Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 20

3144

1441റജബ് 25

ഭരണമാറ്റം ചെറു സംഘങ്ങളുടെ സായുധ നീക്കം അരാജകത്വത്തില്‍ കലാശിക്കും

റാശിദുല്‍ ഗന്നൂശി

ഭരണാധികാരിക്കു മേല്‍ ഏര്‍പ്പെടുത്തുന്ന നിരീക്ഷണവും മേല്‍നോട്ടവും അദ്ദേഹത്തെ തെറ്റുതിരുത്താനും പുനര്‍വിചിന്തനത്തിനും പ്രേരിപ്പിക്കണം. താന്‍ നാശമാക്കിയതെല്ലാം ശരിപ്പെടുത്താമെന്ന് ഭരണാധികാരി വാക്കു നല്‍കണം. വന്നുപോയ തെറ്റുകളില്‍ ഖേദപ്രകടനം നടത്തണം. തന്റെ തെറ്റായ രാഷ്ട്രീയ നയങ്ങള്‍ക്ക് നല്ല ബദലുകള്‍ സമര്‍പ്പിക്കണം. പൊതുജനവും കെട്ടാനും അഴിക്കാനും അധികാരമുള്ള ഉന്നത സമിതിയുമൊക്കെ സമ്മര്‍ദം ചെലുത്തുമ്പോഴേ ഇതൊക്കെ സാധ്യമാവൂ. 'നന്മ കല്‍പിക്കുക, തിന്മ തടയുക' എന്ന ബാനറില്‍ ശക്തിയോ അധികാരമോ ഇല്ലാത്ത അലങ്കാരവേദികള്‍ ഉണ്ടാക്കിയതുകൊണ്ട് കാര്യമില്ല. തിന്മ തടയുക എന്നാല്‍ അതിക്രമിയായ ഭരണാധികാരിയുടെ കല്‍പനകള്‍ ധിക്കരിക്കുക എന്നും അര്‍ഥമുണ്ട്. പിഴച്ച ദര്‍ശനങ്ങളെ അവലംബിച്ചാണ് ഭരണാധികാരി മുന്നോട്ടുപോകുന്നതെങ്കില്‍ അത് തടയാനുള്ള ബാധ്യത മുസ്‌ലിം ന്യായാധിപന് ഉണ്ട്. ''അബദ്ധജടിലതയുടെ/ ജാഹിലിയ്യത്തിന്റെ വിധിയാണോ അവര്‍ ആഗ്രഹിക്കുന്നത്? ദൃഢവിശ്വാസമുള്ളവരെ സംബന്ധിച്ചേടത്തോളം, അല്ലാഹുവിനേക്കാള്‍ ഉത്കൃഷ്ട തീരുമാനം പറയുന്നവനായി മറ്റാരാണുള്ളത്?'' (അല്‍മാഇദ 50). ''ഏതൊരു ജനം അല്ലാഹു അവതരിപ്പിച്ച നിയമങ്ങളനുസരിച്ച് വിധി നടത്തുന്നില്ലയോ, അവര്‍ തന്നെയാകുന്നു നിഷേധികള്‍'' (അല്‍മാഇദ 44). 'സ്രഷ്ടാവിനെ ധിക്കരിച്ചുകൊണ്ട് സൃഷ്ടിക്ക് അനുസരണമില്ല, അനുസരണമെന്നാല്‍ ദൈവാനുസരണമാണ്' എന്ന തത്ത്വമാണ് ഇവിടെ പ്രയോഗവത്കരിക്കപ്പെടുക. സര്‍വോത്കൃഷ്ടമായ ഭരണഘടനക്ക്/ നിയമാധികാരത്തിന് വഴിപ്പെടുക എന്നര്‍ഥം. അതായത് ഖുര്‍ആനും സുന്നത്തും പറയുന്നതിനനുസരിച്ചായിരിക്കണം തീരുമാനങ്ങള്‍. ഇതല്ലാത്ത മറ്റെല്ലാറ്റിനെയും അവഗണിക്കുക (അല്‍ ഇഹ്മാലു ഫില്‍ ഖാനൂന്‍) എന്നത് ഒരു ഫിഖ്ഹീ തത്ത്വമാണ്. സമുന്നത നിയമവുമായി ഏറ്റുമുട്ടുന്ന, അതിന് താഴെയുള്ള സകല നിയമസംഹിതകളെയും ന്യായാധിപന്‍ അവഗണിക്കുകയാണ് വേണ്ടത്. ഇങ്ങനെ പട്ടാളം, പോലീസ്, നേതാക്കള്‍, ഉദ്യോഗസ്ഥര്‍, നികുതിദായകര്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗമാളുകളും തിന്മയെ വെറുക്കുകയും തള്ളിപ്പറയുകയും അതിക്രമ ഭരണത്തെ ഒറ്റപ്പെടുത്തുകയും വേണം. നിസ്സഹകരിച്ചും ബഹിഷ്‌കരിച്ചും ആജ്ഞകള്‍ പാലിക്കാതെയും പൊതുസമൂഹം പ്രതിഷേധസ്വരമുയര്‍ത്തണം. ഈ നിശ്ശബ്ദ പ്രതിരോധം എഴുത്തിലും പ്രഭാഷണത്തിലും മീഡിയാ പ്രവര്‍ത്തനത്തിലും പ്രതിഫലിക്കണം. ഇതൊന്നും ഭരണാധികാരിയെ തെറ്റായ നീക്കങ്ങളില്‍നിന്ന് പിന്തിരിപ്പിക്കുന്നില്ലെങ്കില്‍, പണിമുടക്കുകള്‍ വേണ്ടിവന്നേക്കും. ജനം പ്രതിഷേധ സമരങ്ങളുമായി തെരുവിലിറങ്ങേണ്ടിയും വരും. സമൂഹത്തിലെ വിവിധ ശക്തികേന്ദ്രങ്ങളെ പ്രതിനിധീകരിക്കുന്നവരും യുവാക്കളുമൊക്കെ അതില്‍ അണിചേരണം.
ഇങ്ങനെയൊരു ജനകീയ പ്രക്ഷോഭ സമ്മര്‍ദത്തെ ഏതു ഭരണകൂടത്തിനാണ് തടുക്കാനാവുക? ഇതുകൊണ്ടാവും മിക്ക പണ്ഡിതന്മാരും, സത്യനിഷേധം പച്ചയായി പ്രകടിപ്പിക്കാത്ത കാലത്തോളം അതിക്രമിയായ ഭരണാധികാരിയെ സായുധമായി നേരിടരുതെന്ന ആശയമുള്ള ഏതാനും നബിവചനങ്ങളെ കൊണ്ടുപിടിക്കുന്നത്. ആ ഹദീസുകള്‍ ഏതൊക്കെയെന്നു നോക്കാം:
''ഒരാള്‍ തന്റെ നേതാവില്‍ എന്തെങ്കിലും അരുതാത്തത് കണ്ടാല്‍ അവന്‍ ക്ഷമിക്കട്ടെ. കാരണം ആരെങ്കിലും സമൂഹം വിട്ട് ഒരു മുഴം അകന്നു നിന്നാല്‍ അവന്‍ ജാഹിലീ മരണമാണ് വരിച്ചിരിക്കുന്നത്'' (മുസ്‌ലിം).
'എനിക്കു ശേഷം നിങ്ങള്‍ ഇഷ്ടകരമല്ലാത്ത കാര്യങ്ങള്‍ അഭിമുഖീകരിക്കും' എന്ന് പ്രവാചകന്‍ പറഞ്ഞപ്പോള്‍ അനുയായികള്‍ ചോദിച്ചു: 'അങ്ങനെയൊന്ന് ഞങ്ങളിലാര്‍ക്കെങ്കിലും അഭിമുഖീകരിക്കേണ്ടി വന്നാല്‍ താങ്കളുടെ ഉപദേശമെന്തായിരിക്കും?' നബി പറഞ്ഞു: 'നിങ്ങള്‍ നിങ്ങളുടെ ബാധ്യതകള്‍ നിര്‍വഹിക്കുക; നിങ്ങള്‍ക്ക് കിട്ടാനുള്ളത് അല്ലാഹുവിനോട് ചോദിക്കുക' (മുസ്‌ലിം). 
ഔഫു ബ്‌നു മാലിക് അല്‍ അശ്ജഈ നബിയില്‍നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇങ്ങനെ: 'നിങ്ങളുടെ ഏറ്റവും നല്ല നേതൃത്വം എന്നു പറയുന്നത്, നിങ്ങള്‍ അവരെ സ്‌നേഹിക്കുന്നു, അവര്‍ നിങ്ങളെയും സ്‌നേഹിക്കുന്നു; നിങ്ങള്‍ അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നു, അവര്‍ നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നു. ഏറ്റവും മോശപ്പെട്ട നേതൃത്വം എന്ന് പറയുന്നത്, നിങ്ങള്‍ അവരെ വെറുക്കുന്നു, അവര്‍ നിങ്ങളെയും വെറുക്കുന്നു; നിങ്ങള്‍ അവരെ ശപിക്കുന്നു, അവര്‍ നിങ്ങളെയും ശപിക്കുന്നു.' അപ്പോള്‍ അനുയായികള്‍ ചോദിച്ചു: 'അത്തരക്കാരോട് ഞങ്ങള്‍ക്ക് പോരാടിക്കൂടേ?' പ്രവാചകന്‍ പറഞ്ഞു: 'പാടില്ല; അവര്‍ നമസ്‌കാരം നിങ്ങള്‍ക്കിടയില്‍ നിലനിര്‍ത്തുവോളം' (മുസ്‌ലിം). ഈ ഹദീസിനെ മുഹമ്മദ് അസദ് ഇങ്ങനെ വ്യാഖ്യാനിക്കുന്നു: ''അവര്‍ നിങ്ങള്‍ക്കിടയില്‍ നമസ്‌കാരം നിലനിര്‍ത്തുവോളം എന്ന ഹദീസിലെ പ്രയോഗം കൊണ്ട് അര്‍ഥമാക്കുന്നത്, പള്ളിയില്‍ ജനങ്ങള്‍ക്ക് നമസ്‌കാരത്തിന് നേതൃത്വം നല്‍കലോ സ്വയമത് നിര്‍വഹിക്കലോ മാത്രമല്ലെന്ന് വ്യക്തമാണ്. അല്‍ബഖറ അധ്യായത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ, ഈമാനിന്റെ മുഴുവന്‍ ഉപാധികളും പൂര്‍ത്തിയാക്കുക എന്നതാണ് അതിന്റെ പൊരുള്‍. അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളും ഉണ്ടാവണം.''1
നബി (സ) പറഞ്ഞു: 'നമുക്കെതിരെ വാളൂരിയവന്‍ നമ്മില്‍ പെട്ടവനല്ല' (മുസ്‌ലിം). ഈ നബിവചനത്തെക്കുറിച്ച് മുഹമ്മദ് അസദ് പറഞ്ഞത് ഇങ്ങനെ: ''ശരീഅത്ത്‌വിരുദ്ധമായ കല്‍പനകള്‍ പുറപ്പെടുവിക്കുന്ന മുസ്‌ലിം രാഷ്ട്രത്തിലെ ഭരണാധികാരിയെ അനുസരിക്കേണ്ടതില്ലെന്നും അത് സത്യനിഷേധത്തോളമെത്തുമ്പോള്‍ ആ ഭരണത്തെ പുറത്താക്കണമെന്നും തന്നെയാണ് മനസ്സിലാകുന്നത്.'' ഉബാദത്തു ബ്‌നു സ്വാമിത്ത് പറയുകയുണ്ടായി: ''നബി ഞങ്ങളെ ക്ഷണിച്ചു, ഞങ്ങള്‍ അദ്ദേഹത്തിന് അനുസരണ പ്രതിജ്ഞ  ചെയ്തു; എളുപ്പത്തിന്റെയും പ്രയാസത്തിന്റെയും ഘട്ടങ്ങളില്‍ ഞങ്ങള്‍ ഒപ്പമുണ്ടാവുമെന്ന പ്രതിജ്ഞ. ഭരണം കൈയാളുന്നവരുമായി കലഹിക്കില്ലെന്നും പ്രതിജ്ഞയെടുത്തിരുന്നു; കടുത്ത സത്യവിരോധം അവരില്‍ പ്രകടമാവുകയും അതിന് ദൈവത്തിങ്കല്‍നിന്നുള്ള തെളിവ് നിങ്ങളുടെ പക്കല്‍ ഉണ്ടാവുകയും ചെയ്താലല്ലാതെ'' (ബുഖാരി, മുസ്‌ലിം).
ഇത്തരം നബിവചനങ്ങളെയൊക്കെ വായിക്കേണ്ടത് ഒറ്റക്കൊറ്റക്കായിട്ടല്ല. തളര്‍ച്ചയോ നിരാശയോ ഇല്ലാതെ നന്മയുടെ സംസ്ഥാപനത്തിനും തിന്മയുടെ വിപാടനത്തിനും വേണ്ടി നിലകൊള്ളുകയും പോരടിച്ചുകൊണ്ടിരിക്കുകയും  ചെയ്ത പൂര്‍വഗാമികളുടെ ഒട്ടും നിഷേധാത്മകമല്ലാത്ത ചരിത്രപാരമ്പര്യം മുന്നില്‍ വെച്ചുവേണം ഇവയെ വായിക്കാന്‍. ലോകാന്ത്യമറിയിക്കുന്ന കാഹളധ്വനി മുഴങ്ങുന്നതു കേട്ടാലും അവര്‍ നന്മയുടെ തൈ നട്ടിരിക്കും, തിന്മയുടെ തൈ പിഴുതിരിക്കും. ഈ ഹദീസുകള്‍ ചേര്‍ത്തുവെച്ചാല്‍ നാം എത്തിച്ചേരുന്ന നിഗമനങ്ങള്‍ ഇതൊക്കെ ആയിരിക്കും:
1. ഭരണകൂടത്തിനെതിരെ ശക്തിപ്രയോഗമരുത് എന്ന വിലക്കിനെ സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലം വെച്ച് വേണം വായിക്കാന്‍. ഭരണം ഇസ്‌ലാമിക നിയമങ്ങള്‍ക്കൊത്തു തന്നെയാണ്. പക്ഷേ ചില പാകപ്പിഴവുകള്‍ വന്നിരിക്കുന്നു. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍, ആ പിഴവുകള്‍ ഭരണത്തിന്റെ പൊതു സ്വഭാവത്തെ/ അതിന്റെ വിശ്വാസപരവും രാഷ്ട്രീയവുമായ ഉള്ളടക്കങ്ങളെ ബാധിക്കുന്നില്ല. എങ്കില്‍ അത്തരമൊരു ഭരണകൂടത്തിനെതിരെ ആ പിഴവുകളുടെ പേരില്‍ ആയുധമെടുക്കരുത് എന്നര്‍ഥം. ഹദീസിലെ പ്രയോഗങ്ങള്‍ ശ്രദ്ധിക്കുക; 'നമ്മുടെ നേതാക്കള്‍' എന്നാണ് പറഞ്ഞിരിക്കുന്നത്. 'ഒരാള്‍ തന്റെ നേതാവില്‍ വല്ല അരുതായ്മയും കണ്ടാല്‍' എന്നാണ് ഒരിടത്ത്. 'നിങ്ങളുടെ ഏറ്റവും നല്ല നേതൃത്വം, ഏറ്റവും മോശം നേതൃത്വം' എന്ന് മറ്റൊരിടത്ത്. 'നിങ്ങളില്‍നിന്നുള്ള കൈകാര്യകര്‍ത്താക്കള്‍' എന്നും കാണാം. ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന, എന്നാല്‍ ചില പിഴവുകള്‍ പറ്റിയ ഭരണകര്‍ത്താക്കളെ കുറിച്ചേ ഇങ്ങനെ പറയാനാവൂ. ദൈവിക നിയമവ്യവസ്ഥയെയും ജനാഭിലാഷങ്ങളെയും ചവിട്ടിത്തേക്കുന്ന നമ്മുടെ കാലത്തെ കൊടും സ്വേഛാധിപതികള്‍ മേല്‍പറഞ്ഞ ഹദീസുകളുടെ പരിധിക്കകത്ത് വരുന്നവരേയല്ല. അവരെങ്ങനെയാണ് നമ്മുടെ നേതാക്കളും നമ്മുടെ കൈകാര്യകര്‍ത്താക്കളും ആവുക? അങ്ങനെ ആണെങ്കില്‍ മാത്രമേ അവരെ അനുസരിക്കേണ്ടതുമുള്ളൂ. ദൈവത്തെ ധിക്കരിക്കുന്നവരെ അനുസരിക്കേണ്ടതില്ല എന്നത് ഇസ്‌ലാമിന്റെ മൗലികാധ്യാപനമാണ്. അതായത് ഇസ്‌ലാമിക നിയമവ്യവസ്ഥ നിലനില്‍ക്കുന്ന ഒരു രാഷ്ട്രീയ ഘടനയില്‍ സംഭവിക്കാവുന്ന വ്യതിചലനങ്ങളെക്കുറിച്ചാണ് മേല്‍പറഞ്ഞ ഹദീസുകളില്‍ പ്രതിപാദിക്കുന്നത്.
2. പ്രകടമായ സത്യനിഷേധത്തോളം എത്തിയിട്ടില്ലാത്ത ഭരണകര്‍ത്താക്കളുടെ വഴിതെറ്റലുകള്‍ക്കെതിരെ വാള്‍ ഊരരുത് എന്ന് പറഞ്ഞതിന്റെ അര്‍ഥം, പ്രതിഷേധത്തിന്റെയും തിരസ്‌കാരത്തിന്റെയും മറ്റൊരു രൂപവും സ്വീകരിച്ചുകൂടാ എന്നല്ല. നിലവിലുള്ള അവസ്ഥകളുമായി സമരസപ്പെടണം എന്നുമല്ല. അത്തരം സന്ദര്‍ഭങ്ങളില്‍ സമാധാനപരമായ പോരാട്ടങ്ങള്‍ നടക്കണം. ഈ ജനകീയ പ്രക്ഷോഭത്തിന് പണ്ഡിതന്മാര്‍ നേതൃത്വം കൊടുക്കുകയാണെങ്കില്‍ ശരീഅത്ത്‌വിരുദ്ധവും ജനദ്രോഹകരവുമായ നയങ്ങള്‍ തിരുത്താന്‍ ഭരണാധികാരികള്‍ നിര്‍ബന്ധിതരാവും. ഇമാം അഹ്മദു ബ്‌നു ഹമ്പലിന്റെ പോരാട്ടങ്ങള്‍ പഠിച്ചാല്‍ നമുക്കിത് മനസ്സിലാവും. അദ്ദേഹം ഭരണാധികാരിക്കെതിരില്‍ ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്തില്ല. സഹനസമരമായിരുന്നു അദ്ദേഹത്തിന്റെ രീതി. അതേസമയം അക്കാലത്തെ ഏറ്റവും ശക്തമായ ഭരണകൂടത്തിനെതിരെ 'നന്മ കല്‍പിക്കുക, തിന്മ വിലക്കുക' എന്ന 'വാള്‍' അദ്ദേഹം പ്രയോഗിക്കുകയും ചെയ്തു. ഒടുവില്‍ ഭരണകൂടത്തിന് മുട്ടുകുത്തേണ്ടിവന്നു; ഭരണത്തെ സേവിച്ചിരുന്ന സാംസ്‌കാരിക വരേണ്യര്‍ക്കും (മുഅ്തസിലികള്‍) അടിയറവ് പറയേണ്ടിവന്നു.2 വിശ്വാസിയുടെ ആത്മാവില്‍നിന്ന് ഉറന്നുവരുന്ന, 'ദൈവത്തിന് വിറ്റ' വചനത്തിന്റെ ശക്തി അപാരമാണ്; അതിനെ കീഴൊതുക്കുക ദുഷ്‌കരമാണ്.3 ഈ വചനായുധത്തിന്റെ ശക്തി കുറച്ചുകാണരുത്. അത് വേണ്ടെന്നു വെക്കാന്‍ ധൃതിപ്പെടുകയുമരുത്. അത് കീഴടങ്ങലും ഭീരുത്വവുമാണെന്ന് വ്യാഖ്യാനിക്കരുത്. വാളൂരാന്‍ കാണിച്ച ധൃതി ഇസ്‌ലാമിക സമൂഹത്തിന് വരുത്തിവെച്ച ദുരന്തങ്ങളുടെ ആഴം അല്ലാഹുവിനേ അറിയൂ. മൂന്നാം ഖലീഫ ഉസ്മാനുബ്‌നു അഫ്ഫാനെ(റ)തിരെയുള്ള സായുധ കലാപം പോലുള്ളവ സൃഷ്ടിച്ച കനത്ത ആഘാതങ്ങള്‍ ലോകാവസാനം വരേക്കും മുസ്‌ലിം സമൂഹം അനുഭവിച്ചുകൊണ്ടിരിക്കും. മുസ്‌ലിം സമൂഹത്തെ ആന്തരികമായി ശിഥിലമാക്കിയ സംഭവങ്ങള്‍. പുനരുത്ഥാന നാള്‍ വരെ അതിന്റെ തിക്തഫലങ്ങളില്‍നിന്ന് മുസ്‌ലിം സമുദായത്തിന് മോചനമില്ല. അതിനാല്‍ തെറ്റുകള്‍ തിരുത്തിക്കാന്‍ വാക്കുകള്‍ക്കുള്ള ശക്തി നാം തിരിച്ചറിയണം. കുറച്ചധികം സമയമെടുക്കുമെന്നേയുള്ളൂ. ചുരുക്കം പറഞ്ഞാല്‍ ഭരണാധികാരിയുടെ അതിക്രമങ്ങളില്‍ സഹനമവലംബിക്കണമെന്ന് പറയുന്നത്, ഇസ്‌ലാമിക ചട്ടക്കൂട്ടില്‍നിന്ന് ആ ഭരണം വഴുതാതിരിക്കുമ്പോള്‍ മാത്രമാണ്. പ്രകടമായ സത്യനിഷേധത്തിന് അത് ബാധകമല്ലെന്നും പറഞ്ഞിട്ടുണ്ടല്ലോ.4
3. ഭരണകൂടം ശരീഅത്തധിഷ്ഠിത വ്യവസ്ഥ അട്ടിമറിക്കുകയും മുസ്‌ലിം സമൂഹം ഏകകണ്ഠമായി അംഗീകരിച്ച തത്ത്വങ്ങള്‍ക്ക് വിരുദ്ധം പ്രവര്‍ത്തിക്കുകയും അമാനത്തില്‍ വഞ്ചന കാണിക്കുകയും പൊതു സ്വാതന്ത്ര്യങ്ങള്‍ക്ക് കഴിഞ്ഞാണിടുകയും അല്ലാഹു നിരോധിച്ചതൊക്കെ അനുവദനീയമാക്കുകയും ചെയ്‌തെന്നിരിക്കട്ടെ.  അപ്പോള്‍ എന്തു ചെയ്യും? തിരുത്തല്‍ അനിവാര്യമാണെന്ന കാര്യത്തില്‍ മുസ്‌ലിംകളിലാര്‍ക്കും അഭിപ്രായഭിന്നത ഉണ്ടാകില്ല. എപ്പോള്‍ തിരുത്തണം, അതിന് സ്വീകരിക്കേണ്ട വഴിയെന്ത് എന്നീ വിഷയങ്ങളിലേ ഭിന്നതയുള്ളൂ. സമാധാനപരമായ വഴികളിലൂടെ എന്ന് പറയുന്നവരുണ്ട്. അഹ്‌ലുസ്സുന്ന ചിന്താഗതിക്കാരില്‍ അവര്‍ക്കാണ് ഭൂരിപക്ഷം. അവസരം ഒത്തുവന്നിട്ടുണ്ടെന്നും മാറ്റം ഉറപ്പാണെന്നും ബോധ്യമായാല്‍ ബലപ്രയോഗം നടത്താം എന്ന് കരുതുന്നവരാണ് മറ്റൊരു കൂട്ടര്‍. വിജയപ്രതീക്ഷയില്ലാതെയാണ് ആ നീക്കമെങ്കില്‍ അത് ആത്മഹത്യാപരമായിരിക്കും എന്നും അവര്‍ക്ക് അഭിപ്രായമുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ തയാറെടുപ്പുകള്‍ നടത്തുകയും വിസമ്മതത്തിന്റെ മറ്റു സമരരൂപങ്ങള്‍ തെരഞ്ഞെടുക്കുകയുമാണ് വേണ്ടതെന്ന് അവര്‍ പറയുന്നു. അഭിപ്രായസ്വാതന്ത്ര്യം, സ്വതന്ത്ര നീതിന്യായം, ഒത്തുചേരാനുള്ള സ്വാതന്ത്ര്യം പോലുള്ള പൗരസ്വാതന്ത്ര്യങ്ങള്‍ തടയുന്ന ഭരണാധികാരിക്കെതിരെ എന്തു വന്നാലും സായുധമായി ഇറങ്ങി
പ്പുറപ്പെടണം (അല്‍ ഖുറൂജു അലല്‍ ഹാകിം) എന്ന് കരുതുന്ന മറ്റൊരു വിഭാഗവുമുണ്ട്.5 ഭരണാധികാരിയെ ചതിയില്‍ കൊലപ്പെടുത്തുന്നതിനെ ന്യായീകരിക്കുന്നവര്‍ വരെയുണ്ട്.6
ശീഈ പണ്ഡിതനായ ആയത്തുല്ല മുന്‍തളരിയും ഭരണാധികാരിക്കെതിരെയുള്ള പടപ്പുറപ്പാടിനെ അംഗീകരിക്കുന്നില്ല. ഉപദേശനിര്‍ദേശങ്ങള്‍ നല്‍കി ഭരണാധികാരിയെ തിരുത്തുകയാണ് വേണ്ടത്. എന്നാല്‍, ഭരണാധികാരികള്‍ പാശ്ചാത്യ കൊളോണിയല്‍ ശക്തികളുടെ കേവലം ചട്ടുകങ്ങളും ആജ്ഞാനുവര്‍ത്തികളുമായി മാറിക്കഴിഞ്ഞിട്ടുണ്ടെങ്കില്‍ തിരുത്തുന്നതിന് ബലപ്രയോഗമാവാമെന്ന് അദ്ദേഹം പറയുന്നു. പക്ഷേ ജനകീയ ബോധവത്കരണം അതിനു മുമ്പ് നടക്കണം. രാഷ്ട്രീയ പാര്‍ട്ടികളും മറ്റു കൂട്ടായ്മകളും പിഴച്ച ഭരണത്തിനെതിരെ രംഗത്തു വരണം. ഭരണമാറ്റത്തിന് ആ ജനകീയ സമ്മര്‍ദം മതിയാവുമെങ്കില്‍ അതുതന്നെ മതി. അതിനു ശേഷമേ ബലപ്രയോഗത്തെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ. അതുതന്നെ നാശനഷ്ടങ്ങള്‍ ഏറ്റവും കുറഞ്ഞ രീതിയിലുള്ളതുമാവണം.7
4. ശൂറാ സംവിധാനം ഇല്ലാതാക്കുക,8 പൗരസ്വാതന്ത്ര്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുക, നിഷിദ്ധതകള്‍ അനുവദിക്കുക9 തുടങ്ങിയ നീക്കങ്ങള്‍ നടത്തുന്ന ഭരണാധികാരിയെ പുറത്താക്കാമെന്ന് വാദിക്കുന്നവര്‍ (ആ നീക്കത്തിന് വിജയസാധ്യതയുണ്ടെങ്കില്‍) അതിന്റെ രീതി എന്തായിരിക്കുമെന്നും വിശദീകരിക്കുന്നുണ്ട്. ഒരു ചെറിയ സംഘത്തിന് ഈ വാദമുന്നയിച്ച് രംഗത്തുവരാന്‍ പറ്റില്ലെന്ന് അവര്‍ തീര്‍ത്തു പറയുന്നു. ഉന്നതാധികാര സമിതി(അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദ്)യാണ് ഭരണാധികാരിയെ നിശ്ചയിച്ചതെങ്കില്‍ ന്യായമായ കാരണങ്ങളാല്‍ അവര്‍ക്കയാളെ മാറ്റാം. ഭരണമേല്‍പ്പിച്ചത് സമൂഹമാണെങ്കില്‍, അവരെ പ്രതിനിധീകരിക്കുന്ന സഭകളാണെങ്കില്‍ അവക്കും ആ അധികാരമുണ്ട്. എന്തായാലും, ഒരു ചെറിയ സംഘം ആയുധമെടുത്തിറങ്ങുന്നത് അംഗീകരിക്കാനാവില്ല. ഭരണാധികാരിയെ നീക്കണമെന്ന ആഹ്വാനം വരേണ്ടത് ജനങ്ങളില്‍നിന്ന്, അല്ലെങ്കില്‍ നിയമപരമായി അവരെ പ്രതിനിധീകരിക്കുന്നവരില്‍നിന്ന് ആകാനേ തരമുള്ളൂ.10 മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ഭരണകൂടത്തിന്റെ നിയമാനുസൃതത്വം ഇല്ലാതായിരിക്കുന്നു എന്നു പറയേണ്ടത് ജനകീയ നേതൃത്വമാണ്; ഭരണാധികാരിയെ മാറ്റാനുള്ള ബാധ്യത ജനങ്ങളെ മാറ്റിനിര്‍ത്തി ഏതെങ്കിലുമൊരു സംഘം സ്വയമേല്‍ക്കുന്നത്11 അംഗീകരിക്കാനാവില്ല. ചെറു സംഘങ്ങളുടെ നീക്കം അരാജകത്വത്തിലും ഭരണശൂന്യതയിലുമൊക്കെ കലാശിച്ചേക്കും. ജനകീയ മുന്നേറ്റത്തിന് മാത്രമേ അപായങ്ങള്‍ കുറക്കാനും മാറ്റങ്ങള്‍ ധ്രുതഗതിയിലാക്കാനും കഴിയൂ.

 

കുറിപ്പുകള്‍

1. മുഹമ്മദ് അസദ്- മിന്‍ഹാജുല്‍ ഹുകും ഫില്‍ ഇസ്‌ലാം, പേജ് 143
2. തുനീഷ്യന്‍ പണ്ഡിതനായ മുഹമ്മദ് സ്വാലിഹ് അന്നയ്ഫര്‍ (1905-1993) മാസപ്പിറവി വിഷയത്തില്‍ എടുത്ത കര്‍ക്കശ നിലപാട് ഇവിടെ ഓര്‍ക്കാം. ചാന്ദ്രമാസങ്ങള്‍ നിര്‍ണയിക്കാന്‍ മാസപ്പിറവി കാണേണ്ടതില്ലെന്നും കണക്കുകള്‍ വെച്ച് അത് തീരുമാനിക്കാമെന്നും ഭരണകൂടം ഉത്തരവിറക്കിയപ്പോള്‍ അതിനെതിരെ അദ്ദേഹം ശക്തമായി നിലകൊണ്ടു. രണ്ട് പതിറ്റാണ്ടുകാലത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ തനിക്കനുകൂലമായി ജനാഭിപ്രായം വളര്‍ത്തിക്കൊണ്ടുവന്നു. ഒടുവില്‍ ഭരണകൂടത്തിന് ഉത്തരവ് പിന്‍വലിക്കേണ്ടിവന്നു.
3. വചനശക്തി (ഖുവ്വത്തുല്‍ കലിമ) എന്ന പ്രയോഗത്തിന് സയ്യിദ് ഖുത്വ്ബിനോട് കടപ്പാട്. കാണുക ദിറാസാതുന്‍ ഇസ്‌ലാമിയ്യ (കയ്‌റോ, ബൈറൂത്ത്/ദാറുശ്ശുറൂഖ് 1978).
4. മുഹ്‌യിദ്ദീന്‍ അബൂസകരിയ്യ യഹ്‌യ ബ്‌നു ശറഫ് അന്നവവി-ശറഹു സ്വഹീഹ് മുസ്‌ലിം (കയ്‌റോ, അല്‍ മത്വ്ബഅതുല്‍ മിസ്വ്‌രിയ്യ).
5. നബിവചനത്തിലെ 'പ്രകടമായ സത്യനിഷേധം' (അല്‍ കുഫ്‌റുല്‍ ബവ്വാഹ്) എന്നതിനെ ഇമാം നവവി വ്യാഖ്യാനിക്കുന്നത് ഇപ്രകാരമാണ്: ഭരണാധികാരികളുമായി കലഹിക്കാനോ അവരെ തടസ്സപ്പെടുത്താനോ നില്‍ക്കരുത്. വ്യക്തമായ അധര്‍മം നിങ്ങള്‍ കണ്ടാലല്ലാതെ; അപ്പോള്‍ നിങ്ങളതിനെ നിരാകരിക്കുകയും ചെറുക്കുകയും വേണം. എന്നാല്‍ ഭരണാധികാരിക്കെതിരെ പടപ്പുറപ്പാട് നടത്തുന്നത് അനുവദനീയമല്ല; അവര്‍ അക്രമികളായിട്ടുണ്ടെങ്കിലും. ഇതാണ് ഭൂരിപക്ഷാഭിപ്രായം. അതിക്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ദൈവിക നിയമവ്യവസ്ഥ അംഗീകരിക്കുന്ന ഒരു ഭരണവ്യവസ്ഥയുടെ കാര്യമാണ് നവവി ഇവിടെ പറയുന്നത്.
6. ഖവാരിജിനും ചില മുഅ്തസിലി ഗ്രൂപ്പുകള്‍ക്കും ഈ അഭിപ്രായമുണ്ടായിരുന്നു. ഇത് അഹ്സ്സുന്നയിലെ തന്നെ ഒരു അഭിപ്രായമാണെന്നാണ് ഇബ്‌നുഹസം പറയുന്നത്. അര്‍റയ്‌സിന്റെ അന്നള്‌രിയാത്തുസ്സിയാസിയ്യ അല്‍ ഇസ്‌ലാമിയ്യ (പേജ് 351) കാണുക. ബനൂ ഖുറൈള പ്രമുഖന്‍ ഹുയയ്യു ബ്‌നു അഖ്തബിനെപ്പോലുള്ളവരെ അപായപ്പെടുത്താന്‍ നബി (സ) സൂചന നല്‍കി എന്നും മറ്റുമാണ് അവരതിന് ന്യായം പറയുന്നത്. ഖാലിദ് ഇസ്‌ലാം ബൂലി എന്ന പട്ടാളക്കാരന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അന്‍വര്‍ സാദാത്തിനെ വെടിവെച്ചുകൊന്നത് പുതിയ കാലത്തെ ഉദാഹരണമായും ആ അഭിപ്രായക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
7. മുന്‍തളരി- ദിറാസാതുന്‍ ഫി വിലായത്തില്‍ ഫഖീഹ് വ ഫിഖ്ഹിദ്ദൗല, 1/594,95
8. ശൂറാ സംവിധാനത്തെ ഇല്ലാതാക്കുന്ന ഭരണാധികാരിയെ നീക്കാമെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്ക് ഏകാഭിപ്രായമുണ്ടെന്നാണ് ഖുര്‍ത്വുബി പറയുന്നത്. നോക്കുക അല്‍ ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍ (4/249).
9. പലതരം ഭരണകൂടങ്ങളെപ്പറ്റിയും പാര്‍ട്ടികളെപ്പറ്റിയുമുള്ള മതവിധികള്‍ പറയുന്ന ശൈഖ് മുഹമ്മദ് സ്വാലിഹ് നയ്ഫറിന്റെ ഫത്‌വകള്‍ വായിക്കുന്നത് പ്രയോജനകരമായിരിക്കും.
10. അസദ്- മിന്‍ഹാജുല്‍ ഹുകും ഫില്‍ ഇസ്‌ലാം, പേജ് 144-145
11. സഈദ്- അല്‍ഹുകും വ ഉസ്വൂലുല്‍ ഹുകും ഫിന്നിളാമില്‍ ഇസ്‌ലാമി, പേജ് 199,200

Comments

Other Post

ഹദീസ്‌

മൂന്നു കാര്യങ്ങള്‍ ഹൃദയത്തെ നിര്‍മലമാക്കും
മുഹമ്മദ് സ്വാലിഹ് മുന്‍ജിദ്‌

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (14-16)
ടി.കെ ഉബൈദ്‌