തുറന്ന ജയിലില്‍ ഗസ്സയിലെ കുട്ടികള്‍
കുറച്ച് ദിവസങ്ങളായി ഗസ്സയില്‍ ഇസ്രയേല്‍ തങ്ങളുടെ മിലിട്ടറി ഓപറേഷന്‍ ശക്തമാക്കിയപ്പോള്‍, എന്റെ ചിന്ത മുഴുവനും എന്റെ കുടുംബത്തിലെ മറ്റു അംഗങ്ങളോടൊപ്പം അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്ന എന്റെ സഹോദരന്റെ ഒരു വയസ്സ് മാത്രം പ്രായമുള്ള മകള്‍ എലാഇനെക്കുറിച്ചായിരുന്നു. നടക്കാന്‍ തുടങ്ങിയിട്ടേ ഉള്ളൂവെങ്കിലും ഇസ്രയേലി വ്യോമസേന ബോംബിടുന്നതിന്റെ ശബ്ദം കേട്ടാല്‍ ധൃതിയില്‍ കസേരക്ക് പിറകിലോ മേശക്ക് പിറകിലോ ചെന്ന് ഒളിച്ചിരിക്കാന്‍ അവള്‍ പഠിച്ചിട്ടുണ്ട്. ഗസ്സയിലെ മറ്റു കുട്ടികളെ പോലെ തന്നെ അവളും ഇസ്രയേല്‍ നിരന്തരം യുദ്ധകുറ്റകൃത്യങ്ങള്‍ നടത്തുന്ന കാലത്താണ് തന്റെ കുട്ടിക്കാലം തുടങ്ങുന്നത്.
ഗസ്സയില്‍ നടന്ന അവസാന സൈനികാക്രമണത്തില്‍ ഇസ്രയേലീ സര്‍ക്കാര്‍ 'സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍' നടത്തി 'ഭീകരവാദികളെ' കൊലപ്പെടുത്തിയെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഒരിക്കല്‍ കൂടി, തങ്ങള്‍ക്ക് 'സ്വയം പ്രതിരോധിക്കാനുള്ള അവകാശമുള്ളത്' കൊണ്ടാണ് ജൂതരാഷ്ട്രം അങ്ങനെ ചെയ്തതെന്ന് പ്രഖ്യാപിക്കുകയും ലോകം അത് തലയാട്ടി സമ്മതിക്കുകയും ചെയ്തു.
നമുക്ക് ഇസ്രയേലിന്റെ ചെയ്തികളിലേക്ക് ഒരെത്തിനോട്ടം നടത്തേണ്ടതുണ്ട്. ഇസ്‌ലാമിക് ജിഹാദ് കമാന്റര്‍ ബഹ അബു അല്‍ അത്തയെയും അദ്ദേഹത്തിന്റെ ഭാര്യ അസ്മയെയും ലക്ഷ്യം വെച്ചുള്ളതാണെന്ന് കരുതപ്പെടുന്ന ആക്രമണത്തില്‍ ഗസ്സ മുനമ്പിന് ചുറ്റുമുള്ള നിരവധി പ്രദേശങ്ങളില്‍ ബോംബാക്രമണം നടക്കുകയുണ്ടായി. അവരുടെ കൊലപാതകം ഒരു തുടക്കം മാത്രമായിരുന്നു. പിന്നീട് നടന്ന 'സര്‍ജിക്കല്‍ സ്‌ട്രൈക്കി'ല്‍ 34 ഫലസ്ത്വീനികളാണ് കൊല്ലപ്പെട്ടത്. അതില്‍ 8 കുട്ടികളും 3 സ്ത്രീകളുമുണ്ടായിരുന്നു.
സൈനികര്‍ക്ക് പുറമെ സ്ത്രീകളെയും കുട്ടികളെയും അന്യായമായി കൊല്ലുന്നതിനെ 'സര്‍ജിക്കല്‍' എന്ന് വിളിക്കാന്‍ പറ്റില്ല. ഒരു സര്‍ജന്‍ ഒരു സമുദായത്തെ കൊല്ലുന്നില്ല. മറിച്ച്, ഒരു യുദ്ധത്തിന് അത് ചെയ്യാന്‍ കഴിയും. ജനസാന്ദ്രത കൂടിയ പ്രദേശങ്ങളില്‍ മാരകമായ ബോംബ് വര്‍ഷിച്ചതിനെയും നിരവധി നീതിരഹിത ആക്രമണങ്ങള്‍ നടത്തിയതിനെയും വിമര്‍ശിക്കാന്‍ ഇപ്പോഴും അന്തര്‍ദേശീയ സമുദായം തയാറാവുന്നില്ല.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റും അദ്ദേഹത്തിന്റെ മധ്യേഷ്യ സമാധാന സംഘമെന്ന് പറയപ്പെടുന്ന സംഘത്തിന്റെ പ്രമുഖനുമായിരുന്ന അവി ബെര്‍കോവിച്ച്, ഭീകരവാദത്തിനെതിരെയും ഫലസ്ത്വീന്‍ ഇസ്‌ലാമിക് ജിഹാദിനെതിരെയുമുള്ള ഇസ്രയേലിന്റെ പോരാട്ടത്തെ തങ്ങള്‍ പിന്തുണക്കുന്നുവെന്നാണ് ട്വീറ്റ് ചെയ്തത്.
യൂറോപ്യന്‍ യൂനിയനാവട്ടെ, അബൂ അല്‍ അത്തയുടെ വധത്തിനെതിരെ പ്രതികരിക്കാന്‍ ഗസ്സയില്‍നിന്ന് തൊടുത്തുവിട്ട റോക്കറ്റുകളുടെ പേരില്‍ രോഷം പ്രകടിപ്പിക്കുകയും കൊല്ലപ്പെട്ട ഫലസ്ത്വീന്‍ പൗരന്മാരുടെ വിഷയത്തില്‍ മൗനം ദീക്ഷിക്കുകയുമാണ് ചെയ്തത്. 'ഈ പ്രഭാതത്തില്‍, ഫലസ്ത്വീനിയന്‍ ഇസ്‌ലാമിക് ജിഹാദിന്റെ പ്രമുഖ നേതാവിനെ ലക്ഷ്യമിട്ട് ഒരു ഓപ്പറേഷന്‍ നടക്കുകയുണ്ടായി. അതിന്റെ പ്രതികരണമെന്നോണം ഗസ്സയില്‍നിന്ന് അല്‍പം ചില റോക്കറ്റുകള്‍ വിക്ഷേപിക്കുകയും ചെയ്തു. അത് തീര്‍ത്തും അപലപനീയവും നിശ്ചയമായും അവസാനിപ്പിക്കേണ്ടതുമാണ്' - ഇതായിരുന്നു അവരുടെ പ്രസ്താവന.
ഇത്തരം പ്രതികരണങ്ങള്‍ തീര്‍ത്തും ഞെട്ടിക്കുന്നതാണ്. ഇസ്രയേലിന്റെ നരമേധങ്ങള്‍ക്ക് മുമ്പില്‍ എന്നും നിശ്ശബ്ദരായി നില്‍ക്കാനേ തങ്ങള്‍ക്ക് കഴിഞ്ഞിട്ടുള്ളൂ. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍, ഇത്തരം ആക്രമണങ്ങള്‍ കൂടുന്നുവെന്ന സഹതാപപൂര്‍വമായ പ്രസ്താവനകള്‍ മാത്രമേ യൂറോപ്യന്‍ യൂനിയന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നുള്ളൂ. അവര്‍ ഫലസ്ത്വീനികളെ നിശ്ശബ്ദരാക്കുന്നതിനെയും അവര്‍ നേരിടുന്ന അടിച്ചമര്‍ത്തലുകളെയും എല്ലായ്‌പ്പോഴും അവഗണിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇസ്രയേല്‍ കൈവശപ്പെടുത്തിയിരിക്കുന്ന കോളനിയില്‍ ഫലസ്ത്വീനികള്‍ നേരിടുന്ന അനീതികളെക്കുറിച്ച് നിരന്തരം മൗനം പാലിക്കുന്ന ലോകത്താകമാനമുള്ള കൊളോണിയലാനന്തര സര്‍ക്കാറുകള്‍ തങ്ങള്‍ ചരിത്രത്തില്‍നിന്ന് ഒന്നും പഠിച്ചിട്ടില്ലെന്നാണ് തെളിയിച്ചുകൊണ്ടിരിക്കുന്നത്.
ഞാന്‍ ഗസ്സയിലെ ജബലിയ അഭയാര്‍ഥി ക്യാമ്പിലാണ് ജനിച്ചു വളര്‍ന്നത്. എന്റെ വല്യുപ്പ, വല്യുമ്മ, എന്റെ മാതാപിതാക്കള്‍, എന്റെ നാല് അമ്മാവന്മാര്‍, അവരുടെ ഭാര്യമാര്‍, അവരുടെ കുട്ടികള്‍ എന്നിവരടങ്ങുന്ന ഒരു വലിയ കുടുംബത്തോടൊപ്പം അഞ്ച് മുറികളിലാണ് ഞാന്‍ അഭയാര്‍ഥി കുട്ടിയായി കഴിഞ്ഞുകൂടിയിരുന്നത്. ആദ്യത്തെ ഇന്‍തിഫാദ കാലത്ത്, ഞങ്ങളുടെ വീട്ടില്‍ വന്ന് എന്റെ പിതാവിനെയും എന്റെ അമ്മാവന്മാരെയും അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ കാരണമായി പട്ടാളക്കാര്‍ പിടിച്ചുകൊണ്ടുപോകുമോ എന്ന ഭയം നിരന്തരമായി എന്നെ വേട്ടയാടിയിരുന്നു. എന്റെ കിന്റര്‍ ഗാര്‍ട്ടണിനടുത്ത് നടന്ന വെടിവെപ്പ് കണ്ടയാളാണ് ഞാന്‍. വെടിവെപ്പ് നടന്നപ്പോള്‍ ഒരു പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു. വെള്ള ഫോസ്ഫറസ് നിറച്ച യുദ്ധോപകരണങ്ങള്‍ തകര്‍ത്ത സ്‌കൂളിലാണ് ഞാന്‍ പഠിച്ചിരുന്നത്. പിന്നെ, രണ്ടാം ഇന്‍തിഫാദക്കെതിരെയുള്ള ഇസ്രയേലിന്റെ ക്രൂരമായ ആക്രമണം കാണാനും എനിക്ക് സാധിച്ചു. ഞാന്‍ വളര്‍ന്ന് വലുതായി കൗമാരിക്കാരിയായപ്പോഴേക്ക് ഇസ്രയേലിന്റെ നിരവധി അധിനിവേശങ്ങള്‍ക്കും അക്രമണങ്ങള്‍ക്കും ഞാന്‍ സാക്ഷിയായി.
ഞാന്‍ അങ്ങനെയാണ് പത്രപ്രവര്‍ത്തകനും മനുഷ്യാവകാശ പോരാളിയുമൊക്കെ ആകുന്നത്.
ജനങ്ങളെ സഹായിക്കാനും ലോകത്തിന് മുമ്പില്‍ ഇസ്രയേലിന്റെ യുദ്ധക്കുറ്റങ്ങളെ തുറന്നുകാണിക്കാനുമാണ് ഞാനീ ജോലി തെരഞ്ഞെടുത്തത്. 2014 ജനുവരിയില്‍, യുവസംഘടനകളുടെ കൂടെ ഗസ്സയുടെ കിഴക്ക് ഭാഗത്തെ അതിര്‍ത്തിക്കടുത്ത് സമരം സംഘടിപ്പിക്കാനിരിക്കുമ്പോഴാണ് ഒരു ബുള്ളറ്റ് വന്ന് എന്റെ ഇടതു കാലില്‍ തറച്ചത്. ആക്രമണമുണ്ടാകുമ്പോള്‍ ഞങ്ങള്‍ നാരങ്ങയുടെയും ഒലീവിന്റെയും ചെടികള്‍ നടുകയായിരുന്നു. ഞാനെപ്പോഴും ശ്രമിച്ചു കൊണ്ടിരുന്നത് ഗസ്സയിലെ സമാധാനപരമായ ഒരു ജനകീയ പ്രക്ഷോഭത്തിനായിരുന്നു. 2018 മാര്‍ച്ച് മുതല്‍ 'ദ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍' എന്ന പേരില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ നാം കാണുന്നതു പോലെ, നിര്‍ഭാഗ്യവശാല്‍ ഗസ്സാ മുനമ്പിലെ സ്ഥിതിവിശേഷം വളരെ അപൂര്‍വമായേ കൂടുതല്‍ 'സമാധാനപരമാ'ക്കാന്‍ ഇസ്രയേല്‍ ശ്രമിക്കുന്നുള്ളൂ.
'ഓപ്പറേഷന്‍ പ്രൊട്ടക്റ്റീവ് എഡ്ജ്' തുടങ്ങിയതോടെ എന്റെ ജനതയും കുടുംബവും ഒരിക്കല്‍കൂടി ആക്രമണത്തിനിരയായി. എന്റെ കുടുംബത്തെയോര്‍ത്ത് ആശങ്കപ്പെട്ട ഓരോ ദിവസവും ഞാന്‍ കുടുതല്‍ ദുരിതകഥകള്‍ പറയുകയും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും കാമ്പയിനുകള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്തു. യൂറോപ്പില്‍ ഞാനൊരു സ്പീക്കിംഗ് ടൂര്‍ സംഘടിപ്പിച്ചിരുന്നു. അവിടത്തുകാരോട് ഗസ്സയിലെ ജനതയനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് പറയാനായി. വൈകാതെ, ഞാന്‍ നോര്‍വെയിലെ പീസ് സ്റ്റഡീസ് ആന്റ് കോണ്‍ഫഌക്റ്റില്‍ എം.ഫില്‍ പഠനം തുടങ്ങിവെച്ചു. ഞാനിപ്പോള്‍ ബെര്‍ലിനില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്.
ഞാനിപ്പോള്‍ യൂറോപ്പില്‍ സുരക്ഷിതനായിരിക്കാം. പക്ഷേ, എന്റെ സഹോദരപുത്രി എലായുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ ഞാനൊരിക്കലനുഭവിച്ച യാതനകള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരിക്കല്‍ ഞാനനുഭവിച്ച ദുരിതപൂര്‍ണമായ കുട്ടിക്കാലം എലായും കൂടി അനുഭവിക്കാന്‍ പോകുന്നുവെന്നോര്‍ത്ത് പേടിയാകുന്നു. കാര്യങ്ങള്‍ക്കൊന്നും മാറ്റം സംഭവിച്ചിട്ടില്ലെങ്കില്‍ അവള്‍ തന്റെ കുട്ടിക്കാലത്തിലധിക ഭാഗവും ഇസ്രയേലീ ബോംബുകളില്‍നിന്ന് ഒളിച്ചിരിക്കാന്‍ മേശക്ക് ചുവട്ടിലും കസേരക്ക് പിറകിലും ചെലവഴിക്കുമായിരിക്കും. 'സമാധാനത്തി'ന്റെ ഘട്ടത്തില്‍ പോലും അവള്‍ക്ക് ഐക്യരാഷ്ട്രസംഘടന 'വാസയോഗ്യമല്ലെ'ന്ന് പ്രഖ്യാപിച്ച സ്ഥലത്ത് ഭീകരമായ സാഹചര്യങ്ങള്‍ നേരിടേണ്ടിവരും.
ഗസ്സയിലെ ജലമിന്ന് കുടിക്കാന്‍ പറ്റുന്ന രൂപത്തിലല്ല. ഇസ്രയേലീ ബോംബ്‌വര്‍ഷങ്ങളും ഉപരോധവും ഗസ്സയിലെ അടിസ്ഥാനസൗകര്യങ്ങളെ കൂടി ബാധിച്ചപ്പോള്‍ അവിടത്തെ ജലം മരണത്തിനും രോഗങ്ങള്‍ക്കും കാരണമാവുകയാണ്.
ഗസ്സയിലെ ജനങ്ങള്‍ക്ക് ദിവസത്തില്‍ ആറോ എട്ടോ മണിക്കൂര്‍ മാത്രമാണ് വൈദ്യുതി ലഭിക്കുന്നത്. ചില ദിവസങ്ങളില്‍ ഇരുപത്തിനാല് മണിക്കൂറും വൈദ്യുതി ലഭിക്കാറില്ല. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഇസ്രയേല്‍ കെട്ടിയുണ്ടാക്കിയ അതിര്‍ത്തിയിലെ വേലിക്കു ചുറ്റുമുള്ള ഭൂമിയില്‍ കര്‍ഷകര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ അനുമതിയില്ല. ഗസ്സയിലെ മുക്കുവന്മാര്‍ക്ക് സ്വതന്ത്രമായി വല വീശാന്‍ പോലും അനുവാദമില്ല. കടലില്‍നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഗസ്സയിലെ എന്റെ വീട്ടില്‍നിന്ന് എനിക്ക് ഇസ്രയേല്‍ പട്ടാളക്കാര്‍ ഫലസ്ത്വീനികളായ മുക്കുവന്മാരെ വെടിവെച്ചിടുന്ന ശബ്ദം കേള്‍ക്കാമായിരുന്നു.
തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ ഗസ്സയെന്ന ഭൂപ്രദേശത്തിന്റെ സര്‍വ ദിക്കുകളിലും കാണാം. ആ ഭൂമിയില്‍ ഇസ്രയേല്‍ അധികാരം വാഴുന്നതിനാല്‍ ഗസ്സാ മുനമ്പിലേക്ക് പുറത്തു നിന്ന് ചരക്കുകളൊന്നും കടന്നെത്തുന്നില്ല. തകര്‍ക്കപ്പെട്ട കെട്ടിടങ്ങള്‍ ഒരിക്കലും പുനര്‍നിര്‍മിക്കപ്പെടുന്നില്ല. ജനങ്ങള്‍ക്ക് ഈ തുറന്ന ജയിലില്‍നിന്ന് പുറത്തു കടക്കാനും കഴിയുന്നില്ല. ആശുപത്രികളില്‍ മരുന്നുകളും അവശ്യവസ്തുക്കളും ലഭ്യമല്ല. മറ്റു ആശുപത്രികളില്‍ ചെന്ന് ചികിത്സിക്കാന്‍ അധികാരികളുടെ അനുമതി കിട്ടാന്‍ ഏറേ നേരം കാത്തിരിക്കേണ്ടിവരികയും ചെയ്യുന്നു. ഒരുപാട് പേര്‍ ഇങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് മരിച്ചുപോയിട്ടുണ്ട്.
വിദേശത്ത് പോയി, ലോകം കാണാനും അറിയാനുമാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പുറത്തു കടക്കാന്‍ സാധ്യമല്ല. ഞാന്‍ ഭാഗ്യം ചെയ്ത ചുരുക്കം ചിലരിലൊരാളായിരുന്നു. 2013-2014 കാലഘട്ടത്തില്‍ റാഫ ബോര്‍ഡര്‍ ക്രോസിംഗ് ഓരോ നാല് മാസത്തിലും മൂന്ന് ദിവസത്തേക്ക് തുറന്നിട്ടിരുന്നു. മാത്രവുമല്ല, അന്ന് പുറത്തു കടക്കാന്‍ ആവശ്യമായ രേഖകള്‍ ലഭിക്കുകയെന്നത് അത്ര ആയാസകരമായിരുന്നില്ല. ഒരു വര്‍ഷം നീണ്ട ശ്രമങ്ങള്‍ക്കും കാത്തിരിപ്പിനുമൊടുവിലാണ് എനിക്ക് പുറത്തു കടക്കാന്‍ അവസരം ലഭിച്ചത്. മറ്റനേകം പേര്‍ ആ ഭാഗ്യം ലഭിക്കാത്തവരാണ്.
എന്റെ സഹോദരപുത്രിക്കും ഗസ്സയിലെ മറ്റു കുട്ടികള്‍ക്കും ഭാവിയില്‍ എന്താണ് സംഭവിക്കുക? വിഷമയമായ വെള്ളം കുടിക്കുക, ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം കഴിക്കുക, ബോംബില്‍നിന്ന് ഓടിയൊളിക്കുക.... ഇപ്പോഴും യു.എന്‍ റിപ്പോര്‍ട്ട് ഗസ്സയില്‍ എത്ര കൂട്ടക്കൊലകള്‍ നടന്നുവെന്നും എത്രത്തോളം ദാരുണമാണ് ഗസ്സയിലെ മാനവിക ദുരന്തമെന്നും കണക്കെടുത്തുക്കൊണ്ടിരിക്കുകയാണ്.
അന്താരാഷ്ട്രസമൂഹം ഇത്രയേറെ തുറന്ന കണ്ണുകളോടെ നോക്കിയിരിക്കുന്ന കാലത്താണ് എന്റെ സഹോദരപുത്രി എലാ ഗസ്സയില്‍ ഒരു ഫലസ്ത്വീന്‍കാരിയായി വളര്‍ന്നു വലുതാകുന്നത്. ഞങ്ങളുടെ പോരാട്ടങ്ങളെ പിന്തുണച്ചവരെ ഓര്‍മിപ്പിക്കുകയും ഇസ്രയേല്‍ നടത്തുന്ന യുദ്ധക്കുറ്റങ്ങള്‍ക്കെതിരെ കണ്ണടച്ചവരെ വിചാരണ നടത്തുകയും ചെയ്യുന്ന ഒരു ദിനം വരാനുണ്ട്.
(ഫലസ്ത്വീനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനും കോളമിസ്റ്റുമാണ് ലേഖകന്‍)
കടപ്പാട്: അല്‍ ജസീറ
വിവര്‍ത്തനം: പി. മുഹമ്മദ് ഫാഇസ്
Comments