Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 20

3131

1441 റബീഉല്‍ ആഖിര്‍ 23

റാപ് മ്യൂസിക്കും ആശയാവിഷ്‌കാര സാധ്യതകളും

ആത്തിഫ് ഹനീഫ്

കലയും ഇസ്‌ലാമും തമ്മിലുള്ള ബന്ധത്തെ അന്വേഷിച്ചുകൊണ്ടുള്ള ആലോചനകള്‍ക്ക് ഏറെക്കാലത്തെ പഴക്കമുണ്ട്. അപ്പോഴൊക്കെയും വൈവിധ്യങ്ങളായ ആവിഷ്‌കാരങ്ങള്‍ സാധ്യമാവുകയും ചെയ്തിട്ടുണ്ട്. മനുഷ്യന്റെ നൈസര്‍ഗികമായ ആസ്വാദനാബോധത്തിന്റെ പ്രകാശനം എന്ന് ലളിതമായി കലയെ നിര്‍വചിക്കാം. ഇതര ജീവജാലങ്ങളില്‍നിന്ന് മനുഷ്യന്‍ വ്യത്യസ്തനാകുന്നത് ഈ ലോകത്തെ കുറിച്ചുള്ള അവന്റെ/അവളുടെ ആസ്വാദനവുമായി കൂടി ബന്ധപ്പെട്ടാണ്. മനുഷ്യനല്ലാത്ത സൃഷ്ടികളെ സംബന്ധിച്ച് ലോകത്തെ സൗന്ദര്യശാസ്ത്രപരമായി സമീപിക്കുന്ന രീതി അവക്കന്യമാണ്. മനുഷ്യന്‍ മാത്രമാണ് ഈ അര്‍ഥത്തില്‍ ഓരോ സൃഷ്ടിപ്പിനും പിന്നിലുള്ള ആസ്വാദനത്തെയും സൗന്ദര്യബോധത്തെയും തിരിച്ചറിയാന്‍ സാധിക്കുന്നവന്‍. അതുകൊണ്ട് തന്നെ കല അടിസ്ഥാപരമായി ആസ്വാദനാത്മകമാണ്, മനുഷ്യ കേന്ദ്രിതമാണ്.
പൊതുവില്‍ വിനോദത്തിനുള്ള ഉപാധി എന്ന നിലക്കാണ് വലിയൊരു വിഭാഗം ആളുകള്‍ കലാവിഷ്‌ക്കാരങ്ങളെ മനസിലാക്കാറുള്ളത്. സംഗീതമായാലും ചിത്രമായാലും നൃത്തമായാലും പ്രാഥമികമായി അതെന്ത് ആനന്ദമാണ് നല്‍കുന്നത് എന്നാണ് നമ്മള്‍ നോക്കുക. ആനന്ദം വിനോദവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു സംഗതിയാണ്. ഈ ആനന്ദത്തില്‍ നിന്ന് ആസ്വാദനത്തിലേക്ക് എത്തുമ്പോഴാണ് കലാവിഷ്‌ക്കാരത്തിന്റെ യഥാര്‍ഥ സൗന്ദര്യത്തിലേക്ക് നമ്മള്‍ പ്രവേശിക്കുക. എന്നാല്‍ ഇത് അവിടം കൊണ്ടും തീരുന്നില്ല. ഈ സൗന്ദര്യബോധത്തിന് തന്നെ അതിന്റെ ഉള്ളും പുറവും ഉണ്ട്. ഇത് ഓരോ മനുഷ്യന്റെയും പ്രത്യയശാസ്ത്ര പരിസരവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഒരു ഭൗതികവാദി എത്രതന്നെ ഒരു കലാസൃഷ്ടിയുടെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലാന്‍ ശ്രമിച്ചാലും അതിനൊരു പരിമിതിയുണ്ടാകും. കാരണം താന്‍ ശീലിച്ച, പരിചയിച്ച രൂപമാതൃകയുടെ സ്വാധീനം തന്റെ എല്ലാതരം വ്യവഹാരങ്ങളോടുമുള്ള സമീപനങ്ങളിലും നിഴലിക്കും.
ഇനി തുടക്കത്തില്‍ പറഞ്ഞുവന്ന ഇസ്‌ലാമും കലയും തമ്മിലുള്ള ചര്‍ച്ചയിലേക്ക് വരാം. കലയും ഇസ്‌ലാമും ഇഴപിരിക്കാന്‍ ആകാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു യാഥാര്‍ഥ്യമാണ്.ഇസ്ലാമിന് അകവും പുറവും ഉള്ളതുപോലെ ഇസ്‌ലാമിക കലാവിഷ്‌കാരത്തിനും കലാസ്വാദനത്തിനും ഉള്ളും പുറവുമുണ്ട്.
സമീപകാലത്ത് ഹലാല്‍ ഹിപ്ഹോപ് മ്യൂസിക് പുറത്തിറക്കിയ ദീന്‍ റാപ് എന്ന വ്യത്യസ്തമായ സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രസ്തുത സംഗീതം നിര്‍മിക്കപ്പെട്ട പശ്ചാത്തലം അതിനേക്കാള്‍ ശ്രദ്ധേയമാണ്. ഇസ്‌ലാമിന്റെ മൂല്യങ്ങളെ ഏറ്റവും നൂതനമായ സംഗീതാവിഷ്‌കാരങ്ങളില്‍ ഒന്നായ റാപ് മ്യൂസിക്കുമായി ബന്ധപ്പെടുത്തി നിര്‍മിച്ച രീതി ഏറെ പുതുമ നിറഞ്ഞതാണ്. അത് കാലോചിതമായ ഇസ്‌ലാമിക പ്രതിനിധാനത്തിന്റെ ആവിഷ്‌കാരവുമാണ്. ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ സുപ്രധാനമാണ് അതിന്റെ സന്തുലിതമായ സമീപനം. ഇത് ഏതെങ്കിലും നിര്‍ണിത വിഷയങ്ങളിലോ വ്യവഹാരങ്ങളിലോ മാത്രം ഉണ്ടായാല്‍ പോരാ. എല്ലാതരം വ്യവഹാരങ്ങളിലും ഇസ്‌ലാം ഈ സന്തുലിതത്വം ഉയര്‍ത്തിപ്പിടിക്കുന്നു. ഈയൊരു പശ്ചാത്തലത്തില്‍ സംഗീതത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇസ്‌ലാമിക പ്രതിനിധാനത്തിന്റെ ഉള്‍ക്കരുത്ത് അത് ആവാഹിക്കുന്നതായി കാണാം. ചെറുപ്പക്കാരില്‍ വലിയൊരു വിഭാഗം സഞ്ചരിക്കുന്ന വഴിയില്‍ അത് ഇസ്‌ലാമിനെ കൊണ്ടെത്തിക്കുന്നു എന്നതാണ് ഈ റാപിന്റെ സവിശേഷത. അതിലൂടെ യുവത്വത്തിന്റെ നാടിമിടിപ്പിനെ സ്വാംശീകരിക്കുന്ന, അവരിലെ കലാബോധത്തെ പ്രതിനിധികരിക്കുന്ന ഒന്നായി ഇസ്‌ലാമും അതിന്റെ വിവിധ കലാരീതികളും മാറുന്നു. ഇത് മാറുന്ന കാലത്തെ ഇസ്‌ലാമിക പ്രതിനിധത്തിന്റെ മികച്ച ഉദാഹരണങ്ങളിലൊന്നാണ്. ഓരോ കാലഘട്ടത്തിന്റെയും തേട്ടങ്ങള്‍ക്കനുസരിച്ച് കാലം രൂപപ്പെടുത്തുന്ന വിവിധങ്ങളായ ആവിഷ്‌ക്കാരങ്ങളോട് ഇസ്ലാം ഒരിക്കലും പുറംതിരിഞ്ഞ് നിന്നിട്ടില്ല. ഇസ്‌ലാമിന്റെ അടിസ്ഥാന മൂല്യങ്ങളോട് യോജിക്കുന്ന എന്തിനെയും ഇസ്ലാം അതിനോട് ചേര്‍ത്ത് നിര്‍ത്തിയിട്ടുണ്ട്

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (53-55)
ടി.കെ ഉബൈദ്‌

ഹദീസ്‌

അറിവ് നിധിയാണ്, പ്രയോജനപ്പെടുത്തണം
അബ്ദുല്ലത്വീഫ് കൊടുവള്ളി