Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 20

3131

1441 റബീഉല്‍ ആഖിര്‍ 23

ഒരു വ്യക്തിക്ക് എന്തിനാണ് പ്രസ്ഥാനം?

ടി. മുഹമ്മദ് വേളം

ഒരു വ്യക്തി എന്തിന് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭാഗമാവണം? സാമൂഹിക പരിവര്‍ത്തനത്തിന് എന്നാണ് ഉത്തരമെങ്കില്‍; പരിവര്‍ത്തനമൊക്കെ നല്ല കാര്യമാണ്, അത് നടക്കണം, പക്ഷേ അത് ഞാനായിട്ട് മുന്നിട്ടിറങ്ങി ഉണ്ടാവണമെന്നില്ല എന്ന് ഒരു വ്യക്തിക്ക് തീരുമാനിക്കാമല്ലോ. ആരെങ്കിലും ചേര്‍ന്നുണ്ടാക്കുന്ന പരിവര്‍ത്തനങ്ങളെ സ്വാഗതം ചെയ്യാം എന്ന് ഒരാള്‍ക്ക് ചിന്തിക്കാമല്ലോ. ഞാനായിട്ട് മുന്‍കൈയെടുത്ത് മാറ്റങ്ങളും നന്മകളും സൃഷ്ടിക്കാത്തതുകൊണ്ട് അതുണ്ടാവുന്നില്ല എന്നാണെങ്കില്‍ തല്‍ക്കാലം അതവിടെ നില്‍ക്കട്ടെ എന്നും വ്യക്തിക്ക് ആലോചിക്കാമല്ലോ. മോര് പ്രിയനായ രാജാവ് നഗരമധ്യത്തില്‍ ഒരു വീപ്പ സ്ഥാപിച്ചു. പ്രജകളോടെല്ലാം ഏറ്റവും നല്ല മോരില്‍നിന്ന് ഒരു സ്പൂണ്‍, അടച്ചുവെച്ച ഈ വീപ്പയില്‍ ഒഴിക്കാനാവശ്യപ്പെട്ടു. ഒരാള്‍ ആലോചിച്ചു; 'എല്ലാവരും മോരൊഴിക്കും. എനിക്ക് ഇപ്പോള്‍ ഒരു സ്പൂണ്‍ പച്ചവെള്ളമൊഴിക്കാം. എല്ലാവരും മോരൊഴിക്കുമ്പോള്‍ എന്റെ പച്ചവെള്ളം വേറിട്ട് മനസ്സിലാവില്ല.' അയാള്‍ അപ്രകാരം ചെയ്തു. പിറ്റേന്ന് രാജ ഗുമസ്ഥന്മാര്‍ വന്ന് വീപ്പ തുറന്നു നോക്കിയപ്പോള്‍ നിറയെ വെള്ളമായിരുന്നു. ഈ വിരുതനെപ്പോലെ തന്നെയായിരുന്നു എല്ലാവരും ചിന്തിച്ചത്. ഈ പ്രചോദനകഥ പറഞ്ഞാലും ഒരു വ്യക്തിക്ക് പറയാം; തല്‍ക്കാലം രാജാവ് പച്ചവെള്ളം കുടിച്ചാല്‍മതി! നന്മയുടെ സംസ്ഥാപനത്തിനും തിന്മയുടെ വിപാടനത്തിനും വ്യക്തി തന്നെ മുന്നിട്ടിറങ്ങണമെന്ന് വ്യക്തിയെ ബോധ്യപ്പെടുത്തുന്ന ഉത്തരമുണ്ടാവണം. വ്യക്തിയുടെ പ്രകൃതത്തില്‍തന്നെ സാമൂഹികോന്മുഖതയും പരിവര്‍ത്തനത്വരയുമുള്ളവരുണ്ടാവും. അവര്‍ക്ക് ഇത്തരം ഉത്തരങ്ങള്‍ സഹായക സമ്മാനാശയങ്ങള്‍ ആയിരിക്കും. സ്വയപ്രചോദിതര്‍ അല്ലാത്തവര്‍ക്ക് ചില ഉത്തരങ്ങള്‍ നല്‍കാനാണ് ഇവിടെ ശ്രമിക്കുന്നത്.

ഏറ്റവും ഒഴുകുന്ന ദാനം പ്രസ്ഥാനമാണ്

ഒഴുകുന്ന ദാനം വിശ്വാസിയെ എന്നും പ്രലോഭിപ്പിച്ച പ്രവാചകാധ്യാപനമാണ്. മരണത്തോടെ കര്‍മങ്ങള്‍ രേഖപ്പെടുത്തുന്ന പേനകള്‍ ഉയര്‍ത്തപ്പെടും, ഏടുകള്‍ ഉണക്കപ്പെടും. പിന്നെയും തളിരിടുന്ന കര്‍മങ്ങളാണ് ജാരിയായ സ്വദഖകള്‍ എന്ന ഒഴുകുന്ന ദാനങ്ങള്‍. മരണശേഷവും ലാഭം ലഭിക്കുന്ന നിക്ഷേപത്തില്‍ ഏതു വിശ്വാസിക്കാണ് താല്‍പര്യമുണ്ടാകാതാരിക്കുക! പള്ളികള്‍, മദ്‌റസകള്‍, ഇസ്‌ലാമിക കലാലയങ്ങള്‍, സേവന സംരംഭങ്ങള്‍ ഇങ്ങനെ പലതും ഒഴുക്കു തുടരുന്ന ദാനത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ വിശ്വാസികളുടെ മനോമുകുരത്തില്‍ തെളിഞ്ഞുവരും. ശരിയാണ്, ഇവയെല്ലാം കാലത്തിലൂടെ പിന്നെയും ഒഴുകുന്ന ദാനധര്‍മപ്പുഴകള്‍ തന്നെയാണ്.
പക്ഷേ ഇതിനേക്കാള്‍ വൈപുല്യത്തോടെ ഒഴുകുന്ന ദാനധര്‍മങ്ങളുണ്ടോ? യഥാര്‍ഥത്തില്‍ നമ്മുടെ കാലത്ത് ഏറ്റവും വലിയ, വിപുലമായ ഒഴുകുന്ന ധര്‍മം ഇസ്‌ലാമിക പ്രസ്ഥാനമാണ്. പ്രസ്ഥാനം രാജ്യമൊട്ടുക്കും ധാരാളം പള്ളികള്‍, മദ്‌റസകള്‍, സേവനസ്ഥാപനങ്ങള്‍, ദീനീകലാലയങ്ങള്‍ ഒക്കെ സ്ഥാപിച്ചു പരിപാലിക്കുന്ന ബ്രഹദ് സംവിധാനമാണ്. ഒപ്പം പ്രബോധന പ്രവര്‍ത്തനങ്ങള്‍, നീതിയുടെ സാക്ഷ്യത്തിനും സംസ്ഥാപനത്തിനുമുള്ള പരിശ്രമങ്ങള്‍, സമുദായത്തിന്റെ സംരക്ഷണവും വളര്‍ച്ചയും സംസ്‌കരണവും ഒക്കെ ഏറ്റെടുത്ത് നിര്‍വഹിക്കുന്ന വിപുലമായ സംവിധാനമാണത്. നാം ഒഴുകുന്ന ദാനം എന്ന ഉദ്ദേശ്യത്തോടെ നാട്ടില്‍ ഒരു പള്ളി നിര്‍മിക്കുമ്പോള്‍, പള്ളി നിര്‍മാണത്തിന് സഹായം നല്‍കുമ്പോള്‍ സഹായം എത്ര വലുതാണെങ്കിലും ആ പള്ളിയില്‍ പരിമിതമാണ്. എന്നാല്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് ശാരീരികമായോ സാമ്പത്തികമായോ എന്തെങ്കിലും സഹായം നാം ചെയ്യുമ്പോള്‍ അതിന്റെ ഫലം ഒരു പള്ളിയില്‍, ഒരു നാട്ടില്‍ പരിമിതമല്ല. രാജ്യമൊട്ടുക്കും വ്യാപകമാണ്. കുറച്ചുകൂടി വിശദമാക്കി പറയാം. ഒരാള്‍ ഒരു നാട്ടില്‍ ഒരു പള്ളി നിര്‍മിച്ചു. അല്ലെങ്കില്‍ പള്ളിനിര്‍മാണത്തില്‍ സമ്പത്തുകൊണ്ടോ ശരീരം കൊണ്ടോ പങ്കാളിയായി. അത് മഹത്തായ പ്രവര്‍ത്തനം തന്നെയാണ്. പക്ഷേ അതിന്റെ ഫലം ആ പ്രദേശത്തും ആ പള്ളിയിലും പരിമിതമാണ്. എന്നാല്‍ മറ്റൊരാള്‍ പ്രസ്ഥാനത്തിന്റെ ബൈത്തുല്‍ മാലിലേക്ക് 100 രൂപ നല്‍കുന്നു. അല്ലെങ്കില്‍ പ്രസ്ഥാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. അതിന്റെ ഫലം നമ്മുടെ പ്രദേശത്തുണ്ടാവുന്നു. അതിന്റെ ഒരു പങ്ക് നമ്മുടെ തന്നെ കുറച്ചുകൂടി വിപുലമായ പ്രദേശ ഘടനയിലും ജില്ലയിലും സംസ്ഥാനത്തും ദേശീയ തലത്തിലുമുണ്ടാവുന്നു. നാം നാട്ടിലെ പള്ളിനിര്‍മാണത്തിനോ പരിപാലനത്തിനോ 100 രൂപ നല്‍കിയാല്‍ അതിന്റെ ഫലം ആ നാട്ടില്‍ പരിമിതമാണ്. എന്നാല്‍ പ്രസ്ഥാനത്തിന്റെ ബൈത്തുല്‍ മാലിലേക്ക് 100 രൂപ നല്‍കിയാല്‍ അത് പല ശ്രേണികളിലൂടെ കടന്നുപോയി രാജ്യത്തിന്റെ പലഭാഗത്തും പ്രവര്‍ത്തിക്കുന്നു. ഒരുപക്ഷേ നമ്മുടെ നാടിനേക്കാള്‍, സംസ്ഥാനത്തേക്കാള്‍ ആവശ്യമായ ഇടങ്ങളിലേക്കും അതു ചെന്നു ചേരുന്നു. അതിന്റെയൊക്കെ ഫലം നമുക്ക് ലഭിക്കുന്നു.
നമ്മുടെ സമൂഹത്തില്‍ സേവന പ്രവര്‍ത്തനങ്ങള്‍ രണ്ടു തരത്തില്‍ നടക്കാറുണ്ട്: ഒന്ന് വ്യക്തി സംഘടനാ ബന്ധമൊന്നുമില്ലാതെ സ്വതന്ത്രമായി ചെയ്യുന്നത്. രണ്ടാമത്തേത് വ്യക്തികള്‍ കൂടിച്ചേര്‍ന്ന് സംഘടനാ സംവിധാനത്തിനു കീഴില്‍ ചെയ്യുന്നത്, അല്ലെങ്കില്‍ വ്യക്തിയുടെ ധനം തന്നെ സംഘടനയെ ഏല്‍പ്പിച്ച് ചെയ്യുന്നത്. ഇതില്‍ ഒന്നാമത്തേത് ഒരു കലര്‍പ്പുമില്ലാത്ത വിശുദ്ധ ദാനമായും രണ്ടാമത്തേത് അത്ര വിശുദ്ധമല്ലാത്തതുമാണെന്ന ചില ബോധങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ യാഥാര്‍ഥ്യം നേരെമറിച്ചാണ്. ഒരാള്‍ സ്വന്തം നിലക്ക് ഒരു അഗതിക്ക് വീടുവെച്ചുകൊടുക്കുന്നു. അതിന്റെ ഫലം ആ ഗുണഭോക്താവായ കുടുംബം  ഒരു നിശ്ചിത കാലം വരെ അനുഭവിക്കും. പിന്നീട് ആ കുടുംബത്തിന് അവരുടെ അടുത്ത തലമുറക്കെങ്കിലും സാമ്പത്തിക അഭിവൃദ്ധി ഉണ്ടായാല്‍ അവരത് ഉപേക്ഷിക്കുകയോ പുതുക്കിപ്പണിയുകയോ ചെയ്യും. തീര്‍ച്ചയായും ആ കുടുംബത്തിന്റെ തുടര്‍നേട്ടങ്ങളിലെല്ലാം ആ ധര്‍മിഷ്ഠന്‍ നല്‍കിയ അടിത്തറയുടെ ഒരംശമുണ്ടെന്നത് ശരിയാണ്. എങ്കിലും അതിന്റെ സ്വാധീനവൃത്തം ആ കുടുംബത്തില്‍ പരിമിതമാണ്. എന്നാല്‍ ഇതേ കാര്യം ഒരു പ്രസ്ഥാനത്തിലൂടെ നിര്‍വഹിക്കപ്പെടുമ്പോള്‍ മേല്‍പ്പറഞ്ഞതെല്ലാം അതേപോലെ നിര്‍വഹിക്കപ്പെടുന്നു. അധികമായി ചില നേട്ടങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. അതിലൂടെ ഒരു പ്രസ്ഥാനം എത്രയോ അളവില്‍ ശക്തിപ്പെടുന്നു. സമൂഹത്തില്‍ അതിന്റെ സല്‍പ്പേര് അതുവഴി വര്‍ധിക്കുന്നു. സംഘടനാപരമായ ചില ഗുണഫലങ്ങള്‍ അതുവഴി ഉണ്ടായിത്തീരുന്നു. അപ്പോള്‍ ധര്‍മദാതാവിന്റെ പ്രവര്‍ത്തനത്തിലൂടെ ഒരു കുടുംബത്തിന് വീടു ലഭിക്കുന്നു, ഒരു ഇസ്‌ലാമിക സംഘടന എത്രയോ അളവില്‍ ശക്തിപ്പെടുകയും ചെയ്യുന്നു. ഒപ്പം ഈ ദാതാവിന്റെ കാലശേഷവും ഇത്തരം പ്രവര്‍ത്തനങ്ങളും മഹത്തരമായ മറ്റു കര്‍മങ്ങളും നിര്‍വഹിക്കാന്‍ സജ്ജമായ നൈരന്തര്യമുള്ള ഒരു സംഘം ശക്തിപ്പെടുകയും ചെയ്യുന്നു. അപ്പോള്‍ ആ സംഘത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഒരു പങ്ക് ഈ ദാതാവിന് തന്റെ മരണാനന്തര ജീവിതത്തില്‍ ലഭിക്കുന്നു. നമ്മുടെ ജീവിതാനന്തരവും നമ്മുടെ നന്മകള്‍ ശതഗുണീഭവിക്കാനുള്ള വഴിയാണ് പ്രസ്ഥാന പ്രവര്‍ത്തനം. നമ്മുടെ കൊച്ചുകൊച്ചു പ്രവര്‍ത്തനങ്ങളിലൂടെ ശക്തിപ്പെടുന്ന ഒരു പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനഫലത്തിന്റെ ഒരു ഭാഗവും നമ്മുടെ ഖബ്‌റില്‍ എത്തിച്ചേരുക എന്ന സംവിധാനമാണിത്. ''നാം നിശ്ചയമായും മരിച്ചവരെയെല്ലാം ജീവിപ്പിക്കുന്നവനാകുന്നു. അവര്‍ ചെയ്ത പ്രവൃത്തികളൊക്കെയും നാം എഴുതിക്കൊണ്ടിരിക്കുന്നു. അവരുടെ അടയാളങ്ങളെയും. സകല കാര്യങ്ങളും നാം ഒരു തുറന്ന പട്ടികയില്‍ ക്ലിപ്തമായി ചേര്‍ത്തിരിക്കുന്നു...'' (യാസീന്‍ 12). ഇത് വിശദീകരിച്ചുകൊണ്ട് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി എഴുതുന്നു: ''മരണശേഷം തന്റെ ഭാവി തലമുറയിലും സ്വന്തം സമൂഹത്തിലും പൊതുവെ മനുഷ്യസമൂഹത്തിലും തന്റെ നല്ലതും ചീത്തയുമായ പ്രവര്‍ത്തനങ്ങളുടെ എന്തെല്ലാം ഫലങ്ങള്‍ അവര്‍ വിട്ടുപോയിട്ടുണ്ടോ അവ ഏതു കാലം വരെ എവിടെയെല്ലാം നിലനില്‍ക്കുന്നുവോ അതെല്ലാം അവന്റെ കണക്കില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കും. അവന്‍ സന്താനങ്ങള്‍ക്ക് നല്ലതോ ചീത്തയോ ആയ ഏത് ശിക്ഷണം നല്‍കിയാലും, തന്റെ സമൂഹത്തില്‍ ഏതു നന്മയോ തിന്മയോ പ്രചരിപ്പിച്ചാലും, മനുഷ്യരാശിയുടെ പ്രയാണമാര്‍ഗത്തില്‍ എന്തെല്ലാം പൂച്ചെടികളോ മുള്‍ച്ചെടികളോ നട്ടുപിടിപ്പിച്ചാലും അവന്‍ ചെയ്ത കൃഷി ലോകത്ത് നല്ലതോ ചീത്തയോ ആയ ഫലങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കാലമത്രയും അവയെല്ലാം സമ്പൂര്‍ണമായി രേഖപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കും....''
ചില കാര്യത്തില്‍ സേവനം ചെയ്യുന്നതിനേക്കാള്‍ ഫലപ്രദം ഉദ്‌ബോധനത്തിലൂടെ സേവനം ചെയ്യേണ്ടിവരുന്ന പ്രശ്‌നത്തിന്റെ അടിവേരറുത്തുകളയുന്നതായിരിക്കും. ഉദാഹരണം സ്ത്രീധന വിവാഹങ്ങള്‍. എപ്പോഴും നിര്‍ധനരായ പെണ്‍കുട്ടികളെ സ്ത്രീധനം നല്‍കി വിവാഹം നടത്തിക്കൊടുക്കാന്‍ പണസമാഹരണം നടത്തുന്നതിനു പകരം സ്ത്രീധന സമ്പ്രദായത്തെ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്; ഒരു നിശ്ചിത സമയത്തിന്റെ അനിവാര്യത എന്ന നിലക്ക് സാമ്പത്തിക സേവനം ചെയ്യേണ്ടി വന്നേക്കാമെങ്കിലും.
മറ്റു ചില പ്രശ്‌നങ്ങള്‍ സേവനത്തേക്കാള്‍ സമരങ്ങളിലൂടെ നീതി വാങ്ങിക്കൊടുക്കേണ്ടവയായിരിക്കും. അവിടെ സമരരഹിത സേവനം അനീതിയെ സംരക്ഷിച്ചു നിര്‍ത്തുന്നതായി മാറും. കേരളത്തിലെ പാരമ്പര്യ ഭൂരഹിതരുടെ പ്രശ്‌നം പോലെ. ഇവ രണ്ടും വ്യക്തിക്ക് ഒറ്റക്ക് നിര്‍വഹിക്കാന്‍ കഴിയുന്നതല്ല. അതിന് സംഘടിത പ്രസ്ഥാനം അനിവാര്യമാണ്. സംഘടിത പ്രവര്‍ത്തനത്തിലൂടെ മാത്രം നിര്‍വഹിക്കാന്‍ കഴിയുന്ന ദാനധര്‍മങ്ങളാണവ. ഇവയാവട്ടെ കേവല ദാനധര്‍മങ്ങളേക്കാള്‍ സമൂഹത്തില്‍ അടയാളങ്ങള്‍ പതിപ്പിക്കുന്നവയുമാണ്. വ്യക്തിയുടെ പരലോക ലാഭവും സമൂഹത്തിന്റെ ഇഹലോക പുരോഗതിയും പരസ്പരം ബന്ധിതമാണ്. അങ്ങോട്ടും ഇങ്ങോട്ടും പോഷണം ചെയ്യുന്ന ഇരട്ടകളാണവ. ആത്മീയതയും ഭൗതികതയും, മോക്ഷവും വിമോചനവും ഇസ്‌ലാമില്‍ പരസ്പരവിരുദ്ധമായവയല്ല; പരസ്പര സമന്വിതങ്ങളാണ്. പ്രസ്ഥാന പ്രവര്‍ത്തകര്‍ ചെയ്യുന്ന ഓരോ ഓരോ ചെറിയ പ്രവര്‍ത്തനങ്ങളും അതെന്ന നിലക്ക് മഹത്തായ പ്രവര്‍ത്തനങ്ങളായി എപ്പോഴും നമുക്ക് അനുഭവപ്പെട്ടുകൊള്ളണമെന്നില്ല. പക്ഷേ അവയെല്ലാം ഒരു മഹത്തായ നിര്‍മാണത്തിന്റെ, പ്രൊജക്ടിന്റെ ഭാഗമാണെന്ന് തിരിച്ചറിയാനാകുമ്പോഴാണ് അതിന്റെ മഹത്വം നമുക്ക് മനസ്സിലാവുക. ഒരു യാത്രികന്റെ കഥയുണ്ട്. യാത്രക്കിടയില്‍ ഒരിടത്ത് ഇറങ്ങിയ യാത്രികന്‍ അവിടെ കല്ലുവെട്ടുന്ന മൂന്നുപേരെ കണ്ടു. ഒന്നാമനോട് യാത്രികന്‍ ചോദിച്ചു; 'നിങ്ങള്‍ എന്തുചെയ്യുകയാണ്?' ആ ചോദ്യം തന്നെ ശരിയല്ലെന്ന മട്ടില്‍ അസംതൃപ്തനായി അയാള്‍ പറഞ്ഞു: 'ഞാന്‍ കല്ലുവെട്ടുകയാണ്.' യാത്രികന്‍ ചോദ്യം രണ്ടാമനോടായി ചോദിച്ചു. കല്ലുവെട്ടുകയാണെന്ന കേവല ഉത്തരത്തിനു വേണ്ടിയല്ല യാത്രികന്‍ ഈ ചോദ്യം ചോദിച്ചതെന്ന് മനസ്സിലാക്കിയ രണ്ടാമന്‍ 'ഞാന്‍ കുടുംബത്തെ പോറ്റാന്‍ വേണ്ടി ജോലി ചെയ്യുകയാണ്' എന്നു പറഞ്ഞു. യാത്രികന്‍ ചോദ്യം മൂന്നാമത്തെയാളോടും ആവര്‍ത്തിച്ചു: 'നിങ്ങള്‍ എന്തു ചെയ്യുകയാണ്?' അയാള്‍ പറഞ്ഞു: 'ഞാനൊരു കത്തീഡ്രല്‍ ഉണ്ടാക്കുകയാണ്.'
ഓരോ കൊച്ചുകൊച്ചു പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തകനും മനസ്സിലാക്കേണ്ടത് താന്‍ ആ പ്രവര്‍ത്തനം നടത്തുകയാണെന്നു മാത്രമല്ല, ഇതിലൂടെ താന്‍ ഈ ഭൂമിയില്‍ നീതിയുടെയും നന്മയുടെയും ഒരു സൗധം പടുത്തുയര്‍ത്തുകയാണ് എന്നാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (53-55)
ടി.കെ ഉബൈദ്‌

ഹദീസ്‌

അറിവ് നിധിയാണ്, പ്രയോജനപ്പെടുത്തണം
അബ്ദുല്ലത്വീഫ് കൊടുവള്ളി