Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 20

3131

1441 റബീഉല്‍ ആഖിര്‍ 23

സ്ത്രീകള്‍ക്ക് ജീവിക്കാനാവാത്ത സാമൂഹികക്രമം ഇസ്‌ലാമിന്റെ പ്രതിവിധികള്‍

എ. റഹ്മത്തുന്നിസ

ഒരു സമൂഹം സാംസ്‌കാരികമായി ഉയര്‍ന്നുനില്‍ക്കുന്നു, പുരോഗതി പ്രാപിച്ചിരിക്കുന്നു എന്നതിന്റെ  ഏറ്റവും പ്രധാന മാപിനികളില്‍ ഒന്ന് ആ സമൂഹത്തില്‍ സ്ത്രീകള്‍ എത്രത്തോളം സുരക്ഷിതരാണ്, അവരുടെ ജീവിതം എത്രത്തോളം അഭിമാനകരമാണ് എന്നതാണ്. ഇസ്‌ലാം അതിന്റെ സാമൂഹികവും സാംസ്‌കാരികവുമായ ഔന്നത്യത്തിന്റെ അളവുകോലായി സ്ത്രീകളുടെ പദവിയെയും നിശ്ചയിച്ചിട്ടുണ്ട്. ഇസ്‌ലാമിക നാഗരികതയുടെ ചരിത്രം പരിശോധിച്ചാലും ഇസ്‌ലാമിക ദര്‍ശനം പരിശോധിച്ചാലും നമുക്കത് മനസ്സിലാവും. 'നിങ്ങളില്‍ ഉത്തമന്‍ സ്ത്രീകളോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ്' എന്ന പ്രവാചക അധ്യാപനം ഇതിന് തെളിവാണ്. ഇവിടെ വ്യക്തികളുടെ സാമൂഹിക പദവി അളക്കുന്നത് സ്ത്രീകളോടുള്ള അവരുടെ പെരുമാറ്റം ആധാരമാക്കിയാണ്. 
അദിയ്യിബ്‌നു ഹാതിം  റിപ്പോര്‍ട്ട് ചെയ്ത ഒരു നബിവചനം ഇങ്ങനെ: ''നീ കുറേ കാലം കൂടി ജീവിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഒരു സ്ത്രീ  ഹീറയില്‍ (ഇറാഖിലുണ്ടായിരുന്ന ഒരു സ്ഥലം) നിന്ന് മക്കയില്‍ വന്നു ത്വവാഫ് ചെയ്യുന്നത് നിനക്ക് കാണാം ..അല്ലാഹുവിനെയല്ലാതെ മറ്റൊന്നിനെയും ഭയപ്പെടാതെ...'' അറബികള്‍ സ്ത്രീകളെ വിളിക്കുന്നത് തന്നെ ലംഘിക്കാനാവാത്തത്, പവിത്രമായത് എന്നൊക്കെ അര്‍ഥം വരുന്ന 'ഹുര്‍മ' എന്നാണ്. 'പുരുഷന്മാര്‍ സ്ത്രീകളുടെ കൈകാര്യ കര്‍ത്താക്കള്‍ ആണ്' എന്ന്  മലയാളത്തില്‍ ഏകദേശം  അര്‍ഥം പറയാവുന്ന വിശുദ്ധ ഖുര്‍ആനിലെ സൂക്തം (4:34) യഥാര്‍ഥത്തില്‍ പുരുഷന്‍ സ്ത്രീയുടെ മേല്‍ അധികാരം സ്ഥാപിക്കേണ്ടവനല്ല, മറിച്ച് സ്ത്രീയെ സംരക്ഷിക്കേണ്ടവനാണ്  എന്ന ബോധ്യമാണ് നല്‍കുന്നത്. പുരുഷന്റെ ഭാഗത്തുനിന്ന് സ്ത്രീക്ക് കിട്ടേണ്ടത് സംരക്ഷണവും സുരക്ഷിതത്വബോധവുമാണ് എന്നര്‍ഥം. ഇതിന് ഉതകുന്ന നിയമനിര്‍ദേശങ്ങളാണ് ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും നാം കാണുന്നത്.

നോട്ടത്തില്‍ നിയന്ത്രണം
മോശമായ ചിന്തകളിലേക്കും പൈശാചിക പ്രവണതകളിലേക്കും മനുഷ്യനെ നയിക്കുന്ന ഒന്നാമത്തെ കവാടമാണ് നോട്ടം. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ പുരുഷനോട് നോട്ടം നിയന്ത്രിക്കാന്‍ ശക്തമായി ആഹ്വാനം ചെയ്തു: ''നബിയേ, താങ്കള്‍ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്താനും ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു'' (24:30). കാഴ്ചയിലൂടെ ലൈംഗികമായി ഉത്തേജിപ്പിക്കപ്പെടുന്ന പ്രകൃതമാണ് പുരുഷന്റേതെന്ന് പല പഠനങ്ങളും  തെളിയിച്ചിട്ടുള്ളതാണ്. ഈ പ്രവണത സമൂഹത്തില്‍ ഒരു ദുരന്തമാവാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു നിയന്ത്രണം ഖുര്‍ആന്‍ മുന്നോട്ടുവെച്ചത്. സ്ത്രീക്ക് അരോചകമാകുന്ന നോട്ടങ്ങള്‍ പുരുഷന്‍ ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശമാണ് പ്രവാചക വചനങ്ങളിലും വന്നിട്ടുള്ളത്. പുരുഷന്റെ സാംസ്‌കാരികമായ ഔന്നത്യമായി ഇസ്ലാം അതിനെ കണ്ടു.

അഭിമാനവും സുരക്ഷിതത്വവും നല്‍കുന്ന വസ്ത്രം
സ്ത്രീയുടെ ശരീരം മാത്രമല്ല അഭിമാനവും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക എന്നതാണ് മുഖവും മുന്‍കൈയും ഒഴിച്ചുള്ള ഭാഗങ്ങള്‍ മറച്ചു കൊണ്ടുള്ള ഒരു വസ്ത്രധാരണരീതി നിര്‍ണയിക്കുന്നതിലൂടെ ഇസ്‌ലാം ചെയ്തിട്ടുള്ളത്. സ്ത്രീക്ക് മാത്രമല്ല, പുരുഷനും മാന്യമായ വസ്ത്രധാരണരീതി നിര്‍ബന്ധമാണ്. ''ആദം സന്തതികളേ, നിങ്ങള്‍ക്ക് നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാന്‍ ഉതകുന്ന വസ്ത്രവും അലങ്കാര വസ്ത്രവും നല്‍കിയിരിക്കുന്നു. ധര്‍മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ, അതാണ് കൂടുതല്‍ ഉത്തമം'' (ഖുര്‍ആന്‍ 7:26).
''നബിയേ, താങ്കളുടെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളിലെ സ്ത്രീകളോടും അവരുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടാനും അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ് ഏറ്റവും അനുയോജ്യമായത്.  അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (ഖുര്‍ആന്‍ 33:59). 
"My dress tells you that I am a Muslim and I expect to be treated respectfully as much as a Wall Street banker would say that a business suit  defines him as an executive to be taken seriously' (എന്റെ വസ്ത്രം നിങ്ങളോട് പറയുന്നു ഞാന്‍ ഒരു മുസ്‌ലിം ആണെന്നും എന്നെ നിങ്ങള്‍ ആദരവോടെ കാണണമെന്നും. വാള്‍ സ്ട്രീറ്റിലെ ഒരു ബാങ്കര്‍ തന്റെ ബിസിനസ് സ്യൂട്ടിലൂടെ മറ്റുള്ളവര്‍ ഗൗരവത്തോടെ കാണേണ്ട ഒരു എക്‌സിക്യൂട്ടീവാണ് താനെന്ന് സ്വയം നിര്‍വചിക്കുന്നത് പോലെ) എന്നുപറയാന്‍   പ്രമുഖ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകയായ യിവോണ്‍ റിഡ്‌ലിക്ക് ധൈര്യം നല്‍കിയത് ഇസ്‌ലാം നിര്‍ദേശിക്കുന്ന ഈ വസ്ത്രധാരണ രീതിയാണ്. യഥാര്‍ഥത്തില്‍ ഹിജാബ് ഒരു രാഷ്ട്രീയ പ്രഖ്യാപനമാണ്. ബഹുമതിയുടെ മുദ്രപത്രമാണ്. സ്ത്രീ, സമൂഹത്തില്‍ അവള്‍ തിരിച്ചറിയപ്പെടേണ്ടത് തന്റെ  ശാരീരിക സൗന്ദര്യം കൊണ്ടോ  സൗന്ദര്യം ഇല്ലായ്മ കൊണ്ടോ അല്ല, മറിച്ച് അവളുടെ വ്യക്തിത്വം കൊണ്ടും സ്വഭാവ സംസ്‌കരണം കൊണ്ടുമാണ് എന്നതിന്റെ പ്രഖ്യാപനമാണത്. മ്ലേഛമായ തുറിച്ചു നോട്ടങ്ങളില്‍നിന്നും  സൗന്ദര്യ സങ്കല്‍പങ്ങളില്‍നിന്നും ഈ വസ്ത്രധാരണരീതി അവള്‍ക്ക് മോചനം നല്‍കുന്നു.

സ്ത്രീ-പുരുഷ ഇടകലരലുകളില്‍ നിയന്ത്രണം
 'ഒരു സ്ത്രീയും പുരുഷനും ഒറ്റക്ക് ആവുന്നില്ല, അവരുടെ ഇടയില്‍ മൂന്നാമനായി പിശാച് ഉണ്ടായിക്കൊണ്ടല്ലാതെ' എന്ന പ്രവാചകവചനം സ്ത്രീ- പുരുഷ ബന്ധങ്ങളില്‍ പുലര്‍ത്തേണ്ട മര്യാദകളും പാലിക്കേണ്ട അകലത്തിന്റെ രീതിയും സൂചിപ്പിക്കുന്നു. മി ടൂ കാമ്പയിനോടനുബന്ധിച്ച് വാള്‍സ്ട്രീറ്റിലെ ഉന്നത ഉദ്യോഗസ്ഥരില്‍ ബ്ലൂംസ്ബര്‍ഗ് മാഗസിന്‍ നടത്തിയ സര്‍വേയില്‍  ഇത്തരം ആരോപണങ്ങള്‍ക്ക് വിധേയരാകാതിരിക്കാന്‍ വേണ്ടി അവര്‍ എടുത്ത ചില മുന്‍കരുതലുകളെ കുറിച്ച് പറയുകയുണ്ടായി. 'ഇനി ഒരിക്കലും ഒരു സ്ത്രീയുമായി ഒറ്റക്ക് ഒരു അടച്ചിട്ടമുറിയില്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കും',  'വിമാനത്തിലും തീവണ്ടിയിലുമൊക്കെ യാത്ര ചെയ്യുമ്പോള്‍ സ്ത്രീകള്‍ ഇരിക്കുന്നതിന്റെ  തൊട്ടടുത്ത സീറ്റില്‍ ഇരിക്കാതിരിക്കാന്‍ ശ്രദ്ധിക്കും',  'പെണ്ണിന്റെ കൂടെ ഒറ്റക്കുള്ള ഡിന്നറുകള്‍ ഒഴിവാക്കും' എന്നിങ്ങനെ.
ഉഭയകക്ഷി സമ്മതപ്രകാരം ആണെങ്കിലും പരപുരുഷ/സ്ത്രീ ബന്ധത്തെ ഇസ്‌ലാം ഒരു കാരണവശാലും അംഗീകരിക്കുന്നില്ല. നമ്മുടെ സമൂഹത്തില്‍ സ്ത്രീകളോട് എങ്ങനെ പെരുമാറിയാലും അതൊന്നും ഒരാളുടെ സാമൂഹിക പദവിയെ ബാധിക്കുന്നില്ല. വ്യക്തിപരം എന്ന് പറഞ്ഞ് മാറ്റിനിര്‍ത്തുകയാണ് ചെയ്യാറ്. എന്നാല്‍ ഇസ്ലാം, വ്യക്തിപരം എന്ന് നാം മനസ്സിലാക്കുന്ന ഇത്തരം കാര്യങ്ങള്‍ സമൂഹത്തിലും കുടുംബങ്ങളിലും ഉണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ മുന്നില്‍കണ്ടുകൊണ്ട് വിലക്കുകയാണ് ചെയ്തിട്ടുള്ളത്.

സ്ത്രീയോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തണം
സ്ത്രീയെ നശിച്ച ജന്മമായും പിഴച്ചവളായും കാണുന്ന മനോഭാവം സമൂഹത്തില്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് പലപ്പോഴും അവള്‍ക്കെതിരെയുള്ള കൈയേറ്റങ്ങള്‍ യാതൊരു കുറ്റബോധവും ഇല്ലാതെ നടത്താന്‍ പലര്‍ക്കും കഴിയുന്നത്. പെണ്‍കുഞ്ഞുങ്ങളെ ശാപമായി കണ്ട് ജീവനോടെ കുഴിച്ചു മൂടിയിരുന്ന സമൂഹത്തില്‍ ഇത്തരം മനോഭാവങ്ങളുടെ കടയ്ക്കല്‍ കത്തിവെക്കുന്ന താക്കീതുകളാണ് ഖുര്‍ആനും പ്രവാചകനും നല്‍കിയത്. പെണ്‍കുഞ്ഞിന്റെ ജന്മത്തെ ആഘോഷമാക്കി കൊണ്ടാണ് ഇസ്‌ലാം അവളുടെ ജനിക്കാനും ജീവിക്കാനുമുള്ള അവകാശം സംരക്ഷിച്ചത്. ''അവരില്‍ ആര്‍ക്കെങ്കിലും പെണ്‍കുഞ്ഞ് പിറന്നതായി സന്തോഷവാര്‍ത്ത ലഭിച്ചാല്‍ ദുഃഖത്താല്‍ അവന്റെ മുഖം കറുത്തിരുളും. തനിക്കു ലഭിച്ച സന്തോഷവാര്‍ത്ത ഉണ്ടാക്കുന്ന അപമാനത്താല്‍ ആളുകളില്‍നിന്ന് ഒളിഞ്ഞ് മറയുന്നു. അയാളുടെ പ്രശ്‌നം അപമാനം സഹിച്ച് അതിനെ നിലനിര്‍ത്തണമോ അതല്ല മണ്ണില്‍ കുഴിച്ചു മൂടണമോ എന്നതാണ്. അറിയുക അവരുടെ തീരുമാനം വളരെ നീചം തന്നെ'' (ഖുര്‍ആന്‍ 16:58,59).
''കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയോട് ചോദിക്കുന്ന സന്ദര്‍ഭം, ഏതൊരു പാപത്തിന്റെ പേരിലാണ് താന്‍ വധിക്കപ്പെട്ടത് എന്ന്'' (ഖുര്‍ആന്‍ 81:8,9).
'ഒരാള്‍ രണ്ടോ മൂന്നോ പെണ്‍മക്കളെ അല്ലെങ്കില്‍ സഹോദരിമാരെ ജീവിതകാലം മുഴുവന്‍ അല്ലെങ്കില്‍ അവര്‍ മരിക്കുവോളം സംരക്ഷിച്ചു എങ്കില്‍ സ്വര്‍ഗത്തില്‍ അവരും ഞാനും ഇപ്രകാരമായിരിക്കും. തുടര്‍ന്ന് പ്രവാചകന്‍ അദ്ദേഹത്തിന്റെ നടുവിരലും ചൂണ്ടുവിരലും ഉയര്‍ത്തിക്കാട്ടി' പോലുള്ള നബിവചനങ്ങള്‍ പെണ്‍കുഞ്ഞിന്റെ ജനനം ആഘോഷമാക്കാന്‍ വിശ്വാസികള്‍ക്ക് പ്രേരണയാകുന്നു.
ആണ്‍-പെണ്‍ സൃഷ്ടിപ്പില്‍ സമത്വം ദര്‍ശിക്കാന്‍ സാധിക്കാതെ പോയതാണ് സ്ത്രീയോടുള്ള കടുത്ത വിവേചനത്തിന്റെ മറ്റൊരു കാരണം. അറേബ്യയില്‍ മാത്രമല്ല ലോകം മുഴുവനും സ്ത്രീയെ അടിമയായോ ആത്മാവില്ലാത്തവളായോ അടിമച്ചന്തയിലെ വെറും ചരക്കായോ ഒക്കെ കൈകാര്യം ചെയ്യാവുന്ന ഒരു സൃഷ്ടി മാത്രമായി കണ്ടുപോന്നിരുന്ന ഏഴാം നൂറ്റാണ്ടിലാണ് ഖുര്‍ആനിലൂടെ സ്ത്രീ വിമോചനത്തിന് തുടക്കം കുറിക്കുന്ന വിപ്ലവകരമായ ആ ദിവ്യവചനം മുഴങ്ങിക്കേട്ടത്: ''മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍നിന്ന് സൃഷ്ടിക്കുകയും അതില്‍നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവര്‍ ഇരുവരില്‍നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക, കുടുംബബന്ധങ്ങളെയും. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു'' 
(ഖുര്‍ആന്‍ 4:1).
സ്ത്രീയും പുരുഷനും ഒരേ ഇനമാണ്, ഒരേ പദാര്‍ഥമാണ്, ഒരേ വംശമാണ് എന്ന് സ്ഥാപിക്കുകയാണ് ഖുര്‍ആന്‍ ഇതിലൂടെ ചെയ്തത്.
പെണ്ണിനെ നീചയായി കാണാന്‍ പ്രേരിപ്പിക്കുന്ന മറ്റൊരു സങ്കല്‍പം ആദി പാപവുമായി ബന്ധപ്പെട്ടതാണ്. ആദമിനെ പിഴപ്പിച്ചവള്‍ സ്ത്രീ, പിശാചിന്റെ പ്രേരണക്ക് എളുപ്പത്തില്‍ വശംവദയായവള്‍ സ്ത്രീ തുടങ്ങിയ സങ്കല്‍പ്പങ്ങളെ റദ്ദ് ചെയ്യുന്നതാണ് ഖുര്‍ആന്‍ വചനങ്ങള്‍. ഖുര്‍ആന്‍ പറഞ്ഞത് അവര്‍ രണ്ടു പേരും തെറ്റ് ചെയ്തു, രണ്ടു പേരും പശ്ചാത്തപിച്ചു, രണ്ടു പേര്‍ക്കും അല്ലാഹു പൊറുത്തു കൊടുത്തു എന്നാണ്.  സ്ത്രീയെ ഇകഴ്ത്തുന്ന പണ്ടോര, ആഫ്രോഡൈറ്റ് സങ്കല്‍പങ്ങളോ, മനുവാദമോ, അപശകുനമെന്ന കാഴ്ചപ്പാടോ ഒന്നും തന്നെ ഇസ്‌ലാം അംഗീകരിക്കുന്നില്ല. പാപത്തിലും ചാപല്യത്തിലും അന്തര്‍ലീനമായ ഒരു സ്വത്വമായി അവളെ കാണുന്നില്ല (2:35-36, 7:19-27, 20: 117-123 തുടങ്ങിയ ഖുര്‍ആനിക സൂക്തങ്ങള്‍ കാണുക).

മാതൃഭാവം ഉയര്‍ത്തി
കുടുംബിനി എന്ന നിലയില്‍ പ്രസവം, സന്താന പരിപാലനം തുടങ്ങിയ ജൈവ പ്രക്രിയകളെ മോശമായോ സമയം കൊല്ലുന്ന ഏര്‍പ്പാടായോ അല്ല ഇസ്ലാം കാണുന്നത്. മറിച്ച്, സമൂഹത്തിന്റെ നല്ല ഭാവി ഉറപ്പുവരുത്തുന്ന ഏറ്റവും ഉത്തമമായ പ്രക്രിയയായിട്ടാണ്. അതിനാല്‍ തന്നെ അതിനുതകുന്ന കുടുംബാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടും അതിന് അര്‍ഹമായ  സാമൂഹികാംഗീകാരം സ്ത്രീക്ക് നല്‍കിക്കൊണ്ടും മാതൃത്വത്തെ മനുഷ്യസമൂഹത്തില്‍ ഏറ്റവും ആദരിക്കപ്പെടുന്ന ഒരു പദവിയായി ഉയര്‍ത്തിക്കാട്ടുകയാണ് ഇസ്‌ലാം ചെയ്തത്. സൃഷ്ടികര്‍ത്താവിന് തൊട്ടു താഴെയാണ് ആദരവിന്റെ കാര്യത്തില്‍ മാതാവിന്റെ സ്ഥാനം. 'സ്വര്‍ഗം മാതാവിന്റെ കാല്‍ച്ചുവട്ടില്‍' എന്ന പ്രവാചക വചനം സ്ത്രീയെ കുറിച്ച് പുരുഷ മനസ്സില്‍ വേരൂന്നിയിട്ടുള്ള അധമ വികാരങ്ങള്‍ക്ക് തടയിടാന്‍ പോന്നതാണ്. ആദരവിന്റെയും ബഹുമാനത്തിന്റെയും ഉത്തമ വികാരങ്ങള്‍ മനസ്സില്‍ വേരൂന്നിയാല്‍ സ്ത്രീക്ക് വേദന ഉണ്ടാക്കിയേക്കാവുന്ന ഏതൊരു പ്രവൃത്തിയെ കുറിച്ചും ചിന്തിക്കാന്‍ തന്നെ പുരുഷന്‍ ഭയപ്പെടും.  അതാണ് അറേബ്യയില്‍ സംഭവിച്ചത്.

വിവാഹത്തിന് പ്രോത്സാഹനം
മനുഷ്യന്റെ ജൈവിക തൃഷ്ണയെ വിലക്കുന്നതിനു പകരം പ്രോത്സാഹിപ്പിക്കുകയും അതിന് ഉചിതമായ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയുമാണ് ഇസ്‌ലാം. വ്യഭിചാരം വിലക്കിയപ്പോള്‍ വിവാഹം പ്രോത്സാഹിപ്പിച്ചു. നിര്‍ണിത അവകാശങ്ങളും ഉത്തരവാദിത്തങ്ങളുമുള്ള പവിത്രവും ബലിഷ്ഠവുമായ കരാറായി വിവാഹത്തെ പരിചയപ്പെടുത്തി. വിവാഹത്തിനു മുമ്പ് സ്ത്രീപുരുഷന്മാര്‍ പരസ്പരം കാണുകയും പെണ്ണിന്റെ ഇഷ്ടം കൂടി പരിഗണിക്കുകയും വേണം എന്നത് ഇസ്‌ലാമിക ചര്യയുടെ ഭാഗമായി നിശ്ചയിക്കപ്പെട്ടു. വിവാഹവുമായി ബന്ധപ്പെട്ട സാമ്പത്തികമായ എല്ലാ ബാധ്യതകളും പുരുഷന്റേതായിരിക്കുമെന്ന് പ്രഖ്യാപിച്ചു. സ്ത്രീയുടെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മഹ്ര്‍ അഥവാ വിവാഹമൂല്യം വരന്‍ വധുവിന് നല്‍കണമെന്ന് നിര്‍ദേശിച്ചു. വൈവാഹിക ബന്ധത്തിന് അടിസ്ഥാനം പ്രേമത്തെ പോലെതന്നെ കാരുണ്യവുമാണെന്ന് പഠിപ്പിച്ചു. 
''അല്ലാഹു നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. നിങ്ങള്‍ക്ക് സമാധാനത്തോടെ ഒത്തുചേരാന്‍. നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്'' (ഖുര്‍ആന്‍ 30:21).
ദമ്പതികള്‍ പരസ്പരം വഴക്കിട്ട് കഴിയേണ്ടവരല്ല വിട്ടുവീഴ്ചയും ഗുണകാംക്ഷയും പുലര്‍ത്തേണ്ടവരാണെന്ന് പഠിപ്പിച്ചു. ''സത്യവിശ്വാസികളേ, സ്ത്രീകളെ ബലാല്‍ക്കാരമായി അനന്തരാവകാശ സ്വത്തായി എടുക്കല്‍ നിങ്ങള്‍ക്ക് അനുവദനീയമല്ല. അവര്‍ക്ക് നിങ്ങള്‍ കൊടുത്തിട്ടുള്ളത് ഒരുഭാഗം തട്ടിയെടുക്കാന്‍ വേണ്ടി നിങ്ങള്‍ അവരെ മുടക്കി ഇടുകയും ചെയ്യരുത്. അവര്‍ പ്രത്യക്ഷമായ വല്ല മ്ലേഛവൃത്തിയും ചെയ്‌തെങ്കില്‍ അല്ലാതെ അവരോട് നിങ്ങള്‍ മര്യാദയോടെ വര്‍ത്തിക്കേണ്ടതുമാണ്. നിങ്ങള്‍ക്ക് അവരോട് വെറുപ്പ് തോന്നുന്ന പക്ഷം (നിങ്ങള്‍ മനസ്സിലാക്കുക) നിങ്ങള്‍ ഒരു കാര്യം വെറുക്കുകയും അതേ കാര്യത്തില്‍  അല്ലാഹു ധാരാളം നന്മ നിശ്ചയിക്കുകയും ചെയ്തു എന്ന് വരാം'' (ഖുര്‍ആന്‍ 4:19).
നബി (സ) പറഞ്ഞു: ''സത്യവിശ്വാസി സത്യവിശ്വാസിനികളോട് കോപിക്കരുത്. അവളില്‍നിന്ന് ഒരു സ്വഭാവം അവന്‍ വെറുത്താല്‍ തന്നെയും മറ്റു പലതിലും തൃപ്തിപ്പെടാന്‍ ഇടയുണ്ട്.'' ഗാര്‍ഹിക പീഡനത്തിന് പിന്നെ എന്ത് പഴുതാണ് അവശേഷിക്കുന്നത്? ലൈംഗികാസ്വാദനം പുരുഷനെപ്പോലെ തന്നെ സ്ത്രീക്കും അവകാശപ്പെട്ടതാണെന്നും അതിനാല്‍ തന്നെ സ്ത്രീയുടെ കൂടി ഇഷ്ടവും സൗകര്യവും പരിഗണിച്ച് കൊണ്ടാവണം ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടേണ്ടത് എന്നും പഠിപ്പിച്ചു.
'നിങ്ങളിലാരെങ്കിലും തന്റെ ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ പക്ഷികളെപ്പോലെ ആവരുത്. സാവകാശം കാണിക്കുകയും ക്ഷമ പാലിക്കുകയും ചെയ്യുക' എന്ന പ്രവാചകവചനം പുരുഷനെ അപേക്ഷിച്ച് സ്ത്രീയുടെ ലൈംഗിക ഉത്തേജനം സാവധാനം സംഭവിക്കുന്ന ഒന്നാണെന്നും അതിനാല്‍ തന്നെ ക്ഷമയോടെ അതിനു വേണ്ടി കാത്തുനില്‍ക്കുക എന്നത് പുരുഷന്റെ ബാധ്യതയാണെന്നും പഠിപ്പിക്കുന്നു.

അഭിമാന സംരക്ഷണം
പെണ്ണിന്റെ പവിത്രതക്കും അഭിമാനത്തിനും കോട്ടം തട്ടുന്ന ഏതു പ്രവൃത്തിയും കഠിനമായ ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ് ഇസ്‌ലാമിക നിയമപ്രകാരം. സ്ത്രീകളെക്കുറിച്ച് അപവാദം പറയുന്നത് വന്‍ പാപങ്ങളുടെ കൂട്ടത്തില്‍ എണ്ണുകയും പരദൂഷണം, പരസ്പരം കളിയാക്കല്‍ തുടങ്ങിയവ ആരെക്കുറിച്ചായാലും കൊടിയ പാപങ്ങളും വെറുക്കപ്പെടേണ്ടവയുമാണെന്ന്  പഠിപ്പിക്കുകയും ചെയ്തു. 
''പരിശുദ്ധരും ദുര്‍നടപടിയെക്കുറിച്ചാലോചിക്കുകപോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളെ സംബന്ധിച്ച് ദുരാരോപണമുന്നയിക്കുന്നവര്‍ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്'' (ഖുര്‍ആന്‍ 24:23).
''നാലു സാക്ഷികളെ ഹാജരാക്കാതെ ചാരിത്രവതികളുടെ മേല്‍ കുറ്റമാരോപിക്കുന്നവരെ നിങ്ങള്‍ എണ്‍പത് അടിവീതം അടിക്കുക. അവരുടെ സാക്ഷ്യം പിന്നീടൊരിക്കലും സ്വീകരിക്കരുത്. അവര്‍ തന്നെയാണ് തെമ്മാടികള്‍'' (ഖുര്‍ആന്‍ 24:4).
ഇസ്‌ലാമിക നിയമത്തിന്റെ അടിസ്ഥാന തത്ത്വം തെറ്റ് ചെയ്തതായി തെളിയിക്കപ്പെടുന്നതുവരെ എല്ലാവരും നിരപരാധികളാണ് എന്നതാണ്. അവരെ കുറിച്ച് അപവാദം പറയല്‍  വന്‍ പാപമാണ്.  കുറ്റം തെളിയിക്കപ്പെട്ടു കഴിഞ്ഞാല്‍ ശിക്ഷ നടപ്പാക്കുന്നതിന് യാതൊരു ദാക്ഷിണ്യവും പാടില്ല എന്നും ഖുര്‍ആന്‍ കല്‍പ്പിക്കുന്നു.
''വ്യഭിചാരിണിയെയും വ്യഭിചാരിയെയും നൂറടി വീതം അടിക്കുക. അല്ലാഹുവിന്റെ നിയമവ്യവസ്ഥ നടപ്പാക്കുന്ന കാര്യത്തില്‍ അവരോടുള്ള ദയ നിങ്ങളെ പിടികൂടാതിരിക്കട്ടെ, നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്‍. അവരെ ശിക്ഷിക്കുന്നതിന് സത്യവിശ്വാസികളിലൊരു സംഘം സാക്ഷ്യംവഹിക്കുകയും ചെയ്യട്ടെ'' (24:2).

വിദ്യ അഭ്യസിച്ചേ തീരൂ 
ആണിന് എന്നപോലെ പെണ്ണിനും ആത്മാഭിമാനത്തോടെ സമൂഹത്തിനു മുന്നില്‍ എഴുന്നേറ്റ് നില്‍ക്കാനും സ്വന്തം അവകാശങ്ങള്‍ തിരിച്ചറിയാനും വിദ്യാഭ്യാസം അനിവാര്യമാണ്. 'വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍' (96:1) എന്നതാണ് വിശുദ്ധ ഖുര്‍ആനിലെ മനുഷ്യരോടുള്ള ഒന്നാമത്തെ കല്‍പ്പന. 'അറിവ് നേടുക എന്നത് മുസ്‌ലിം സ്ത്രീയുടെയും പുരുഷന്റെയും മേല്‍ നിര്‍ബന്ധമാക്കപ്പെട്ട ബാധ്യതയാണ്' എന്ന് പറഞ്ഞ പ്രവാചകന്‍ സ്ത്രീക്ക് അതിനു വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുത്തു.
അങ്ങനെ ശബ്ദമില്ലാത്ത, അടിമകളേക്കാള്‍ മോശമായ  അവസ്ഥയില്‍ നിന്നും ഉറച്ച നിലപാടുള്ള, ശക്തമായി പ്രതികരിക്കുന്ന, സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്ന വ്യക്തിത്വമായി സ്ത്രീയെ ഉയര്‍ത്തി.

സാമൂഹിക ഇടപെടല്‍
സ്വന്തം പ്രശ്‌നങ്ങള്‍ മാത്രമല്ല മുഴുവന്‍ സമൂഹത്തിന്റെയും പ്രശ്‌നങ്ങള്‍ സമൂഹമധ്യത്തിലും ഭരണാധികാരികളുടെ ശ്രദ്ധയിലും കൊണ്ടുവരാനും തെറ്റ് ചെയ്തത്  ഉന്നതരാണെങ്കിലും ശക്തമായി ഇടപെടാനും തിരുത്തിക്കാനുമുള്ള സ്വാതന്ത്ര്യവും  സ്ത്രീക്കുണ്ട്. 'സത്യവിശ്വാസികളായ സ്ത്രീപുരുഷന്മാര്‍ പരസ്പരം സഹായികളാണ്. അവര്‍ നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു...' (9:71), 'തന്റെ ഭര്‍ത്താവിനെക്കുറിച്ച് നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവോട് ആവലാതിപ്പെടുകയും ചെയ്യുന്നവളുടെ വാക്കുകള്‍ അല്ലാഹു കേട്ടിരിക്കുന്നു; തീര്‍ച്ച. അല്ലാഹു നിങ്ങളിരുവരുടെയും സംഭാഷണം ശ്രവിക്കുന്നുണ്ട്. നിശ്ചയമായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു' (58:1) തുടങ്ങിയ ഖുര്‍ആന്‍ വചനങ്ങള്‍ ശ്രദ്ധേയമാണ്.
പിഞ്ചുകുഞ്ഞിനെ പോലും ലൈംഗിക തൃഷ്ണയോടെ സമീപിക്കാന്‍ പ്രേരിപ്പിക്കുന്ന,  ലൈംഗിക അരാജകത്വത്തിലേക്കും വഴിവിട്ട ബന്ധങ്ങളിലേക്കും നയിക്കുന്ന എല്ലാ സാഹചര്യങ്ങളെയും ഇസ്‌ലാം വിലക്കി. മദ്യം, മയക്കുമരുന്ന്, അശ്ലീലത തുടങ്ങി മനസ്സുകളെ പൈശാചികവല്‍ക്കരിക്കുന്ന എല്ലാ കവാടങ്ങളും കൊട്ടിയടച്ചു.
നിയമനടപടികളും ശിക്ഷയും അവസാനത്തെ ആയുധമാണ്. യഥാര്‍ഥ പ്രതിവിധി മനസ്സുകളുടെ ശുദ്ധീകരണമാണ്. അല്ലാഹുവിലുള്ള വിശ്വാസവും പരലോകത്തെ കുറിച്ച ഉറച്ച ബോധവും കൊണ്ട് മാത്രമേ അത് സാധ്യമാവൂ. അതിനുള്ള മാര്‍ഗം ഖുര്‍ആന്‍ പറഞ്ഞ് തരുന്നുണ്ട്: 
''ജനങ്ങളേ, നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഒരൊറ്റ സത്തയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില്‍നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു. ഏതൊരു അല്ലാഹുവിന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത് അവനെ സൂക്ഷിക്കുക; കുടുംബബന്ധങ്ങളെയും. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നവനാണ്'' (4:1). 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (53-55)
ടി.കെ ഉബൈദ്‌

ഹദീസ്‌

അറിവ് നിധിയാണ്, പ്രയോജനപ്പെടുത്തണം
അബ്ദുല്ലത്വീഫ് കൊടുവള്ളി