Prabodhanm Weekly

Pages

Search

2020 ജനുവരി 31

3137

1441 ജമാദുല്‍ ആഖിര്‍ 06

ഭയവിഹ്വലതകള്‍ വേട്ടയാടുമ്പോള്‍

മുഹമ്മദ് യൂസുഫ് ഇസ്‌ലാഹി

ദീനിന്റെ ശത്രുക്കള്‍ കൊലയും അതിക്രമവും നടത്തി സംഹാരതാണ്ഡവമാടുമ്പോള്‍, അല്ലെങ്കില്‍ പ്രകൃതിദുരന്തങ്ങള്‍ നമ്മെ ഭയവിഹ്വലരാക്കുമ്പോള്‍ വിശ്വാസപരമായ ഉള്‍ക്കാഴ്ചയോടുകൂടി ഇതിന്റെയൊക്കെ അടിസ്ഥാന കാരണമെന്തെന്ന് നാം അന്വേഷിച്ചു കണ്ടെത്തണം. എന്നിട്ട് ഉപരിപ്ലവമായ ആസൂത്രണങ്ങള്‍ക്കു വേണ്ടി സമയം പാഴാക്കുന്നതിനു പകരം ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുന്ന അടിസ്ഥാന ആസൂത്രണങ്ങളില്‍ പൂര്‍ണശ്രദ്ധ കേന്ദ്രീകരിക്കണം. ഖുര്‍ആന്‍ പറയുന്നു: ''നിങ്ങള്‍ക്കുണ്ടാവുന്ന ദുരന്തങ്ങള്‍ നിങ്ങളുടെ തന്നെ കരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ അനന്തരഫലമാണ്. അധികപേര്‍ക്കും അവന്‍ മാപ്പരുളുന്നതുമാണ്'' (അശ്ശൂറാ: 30). അതിന്നു ചികിത്സയായി ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു: ''വിശ്വാസികളേ, നിങ്ങള്‍ ഒന്നടങ്കം അല്ലാഹുവിലേക്കു പശ്ചാത്തപിച്ചു മടങ്ങുവിന്‍; നിങ്ങള്‍ക്കു വിജയം വരിക്കാം'' (അന്നൂര്‍: 31). പാപങ്ങളുടെ ബീഭത്സമായ ആഴങ്ങളില്‍ ആപതിച്ച ഉമ്മത്ത്, ചെയ്തുപോയ പാപങ്ങള്‍ തിരിച്ചറിഞ്ഞ് അല്ലാഹുവിലേക്കു ഖേദിച്ചും മടങ്ങിയും ആ പാപക്കറകള്‍ ജീവിതത്തില്‍നിന്ന് കഴുകിക്കളഞ്ഞും ദൈവത്തോടുള്ള കരാര്‍ പൂര്‍ത്തീകരിക്കുന്നതിനെയാണ് ഖുര്‍ആന്‍ തൗബ എന്ന് വിശേഷിപ്പിച്ചത്. ആ തൗബയും പാപമോചനവുമാണ് സകലതരം കുഴപ്പങ്ങളില്‍നിന്നും ഭീതിയില്‍നിന്നും കരകയറാനുള്ള യഥാര്‍ഥ ദൈവിക ചികിത്സ.
ശത്രുക്കള്‍ സൃഷ്ടിക്കുന്ന സംഘര്‍ഷും അതിക്രമവും കണ്ട് പരിഭ്രാന്തരാവുകയോ മനക്കരുത്ത് ചോര്‍ന്ന് കരുണ വറ്റിയവരോട് കനിവ് യാചിക്കുകയോ ചെയ്ത് നിന്ദ്യമായ ദീനീജീവിതം നയിക്കരുത്. അത്തരം ദൗര്‍ബല്യങ്ങളെ നിയന്ത്രിക്കാനുള്ള (ശത്രുവിന് കീഴ്‌പ്പെടുത്താന്‍ കഴിയാത്ത വിധം) ഇഛാശക്തിയാര്‍ജിക്കണം. ഐഹികഭ്രമവും മരണഭയവുമാണ് വിശ്വാസിയെ പിടികൂടുന്ന പ്രധാന ദൗര്‍ബല്യങ്ങളെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടു്. ആ രോഗങ്ങളെ സ്വന്തത്തില്‍നിന്നും ഉമ്മത്തില്‍നിന്നും കുടഞ്ഞു തെറിപ്പിക്കണം. നബി(സ) പറയുന്നു: 'തീറ്റപ്രിയര്‍ ഭക്ഷണത്തളികയിലേക്കു വീഴും പോലെ നിങ്ങളുടെ മേല്‍ മറ്റു സമുദായങ്ങള്‍ ചാടിവീഴാറായിരിക്കുന്നു.' ഒരാള്‍ ചോദിച്ചു: 'അന്ന് എണ്ണത്തില്‍ ഞങ്ങള്‍ ഏറെ കുറവായിരിക്കുമോ?' അവിടുന്ന് പറഞ്ഞു: 'എണ്ണത്തില്‍ കുറവായിരിക്കില്ല; പക്ഷേ, വെള്ളത്തില്‍ ഒലിച്ചുപോകുന്ന ചണ്ടികളെപോലെ ഒട്ടും വിലയില്ലാത്തവരായിരിക്കും നിങ്ങള്‍. നിങ്ങളെ ഒരുതരം ഭയവും ദൗര്‍ബല്യവും പിടികൂടിയിരിക്കും.' പ്രവാചകനോട് ഒരാള്‍ ചോദിച്ചു: 'ആ ദൗര്‍ബല്യം എന്തുകൊണ്ടാണുണ്ടാവുന്നത്?' ദുന്‍യാപ്രേമവും മരണത്തോടുള്ള വെറുപ്പുമാണ് ആ ദൗര്‍ബല്യം വന്നുകൂടാനുള്ള കാരണമെന്ന് പ്രവാചകന്‍ (സ) പറഞ്ഞു.
സംഘടിത കരുത്ത് പരമാവധി ആര്‍ജിക്കണം. അതുമുഖേന കുഴപ്പവും സംഘര്‍ഷവും അവസാനിപ്പിക്കാന്‍ സാധ്യമാകും. സമുദായത്തിന് ധൈര്യം പകര്‍ന്നുകൊടുക്കാന്‍ ശ്രമിക്കണം.
സാഹചര്യം എത്ര പ്രതികൂലമായാലും സത്യത്തിനു വേി നിലകൊള്ളുന്നതില്‍ വീഴ്ച വരുത്തരുത്. മതവും അഭിമാനവും കൈയൊഴിച്ച് ജീവിക്കുന്നതിനേക്കാള്‍ അവക്കുവേണ്ടി രക്തസാക്ഷ്യം വരിക്കുകയാണ് ഏറെ മഹത്തരം. കടുകടുത്ത പരീക്ഷണങ്ങളും, അങ്ങേയറ്റത്തെ ഭയാന്തരീക്ഷവും വന്നാലും സത്യപാന്ഥാവില്‍ തന്നെ ഉറച്ചുനില്‍ക്കണം. കൊല്ലുമെന്ന് ആരെങ്കിലും ഭയപ്പെടുത്തുകയാണെങ്കില്‍ സുസ്‌മേരവദനനായി രക്തസാക്ഷ്യം താല്‍പര്യപൂര്‍വം സ്വീകരിക്കുക. നബി(സ) അരുള്‍ ചെയ്യുന്നു: 'ഇസ്‌ലാമിന്റെ ഹാരം നിങ്ങളുടെ കഴുത്തിലാകുന്നു. ഖുര്‍ആന്റെ ദിശ എങ്ങോട്ടാണോ അതേ ദിശയിലേക്കു നിങ്ങള്‍ തിരിഞ്ഞു നില്‍ക്കുക; ബോധപൂര്‍വം ജീവിക്കുക. ഖുര്‍ആനും അധികാരവും വൈകാതെ തന്നെ വേര്‍പ്പെടാനിടയുണ്ട്. ഭാവിയില്‍ വരാനിരിക്കുന്ന ഭരണാധികാരികള്‍ അവരെ നിങ്ങള്‍ അനുസരിക്കുന്നേടത്തോളം സത്യമാര്‍ഗത്തില്‍നിന്ന് നിങ്ങളെ വ്യതിചലിപ്പിച്ചുകൊണ്ടിരിക്കുന്നവരായിരിക്കും അവര്‍. ഇനി അവരെ നിങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍ മരണശിക്ഷയാവും നിങ്ങള്‍ക്കവര്‍ നല്‍കുന്നത്.' അപ്പോള്‍ ഒരനുചരന്‍ അന്വേഷിച്ചു: 'അപ്പോള്‍ ഞങ്ങളെന്തു ചെയ്യണം പ്രവാചകരേ?' അവിടുന്ന് പറഞ്ഞു: 'ഈസാ(അ)യുടെ അനുയായികള്‍ ചെയ്ത കാര്യമാണ് നിങ്ങള്‍ ചെയ്യേണ്ടത്. അവര്‍ വാളിനാല്‍ പിളര്‍ത്തപ്പെട്ടു; ശവമഞ്ചത്തില്‍ ഏറ്റപ്പെട്ടു.' ദൈവധിക്കാരത്തോടെ ജീവിക്കുന്നതിനേക്കാള്‍ ദൈവത്തെ അനുസരിച്ച് ആ മാര്‍ഗത്തില്‍ ജീവന്‍നല്‍കി ജീവിക്കുന്നതാണ് ഉത്തമം. സമൂഹത്തില്‍ ഭയവും വിഹ്വലതയും വ്യാപിപ്പിക്കുന്ന സാമൂഹിക രോഗങ്ങള്‍ക്കെതിരില്‍ നാം നിരന്തരം പോരാടിക്കൊണ്ടിരിക്കണം. ഇല്ലെങ്കില്‍ ദാരിദ്ര്യം, വരള്‍ച്ച, രക്തച്ചൊരിച്ചില്‍, ശത്രുവിന്റെ അധീശത്വം എന്നിവ പ്രസ്തുത സമൂഹത്തെ പിടികൂടുന്നതാണ്. അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറയുന്നു: ''പരസ്പര വഞ്ചന ശക്തിപ്പെട്ട സമൂഹത്തിന്റെ ഹൃദയങ്ങളില്‍ ശത്രുവെ സംബന്ധിച്ച ഭയവും ഭീതിയും അല്ലാഹു വര്‍ധിപ്പിക്കുന്നതാണ്.''
വ്യഭിചാരം വ്യാപകമായ സമൂഹം നാശത്തിലേക്കു കൂപ്പുകുത്തും. കൊള്ളക്കൊടുക്കകളില്‍ സത്യസന്ധത നഷ്ടപ്പെട്ട സമൂഹത്തെ ദാരിദ്ര്യം പിടികൂടും. അനീതിയിലും അസത്യത്തിലും അധിഷ്ഠിതമായാണ് തീരുമാനം കൈക്കൊള്ളുന്നതെങ്കില്‍ രക്തച്ചൊരിച്ചില്‍ അനിവാര്യമായും സംഭവിക്കും. കരാര്‍ ലംഘനം നടത്തുന്ന സമൂഹത്തില്‍ ശത്രുക്കളുടെ ആധിപത്യവും പിടിമുറുക്കും (മിശ്കാത്ത്).
ശത്രുഭയമുണ്ടാകുമ്പോള്‍ ഇങ്ങനെ പ്രാര്‍ഥിക്കുക: അല്ലാഹുമ്മ ഇന്നാ നജ്അലുക ഫീ നുഹൂരിഹിം വനഊദുബിക മിന്‍ ശുറൂരിഹിം (അബൂദാവൂദ്, നസാഈ - അല്ലാഹുവേ, ഈ ശത്രുക്കള്‍ക്കെതിരെ നിന്നില്‍ മാത്രം അഭയം തേടുന്നു ഞങ്ങള്‍. അവരുടെ തിന്മയില്‍നിന്നും കുതന്ത്രങ്ങളില്‍നിന്നും രക്ഷപ്പെടാന്‍ നിന്നോട് സഹായം അര്‍ഥിക്കുകയും ചെയ്യുന്നു). ശത്രുവിന്റെ കുതന്ത്രത്തില്‍ അകപ്പെടുമ്പോള്‍, അല്ലാഹുമ്മ ഇസ്തുര്‍ ഔറാതിനാ വ ആമിന്‍ റൗ ആതിനാ (അഹ്മദ് - നാഥാ, ഞങ്ങളുടെ അഭിമാനവും അന്തസ്സും സംരക്ഷിക്കേണമേ, ദുഃഖത്തിലും ഭീതിയിലും ഞങ്ങള്‍ക്കു സമാധാനം നല്‍കുകയും ചെയ്യേണമേ) എന്നും പ്രാര്‍ഥിക്കുക.
കൊടുങ്കാറ്റും പ്രളയവും നമ്മില്‍ പരിഭ്രാന്തിയുളവാക്കണം. ആഇശ(റ) ഉദ്ധരിക്കുന്നു: ''വായ പൂര്‍ണമായും തുറന്ന് പൊട്ടിച്ചിരിക്കുന്നതായി ഒരിക്കലും ഞാന്‍ നബിയെ കണ്ടിട്ടില്ല. അവിടുന്ന് പുഞ്ചിരിക്കാറേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ കൊടുങ്കാറ്റോ മറ്റോ കണ്ടാല്‍ പരിഭ്രാന്തനായി പ്രാര്‍ഥനയില്‍ മുഴുകും. ഭയത്താല്‍ അവിടുന്ന് ചിലപ്പോള്‍ ഇരിക്കും; മറ്റു ചിലപ്പോള്‍ ഉലാത്തിക്കൊണ്ടിരിക്കും. മഴപെയ്ത് തോരും വരെ ഇതേ അവസ്ഥയിലാണ് അദ്ദേഹമുണ്ടാവുക. ഞാന്‍ പറഞ്ഞു: 'പ്രവാചകരേ, മഴക്കാറ് കാണുമ്പോള്‍ ആളുകളുടെ മുഖത്ത് വെള്ളം ലഭിക്കുമെന്നതിനാല്‍ സന്തോഷമാണ് ഞാന്‍ കണ്ടിട്ടുള്ളത്. താങ്കളുടെ മുഖത്താവട്ടെ ആ നേരത്ത് അസ്വസ്ഥതയാണ് കാണുന്നത്. എന്താണിതിന് കാരണം?' അവിടുന്ന് പറഞ്ഞു: ആഇശാ, ഈ മേഘക്കൂട്ടത്തില്‍ ശിക്ഷയുടെ അംശമില്ലെന്ന് വിചാരിച്ച് ഞാനെങ്ങനെ നിര്‍ഭയനാകും? ആദ് സമൂഹത്തെ കൊടുങ്കാറ്റ് കൊണ്ടാണ് അല്ലാഹു നശിപ്പിച്ചത്. ആ മേഘം കണ്ടപ്പോള്‍ മഴമേഘമാണെന്നാണ് അവര്‍ വിചാരിച്ചത്'' (ബുഖാരി മുസ്‌ലിം). ഇത്തരം കാറ്റ് കാണുമ്പോള്‍ അല്ലാഹുമ്മ ഇജ്അല്‍ഹാ രിയാഹന്‍ വലാ തജ്അല്‍ഹാ രീഹന്‍, അല്ലാഹുമ്മ ഇജ്അല്‍ഹാ റഹ്മതന്‍ വലാ തജ്അല്‍ഹാ അദാബന്‍ (ത്വബറാനി - അല്ലാഹുവേ, ഇതിനെ നീ അനുഗ്രഹത്തിന്റെ കാറ്റാക്കിത്തരേണമേ; വിപത്തിന്റേതാക്കരുതേ. അല്ലാഹുവേ, ഈ കാറ്റിനെ നീ കാരുണ്യത്തിന്റേതാക്കുക; ശിക്ഷയുടെ കാറ്റ് ആക്കരുതേ).
കൊടുങ്കാറ്റിനോടൊപ്പം കടുത്ത ഇരുട്ടുകൂടി മൂടിയിട്ടുണ്ടെങ്കില്‍ ഖുല്‍ അഊദു ബിറബ്ബില്‍ ഫലഖ്; ഖുല്‍ അഊദു ബിറബ്ബിന്നാസ് എന്നീ അധ്യായങ്ങളും പാരായണം ചെയ്യണം.
പേമാരി കാണുമ്പോള്‍ പ്രവാചകന്‍(സ) പ്രാര്‍ഥിച്ചിരുന്ന വാക്യം ആഇശ(റ) ഇങ്ങനെ ഉദ്ധരിക്കുന്നു:
അല്ലാഹുമ്മ ഇന്നീ അസ്അലുക ഖൈറഹാ വഖൈറ മാ ഫീഹാ വ ഖൈറ മാ ഉര്‍സിലത്ത് ബിഹി വ അഊദുബിക മിന്‍ ശര്‍റിഹാ വശര്‍റി മാ ഫീഹാ വ ശര്‍റി മാ ഉര്‍സിലത്ത് ബിഹീ (മുസ്‌ലിം, തിര്‍മിദി - അല്ലാഹുവേ, ഈ പേമാരിയിലും അതിനകത്തുമുള്ള നന്മയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഏതൊരു ഉദ്ദേശ്യം മുമ്പില്‍ വെച്ചാണോ അതിനെ നീ അയക്കുന്നത് അതിന്റെ നന്മയും നിന്നോട് ഞാന്‍ ചോദിക്കുന്നു. ഈ പേമാരിയില്‍നിന്നും അതിന്റെ അകത്തു കുടികൊള്ളുന്ന ഉപദ്രവത്തില്‍നിന്നും അത് അയക്കപ്പെട്ടതിലെ ഉപദ്രവത്തില്‍നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു).
മഴകാരണം വിവിധയിനം നാശനഷ്ടങ്ങളുടെ ആശങ്കയുണ്ടാകുമ്പോള്‍; അല്ലാഹുമ്മ ഹവാലൈനാ ലാ അലൈനാ, അല്ലാഹുമ്മ അലല്‍ അക്കാമി വള്ളിറാബി വ ബുത്വൂനില്‍ ഔദിയത്തി വ മനാബിതി ശ്ശജര്‍ (ബുഖാരി, മുസ്‌ലിം - അല്ലാഹുവേ, ഞങ്ങളുടെ ചുറ്റുവട്ടത്ത് നീ അതിനെ വര്‍ഷിപ്പിച്ചുകൊള്‍ക; ഞങ്ങളുടെ മേല്‍ വര്‍ഷിക്കരുത്. പര്‍വതങ്ങളിലും കുന്നുകളിലും താഴ്‌വരകളിലും മരങ്ങള്‍ മുളയ്ക്കുന്നിടങ്ങളിലും നീ അതിനെ വര്‍ഷിപ്പിക്കുക) എന്നും പ്രാര്‍ഥിക്കണം. മഴ രൗദ്രമാകുമ്പോഴും ഇടിമുഴക്കം ശക്തിപ്പെടുമ്പോഴും സംസാരം നിര്‍ത്തി ഖുര്‍ആനിലെ വയുസബ്ബിഹുര്‍റഅ്ദു ബിഹംദിഹി വല്‍ മലാഇകതു മിന്‍ ഖീഫത്തിഹി എന്ന് പ്രാര്‍ഥിക്കണം (അര്‍റഅ്ദ്: 13 - ഇടിനാദം അവന്റെ സ്തുതി കീര്‍ത്തിക്കുന്നു. മലക്കുകളും അവന്റെ പ്രൗഢിയില്‍ ചകിതരായി അവനെ വാഴ്ത്തിക്കൊണ്ടിരിക്കുന്നു). കഅ്ബ്(റ) പറയുന്നു: ''ഇടിനാദം ഉണ്ടാകുമ്പോള്‍ ഈ സൂക്തം മൂന്നുതവണ ഉരുവിടുന്നവര്‍ അതിന്റെ ഉപദ്രവങ്ങളില്‍നിന്ന് മുക്തരാകുന്നതാണ്.''
മഴയുടെ തീവ്രതയും ഇടിമിന്നലുകളും ഉണ്ടാകുമ്പോള്‍, അല്ലാഹുമ്മ ലാ തഖ്തുല്‍നാ ബി ഗദബിക വലാ തുഹ്‌ലിഖ്‌നാ ബിഅദാബിക വആഫിനാ ഖബ്‌ല ദാലിക് (നാഥാ, നിന്റെ കോപം മൂലം നീ ഞങ്ങളെ കൊന്നുകളയരുത്. നിന്റെ ശിക്ഷയാല്‍ ഞങ്ങളെ നശിപ്പിക്കുകയും അരുത്. അത്തരം അവസ്ഥക്കു മുമ്പായി നീ ഞങ്ങളെ നിന്റെ സംരക്ഷണത്തില്‍ എടുക്കേണമേ) എന്നും നബി(സ) പ്രാര്‍ഥിക്കാറുണ്ട്.
തീപ്പിടുത്തമുണ്ടായാല്‍ പെട്ടെന്ന് അതണയ്ക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ഒപ്പം അല്ലാഹു അക്ബര്‍ എന്ന് പറഞ്ഞുകൊണ്ടിരിക്കുകയും വേണം. നബി(സ) അരുളുന്നു: 'തീപ്പിടിത്തം കണ്ടാല്‍ അല്ലാഹു അക്ബര്‍ എന്നുച്ചരിക്കണം. തക്ബീര്‍ തീയെ കെടുത്തിക്കളയുന്നതാണ്.'
ഭയവും പരിഭ്രാന്തിയും അധികരിക്കുമ്പോള്‍ സുബ്ഹാനല്ലാഹില്‍ മലികില്‍ ഖുദ്ദൂസി റബ്ബല്‍ മലാഇകതി വര്‍റൂഹി ജല്ലല്‍തസ്സമാവാതി വല്‍അര്‍ദ ബില്‍ ഇസ്സത്തി വല്‍ ജബ്‌റൂത് (ന്യൂനതകളില്‍നിന്ന് മുക്തനായ യഥാര്‍ഥ ഉടമസ്ഥന്‍ പരിശുദ്ധനായിരിക്കുന്നു. മലക്കുകളുടെയും ജിബ്‌രീലിന്റെയും രക്ഷിതാവേ, ആകാശത്തിലും ഭൂമിയിലും നിന്റെ പ്രതാപത്തിന്റെയും ആധിപത്യത്തിന്റെയും ഛായയാണ് പരന്നിരിക്കുന്നത്) എന്നും പ്രാര്‍ഥിക്കണം. തന്റെ ആധിയെയും വ്യഥയെയും സംബന്ധിച്ച് പ്രവാചക(സ)നോട് ആവലാതിപ്പെട്ട ഒരാളോട് ഈ പ്രാര്‍ഥന ഉരുവിടാനാണ് അവിടുന്ന് കല്‍പിച്ചത്.. 

വിവ: റഫീഖുര്‍റഹ്മാന്‍, മൂഴിക്കല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (72-73)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആരോഗ്യമുള്ളപ്പോള്‍ ദാനം ചെയ്യുക
അബ്ദുസ്സമദ് കൂട്ടിലങ്ങാടി