Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 20

3131

1441 റബീഉല്‍ ആഖിര്‍ 23

നിയമാവിഷ്‌കാര സമിതികളിലെ സ്ത്രീ പ്രാതിനിധ്യം

റാശിദുല്‍ ഗന്നൂശി

നിയമാവിഷ്‌കാര ജനപ്രതിനിധിസഭ/ശൂറയിലെ അംഗത്വം ലഭിക്കുന്നതിന് പുരുഷനായിരിക്കുക എന്ന ഉപാധി സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി പാകിസ്താനു വേണ്ടി തയാറാക്കിയ ഇസ്‌ലാമിക ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കുന്നുണ്ട്. 'പുരുഷന്മാര്‍ സ്ത്രീകളുടെ നാഥന്മാരാണ്' (അന്നിസാഅ് 32) എന്ന ഖുര്‍ആനിക സൂക്തവും 'തങ്ങളുടെ കാര്യം സ്ത്രീയെ ഏല്‍പിച്ച ഒരു സമൂഹവും വിജയിക്കുകയില്ല' എന്ന നബിവചന(ബുഖാരി)വുമാണ് അദ്ദേഹം തെളിവായി ഉദ്ധരിക്കുന്നത്. രാഷ്ട്രനായകത്വമോ മന്ത്രി പദവിയോ പ്രതിനിധി സഭയിലെ അംഗത്വമോ മറ്റു ഗവണ്‍മെന്റ് പദവികളോ സ്ത്രീകള്‍ക്ക് നല്‍കരുത് എന്നതിന് ഈ രണ്ട് വാക്യങ്ങളും ഖണ്ഡിതമായ തെളിവാണെന്നാണ് അദ്ദേഹത്തിന്റെ വാദം. .... രാഷ്ട്രീയവും ഭരണവും സ്ത്രീയുടെ പ്രവര്‍ത്തന വൃത്തത്തിന് പുറത്താണ്.1 ഇതേ അഭിപ്രായം തന്നെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയിലെ ഫത്‌വാ സമിതിയും കുവൈത്തിലെ മറ്റൊരു സമിതിയും പ്രകടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ സ്ത്രീ പങ്കാളിയാവാനേ പാടില്ല എന്ന് കുവൈത്തിലെ ഫത്‌വാ സമിതി വിലക്കുന്നു.2 ജോര്‍ദാന്‍ യൂനിവേഴ്‌സിറ്റിയിലെ കുല്ലിയ്യത്തുശ്ശരീഅയിലെ മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ അബൂഫാരിസിനും അദ്ദേഹത്തിന്റെ പല കൂട്ടുകാര്‍ക്കും ഇതേ അഭിപ്രായം ഉണ്ടായിരുന്നു; അതൊരു കൃതിയായി വെളിച്ചം കണ്ടിട്ടില്ലെങ്കിലും. സ്ത്രീക്ക് തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാം എന്നാണവര്‍ പറയുന്നത്; അതും മതവിരുദ്ധരായ സ്ഥാനാര്‍ഥികള്‍ക്കെതിരെ വോട്ട് ചെയ്യാന്‍ വേണ്ടി മാത്രം. ഇതിനൊക്കെ തെളിവായി ഉദ്ധരിക്കാനുള്ളത് നേരത്തേ പറഞ്ഞത് തന്നെ. പിന്നെ കഴിഞ്ഞ കാലത്ത് അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല എന്നതും.3
നേരത്തേ ഉദ്ധരിച്ച ഖുര്‍ആന്‍ വാക്യവും നബിവചനവും പൊതുജീവിതത്തില്‍നിന്ന് സ്ത്രീയെ അകറ്റിനിര്‍ത്തുന്നതിന് തെളിവുകളായി കൊണ്ടുവരപ്പെട്ടപ്പോള്‍, ഇതു സംബന്ധമായി പൂര്‍വകാല പണ്ഡിതന്മാര്‍ എന്തു പറഞ്ഞിരിക്കും എന്ന ആകാംക്ഷ എന്നില്‍ ഉണര്‍ന്നു. ഞാന്‍ കിട്ടാവുന്നേടത്തോളം ഇസ്‌ലാമിക പൈതൃക കൃതികള്‍ പരിശോധിച്ചു; പ്രത്യേകിച്ച് അവയില്‍ രാഷ്ട്രമീമാംസ കൈകാര്യം ചെയ്യുന്നവ. ഭരണനേതൃത്വം (ഇമാമത്ത്) എന്ന തലക്കെട്ടില്‍ മാത്രമാണ് ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുള്ളത് എന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തി. രാഷ്ട്ര ഭരണത്തിന്റെ നേതൃത്വം സ്ത്രീക്ക് ആകരുത് എന്ന കാര്യത്തില്‍ പൂര്‍വ പണ്ഡിതന്മാര്‍ക്കിടയില്‍ ഏറക്കുറെ അഭിപ്രായ സമന്വയം ഉള്ളതായും എനിക്ക് കാണാന്‍ കഴിഞ്ഞു. അവര്‍ക്ക് തെളിവ് മേല്‍ പറയപ്പെട്ട ഹദീസാണ്. അതേസമയം നീതിന്യായ പദവികള്‍ അവര്‍ക്കാകാം എന്ന അഭിപ്രായമാണ് ധാരാളം പണ്ഡിതന്മാര്‍ക്ക്. അബൂയഅ്‌ലല്‍ ഫര്‍റാഅ് ഇത്ര വരെ പറഞ്ഞു: ''ജഡ്ജിയാകാന്‍ എന്തൊക്കെ ഗുണങ്ങള്‍ ഒത്തുവരണമോ അതൊക്കെ നേതാവിലും (ഇമാം) ഒത്തുവരല്‍ ഉപാധിയാണ്. സ്വാതന്ത്ര്യമുണ്ടാവുക, പ്രായപൂര്‍ത്തിയെത്തുക, ബുദ്ധിസ്ഥിരതയുണ്ടാവുക, അറിവും നീതിബോധവുമുണ്ടായിരിക്കുക എന്നിവയാണ് ആ ഗുണങ്ങള്‍.'' 4 ഇസ്‌ലാമിക ചരിത്രത്തിലെ ശബീബിയ്യ പോലുള്ള ഖവാരിജ് വിഭാഗങ്ങള്‍, പ്രജകളുടെ കാര്യങ്ങള്‍ നോക്കി നടത്താനും അവരുടെ ശത്രുക്കള്‍ക്കെതിരെ പൊരുതാനും പ്രാപ്തിയുണ്ടെങ്കില്‍ സ്ത്രീക്ക് ഭരണാധികാരിയാവാം എന്ന പക്ഷക്കാരാണ്. ശബീബിന്റെ മരണശേഷം ഗസാല ഉമ്മുശബീബ് എന്ന വനിത ഭരണാധികാരിയായിരുന്ന കാര്യവും അവര്‍ ചൂണ്ടിക്കാണിക്കുന്നു.5
ഹസ്രത്ത് ആഇശ (റ) ഒരു സായുധ പ്രതിപക്ഷത്തെ ഉയര്‍ത്തിക്കൊണ്ട് വരിക വഴി രാഷ്ട്രീയത്തില്‍ തനിക്കും കാര്യമുണ്ടെന്ന് വ്യക്തമാക്കി. സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെട്ട സ്വഹാബികള്‍ ഉള്‍പ്പെടെ മൂവായിരം സൈനികരുണ്ടായിരുന്നു ഈ പ്രതിപക്ഷ നിരയില്‍. അബൂബക്ര്‍ പറഞ്ഞതുപോലെ, 'ആഇശ (റ) കല്‍പിക്കുകയും വിലക്കുകയും ചെയ്തിരുന്നു. കാര്യങ്ങള്‍ അവരുടെ നിയന്ത്രണത്തിലായിരുന്നു.'6 അവരാണ് നേതൃസ്ഥാനത്ത് ഉണ്ടായിരുന്നത്; അവരാണ് പ്രസംഗിക്കുകയും ചര്‍ച്ച നടത്തുകയും നമസ്‌കാരത്തിന് ഇമാമിനെ നിശ്ചയിക്കുകയും ചെയ്തിരുന്നത്.7 രാഷ്ട്രീയത്തില്‍ കീര്‍ത്തി നേടിയ വേറെയും വനിതാരത്‌നങ്ങളുണ്ട് ഇസ്‌ലാമിക ചരിത്രത്തില്‍. ഹിജ്‌റ ആറാം നൂറ്റാണ്ടില്‍ യമന്‍ മേഖലയില്‍ നാല്‍പതിലധികം വര്‍ഷം ഭരണം നടത്തിയിട്ടുണ്ട് അല്‍ ഹുര്‍റ സ്വലീഹിയ്യ എന്ന വനിത.
ഭരണാധികാരത്തിന്റെ ഏറ്റവും ഉയര്‍ന്ന പദവി സ്ത്രീക്ക് നല്‍കാം എന്ന് വാദിക്കുന്നവരുടെ ന്യായം ഇതാണ്: സ്ത്രീ-പുരുഷ സമത്വമാണ് ഇസ്‌ലാം ഊന്നിപ്പറയുന്നത്. സമഭാവനയെന്ന ഈ പൊതു തത്ത്വത്തെ നിഷേധിക്കുന്ന ഒരടിസ്ഥാനമായി വികസിപ്പിക്കാവുന്നതല്ല നേരത്തേ ഉദ്ധരിച്ച പ്രവാചക വചനം. ഒരു പ്രത്യേക സന്ദര്‍ഭത്തിലാണ് നബി അത് പറഞ്ഞിട്ടുള്ളത്. പേര്‍ഷ്യയിലെ കിസ്‌റാ രാജാവ് മരണപ്പെടുകയും അവിടത്തുകാര്‍ ഭരണാധികാരിയായി അദ്ദേഹത്തിന്റെ പുത്രിയെ നിശ്ചയിക്കുകയും ചെയ്ത വിവരം കിട്ടിയപ്പോഴാണ് നബി അങ്ങനെ പറഞ്ഞത്. താന്‍ പേര്‍ഷ്യയിലേക്ക് പറഞ്ഞയച്ച തന്റെ ദൂതനെ അവിടത്തുകാര്‍ കൊലപ്പെടുത്തിയതിലുള്ള രോഷമാണ് ഈ വാക്കുകളില്‍ കാണാനാവുക. അതിനാല്‍ ഈ സംഭവത്തിനപ്പുറം ഒരു സാമാന്യവല്‍കരണത്തിന് യോജിച്ചതല്ല ഈ ഹദീസ്.
ഇനി നേരത്തേ പരാമര്‍ശിച്ച ഖുര്‍ആന്‍ സൂക്തത്തിന്റെ കാര്യം. മൗലാനാ മൗദൂദിക്ക് മുമ്പുള്ള രാഷ്ട്രമീമാംസാ പണ്ഡിതരൊന്നും തന്നെ സ്ത്രീ പൊതുഭരണം കൈയാളാന്‍ പാടില്ല എന്നതിന് തെളിവായി പ്രസ്തുത സൂക്തം ഉദ്ധരിച്ചതായി കാണുന്നില്ല. പിന്നെ എങ്ങനെയത് രാഷ്ട്രീയ പങ്കാളിത്തം വരെ തടയുന്നതിന് തെളിവാകും? പാകിസ്താനിലെ ജമാഅത്തെ ഇസ്‌ലാമി അതിന്റെ സ്ഥാപക നേതാവിന്റെ മൗലികവും ആഴമുള്ളതുമായ ചിന്തകളാല്‍ സമ്പന്നമാണെങ്കിലും, ഒരു വിഭാഗമാളുകളെ മാത്രമേ അതിന് ആകര്‍ഷിക്കാന്‍ കഴിയുന്നുള്ളൂ. അതിന്റെ സാമൂഹിക വീക്ഷണം, പ്രത്യേകിച്ച് സ്ത്രീ സംബന്ധിയായത് യാഥാസ്ഥിതികമാണ് എന്നതാണതിന് കാരണം.
ചുരുക്കം പറഞ്ഞാല്‍, സമൂഹത്തിന്റെ നേര്‍ പകുതിയായ ഒരു വിഭാഗത്തെ പൊതുജീവിതത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ ഒരു തെളിവുമില്ല. അങ്ങനെ ചെയ്യുന്നത് സ്ത്രീയോടെന്നല്ല, ഇസ്‌ലാമിനോടും മുസ്‌ലിം സമൂഹത്തോടും ചെയ്യുന്ന അതിക്രമമായിരിക്കും. കാരണം പൊതുജീവിതത്തില്‍ ഇടം അനുവദിച്ചുകൊണ്ടല്ലാതെ സ്ത്രീയെ ഉദ്ബുദ്ധയാക്കാന്‍ കഴിയില്ല. സ്ത്രീ ഉദ്ബുദ്ധയായെങ്കിലേ നല്ലൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ അവള്‍ക്ക് കഴിയൂ. പല സന്ദര്‍ഭങ്ങളിലും സ്ത്രീയുടെ രാഷ്ട്രീയ പങ്കാളിത്തം അനിവാര്യമാണെന്ന് തന്നെ പറയേണ്ടിവരും. ഇസ്‌ലാമിന്റെ സമത്വ സങ്കല്‍പത്തോടും ധാര്‍മികതയോടും ചേര്‍ന്നുനില്‍ക്കുക ആ നിലപാടായിരിക്കും. 'ജനങ്ങളേ, നാം നിങ്ങളെ ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു' എന്നു തുടങ്ങുന്ന ഖുര്‍ആനിക സൂക്തം ഈ സമത്വ സങ്കല്‍പത്തിനല്ലേ അടിവരയിടുന്നത്? സ്ത്രീ നേതൃത്വം ആവശ്യമായ എത്രയെത്ര മേഖലകളുണ്ട് ഇന്ന്! ആഇശ, ഖദീജ, ഉമ്മുസലമ, ഫാത്വിമ, അസ്മാഅ്, ഉമ്മു അമ്മാറ, സൈനബുല്‍ ഗസ്സാലി, സുആദ് അല്‍ ഫാതിഹ് തുടങ്ങിയവര്‍ നല്‍കിയത് പോലുള്ള നേതൃത്വം നിയമാവിഷ്‌കാര സമിതികളില്‍ സ്ത്രീകള്‍ക്ക് സംവരണമേര്‍പ്പെടുത്തുന്നതിലും നാം തെറ്റുകാണുന്നില്ല.
 

കുറിപ്പുകള്‍
1. അബുല്‍ അഅ്‌ലാ മൗദൂദി- തദ്‌വീനുദ്ദസ്തൂറില്‍ ഇസ്‌ലാമി, പേജ് 84-88
2. 'ഫതാവാ ഫീ അഹ്കാമിന്നിസാഅ്' (കയ്‌റോ) എന്ന ലഘുലേഖയില്‍ വന്നത്.
3. ദിറാസതുന്‍ ഹൗല മുശാറകതില്‍ മര്‍അ ഫില്‍ ഹയാതിസ്സിയാസിയ്യ (കൈയെഴുത്ത് പ്രതി)
4. അബുല്‍ ഹസന്‍ അലി ബ്‌നു മുഹമ്മദ് അല്‍ മാവര്‍ദി- അല്‍ അഹ്കാമുസ്സ്വല്‍ത്വാനിയ്യ വല്‍ വിലായത്തുദ്ദീനിയ്യ (കയ്‌റോ, 1966)
5. അബ്ദുല്‍ ഖാഹില്‍ അല്‍ ബഗ്ദാദി- അല്‍മിലലു വന്നിഹല്‍, പേജ് 75,76
6. ഉദ്ധരണം: ഫാസി-മഖാസ്വിദുശ്ശരീഅ അല്‍ ഇസ്‌ലാമിയ്യ വ മകാരിമുഹാ, പേജ് 347
7. അതേ പുസ്തകം 246, 247

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (53-55)
ടി.കെ ഉബൈദ്‌

ഹദീസ്‌

അറിവ് നിധിയാണ്, പ്രയോജനപ്പെടുത്തണം
അബ്ദുല്ലത്വീഫ് കൊടുവള്ളി