Prabodhanm Weekly

Pages

Search

2020 ജനുവരി 31

3137

1441 ജമാദുല്‍ ആഖിര്‍ 06

സമ്മിലൂനീ

സമീറ നസീര്‍

വിവാദങ്ങള്‍ ചിലപ്പോള്‍ ക്രിയാത്മക ചുവടുവെപ്പുകള്‍ക്ക് കാരണമാകാറുണ്ട്. 'മാണിക്യ മലരായ പൂവീ' എന്ന ഗാനം സിനിമയില്‍ ഉപയോഗിച്ചപ്പോള്‍ ഉണ്ടായത് അത്തരമൊരു അനുഭവമാണെന്ന് തോന്നുന്നു. പ്രവാചകന്റെ പ്രിയ പത്‌നി ഖദീജ ചരിത്രത്തില്‍നിന്ന് ഇറങ്ങി വന്ന് സമീപകാലത്ത് മുഖ്യധാരയില്‍ ചര്‍ച്ചയായത് ഈ ഗാനമുയര്‍ത്തിയ വിവാദത്തെ തുടര്‍ന്നാണ്. ഖദീജ ബീവിയെക്കുറിച്ച് കുറേയേറെ പുസ്തകങ്ങള്‍ ഈ പശ്ചാത്തലത്തില്‍ ഇറങ്ങുകയുായി. അവയിലൊന്നാണ് 'ഖദീജത്തുല്‍ കുബ്‌റാ തിരുദൂതന്റെ തണല്‍.' യുവ എഴുത്തുകാരന്‍ സദഖത്തുല്ലയാണ് ഗ്രന്ഥകാരന്‍. ഖദീജ(റ)യെ വായിക്കാന്‍ മനോഹരമായ ഒരു പുസ്തകമാണ് അദ്ദേഹം നമുക്ക് തന്നത്. പ്രവാചകന്റെ പിതൃപരമ്പര മുതല്‍ കച്ചവടവും വിവാഹവും നുബുവ്വത്തും സന്താനങ്ങളും എല്ലാമായി നബി ചരിത്രത്തിന്റെ നഖചിത്രം ഈ ചെറിയ പുസ്തകത്തില്‍ വായിച്ചെടുക്കാം.
ഖദീജ ബീവി മരിക്കുന്നതു വരെ പ്രവാചകന്‍ മറ്റൊരു കല്യാണം കഴിച്ചിരുന്നില്ല. ഖദീജയുടെ ഓര്‍മകളെ മധുരമുള്ള നോവായി വേര്‍പാടിനു ശേഷം പ്രവാചകന്‍ അനുസ്മരിക്കാറുള്ളത് അദ്ദേഹത്തിന്റെ മറ്റു പത്‌നിമാര്‍ തന്നെ ഉദ്ധരിച്ചിട്ടുണ്ട്. ഖദീജയും പ്രവാചകനും തമ്മിലുള്ള പ്രണയത്തിന്റെ ഊഷ്മളത പുസ്തകത്തിലുടനീളം അനുഭവപ്പെടുന്നു. കച്ചവടത്തിന് ഒപ്പം കൂട്ടിയത് മുതല്‍ ശിഅ്ബ് അബീത്വാലിബിലെ ഉപരോധം വരെയും, പിന്നീട് രോഗിയായ ഖദീജയുടെ ശയ്യയില്‍ ശുശ്രൂഷകനായ പ്രവാചകന്‍, പ്രിയപ്പെട്ടവളെ ഖബ്‌റിലേക്കെടുത്തു വെച്ച് ഹൃദയം പൊള്ളുന്ന പ്രവാചകന്‍, ഖദീജയുടെ ഓര്‍മകളില്‍  പ്രവാചകനും മക്കളും വിരഹദുഖത്തില്‍ ആഴ്ന്നുപോയ ഖദീജയില്ലാത്ത വീട് തുടങ്ങിയവയെല്ലാം.
ചരിത്രഗ്രന്ഥം ഹൃദ്യമാകുന്നത് സരളമായ ഭാഷയും ഒഴുക്കുള്ള ശൈലിയും ഉപയോഗിക്കുമ്പോള്‍ കൂടിയാണ്. ഹൃദ്യവും കാവ്യാത്മകവുമായി ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാന്‍ പറ്റുന്ന ലാളിത്യത്തിലാണ് ഈ പുസ്തകത്തിന്റെ രചന. ഖുര്‍ആനും ഹദീസും ചേര്‍ത്തത് കൃതിക്ക് വൈജ്ഞാനിക പിന്‍ബലം നല്‍കുന്നു. പ്രവാചകന്റെയും ഖദീജയുടെയും മക്കളെ കുറിച്ചുള്ള ലഘുവിവരണങ്ങള്‍ പുതിയ വായനാനുഭവമാണ്. അബൂത്വാലിബിനോടുള്ള സ്‌നേഹം, അബൂബക്‌റെന്ന ഇണപിരിയാത്ത കൂട്ടുകാരന്റെ സാന്നിധ്യം എല്ലാം തന്നെ പ്രവാചകചരിത്രത്തിലൂടെയുള്ള ബൃഹദ് സഞ്ചാരമായി അനുഭവപ്പെടുന്നുണ്ട്. 
ഖദീജയാണ് പ്രവാചകനെ വിവാഹം കഴിക്കാന്‍ താല്‍പര്യപ്പെടുന്നതും കൂട്ടുകാരി വഴി അന്വേഷിക്കുന്നതും. ഇത് സ്ത്രീയുടെ നിര്‍ണയ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്നു. തുടര്‍ന്നങ്ങോട്ടും പ്രവാചകന്റെ ജീവിതത്തിലെ സുപ്രധാന കാര്യങ്ങള്‍ക്ക് താങ്ങായി നിന്നതും ബുദ്ധിമതിയായ ഖദീജ തന്നെ. ഖദീജ ഉണ്ടായിരുന്നെങ്കില്‍ എന്നു പലപ്പോഴും പ്രവാചകന്‍ പറഞ്ഞിട്ടുണ്ടാവുക ഖദീജയുടെ വിടവ് ഏല്‍പിച്ച ശൂന്യതയുടെ ആഴം കാരണമാകുമല്ലോ. മുഹമ്മദെന്ന യുവാവിനെ അല്‍ അമീന്‍ എന്ന വിളിപ്പേരില്‍ പ്രവാചകത്വത്തിലേക്ക് വാര്‍ത്തെടുത്ത ദൈവിക നിയോഗം, ത്വാഹിറ എന്ന അപര നാമത്തില്‍ അറിയപ്പെട്ട, വിഗ്രഹങ്ങളുടെ മുന്നില്‍ തല കുനിക്കാന്‍ വിസമ്മതിച്ച ഖദീജയെയും വാര്‍ത്തെടുത്തിട്ടുണ്ടെന്ന് മനസ്സിലാക്കാം. 
പ്രവാചകത്വ ലബ്ധിയുടെ പരിസരങ്ങളില്‍ നബി അനുഭവിച്ച തീക്ഷ്ണമായ മാനസിക പിരിമുറുക്കങ്ങള്‍ അതിജീവിക്കാന്‍ ഖദീജയാണല്ലോ നബിക്ക് തണലായി നിന്നത്. അത് വളരെ മനോഹരമായി അവതരിപ്പിക്കാന്‍ സദഖതുല്ലക്കു കഴിഞ്ഞിട്ടുണ്ട്.
ഖുവൈലിദിന്റെ മകളായ ഖദീജ, വൈധവ്യത്തിന്റെ ദുഃഖം അനുഭവിക്കുന്ന ഖദീജ, കച്ചവട പ്രമുഖയായ ഖദീജ, പ്രവാചകന്റെ പത്‌നിയായ ഖദീജ, മക്കളുടെ പ്രിയപ്പെട്ട മാതാവായ ഖദീജ.... ഇങ്ങനെ സ്ത്രീത്വത്തിന്റെ വിവിധ ഘട്ടത്തിലൂടെ ഖദീജ എങ്ങനെ കടന്നുപോയെന്ന് പുസ്തകം വിവരിക്കുന്നു. 
'ഖദീജത്തുല്‍ കുബ്‌റാ തിരുദൂതന്റെ തണല്‍' വചനം ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പേജ്: 128. വില: 130 രൂപ. ഇതിനോടകം തന്നെ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഇറങ്ങിയിട്ടുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (72-73)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആരോഗ്യമുള്ളപ്പോള്‍ ദാനം ചെയ്യുക
അബ്ദുസ്സമദ് കൂട്ടിലങ്ങാടി