Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 20

3131

1441 റബീഉല്‍ ആഖിര്‍ 23

'പുതിയ പ്രോജക്ടുകളുമായി അല്‍ ജാമിഅ മുന്നോട്ടുപോകും'

ഡോ. അബ്ദുസ്സലാം അഹ്മദ്/ ബഷീര്‍ തൃപ്പനച്ചി

ശാന്തപുരം ഇസ്‌ലാമിയാ കോളേജ് അല്‍ജാമിഅയായി പ്രഖ്യാപിച്ച് 16 വര്‍ഷം പിന്നിടുന്നു. ഇസ്‌ലാമിയ കോളേജില്‍നിന്ന് അല്‍ ജാമിഅയായി വളര്‍ന്നപ്പോള്‍ ഉണ്ടായ ഫാക്കല്‍റ്റികളും അക്കാദമിക് സൗകര്യങ്ങളും എന്തൊക്കെയാണ്?

ഇസ്‌ലാമിക വിഷയങ്ങള്‍ മൊത്തം ഉള്‍ക്കൊള്ളിച്ച ബിരുദ പഠനമായിരുന്നു ശാന്തപുരമടക്കമുള്ള ഇസ്‌ലാമിയാ കോളേജുകളില്‍ ഉണ്ടായിരുന്നത്. എല്ലാ ഇസ്‌ലാമിക വിഷയങ്ങളിലും സാമാന്യമായ വിവരം നേടുന്ന വിധമായിരുന്നു ആ കോഴ്‌സുണ്ടായിരുന്നത്. എന്നാല്‍ എല്ലാ ഇസ്‌ലാമിക വിഷയങ്ങളിലും സാമാന്യ വിവരമുള്ളതിനൊപ്പം പ്രത്യേക വിഷയങ്ങളില്‍ സ്‌പെഷ്യലൈസേഷന്‍ വഴി ആഴത്തില്‍ അറിവുള്ള പണ്ഡിതന്മാരെ എല്ലാ രംഗത്തും വളര്‍ത്തിയെടുക്കുക എന്ന ചിന്തയില്‍നിന്നാണ് അല്‍ ജാമിഅയുടെ വിഷന്‍ രൂപപ്പെട്ടത്. ലോകത്തെ മിക്ക ഇസ്‌ലാമിക യൂനിവേഴ്‌സിറ്റികളും സ്‌പെഷ്യലൈസേഷന്‍ പഠനത്തിലേക്ക് മാറിയിരുന്നെങ്കിലും  ഇന്ത്യയിലും കേരളത്തിലും അതത്ര പരിചിതമായിരുന്നില്ല. ഇസ്‌ലാമിക വിഷയങ്ങള്‍ക്ക് വ്യത്യസ്ത ഫാക്കല്‍റ്റികളും കോഴ്‌സുകളും ഉണ്ടാകുമ്പോഴാണല്ലോ ഒരു കോളേജ് യൂനിവേഴ്‌സിറ്റിയായി മാറുക. ഇപ്രകാരം വ്യത്യസ്ത ഫാക്കല്‍റ്റികള്‍ അല്‍ ജാമിഅയില്‍ ആരംഭിച്ചു. ഇസ്‌ലാമിക് സ്റ്റഡീസിലെ ബിരുദ കോഴ്‌സുകള്‍ തന്നെ സ്‌പെഷ്യലൈസേഷന്‍ സാധ്യമാകുംവിധം ഉസ്വൂലുദ്ദീന്‍, ശരീഅ എന്നിങ്ങനെ വേര്‍തിരിച്ചു. പിന്നീട് പി.ജി ഫാക്കല്‍റ്റികളായ കുല്ലിയത്തുദ്ദഅ്‌വ, കുല്ലിയത്തുല്‍ ഖുര്‍ആന്‍, കുല്ലിയത്തുല്‍ ഹദീസ്, കുല്ലിയത്തുശ്ശരീഅ, കുല്ലിയത്തുല്‍ ഇഖ്തിസ്വാദില്‍ ഇസ്‌ലാമി, കുല്ലിയ്യത്തുല്ലുഗാത്ത് എന്നിവ നിലവില്‍വന്നു. ഇന്ത്യയില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച അധ്യാപകരെയും ഈ ഫാക്കല്‍റ്റികളിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു.
കേരളീയ കാമ്പസ് എന്നതിനപ്പുറം ഇന്ത്യയിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ടായിരുന്നു അല്‍ ജാമിഅ പ്രഖ്യാപിക്കപ്പെട്ടത്. അതിനാല്‍ അവര്‍ക്ക് കൂടി പഠനം സാധ്യമാവുന്ന വിധം അധ്യാപന ഭാഷ അറബി, ഇംഗ്ലീഷ് എന്നിവ മാത്രമാക്കി. അതോടെ അതുവരെ അഭിമുഖീകരിച്ചിരുന്ന അധ്യാപക ക്ഷാമവും ഏറക്കുറെ പരിഹരിക്കപ്പെട്ടു. ഉത്തരേന്ത്യയില്‍നിന്നുള്ള പ്രഗത്ഭരായ അധ്യാപകരും വിദേശ യൂനിവേഴ്‌സിറ്റികളില്‍നിന്നുള്ള വിസിറ്റിംഗ് പ്രഫസര്‍മാരും അറബികളായ സ്ഥിരം അധ്യാപകരും അല്‍ ജാമിഅ കാമ്പസിലുണ്ടായി. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളില്‍നിന്നുള്ളവരും വിദ്യാര്‍ഥികളായി കാമ്പസിലെത്തുകയും ചെയ്തു. ഇതിന് ആവശ്യമായ ഭൗതിക സൗകര്യങ്ങളും ഘട്ടംഘട്ടമായി കാമ്പസിലുണ്ടായി. ഓരോ ഫാക്കല്‍റ്റിക്കും സ്വന്തമായി കെട്ടിടമുണ്ടായി. മികച്ച ഇസ്‌ലാമിക് റഫറന്‍സ് ഗ്രന്ഥങ്ങളുള്ള ലൈബ്രറിയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെന്ററും കാമ്പസിനെ സമ്പന്നമാക്കി. ലോക ഇസ്‌ലാമിക പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയ അല്‍ ജാമിഅ സിലബസിന് വിദേശ യൂനിവേഴ്‌സിറ്റികളുടെ അംഗീകാരമുണ്ട്. അതോടെ തുര്‍ക്കി, ഖത്തര്‍, മലേഷ്യ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ യൂനിവേഴ്‌സിറ്റികളില്‍ അല്‍ ജാമിഅ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനാവസരം ലഭിച്ചു. അവിടെ നിന്നുള്ള വിസിറ്റിംഗ് പ്രഫസര്‍മാര്‍ അല്‍ ജാമിഅ കാമ്പസിലെത്തി ക്ലാസ്സെടുക്കുന്നുണ്ട്. ഒരു വലിയ യൂനിവേഴ്‌സിറ്റിയുടെ അക്കാദമിക-ഭൗതിക സൗകര്യങ്ങള്‍ നേടിയെടുക്കാന്‍ അല്‍ ജാമിഅക്ക് ഇനിയും ബഹുദൂരം മുന്നോട്ടു പോകാനുണ്ടെങ്കിലും ഇസ്‌ലാമിയാ കോളേജില്‍നിന്ന് അത് ഒരുപാട് മുന്നേറിയിട്ടുണ്ടെന്ന് പറയാം.

2003-ലെ അല്‍ ജാമിഅ പ്രഖ്യാപനത്തിനു ശേഷം പത്തിലധികം ബാച്ചുകള്‍ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അല്‍ ജാമിഅ ലക്ഷ്യം വെച്ച അക്കാദമിക മികവിലേക്ക് ഈ വിദ്യാര്‍ഥികളെ എത്തിക്കാന്‍ സാധിച്ചിട്ടുണ്ടോ? ഏതെല്ലാം മേഖലയിലാണ് ഇവരിപ്പോള്‍ സേവനം ചെയ്യുന്നത്?

അല്‍ ജാമിഅ പ്രഖ്യാപിക്കപ്പെട്ട് 16 വര്‍ഷത്തിനകം 23 വിദ്യാര്‍ഥികള്‍ വിദേശ യൂനിവേഴ്‌സിറ്റികളില്‍നിന്നടക്കം പി.എച്ച്.ഡി നേടിയത് അല്‍ ജാമിഅ അതിന്റെ ലക്ഷ്യത്തിലേക്ക് അടുക്കുന്നുവെന്നതിന്റെ അക്കാദമിക സൂചനയാണ്. പഠനം അല്‍ ജാമിഅയിലെ ബിരുദ-ബിരുദാനന്തര കോഴ്‌സുകളില്‍ അവസാനിപ്പിക്കാതെ വിദേശ യൂനിവേഴ്‌സിറ്റികളിലും ഇന്ത്യയിലെ വിവിധ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികളിലും പഠനം തുടരുന്ന ഒരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞു. ഇരുപതിലധികം വിദ്യാര്‍ഥികളിപ്പോള്‍ വിവിധ യൂനിവേഴ്‌സിറ്റികളിലായി പി.എച്ച്.ഡി ചെയ്തുകൊണ്ടിരിക്കുന്നു.  മുപ്പതിലധികം പേര്‍ വിദേശ യൂനിവേഴ്‌സിറ്റികളില്‍ പി.ജി കോഴ്‌സുകള്‍ ചെയ്യുന്നു. ഇവരില്‍ പെണ്‍കുട്ടികളുമുണ്ട്. അല്‍ ജാമിഅയിലെ ആറോ എട്ടോ വര്‍ഷത്തെ പഠനം കൊണ്ട് ഒരു പണ്ഡിതന്‍ രൂപപ്പെടില്ല. അല്‍ ജാമിഅ നല്‍കുന്ന അടിസ്ഥാന വിദ്യാഭ്യാസവും എന്തും പഠിച്ചെടുക്കാനുള്ള പ്രാഗത്ഭ്യവും പ്രയോജനപ്പെടുത്തി വിജ്ഞാനവഴിയില്‍ മുന്നേറുമ്പോഴാണ് ആഴത്തില്‍ അറിവുള്ള ഒരു പണ്ഡിതന്‍ രൂപപ്പെടുന്നത്. അങ്ങനെ ഭാവിയില്‍ പണ്ഡിതന്മാരാകുന്ന ഒരു യുവതലമുറയെ രൂപപ്പെടുത്താന്‍ ഇതിനകം അല്‍ജാമിഅക്ക് സാധിച്ചിട്ടുണ്ട്.
അല്‍ ജാമിഅയിലെത്തുന്ന വിദ്യാര്‍ഥികള്‍ വിവിധ കഴിവുകളും അഭിരുചിയുമുള്ളവരായിരിക്കും. അതിനാല്‍തന്നെ പഠനശേഷം വിവിധ മേഖലകളിലാകും അവര്‍ കഴിവ് തെളിയിക്കുക. ആ അര്‍ഥത്തില്‍ അക്കാദമിക മേഖലകളില്ലാതെ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ഇതിനകം അല്‍ ജാമിഅ സംഭാവന ചെയ്തിട്ടുണ്ട്. പത്രപ്രവര്‍ത്തന രംഗമാണ് അതില്‍ പ്രധാനം. പ്രിന്റ് മീഡിയാ രംഗത്തും ടെലിവിഷന്‍ ചാനലുകളിലും സിനിമാ രംഗത്തും മികവ് തെളിയിച്ച അനേകം പേരുണ്ട്. ഇസ്‌ലാമിക വിദ്യാര്‍ഥി-യുവജന പ്രസ്ഥാനത്തിന്റെ സംസ്ഥാന ഭാരവാഹിത്വവും സ്ഥാപന ഭാരവാഹിത്വവുമുള്ള, സംഘാടന-നേതൃ മികവ് തെളിയിച്ച ഒട്ടനവധി അല്‍ ജാമിഅ സന്തതികളുണ്ട്. എഴുത്തിലും സര്‍ഗാത്മക മേഖലകളിലും കഴിവ് തെളിയിച്ചവരുമുണ്ട്. ഈ വൈവിധ്യം ഇസ്‌ലാമിക സമൂഹത്തിന് പലതരത്തില്‍ ഉപകാരപ്പെടുന്നുണ്ടെന്നാണ് അനുഭവം.

ഉന്നത മതവിദ്യാഭ്യാസത്തിനായി കേരള മുസ്‌ലിംകള്‍ സംസ്ഥാനത്തിന് പുറത്തെ മതകലാലയങ്ങളിലേക്ക് പോകുന്നത് സാധാരണമാണ്. എന്നാല്‍ അല്‍ ജാമിഅ പ്രഖ്യാപനശേഷം മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും ധാരാളം വിദ്യാര്‍ഥികള്‍ അല്‍ ജാമിഅ കാമ്പസിലെത്തുന്നുണ്ട്. ഇങ്ങനെ ശാന്തപുരത്ത് പഠനം പൂര്‍ത്തിയാക്കിയ ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ കേരളത്തിലെ സവിശേഷ അനുഭവം മുന്‍നിര്‍ത്തി അവരുടെ നാടുകളിലെ ഇസ്‌ലാമിക ചലനങ്ങളില്‍ സജീവമാകുന്നുണ്ടോ?

ഇന്ത്യന്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസ ശാക്തീകരണവും അല്‍ ജാമിഅയുടെ ലക്ഷ്യമാണ്. കേരള മുസ്‌ലിംകള്‍ ഇന്ത്യന്‍ മുസ്‌ലിംകളില്‍ ന്യൂനപക്ഷം മാത്രമാണ്. ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികളെ കൂടി അല്‍ ജാമിഅയുടെ ഭാഗമാക്കിയാലേ ഈ ലക്ഷ്യം നേടാന്‍ സാധിക്കുമായിരുന്നുള്ളൂ. അതിനാല്‍ അല്‍ ജാമിഅ ബോധപൂര്‍വം എടുത്ത ഒരു തീരുമാനമായിരുന്നു ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കാമ്പസിലെ മുഴുവന്‍ കോഴ്‌സുകളിലും പഠനാവസരം നല്‍കുകയെന്നത്. കേരളീയര്‍ ഉത്തരേന്ത്യയില്‍ ചെന്ന് അവിടെ ശാക്തീകരണ അജണ്ടകള്‍ക്ക് നേതൃത്വം നല്‍കുന്നതിന് പല പരിമിതികളുമുണ്ട്. എന്നാല്‍, അല്‍ ജാമിഅയില്‍ ആറും എട്ടും വര്‍ഷം പഠിച്ച് കേരളീയ മാതൃക ഉള്‍ക്കൊണ്ടവര്‍ അവരുടെ നാടുകളില്‍ ചെന്ന് അത് നടപ്പാക്കാന്‍ നേതൃത്വം നല്‍കിയാല്‍ വലിയ മാറ്റങ്ങളുണ്ടാകും. അത്തരമൊരു അജണ്ട അല്‍ ജാമിഅക്കുണ്ട്. നിലവില്‍ പഠിച്ചു പുറത്തിറങ്ങിയ അല്‍ ജാമിഅയിലെ ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇത്തരം സേവനങ്ങളിലേക്ക് ചുവടു വെച്ച് തുടങ്ങിയിട്ടുണ്ട്. ഉര്‍ദു പത്ര പ്രവര്‍ത്തനരംഗത്ത് സ്ഥാപന നടത്തിപ്പിലും അവര്‍ സാന്നിധ്യമറിയിച്ചുതുടങ്ങിയിട്ടുണ്ട്. വിദ്യാര്‍ഥി- യുവജന പ്രസ്ഥാനങ്ങളുടെ ദേശീയ നേതൃത്വത്തിലും സംസ്ഥാന നേതൃത്വത്തിലും അവരില്‍ ചിലരുണ്ട്. കുറച്ചു പേര്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികളില്‍ ഉപരിപഠനം നടത്തുകയാണ്. ഇവരെല്ലാം കേരള മുസ്‌ലിംകളുടെ ശാക്തീകരണ മാതൃക കണ്ടനുഭവിച്ചവരും അത് തങ്ങളുടെ ഇടങ്ങളില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നവരുമാണ്. ഈ വിധം ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികളെ സജ്ജമാക്കുക വഴി അവരിലൂടെ കേരളീയ മോഡലിന്റെ ഗുണപരമായ വശങ്ങള്‍ ആ സംസ്ഥാനങ്ങളിലും പ്രയോഗവത്കരിക്കാന്‍ കഴിയുമെന്നാണ് അല്‍ ജാമിഅയുടെ പ്രതീക്ഷ.

അല്‍ ജാമിഅയിലെ മുഴുവന്‍ ഫാക്കല്‍റ്റികളിലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനമുണ്ട്. ഡിഗ്രിയും പി.ജിയും ഉള്‍പ്പെടെ എട്ടു വര്‍ഷം ശാന്തപുരത്ത് പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസം നേടുന്നു. ഉന്നത മതവിദ്യാഭ്യാസരംഗത്ത് ഈ പെണ്‍സാന്നിധ്യം ഇന്ത്യയില്‍ അപൂര്‍വമാണ്. പെണ്‍കുട്ടികളുടെ കാമ്പസിലെ അക്കാദമിക ഇടപെടലുകളെ എങ്ങനെ കാണുന്നു? പഠനശേഷം അവരര്‍ഹിക്കുന്ന അക്കാദമിക സേവന മേഖലകളില്‍ അവര്‍ എത്തിപ്പെടുന്നുണ്ടോ?

കേരളീയ മുസ്‌ലിം വിദ്യാഭ്യാസ ശാക്തീകരണത്തിന്റെ പ്രകടമായ അടയാളം പെണ്‍കുട്ടികളുടെ നിറസാന്നിധ്യവും അവരുടെ അക്കാമദിക മുന്നേറ്റങ്ങളുമാണ്. പക്ഷേ, ഉന്നത മതവിദ്യാഭ്യാസ മേഖലയില്‍ പല കാരണങ്ങളാല്‍ മിക്ക സംഘടനകളും നടത്തുന്ന ഉന്നത മതകലാലയങ്ങളില്‍ അവര്‍ക്ക് പ്രവേശനമില്ല. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തെ മത വിദ്യാഭ്യാസ മേഖലയിലേക്കും വ്യാപിപ്പിക്കാനുള്ള അവസരമാണ് ഇതുവഴി നഷ്ടപ്പെടുന്നത്. അല്‍ ജാമിഅയുടെ എല്ലാ കോഴ്‌സുകളിലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനമുണ്ട്. അവര്‍ക്കായി പ്രത്യേക ഹോസ്റ്റല്‍ സംവിധാനങ്ങളും കാമ്പസിനോട് ചേര്‍ന്നുണ്ട്.
അല്‍ ജാമിഅയുടെ അഡ്മിഷന്‍ സമയത്ത് ആണ്‍കുട്ടികളേക്കാള്‍ അധികം അപേക്ഷകള്‍ പെണ്‍കുട്ടികളുടേതാണ്. അതില്‍ നല്ലൊരു ശതമാനം പെണ്‍കുട്ടികളും പത്താം ക്ലാസ്സില്‍ ഫുള്‍ എ പ്ലസ്  നേടിയവരുമാണ്. നിലവില്‍ മിക്ക ബാച്ചുകളിലും ആദ്യ റാങ്കുകള്‍ നേടുന്നത് പെണ്‍കുട്ടികളാണ്. പഠനേതര പ്രവര്‍ത്തനങ്ങളിലും അവര്‍ മികവ് പുലര്‍ത്തുന്നു. പലരും സര്‍ഗാത്മക മേഖലകളില്‍ മികവ് തെളിയിച്ചവരുമാണ്.
കാമ്പസില്‍ പെണ്‍കുട്ടികളുടെ ഈ അക്കാദമിക മുന്നേറ്റം ആവേശകരമാണെങ്കിലും, വിഷമകരമായ മറ്റൊരു വശവും കൂടിയുണ്ട്. പഠനകാലത്തിനിടക്കുള്ള കൊഴിഞ്ഞുപോക്കും പഠനശേഷം പലരും പ്രതീക്ഷിച്ച മേഖലകളില്‍ എത്താതെ പോകുന്നതുമാണത്. അപൂര്‍വം പേരാണ് അല്‍ ജാമിഅ പഠനശേഷം ഉപരിപഠന രംഗത്ത് തുടരുന്നത്. അങ്ങനെ ചിലര്‍ വിദേശ യൂനിവേഴ്‌സിറ്റികളിലും ഇന്ത്യയിലെ ചില യൂനിവേഴ്‌സിറ്റികളിലും പി.ജിയും പി.എച്ച്.ഡിയും ചെയ്യുന്നുണ്ട്. പക്ഷേ പഠനകാലത്ത് കഴിവും അക്കാദമിക മികവും തെളിയിച്ച നല്ലൊരു ശതമാനം പേരും പിന്നീട് വൈജ്ഞാനികമോ മറ്റോ ആയ രംഗങ്ങളില്‍ സജീവമായി കാണുന്നില്ല. അത് ആ പെണ്‍കുട്ടികളുടെ പരിമിതിയല്ല. വിവാഹശേഷം പലരും പല കാരണങ്ങളാല്‍ കുടുംബജീവിതത്തിലേക്ക് മാത്രമായി പരിമിതപ്പെടുന്നു. ഇത് മതവിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികള്‍ മാത്രം നേരിടുന്ന പ്രതിസന്ധിയുമല്ല. ഉന്നത ഭൗതിക വിദ്യാഭ്യാസം നേടിയ മിക്ക പെണ്‍കുട്ടികളുടെയും അവസ്ഥ ഇതുതന്നെയാണ്. മാറേണ്ടത് സമൂഹമാണ്. വിവാഹശേഷവും പഠനം തുടരാനുള്ള അവസരങ്ങളുണ്ടാകണം. പെണ്‍കുട്ടികള്‍ നേടിയ അക്കാദമിക മികവുകള്‍ കൂടി ഈ സമൂഹത്തിന് ലഭ്യമാകേണ്ടതുണ്ട്. അത് സമൂഹത്തിന്റെ മുന്നേറ്റത്തില്‍ ഗുണകരമായ ഫലങ്ങളേ ഉണ്ടാക്കൂ.

കേരളത്തിനു പുറത്തെ മിക്ക ഉന്നത മതകലാലയങ്ങളിലും സംഘടനാതീതമായ വിദ്യാര്‍ഥികളുടെ സാന്നിധ്യമുണ്ട്. ശാന്തപുരം അല്‍ ജാമിഅക്ക് ഇങ്ങനെ എല്ലാ വിഭാഗം വിദ്യാര്‍ഥികളെയും ആകര്‍ഷിക്കാന്‍ സാധിക്കുന്നുണ്ടോ?

അല്‍ ജാമിഅയിലെ ഏതൊരു കോഴ്‌സിലെ പ്രവേശനത്തിനും സംഘടനാ ബന്ധങ്ങള്‍ തടസ്സമല്ല. എന്നാല്‍, ഇതര സംഘടനാ ബന്ധമുള്ള മലയാളി വിദ്യാര്‍ഥികള്‍ അല്‍ ജാമിഅയില്‍ കുറവാണെന്ന് പറയാം. കേരളത്തില്‍ നിലനില്‍ക്കുന്ന സംഘടനാ സങ്കുചിതത്വ സംസ്‌കാരമാണിതിന് മുഖ്യ കാരണം. സാധ്യമാവുംവിധം അതിനെ മറികടക്കാന്‍ അല്‍ ജാമിഅ തുടക്കം മുതലേ ശ്രമങ്ങള്‍ നടത്തിയിരുന്നു. സംഘടനാഭേദമന്യേ പണ്ഡിതന്മാരെ അല്‍ ജാമിഅയില്‍ അധ്യാപകരാക്കി നിശ്ചയിച്ചത് അതിന്റെ ഭാഗമായിരുന്നു. ഉത്തരേന്ത്യയില്‍നിന്നുള്ള പല പ്രഗത്ഭ അധ്യാപകരും മറ്റു സംഘടനാ ബന്ധമുള്ള സ്ഥാപനങ്ങളില്‍നിന്ന് പഠിച്ചിറങ്ങിയവരാണ്. കേരളത്തിലും അത്തരം സാധ്യതകള്‍ അല്‍ ജാമിഅ അന്വേഷിച്ചിരുന്നു. അങ്ങനെയാണ് എ. അബ്ദുസ്സലാം സുല്ലമി കുറച്ചുകാലം വിസിറ്റിംഗ് പ്രഫസറായി അല്‍ ജാമിഅയില്‍ സേവനമനുഷ്ഠിച്ചത്. പിന്നീടും പലരെയും സമീപിച്ചെങ്കിലും വരാന്‍ തയാറുള്ളവരെ പോലും സംഘടനാ ബന്ധങ്ങള്‍ വിലക്കുകയായിരുന്നു.
എന്നാല്‍, ഉര്‍ദു മേഖലയില്‍നിന്ന്, അധ്യാപകരെ പോലെ വ്യത്യസ്ത സംഘടനാ പശ്ചാത്തലമുള്ള വിദ്യാര്‍ഥികളും അല്‍ ജാമിഅയില്‍ ഉപരിപഠനത്തിന് എത്തുന്നുണ്ട്. വൈജ്ഞാനിക രംഗത്ത് സംഘടനാതീതമായ സഹകരണം ഉണ്ടാവാന്‍ എല്ലാ മത സംഘടനകളും സന്മനസ്സ് കാണിക്കേണ്ടതുണ്ട്. പണ്ഡിതന്മാര്‍ക്ക് സംഘടനാ ബന്ധങ്ങളാവാം. പക്ഷേ അവരെ സംഘടനയുടെ സ്വകാര്യ സ്വത്തായി ചുരുക്കാന്‍ പാടില്ല. അവര്‍ സമൂഹത്തിന്റെ പൊതു സ്വത്താണ്. എല്ലാ വിഭാഗം വിദ്യാര്‍ഥികള്‍ക്കും അവരുടെ അറിവ് ലഭിക്കാന്‍ അവകാശമുണ്ട്. പുതുതലമുറയില്‍ ഈ സംഘടനാ സങ്കുചിതത്വം ആപേക്ഷികമായി കുറവാണെന്നത് പ്രതീക്ഷ നല്‍കുന്നു.

ഏതൊരു യൂനിവേഴ്‌സിറ്റിയുടെയും ഏറ്റവും ശ്രദ്ധേയമായ ഫാക്കല്‍റ്റി അവിടത്തെ റിസര്‍ച്ച് സെന്ററായിരിക്കും. അവിടെനിന്ന് പുറത്തുവരുന്ന ഗവേഷണ പഠനങ്ങളും റിസര്‍ച്ച് ജേണലുകളുമാണ് ഒരു യൂനിവേഴ്‌സിറ്റിയെ അക്കാദമിക രംഗത്ത് അടയാളപ്പെടുത്തുക. അല്‍ ജാമിഅ റിസര്‍ച്ച് സെന്ററിനെ അത്തരത്തില്‍ വികസിപ്പിക്കാന്‍ പദ്ധതികളുണ്ടോ?

മറ്റു മേഖലകളില്‍ നടത്തിയ മുന്നേറ്റം പോലെ, റിസര്‍ച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ മുന്നോട്ടുപോകാന്‍ അല്‍ ജാമിഅക്കായിട്ടില്ല. റിസര്‍ച്ചിനെ സംബന്ധിച്ച നല്ല കാഴ്ചപ്പാടുള്ള അധ്യാപകരെയും ഗവേഷണ താല്‍പര്യമുള്ള വിദ്യാര്‍ഥികളെയും കണ്ടെത്താന്‍ സാധിക്കാത്തതാണ് പ്രശ്‌നം. ചില ശ്രമങ്ങളൊക്കെ ഈ വിഷയത്തില്‍ നടത്തിയിരുന്നുവെങ്കിലും വേണ്ടത്ര വിജയിച്ചില്ല. വിദേശ യൂനിവേഴ്‌സിറ്റികളില്‍ ഇസ്‌ലാമിക വിഷയങ്ങളില്‍ മികച്ച ഗവേഷണ പഠനങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ, കേരളത്തില്‍ രണ്ടോ മൂന്നോ വര്‍ഷം ഒരു ഇസ്‌ലാമിക വിഷയം ചടഞ്ഞിരുന്ന് പഠിക്കാന്‍ സന്നദ്ധരായ വിദ്യാര്‍ഥികളെ ഇനിയും കണ്ടെത്തിയിട്ടു വേണം. നിലവില്‍ പി.എച്ച്.ഡി നേടിയ അല്‍ ജാമിഅ വിദ്യാര്‍ഥികളെ ഈ രംഗത്ത് ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച ആലോചനകള്‍ നടക്കുന്നുണ്ട്. അതോടൊപ്പം ഇപ്പോള്‍ ശാന്തപുരം കാമ്പസില്‍ ഡിഗ്രിക്കും പി.ജിക്കും പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളില്‍ ഗവേഷണാഭിരുചി വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ റിസര്‍ച്ച് സെന്ററിന്റെ കീഴില്‍ നടക്കുന്നുണ്ട്. അവരുടെ പാഠ്യപദ്ധതികളില്‍ അതുള്‍പ്പെടുത്തിയിട്ടുണ്ട്. ഭാവിയില്‍ അവരില്‍നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്ന ഗവേഷകര്‍ വളര്‍ന്നുവരും. ഇവരെയും പുറത്തു നിന്ന് ലഭിക്കുന്ന ഗവേഷണ താല്‍പര്യമുള്ളവരെയും ഉപയോഗപ്പെടുത്തി ഇന്ത്യന്‍ മുസ്‌ലിം സമൂഹത്തിനാവശ്യമായ ഗവേഷണ പഠനങ്ങള്‍ അല്‍ ജാമിഅ റിസര്‍ച്ച് സെന്ററില്‍ നടക്കണമെന്നാണ് നമ്മള്‍ ലക്ഷ്യമിടുന്നത്. വിദേശത്തുനിന്നും മറ്റും വരുന്ന പ്രഗത്ഭരായ ഗവേഷകരുടെയും പണ്ഡിതന്മാരുടെയും ശില്‍പശാലകളും ഗവേഷണ സെമിനാറുകളും ഇപ്പോള്‍ റിസര്‍ച്ച് സെന്റര്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.

കേരളത്തിനു പുറത്തും ഓഫ് കാമ്പസുകള്‍ ആരംഭിച്ച് അല്‍ ജാമിഅ അതിന്റെ വിദ്യാഭ്യാസ സംരംഭങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. ഇത്തരം പ്രോജക്ടുകള്‍ ഇനിയും പ്രതീക്ഷിക്കാമോ?
ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അല്‍ ജാമിഅയിലെ മുഴുവന്‍ കോഴ്‌സുകളിലും പ്രവേശന സൗകര്യമുണ്ട്. പക്ഷേ, ഉപരിപഠനം ആഗ്രഹിക്കുന്ന ഉത്തരേന്ത്യയിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇത്ര ദൂരം പിന്നിട്ട് ശാന്തപുരം വന്ന് പഠിക്കാന്‍ സാധിക്കില്ല. അത് മനസ്സിലാക്കിയാണ് ഉത്തരേന്ത്യയില്‍ അല്‍ ജാമിഅയുടെ ഓഫ് കാമ്പസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. ഹരിയാനയിലെ മേവാത്തില്‍ 2017-ല്‍ ആരംഭിച്ച സ്ഥാപനമാണ് അല്‍ ജാമിഅയുടെ ആദ്യ ഓഫ് കാമ്പസ്. അത് നല്ല രീതിയില്‍ മുന്നോട്ടുപോകുന്നുണ്ട്. പശ്ചിമ ബംഗാളിലും അസമിലും ഇതുപോലെ ഓഫ് കാമ്പസുകളാരംഭിക്കാന്‍ അല്‍ ജാമിഅക്ക് പദ്ധതികളുണ്ട്.

മത വിദ്യാഭ്യാസ മേഖലയില്‍ ചുരുങ്ങാതെ സര്‍വ മേഖലകളിലുമുള്ള വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമിടുന്ന നോളജ് വേള്‍ഡെന്ന വിപുലമായ പ്രോജക്ട് അടുത്തിടെ അല്‍ ജാമിഅ പ്രഖ്യാപിച്ചിരുന്നു. എന്താണ് നോളജ് വേള്‍ഡ് ലക്ഷ്യം വെക്കുന്നത്?

അല്‍ ജാമിഅ അതിന്റെ രണ്ടാം ഘട്ട പ്രോജക്ടിലേക്ക് പ്രവേശിക്കുന്നതിന്റെ പ്രഖ്യാപനമാണ് നോളജ് വേള്‍ഡ് പദ്ധതി. ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിനോടൊപ്പം, മറ്റു ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെയും സര്‍വതോമുഖമായ ശാക്തീകരണമാണ് നോളജ് വേള്‍ഡ് പദ്ധതി ലക്ഷ്യമാക്കുന്നത്. വിദ്യാഭ്യാസ മുന്നേറ്റം സാധിച്ചാല്‍, ഇപ്പോള്‍ അധികാര കേന്ദ്രങ്ങളില്‍നിന്ന് അരികുവത്കരിക്കപ്പെട്ട ഈ ജനവിഭാഗങ്ങള്‍ക്ക് അധികാരപങ്കാളിത്തമടക്കം നേടിയെടുക്കാനാകും. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സ്തംഭങ്ങളായ ജുഡീഷ്യറിയിലും എക്‌സിക്യൂട്ടീവിലും മീഡിയാ രംഗത്തുമെല്ലാം പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാനാവശ്യമായ വിദ്യാഭ്യാസ പദ്ധതികള്‍ക്കാവും നോളജ് വേള്‍ഡ് പ്രോജക്ട് മുഖ്യ പരിഗണന നല്‍കുക. സയന്‍സ് ആന്റ് ടെക്‌നോളജിയിലും സോഷ്യല്‍ സ്റ്റഡീസിലും റിസര്‍ച്ച് മേഖലയിലുമെല്ലാം മുന്നേറ്റം സാധ്യമാകുന്ന സ്ഥാപനങ്ങളും ഈ പദ്ധതിയിലുണ്ട്. നോളജ് വേള്‍ഡ് പ്രോജക്ടിന്റെ പ്രാരംഭ ഘട്ടത്തിലാണ് അല്‍ ജാമിഅ ഇപ്പോഴുള്ളത്. ബൃഹത്തായൊരു വിദ്യാഭ്യാസ സംരംഭമാണിത്. നിലവില്‍ അല്‍ ജാമിഅ കാമ്പസിലുള്ള ഫാക്കല്‍റ്റികളെയും സര്‍ക്കാര്‍ അംഗീകാരമുള്ള സംരംഭമാക്കി മാറ്റാനുള്ള പദ്ധതികളും നോളജ് വേള്‍ഡ് പ്രോജക്ടിന്റെ ഭാഗമാണ്. വിദ്യാഭ്യാസത്തിന്റെ മെയിന്‍ സ്ട്രീമാണ് നമ്മുടെ ലക്ഷ്യം. വലിയൊരു ഉത്തരവാദിത്തമായി അല്‍ ജാമിഅ ഇതിനെ മനസ്സിലാക്കുന്നു. എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ ഈ പദ്ധതി ഘട്ടംഘട്ടമായി പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (53-55)
ടി.കെ ഉബൈദ്‌

ഹദീസ്‌

അറിവ് നിധിയാണ്, പ്രയോജനപ്പെടുത്തണം
അബ്ദുല്ലത്വീഫ് കൊടുവള്ളി