Prabodhanm Weekly

Pages

Search

2020 ജനുവരി 31

3137

1441 ജമാദുല്‍ ആഖിര്‍ 06

അതുവരെ ഈ സമരപോരാട്ടങ്ങള്‍ അനുസ്യൂതം തുടരും

എം.ഐ അബ്ദുല്‍ അസീസ് (അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള)

ഇന്ത്യ അതിനിര്‍ണായകമായ ഒരു ഘട്ടത്തെയാണ് അഭിമുഖീകരിക്കുന്നത്. തെരുവുകളും കാമ്പസുകളും ഈ രാജ്യം ഇതുപോലെ നിലനില്‍ക്കണമോ വേണ്ടയോ എന്ന ചോദ്യത്തിനുത്തരമാണ് തേടിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിപ്പോള്‍ രണ്ട് പക്ഷമേയുള്ളൂ. ഈ നാട് ഇക്കാലമത്രയും ഉയര്‍ത്തിപ്പിടിച്ച ജനാധിപത്യ, മതനിരപേക്ഷ, തുല്യാവകാശ, തുല്യനീതി മൂല്യങ്ങളെ റദ്ദുചെയ്യാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ സര്‍ക്കാര്‍ ഒരുവശത്തും, എന്തു വിലകൊടുത്തും അവയെ സംരക്ഷിക്കാന്‍ രംഗത്തിറങ്ങിയ ഇന്ത്യന്‍ ജനത മറുവശത്തും. ഈ ര് പക്ഷവും തമ്മിലുള്ള തുറന്ന പോരാട്ടത്തിനാണ് ആഴ്ചകളായി നാം സാക്ഷികളാവുന്നത്. പൗരത്വഭേദഗതി നിയമം റദ്ദാക്കണമെന്നും ദേശീയ പൗരത്വപ്പട്ടിക(എന്‍.ആര്‍.സി)യും ദേശീയ ജനസംഖ്യാ പട്ടികയും സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നുമാവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങള്‍ ഇന്ത്യന്‍ ജനതക്ക് പൊതുവെയും ഇരകളാക്കപ്പെടുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് വിശേഷിച്ചും  ആവേശവും ആത്മവിശ്വാസവും നല്‍കുന്നതാണ്.
രാജ്യത്തെ ഉന്നത സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളാണ് ഇന്ന് ജനതയെ നയിക്കുന്നതെന്നു പറഞ്ഞാല്‍ അത് തെല്ലും അതിശയോക്തിയല്ല. ഇത്രമേല്‍ കരുത്ത് സംഭരിച്ചുവെച്ചായിരുന്നു നമ്മുടെ കാമ്പസുകള്‍ ജീവിച്ചിരുന്നതെന്ന് ആരും വിസ്മയിച്ചുപോകും. എന്തൊരു സൗന്ദര്യവും ബഹുവര്‍ണങ്ങളുമാണ് ഈ പ്രക്ഷോഭങ്ങള്‍ക്കുള്ളത്. ആഇശ റെന്ന, ലദീദ, കാര്‍ത്തിക ബി. കുറുപ്പ് തുടങ്ങിയ വിദ്യാര്‍ഥികള്‍, ബി.ജെ.പി ശക്തികേന്ദ്രമായ ലജ്പത് നഗറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ ഗോബാക്ക് വിളിച്ച സൂര്യയും അര്‍മിതയും അവരോട് ചേര്‍ന്ന കോളനിവാസികളും, തലയെടുപ്പുള്ള നിയമജ്ഞരും അഭിഭാഷകരും അക്കാദമീഷ്യന്മാരും ആക്ടിവിസ്റ്റുകളും, നാട് ചുറ്റി കൊച്ചു ഗ്രാമങ്ങളില്‍ പോലും ആയിരങ്ങള്‍ അണിനിരക്കുന്ന പ്രക്ഷോഭ പരിപാടികള്‍, തെരുവുകളില്‍ സംഘ്പരിവാറിനെ ബഹിഷ്‌കരിച്ച് കടപൂട്ടിയും വാഹനമോടിക്കാതെയും പ്രതിഷേധിച്ചവര്‍.
ഈ സമരം പൊടുന്നനെ തുടങ്ങിയതായിരിക്കാം. പക്ഷേ ഇത് പെട്ടെന്ന് അവസാനിക്കാനുള്ളതല്ല. സി.എ.എ, എന്‍. ആര്‍.സി, എന്‍.പി.ആര്‍ എന്നിവക്കെതിരെ എന്നത് ഇതിന്റെ പ്രത്യക്ഷ മുദ്രാവാക്യം മാത്രമാണ്. സംഘ്പരിവാറിനെ താഴെയിറക്കുക എന്നതുതന്നെയാണ് സമരത്തിന്റെ കാതല്‍. അതിലാര്‍ക്കും സന്ദേഹമുണ്ടാകില്ല. ഈടും കരുതിവെപ്പും ആവശ്യമുള്ള ജനകീയ മുന്നേറ്റമാണിത്. ഈ രാജ്യത്തെ രക്ഷിക്കുക എന്നത് എല്ലാവരുടെയും ആവശ്യമാണ്. സംഘ് പരിവാറിനെതിരെ ചെറുവിരലനക്കാന്‍ ഒരാള്‍ സന്നദ്ധനെങ്കില്‍ അത്രയുമളവില്‍ നാം ഈ സമരത്തില്‍ അവരെ ചേര്‍ത്തുനിര്‍ത്തും. മറ്റനേകം വിയോജിപ്പുകളും അസ്വാരസ്യങ്ങളും നമുക്കിടയിലുണ്ടാവാം. അതിനെ ഊതിവീര്‍പ്പിക്കാനും അതില്‍ ഗവേഷണം നടത്താനും മുതിരേണ്ട സന്ദര്‍ഭമല്ല ഇത്. സമരങ്ങളുടെ കര്‍ത്തൃത്വത്തെ സംബന്ധിച്ചോ അവകാശത്തെ കുറിച്ചോ തര്‍ക്കമുന്നയിക്കേണ്ട സമയവുമല്ല. 
ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് അഭിമാനിക്കാവുന്ന സന്ദര്‍ഭവുമാണിത്. പൗരത്വഭേദഗതി നിയമത്തിന്റെ ഒന്നാമത്തെ ഇരകളും കനത്ത പ്രഹരം ഏറ്റുവാങ്ങേണ്ടവരും സമുദായമായിരിക്കും എന്നതുറപ്പാണ്. സമരത്തിന്റെ മുന്‍നിരയില്‍ അവരുണ്ടാവുക സ്വാഭാവികവുമാണ്. പക്ഷേ, അതിനപ്പുറം ഒരു തലം കൂടി ഈ പ്രക്ഷോഭങ്ങളിലെ മുസ്‌ലിം സാന്നിധ്യം മുന്നോട്ടു വെക്കുന്നുണ്ട്. അതിതാണ്: വിഭജനാനന്തരം തളര്‍ന്നിരുന്നുപോയ സമുദായം ഇത്രമേല്‍ ആത്മവിശ്വാസത്തോടെ എഴുന്നേറ്റുനിന്ന സന്ദര്‍ഭം കഴിഞ്ഞ എഴുപതു വര്‍ഷത്തിനകത്ത് ഉണ്ടായിട്ടില്ല. വന്‍തോതില്‍ പ്രവര്‍ത്തനമൂലധനം സമാഹരിക്കാന്‍ ഇക്കാലയളവില്‍ സമുദായത്തിന് സാധിച്ചിട്ടുണ്ട്. ഈ നാടിന് വലിയ നന്മകളായിരിക്കും അത് സമ്മാനിക്കുക. കേരളത്തിലും സമുദായം ഇത്രയും ഏകമനസ്സ് പ്രകടിപ്പിച്ച സന്ദര്‍ഭവും അപൂര്‍വമത്രെ. ശത്രുവിനു മുന്നില്‍ തോള്‍ചേര്‍ന്ന് കോട്ടകെട്ടാനാവും എന്ന ശുഭാപ്തി സമുദായം പങ്കുവെക്കുന്നുണ്ട്. സ്വാതന്ത്ര്യ സമരപോരാട്ടങ്ങളുടെ ആദ്യാവസാനത്തിലെന്ന പോലെ ധാരാളം പ്രക്ഷോഭ പ്രതിഭകളെ രാജ്യത്തിന് സമര്‍പ്പിക്കാനും സമുദായത്തിനായി.
സി.എ.എയുടെ പശ്ചാത്തലത്തില്‍ സംഘ്പരിവാറിനെതിരെ നടക്കുന്ന എല്ലാ സമരങ്ങളെയും നാം അഭിവാദ്യം ചെയ്യുന്നു. ഒരു ഭേദവുമതിലില്ല. ഭരണപക്ഷമാവട്ടെ, പ്രതിപക്ഷമാവട്ടെ സമരങ്ങളുയരട്ടെ. ദേശീയതലത്തില്‍ നടക്കുന്ന സമരവേദികളില്‍ ഓടിയെത്താനും സമരത്തോടൊപ്പം നില്‍ക്കാനും നമ്മുടെ ജനപ്രതിനിധികള്‍ക്കായിട്ടുണ്ട്. സി.എ.എക്കെതിരെ പ്രമേയം പാസ്സാക്കി ഇതര സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ നടന്നു, കേരള നിയമസഭ. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറും സന്ദര്‍ഭത്തിനനുസരിച്ച് ഉയര്‍ന്നു. ഭരണഘടനാവിരുദ്ധമായ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാനും സര്‍ക്കാര്‍ ആര്‍ജവം കാണിച്ചു. വിവിധ വിഭാഗങ്ങളോടൊപ്പം തെരുവില്‍ സമരത്തില്‍ പങ്കാളികളാകുന്നു് മുഖ്യമന്ത്രിയും മന്ത്രിമാരും.
പക്ഷേ, ഇടതുപക്ഷത്തിന്റെ വിശേഷിച്ചും സി.പി.എമ്മിന്റെ ചില സമീപനങ്ങള്‍ ഇത്തരം പ്രക്ഷോഭങ്ങളുടെ നിറംകെടുത്തിക്കളയുന്നു എന്നത് വസ്തുതയാണ്. അതവരുടെ ഉദ്ദേശ്യശുദ്ധിയെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു. മതസ്വത്വങ്ങളും ചിഹ്നങ്ങളും മാറ്റിവെച്ച് തികച്ചും 'സെക്യുലറാ'യി സമരം നയിക്കണമെന്ന വരട്ടുവാദമാണ് അവരിപ്പോഴും ഉന്നയിക്കുന്നത്. 'മതതീവ്രവാദികളെ' മാറ്റിനിര്‍ത്തണമത്രെ. സംഘ്പരിവാര്‍ പ്രതിനിധാനം ചെയ്യുന്ന സവര്‍ണ ദേശീയത ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും അധീശത്വം വാഴുന്ന കാലത്ത്, അത്തരം ആകുലതകള്‍ ആരെയാണ് പ്രതിനിധീകരിക്കുന്നത് എന്നെങ്കിലും ആലോചിക്കാന്‍ സി.പി.എമ്മിന് സാധിക്കേണ്ടതുണ്ട്. മതവിശ്വാസവും മതചിഹ്നങ്ങളും ഈ രാജ്യത്തെ രൂപപ്പെടുത്തുന്നതില്‍ വഹിച്ച പങ്ക് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്! കേരളത്തില്‍ വേരുറപ്പിക്കുന്നതിന് മതത്തിന്റെ വിമോചനപരതയെ ഇവിടെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉപയോഗപ്പെടുത്തിയിട്ടുണ്ടല്ലോ. കക്ഷിരാഷ്ട്രീയത്തിനകത്തും ധാരാളം കൊടുക്കല്‍വാങ്ങലുകള്‍ സി.പി.എം തന്നെ നടത്തിയിട്ടുള്ളതാണ്. കേരളത്തില്‍ ആര്‍ത്തലച്ച മതനിരാസത്തെ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ശിഷ്യന്മാര്‍ ചെറുത്തതിനോടുള്ള ഈര്‍ഷ്യയും ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള മാര്‍ക്‌സിസത്തിന്റെ ജനിതകവിരോധവും മനസ്സിലാക്കാം. പക്ഷേ, ഗോള്‍വാള്‍ക്കറോടും സവര്‍ക്കറോടും സയ്യിദ് മൗദൂദിയെ സമീകരിക്കുമ്പോള്‍, ആര്‍.എസ്.എസുമായി ജമാഅത്തെ ഇസ്‌ലാമിയെ താരതമ്യം ചെയ്യുമ്പോള്‍ സംഘ്പരിവാര്‍ എന്ന ശത്രുവിനെ ഇത്ര ലാഘവത്തോടെയാണോ ഇടതുപക്ഷം മനസ്സിലാക്കുന്നത് എന്ന സംശയം സ്വാഭാവികമാണ്. നിര്‍ണായകമായ ഒരു സമരമുഖത്ത് രാജ്യം പൊരുതി നില്‍ക്കുമ്പോഴും, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മറുപക്ഷത്തു നിന്ന് ആരെയെങ്കിലും അടര്‍ത്തിയെടുത്ത് അധികാരത്തുടര്‍ച്ച ഉറപ്പാക്കാനുള്ള ശ്രമത്തിന് അനിവാര്യമായും ആവശ്യമായ മുസ്‌ലിം വിരുദ്ധത എന്ന മുന്നുപാധിക്ക് ഇസ്‌ലാമിക പ്രസ്ഥാനത്തെ കരുവാക്കുന്നുവെന്ന് തിരിച്ചറിയാന്‍ അധികം ബുദ്ധി ആവശ്യമില്ല. ഈ ചര്‍ച്ച നമുക്ക് പിന്നീട് തുടരാം, ഇപ്പോള്‍ നമുക്ക് പ്രധാനം ഈ സമരമാണ്. 
വരുംനാളുകളില്‍ സമരം മുന്നോട്ടു പോകും, കൂടുതല്‍ ജനങ്ങള്‍ ഇതിന്റെ ഭാഗമാകും. സ്വാഭാവികമായും ഈ പ്രക്ഷോഭങ്ങളെ വഴിതെറ്റിക്കാനും അട്ടിമറിക്കാനുമുള്ള ശ്രമം കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകും. സര്‍ക്കാറിന്റെ താല്‍പര്യത്തിനനുസരിച്ച് അധോരാജ്യം കരുക്കള്‍ നീക്കും. അല്ലെങ്കില്‍ പ്രക്ഷോഭച്ചൂടില്‍ രാജ്യം കത്തിനില്‍ക്കുമ്പോഴും ആത്മവിശ്വാസം തകര്‍ക്കുന്നതിനു വേണ്ടി മതപരിവര്‍ത്തന നിരോധന നിയമമോ ഏകസിവില്‍ കോഡോ ചുട്ടെടുത്തെന്നുമിരിക്കും. പക്ഷേ, ഈ ജനമുന്നേറ്റം പക്വവും പാകവുമായിരിക്കണം. സമാധാനപരമായും ജനാധിപത്യപരവുമായി മാത്രമേ അത് മുന്നോട്ട് പോകൂ എന്ന് സമരസഖാക്കള്‍ക്ക് നിര്‍ബന്ധമുാവണം. ഭീരുത്വം കൊണ്ടല്ല, ലക്ഷ്യത്തിലെത്താന്‍ ഈ വഴിയാണ് സഹായിക്കുക. കഴിഞ്ഞ  ഒരു നൂറ്റാണ്ടില്‍ ലോകത്ത് ആയുധമണിഞ്ഞ സമരങ്ങളൊക്കെയും പരാജയപ്പെട്ടിട്ടുണ്ട്. സമാധാനത്തിന്റെയും നിസ്സഹകരണത്തിന്റെയും സമരങ്ങള്‍ വിജയത്തിലെത്തിയിട്ടുമുണ്ട്. നാനാദിശകളിലേക്കും സമരമുഖം തുറക്കുക എന്നതാണ് പ്രസക്തമായിട്ടുള്ളത്. സര്‍ക്കാറിനെ താങ്ങിനിര്‍ത്തുന്ന അകത്തും പുറത്തുമുള്ള എല്ലാറ്റിനുമെതിരെ ജനകീയ പ്രതിരോധങ്ങളുയരട്ടെ.
സംഘ്പരിവാര്‍ മുസ്‌ലിംകളെ ഒന്നാം ശത്രുവായിട്ടാണ് കാണുന്നത്. മുസ്‌ലിംകളുടെ മാത്രം സമരമായി പ്രചാരണം നല്‍കി, സമുദായത്തെ മാത്രമായി കോര്‍ണര്‍ ചെയ്യാനുള്ള ശ്രമം സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കും. അതിനുള്ള സാഹചര്യം സമരങ്ങള്‍ വഴുതുന്നതിലൂടെ സൃഷ്ടിച്ചെടുക്കാന്‍ അവര്‍ ശ്രമിക്കും. അതിനൊരവസരവും നല്‍കാതെ പഴുതടച്ച് മുന്നോട്ടു പോകണം. നമ്മുടെ ആദര്‍ശവാക്യം കാലാതീതവും അനശ്വരവുമാണ്. അതിനെ സര്‍ഗാത്മകമായി ആവിഷ്‌കരിക്കലാണ് നമ്മുടെ ബാധ്യത. സമരവും പ്രബോധനവും രണ്ടല്ല. സമരരീതിയും പ്രബോധനബദ്ധമാവണം. പ്രക്ഷോഭത്തിന്റെ സര്‍ഗാത്മകതയും സൗന്ദര്യവും ആളുകളെ ആകര്‍ഷിക്കും. എല്ലാവരെയും ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ മുദ്രാവാക്യങ്ങളെ വികസിപ്പിക്കുകയാണ് ചെയ്യേണ്ടത്. സമരത്തിലെ മുദ്രാവാക്യങ്ങളോടും വിമോചന പോരാട്ടങ്ങളുടെ ചരിത്രശേഷിപ്പുകളെ അടയാളപ്പെടുത്തുന്ന ചിഹ്നങ്ങളോടും പൊതുസമൂഹം എങ്ങനെ എന്‍ഗേജ് ചെയ്യുന്നു എന്ന യാഥാര്‍ഥ്യം വിസ്മരിച്ചുകൂടാത്തതാണ്. ജന്മനാട്ടില്‍ പൗരത്വം സംശയത്തിലാവുക എന്നതിന് വൈകാരികമായ തലമുണ്ട്. എന്നാല്‍ സമരത്തിന്റെ ഫലപ്രാപ്തിയാണ് പ്രധാനം.
രാജ്യനിവാസികള്‍ ഒന്നായി ചേര്‍ന്ന് നയിക്കുന്ന ഈ സമരത്തില്‍ മുസ്‌ലിം സമുദായം മുന്നിലുണ്ട്. പ്രാഥമികമായി അതവരെയാണ് ബാധിക്കുന്നത് എന്നതു മാത്രമല്ല അതിനു കാരണം. മറിച്ച്, അതവരുടെ ആദര്‍ശപരവും വിശ്വാസപരവുമായ ബാധ്യതയാണ്. അനീതിക്കെതിരെ മനുഷ്യസ്വാതന്ത്ര്യത്തിനു വേണ്ടി അവര്‍ എക്കാലത്തും പൊരുതിക്കൊണ്ടേയിരിക്കും. അപരന്റെ ദുഃഖത്തില്‍ അവര്‍ പങ്കുചേരും. മുഴുവന്‍ ജനതയുടെയും വിമോചനത്തിനു വേണ്ടി അവര്‍ വിയര്‍ത്തുകൊണ്ടേയിരിക്കും. ചരിത്രത്തില്‍ അതിന് മിഴിവാര്‍ന്ന ഉദാഹരണങ്ങള്‍ കണ്ടെത്താം. നമുക്ക് സമരം ഭൗതികമാത്രമല്ല, ആത്മീയവുമാണ്. സമര വിജയം നമ്മുടെ ആസൂത്രണത്തിന്റെ മാത്രം ഫലമല്ല, നമ്മുടെ പ്രാര്‍ഥനകള്‍ കേട്ട് ലോകരക്ഷിതാവ് നിശ്ചയിക്കുന്നതാണ് പരിണതി. രാത്രിയിലെ പുരോഹിതരും പകലിലെ പോരാളികളുമാണല്ലോ നാം. തപിക്കുന്ന പ്രക്ഷോഭത്തിനിടക്കും നാം പ്രാര്‍ഥനയിലൂടെ കുളിരനുഭവിക്കും. നമ്മുടെ പ്രാര്‍ഥനക്ക് പ്രക്ഷോഭം കരുത്തേകും. പൊരുതിയും പ്രാര്‍ഥിച്ചും നേടുന്നതാണ് സ്വര്‍ഗവും സ്വാതന്ത്ര്യവും.
ഇന്ത്യന്‍ ജനത സംഘ്പരിവാറില്‍നിന്ന് വിമോചിതരാവണം. സി.എ.എ കോടതി റദ്ദാക്കുന്നതിലൂടെ, എന്‍.ആര്‍.സിയും എന്‍.പി.ആറും നിര്‍ത്തിവെക്കുന്നതിലൂടെ മാത്രം അത് സാധ്യമാവില്ല. സംഘ്പരിവാര്‍ സര്‍ക്കാര്‍ നിലംപതിച്ചാലും അതവസാനിക്കുന്നില്ല. മറിച്ച്, സംഘ്പരിവാര്‍ പ്രതിനിധീകരിക്കുന്ന വംശീയതയിലും ജാതീയതയിലും വര്‍ഗീയതയിലും അധിഷ്ഠിതമായ, ഹിംസാത്മകമായ ആശയലോകത്ത് നിന്നുള്ള സമ്പൂര്‍ണ വിമോചനം. അതുവരെ ഈ സമരപ്രക്ഷോഭങ്ങള്‍ അനുസ്യൂതം തുടരും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (72-73)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആരോഗ്യമുള്ളപ്പോള്‍ ദാനം ചെയ്യുക
അബ്ദുസ്സമദ് കൂട്ടിലങ്ങാടി