എന്‍.ആര്‍.സി പ്രയോഗവല്‍ക്കരണം ഇന്ത്യന്‍ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടും
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഭാരതീയ ജനതാ പാര്‍ട്ടി പൗരത്വ പട്ടിക(എന്‍.ആര്‍.സി)ക്കു വേണ്ടി നിലവിളി കൂട്ടുന്നു. ഇന്ത്യയില്‍ താമസിക്കുന്ന എല്ലാവരും ഇന്ത്യക്കാരാണെന്ന് രേഖകള്‍ സഹിതം പൗരത്വം തെളിയിക്കുകയും അങ്ങനെ 'രേഖകള്‍ ഇല്ലാത്ത കുടിയേറ്റക്കാരെ' പുറംതള്ളുകയുമാണ് ഇതിന്റെ ഉദ്ദേശ്യം എന്ന് ബി.ജെ.പി പറയുന്നു.
ഈ പ്രവര്‍ത്തന പരിപാടി രാജ്യത്തൊട്ടാകെ വ്യാപിക്കുമ്പോള്‍, തന്മൂലം സംഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങളുടെയും കൂടെ, സാമ്പത്തികമായ അരാജകത്വത്തിനു കൂടി അത് കാരണമാകും. ഇപ്പോള്‍തന്നെ രാജ്യം അനുഭവിക്കുന്ന സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ എന്നിവക്ക് എന്‍.ആര്‍.സിയുടെ പ്രായോഗവല്‍ക്കരണം ആക്കം കൂട്ടും. സാമ്പത്തിക മുരടിപ്പിനും അത് കാരണമാകും. പദ്ധതി നടപ്പിലാക്കുമ്പോഴും അതിനുശേഷവും ഇതിന്റെ അനുരണനങ്ങള്‍ വിപണിയില്‍ വലിയ രീതിയില്‍ പ്രതിഫലിക്കും.
രാജ്യത്ത് എവിടെയെങ്കിലും വലിയ രീതിയില്‍ അനധികൃത കുടിയേറ്റക്കാര്‍ ഉണ്ട് എന്നതിന് തെളിവുകളൊന്നുമില്ല (നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ ഒഴികെ). ഇതിനെ സാധൂകരിക്കുന്ന രേഖകളോ സാമ്പിള്‍ സര്‍വേകളോ ഒന്നും തന്നെ അധികൃതരോ നേതാക്കളോ ഇതുവരെ ലഭ്യമാക്കുകയോ പുറത്തു വിടുകയോ ചെയ്തിട്ടില്ല. അഥവാ ഇവര്‍ പറയുന്ന 'പ്രശ്‌ന'ത്തെ അഭിമുഖീകരിക്കാന്‍ തെളിവുകളൊന്നുമില്ല എന്നര്‍ഥം. ബി.ജെ.പി മുന്നോട്ടു വെക്കുന്ന ഈ ആശയം ഇന്ത്യാ ചരിത്രത്തിലെ തന്നെ ഭരണനിര്‍വഹണത്തിലെ ഏറ്റവും സാമ്പത്തികബാധ്യത വരുത്തിവെക്കുന്ന ഒരു അഭ്യാസമാണ്.
അസം സംസ്ഥാനത്ത് മാത്രം എന്‍.ആര്‍.സി നടപ്പിലാക്കുന്നതിന് ഒരു വ്യാഴവട്ടക്കാലം സമയമെടുത്തു. അമ്പതിനായിരം ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ ഈ ഉദ്യമത്തില്‍ പങ്കാളികളായി. 12000 കോടി രൂപ ചെലവു വന്നു. രാജ്യത്തിന്റെ മൊത്തത്തിലുള്ള ജനസംഖ്യയുടെ വെറും മൂന്ന് ശതമാനം മാത്രമാണ് അസമിലുള്ളത്. ദേശീയതലത്തില്‍ എന്‍.ആര്‍.സി നടപ്പിലാക്കുകയാണെങ്കില്‍ ഭീമമായ അളവില്‍ സംസ്ഥാന- കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ആവശ്യമായി വരും. പദ്ധതി വിഹിതം അസമിലെ ചെലവിന്റെ അനേകമിരട്ടിയും വരും. ഈ കാലയളവില്‍ ധാരാളം ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ശ്രദ്ധ ഈ വിഷയത്തില്‍ മാത്രമായിരിക്കും. അതിനാല്‍തന്നെ ഗവണ്‍മെന്റ് സംവിധാനം അടിസ്ഥാനപരമായിതന്നെ പ്രവര്‍ത്തിക്കാത്ത അവസ്ഥയാണ് സംജാതമാവുക. അത് മറ്റുള്ള പദ്ധതികളെ വളരെയധികം പ്രതികൂലമായി ബാധിക്കും.
ഇത് മാത്രമല്ല പ്രശ്‌നം. കോടിക്കണക്കിന് ജനങ്ങളുടെ സമയവും പ്രവര്‍ത്തനവും രേഖകള്‍ സംഘടിപ്പിക്കുന്നതിനും ഉണ്ടാക്കുന്നതിനും വേണ്ടി മാറ്റിവെക്കേണ്ടി വരും. ദിവസ വരുമാനക്കാര്‍, കുടില്‍ വ്യവസായം നടത്തുന്നവര്‍, മറ്റു സംസ്ഥാനങ്ങളില്‍ ജോലിതേടി പോയവര്‍, അവരുടെ ആശ്രിതര്‍ തുടങ്ങിയവരെ ഇത് വളരെ പ്രതികൂലമായി ബാധിക്കും. പാവപ്പെട്ട ഇത്തരം സാധാരണക്കാര്‍ക്ക് പല രേഖകളും ഉണ്ടായിരിക്കുകയില്ല. മുസ്‌ലിംകളെയാണ് ബി.ജെ.പി ലക്ഷ്യം വെക്കുന്നതെങ്കിലും ഇത് പലരെയും ബാധിക്കും. കണ്‍സ്ട്രക്ഷന്‍ മേഖല, റിയല്‍ എസ്റ്റേറ്റ്, തുകല്‍ വ്യവസായം, വ്യാപാരത്തിന്റെ മറ്റു പല മേഖലകള്‍ തുടങ്ങിയവയെ ഇത് സാരമായി ബാധിക്കും. ഇപ്പോള്‍തന്നെ പ്രതിസന്ധിയിലായ സാമ്പത്തിക മേഖലയില്‍ ഇത് തുടര്‍ മാന്ദ്യങ്ങള്‍ക്ക് കാരണമാകും.
ചുരുക്കത്തില്‍, എന്‍.ആര്‍.സി പ്രയോഗത്തില്‍ കൊ് വരുന്ന സമയത്ത് മാത്രമല്ല, പിന്നീടും അത് സാമ്പത്തിക വ്യവസ്ഥയില്‍ വലിയ രീതിയില്‍ പ്രതികരണങ്ങള്‍ തീര്‍ക്കും. നോട്ട് നിരോധം സാമ്പത്തിക വ്യവസ്ഥയെ തകിടം മറിച്ചത് പോലെ. ജി.എസ്.ടി ചെറുകിട വ്യവസായ മേഖലയില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചതുപോലെ. ഇത് രണ്ടും തീര്‍ത്ത പ്രശ്‌നങ്ങള്‍ ഇപ്പോഴും തുടരുന്നു. പൗരത്വ രജിസ്‌ട്രേഷന്‍ ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധിയും ഇതുപോലെ ദീര്‍ഘ നാള്‍ നീണ്ടു നില്‍ക്കും.
എന്‍.ആര്‍.സി പൂര്‍ത്തീകരിച്ചു എന്ന് കരുതുക. അപ്പോള്‍ എന്ത് സംഭവിക്കും? ഗവണ്‍മെന്റ് നുഴഞ്ഞുകയറ്റക്കാരെ പുറം തള്ളുമെന്ന് പറയുന്നുണ്ടെങ്കിലും, ഇതുവരെ ബംഗ്ലാദേശുമായി ഈ വിഷയത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ് നയതന്ത്രപരമായി ബന്ധപ്പെട്ടിട്ടേയില്ല. അവരെ സംബന്ധിച്ചേടത്തോളം എന്‍.ആര്‍.സി വെറുമൊരു ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. (ഇന്ത്യയും അത് ശരിവെക്കുന്നു എന്നത് മറ്റൊരു വൈരുധ്യം). ഇതില്‍നിന്നുതന്നെ ഗവണ്‍മെന്റിന്റെ കുടിലത നമുക്ക് മനസ്സിലാക്കാം.
ഇനി ഇതിന്റെ മറ്റൊരു പരിണതി കൂടി എന്താണെന്ന് നോക്കാം. മില്യന്‍ കണക്കിന് ആളുകളെ പൗരത്വ പട്ടികക്ക് വെളിയില്‍ നിര്‍ത്തും. അവരൊന്നും തന്നെ ഇന്ത്യക്ക് പുറത്തേക്ക് പോകാന്‍ ഒരു സാധ്യതയുമില്ല. അപ്പോള്‍ പിന്നെ അവരെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട അധഃകൃതര്‍ ആയി ഡിറ്റെന്‍ഷന്‍ ക്യാമ്പുകളില്‍ അയക്കും. പക്ഷേ വലിയ ക്യാമ്പുകള്‍ ഉണ്ടാക്കുന്നതിനും ഒരു പരിധിയില്ലേ?
ബാക്കിവരുന്നവരെ എന്താണ് ചെയ്യുക? വോട്ടുചെയ്യുക, സ്വത്തുക്കള്‍ വാങ്ങുക, സ്റ്റേറ്റിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളില്‍നിന്ന് ഇവരെ തടയും. ദാരിദ്ര്യവും തൊഴിലില്ലായ്മയും വര്‍ധിക്കും. 'യഥാര്‍ഥ പൗരന്മാരു'ടെ കീഴില്‍, രേഖകള്‍ ഇല്ലാത്തവര്‍ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകും. അവര്‍ക്ക് നിരാലംബമായ ജീവിതം, അല്ലെങ്കില്‍ മരണം ഇതില്‍ രണ്ടിലൊന്ന് തെരഞ്ഞെടുക്കാനേ നിര്‍വാഹമുണ്ടാകൂ.
ഇനി 'യഥാര്‍ഥ പൗരന്മാരു'ടെ സ്ഥിതി എന്താകും എന്ന് കൂടി നോക്കാം. ചെറിയ വേതനത്തിന് ജോലി ചെയ്യാന്‍ ധാരാളമാളുകളുാകും. അങ്ങനെ രാജ്യത്ത് മൊത്തത്തില്‍ തന്നെ തൊഴില്‍ വേതനം കുറയും. അതോടെ എല്ലാവരും നിലനില്‍പ്പിനുള്ള പരക്കംപാച്ചിലിലാകും. തൊഴിലില്ലായ്മ കൂടും. പണം കുറഞ്ഞ്, കൂടുതല്‍ ആളുകള്‍ ഗവണ്‍മെന്റ് ആരോഗ്യ സേവനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെ അവിടെയും പ്രശ്‌നങ്ങള്‍ തുടങ്ങും. പൗരന്മാര്‍ക്കു ലഭിക്കുന്നത് പോലെ, ഗവണ്‍മെന്റ് സൗകര്യങ്ങള്‍, പട്ടികക്ക് പുറത്തുള്ളവര്‍ക്ക് ലഭിക്കാത്തത് സാമൂഹിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. പകര്‍ച്ചവ്യാധികളും മറ്റും പെരുകുന്നതിന് പോലും കാരണമാകും. കാവി സ്വപ്‌നങ്ങള്‍ക്ക് അപ്പുറം ഇത് ഒരു സാമൂഹിക അരക്ഷിതാവസ്ഥയാണ് ഉണ്ടാക്കുക.
വിദഗ്ധാഭിപ്രായപ്രകാരം ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം, ആളുകളുടെ കൈയില്‍ ആവശ്യങ്ങള്‍ക്കു ചെലവഴിക്കാനുള്ള പണം ഇല്ല എന്നതാണ്. പൂഴ്ത്തി വെക്കുകയും പിന്നീട് പുറത്താവുകയും ചെയ്ത NSSO റിപ്പോര്‍ട്ട് പ്രകാരം മോദി ഗവണ്‍മെന്റിന്റെ ആദ്യകാലത്ത് തന്നെ, പ്രതിമാസ വരുമാനത്തില്‍ കുറവ് ഉണ്ടായിരുന്നു. ഇനി എന്‍.ആര്‍.സി കൂടി പ്രയോഗവല്‍ക്കരിക്കുമ്പോള്‍, വേതന നിരക്കില്‍ ഉണ്ടാകുന്ന കുറവ്, കൂടിയ അളവില്‍ സൃഷ്ടിക്കപ്പെടുന്ന തൊഴിലില്ലായ്മ എന്നിവ സാമ്പത്തിക മാന്ദ്യത്തെ പതിന്മടങ്ങ് ത്വരിതപ്പെടുത്തും.
യഥാര്‍ഥത്തില്‍ ബി.ജെ.പി ഗവണ്‍മെന്റിന് ആരെയെങ്കിലും പുറത്താക്കണമെന്ന ഉദ്ദേശ്യമില്ല. അതിനുള്ള മുന്നൊരുക്കങ്ങളും നടത്തിയിട്ടില്ല. മുസ്‌ലിം സമൂഹത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ചരിത്രം പഠിപ്പിക്കുന്നത്, ഒരു വലിയ ജനതക്ക് മേലുള്ള അവകാശനിഷേധം, അവരുടെ അനിഷ്ടം ക്ഷണിച്ചുവരുത്തുക മാത്രമല്ല, സമൂഹത്തിന്റെ താളപ്പിഴകള്‍ക്കും സാമ്പത്തിക തകര്‍ച്ചക്കും അനന്തമായ സംഘര്‍ഷങ്ങള്‍ക്കും കാരണമാകും എന്നാണ്.
വിവ: യാസിര്‍ ഖുത്വ്ബ്
Comments