Prabodhanm Weekly

Pages

Search

2020 ജനുവരി 31

3137

1441 ജമാദുല്‍ ആഖിര്‍ 06

കണ്ടെടുക്കണം തമസ്‌കരിക്കപ്പെട്ട ആ ഏടുകള്‍

ഉര്‍ദുവില്‍ 'യക്ജിഹത്തി' എന്നു പറഞ്ഞാല്‍ ഒരേ ദിശയിലുള്ള സഞ്ചാരമാണ്. ഇന്നത് വളരെ പ്രധാനപ്പെട്ട ഒരു രാഷ്ട്രമീമാംസാ സംജ്ഞയാണ്. ഒരേ നാട്ടില്‍ ജീവിക്കുന്ന ഒരു സമൂഹം; അവരില്‍ വിവിധ മതക്കാരുണ്ട്, ഭാഷക്കാരുണ്ട്, വൈവിധ്യമാര്‍ന്ന രാഷ്ട്രീയ-സാംസ്‌കാരിക കാഴ്ചപ്പാടുകള്‍ വെച്ചു പുലര്‍ത്തുന്നവരുണ്ട്. ഈ ഭിന്നതകളെയും വൈവിധ്യങ്ങളെയും അംഗീകരിച്ചുകൊണ്ടും മാനിച്ചുകൊണ്ടും അവര്‍ ഒരൊറ്റ രാഷ്ട്രമായി നിലകൊള്ളുകയും ഒറ്റക്കെട്ടായി ഒരേ ദിശയിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നു. പാശ്ചാത്യര്‍ മുന്നോട്ടു വെക്കുന്ന 'നാഷന്‍' എന്ന സങ്കല്‍പവും ഏറക്കുറെ ഇതേ അര്‍ഥത്തിലുള്ളതാണ്. അതുതന്നെയാണ് ദേശീയ ഉദ്ഗ്രഥനവും. ഒരേ നാട്ടില്‍ ജീവിക്കുന്ന വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വളര്‍ന്നു വന്നേക്കാവുന്ന വെറുപ്പും വിദ്വേഷവും ഇല്ലാതാക്കി പൊതുലക്ഷ്യങ്ങള്‍ക്കു വേണ്ടി എല്ലാവരെയും അണിനിരത്തുന്ന വിശാലമായ കാഴ്ചപ്പാടാണ് ദേശീയോദ്ഗ്രഥനം മുന്നോട്ടു വെക്കുന്നത്. നമ്മുടെ ഭരണഘടനയുടെ അന്തസ്സത്തയും മറ്റൊന്നല്ല.
ഈ ഒരുമയും ഐക്യവും എങ്ങനെ തകര്‍ക്കാം എന്നാണ് ഇന്ന് കേന്ദ്രം ഭരിക്കുന്ന കക്ഷി ആലോചിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത കാലത്ത് അവര്‍ ചുട്ടെടുത്ത കരിനിയമങ്ങളെല്ലാം വര്‍ഗീയതയും വിഭാഗീയതയും മണക്കുന്നതാണ്. തങ്ങളുടെ വര്‍ഗീയ അജണ്ടകളെ ന്യായീകരിക്കാന്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡം നൂറ്റാണ്ടുകളോളം ഭരിച്ച മുസ്‌ലിം ഭരണകര്‍ത്താക്കള്‍ ഇവിടത്തെ ഹിന്ദു ജനവിഭാഗങ്ങളെ അടിച്ചമര്‍ത്തിയെന്നും മതം മാറ്റാന്‍ ശ്രമിച്ചുവെന്നുമൊക്കെയുള്ള പച്ചക്കള്ളങ്ങള്‍ അവര്‍ തട്ടിവിടുകയും ചെയ്യും. വര്‍ഗീയ അജണ്ടകള്‍ക്ക് ഇന്ധനം നല്‍കുന്നത് ഇത്തരം കുപ്രചാരണങ്ങളായതിനാല്‍, സത്യാവസ്ഥ തുറന്ന് കാണിക്കേണ്ടത് വളരെ അനിവാര്യമായിരിക്കുന്നു. മറ്റേത് രാജാക്കന്മാരെപ്പോലെ തന്നെയായിരുന്നു മുസ്‌ലിം രാജാക്കന്മാരും. അധികാര വ്യാപ്തി വര്‍ധിപ്പിക്കുന്നതിനും ഭൂപ്രദേശങ്ങള്‍ വെട്ടിപ്പിടിക്കുന്നതിനും അവര്‍ വിവിധ മതക്കാരായ രാജാക്കന്മാരോട് യുദ്ധം ചെയ്തിട്ടുണ്ട്. അവര്‍ പരസ്പരവും യുദ്ധം ചെയ്തിട്ടുണ്ട്. അതാണ് കൂടുതലും. മതവുമായോ മതപ്രചാരണവുമായോ ആ യുദ്ധങ്ങള്‍ക്ക് ഒരു ബന്ധവുമില്ല. മറ്റു രാജാക്കന്മാരെപ്പോലെ മുസ്‌ലിം രാജാക്കന്മാരും ഏകാധിപതികളായിരുന്നെങ്കിലും തങ്ങളുടെ അധികാരം നിലനിര്‍ത്താന്‍ എല്ലാ വിഭാഗം ജനങ്ങളുമായും സഹവര്‍ത്തിത്വത്തിലും സൗഹൃദത്തിലും കഴിഞ്ഞാലേ സാധ്യമാവൂ എന്നവര്‍ മനസ്സിലാക്കിയിരുന്നു. ആരെയും അവര്‍ മതം മാറാന്‍ നിര്‍ബന്ധിച്ചിട്ടില്ല. അങ്ങനെയായിരുന്നെങ്കില്‍ ഇന്ത്യയുടെ ജനസംഖ്യാ അനുപാതം ഈ വിധത്തിലാകുമായിരുന്നില്ലല്ലോ. ഖുലഫാഉര്‍റാശിദുകളുടെ കാലം മുതല്‍ക്കേയുള്ള മുസ്‌ലിം പാരമ്പര്യമായിരുന്നു, ഏതു മതവിശ്വാസികള്‍ക്കും അവരുടെ മതം അനുസരിച്ച് ജീവിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം നല്‍കുക എന്നത്. ആ പാരമ്പര്യം ഏറക്കുറെ ഇന്ത്യയിലെ മുസ്‌ലിം രാജാക്കന്മാരും പിന്തുടരുകയാണുണ്ടായത്. അവര്‍ ബ്രിട്ടീഷുകാര്‍ ചെയ്തതുപോലെ ഇന്ത്യയിലെ സമ്പത്ത് കൊള്ള ചെയ്ത് ജന്മനാട്ടിലേക്ക് കൊണ്ടുപോയിട്ടില്ല. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും തിമിര്‍ത്താടിയിരുന്ന ഇന്ത്യന്‍ സാമൂഹികാന്തരീക്ഷത്തിലേക്ക് മനുഷ്യസമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഉദാത്തമായ സന്ദേശം പ്രചരിപ്പിച്ചതും മുസ്‌ലിം ഭരണകാലമായിരുന്നു എന്ന് ചരിത്രം പറഞ്ഞുതരും. ഈ ചരിത്രമൊക്കെ അതിന്റെ തെളിമയോടെ കണ്ടെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ട സന്ദര്‍ഭമാണിത്.
അതുപോലെത്തന്നെയാണ് ഇന്ത്യയിലെ കൊളോണിയല്‍വിരുദ്ധ പോരാട്ടങ്ങളിലും സ്വാതന്ത്ര്യ സമരത്തിന്റെ വിവിധ ഘട്ടങ്ങളിലും മുസ്‌ലിം നേതാക്കളും പണ്ഡിതന്മാരും പൊതുജനവും വഹിച്ച നേതൃപരമായ പങ്കും. പക്ഷേ മുഖ്യധാരാ ചരിത്രകൃതികളില്‍ ഇതത്രയും ഇപ്പോഴും തമസ്‌കരിക്കപ്പെട്ടിരിക്കുകയാണ്. അതില്‍ മനംനൊന്താണ് മുഹമ്മദ് സല്‍മാന്‍ മന്‍സൂര്‍പൂരി 'ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ മുസ്‌ലിം പണ്ഡിതന്മാരുടെയും പൊതുജനങ്ങളുടെയും പങ്ക്' (തഹ്‌രീകെ ആസാദി ഹിന്ദ് മേം മുസ്‌ലിം ഉലമാ ഔര്‍ അവാം ക കിര്‍ദാര്‍) എന്ന പുസ്തകമെഴുതിയത്. സയ്യിദ് അഹ്മദ് ശഹീദ് (1786-1831) മുതല്‍ മുഹമ്മദ് ഖാസിം ഷാജഹാന്‍പൂരി (1901-1976) വരെയുള്ള എത്രയെത്ര പണ്ഡിത പോരാളികളെയാണ് ഇന്ത്യയിലെ മുസ്‌ലിം സമൂഹം സംഭാവന ചെയ്തത്! ആ ചരിത്രം യഥാവിധി രേഖപ്പെടുത്തി പൊതുസമൂഹത്തില്‍ എത്തിക്കാനായാല്‍ മുസ്‌ലിം വിദ്വേഷപ്രചാരണത്തെ തടുക്കാന്‍ അത് വലിയ തോതില്‍ പ്രയോജനപ്പെടും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (72-73)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആരോഗ്യമുള്ളപ്പോള്‍ ദാനം ചെയ്യുക
അബ്ദുസ്സമദ് കൂട്ടിലങ്ങാടി