റുഫൈദയുടെ ചലിക്കുന്ന വൈദ്യകൂടാരങ്ങള്‍
'വിളക്കേന്തിയ വനിത' എന്നും 'പരിചരണ കലയുടെ വാനമ്പാടി' എന്നും ഖ്യാതി നേടിയ ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ (1820-1910) ആണ് ആതുരശുശ്രൂഷാരംഗത്തെ ആധുനിക മുഖമായി അറിയപ്പെടുന്നത്. തന്റെ 90 വര്‍ഷത്തെ ജീവിതത്തില്‍, മുക്കാല്‍ പങ്കും ബ്രിട്ടീഷ് സൈന്യത്തിന്റെ ആരോഗ്യ പരിരക്ഷാ കാര്യങ്ങള്‍ക്കായി അവര്‍ ചെലവഴിച്ചു. ഇതിനായി കൈയില്‍ വിളക്കേന്തി യുദ്ധവേദികളിലെത്തി. പെണ്‍കുട്ടികള്‍ ഉയര്‍ന്നു പഠിക്കുകയോ ഉദ്യോഗത്തില്‍ പ്രവേശിക്കുകയോ ചെയ്യുന്നത് പഥ്യമായി കരുതാത്ത വിക്‌ടോറിയന്‍ കാലഘട്ടത്തില്‍ ആയിരുന്നു ഇവരുടെ സേവനങ്ങള്‍ എന്നതാണ് ഫ്‌ലോറന്‍സിനെ ശ്രദ്ധേയയാക്കിയത്. എന്നാല്‍ ഇവരേക്കാള്‍ ചരിത്ര വിശ്രുതയായ ഒരു മഹാ വനിതയെ കുറിച്ച്, പതിനാല് ശതകങ്ങള്‍ക്കപ്പുറത്തെ ഇസ്‌ലാമിക മദീനക്ക് ഒരുപാട് പെരുമകള്‍ പറയാനുണ്ട്. പുതുകാലത്തെ മുസ്‌ലിം പെണ്‍കൊടിമാര്‍ക്ക് അവയില്‍നിന്ന് ഒരുപാട് പഠിക്കാനുമുണ്ട്. നമുക്ക് അവരെ പരിചയപ്പെടാം.
മദീനയിലെ ഖസ്‌റജ് ഗോത്രക്കാരി ആയിരുന്നു റുഫൈദ. കൃത്യമായി പറഞ്ഞാല്‍ ഖസ്‌റജിന്റെ ശാഖയായ അസ്‌ലം ഗോത്രക്കാരി. പിതാവ് സഅ്ദ്. അദ്ദേഹം അറിയപ്പെടുന്ന ചികിത്സാരി ആയിരുന്നു. അക്കാലത്തെ രീതിയനുസരിച്ച് ഔഷധങ്ങളോടൊപ്പം, ഗൂഢ - മാരണ തന്ത്രങ്ങളും അദ്ദേഹം രോഗശമനത്തിനായി പ്രയോജനപ്പെടുത്തി വന്നു. ബുദ്ധിമതിയായ റുഫൈദ സ്വന്തം പിതാവില്‍നിന്ന് ഔഷധങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ചു. അവ സ്വയം നിര്‍മിക്കാന്‍ ശീലിച്ചു. സ്വതന്ത്രമായി പ്രയോഗിക്കാന്‍ പ്രാഗത്ഭ്യം നേടി.
എഴുത്തും വായനയും നന്നായി പഠിച്ചിരുന്നതിനാല്‍, നബി തിരുമേനി മദീനയില്‍ എത്തും മുമ്പേ മുസ്വ്അബില്‍നിന്ന് ഖുര്‍ആന്‍ എഴുതിയെടുത്തു പഠിച്ച് ഉള്‍ക്കൊണ്ടു മുസ്‌ലിമത്തായി. പലായനം ചെയ്‌തെത്തിയ നബിതിരുമേനിയെ മദീനയിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്ത വിപ്ലവകാരിണികളില്‍ ഉള്‍പ്പെട്ടുകൊണ്ടാണ് അവര്‍ ആദ്യമായി ഇസ്‌ലാമിക ചരിത്രത്തില്‍ ഇടം നേടുന്നത്. നബി തിരുമേനി ആഗതനായതോടെ അദ്ദേഹത്തെ നേരിട്ടു കണ്ട് അനുസരണ പ്രതിജ്ഞ (ബൈഅത്ത്) ചെയ്തു. നഴ്‌സ്, ഡോക്ടര്‍, സര്‍ജന്‍ എന്നീ നിലകളിലെല്ലാം ചരിത്രം അവരെ വേണ്ടുവോളം പരിചയപ്പെടുത്തുന്നുണ്ട്. സാമൂഹിക സേവിക എന്ന വിശേഷണവും അവര്‍ക്ക് ചാര്‍ത്തപ്പെട്ടിരിക്കുന്നു. കാരണം, പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്ന കുട്ടികളും അംഗ പരിമിതരും അനാഥരും ഉള്ള ദരിദ്ര കുടുംബങ്ങളില്‍ അവര്‍ നേരിട്ട് അന്വേഷിച്ചു ചെന്ന്, തജ്ജന്യമായ കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നു. ഏതായിരുന്നാലും, ഇസ്‌ലാമില്‍ ഈ ഗണത്തിലുള്ള ആദ്യ വനിത ഇവരാണെന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമേതുമില്ല.
ധാരാളം സമ്പത്തിന് ഉടമയായിരുന്നുവത്രെ സാധുജനക്ഷേമതല്‍പരയായ റുഫൈദ. അതിനാല്‍ അവരുടെ സേവനങ്ങള്‍ പൂര്‍ണമായും സൗജന്യമായിരുന്നു! ഇസ്‌ലാമില്‍ വന്ന ശേഷം, തന്റെ പ്രത്യേക സേവന പരിചയങ്ങള്‍ ആവശ്യമായ ഇടങ്ങള്‍ തേടി അവര്‍ സദാ പ്രവാചകന്റെ പരിസരങ്ങളില്‍ കഴിഞ്ഞു. ബദ്‌റില്‍ വെച്ച് മുറിവേറ്റ ദരിദ്രരായ നിരാശ്രയരെ, മദീനാ പള്ളിയില്‍ പ്രവാചകന്റെ നിര്‍ദേശപ്രകാരം പണിതീര്‍ത്ത ശുശ്രൂഷാ കൂടാരത്തില്‍ വെച്ച് അവര്‍ ചികിത്സിക്കുകയും സാന്ത്വനിപ്പിക്കുകയും ഊട്ടുകയും ചെയ്തു. ഉഹുദ്, ഖന്ദഖ്, ഖൈബര്‍ എന്നിവിടങ്ങളില്‍ അവരുടെ വൈദ്യ പരിചരണ കൂടാരങ്ങള്‍ ഉണ്ടായിരുന്നു. ഏതാനും ഒട്ടകങ്ങള്‍ക്കു വഹിക്കാന്‍ മാത്രം സജ്ജീകരണങ്ങള്‍ അവക്കകത്ത് ഉണ്ടായിരുന്നു!
നേരിട്ടു വെട്ടുന്ന യുദ്ധരംഗങ്ങളില്‍ സ്വജീവന്‍ വിസ്മരിച്ചുകൊണ്ടുള്ള സാഹസിക സേവനങ്ങളാണ് ഇവരും സഹപ്രവര്‍ത്തകകളും ചെയ്തുകൊണ്ടിരുന്നത്. സമാധാനകാലത്തും മദീനാ പള്ളിക്കകത്ത് ഇവരുടെ ക്ലിനിക് പലപ്പോഴും പ്രവര്‍ത്തിച്ചതായും മനസ്സിലാക്കാന്‍ കഴിയുന്നു. ഇങ്ങനെയൊരു സ്ഥിരം ആരോഗ്യകേന്ദ്രം അവര്‍ക്ക് മുമ്പുള്ളതായി അറിയപ്പെട്ടിട്ടില്ല.
വിദഗ്ധയായ ഒരു നഴ്‌സിംഗ് പരിശീലകയായും ഇവര്‍ പ്രവര്‍ത്തിച്ചു. ആഇശ അടക്കമുള്ള പ്രവാചക പത്‌നിമാരെയും സേവനസന്നദ്ധകളായ ധാരാളം സ്വഹാബിവനിതകളെയും അവര്‍ മികച്ച രീതിയില്‍ പരിശീലിപ്പിച്ചെടുത്തു. റസൂല്‍, ഖൈബര്‍ യുദ്ധത്തിനു പുറപ്പെടാനൊരുങ്ങവെ, പരിശീലനം സിദ്ധിച്ച ഒരു സംഘം വനിതകളാണ് ഇവരുടെ നേതൃത്വത്തില്‍ പ്രവാചകനെ സമീപിച്ച് യുദ്ധരംഗത്തേക്ക് റസൂലിനെ അനുഗമിക്കാന്‍ അനുവാദം ചോദിച്ചത്. പ്രവാചകന്‍ 'അലാ ബറകത്തില്ലാഹ്' എന്നാശംസിച്ചുകൊണ്ട് അവര്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. മാത്രമല്ല, സമരാര്‍ജിത സമ്പത്തുകളുടെ വിഹിതത്തില്‍ തിരുമേനി ഒരു പടയാളിയുടെ പരിഗണനയാണ് 'ഡോക്ടര്‍ റുഫൈദ'ക്ക് നല്‍കിയത്! അവരുടെ കൂട്ടുകാരികള്‍ക്ക് സ്വര്‍ണമാല അടക്കം പല വിലപിടിച്ച പാരിതോഷികങ്ങളും തിരുമേനി സമ്മാനിച്ചു. റസൂലില്‍നിന്ന് കനകഹാരം ലഭിച്ച വനിതകള്‍, അവ തങ്ങളുടെ സേവനത്തിനുള്ള അനര്‍ഘമായ ബഹുമതിമുദ്രയായി, മരണം വരെ സാഭിമാനം കഴുത്തിലണിഞ്ഞു നടന്നു. ഒരു സഹോദരി, മരണാനന്തരം ആ ഹാരം 'ഖബ്‌റി'ല്‍ തന്റെ ശരീരത്തോട് ചേര്‍ത്തു വെക്കണമെന്ന് വസ്വിയത്ത് ചെയ്തു.
അഹ്‌സാബ് യുദ്ധത്തില്‍ കൈസന്ധിയില്‍ അമ്പേറ്റ സഅ്ദുബ്‌നു മുആദിനെ, മദീനാ പള്ളിയില്‍ റുഫൈദയുടെ ശുശ്രൂഷയില്‍ കിടത്താന്‍ റസൂല്‍ നിര്‍ദേശിച്ചു. ഇസ്‌ലാമിന്റെ ആസ്ഥാന നഗരിയിലെ വിശുദ്ധ ഗേഹത്തില്‍ പ്രവാചകന്റെ നിയന്ത്രണത്തില്‍ ഇങ്ങനെയൊരു ആതുരാലയം, പെണ്ണൊരുത്തി നടത്തിവന്നിരുന്നു എന്നതില്‍നിന്നു തന്നെ എന്തെല്ലാം കാര്യങ്ങള്‍ നിര്‍ധാരണം ചെയ്‌തെടുക്കാന്‍ കഴിയും! രോഗശുശ്രൂഷക്ക് ആവശ്യമെങ്കില്‍, വനിതകള്‍ക്ക് പരപുരുഷന്റെ സ്വകാര്യഭാഗങ്ങള്‍ വരെ കാണാമെന്ന ഇമാം അഹ്മദിന്റെ മതവിധിയും ഇത്തരുണത്തില്‍ ഓര്‍ക്കാവുന്നതാണ്.
അവസാനമായി പറയട്ടെ, ആധുനികലോകം റുഫൈദയെ പാടേ വിസ്മരിച്ചിട്ടൊന്നുമില്ല. കാരണം, അറിയാന്‍ കഴിഞ്ഞേടത്തോളം അയര്‍ലന്റ്, സുഊദി അറേബ്യ, ബഹ്‌റൈന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളെങ്കിലും ആതുര ശുശ്രൂഷാരംഗത്തെ മികച്ച സേവനങ്ങള്‍ക്ക് റുഫൈദയുടെ പേരില്‍, വര്‍ഷാവര്‍ഷം പുരസ്‌കാരങ്ങള്‍ നല്‍കിവരുന്നുണ്ട്.
Comments