Prabodhanm Weekly

Pages

Search

2020 ജനുവരി 31

3137

1441 ജമാദുല്‍ ആഖിര്‍ 06

തെരുവ്

സി.കെ മുനവ്വിര്‍, ഇരിക്കൂര്‍

ഗസ്സാ,
നിന്റെ ജീവിതമാണ്
ഞങ്ങള്‍ക്കിത്ര വീര്യം തരുന്നത്
അവിടന്ന് വന്ന വരികള്‍
ഇത്രകാലം നമുക്ക്
ഭംഗിയില്‍ ചൊല്ലാനുള്ള
കവിതകളായിരുന്നു
ഇന്നത്
നമ്മുടെ കൂടി ജീവിതമാണ്

കണ്ടിട്ടില്ലാത്ത
പുസ്തകത്താളുകള്‍
ഇപ്പോഴാണ്
മറിച്ചുനോക്കിയത്
വാഗണ്‍ ട്രാജഡിയും
തൊള്ളായിരത്തിയിരുപത്തൊന്നും
എന്റെ നാടിന്റെ
സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള
ഗര്‍ഭം ധരിക്കലായിരുന്നെന്ന്
ഇപ്പോള്‍
ഞാന്‍ തിരിച്ചറിയുന്നുണ്ട്

ഗസ്സാ,
മക്കളെ കുളിപ്പിച്ച്
കുപ്പായമിടിയിച്ച്
സ്‌കൂളിലേക്കയക്കുമ്പോള്‍
അവരെപ്പൊതിയാനുള്ള
കഫന്‍ പുടവയും കൂടി
നിന്റമ്മമാര്‍
എടുത്തുവെക്കാറുണ്ടെന്ന്
വായിച്ചത്
കണ്ണീരോടു കൂടിയായിരുന്നു

എന്റെ നാട്ടില്‍നിന്നും
ഇളംപൈതലുകളെ
പൗരത്വമില്ലാത്തവരായിക്കണക്കാക്കി
അമ്മമാരുടെ
കൈകളില്‍നിന്നും
അടര്‍ത്തിക്കൊണ്ടുപോയി
തടങ്കല്‍പാളയങ്ങളിലെറിയുന്ന
വാര്‍ത്തയും ഞാന്‍
വായിക്കുന്നത്
കണ്ണീരോടു കൂടി തന്നെയാണ്

ഗസ്സാ,
മേല്‍ക്കൂരയില്ലാത്ത
വീടുകളില്‍
എങ്ങനെ നിങ്ങളുറങ്ങുന്നുവെന്നത്
ദീര്‍ഘകാലം
ഉത്തരമില്ലാത്ത
ചോദ്യമായിരുന്നു

അധ്വാനിച്ചുണ്ടാക്കിയ വീട്
ഒരു സുപ്രഭാതത്തില്‍
അന്യമായിപ്പോകുമ്പോള്‍
ഈ താഴുകളും ഭിത്തികളും
നല്‍കുന്ന ഉറപ്പിന്
നിന്റെ മേല്‍ക്കൂരയില്ലാത്ത
വീടിന്റെ ഭദ്രത പോലുമില്ലന്ന്
ഉള്‍ക്കിടിലത്തോടുകൂടിയാണ്
ഞാനിന്നോര്‍ക്കുന്നത്

നോക്കൂ....
നിങ്ങളെപ്പോലെ
ഞങ്ങളും പുറത്താണ്
ആട്ടിപ്പായിക്കപ്പെടും മുമ്പ്
പുറത്തിറങ്ങിയതാണ്
മരിക്കാനല്ല,
ജനിച്ച മണ്ണില്‍
ആത്മാഭിമാനത്തോടെ ജീവിക്കാന്‍

ഈ തെരുവുകളില്‍ നിറയെ
ആളുകളുണ്ട്
കുട്ടികള്‍
സ്ത്രീകള്‍
വൃദ്ധര്‍
മുലകുടിക്കുന്ന
പൈതലുകള്‍ വരെയുണ്ട്

ഗസ്സാ,
നിന്റെ നാടിനോടുള്ള
ഇഷ്ടം നിനക്കറിയാലോ
അതിലേറെയിഷ്ടമാണ്
നമുക്ക്
നമ്മുടെ നാടിനോട്

നിന്നെപ്പുറത്താക്കുന്നത്
അന്യദേശക്കാരാണെങ്കില്‍
നമ്മെപ്പുറത്താക്കാന്‍ വരുന്നത്
ജന്മദേശക്കാരാണ്

ഗസ്സാ,
ചെറുത്തുനില്‍പില്‍
രക്തസാക്ഷിത്വത്തില്‍
സ്വാതന്ത്ര്യപ്പോരാട്ടത്തില്‍
നീ മുമ്പില്‍ നടന്നു

തെരുവുകള്‍ക്കും
ഭാഷകള്‍ക്കും മാത്രമേ
മാറ്റമുള്ളൂ
നിന്റാത്മാവിലേക്ക്
വെടിവെക്കുന്നവര്‍ക്കും
എന്റാത്മാവിലേക്ക്
വെടിവെക്കുന്നവര്‍ക്കും
ഒരേ ലക്ഷൃമാണ്;
വംശീയ ഉന്മൂലനം
അതുകൊണ്ട്
നമ്മുടെ രണ്ടു പേരുടെയും
മാര്‍ഗമൊന്നാണ്;
പോരാട്ടത്തിന്റെ മാര്‍ഗം,
പോരാട്ടത്തിന്റെ മാര്‍ഗം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (72-73)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആരോഗ്യമുള്ളപ്പോള്‍ ദാനം ചെയ്യുക
അബ്ദുസ്സമദ് കൂട്ടിലങ്ങാടി