Prabodhanm Weekly

Pages

Search

2020 ജനുവരി 31

3137

1441 ജമാദുല്‍ ആഖിര്‍ 06

പ്രവാചകജീവിതത്തിലെ മതപരമല്ലാത്ത നടപടികള്‍

ഡോ. സഅ്ദുദ്ദീന്‍ ഉസ്മാനി

ഭൗതികമായ നന്മകള്‍ ഉള്‍ച്ചേര്‍ന്നു വന്ന പ്രശ്‌നങ്ങളില്‍ ഒരു ഭരണാധികാരിയുടെ ഭാഗത്തു നിന്നുണ്ടാകുന്ന വിധികളും ശാസനകളുമാണ് പ്രവാചകജീവിതത്തിലെ മതപരമല്ലാത്ത നടപടികള്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് എന്ന് ശിഹാബുദ്ദീന്‍ അല്‍ ഖറാഫി അസന്ദിഗ്ധമായി പ്രസ്താവിക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ ഭൗതികമെന്ന് പറയാനാകാത്തതും പാരത്രിക ഫലങ്ങള്‍ ഉള്‍ച്ചേര്‍ന്നുവന്നതും ഇജ്തിഹാദില്‍ അപകടം പിണയാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നതുമായ ഇബാദത്തുകളും മറ്റും മതപരമായ കാര്യങ്ങളാണ്. അതിന്റെ ഫലമാകട്ടെ പാരത്രികവുമാണ്. ഭരണാധികാരി ഇത്തരം കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നതില്‍ പ്രത്യേകിച്ചൊരു പ്രശ്‌നവുമില്ല.1
ഇതാണ് ഭൗതികമായ നന്മയും ആത്മീയമായ നന്മയും തമ്മിലുള്ള മൗലികവും സുപ്രധാനവുമായ വേര്‍തിരിവ്. പക്ഷേ, മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധമെന്ത് എന്നത് ഇസ്‌ലാമിന്റെ സമഗ്രമായ ദാര്‍ശനിക ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. പാശ്ചാത്യര്‍ മതത്തെയും രാഷ്ട്രത്തെയും സംബന്ധിച്ച വീക്ഷണം രൂപീകരിക്കുന്നതില്‍ മുഖ്യമായി ആശ്രയിച്ച ചര്‍ച്ചിനെയല്ല ഈ കാര്യത്തില്‍ നാം അവലംബിക്കേണ്ടത്. ഇവിടെ മതപരം (ദീനീ) എന്ന് നാം പ്രയോഗിക്കുന്നത് അതിന്റെ രണ്ട് വശങ്ങളെയും പരിഗണിച്ചുകൊണ്ടാണ്. ഇസ്‌ലാമിന്റെ പ്രമാണങ്ങളില്‍ മതപരം എന്നതുകൊണ്ട് പ്രത്യേകമായി എന്താണോ ഉദ്ദേശിച്ചത്, അതു തന്നെയാണ് നാമും മതപരം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. രണ്ടു കാര്യങ്ങളാണവ:
ഒന്ന്, പൊതുവായ ആശയം. മുസ്‌ലിമിന്റെ മുഴുവന്‍ ജീവിത വ്യവഹാരങ്ങളും, രാഷ്ട്രീയമടക്കമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഇതിന്റെ പരിധിയില്‍ വരും. പൊതുവായ വിവക്ഷയില്‍ മുസ്‌ലിം തന്റെ ജീവിതത്തില്‍ ചെയ്യുന്ന സകല പ്രവര്‍ത്തനങ്ങളും ഇബാദത്താണ്. ഉദ്ദേശ്യശുദ്ധിയുണ്ടെങ്കില്‍ അവയെല്ലാം പുണ്യവുമാണ്. ഇതെല്ലാം മതത്തിന്റെയുള്ളിലാണ് വരിക. തല്‍ഫലമായിട്ടാണ് കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ 'മതവിഷയങ്ങളായ' നമസ്‌കാരം, നോമ്പ്, സകാത്ത് എന്നിവ വിവരിച്ചതോടൊപ്പം കുടുംബ നിയമങ്ങളും സാമ്പത്തിക നിയമങ്ങളും രാഷ്ട്രീയ നിയമങ്ങളും യുദ്ധ നിയമങ്ങളും ചര്‍ച്ച ചെയ്തത്. ഇതെല്ലാം ദീനായിട്ടാണ് പരിഗണിക്കപ്പെട്ടത്. ഇവയെല്ലാം സല്‍ക്കര്‍മവുമാണ്.
രണ്ട്, സവിശേഷ അര്‍ഥത്തിലുള്ള ദീന്‍. ദുന്‍യവീ അഥവാ, ഭൗതികം എന്നതിന്റെ വിപരീതം പോലെയാണിത്. സ്വഹീഹായ ഹദീസില്‍ ഇപ്രകാരം വന്നിട്ടുണ്ട്. ''നിങ്ങളുടെ ദീന്‍ കാര്യങ്ങളാണെങ്കില്‍ എന്നോട് ചോദിക്കുക. ദുന്‍യാവിന്റെ കാര്യങ്ങളാണെങ്കില്‍ നിങ്ങളുടെ ബോധ്യങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക.'' മറ്റു ചില നിവേദനങ്ങളില്‍ ദീന്‍ എന്നതിന്റെ വിവക്ഷ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഈന്തപ്പനയിലെ കൃത്രിമ പരാഗണത്തെ കുറിച്ച ഹദീസാണ് അത്. അപ്പോള്‍, ദീന്‍ എന്നാല്‍ വഹ്‌യിന്റെയും വഹ്‌യിന്റെ പദവിയുള്ള നബിയുടെ ഇജ്തിഹാദിന്റെയും അടിസ്ഥാനത്തിലുള്ള നബിയുടെ പ്രവര്‍ത്തനങ്ങളാണ്; സ്വതീരുമാനത്തെയും ബോധ്യത്തെയും അടിസ്ഥാനമാക്കിയുള്ളത് ഭൗതിക കാര്യങ്ങളും. ഭൗതികമായ നന്മകള്‍ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളും ദീനിന്റെ വിവക്ഷയില്‍ തന്നെയാണ് വരുന്നത്. ഈ വിഷയത്തെ നമുക്ക് മൂന്നായി വേര്‍തിരിച്ചു മനസ്സിലാക്കാം:
എ)  ഇസ്‌ലാമില്‍ ദീന്‍/മതം, ദുന്‍യാവ്/ഭൗതികം എന്നിവക്കിടയില്‍ വേര്‍തിരിവ് നിലനില്‍ക്കുന്നുണ്ട്.
ബി) രാഷ്ട്രീയ നടപടികള്‍ക്കും നിലപാടുകള്‍ക്കും ദിവ്യപരിവേഷം കല്‍പിച്ചരുളുന്നത് തടയുക എന്നതും ഇസ്‌ലാമിന്റെ ലക്ഷ്യമാണെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. മതത്തിന്റെ പേരില്‍ ആധിപത്യപ്രവണത ഇല്ലാതിരിക്കണമെന്നും നിര്‍മാണാത്മക നീക്കങ്ങള്‍ക്ക് മതം തടസ്സമാകരുതെന്നും ഇസ്‌ലാം ആഗ്രഹിക്കുന്നു.
സി) ഭരണാധികാരിയോ നേതാവോ എന്ന നിലക്ക് പ്രവാചകന്‍ ഒരു പ്രത്യേക സാഹചര്യത്തിലെ നന്മ ലാക്കാക്കി ചെയ്യുന്ന കാര്യങ്ങള്‍ ആ സാഹചര്യം മാറുന്ന മുറക്ക് അനിവാര്യമായും മാറ്റത്തിനു വിധേയമായിരിക്കും. പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ ഏകാഭിപ്രായക്കാരാണ്.
പ്രസ്ഥാനത്തിന്റെ നായകന്‍ എന്ന നിലക്ക് പ്രവാചകന്റെ പ്രവര്‍ത്തനങ്ങളെ, സാമൂഹിക നിയമങ്ങള്‍ എന്ന് മനസ്സിലാക്കുന്നതുപോലെ ആ പ്രസ്ഥാനത്തിന്റെ വ്യവസ്ഥാപിത പ്രവര്‍ത്തനങ്ങളായും നമുക്ക് മനസ്സിലാക്കാവുന്നതാണ്. പക്ഷേ അവ നാഗരിക നിയമങ്ങളാണ്. നിരുപാധികമായി അവ എക്കാലവും പിന്തുടരേണ്ടതില്ല. ഇത്തരം നിയമനിര്‍വഹണ  സംവിധാനങ്ങളും ചരിത്രപരമായ മുന്നേറ്റങ്ങള്‍ക്ക് സമൂഹത്തെ സജ്ജമാക്കുന്ന നാഗരിക നിയമങ്ങളും സമൂഹത്തിലുണ്ടാകും. പ്രവാചകന്റെ നടപടികളും തീരുമാനങ്ങളും ഈ നിലക്കുള്ളതാണ്. കാല, ദേശ, സാഹചര്യങ്ങളുമായി ശക്തമായ ബന്ധം അവക്കുണ്ട്.
സുന്നത്താണ് എന്ന വിചാരത്തോടെ, നേതാവെന്ന നിലക്കുള്ള റസൂലിന്റെ പ്രവര്‍ത്തനങ്ങളെ നോക്കിക്കാണുന്നത് ശരിയല്ല. അവക്ക് നിയമപരവും മറ്റുമായ പ്രാബല്യമില്ല. രാഷ്ട്രീയ ചുമതലകള്‍ ഏല്‍പ്പിക്കപ്പെടുന്നവര്‍, നന്മകള്‍ സ്ഥാപിച്ചെടുക്കുന്നതിന് പ്രവാചകന്‍ അവലംബിച്ച രീതിശാസ്ത്രം പിന്തുടരല്‍ നിര്‍ബന്ധമാണ്. പുതിയ ഒരു നിയമം ആവിഷ്‌കരിക്കേണ്ട സന്ദര്‍ഭത്തിലോ പ്രയാസം ലഘൂകരിക്കേണ്ട സമയത്തോ അല്ലാതെ നിയമനിര്‍മാണം നടത്താന്‍ ആര്‍ക്കും അനുവാദമില്ല. ഇക്കാരണത്താലാണ് നബിയുടെയും ഖലീഫമാരുടെയും രാഷ്ട്രീയ നടപടികളെ സംബന്ധിച്ച് വിവരിക്കവെ ഇമാം ഇബ്‌നുല്‍ഖയ്യിം ഇപ്രകാരം എഴുതിയത്: 'ഇതും ഇതുപോലുള്ളതുമായ രാഷ്ട്രീയമായ കാര്യങ്ങള്‍ കാലം മാറുന്നതിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഇതൊക്കെ പൊതുവായ, അന്ത്യനാള്‍വരെ മാറ്റമില്ലാത്ത നിയമമാണെന്ന് വിചാരിക്കുന്നതിനെക്കുറിച്ച് എന്തു പറയാന്‍! അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ചുകൊണ്ട് ഇജ്തിഹാദ് ചെയ്താല്‍, അത് ഒന്നോ രണ്ടോ പ്രതിഫലം ലഭിക്കുന്ന കാര്യത്തിന്റെ പരിധിയിലാണ് വരിക.'

ഇസ്‌ലാമും സിവില്‍ രാഷ്ട്രവും
രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ എന്ന നിലക്കുള്ള പ്രവാചകന്റെ നേതൃപരമായ ഇടപെടലുകളെ പുതിയ ഒരു വീക്ഷണകോണിലൂടെ സമീപിക്കുക വഴി ഇസ്‌ലാമിന്റെ രാഷ്ട്രീയ ഫിഖ്ഹിലേക്ക് വിശാലമായ കവാടമാണ് നാം തുറന്നിടുന്നത്. രാഷ്ട്രീയത്തിന്റെ നിയമാനുസൃതത്വത്തെ സംബന്ധിച്ച അവബോധം സൃഷ്ടിക്കാനും വീക്ഷണപരമായും പ്രയോഗപരമായും ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നവരിലെ അഭ്യൂഹങ്ങള്‍ നീങ്ങാനും ഇങ്ങനെ വഴിതെളിയും.
ദിവ്യവെളിപാടും മനുഷ്യചിന്തയും തമ്മിലെ വ്യത്യാസം സര്‍വാംഗീകൃതമാണ്; വിശേഷിച്ചും, പ്രായോഗിക രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍. സമകാലീന ലോകത്ത് ഇസ്‌ലാമിക രാഷ്ട്രീയ ചിന്ത അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പ്രവാചകന്റെ നേതൃപരമായ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും രീതിശാസ്ത്രപരമായ വമ്പിച്ച അടിത്തറ തന്നെയായി വര്‍ത്തിക്കുക തന്നെ ചെയ്യും. അവയാണ് ഇനി വിവരിക്കുന്നത്:
ഒന്ന്: നേതാവെന്ന നിലക്കുള്ള നബിയുടെ പ്രവര്‍ത്തനങ്ങള്‍ നമുക്ക് വ്യക്തമാക്കിത്തരുന്ന കാര്യം, ഇസ്‌ലാമിക രാഷ്ട്രം ഒരു മതരാഷ്ട്രമല്ല എന്നതാണ്. അതൊരു സിവില്‍ രാഷ്ട്ര സങ്കല്‍പമാണ്. ഭരണാധികാരികളുടെ പ്രവര്‍ത്തനങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും ദിവ്യപരിവേഷം നല്‍കാനാവില്ലെന്ന ഇസ്‌ലാമിന്റെ വീക്ഷണം നേതാവായ പ്രവാചകന്റെ പ്രവര്‍ത്തനങ്ങളുടെ പ്രകൃതം വ്യക്തമാക്കിത്തരുന്നതാണ്. സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാഷ്ട്രം സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ മാനുഷിക തലത്തില്‍ നിന്നുകൊണ്ടുള്ളതാണ്. അതൊന്നും ദിവ്യമാര്‍ഗങ്ങളല്ല. ഇസ്‌ലാമില്‍ ഒരു സന്ദര്‍ഭത്തിലും രാഷ്ട്രം ഒരു മതരാഷ്ട്രം ആവുകയില്ല. രാഷ്ട്രത്തിന് തെറ്റു സംഭവിക്കില്ല എന്ന തെറ്റിദ്ധാരണയുമില്ല. അതേസമയം അതിഭൗതികവും ദൈവികവുമായ മാര്‍ഗദര്‍ശനത്തെ നിരാകരിക്കുന്നതുമായിരിക്കില്ല ഇസ്‌ലാമിലെ രാഷ്ട്രം.
ഇസ്‌ലാമിലെ രാഷ്ട്രം മാനുഷികമാണ്. അതിലെ തീരുമാനങ്ങളും നടപടികളുമെല്ലാം മനുഷ്യരുടേതാണ്. ജനങ്ങള്‍ നിരന്തരം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതാണ് ഇസ്‌ലാമില്‍ രാഷ്ട്രത്തിന്റെ ധര്‍മം. ഭരണാധികാരിക്ക് അദൃശ്യമോ അഭൗതികമോ ആയ യാതൊരു അധികാരവും ഇല്ല. പൗരന്മാര്‍ തെരഞ്ഞെടുത്ത, അവരുടെ ഭൗതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന സാധാരണ മനുഷ്യന്‍ മാത്രമാണ് ഭരണാധികാരി. ജനങ്ങളോട് കടപ്പാടുള്ളതുപോലെ, അല്ലാഹുവിനോടും അയാള്‍ക്ക് കടപ്പാടും ഉത്തരവാദിത്തവും ഉണ്ടാകും. പരലോകത്ത് അയാള്‍ ദൈവസമക്ഷം ഒറ്റക്കാണ് വിചാരണ ചെയ്യപ്പെടുക. ഈ അധികാരമൊന്നും അവിടെ വിലപ്പോവുകയുമില്ല.
എന്നാല്‍ പൂര്‍വിക പണ്ഡിതന്മാര്‍ രാഷ്ട്രീയത്തെ നിര്‍വചിച്ചപ്പോള്‍ ഇത് വേണ്ടവിധം വിശദീകരിച്ചില്ല. തങ്ങള്‍ പറഞ്ഞത് എന്താണെന്ന് ശരിയായ വിധം മനസ്സിലാക്കാന്‍ കഴിയുംവിധത്തിലുള്ളതല്ല അവര്‍ നല്‍കിയ വിശദീകരണങ്ങള്‍. അബുല്‍ ഹസന്‍ അല്‍ മാവര്‍ദി ഇമാമത്തിനെ നിര്‍വചിച്ചത് ഇപ്രകാരമാണ്: 'ദീനിനെയും ദുന്‍യാവിലെ ഭരണത്തെയും സംരക്ഷിക്കാനായി നുബുവ്വത്തിന്റെ സ്ഥാനത്ത് വരുന്ന ഒന്നാണ് ഇമാമത്ത്.'2 ഇബ്‌നുഖല്‍ദൂന്‍ പറയുന്നത്, 'ദീനും ദുന്‍യാവിന്റെ ഭരണവും സംരക്ഷിക്കുന്നതിനുള്ള ദൈവത്തിന്റെ പ്രതിപുരുഷ സ്ഥാനമാണ് ഇമാമത്ത്' എന്നാണ്.3
ഇബ്‌നുഖല്‍ദൂന്‍ തുടര്‍ന്നു നല്‍കുന്ന വിശദീകരണം ഇങ്ങനെ: 'ഭരണാധികാരിയെ ഖലീഫ (പ്രതിനിധി) എന്ന് വിളിക്കുന്നത് അദ്ദേഹം സമുദായത്തില്‍ നബിയുടെ പ്രതിപുരുഷനായതുകൊണ്ടാണ്.' ഈ പണ്ഡിതന്മാര്‍ ഇമാമത്തിന്/നേതൃത്വത്തിന് നല്‍കിയ നിര്‍വചനത്തില്‍ അത് പ്രവാചകന്റെ പ്രാതിനിധ്യം ആണ് എന്ന് സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ പ്രവാചകന്റെ നേതൃപരമായ പ്രവര്‍ത്തനങ്ങളുടെ പ്രകൃതം പരിഗണിക്കുമ്പോള്‍, ഭരണാധികാരികള്‍ നബിയെ പ്രതിനിധീകരിക്കുന്നത് നബി എന്ന നിലക്കുള്ള വ്യക്തിത്വത്തെയല്ല, മറിച്ച് ഭരണകാര്യങ്ങളില്‍ നബി അനുവര്‍ത്തിച്ച രീതിയെയാണെന്നു വ്യക്തമാകും. ഭരണാധികാരി എന്ന നിലയിലുള്ള നബിയുടെ നടപടികള്‍ ഇജ്തിഹാദി ആണെന്ന് വിശദീകരിച്ചല്ലോ. പാപവിമുക്തനായ പ്രവാചകന്‍ എന്ന നിലക്കല്ല അത്തരം നടപടികളെ കാണേണ്ടത്. ഇത് പണ്ഡിതന്മാര്‍ക്കിടയില്‍ സര്‍വാംഗീകൃതമായ തത്ത്വമാണ്. നബി എന്ന ഭരണാധികാരി, ദിവ്യവെളിപാടുകളുടെ പ്രചാരകന്‍ എന്ന നിലക്ക് തെറ്റു പറ്റാത്ത നബിയുടെ വ്യക്തിത്വത്തെയല്ല പ്രതിനിധീകരിക്കുന്നത് എന്നു സാരം.
ചരിത്രത്തിലെ ഏതെങ്കിലും രാഷ്ട്രത്തിന്റെ ഭരണരീതി പിന്തുടരണമെന്നതും മുസ്‌ലിംകള്‍ക്ക് നിര്‍ബന്ധമുള്ള കാര്യമല്ല. സമൂഹങ്ങളുടെ വളര്‍ച്ചാ വികാസങ്ങളും സാഹചര്യങ്ങളും പരിഗണിച്ച് പുതിയ മാതൃകകള്‍ ആവിഷ്‌കരിക്കുകയാണ് വേണ്ടത്.
രണ്ട്: മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് സമകാലിക ലോകത്ത് വ്യത്യസ്തവും പരസ്പരവിരുദ്ധവുമായ നിരവധി ചിന്തകളും കാഴ്ചപ്പാടുകളുമുണ്ട്. പൊതുവായി പറയുന്ന ഒരു വീക്ഷണമുണ്ടെങ്കിലും പടിഞ്ഞാറന്‍ നാടുകളിലും ഇതിനെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകള്‍ നിലനില്‍ക്കുന്നുണ്ട്.
മൂന്ന്: നമ്മുടേതായ ജനാധിപത്യ മാതൃകകള്‍ ആവിഷ്‌കരിക്കുന്നതിന് മറ്റുള്ളവര്‍ ജനാധിപത്യത്തിന്റെ പ്രയോഗവല്‍ക്കരണത്തിനു സ്വീകരിച്ച രീതികള്‍ നാമും സ്വാംശീകരിക്കേണ്ടതുണ്ട്. ഏതൊരു ജനതയുടെയും രാഷ്ട്രീയ അനുഭവങ്ങള്‍ അവരുടെ സാമൂഹിക സ്ഥിതിയെയും യുക്തിസഹമായ പെരുമാറ്റത്തെയും രൂപപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്നതും നിസ്തര്‍ക്കമാണല്ലോ. പടിഞ്ഞാറന്‍ രാഷ്ട്രീയ അനുഭവങ്ങളെ കുറിച്ച സൂക്ഷ്മമായ വായന, നിയമപരവും വസ്തുനിഷ്ഠവുമായ ഒരു മാതൃക രൂപീകരിക്കുന്നതിനു നമ്മെ സഹായിക്കും. രണ്ടും തമ്മില്‍ ചില സമവായങ്ങള്‍ കണ്ടെത്താനും നമുക്ക് സാധിക്കും. പൊതു തത്ത്വങ്ങളും നിയമത്തിന്റെ ഉന്നത ലക്ഷ്യങ്ങളും മാറ്റിനിര്‍ത്തിയാല്‍ നേതാവെന്ന നിലക്കുള്ള പ്രവാചകന്റെ പ്രവര്‍ത്തനങ്ങള്‍ ഭൗതികവും മാനുഷികവുമായിരുന്നു എന്നു വേണം മനസ്സിലാക്കാന്‍.
ഇസ്‌ലാമില്‍ മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം, ചിലര്‍ കരുതുംപോലെ രണ്ടും വിഭിന്നങ്ങളാണ് എന്നതല്ല. മറ്റു ചിലര്‍ വാദിക്കും പോലെ രണ്ടും ഒന്നാണെന്നും പറയാന്‍ കഴിയില്ല. രണ്ടിനും വ്യതിരിക്തതകള്‍ ഉണ്ടെന്നതാണ് ശരി. ഖറാഫി ഈ വീക്ഷണത്തെ ഇപ്രകാരം സമര്‍ഥിക്കുന്നതു കാണാം. 'മതം ഒരു ദര്‍ശനമോ ധര്‍മസംഹിതയോ എന്ന നിലക്ക് രാഷ്ട്രീയത്തെ സ്വാധീനിക്കും. സമുദായത്തിന്റെ ജീവദായകിയായ ആത്മാവും ശക്തിയുമാണ് മതം. എങ്കിലും, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ എല്ലാത്തരം മതാധികാരത്തില്‍നിന്നും സ്വതന്ത്രമായിരിക്കണം.'4
രാഷ്ട്രീയ അധികാരം സമൂഹത്തെയും ജനങ്ങളെയുമാണ് ആശ്രയിച്ചു നില്‍ക്കുന്നത്. അവരുമായിട്ടായിരിക്കണം അതിന്റെ ബന്ധം. നിയമപരമായ അടിത്തറയില്‍നിന്നുകൊണ്ട് ഭരണഘടനാ വിശാരദന്മാരുടെ ഏകോപിത അഭിപ്രായമാണിത്. തനിക്കു ശേഷം ഭരണാധികാരിയായി ആരെയും നിശ്ചയിക്കാതെയാണ് പ്രവാചകന്‍ മരണപ്പെട്ടത് എന്നത് ഇതിന്റെ മികച്ച തെളിവാണ്. തങ്ങള്‍ ആഗ്രഹിക്കുന്നവരെ തല്‍സ്ഥാനത്തേക്ക് തെരഞ്ഞെടുക്കാനുള്ള തീരുമാനാധികാരം അദ്ദേഹം ജനങ്ങള്‍ക്ക് നല്‍കി. തെരഞ്ഞെടുക്കേണ്ട രീതിയും അവര്‍ക്കു തന്നെ തീരുമാനിക്കാം. രാഷ്ട്രീയ, ഭരണകാര്യങ്ങള്‍ ഏതു നിലക്കാകണമെന്നതിന്റെ സൂചന കൂടിയാണിത്. ഭരണാധികാരികളെ തങ്ങള്‍ ആഗ്രഹിക്കുന്ന വിധം വിശ്വാസികള്‍ക്ക് തെരഞ്ഞെടുക്കാം. അത് അനുസരണ പ്രതിജ്ഞ വഴിയാകാം, ഭരണാധികാരിയും പൗരന്മാരും തമ്മിലെ ഉഭയകക്ഷി ഉടമ്പടി വഴിയാകാം, പൗരസമ്മതം ഉറപ്പിച്ചെടുക്കുന്ന മറ്റു വഴികളിലൂടെയുമാവാം. ഭരണാധികാരി എന്നത് ഭരണച്ചുമതല ഏല്‍പിക്കപ്പെട്ട സമൂഹത്തിന്റെ തന്നെ ഒരു അംശമാണ്. ഇതുമൂലം അദ്ദേഹത്തിന് മറ്റുള്ളവരേക്കാള്‍ എന്തെങ്കിലും ശ്രേഷ്ഠത കൈവരുന്നില്ല. ജനതയുമായി താനുണ്ടാക്കിയ കരാറനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് ഭരണാധികാരി ചെയ്യുന്നത്.
ഈ വിഷയത്തില്‍ പൗരാണികരും ആധുനികരുമായ ധാരാളം പേര്‍ വിശദ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഇമാം ശാഫിഈ തല്‍വിഷയകമായി നടത്തിയ ചര്‍ച്ച മാത്രം ഞാനിവിടെ ഉദ്ധരിക്കുകയാണ്. 'ജനങ്ങള്‍ വെറുക്കുന്ന ഇമാമിന്റെ നമസ്‌കാരം സ്വീകാര്യമല്ല....' എന്ന ഹദീസിന്റെ വ്യാഖ്യാനത്തിലാണ് അദ്ദേഹം ഇത് ചര്‍ച്ച ചെയ്യുന്നത്!
'തന്നെ വെറുക്കുന്ന ജനത്തിന് ഒരാള്‍ നേതൃത്വം നല്‍കുന്നത് അനുചിതമാണെന്ന് ഞാന്‍ ഇതില്‍നിന്നു മനസ്സിലാക്കുന്നു. ഇതിനെ രാഷ്ട്രീയമായി ഇങ്ങനെ വായിക്കാം: തന്നെ വെറുക്കുന്ന ജനത്തിന്റെ ഭൗതികമായ കാര്യനിര്‍വഹണ ചുമതല ഒരാള്‍ ഏറ്റെടുക്കുന്നത് അനഭിലഷണീയമാണ്. ബഹുഭൂരിപക്ഷവും അദ്ദേഹത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും ചെറിയൊരു വിഭാഗം മാത്രമാണ് അനിഷ്ടം പ്രകടിപ്പിക്കുന്നതെങ്കിലും അത്തരമൊരു സാഹചര്യത്തില്‍ പ്രസ്തുത വ്യക്തി അധികാരത്തില്‍ തുടരുന്നത് ശരിയല്ല.'5 ഇത് മികവുറ്റ തെളിവാണ്. നമസ്‌കാരത്തില്‍ ഇമാമാകുന്നയാള്‍, തന്നെ ആളുകള്‍ വെറുക്കുന്നു എന്ന കാരണത്താല്‍ ആ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെങ്കില്‍, അതിനേക്കാള്‍ പ്രധാനപ്പെട്ടതാണ് ഭരണച്ചുമതലകള്‍ നിര്‍വഹിക്കുന്നവര്‍, ജനങ്ങള്‍ തങ്ങളെ വെറുക്കുന്ന സന്ദര്‍ഭത്തില്‍ തല്‍സ്ഥാനത്ത് തുടരാന്‍ പാടില്ല എന്നുള്ളതും. 
വിവ: എസ്.എം സൈനുദ്ദീന്‍
(തുടരും)
കുറിപ്പുകള്‍
1.    ഖറാഫി - അല്‍ ഇഹ്കാം, പേ: 36
2.    മാവര്‍ദി - അല്‍ അഹ്കാമുസ്സുല്‍ത്വാനിയ്യ, പേ: 5
3.    ഇബ്‌നു ഖല്‍ദൂന്‍ - മുഖദ്ദിമ (ബൈറൂത്ത്, ദാറുല്‍ ബയാന്‍), പേ: 191
4.    അല്‍ ഇഹ്കാം
5.    അല്‍ ഉമ്മ് 1/286

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (72-73)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആരോഗ്യമുള്ളപ്പോള്‍ ദാനം ചെയ്യുക
അബ്ദുസ്സമദ് കൂട്ടിലങ്ങാടി