Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 20

3144

1441റജബ് 25

കോവിഡ് 19: അലംഭാവമരുത്

''മാരകമായ കോവിഡ് 19 വൈറസ് ഇതാ നമ്മുടെ മുന്നില്‍. ഇതിനെ പ്രതിരോധിക്കാനുള്ള യാതൊരു മാര്‍ഗവും ജനങ്ങളുടെ മുന്നിലില്ല. അതിനെ ചെറുക്കാനുള്ള വാക്‌സിനുകളോ തെറാപ്പിയോ ഇല്ല. അതിനാല്‍ നമ്മുടെ രാജ്യത്ത് 60 മുതല്‍ 70 ശതമാനം വരെ ജനങ്ങള്‍ക്ക് വൈറസ് ബാധയേറ്റേക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്.'' ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലിന്റേതാണ് ഈ മുന്നറിയിപ്പ്. ഈ പ്രസ്താവന നടത്തുമ്പോള്‍ ജര്‍മനിയില്‍ 1300 പേര്‍ക്കേ വൈറസ് ബാധ ഏറ്റിട്ടുള്ളൂ. മരണമാണെങ്കില്‍ രണ്ട് മാത്രവും. പക്ഷേ അതൊരു മഹാ ദുരന്തമായിത്തീരാനുള്ള സാധ്യത ജര്‍മന്‍ ചാന്‍സലര്‍ മുന്‍കൂട്ടി കാണുന്നു. അവര്‍ വെറുതെ പറയുന്നതല്ല, ആരോഗ്യമേഖലയിലെ വിദഗ്ധരുമായി സംസാരിച്ചതിനു ശേഷം  എത്തിച്ചേര്‍ന്ന നിഗമനമാണ്. ഇറ്റലി എന്ന യൂറോപ്യന്‍ രാജ്യം അതീവ ജാഗ്രതയിലാണ്. യാത്രാ നിരോധം വന്നതോടെ ഇറ്റാലിയന്‍ നഗരങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയിരിക്കുന്നു. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന നിര്‍ദേശമാണ് അധികൃതര്‍ നല്‍കുന്നത്. ആ രാജ്യത്തെ അറുപത് മില്യന്‍ പൗരന്മാര്‍ക്കും യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇറ്റാലിയന്‍ പൊതു ആരോഗ്യ മേഖലയില്‍ വര്‍ഷങ്ങളായി ഗവേഷണം നടത്തുന്ന നീനോ കാര്‍ട്ടബെല്ലോട്ട പറയുന്നത്, തങ്ങളുടെ മുന്നില്‍ വേറെ വഴിയൊന്നുമില്ല എന്നാണ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു വരെ വൈറസ് പരിശോധന വേണ്ടിവരുമോ എന്ന ആശങ്കയിലാണ് അമേരിക്ക വരെ. ചില പ്രധാന സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇറാനിലും ദക്ഷിണ കൊറിയയിലും സ്ഥിതി അതീവ ഗുരുതരം. കോവിഡ് 19 വൈറസ് ബാധയേറ്റ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച അഞ്ചാമത്തെ രാജ്യമായ ഫ്രാന്‍സില്‍ ഒരു ഫ്രഞ്ച് പത്രം നല്‍കിയ ആഹ്വാനം അന്നാട്ടില്‍ വലിയ വിവാദമായിരിക്കുകയാണ്. 'നിഖാബ് ധരിക്കൂ, വൈറസിനെ അകറ്റൂ' എന്നാണത്രെ സ്ത്രീകളോടുള്ള പത്രത്തിന്റെ ആഹ്വാനം! വൈറസിനെ അകറ്റാനുള്ള രക്ഷാകവചമായാണ് പത്രം ശരീരമാസകലം മൂടുന്ന ഈ വസ്ത്രധാരണത്തെ കാണുന്നത്. പൊതു സ്ഥലത്ത് നിഖാബ് ധരിക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഒരു രാജ്യത്താണിതെന്ന് ഓര്‍ക്കണം. പരിഹാസച്ചുവയോടെയല്ല, കാര്യമായിട്ട് തന്നെയാണ് പത്രത്തിന്റെ ആഹ്വാനം. ഈ വൈറസാക്രമണത്തിന്റെ മുന്നില്‍ ലോകം എത്ര നിസ്സഹായമായി പോകുന്നു എന്ന് സൂചിപ്പിച്ചുവെന്ന് മാത്രം.
ഗള്‍ഫ് നാടുകളിലും യൂറോപ്പിലും അമേരിക്കയിലുമൊക്കെ കേരളത്തില്‍നിന്നുള്ള ധാരാളം പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ട്. അവരുടെ പോക്കുവരവുകള്‍ സംസ്ഥാനത്ത് വൈറസ് ബാധ പടരാന്‍ ഇടയാക്കുമെന്ന ആശങ്ക ഒട്ടും അസ്ഥാനത്തല്ല. അതുകൊണ്ടുതന്നെ സംസ്ഥാനത്തുടനീളം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വൈറസ്ബാധിത രാജ്യങ്ങളില്‍നിന്നെത്തിയ ചിലര്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് ബന്ധുക്കളുമായും നാട്ടുകാരുമായും നിര്‍ബാധം ഇടപഴകിയതാണ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാന്‍ നിമിത്തമായത്. സംസ്ഥാന ഗവണ്‍മെന്റ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ വ്യക്തികളും കൂട്ടായ്മകളും സ്ഥാപനങ്ങളുമൊക്കെ തയാറാവണം. രോഗത്തിന് വാക്‌സിന്‍ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ശുചിത്വം പാലിച്ചും അപരിചിതരുമായി സമ്പര്‍ക്കം ഒഴിവാക്കിയും പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയേ നിവൃത്തിയുള്ളൂ. പ്രവാചകനും അനുയായികളും കാണിച്ചുതന്ന മാതൃകയും അതാണ്. പൊതുവേദികളും പള്ളി മിമ്പറുകളുമൊക്കെ ബോധവത്കരണത്തിനായി ഉപയോഗപ്പെടുത്തുകയും വേണം.
 

Comments

Other Post

ഹദീസ്‌

മൂന്നു കാര്യങ്ങള്‍ ഹൃദയത്തെ നിര്‍മലമാക്കും
മുഹമ്മദ് സ്വാലിഹ് മുന്‍ജിദ്‌

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (14-16)
ടി.കെ ഉബൈദ്‌