Prabodhanm Weekly

Pages

Search

2020 ജനുവരി 31

3137

1441 ജമാദുല്‍ ആഖിര്‍ 06

ഇന്ത്യയെ നിര്‍മിച്ചത് ഇസ്‌ലാമും ചേര്‍ന്നുകൊണ്ടാണ്

എ.കെ അബ്ദുല്‍ മജീദ്

ദക്ഷിണേഷ്യയുടെ പടിഞ്ഞാറു ഭാഗത്ത് ക്രി.മു. 2500 കാലത്ത് രൂപപ്പെട്ട് പ്രഫുല്ലത കൈവരിച്ച സൈന്ധവ നദീതട സംസ്‌കാരം മുതല്‍ ആരംഭിക്കുന്ന ഇന്ത്യയുടെ നാഗരിക ചരിത്രം ബഹുസ്വരതയുടെ ബൃഹദാഖ്യാനമാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും മാനവ സംസ്‌കൃതിയുടെ മഹത്തായ ഈടുവെപ്പുകള്‍ സിന്ധു, ഗംഗാ, ബ്രഹ്മപുത്ര, കബനി, കാവേരി, ഭാരതപ്പുഴ തടങ്ങളിലേക്ക് സമുദ്രം താണ്ടി ഒഴുകിയെത്തി. എല്ലാറ്റിനെയും സ്വീകരിക്കാനും ഉള്‍ക്കൊള്ളാനും പോഷിപ്പിക്കാനും മാത്രം ഉര്‍വരവും വിശാലവുമായിരുന്നു പശിമരാശിയുള്ള ഇന്ത്യന്‍ മണ്ണ്. ഈജിപ്ഷ്യന്‍, മെസപ്പൊട്ടേമിയന്‍, ചൈനീസ് നാഗരികതകളുടെ സംഗമ ഭൂമിയായിരുന്നു സിന്ധു അഥവാ ഹാരപ്പന്‍ സംസ്‌കാരം എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. നാനാ ദിക്കുകളില്‍നിന്നും ഒഴുകിവന്ന സംസ്‌കാരപ്രവാഹമാണ് വേദസംസ്‌കാരത്തിന് ഇന്നത്തെ ഹരിയാനയുടെയും പഞ്ചാബിന്റെയും നദീ തടങ്ങളില്‍ വിത്തു പാകിയത്. പ്രാചീന കാലത്തുപോലും ബഹുസ്വരമായിരുന്നു അതിന്റെ ഫലസിദ്ധി. ഹിന്ദു, ബുദ്ധ, ജൈന, ചാര്‍വാക ദര്‍ശനങ്ങള്‍ ഇന്ത്യന്‍ നാഗരികതയുടെ ആത്മാവ് ബഹുസ്വരമാണെന്നു സാക്ഷ്യപ്പെടുത്തുന്നു. നൂറ്റാണ്ടുകള്‍ക്കു ശേഷം ആധുനികതയുടെ അഭ്യുദയകാലത്തും ഇതേ ബഹുസ്വരതയുടെ മഹത്തായ തുടര്‍ച്ചയാണ് ഇന്ത്യ നിലനിര്‍ത്തിയത്. വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണം എന്ന് നിയമമുണ്ടാക്കിയ ആഢ്യബ്രാഹ്മണ്യത്തെ നേരിട്ടുകൊണ്ടാണ് ബുദ്ധനും ജിനനും (ക്രി.മു. ആറ്, ഏഴ് ശതകങ്ങള്‍) ഇങ്ങ് തെക്കേയറ്റത്ത് നാരായണ ഗുരുവും (ക്രി. പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകള്‍) സര്‍വ മനുഷ്യരെയും ഉള്‍ക്കൊള്ളുന്ന യഥാര്‍ഥ ഇന്ത്യന്‍ ദര്‍ശനത്തിന്റെ തുടര്‍ച്ച ഉറപ്പുവരുത്തിയത്. സവര്‍ണ മേധാവിത്വം എപ്പോഴൊക്കെ അധീശത്വം ഉറപ്പിക്കാന്‍ ശ്രമിച്ചുവോ അപ്പോഴൊക്കെ ഇന്ത്യയുടെ ആത്മാവ് പിടയുകയും കലഹിക്കുകയും ചെയ്തിട്ടുണ്ട്. ബഹുസ്വരത വീണ്ടെടുക്കുന്നതിനു വേണ്ടിയായിരുന്നു കലഹം.

മുസ്‌ലിംകള്‍ ഇന്ത്യയില്‍

ഏറ്റവും ഒടുവിലത്തെ കാനേഷുമാരി (2011) അനുസരിച്ച് ഇന്ത്യയില്‍ 172 ദശലക്ഷം മുസ്‌ലിംകളുണ്ട്. മൊത്തം ജനസംഖ്യയുടെ 14.2 ശതമാനം ആണിത്. അതായത് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മതം മുസ്‌ലിംകളുടേതാണ്. മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ക്ക് വെളിയില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ അധിവസിക്കുന്നത് ഇന്ത്യയിലാണ്.
അറേബ്യയില്‍ മുഹമ്മദ് നബി ഇസ്‌ലാമിക പ്രബോധനം ആരംഭിക്കുന്നതിനു മുമ്പു തന്നെ അറബികള്‍ക്ക് കേരളവുമായും ഗുജറാത്തുമായും വ്യാപാര ബന്ധം ഉണ്ടായിരുന്നു എന്നത് സുവിദിതമാണ്. കേരളം കഴിഞ്ഞാല്‍ അറബ് മുസ്‌ലിംകള്‍ക്ക് ഏറ്റവുമധികം വ്യാപാര ബന്ധമുണ്ടായിരുന്ന ഇന്ത്യന്‍ സംസ്ഥാനമാണ് ഗുജറാത്ത്. ഏഴാം നൂറ്റാണ്ടില്‍ അറബ് മുസ്‌ലിംകള്‍ കൊങ്കണ്‍-മലബാര്‍ തീരങ്ങളില്‍ കപ്പലിറങ്ങിയതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഊഷ്മളമായ സ്വീകരണമാണ് ഇവിടത്തെ അക്കാലത്തെ ഭരണാധികാരികളും ബഹുജനങ്ങളും അവര്‍ക്ക് നല്‍കിയിരുന്നത് എന്നതും പ്രസിദ്ധം.
വടക്കേ ഇന്ത്യയില്‍ മുസ്‌ലിംകളുടെ പ്രഥമ രാഷ്ട്രീയ സാന്നിധ്യം എട്ടാം നൂറ്റാണ്ടിന്റെ ആദ്യ പാതിയിലാണ് സംഭവിക്കുന്നത്. ക്രി. 712-ലാണ് പതിനേഴ് വയസ്സുകാരനായ മുഹമ്മദ് ബിന്‍ ഖാസിം സിന്ധ് ആക്രമിക്കുന്നത്. ഒരര്‍ഥത്തില്‍ ഈ ആക്രമണം സിന്ധ് ഭരിച്ച ദാഹിര്‍ രാജാവ് ക്ഷണിച്ചുവരുത്തിയതായിരുന്നു. സിറിയയിലെ ഉമവീ ഖലീഫ വലീദു ബ്‌നു അബ്ദുല്‍ മലികിന് സിലോണ്‍ (ഇപ്പോഴത്തെ ശ്രീലങ്ക) രാജാവ് കൊടുത്തയച്ച സമ്മാനങ്ങളുമായി വന്ന കപ്പലുകള്‍ സിന്ധില്‍ വെച്ച് കൊള്ളയടിക്കപ്പെട്ടു. കപ്പലിലെ യാത്രക്കാരെ കൊള്ളക്കാര്‍ ബന്ദികളാക്കി. ബന്ദികളെ മോചിപ്പിക്കണമെന്നും കൊള്ളക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഖലീഫയുടെ ഗവര്‍ണര്‍ ഹജ്ജാജുബ്‌നു യൂസുഫ് സിന്ധ് രാജാവിനോട് ആവശ്യപ്പെട്ടുവെങ്കിലും നടപടി ഉണ്ടായില്ല. അതേ തുടര്‍ന്നാണ് മുഹമ്മദ് ബിന്‍ ഖാസിമിന്റെ നേതൃത്വത്തിലുള്ള സൈന്യം സിന്ധില്‍ എത്തുന്നത്. ദാഹിര്‍ രാജാവ് കൊല്ലപ്പെട്ടു. ബന്ദികള്‍ മോചിതരായി. സിന്ധും മുല്‍ത്താനും ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ മുസ്‌ലിംകള്‍ക്ക് അധീനമായി. ഈ പടയോട്ടത്തില്‍ സിന്ധിലെ ബഹുജനങ്ങള്‍ ദാഹിര്‍ രാജാവിനെതിരെ മുഹമ്മദ് ബിന്‍ ഖാസിമിനോടൊപ്പം നിന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. അതിനുള്ള കാരണം പ്രമുഖ ചിന്തകനും ഗ്രന്ഥകാരനുമായ എം.എന്‍ റോയ് തന്റെ പ്രസിദ്ധമായ 'ഹിസ്റ്റോറിക്കല്‍ റോള്‍ ഓഫ് ഇസ്‌ലാം' എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്: ''ഇസ്‌ലാം ഇന്ത്യയിലേക്ക് വന്നത് അതിന്റെ പുരോഗമനപരമായ പങ്കു നിര്‍വഹിച്ചതിനും വിജ്ഞരും സംസ്‌കാരസമ്പന്നരുമായി അറബികളില്‍നിന്ന് അതിന്റെ നേതൃത്വം പിടിച്ചുപറ്റിയതിനും ശേഷമാണെങ്കിലും അതിന്റെ ആരംഭകാലത്തെ വിപ്ലവ തത്ത്വങ്ങളും പ്രഭാവവും അപ്പോഴും അതിന്റെ കൊടിയില്‍ ആലേഖനം ചെയ്യപ്പെട്ടിരുന്നു. പേര്‍ഷ്യയിലും ക്രിസ്തീയ രാജ്യങ്ങളിലും എന്ന പോലെ സമാനമായ ദേശീയ ഘടകങ്ങള്‍ ഇന്ത്യ കീഴടക്കാന്‍ മുസ്‌ലിംകള്‍ക്ക് സൗകര്യം ചെയ്തുകൊടുത്തു എന്ന് ചരിത്രത്തിന്റെ വിമര്‍ശനാത്മക പഠനം വെളിപ്പെടുത്തും.''
നാഗരികതയുടെ നീണ്ട ചരിത്രമുള്ള മഹത്തായ ഒരു ദേശവും വിദേശ ആക്രമണത്തിന് ഒരു കാരണവുമില്ലാതെ എളുപ്പം വഴങ്ങിക്കൊടുക്കുകയില്ല എന്നു ചൂണ്ടിക്കാണിച്ചതിനു ശേഷം എം.എന്‍ റോയ് തുടരുന്നു: ''ബ്രാഹ്മണ ഭരണാധികാരികളാല്‍ അടിച്ചമര്‍ത്തപ്പെട്ട ജാട്ടുകളുടെയും മറ്റു കര്‍ഷക സമൂഹങ്ങളുടെയും സജീവ പിന്തുണയോടെയാണ് മുഹമ്മദ് ബിന്‍ ഖാസിം സിന്ധ് കീഴടക്കിയത്.''
മുഹമ്മദ് ബിന്‍ ഖാസിം ഇന്ത്യയില്‍ എന്തുചെയ്തു എന്നും എം.എന്‍ റോയ് വിശദീകരിക്കുന്നുണ്ട്: ''രാജ്യം കീഴടക്കിയതിനു ശേഷം ആദ്യകാല അറബ് ജേതാക്കളുടെ നയം അദ്ദേഹം പിന്തുടര്‍ന്നു.'' തുടര്‍ന്ന് എം.എന്‍ റോയ് എലിയട്ടിന്റെ 'ഇന്ത്യാ ചരിത്രം' എന്ന പുസ്തകത്തില്‍നിന്ന് ഉദ്ധരിക്കുന്നു: ''ബ്രാഹ്മണരെ വിശ്വാസത്തിലെടുത്തുകൊണ്ട് രാജ്യത്തെ അനുനയിപ്പിക്കുന്നതിനു വേണ്ടി അദ്ദേഹം അവരെ അവരുടെ ക്ഷേത്രങ്ങള്‍ നന്നാക്കുന്നതിനും മുമ്പത്തെ പോലെ തങ്ങളുടെ മതം പിന്തുടരുന്നതിനും അനുവദിച്ചു. പിരിച്ചെടുത്ത നികുതി വരുമാനം അവരുടെ തന്നെ കൈകളില്‍ ഏല്‍പിച്ചു. നാട്ടിലെ ഭരണസമ്പ്രദായം പഴയതുപോലെ തുടരുന്നതിന് അവരെ ചുമതലപ്പെടുത്തി.''
സിന്ധ് വിജയാനന്തരം നീണ്ട അഞ്ച് നൂറ്റാണ്ടുകള്‍ ഇന്ത്യയില്‍ മുസ്‌ലിം ഭരണം നിലനിന്നു. ഗൂറി, ഗസ്‌നി, അടിമ, ഖില്‍ജി, തുഗ്ലക്, സയ്യിദ്, ലോദി, മുഗള്‍ തുടങ്ങിയ മുസ്‌ലിം രാജവംശങ്ങള്‍ ഇന്ത്യ ഭരിച്ചു. ബംഗാള്‍, ഗുജറാത്ത്, കശ്മീര്‍, മൈസൂര്‍, ഹൈദറാബാദ് തുടങ്ങിയ ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും ഗണ്യമായ ഭൂപ്രദേശങ്ങള്‍ ദീര്‍ഘകാലം മുസ്‌ലിം ഭരണത്തിനു കീഴിലായിരുന്നു. ഈ ഭരണകൂടങ്ങളെല്ലാം ഏറക്കുറെ പിന്തുടര്‍ന്നത് മുഹമ്മദ് ബിന്‍ ഖാസിം സിന്ധില്‍ സ്വീകരിച്ച നയം തന്നെയാണെന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് നൂറ്റാണ്ടുകള്‍ ഭരണചക്രം കൈയിലേന്തിയിട്ടും ഇന്ത്യയില്‍ മുസ്‌ലിംകള്‍ ജനസംഖ്യയുടെ അഞ്ചിലൊന്നില്‍ താഴെയായി തുടരുന്നു എന്നത്. ഭൂരിപക്ഷ ജനതയായ ഹിന്ദുക്കളുമായി അനുരഞ്ജനത്തിന്റെയും സഹിഷ്ണുതാപരമായ സഹവര്‍ത്തിത്വത്തിന്റെയും ഗുണകാംക്ഷയുടെയും സമന്വയത്തിന്റെയും വഴിയാണ് മുസ്‌ലിം ഭരണാധികാരികള്‍ അനുവര്‍ത്തിച്ചത് എന്നതിന് നിരവധി ചരിത്ര സാക്ഷ്യങ്ങള്‍ ഉണ്ട്. ഹിന്ദു-മുസ്‌ലിം വെറുപ്പ് ഉല്‍പാദിപ്പിക്കുന്നതിനു വേണ്ടി ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ ഔറംഗസീബിനെയും ടിപ്പു സുല്‍ത്താനെയും കുറിച്ച് മെനഞ്ഞെടുത്തു പ്രചരിപ്പിച്ച കള്ളക്കഥകള്‍ ബി.എന്‍ പാണ്ഡെയെപ്പോലുള്ള ചരിത്രകാരന്മാര്‍ തെളിവു സഹിതം ഖണ്ഡിച്ചിട്ടുണ്ട് (ബി.എന്‍ പാണ്ഡെയുടെ 'ഇസ്‌ലാം ആന്റ് ഇന്ത്യന്‍ കള്‍ച്ചര്‍', 'ഔറംഗസീബ് ആന്റ് ടിപ്പു സുല്‍ത്താന്‍ ഇവാല്വേഷന്‍ ഓഫ് ദെയര്‍ റിലീജ്യസ് പോളിസീസ്' എന്നീ പുസ്തകങ്ങള്‍ നോക്കുക). പാണ്ഡെ തന്റെ രാജ്യസഭാ പ്രസംഗത്തിലും ഈ വിഷയം പ്രത്യേകം പരാമര്‍ശിക്കുകയുണ്ടായി.
മുസ്‌ലിംകള്‍ക്കു മുമ്പോ ശേഷമോ ഇന്ത്യ ഭരിച്ച വിദേശ ശക്തികള്‍ക്ക് ഇന്ത്യയെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നതും ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്ന വസ്തുതയത്രെ. മുസ്‌ലിംകള്‍ക്കു മുമ്പ് ഇന്തോ-യവനരും ശാക്യന്മാരും ഇന്തോ-പാര്‍ത്തിയന്‍സും കുശാനന്മാരും ഇന്ത്യ ഭരിച്ചെങ്കിലും ഹിന്ദു സംസ്‌കാരത്തിലേക്ക് സ്വാംശീകരിക്കപ്പെടുകയായിരുന്നു അവര്‍. മുസ്‌ലിംകള്‍ക്കു ശേഷം ഇന്ത്യ അധീനപ്പെടുത്തിയ യൂറോപ്യന്‍ ശക്തികള്‍ക്കും ഇസ്‌ലാമിനോളം ഇന്ത്യയെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല. പടിഞ്ഞാറന്‍ അധിനിവേശ ശക്തികള്‍ ഇന്ത്യയെ കോളനിവത്കരിക്കുകയും കൊള്ളയടിക്കുകയുമാണ് ചെയ്തത്. മുസ്‌ലിം രാജാക്കന്മാര്‍ ഇവിടെ സ്ഥിരമായി വസിക്കുകയും ഈ നാടിനെ ശാക്തീകരിക്കുകയുമായിരുന്നു. ഇന്ത്യന്‍ സംസ്‌കാരത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്കുവഹിക്കാന്‍ അവര്‍ക്ക് സാധിച്ചു. ഇസ്‌ലാമിനു തനതായ ദര്‍ശനവും മൂല്യവ്യവസ്ഥയും ആധ്യാത്മികതയും ഭാഷയും സംസ്‌കാരവും ഉണ്ടായിരുന്നു. അതിനാലാണ് ഇന്ത്യയുടെ സംസ്‌കാര രൂപീകരണത്തില്‍ മൗലികമായ സംഭാവനകള്‍ അര്‍പ്പിക്കാന്‍ ഇസ്‌ലാമിനു സാധിച്ചത്. ഏഴാം നൂറ്റാണ്ടിനു ശേഷം ഹിന്ദു മതത്തില്‍ ഉണ്ടായ ആശയ നവീകരണവും സമുദ്ധാരണ പ്രവര്‍ത്തനങ്ങളും ഹിന്ദു മതത്തിനകത്തുണ്ടായ സ്വാഭാവിക വളര്‍ച്ചയുടെ ഫലമായിരുന്നില്ല; പ്രത്യുത ഇസ്‌ലാമിന്റെ ചിന്താപരമായ സ്വാധീന ഫലമായിരുന്നു എന്ന് താരാചന്ദ് വ്യക്തമാക്കുന്നുണ്ട്. ഹിന്ദു മതത്തില്‍ ഇസ്‌ലാം ചെലുത്തിയ ദാര്‍ശനിക സ്വാധീനം അദ്ദേഹം തന്റെ 'ഇന്‍ഫഌവന്‍സ് ഓഫ് ഇസ്‌ലാം ഓണ്‍ ഇന്ത്യന്‍ കള്‍ച്ചര്‍' എന്ന ഗ്രന്ഥത്തില്‍ വിശദമായി അപഗ്രഥിക്കുന്നുണ്ട്.
ഇന്ത്യയില്‍ ഇസ്‌ലാം ചെലുത്തിയ സ്വാധീനം അതിവിപുലവും ബൃഹത്തുമാണെന്ന് ഗാന്ധിജി, വിവേകാനന്ദന്‍, ഡോ. എസ്. രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെടെയുള്ള പ്രഗത്ഭമതികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഖുര്‍ആന്‍ പരാമര്‍ശിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാത്ത ശാസ്ത്രങ്ങളോ കലകളോ ഇല്ലെന്ന് നിരീക്ഷിക്കുന്ന വിവേകാനന്ദന്‍ മുസ്‌ലിംകളുടെ ആഗമനം ഇന്ത്യയിലെ മര്‍ദിതര്‍ക്കും പാവപ്പെട്ടവര്‍ക്കും അനുഗ്രഹമായി ഭവിച്ചു എന്ന് പ്രസ്താവിക്കുന്നു (Complete works, Vol 5). കലര്‍പ്പറ്റ ഏകദൈവ വിശ്വാസവും സാഹോദര്യത്തിന്റെ പ്രയോഗസാക്ഷ്‌കാരവുമാണ് ഗാന്ധിജിയുടെ നോട്ടത്തില്‍ ഇസ്‌ലാമിന്റെ ഏറ്റവും മഹത്തായ സംഭാവന. ഇന്ത്യയിലെ ഭക്തി പ്രസ്ഥാനത്തെയും ഹിന്ദു നവോത്ഥാന ശ്രമങ്ങളെയും ഗുണകരമായി സ്വാധീനിച്ചതായി ഡോ. എസ്. രാധാകൃഷ്ണനും സാക്ഷ്യപ്പെടുത്തി. മത, സാമൂഹിക, രാഷ്ട്രീയ, ശാസ്ത്ര, കലാ, സാഹിത്യ, സംഗീത, സാമ്പത്തിക, സാംസ്‌കാരിക മണ്ഡലങ്ങളിലെല്ലാം വ്യാപിച്ചുകിടക്കുന്നതാണ് ഇന്ത്യയില്‍ ഇസ്‌ലാമിന്റെ സ്വാധീനം.

ഇസ്‌ലാമും ഹിന്ദുമതവും

ഇസ്‌ലാമിന്റെ മൗലിക തത്ത്വങ്ങളായ ഏകദൈവാരാധന, വിഗ്രഹനിരാസം, സമത്വ ദര്‍ശനം എന്നിവ ഇന്ത്യയിലെ സാധാരണക്കാരെ ഹഠാദാകര്‍ഷിക്കുകയുണ്ടായി. ഇന്ത്യയില്‍ നിലനിന്നിരുന്ന ഉച്ചനീചത്വവും കണിശമായ ജാതിവ്യവസ്ഥയും ഇസ്‌ലാമിനെ വിമോചന ദര്‍ശനമായി കാണാന്‍ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളെ പ്രേരിപ്പിച്ചു. മുസ്‌ലിംകളുടെ നിഷ്ഠയോടെയുള്ള മതജീവിതം ഇന്ത്യയിലെ ഹൈന്ദവ സമൂഹത്തിനു പുതുമയുള്ള അനുഭവമായിരുന്നു. മുസ്‌ലിം പുണ്യപുരുഷന്മാരുടെയും സൂഫി പ്രബോധകരുടെയും സാന്നിധ്യവും ഇന്ത്യയിലെ ജനമനസ്സുകളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കാന്‍ പ്രേരകമായി. ഹിന്ദു മതത്തില്‍നിന്ന് ഇസ്‌ലാമിലേക്കുള്ള ഒഴുക്ക് തടയുന്നതിനും ഹിന്ദു മതതത്ത്വങ്ങളെ കാലോചിതമായി പരിഷ്‌കരിക്കുന്നതിനും ഇന്ത്യയിലെ ഹൈന്ദവ ആചാര്യന്മാര്‍ നിര്‍ബന്ധിക്കപ്പെട്ടു. ഇസ്‌ലാമില്‍നിന്നും മുസ്‌ലിം ജീവിതത്തില്‍നിന്നും ധാരാളമായി കടം കൊണ്ടാണ് ഹിന്ദുധര്‍മ പുനരുത്ഥാനം നടന്നത്. എട്ടാം നൂറ്റാണ്ടില്‍ ഹൈന്ദവ നവോത്ഥാനത്തിനു തുടക്കം കുറിച്ചത് ദക്ഷിണേന്ത്യയില്‍നിന്നാണെന്ന് താരാചന്ദ് ചൂണ്ടിക്കാണിക്കുന്നുണ്ട്. വൈഷ്ണവ, ശൈവ സന്യാസിമാര്‍ ഭക്തിപ്രസ്ഥാനത്തിനും ശങ്കരാചാര്യരും രാമാനുജനും നിംബാദിത്യനും ബസവയും വല്ലഭാചാര്യയും മധ്വാചാര്യരും തങ്ങളുടെ ദര്‍ശനങ്ങള്‍ക്കും പ്രാരംഭമിട്ടത് ദക്ഷിണേന്ത്യയിലാണ്. അവിടെ നിന്നാണ് ഹൈന്ദവ നവോത്ഥാന തരംഗം രാമാനുജന്റെ ശിഷ്യന്‍ രാമാനന്ദന്‍ വഴി ഉത്തരേന്ത്യയില്‍ എത്തുന്നത്. ഹിന്ദുമത നവോത്ഥാനം ദക്ഷിണേന്ത്യയില്‍ ആരംഭിക്കാനുള്ള കാരണമായി താരാചന്ദ് ചൂണ്ടിക്കാണിക്കുന്നത് ചോള, വിജയനഗര സാമ്രാജ്യങ്ങളുടെ രാഷ്ട്രീയ മേധാവിത്വത്തിനു പുറമെ ഹിന്ദുമതം ഇസ്‌ലാമുമായി ആദ്യമായി സമ്പര്‍ക്കം സ്ഥാപിച്ചത് അവിടെ വെച്ചാണ് എന്നതു കൂടിയാണ്:"... above all it was there in the south that Islam first came into contact with Hinduism and leavened the growing mass of Hindu Thought' (Tharachand, Influence of Islam on Indian Culture, LG Edition 2018, P 84).

ഏകത്വമാണ് ഹിന്ദു ദൈവശാസ്ത്രത്തിന്റെ അടിസ്ഥാനം എന്ന് തന്റെ വ്യാഖ്യാന പാടവം മുഴുവന്‍ ഉപയോഗിച്ച് സമര്‍ഥിക്കുകയാണ് അദൈ്വത ദര്‍ശനത്തിന്റെ വക്താവായ ശങ്കരാചാര്യര്‍ ചെയ്തത്. ദൈവമല്ലാതെ മറ്റൊന്നും ഇല്ലെന്നും മറ്റുള്ളതെല്ലാം മായയാണെന്നും ശങ്കരാചാര്യര്‍ വാദിച്ചു. ബ്രഹ്മം മാത്രമാണ് ഏക സത്യമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍നിന്ന് ഒരു രാജാവ് ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്‌ലാം സ്വീകരിക്കാനിടയായ സാഹചര്യമാണ് ഹിന്ദുമതത്തിന് ഏകത്വ ദര്‍ശനത്തില്‍ അധിഷ്ഠിതമായ വ്യാഖ്യാനം നല്‍കാന്‍ ശങ്കരാചാര്യരെ പ്രേരിപ്പിച്ചതെന്നു നരവംശ ശാസ്ത്രജ്ഞനായ ഫവീറ്റി (Faweett) യെ ഉദ്ധരിച്ച് താരാചന്ദ് അഭിപ്രായപ്പെടുന്നു (നേരത്തേ ഉദ്ധരിച്ച പുസ്തകം, പേജ് 107). മുസ്‌ലിംകളുടെ നിത്യാരാധനാ നിഷ്ഠ ഹിന്ദു ആരാധനാ ക്രമങ്ങളെ ചിട്ടപ്പെടുത്താന്‍ വൈഷ്ണവരെയും ശൈവരെയും സിദ്ധന്മാരെയും പ്രേരിപ്പിച്ചതായും താരാചന്ദ് വ്യക്തമാക്കുന്നുണ്ട്. തമിഴ് തീരങ്ങളിലെ മുസ്‌ലിം സാന്നിധ്യം ഹൈന്ദവ പുനരുദ്ധാരകര്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായ പ്രചോദനമരുളിയെന്നും അദ്ദേഹം പറയുന്നു. ജാതിവിവേചനത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ ഹിന്ദു പരിഷ്‌കര്‍ത്താക്കള്‍ക്ക് പ്രേരണയായിത്തീര്‍ന്നതും ഇസ്‌ലാമാണ്.
ഹിന്ദു മതത്തില്‍ ബ്രാഹ്മണ യാഥാസ്ഥിതികത്വത്തിനെതിരെ ആശയകലാപം നയിച്ച തുക്കാറാം, ചൈതന്യ, രാമാനന്ദന്‍, ഗുരുനാനാക്ക് മുതലായവരെ പ്രചോദിപ്പിച്ചത് സൂഫി ആശയങ്ങളാണെന്നത് ചരിത്രകാരന്മാര്‍ക്കിടയില്‍ ചിരസമ്മതമായ വസ്തുതയാണ്. രാമാനന്ദനും കബീറും തമ്മിലുള്ള ബന്ധം വിശദമായി പ്രതിപാദിക്കേണ്ടതാണ്. അതേപോലെ സിക്ക് മതസ്ഥാപകനായ ഗുരുനാനാക്ക് സൂഫി ഗുരുക്കന്മാരായ ബാബാ ഫരീദ് അലാ ഉല്‍ഹഖ്, മഖ്ദൂം ജഷാനിയാന്‍ തുടങ്ങിയവരാല്‍ സ്വാധീനിക്കപ്പെട്ടതും ചരിത്രത്തിലെ വലിയ അധ്യായമാണ്. താരാചന്ദ് എഴുതുന്നു: ''ഗുരുനാനാക്ക് ഇസ്‌ലാമിനോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്നു പറയേണ്ട ആവശ്യമില്ല. കാരണം അദ്ദേഹത്തിന്റെ വാക്കുകളില്‍നിന്നും ചിന്തകളില്‍നിന്നും അത്രത്തോളം പ്രകടമാണത്. പ്രത്യക്ഷത്തില്‍തന്നെ സൂഫി വിജ്ഞാനീയത്തിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു അദ്ദേഹം. ഹിന്ദു വേദങ്ങളില്‍നിന്ന് കൃത്യമായി അദ്ദേഹം എത്രത്തോളം എടുത്തിട്ടുണ്ട് എന്ന് കണ്ടുപിടിക്കുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്'' (പേജ് 176).
ഹിന്ദു സാമൂഹിക പരിഷ്‌കര്‍ത്താവും ബ്രഹ്മ സമാജ സ്ഥാപകനുമായ രാജാറാം മോഹന്‍ റോയ് (1772-1833) വിഗ്രഹാരാധന, സതി, അയിത്തം തുടങ്ങിയവക്കെതിരെ ധീരമായ നിലപാടെടുത്തു. അറബി, പേര്‍ഷ്യന്‍ ഭാഷകള്‍ വശമുണ്ടായിരുന്ന ഇദ്ദേഹത്തിന് മൂലഭാഷയില്‍ ഖുര്‍ആന്‍ അര്‍ഥബോധത്തോടെ വായിക്കാന്‍ സാധിക്കുമായിരുന്നു. 'ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ്' എന്ന് പല ചരിത്രകാരന്മാരും വിശേഷിപ്പിച്ചിട്ടുള്ള, പ്രത്യക്ഷമായി തന്നെ മുസ്‌ലിം വേഷവും ഭക്ഷണവും സ്വീകരിച്ച രാജാറാം മോഹന്‍ റോയിയുടെ പ്രചോദനം ഇസ്‌ലാമായിരുന്നു എന്ന് പ്രസിദ്ധ ചരിത്രകാരന്‍ ആര്‍.സി മജുംദാര്‍ രേഖപ്പെടുത്തുന്നു: ''പാറ്റ്‌നയില്‍ വെച്ച് അദ്ദേഹം അറബിയും പേര്‍ഷ്യനും പഠിച്ചു. തന്റെ പില്‍ക്കാല ജീവിതത്തില്‍ ഇതിന്റെ വമ്പിച്ച സ്വാധീനമുണ്ട്. മുസ്‌ലിം സംസ്‌കാരവും തത്ത്വചിന്തയും, വിശിഷ്യാ സൂഫി ആദര്‍ശങ്ങള്‍ അദ്ദേഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്തി. അദ്ദേഹത്തിന്റെ ശീലങ്ങളും അഭിരുചികളും ഒരു മുഹമ്മദീയന്റേത് ആയിരുന്നു. അദ്ദേഹം മുസ്‌ലിം വേഷം ധരിക്കുകയും വീട്ടില്‍ പോലും മുസ്‌ലിം ഭക്ഷണം കഴിക്കുകയും ചെയ്തു. ഒരുപക്ഷേ, ഖുര്‍ആന്‍ അറബി മൂലത്തില്‍ തന്നെ പഠിച്ചതിന്റെ ഫലമായി ദൈവപ്രതിരൂപങ്ങളെ ആരാധിക്കുന്നതിലെ അബദ്ധങ്ങള്‍ അദ്ദേഹത്തിനു ബോധ്യപ്പെട്ടു'' ((R.C Majumdar, Gen Editor, The History and Culture of Indian People- British Paramountcy and Indian Renaissance, Part II, Bharatiya Vidyabhavan page 97).
ഹിന്ദു-മുസ്‌ലിം സൗഹൃദത്തിന്റെയും ആദാന പ്രദാനത്തിന്റെയും സമ്പന്നമായ ചരിത്രം ഇന്ത്യക്ക് അവകാശപ്പെട്ടതാണ്. സൂഫി ദര്‍ഗകള്‍ ഹിന്ദു ഭക്തരുടെ കൂടി തീര്‍ഥാടന കേന്ദ്രമാണ്. വിവാഹ ചടങ്ങുകള്‍ക്ക് ഹിന്ദു സമൂഹത്തില്‍ അനുഷ്ഠാനബദ്ധമായ രീതി ഉരുത്തിരിയുന്നതില്‍ മുസ്‌ലിം സമ്പര്‍ക്കം നിമിത്തമായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ചുരുക്കത്തില്‍, ഹിന്ദു മത-സാമൂഹിക ജീവിതത്തില്‍ ഇസ്‌ലാമിന്റെ സ്വാധീനം അനിഷേധ്യമാണ്. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (72-73)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആരോഗ്യമുള്ളപ്പോള്‍ ദാനം ചെയ്യുക
അബ്ദുസ്സമദ് കൂട്ടിലങ്ങാടി