ വിമോചനത്തിനും സ്വാതന്ത്ര്യത്തിനും ഫലസ്ത്വീന്‍ പ്രശ്‌നപരിഹാരത്തിനും നാവും തൂലികയും ചലിപ്പിച്ച പാരമ്പര്യം അദ്ദേഹത്തിനുണ്ട്. 1948 ഏപ്രില്‍ മാസത്തിലാണ് അദ്ദേഹത്തിന്റെ പ്രഥമ രചന 'മിസ്വ്‌റുല്‍ ഫതാത്ത്' പത്രത്തില്‍ പ്രസിദ്ധീകരിച്ചത്. ഫലസ്ത്വീനെക്കുറിച്ച് 'ജിഹാദ്' എന്ന തലക്കെട്ടിലായിരുന്നു ആ ലേഖനം. ഫലസ്ത്വീന്‍ വിമോചന പ്രസ്ഥാനത്തില്‍ അണിചേരാന്‍ സൈനിക നീക്കത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ഇമാറ ആയുധ പരിശീലനം പൂര്‍ത്തിയാക്കിയെങ്കിലും ഫലസ്ത്വീനില്‍ പ്രവേശിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല.
അസ്ഹര്‍ യൂനിവേഴ്‌സിറ്റിയിലെ ദാറുല്‍ ഉലൂമില്‍നിന്ന് ബിരുദമെടുത്ത ശേഷം വൈജ്ഞാനിക പ്രവര്‍ത്തനങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ ശ്രദ്ധയും. രിഫാഅത്തുത്ത്വഹ്ത്വാവി, ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, റശീദ് രിദാ, അബ്ദുര്‍റഹ്മാനുല്‍ കവാകിബി, അലി മുബാറക് തുടങ്ങി ആധുനിക ഇസ്‌ലാമിക-അറബ് നവജാഗരണത്തിന്റെ ശില്‍പികളും വൈജ്ഞാനിക മേഖലയിലെ മഹാരഥന്മാരുമായ മഹദ് വ്യക്തിത്വങ്ങളുടെ രചനകളും ഗ്രന്ഥങ്ങളും പഠനങ്ങളും ആഴത്തില്‍ അപഗ്രഥിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ യത്‌നം. ചരിത്രത്തിന്റെ വിവിധ ദശകളില്‍, വിവിധ ദേശങ്ങളില്‍ ഉളവായ പ്രശ്‌നങ്ങള്‍ ഇസ്‌ലാമിക നാഗരികതയും സംസ്‌കാരവും അഭിസംബോധന ചെയ്ത രീതിയായിരുന്നു അദ്ദേഹത്തിന്റെ ചിന്താവിഷയം. ഇസ്‌ലാമിക നാഗരികതയുടെ വ്യതിരിക്തത പഠനത്തിലൂടെ ബോധ്യപ്പെട്ട ഇമാറ പിന്നീട് അതിന്റെ വക്താവും പ്രചാരകനുമായി. 'ഇസ്‌ലാമും സാമൂഹിക സുരക്ഷയും' എന്ന അദ്ദേഹത്തിന്റെ ഒടുവിലത്തെ കൃതിയില്‍ ഈ വശം വിശദീകരിച്ചിട്ടുണ്ട്.

സത്യാന്വേഷണ യാത്രകള്‍

സത്യാന്വേഷിയായ ഈ ചിന്തകന്റെ ജീവിതം വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയതായി കാണാം. അമ്പതുകളുടെ അന്ത്യപാദങ്ങളിലെ ജയില്‍ വാസത്തിനിടയിലാണ് ചിന്തയിലും ജീവിതത്തിലും വിശ്വാസത്തിലും വമ്പിച്ച മാറ്റങ്ങള്‍ പ്രകടമായത്. ജയിലിലെ ഏകാന്തവാസം പുനരാലോചനക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചു. മാര്‍ക്‌സിസ്റ്റ് പാതയില്‍നിന്ന് ഇസ്‌ലാമിക മാര്‍ഗത്തിലേക്കുള്ള ചിന്തയുടെ വഴിമാറ്റമായിരുന്നു അത്. മാര്‍ക്‌സിസം വിഭാവനം ചെയ്യുന്ന വര്‍ഗ സമരത്തിലൂടെയല്ല, ഇസ്‌ലാം സിദ്ധാന്തിക്കുന്ന മാനവിക-സാഹോദര്യ-സാമൂഹിക സുരക്ഷാ തത്ത്വങ്ങളിലൂടെയാണ് നീതി പുലരുന്ന ലോകത്തിന്റെ നിര്‍മിതി സാധ്യമാവുകയെന്ന് അദ്ദേഹത്തിന് ബോധ്യമായി. 1964-ല്‍ ജയില്‍മോചിതനായതിനു ശേഷം തന്റെ ജീവിതം ഈ ആശയത്തിന്റെ പ്രചാരണത്തിനായി അദ്ദേഹം നീക്കിവെച്ചു. 'വിജ്ഞാനമാര്‍ജിച്ചാല്‍ ജാഹിലിയ്യാ കാലത്തെ ഉത്തമന്മാര്‍ തന്നെയാണ് ഇസ്‌ലാമിക കാലത്തെയും ഉത്തമന്മാര്‍' എന്ന നബിവചനത്തിന്റെ നേര്‍സാക്ഷ്യമാണ് ഇമാറയുടെ ജീവിതം. 
മാര്‍ക്‌സിസത്തില്‍നിന്ന് മുഅ്തസിലീ ചിന്തകളിലേക്കും അവിടെ നിന്ന് സലഫി വിചാരധാരയിലേക്കും മാറിമാറി സഞ്ചരിച്ച ശൈഖ് ഇമാറയുടെ സത്യാന്വേഷണ യാത്രകള്‍ അവസാനിച്ചത് സ്വതന്ത്ര ഇസ്‌ലാമിക ചിന്തയുടെ പ്രവിശാല ലോകത്താണ്. ഇസ്‌ലാമിക ചിന്തയുടെ ഏതെങ്കിലും ഒരു രംഗത്ത് തളച്ചിടപ്പെടാത്ത ഡോ. ഇമാറയുടെ ധിഷണാവ്യാപാരത്തിന്റെ ഉത്തമ നിദര്‍ശനമാണ് വൈവിധ്യവും വ്യത്യസ്തതയും ഇഴചേര്‍ന്ന അദ്ദേഹത്തിന്റെ കൃതികള്‍. ചിന്തയുടെയും പഠനത്തിന്റെയും വ്യത്യസ്ത തലങ്ങളെ ആ പ്രതിഭാശാലിയുടെ ധിഷണ സ്പര്‍ശിച്ചു. ആഴത്തിലും പരപ്പിലും ചിന്തയുടെ സൂക്ഷ്മമായ സഞ്ചാരം ആ കൃതികളെ മികച്ച വായനാനുഭവമാക്കി. സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക വിഷയങ്ങളെക്കുറിച്ച് അദ്ദേഹം എഴുതി. ഖുര്‍ആന്‍, സുന്നത്ത്, സീറ, ഇസ്‌ലാമിക ചരിത്രം, ഫിഖ്ഹ്, ഹദീസ്, കല, ലാവണ്യശാസ്ത്രം, സെക്യുലരിസം, ആഗോളവത്കരണം, ഇസ്‌ലാമും പടിഞ്ഞാറും, ആധുനിക-പ്രാചീന പണ്ഡിതശ്രേഷ്ഠരുടെ ജീവ ചരിത്രം തുടങ്ങി വിവിധ തല സ്പര്‍ശിയായ ഇമാറയുടെ രചനകള്‍ ഉള്ളടക്കത്തിന്റെ കരുത്ത് കൊണ്ടും പ്രതിപാദനത്തിന്റെ വശ്യത കൊണ്ടും ശ്രദ്ധേയമാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സ്ത്രീശാക്തീകരണത്തിനും നിരന്തരം പോരാടി ആ നാവും തൂലികയും.
'അല്‍ ഗാറത്തുല്‍ ജദീദ് അലല്‍ ഇസ്‌ലാം', 'അദ്ദക്തൂര്‍ യൂസുഫുല്‍ ഖറദാവി: അല്‍ മദ്‌റസത്തുല്‍ ഫിക്‌രിയ്യ വല്‍ മശ്‌റൂഉല്‍ ഫിക്‌രി', 'അല്‍ ഖിതാബുദ്ദീനി ബയ്‌നത്തജ്ദീദില്‍ ഇസ്‌ലാമി വത്തബ്ദീദില്‍ അംരീകാനീ', 'അസിമ്മത്തുല്‍ ഫിക്‌രില്‍ ഇസ്‌ലാമില്‍ ഹദീസ്', 'അല്‍ ഇബ്ദാഉല്‍ ഫിക്‌രി വല്‍ ഖുസ്വൂസ്വിയ്യത്തുല്‍ ഹളാരിയ്യ, 'അല്‍ ഗര്‍ബു വല്‍ ഇസ്‌ലാം: അയ്‌നന്‍ ഖതഅ് വ അയ്‌നസ്സ്വവാബ്', 'മആലിമുല്‍ മന്‍ഹജില്‍ ഇസ്‌ലാമി' തുടങ്ങിയവ ഇമാറയുടെ വിശ്രുത കൃതികളാണ്.
ഇസ്‌ലാമിക ഫിലോസഫിയില്‍ സവിശേഷ പഠനം നടത്തിയ ശൈഖ് ഇമാറ 'മനുഷ്യസ്വാതന്ത്ര്യം സമസ്യ: മുഅ്തസിലീ വീക്ഷണം' എന്ന വിഷയത്തില്‍ 1970-ല്‍ മാസ്റ്റേഴ്‌സ് നേടി. 'നള്‌രിയ്യത്തുല്‍ ഇമാമതി വ ഫല്‍സഫത്തില്‍ ഹുക്മി ഇന്‍ദല്‍ മുഅ്തസില' എന്ന ഗവേഷണ പഠനത്തിന് 1975-ല്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി.

മാര്‍ക്‌സിസത്തിന്റെ ഉള്ളറ കണ്ട പണ്ഡിതന്‍

കഴിഞ്ഞ നൂറ്റാണ്ടിലെ എഴുപതുകളില്‍ ലോകമെങ്ങും തേരോട്ടം നടത്തിയ ഇസ്‌ലാമിക നവജാഗരണത്തോടൊപ്പം നിലയുറപ്പിച്ച ഡോ. ഇമാറ ഇസ്‌ലാമിന്റെ സവിശേഷ നന്മകള്‍ എടുത്തുകാട്ടിയതോടൊപ്പം 'സ്വാതന്ത്ര്യം, നീതി, സാമൂഹിക സുരക്ഷിതത്വം' എന്നീ മാര്‍ക്‌സിസ്റ്റ് സംജ്ഞകളുടെയും പദാവലികളുടെയും പൊള്ളത്തരം തന്റെ രചനകളിലൂടെയും താന്‍ ജീവിച്ച കാലഘട്ടത്തിന്റെ അനുഭവ സാക്ഷ്യങ്ങളിലൂടെയും തുറന്നുകാട്ടി.
ഡോ. ഇമാറയില്‍ ചെറുപ്പകാലത്ത് പ്രകടമായ മാര്‍ക്‌സിസ്റ്റാഭിമുഖ്യത്തിന് ചില കാരണങ്ങളുണ്ട്. ഈജിപ്ഷ്യന്‍ ഗ്രാമങ്ങളില്‍ അന്ന് നിലനിന്ന ഫ്യൂഡല്‍-ജന്മിത്ത ചൂഷണത്തിനെതിരില്‍ ജ്വലിക്കുന്ന ഒരു വിപ്ലവ ഹൃദയം അദ്ദേഹത്തിന്റെ ഉള്ളില്‍ കുടികൊണ്ടിരുന്നു. 'മിസ്വ്‌റുല്‍ ഫതാത്ത്' പോലെയുള്ള സംഘടനകളുമായും അദ്ദേഹം ബന്ധപ്പെട്ടു. ഇടത് സംഘടനകളും വിമോചന പ്രസ്ഥാനങ്ങളും മെല്ലെമെല്ലെ ഇരകളോടും വേട്ടക്കാരോടും ഒരേപോലെ കൈകോര്‍ക്കുന്ന സ്ഥിതിവിശേഷം സംജാതമായപ്പോള്‍ ഇമാറക്ക് അവയോടുള്ള ആഭിമുഖ്യം കുറഞ്ഞു. വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ വക്താക്കളായ ഇടത് ചേരി ഈജി
പ്ഷ്യന്‍ മണ്ണിന്റെ ചേരുവയായ മതത്തോട് പുറംതിരിഞ്ഞു നില്‍ക്കുന്നതും ഒരു മേശക്കിരുവശവുമിരുന്ന് സൗഹൃദ സംവാദങ്ങള്‍ക്കും ചര്‍ച്ചക്കും തയാറാവാതിരിക്കുന്നതും ഇമാറയിലെ സ്വതന്ത്ര മനസ്സിന് ഉള്‍ക്കൊള്ളാന്‍ സാധ്യമാകുമായിരുന്നില്ല. കമ്യൂണിസത്തിന്റെ പ്രയോഗവത്കരണത്തോടെ അതിന്റെ ഈറ്റില്ലങ്ങളില്‍ താണ്ഡവമാടിയ കൊടും ക്രൂരതകള്‍ വേണ്ടപോലെ വെളിപ്പെട്ടിട്ടില്ലാത്ത കാലത്തായിരുന്നു അദ്ദേഹത്തിന്റെ മാര്‍ക്‌സിസ്റ്റാഭിമുഖ്യം. ലോക സമാധാനം, പുരോഗമനം, ശാസ്ത്രീയ സോഷ്യലിസം, സ്ഥിതിസമത്വം തുടങ്ങിയ മനോഹര മുദ്രാവാക്യങ്ങള്‍ തങ്ങളുടെ കുത്തകയാണെന്ന ഭാവേന ഇതര ആശയങ്ങളെ പുഛത്തോടെ അടിച്ചമര്‍ത്തുന്ന രീതിയോടും ആ ഹൃദയം അമര്‍ഷം കൊണ്ടു. കമ്യൂണിസത്തിന് പാശ്ചാത്യ സംസ്‌കാരവുമായുള്ള നാഭി നാളബന്ധം തിരിച്ചറിഞ്ഞ ഇമാറ ഇസ്‌ലാമിന്റെ സാംസ്‌കാരികവും നാഗരികവുമായ ഈടുവെപ്പുകളെ കുറിച്ച് പഠന-ഗവേഷണങ്ങളില്‍ മുഴുകി.
സോവിയറ്റ് യൂനിയന്റെ പതനശേഷം അമേരിക്കന്‍-പാശ്ചാത്യ ലോബികള്‍ ഇസ്‌ലാമിനു നേരെ നടത്തുന്ന കടന്നാക്രമണങ്ങളെ ചെറുക്കുന്നതിലായി ഇമാറയുടെ ശ്രദ്ധ. പാശ്ചാത്യ-സെക്യുലര്‍ നിരകളില്‍ നിന്നുയര്‍ന്ന വെല്ലുവിളികളെ തന്റെ കൃതികളിലൂടെ അദ്ദേഹം ധീരമായി നേരിട്ടു. ചില കോപ്റ്റിക് ഗ്രൂപ്പുകള്‍ ഈജിപ്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന വിഭാഗീയവും വര്‍ഗീയവുമായ പ്രവര്‍ത്തനങ്ങളുടെ നേരെ ചിന്തയുടെ ചാട്ടുളിയെറിഞ്ഞ ഇമാറയുടെ ലേഖനങ്ങള്‍ അവരെ വിറളിപിടിപ്പിച്ചു. 'അഖ്ബാറുല്‍ യൗം' പത്രത്തിലെ ഇമാറയുടെ കോളം നിര്‍ത്തിവെപ്പിക്കാന്‍ പലവുരു ശ്രമിച്ചു. അദ്ദേഹത്തിനെതിരില്‍ നിയമനടപടികള്‍ക്കും മുതിര്‍ന്നു.
ഇസ്‌ലാമിക സമൂഹത്തിന്റെയും ചിന്താ പ്രസ്ഥാനങ്ങളുടെയും നവോത്ഥാന സംരംഭങ്ങളുടെയും സമഗ്രമായ ഉദ്ഗ്രഥനമാണ് ഇമാറ സ്വപ്‌നം കണ്ടത്. സെക്യുലരിസ്റ്റുകള്‍, തന്നെ 'ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ സൈദ്ധാന്തികന്‍' ആയി വിശേഷിപ്പിച്ചപ്പോള്‍ ഇമാറയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ''അതൊരു ബഹുമതിയായി ഞാന്‍ കാണുന്നില്ല. ഈ പ്രശംസ മുഖേന അവര്‍ എന്നെ അധികാരിവര്‍ഗത്തിന് ചൂണ്ടിക്കൊടുക്കുകയാണ്.''
മധ്യമ നിലപാടി(വസത്വിയ്യ)ന്റെ വിശാലാര്‍ഥങ്ങള്‍ തന്റെ രചനകളിലൂടെ അദ്ദേഹം വിശദമാക്കി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ 'വസത്വിയ്യ'ത്തില്‍നിന്ന് വേറിട്ടുനില്‍ക്കുന്നതോ ഭിന്നമോ ആയ ഒന്നും ദൈവികമതത്തില്‍ ഇല്ല. ഇസ്‌ലാമിക ഫിഖ്ഹിന്റെയും നിയമസംഹിതയുടെയും ആധാരശില 'വസത്വിയ്യത്ത്' ആണെന്ന് അദ്ദേഹം സമര്‍ഥിച്ചു.
ജ്ഞാനസപര്യക്ക് ഭംഗം വരുത്തുമെന്ന് കരുതി ഔദ്യോഗിക ജോലികളൊന്നും അദ്ദേഹം ഏറ്റെടുത്തിരുന്നില്ല. പൗരാണികവും ആധുനികവുമായ ഗ്രന്ഥങ്ങളുടെ തോഴനായി ജീവിച്ച അദ്ദേഹത്തിന്റെ മുഖമുദ്ര ലാളിത്യമായിരുന്നു.
വൈജ്ഞാനിക മേഖലയില്‍ ഇമാറക്ക് നിരവധി പ്രതിയോഗികളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചിന്താബന്ധുരമായ ബൗദ്ധിക വ്യാപാരങ്ങളെ നേരത്തേ വിടചൊല്ലിപോന്ന മുഅ്തസിലീ കാഴ്ചപ്പാടുകളുടെ ശേഷിപ്പായി കരുതി വിമര്‍ശിച്ചവര്‍ ധാരാളമുണ്ട്. എന്തിനേറെ പറയുന്നു, ശൈഖ് മുഹമ്മദുല്‍ ഗസ്സാലി പോലും ഒരു സെമിനാറില്‍, തന്നെ 'ഇടതുപക്ഷ ഇസ്‌ലാമി'ന്റെ വക്താക്കളുടെ ഗണത്തില്‍ എണ്ണിയതറിഞ്ഞ് താന്‍ അന്ധാളിച്ചുപോയെന്ന് ഇമാറ എഴുതിയിട്ടുണ്ട്. പിന്നീടാണ് ഇരുവര്‍ക്കും അടുത്തറിയാനുള്ള അവസരമുണ്ടായത്. തെറ്റിദ്ധാരണയുടെ കാര്‍മേഘപടലങ്ങള്‍ നീങ്ങി സ്‌നേഹാന്തരീക്ഷം തിരിച്ചുവരാന്‍ പിന്നീട് താമസമുണ്ടായില്ല. മുഹമ്മദുല്‍ ഗസ്സാലിയും ഇമാറയും തമ്മില്‍ നടന്ന ഒടുവിലെ കൂടിക്കാഴ്ചയില്‍ തന്റെ അവസാന കൃതിയായ 'നഹ്‌വ തഫ്‌സിറില്‍ മൗളൂഇയ്യിന്‍ ലീ സുവരില്‍ ഖുര്‍ആനില്‍ കരീം' (ഖുര്‍ആന്‍ അധ്യായങ്ങളുടെ വിഷയാധിഷ്ഠിത വ്യാഖ്യാനം) ശൈഖ് ഇമാറക്ക് ഉപഹാരമായി നല്‍കി. അതിലെ ആദ്യ താളുകളില്‍ കുറിച്ചതിങ്ങനെ: ''ഇസ്‌ലാമിക പ്രബോധകനും ഇസ്‌ലാമികാധ്യാപനങ്ങളുടെ കാവലാളുമായ എന്റെ പ്രിയ സഹോദരന്‍ ഡോ. ഇമാറക്ക് സ്‌നേഹപൂര്‍വം, പ്രാര്‍ഥനയോടെ മുഹമ്മദുല്‍ ഗസ്സാലി.'' 
'മുഹമ്മദ് ഇമാറ: ഫീ മീസാനി അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ' അദ്ദേഹത്തെക്കുറിച്ച വിമര്‍ശനഗ്രന്ഥമാണ്. മനുഷ്യബുദ്ധിയുടെ മഹത്വവത്കരണത്തില്‍ തീവ്ര നിലപാട്, ബുദ്ധിക്ക് അപ്രമാദിത്വം കല്‍പിക്കുന്ന മുഅ്തസിലീ ചിന്തയെ പുണര്‍ന്നതും അതിനെ പുരുജ്ജീവിപ്പിച്ചതും, ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു തുടങ്ങിയവരുടെ ചിന്താരീതികളോട് ചേര്‍ന്നുനിന്നത്, ജൂതന്മാരെയും ക്രൈസ്തവരെയും സത്യനിഷേധിഗണത്തില്‍ പെടുത്താത്തത്, വിശ്വാസിയെയും അവിശ്വാസിയെയും ഒന്നിപ്പിക്കുന്ന ദേശീയ ഐക്യത്തിലേക്കുള്ള ക്ഷണം, അറബ് ദേശീയതാ വാദം, സാമൂഹിക നീതി എന്ന ലേബലില്‍ ഒളിച്ചു കടത്തുന്ന സോഷ്യലിസ്റ്റ് ചിന്തകള്‍, സുന്നികളെയും ശീഈകളെയും അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി നിരവധി വിമര്‍ശനങ്ങള്‍ അദ്ദേഹത്തിനെതിരില്‍ ഉന്നയിച്ചിട്ടുണ്ട് പ്രതിയോഗികള്‍.
എന്നാല്‍, ഈ വിമര്‍ശനങ്ങളെല്ലാം പ്രതിയോഗികളുടെ വൃഥാവ്യായാമങ്ങളാണെന്ന് അദ്ദേഹത്തിന്റെ രചനകളിലൂടെ സഞ്ചരിച്ചാല്‍ ബോധ്യമാവും. നിരൂപണം ചെയ്യാന്‍ ഉദ്ദേശിച്ച് അദ്ദേഹം ഉദ്ധരിച്ച വാചകങ്ങള്‍ പോലും അദ്ദേഹത്തിലേക്ക് ചാര്‍ത്തി വിമര്‍ശിച്ചവരുണ്ട്. വിമര്‍ശകര്‍ ഇമാറയോട് സത്യസന്ധമായ സമീപനമല്ല പുലര്‍ത്തിയതെന്ന് അദ്ദേഹത്തിന്റെ രചനകള്‍ വസ്തുനിഷ്ഠമായി അപഗ്രഥിച്ച പണ്ഡിത വ്യക്തിത്വങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇമാറ നിരവധി ബഹുമതികള്‍ക്ക് അര്‍ഹനായിട്ടുണ്ട്. അസ്ഹറിലെ ഇസ്‌ലാമിക് റിസര്‍ച്ച് അക്കാദമി അംഗം, അസ്ഹര്‍ പണ്ഡിതസഭാ അംഗം, ഈജിപ്തിലെ ഇസ്‌ലാമിക് അഫയേഴ്‌സ് സുപ്രീം കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ച ഇമാറ 2015 ജൂണ്‍ വരെ 'മജല്ലത്തുല്‍ അസ്ഹറി'ന്റെ ചീഫ് എഡിറ്ററായിരുന്നു.
മക്കളായ ഖാലിദും നിഹാദും പുസ്തകങ്ങളുടെ തോഴരാണ്. ഇമാറയുടെ വാക്കുകളില്‍, 'അവരെ പെറ്റത് ലൈബ്രറിയിലാണ്'. പുസ്തകങ്ങളുടെ ചങ്ങാത്തത്തിലാണ് മക്കളെ വളര്‍ത്തിയത്. മകന്‍ ഖാലിദ് ഐയ്ന്‍ ശംസ് യൂനിവേഴ്‌സിറ്റിയില്‍ ഓര്‍ത്തോപീഡിക് പ്രഫസര്‍. പത്‌നിയും ഡോക്ടര്‍. മകള്‍ നിഹാദ് ബയോ കെമിസ്ട്രി ബിരുദധാരി.
കടപ്പാട് നിറഞ്ഞ ഹൃദയത്തോടെ തന്റെ കുടുംബത്തെക്കുറിച്ച് ഇമാറ: ''ഭദ്രമായ കുടുംബവും സദ്‌വൃത്തയായ ഭാര്യയുമാണ് അല്ലാഹു മനുഷ്യന് നല്‍കുന്ന ഏറ്റവും അനുഗ്രഹം. മക്കളെ പോറ്റി വളര്‍ത്തുന്നതില്‍ മാത്രമല്ല എന്റെ ഭാര്യ എന്റെ ഭാരം പങ്കിട്ടത്. എന്റെ ചിന്തകള്‍ക്കും ബൗദ്ധിക വ്യവഹാരങ്ങള്‍ക്കും തന്റെ ആവശ്യങ്ങള്‍ ത്യജിച്ചും അക്ഷരങ്ങളുടെ ആകാരം നല്‍കിയവളാണ് എന്റെ ജീവിത പങ്കാളി. എനിക്ക് വേണ്ടിയാണവള്‍ തന്റെ ബിരുദാനന്തര പഠനം വേണ്ടെന്നു വെച്ചത്. ഒരു മുസ്‌ലിം കുടുംബത്തിന്റെ നിര്‍മിതിയാണ് ഏറ്റവും വലിയ ഭാഗ്യമെന്ന വിശ്വാസമായിരുന്നു ഞങ്ങള്‍ക്ക്.  പണം വരും, പോകും. എന്റെ വരുമാനം ശുഷ്‌കമായിരുന്നു. എന്നിട്ടും ഒരു വിദേശ യാത്രക്കോ വരുമാനം കിട്ടുന്ന സര്‍ക്കാര്‍ ജോലിക്കോ ശ്രമിച്ചില്ല. ഞാന്‍ രചന നടത്തുമ്പോള്‍ എന്നോടൊപ്പം വിശ്രമമന്യേ നിലകൊണ്ട എന്റ ഭാര്യയുടെ ആത്മാര്‍ഥ പിന്തുണയാല്‍ എഴുത്തിന്റെ രംഗത്ത് ഞാന്‍ വിജയിച്ചതോടെ മതിയായ വരുമാനം വന്നു തുടങ്ങി. മൂന്ന് വീടുകള്‍ ഉണ്ട്. രണ്ട് വീടുകളില്‍ ഗ്രന്ഥങ്ങളാണ് നിറയെ. ഒന്നില്‍ ഞങ്ങള്‍ വസിക്കുന്നു. അഗ്രികള്‍ച്ചറല്‍ സയന്‍സ് ബിരുദധാരിയായ ഭാര്യ ഗവ. റിസര്‍ച്ച് സെന്ററില്‍ ഗവേഷകയാണ്.'' '250-ഓളം ഗ്രന്ഥങ്ങളും പരശ്ശതം ലേഖനങ്ങളും പ്രഭാഷണങ്ങളും അഭിമുഖങ്ങളുമായി നൂറുകണക്കില്‍ വീഡിയോകളും ഈ ലോകത്തിന് തന്നു പോയ പിതാവിന്റെ ചിന്താപാരമ്പര്യം നിലനിര്‍ത്താനും മുറിയാത്ത ധിഷണാ പ്രവാഹമായി അതിനെ പരിവര്‍ത്തിപ്പിക്കാനും ആവുന്നത് ചെയ്യണം-' 89-ാം വയസ്സില്‍ ഈ ലോകത്തോട് വിടപറയുമ്പോള്‍ എന്റെ പിതാവിന് നല്‍കാനുള്ള വസ്വിയ്യത്ത് അതായിരുന്നു. 'മക്കളേ, നിങ്ങളെക്കുറിച്ച് ഞാന്‍ സംതൃപ്തനാണ്. ആ കണ്ണുകള്‍ ആ വചനത്തോടെ അടഞ്ഞു.' മകന്‍ ഖാലിദ് പറയുന്നു. 

Comments

Other Post

ഹദീസ്‌

മൂന്നു കാര്യങ്ങള്‍ ഹൃദയത്തെ നിര്‍മലമാക്കും
മുഹമ്മദ് സ്വാലിഹ് മുന്‍ജിദ്‌

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (14-16)
ടി.കെ ഉബൈദ്‌