മരങ്ങളുടെ പൗരത്വം
മനുഷ്യര്‍ക്കിടയില്‍ പൗരത്വ നിയമം
പ്രാബല്യത്തില്‍ വരുത്തിയ ശേഷം
അവര്‍ മരങ്ങള്‍ക്കിടയില്‍
പൗരത്വ പട്ടിക നടപ്പിലാക്കും.
അമ്പലത്തിലെ അന്തേവാസിയായതിനാല്‍
അരയാലിന് പൗരത്വത്തില്‍ ആശങ്കയുണ്ടാകില്ല.
പറങ്കിമാവിന്റെ പേരില്‍ തന്നെയുണ്ട്
കുടിയേറ്റത്തിന്റെ ശേഷിപ്പ്
എങ്കിലും വെള്ളക്കാരോടുള്ള വിധേയത്വം
അവരെ പൗരന്മാരാക്കാന്‍ പ്രേരിപ്പിക്കും
കുരുമുളക് പാരമ്പര്യമായി നാട്ടുകാരനാണെങ്കിലും
അറബികളെ ആകര്‍ഷിച്ചതിനാല്‍
തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ടേക്കും.
തെങ്ങിന്റെ കാര്യമാണ് കഷ്ടം.
ഓലയും തടിയും കായയും
വ്യത്യസ്തമാണെന്ന് തെളിയിച്ചാലും
ഈന്തപ്പനയുടെ പിന്മുറക്കാരനെന്നാരോപിച്ച്
പൗരത്വം നിഷേധിക്കും.
'ഞങ്ങള്‍ നിങ്ങള്‍ക്ക് ഭക്ഷണം നല്‍കിയില്ലേ?
ശ്വസിക്കാന്‍ ശുദ്ധവായു നല്‍കിയില്ലേ?
ഞങ്ങളുടെ വേരുകള്‍
നാടിനെ ഉറപ്പിച്ചു നിര്‍ത്തിയില്ലേ
ഞങ്ങള്‍ തന്ന വസ്ത്രമല്ലേ
നിങ്ങളെ സംസ്‌കാരമുള്ളവരാക്കിയത്'
പ്രക്ഷോഭകര്‍ തെരുവില്‍
ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്തും!
മരങ്ങളില്ലെങ്കില്‍ നാട് മരുഭൂമിയാകുമെന്ന്
ബുദ്ധിമാന്മാര്‍ മുന്നറിയിപ്പ് നല്‍കും.
മരങ്ങളില്ലാത്ത ഭൂമി സ്വപ്‌നം കാണാന്‍
അധികാരികള്‍ ജനങ്ങളോടാവശ്യപ്പെടും.
അപ്പോഴും ഭരണകര്‍ത്താക്കളുടെ സ്വപ്‌നത്തില്‍
അധികാരത്തിന്റെ മരക്കസേര ചിരിക്കുന്നുണ്ടാകും.
Comments