അടുത്ത ഊഴം ആരുടേതെല്ലാമാണ്!
പൗരത്വ പ്രശ്‌നം കേവലം മുസ്‌ലിംവിഷയമായി ചുരുക്കിക്കെട്ടാനുള്ള സംഘ് പരിവാര്‍ ശ്രമങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ടാണല്ലോ അധികാരസോപാനത്തിലെത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളോടു ചാഞ്ഞും ചരിഞ്ഞും വിനീതവിധേയരാവുന്ന ചില മാധ്യമങ്ങളും സംഘടനകളും ഈ വിഷയം ലളിതവത്കരിക്കാന്‍ ശ്രമിക്കുന്നത്. ഫാഷിസ്റ്റുകളുടെ വേദഗ്രന്ഥമായ മനുസ്മൃതിയിലെ ചാതുര്‍വര്‍ണ്യ സിദ്ധാന്തം പ്രയോഗവത്കരിക്കാന്‍ പല ഹിഡന്‍ അജണ്ടകളും നടപ്പിലാക്കുന്ന ആര്‍.എസ്.എസ് ബുദ്ധികേന്ദ്രത്തിന്റെ മറ്റൊരു തന്ത്രമാണ് ഇതെന്ന് മനസ്സിലാക്കണം. ഗാന്ധിജിയെ വധിച്ചതില്‍ അഭിമാനം കൊള്ളുന്നവര്‍, ദലിതരെ മനുഷ്യരായി പോലും കാണാന്‍ കഴിയാത്തവര്‍, ഗാന്ധിയെയും അംബേദ്കറെയും സ്വന്തമാക്കാന്‍ ശ്രമിക്കുന്നതും കുതന്ത്രത്തിന്റെ ഭാഗം മാത്രം. ഗോള്‍വാള്‍ക്കറുടെ വിചാരധാരയില്‍ ആഭ്യന്തര ശത്രുക്കളായി എണ്ണിയവരുടെ പട്ടികയില്‍ മുസ്‌ലിംകള്‍ മാത്രമല്ല, കമ്യൂണിസ്റ്റുകളും ക്രിസ്ത്യാനികളുമുണ്ട്.
അടുത്ത ഊഴം അവരുടേതാണ്. കാരണം ഇന്ത്യ വംശീയ ദേശീയതയിലധിഷ്ഠിതമായ രാഷ്ട്രമാക്കുക എന്നത് ഫാഷിസത്തിന്റെ എക്കാലത്തെയും സ്വപ്‌നമാണ്. അതിനാല്‍ ഇന്ത്യയെ ഇനിയും വെട്ടിമുറിച്ചാലും അവര്‍ക്ക് വേവലാതിയുണ്ടാകില്ല. കാരണം, ഇന്ത്യാ മഹാ രാജ്യത്തിന്റെ വികാസത്തില്‍ സംഘ് പരിവാറിന് ഒരു പങ്കുമില്ല,. പൈതൃകമായി ലഭിച്ച കുടുംബസ്വത്ത് അവിവേകികളായ മക്കള്‍ ധൂര്‍ത്തടിച്ചു നശിപ്പിക്കുന്നത് പോലെയാണ് അവര്‍ ഇന്ത്യയോട് ചെയ്യുന്നത്.
അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശം ലഭിക്കാന്‍ രാജവിളംബരം ഉണ്ടായത് അവര്‍ ഇസ്‌ലാമിലേക്ക് മതം മാറുമെന്ന ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കിയതുകൊണ്ടാണെന്ന സത്യം സംഘ് പരിവാറിന് ഓര്‍മയുണ്ടാകുമല്ലോ. അതിനാല്‍ ആ ഇസ്‌ലാമിനെ തകര്‍ത്താല്‍ കീഴാള വിഭാഗങ്ങളെ കൈകാര്യം ചെയ്യുക എളുപ്പമാണെന്ന സവര്‍ണ അജണ്ട തിരിച്ചറിയേണ്ടതുണ്ട്. ഇതൊരു മുസ്‌ലിം പ്രശ്‌നമായി മാത്രം കണ്ട് സന്തോഷിക്കുകയോ നിസ്സംഗരാവുകയോ ചെയ്യുന്നവര്‍ക്ക് പുലിപ്പുറത്ത് സുഖസവാരി ചെയ്തവന്റെ പരിണതിയാണുണ്ടാവുക.
സ്ത്രീ ശക്തിയുടെ പ്രതിഫലനം
സ്ത്രീകള്‍, വിശിഷ്യാ മുസ്‌ലിം സ്ത്രീകള്‍ നാടും നഗരവും നിറഞ്ഞു നില്‍ക്കുന്നൊരു കാലത്ത്, പ്രബോധനത്തിലും അത് പ്രതിഫലിച്ചു കണ്ടതില്‍ (ലക്കം 3135) സന്തോഷം. മുഖവാക്ക് മുതല്‍ കവര്‍ സ്റ്റോറികള്‍ ഉള്‍പ്പെടെ എല്ലാ ലേഖനങ്ങളും അതിനോട് നീതി പുലര്‍ത്തുന്നതായി. കാലത്തിന്റെ തേട്ടത്തിനനുസരിച്ച് കരുതലോടെയുള്ള കാല്‍വെപ്പില്‍ അഭിമാനം തോന്നുന്നു. പ്രസ്ഥാനത്തിന്റെ ഈ കരുത്തുള്ള ജിഹ്വയെ മുന്നോട്ടു നയിക്കേണ്ട യുവതലമുറ കുറച്ചുകൂടി ജാഗ്രതയോടെ വിചിന്തനം ചെയ്യണമെന്ന് അപേക്ഷയുണ്ട്.
മമ്മൂട്ടി കവിയൂര്‍, ചൊക്ലി
Comments