Prabodhanm Weekly

Pages

Search

2020 ജനുവരി 31

3137

1441 ജമാദുല്‍ ആഖിര്‍ 06

സ്വയം ശാക്തീകരിക്കുകയാണ് ഇന്ത്യന്‍ മുസ്‌ലിംകളുടെ മുമ്പിലുള്ള വഴി

ഡോ. അഹ്മദ് റയ്‌സൂനി/കെ.എം അശ്‌റഫ്

രാഷ്ട്രനിര്‍മാണം മുസ്‌ലിമിന്റെ ബാധ്യതയില്‍പെട്ടതല്ല എന്ന് താങ്കള്‍ പറഞ്ഞു എന്ന് ചൂണ്ടിക്കാട്ടി ചിലരത് വിവാദമാക്കുകയുണ്ടായല്ലോ. താങ്കള്‍ക്ക് അങ്ങനെ അഭിപ്രായമുണ്ടോ?

ഞാന്‍ ആഗോള മുസ്‌ലിം പണ്ഡിത സമിതിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ചിലര്‍ എന്റെ ചില പഴയ ലേഖനങ്ങളും വീഡിയോകളുമൊക്കെ പൊടിതട്ടിയെടുക്കുന്നുണ്ട്. അതൊക്കെ ഞാനിപ്പോള്‍ പറഞ്ഞതാണെന്ന മട്ടില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. രാഷ്ട്രത്തെക്കുറിച്ച്, അതിന്റെ മുന്‍ഗണനയെക്കുറിച്ചൊക്കെ ഞാനതില്‍ സംസാരിക്കുന്നുണ്ട്. പക്ഷേ ഖിലാഫത്തിനെക്കുറിച്ച് എനിക്ക് ഭിന്നമായ അഭിപ്രായമാണുള്ളത്. അതായിരിക്കാം ഒരുപക്ഷേ പ്രതിയോഗികള്‍ വിവാദമാക്കുന്നത്. ചിലരുടെ ഖിലാഫത്ത് സങ്കല്‍പനങ്ങളെയാണ് ഞാന്‍ ചോദ്യം ചെയ്യുന്നത്. ഒറ്റ നേതാവിനു കീഴില്‍ ഒരൊറ്റ രാഷ്ട്രം മുസ്‌ലിം സമൂഹത്തിന് എന്ന വാദം അവര്‍ മുന്നോട്ടുവെക്കുന്നു. ഇത് സമകാലിക രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളുമായി ഒരിക്കലും ചേര്‍ന്നുപോവുകയില്ല. ഇങ്ങനെയൊരു ആഗോള സങ്കല്‍പം മുന്നോട്ടുവെക്കുന്നവര്‍ അങ്ങനെയൊരു വ്യവസ്ഥ ആദ്യം സ്വന്തം നാട്ടില്‍ കൊണ്ടുവരാന്‍ ശ്രമിക്കട്ടെ. എന്നിട്ട് തൊട്ടടുത്ത നാടുകളിലേക്കും പിന്നെയുള്ള നാടുകളിലേക്കും തിരിയാം.
പക്ഷേ, ഖിലാഫത്ത് എന്നു പറയുമ്പോള്‍ ഇപ്പോള്‍ പൊതുവെ അര്‍ഥമാക്കാറുള്ളത് 1924-ല്‍ അന്ത്യം കുറിക്കപ്പെട്ട ഉസ്മാനിയ്യ ഖിലാഫത്ത് പോലെയുള്ള ഒരു സംവിധാനത്തെയാണ്. അതിനു മുമ്പ് അബ്ബാസിയ്യ ഖിലാഫത്തായിരുന്നു. ഇങ്ങനെ ഒരൊറ്റ ഭരണ സംവിധാനമെന്നത് ഇന്നത്തെ കാലത്ത് യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്ത ഒന്നാണ്. ഇപ്പോഴോ സമീപഭാവിയിലോ അങ്ങനെയൊന്ന് സാധ്യമാവും എന്ന് കരുതുന്നത് മിഥ്യാധാരണ മാത്രമാണ്. ഒരൊറ്റ രാഷ്ട്രം എന്നത് ഖുലഫാഉര്‍റാശിദുകളുടെ കാലത്ത് മാത്രം സംഭവിച്ചിട്ടുള്ള ഒന്നാണ്. അബ്ബാസികള്‍ ഭരിച്ചുകൊണ്ടിരിക്കെ തന്നെ അന്‍ദലുസില്‍/ സ്‌പെയിനില്‍ പുതിയൊരു രാഷ്ട്ര സംവിധാനം ഉയര്‍ന്നുവന്നിരുന്നു. അത് തീര്‍ത്തും സ്വതന്ത്രമായിരുന്നു. ഒരു ഉമവീ ഭരണകൂടം. പിന്നെ വടക്കനാഫ്രിക്ക, ഇന്ത്യ, അഫ്ഗാനിസ്താന്‍, ഇറാന്‍ തുടങ്ങിയ വിവിധ ഭൂപ്രദേശങ്ങളില്‍ വെവ്വേറെ ഭരണകൂടങ്ങള്‍ നിലവില്‍ വന്നു. അബ്ബാസികളുടെ കാലത്തു തന്നെ ഒരൊറ്റ നേതാവിനു കീഴിലുള്ള ഭരണം അസംഭവ്യമായിക്കഴിഞ്ഞിരുന്നു.
അന്നത് അസംഭവ്യമായിത്തീര്‍ന്നതിനു പിന്നില്‍ ആഭ്യന്തര കാരണങ്ങളാണുണ്ടായിരുന്നത്. ഇന്ന് ഏക നേതാവിനു കീഴില്‍ ഒരൊറ്റ ഭരണം എന്ന കാഴ്ചപ്പാട് പ്രായോഗികമല്ലെന്ന് പറയാന്‍ ആഭ്യന്തര കാരണങ്ങള്‍ക്കൊപ്പം ബാഹ്യ കാരണങ്ങളുമുണ്ട്. അപ്പോള്‍ മുസ്‌ലിം സമൂഹങ്ങളെയും രാഷ്ട്രങ്ങളെയും പരസ്പരം അടുപ്പിക്കാനുള്ള ശ്രമങ്ങളാണ് നാം നടത്തേണ്ടത്. ഈയടുത്ത് ക്വലാലമ്പൂരില്‍ നടന്ന ഉച്ചകോടി അത്തരമൊരു ശ്രമമായിരുന്നു. അഥവാ, സാഹോദര്യവും സൗഹൃദവും മെച്ചപ്പെടുത്താനുള്ള നീക്കങ്ങള്‍. ഇപ്പോള്‍ മൂന്ന് രാഷ്ട്രങ്ങളാണ് അതിന് തുനിഞ്ഞിറങ്ങിയതെങ്കില്‍, ഇനിയുമതിന്റെ വിപുലനമുണ്ടാകുമെന്ന് നാം പ്രതീക്ഷിക്കുന്നു. അങ്ങനെ ഒറ്റക്കെട്ടായി നീങ്ങുന്നു എന്നതിനര്‍ഥം ആ രാഷ്ട്രങ്ങള്‍ക്കെല്ലാം കൂടി ഒരൊറ്റ ഭരണാധികാരി മതി എന്നല്ലല്ലോ. അത് അസാധ്യമാണ്. നിലപാടുകളിലും സമീപനങ്ങളിലും ഈ രാഷ്ട്രങ്ങള്‍ സമാനത പുലര്‍ത്തുകയും ഒന്നിച്ചുനീങ്ങുകയും ചെയ്യുമ്പോള്‍, അത് ഇസ്‌ലാമികൈക്യത്തിലേക്കുള്ള ഒരു വലിയ ചുവടുവെപ്പായി മാറുന്നു.

തജ്ദീദിനെ/പരിഷ്‌കരണത്തെക്കുറിച്ച് താങ്കള്‍ ധാരാളമായി എഴുതുന്നുണ്ട്. എന്താണ് ഫിഖ്ഹിലെ, ഫിഖ്ഹ് നിദാനതത്ത്വങ്ങളിലെ, പാഠ്യപദ്ധതികളിലെ, ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളിലെ തജ്ദീദ്?

ഓരോ കാലത്തിനും അതിന്റേതായ നിയമവിധികളുണ്ട്, ഓരോ പ്രദേശത്തിനും അതിന്റെ അവസ്ഥാ വിശേഷങ്ങള്‍ക്കും സ്വന്തമായ ശബ്ദവും രീതിയുമുണ്ട് എന്നാണ് പൊതുവെ പറഞ്ഞാല്‍ തജ്ദീദ്. ഓരോ കാലവും ദേശവും അതിന്റേതായ നിയമവിധികള്‍ തേടുന്നുണ്ട്. ഋതുക്കള്‍ മാറിവരുമ്പോള്‍ നാം ധരിക്കുന്ന വസ്ത്രങ്ങളില്‍ മാറ്റം വരുത്താറില്ലേ? ശൈത്യകാലത്ത് ധരിക്കുന്നതല്ല ഉഷ്ണകാലത്ത് ധരിക്കുക. കമ്പോളത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് കച്ചവടക്കാരുടെ സംസാരങ്ങളില്‍ മാറ്റമുണ്ടാവില്ലേ? ഇങ്ങനെ ജീവിതം തന്നെ മൊത്തം വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതേസമയം ജീവിതത്തില്‍ മാറുന്നവ(മുതഗയ്യിറാത്ത്)യും മാറാത്തവ(സവാബിത്)യും ഉണ്ട്. മാറുന്നവയുടെ ലോകം പ്രവിശാലമാണ്. മാറാത്തവ കുറഞ്ഞ കാര്യങ്ങളേയുള്ളൂ. പക്ഷേ അവ അടിസ്ഥാന വിശ്വാസങ്ങളും മൂല്യങ്ങളുമൊക്കെയായിരിക്കും. ധാര്‍മികതയും സദാചാരവുമൊക്കെ ഈ അടിസ്ഥാനമൂല്യങ്ങളുടെ ഭാഗമാണ്. വ്യക്തിജീവിതത്തിനും സാമൂഹിക ജീവിതത്തിനുമൊക്കെ വഴികാട്ടുന്നത് ഈ സ്ഥിരമൂല്യങ്ങളായിരിക്കും. ഇവ സംബന്ധമായ വിധികള്‍ ഒരുകാലത്തും മാറുകയില്ല.
അതേസമയം വിവിധതരം ബന്ധങ്ങള്‍, കര്‍മനിര്‍വഹണത്തിന് നാം സ്വീകരിക്കുന്ന വഴികള്‍, മാധ്യമങ്ങള്‍, ഉപാധികള്‍ ഇവയെല്ലാം മാറ്റത്തിനു വിധേയമാണ്. ഇസ്‌ലാമിക ഫിഖ്ഹിലും പ്രസ്ഥാനത്തിലുമൊക്കെ ഇത്തരം ഉപാധികളും കര്‍മം ചെയ്യാനുള്ള ഉപകരണങ്ങളും മാറിക്കൊണ്ടിരിക്കും; ആ മാറ്റത്തിനനുസരിച്ച് അവ സംബന്ധമായ വിധികളിലും മാറ്റമുണ്ടാവും. ഉമറുബ്‌നു അബ്ദില്‍ അസീസ് പറഞ്ഞതായി ഉദ്ധരിക്കപ്പെട്ട പ്രശസ്തമായ ഒരു വാക്യമുണ്ട്: 'ജനം ചെയ്തുകൂട്ടുന്ന തിന്മകള്‍ക്കനുസരിച്ച് പുതിയ നിയമവിധികള്‍ ആവിര്‍ഭവിച്ചുകൊണ്ടിരിക്കും'. അതായത് തിന്മകള്‍ പെരുകുമ്പോള്‍ ഭരണാധികാരി, അല്ലെങ്കില്‍ പണ്ഡിതന്‍ പുതിയ നിയമാവിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ നിര്‍ബന്ധിതനാകും. മുമ്പൊന്നും അത്തരം നിയമങ്ങള്‍ ഉണ്ടായിരുന്നിട്ടുണ്ടാവില്ല. ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ ജീവിതത്തില്‍നിന്നു തന്നെ ഒരു സംഭവം ഉദ്ധരിക്കാം. ഖലീഫയാകുന്നതിനു മുമ്പ് അദ്ദേഹം മദീനയുടെ ഗവര്‍ണറായിരുന്നു. ആ കാലത്ത് കേസില്‍ വിധി കല്‍പിക്കേണ്ടിവരുമ്പോള്‍ ഒരാള്‍ സാക്ഷ്യവും വാദിയുടെ സത്യം ചെയ്യലും അദ്ദേഹം അംഗീകരിച്ചിരുന്നു. അദ്ദേഹം ഖലീഫയാവുകയും ആസ്ഥാനമായ ശാമിലേക്ക് പോവുകയും ചെയ്തപ്പോള്‍ ഈ നിലപാട് അദ്ദേഹം മാറ്റി. ശാമിലെ/ സിറിയയിലെ ജനങ്ങള്‍ അത്ര ധര്‍മനിഷ്ഠയുള്ളവരല്ല എന്നു കണ്ടതിനാല്‍, സാക്ഷിയായി ഒരാള്‍ പോരാ എന്ന് അദ്ദേഹം വിധിച്ചു. സാക്ഷികള്‍ ഒന്നിലധികം വേണം. ജനം അധര്‍മികളായി മാറുമ്പോള്‍ അവരുടെ സാക്ഷ്യംതന്നെ സ്വീകാര്യമല്ലാതായി വരും. അപ്പോള്‍ സാക്ഷ്യത്തിന് പകരമായി രേഖകള്‍ ആവശ്യപ്പെടേണ്ടിവരും. ഇത്തരം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കും. എല്ലാ മദ്ഹബുകളിലും ഇത്തരം മാറ്റങ്ങള്‍ക്ക് ഇടമുള്ളതായി നാം കാണുന്നു. 'കാലം ദുഷിച്ചതുകൊണ്ട്' എന്നാണവര്‍ അതിനു കാരണമായി പറയുക. ഈ ജീര്‍ണത കാരണം പലതും അവര്‍ക്ക് ഹറാമാക്കേണ്ടിവരുന്നു, തടയേണ്ടിവരുന്നു.
ആദമിനെയും ഭാര്യയെയും അല്ലാഹു ആകാശഭൂമികളുടെ വിശാലതയുള്ള സ്വര്‍ഗത്തില്‍ താമസിപ്പിച്ചപ്പോള്‍ അവരോട് ചെയ്യരുത് എന്നു പറഞ്ഞത് ഒരൊറ്റ കാര്യമായിരുന്നു. ബാക്കിയെല്ലാം അനുവദനീയമായിരുന്നു. അവരെ ഭൂമിയിലേക്ക് താമസിക്കാനയച്ചപ്പോള്‍ കുറച്ചധികം നിയമങ്ങളുണ്ടായി; വിലക്കുകളുണ്ടായി. ഈ നിയമങ്ങളും വിലക്കുകളും വര്‍ധിച്ചുകൊണ്ടുമിരുന്നു. ജീവിതം കൂടുതല്‍ സങ്കീര്‍ണമാകുമ്പോള്‍, കുറ്റകൃത്യങ്ങള്‍ പെരുകുമ്പോള്‍ പുതിയ നിയമങ്ങള്‍ ആവിഷ്‌കരിക്കേണ്ടിവരും. ഇത്തരം മാറ്റങ്ങളോട് ഒരിക്കലും നമുക്ക് പുറംതിരിഞ്ഞിരിക്കാനാവില്ല. അതുകൊണ്ടാണ് കഴിഞ്ഞുപോയ നമ്മുടെ പാരമ്പര്യത്തിലെ മഹാ പണ്ഡിതന്മാര്‍, തങ്ങളുടെ വാക്കുകള്‍ക്ക് വിശുദ്ധിയുടെ പരിവേശം അണിയിക്കരുത് എന്നു പറഞ്ഞത്. തങ്ങള്‍ പറഞ്ഞതു മാത്രമാണ് ശരിയും ഇസ്‌ലാമികവും എന്ന് ചിലര്‍ പറയും. തങ്ങള്‍ പറയുന്നതെന്തോ അതാണ് അല്ലാഹുവിന്റെ വിധികള്‍ എന്നു വാദിക്കും. ഭരണാധികാരിയെ തെരഞ്ഞെടുക്കേണ്ടത് ആജീവനാന്തമാണ് എന്ന് ശഠിക്കും. ഇതൊക്കെയും മനുഷ്യവചനങ്ങള്‍ക്ക് വിശുദ്ധി ചാര്‍ത്തിക്കൊടുക്കലാണ്. ഭരണാധികാരിയെ എത്ര കാലത്തേക്കാണ് തെരഞ്ഞെടുക്കേണ്ടത് എന്ന് ജനം ഓരോ കാലത്തും തീരുമാനിക്കുകയാണ്. അവരുടെ ഭരണകാലാവധി സന്ദര്‍ഭമനുസരിച്ച് കുറക്കുകയോ കൂട്ടിനല്‍കുകയോ ഒക്കെ ചെയ്യാം. ഓരോ വര്‍ഷവും ഭരണാധികാരിയെ തെരഞ്ഞെടുക്കണം എന്ന തീര്‍പ്പിലാണ് ജനം എത്തുന്നതെങ്കില്‍ ആ തീരുമാനമാണ് നടപ്പാക്കേണ്ടത്. പക്ഷേ, ചില ഇസ്‌ലാമിക ചിന്തകരും പണ്ഡിതന്മാരും ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയുകയും അതാണ് ദൈവിക വിധിയെന്ന് ശാഠ്യം പിടിക്കുകയുമാണ്. സ്വന്തം അഭിപ്രായങ്ങളെ അവര്‍ വിശുദ്ധവത്കരിക്കുകയാണ്. പ്രവാചകന്‍ ഒരു ദൗത്യ സംഘത്തെ നിയമിക്കുമ്പോള്‍, അതിന്റെ നേതാവിനോട് പ്രത്യേകം പറയും, വഴിയില്‍ വെച്ച് ഏതൊരു തീരുമാനമെടുക്കേണ്ടിവന്നാലും അത് താങ്കളുടെ തീരുമാനമാണ്, അല്ലാഹുവിന്റെ തീരുമാനമല്ല എന്ന്. താനെടുക്കുന്നതു തന്നെയാണ് ദൈവിക തീരുമാനം എന്ന് എങ്ങനെയാണ് അദ്ദേഹത്തിന് പറയാനാവുക? 'ഇത് ദൈവിക വിധിയാണ്' എന്ന് അതിനെപ്പറ്റി പറയരുത്. കാരണം ദൗത്യസംഘത്തിന്റെ നേതാവ് അവര്‍ അഭിമുഖീകരിച്ച ഒരു പുതിയ പ്രശ്‌നത്തിലാണ് തീരുമാനമെടുക്കുന്നത്. ഇതുപോലൊരു പ്രശ്‌നം മുമ്പ് ഉണ്ടായിട്ടില്ല. അതിനാലത് വ്യക്തിപരമായ അഭിപ്രായവും തീരുമാനവുമാണ്. പ്രമാണങ്ങളില്‍ വ്യക്തമായി പറഞ്ഞതിനെ മാത്രമേ ദൈവിക വിധിതീര്‍പ്പ് എന്നു പറയാനാവൂ. അല്ലെങ്കില്‍ ആ വിഷയത്തില്‍ പണ്ഡിത സമൂഹത്തിന്റെ അഭിപ്രായ സമന്വയം (ഇജ്മാഅ്) ഉണ്ടാവണം. നവീകരണവും പുതുക്കലും പുനര്‍വിചിന്തനവുമൊക്കെ വേണ്ടിവരും മറ്റുള്ള വിശാല മേഖലകളില്‍.

വിദ്യാഭ്യാസ മേഖലയിലെ നവീകരണവും പുതുക്കലും എങ്ങനെയായിരിക്കണം?

സമൂഹത്തിന്റെ മുന്‍ഗണനകള്‍ എന്തോ അതു തന്നെയാണ് വിദ്യാഭ്യാസ മേഖലയിലും മുന്‍ഗണനകളായി വരേണ്ടത്. ഞാന്‍ എപ്പോഴും ഓര്‍മിപ്പിക്കാറുള്ള ഒരു കാര്യമുണ്ട്. പാഠശാലകളില്‍ പഠിപ്പിക്കപ്പെടുന്ന വിഷയങ്ങള്‍ക്ക് നമ്മുടെ നിത്യജീവിതവുമായി ബന്ധം വേണം. ആര്‍ജിച്ചെടുക്കുന്ന അറിവുകള്‍ക്ക് അതതു കാലങ്ങളില്‍ കര്‍മാവിഷ്‌കാരങ്ങള്‍ ഉണ്ടാകണം. ഇപ്പറഞ്ഞത് എല്ലാ ഇസ്‌ലാമിക വിഷയങ്ങള്‍ക്കും ബാധകമാണ്. നമ്മുടെ കഴിവുറ്റ എത്രയെത്ര പണ്ഡിതന്മാരും അധ്യാപകരുമാണ് നിത്യജീവിതവുമായി, സംഭവലോകവുമായി ഒരു ബന്ധവുമില്ലാത്ത വിഷയങ്ങള്‍ പഠിപ്പിക്കാന്‍ തങ്ങളുടെ സമയവും അധ്വാനവും വിനിയോഗിച്ചുകൊണ്ടിരിക്കുന്നത്! ഏതോ കാലത്ത് എഴുതപ്പെട്ട ഏടുകളാണ് അവര്‍ പഠിക്കുകയും പഠിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത്. ഇതൊക്കെ പഠിച്ചെടുക്കാന്‍ വിദ്യാര്‍ഥികളും അവരുടെ സമയം വിനിയോഗിക്കുന്നു. നാം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്; എന്താണ് നമ്മുടെ സമൂഹം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വെല്ലുവിളികള്‍? അവ മുന്‍നിര്‍ത്തി ഏതിനൊക്കെയാവണം മുന്‍ഗണന നല്‍കുന്നത്? വിദ്യാഭ്യാസ സ്ട്രാറ്റജിയും സിലബസുമൊക്കെ രൂപപ്പെടേണ്ടത് ഇതിന്റെ അടിസ്ഥാനത്തിലാവണം. പഠനരീതികളിലും കാലാനുസൃതമായ മാറ്റങ്ങള്‍ വരണം. നബിയുടെ കാലത്ത് നബിയുടെ ചുറ്റും, അല്ലെങ്കില്‍ പ്രമുഖനായ ഏതെങ്കിലും സ്വഹാബിയുടെ ചുറ്റും മണലില്‍ ചമ്രംപടിഞ്ഞിരുന്നാണ് ആളുകള്‍ വിദ്യ നേടിയിരുന്നത്. പഠനോപകരണങ്ങള്‍ എന്നു പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല. ഇന്ന് എന്തെല്ലാം സംവിധാനങ്ങളാണ്! യൂനിവേഴ്‌സിറ്റികള്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍.... പൊതു താല്‍പര്യങ്ങളില്‍ (മസ്വാലിഹ് മുര്‍സല) ഇത്തരം നവീകരണങ്ങളും മുറക്ക് നടക്കണം. ഇതൊക്കെയും അല്ലാഹു വിശാലമാക്കിത്തന്ന മേഖലകളാണ്. അവയെ നാം ഇടുക്കമുള്ളതാക്കി മാറ്റാതിരിക്കുക.

ഈജിപ്തില്‍ അധികാരം പിടിച്ചെടുത്ത അബ്ദുല്‍ ഫത്താഹ് സീസിയെ ന്യായീകരിച്ചുകൊണ്ട്, 'ഞങ്ങള്‍ രണ്ട് ഉപദ്രവങ്ങളില്‍ ഏറ്റവും ലഘുവായത് (അഖഫ്ഫുള്ളര്‍റയ്ന്‍) സ്വീകരിച്ചിരിക്കുകയാണ്' എന്ന് അല്‍ അസ്ഹര്‍ റെക്ടര്‍ അഹ്മദ് ത്വയ്യിബ് പറയുകയുണ്ടായി. താങ്കളതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. സ്വേഛാധിപത്യത്തെയും മറ്റും ന്യായീകരിക്കാന്‍ ഇസ്‌ലാമിക സംജ്ഞകളെ കൂട്ടുപിടിക്കുകയല്ലേ ഇവിടെ?

രണ്ട് ഉപദ്രവങ്ങളില്‍ ഏറ്റവും ലഘുവായത് സ്വീകരിക്കുക എന്നത് തര്‍ക്കമറ്റ ഒരു തത്ത്വം തന്നെയാണ്. ഇതേ ആശയം പ്രതിഫലിപ്പിക്കുന്ന വേറെയും അംഗീകൃത സംജ്ഞകളുണ്ട്. അവക്കും പൊതു സ്വീകാര്യതയുണ്ട്. ഇത്തരം സംജ്ഞകളെ അനവസരത്തില്‍ എടുത്ത് പ്രയോഗിക്കുന്നു എന്നതാണ് പ്രശ്‌നം. ഖുര്‍ആനിക സൂക്തങ്ങളെ വരെ ഇങ്ങനെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് പ്രയോഗിക്കാം. ഞാന്‍ മനസ്സിലാക്കുന്നത്, ശൈഖ് അഹ്മദ് ത്വയ്യിബ് തനിക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ്. തുടക്കത്തില്‍ അദ്ദേഹത്തിന് ഈ ബോധമുണ്ടായിരുന്നോ, തനിക്ക് ഇഷ്ടമില്ലാത്ത ഒരു പക്ഷത്തെപ്പറ്റി അദ്ദേഹമിത് മനപ്പൂര്‍വം പറഞ്ഞതാണോ തുടങ്ങിയ ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ അധികാരത്തില്‍ തുടര്‍ന്നാല്‍ വന്‍ നാശങ്ങള്‍ക്കത് കാരണമാകുമെന്ന് അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഈജിപ്ഷ്യന്‍ സൈനിക നേതൃത്വത്തിന് കഴിഞ്ഞു. പക്ഷേ ഇപ്പോള്‍ അദ്ദേഹം പഴയ നിലപാടിലല്ല. സൈനിക നേതൃത്വവുമായുള്ള തന്റെ വിയോജിപ്പുകള്‍ അദ്ദേഹം തുറന്നു പ്രകടിപ്പിച്ചുകഴിഞ്ഞു. നിയമപരമായി അദ്ദേഹത്തെ റെക്ടര്‍ സ്ഥാനത്തു നിന്ന് പുറത്താക്കാന്‍ സൈനിക നേതൃത്വത്തിന് കഴിയില്ല. ഒന്നുകില്‍ റെക്ടര്‍ മരിക്കണം, അല്ലെങ്കില്‍ സ്വമേധയാ അദ്ദേഹം സ്ഥാനമൊഴിയണം. ഏതായാലും ഇപ്പോഴദ്ദേഹം നിലപാട് മാറ്റിയ സ്ഥിതിക്ക്, ആ വിഷയം ഏറെ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നു തോന്നുന്നു.

ആഗോള മുസ്‌ലിം പണ്ഡിത വേദിയുടെ അധ്യക്ഷനാണല്ലോ താങ്കള്‍. ഇന്ത്യയില്‍ ഏതുതരം പ്രവര്‍ത്തനങ്ങള്‍ക്കാണ് താങ്കള്‍ ഊന്നല്‍ കൊടുക്കുക?

ഖിലാഫത്തിനെപ്പറ്റി പറഞ്ഞ സന്ദര്‍ഭത്തില്‍, മിഥ്യാധാരണകളുടെ പിറകെ പോകരുതെന്ന് ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. യാഥാര്‍ഥ്യബോധമുള്ളവരാവണം നമ്മള്‍. അക്കാര്യം ഇവിടെയും ആവര്‍ത്തിക്കുകയാണ്. പ്രമുഖ സ്വൂഫി പണ്ഡിതന്‍ ഇബ്‌നു അത്വാഉല്ല അല്‍ ഇസ്‌കന്ദരി പറഞ്ഞ ഒരു വാക്യമുണ്ട്: 'ഒരു സന്ദര്‍ഭത്തില്‍ അല്ലാഹു വെളിപ്പെടുത്തിത്തന്നിട്ടില്ലാത്ത ഒന്ന് വെളിപ്പെടുത്തണമെന്ന് ഒരാള്‍ ആഗ്രഹിച്ചാല്‍ അവന്‍ വിവരക്കേടില്‍നിന്ന് മുക്തനായിട്ടില്ല.' നിലനില്‍ക്കുന്ന യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊണ്ടു വേണം നാം കര്‍മപരിപാടികള്‍ തയാറാക്കാന്‍. പരസ്പരം സംഘട്ടനത്തിലേര്‍പ്പെടുന്നതിനു പകരം സഹജീവനത്തിന്റെ വഴികളാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍, പ്രത്യേകിച്ച് അവരിലെ പണ്ഡിതന്മാര്‍ അന്വേഷിക്കേണ്ടത്. വൈവിധ്യങ്ങളെ അംഗീകരിക്കാന്‍ കഴിയണം. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സംഘടനാ ബഹുത്വത്തെപ്പറ്റി ഞാന്‍ വളരെ മുമ്പേ ഒരു ചെറു കൃതി എഴുതിയിട്ടുണ്ട്. അന്നത്തെ സാഹചര്യത്തില്‍ അങ്ങനെയൊരു കൃതി ആവശ്യമായിരുന്നു. പരസ്പരം ചേര്‍ന്നുനിന്നുകൊണ്ട് എങ്ങനെ മുന്നോട്ടുപോകാം എന്നാണതില്‍ വിശദീകരിക്കുന്നത്. അതിനാല്‍ ആഗോള മുസ്‌ലിം പണ്ഡിതസഭ ഇന്ത്യയിലെ ഇസ്‌ലാമിക പണ്ഡിതന്മാരെ മുഴുവന്‍ ഒരൊറ്റ സംഘടനക്കു കീഴില്‍ അണിനിരത്താന്‍ ഉദ്ദേശിക്കുന്നില്ല. ഇപ്പോള്‍ കേരളത്തില്‍ ഇത്തിഹാദുല്‍ ഉലമാ എന്ന പേരില്‍ ഒരു കൂട്ടായ്മ പ്രവര്‍ത്തിക്കുന്നുണ്ടല്ലോ. അതുപോലെ വേറെ പണ്ഡിത കൂട്ടായ്മകളുണ്ടെങ്കില്‍ അവരും അവരുടെ രീതിയില്‍ പ്രവര്‍ത്തിക്കട്ടെ. ഇവ തമ്മില്‍ സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും അന്തരീക്ഷമാണ് നിലനില്‍ക്കേണ്ടത്. പ്രശസ്തമായ ഒരു വാക്യമുണ്ടല്ലോ, 'യോജിപ്പുള്ള കാര്യങ്ങളില്‍ നമ്മള്‍ പരസ്പരം സഹകരിക്കും, ഭിന്നിപ്പുള്ള കാര്യങ്ങള്‍ നമ്മള്‍ പരസ്പരം ഒഴികഴിവ് പറയും.' നമ്മുടെ പണ്ഡിതന്മാര്‍ ഒരു കാര്യം മനസ്സിലാക്കണം; അവരെയാണ് മറ്റുള്ളവര്‍ പിന്തുടരേണ്ടത്. മറ്റുള്ളവരെ അവര്‍ പിന്തുടരുന്ന സ്ഥിതിയുണ്ടാവരുത്. അവര്‍ നേതാക്കളാണ്; ഏതെങ്കിലും സംഘടനയുടെ ബി.ടീം അല്ല. പണ്ഡിതന്മാര്‍ രാഷ്ട്രീയക്കാരുടെ പിണിയാളുകളായിപ്പോവുക എന്നതാണ് ഏറ്റവും വലിയ ദുരന്തം. പ്രവാചകന്മാരുടെ അനന്തരാവകാശികളെന്ന് വിശേഷിപ്പിക്കപ്പട്ടിട്ടുള്ള പണ്ഡിതന്മാര്‍ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ ആജ്ഞാനുവര്‍ത്തികളായിത്തീരുന്നതില്‍പരം ദുരന്തം മറ്റെന്തുണ്ട്!
പണ്ഡിതന്മാര്‍ സഹകരണത്തിന്റെ മേഖലകള്‍ വികസിപ്പിച്ചുകൊണ്ടുവരണം. പ്രാദേശികമായി സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയാണെങ്കില്‍ അത് എല്ലാ പണ്ഡിതന്മാര്‍ക്കും ഒന്നിച്ചിരിക്കാനുള്ള വേദിയായിത്തീരും. കൂടുതല്‍ അടുത്തറിയാനും തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാനും അത് സഹായകമാകും. മുന്‍കാലങ്ങളില്‍ രൂപപ്പെട്ട മദ്ഹബുകളെക്കുറിച്ച് ആലോചിച്ചുനോക്കുക. മദ്ഹബിന്റെ ഇമാമുകളിലാരും, നിങ്ങളുടെ മദ്ഹബ് ഉപേക്ഷിക്കൂ, ഞങ്ങളുടെ മദ്ഹബിലേക്കു വരൂ എന്ന് ജനങ്ങളോട് പറഞ്ഞിട്ടില്ല. ഈ മദ്ഹബുകളെല്ലാം ഇസ്‌ലാമിക സമൂഹത്തിനു വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും അവയെല്ലാം സന്മാര്‍ഗ പാതയില്‍ തന്നെയാണെന്നുമാണ് പൊതുവായ കാഴ്ചപ്പാട്. ഈയൊരു നിലപാടിലേക്ക് സമൂഹത്തെ കൊണ്ടുവരാനായിരിക്കണം പണ്ഡിതന്മാര്‍ ശ്രമിക്കേണ്ടത്.

പൗരത്വ ഭേദഗതി നിയമം പാസ്സാക്കുക വഴി ഇന്ത്യന്‍ മുസ്‌ലിംകള്‍ വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഈ ഘട്ടത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ ശ്രദ്ധ പതിപ്പിക്കേണ്ട മേഖലകള്‍ എന്തൊക്കെയാണ്?

ഈ പ്രതിസന്ധി നീങ്ങിപ്പോകും എന്നാണ് ഞാന്‍ കരുതുന്നത്. അതേസമയം, എല്ലാ തലങ്ങളിലും ശാക്തീകരിക്കപ്പെട്ട സമൂഹമായി തങ്ങള്‍ മാറിക്കഴിഞ്ഞിട്ടുണ്ടെന്ന് മുസ്‌ലിം സമൂഹത്തിന് ഉറപ്പിക്കാന്‍ കഴിയണം. തങ്ങളുടെ നാഗരികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവും മതപരവും മറ്റുമായ എല്ലാ കാര്യങ്ങളിലും കൃത്യമായ നിലപാടുകളെടുത്ത് മുന്നോട്ടുപോകാന്‍ അവര്‍ക്ക് കഴിയണം. ഇങ്ങനെ ശാക്തീകരിക്കപ്പെടുക എന്നതാണ് പ്രതിസന്ധികളെ മറികടക്കാനുള്ള ഒരു വഴി. തങ്ങളുടെ കര്‍മശേഷി അവര്‍ക്ക് പ്രയോജനപ്പെടുത്താനാവണം. ഇങ്ങനെ പൊതുസമൂഹത്തിനു മുന്നില്‍ മികച്ച ജീവിതമാതൃക കാഴ്ചവെക്കാനാകുമ്പോള്‍ പ്രതിസന്ധികള്‍ ലഘൂകരിക്കപ്പെടുമെന്നാണ് എന്റെ പ്രതീക്ഷ. ഇങ്ങനെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാണ് നാം അന്വേഷിക്കേണ്ടത്. നിങ്ങളുടെ ശരീരം ദുര്‍ബലമാണെങ്കില്‍ സകല രോഗങ്ങളും അതിനെ കടന്നാക്രമിക്കും. നിങ്ങള്‍ക്ക് രോഗശയ്യയില്‍നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാത്ത വിധം അത് നിങ്ങളെ തളര്‍ത്തിക്കളയും. ഇതുപോലെ സമുദായഗാത്രം ദുര്‍ബലമാണെങ്കില്‍ നാനാഭാഗത്ത് നിന്നും ആക്രമണങ്ങള്‍ വരും. സമുദായഗാത്രത്തെ നേരത്തേ പറഞ്ഞപോലെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും മറ്റും ശക്തിപ്പെടുത്തിക്കൊണ്ടേ ഈ കടന്നാക്രമണങ്ങളെ ചെറുക്കാനാവൂ. മൊത്തം സമൂഹത്തിനും പ്രയോജനപ്പെടുന്നവരായി മുസ്‌ലിം സമുദായത്തെ മാറ്റിയെടുക്കുകയും വേണം. ഈ സമുദായത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് തങ്ങള്‍ക്ക് മുന്നോട്ടുപോകാനാവില്ലെന്ന ബോധ്യം പൊതുസമൂഹത്തിനുണ്ടാവണം. വളരെ സമയമെടുത്തേ ഇങ്ങനെയൊരു തലത്തിലേക്ക് ഉയരാനാവുകയുള്ളൂവെങ്കിലും, അതിലേക്കുള്ള ചുവടുവെപ്പുകള്‍ തന്നെ കാര്യമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കും. 

(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (72-73)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആരോഗ്യമുള്ളപ്പോള്‍ ദാനം ചെയ്യുക
അബ്ദുസ്സമദ് കൂട്ടിലങ്ങാടി