Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 20

3131

1441 റബീഉല്‍ ആഖിര്‍ 23

മാതാ പിതാ ഗുരു ദൈവം

ഹാശിം ഈരാറ്റുപേട്ട

'എന്റെ മരണത്തിന്  ഉത്തരവാദി എന്റെ (പേര് സൂചിപ്പിക്കുന്നില്ല) അധ്യാപകനാണ്.'
അധ്യാപകന്റെ   മാനസിക  പീഡനങ്ങള്‍ സഹിക്കവയ്യാതെ മദ്രാസ് ഐ.ഐ.ടിയില്‍ തൂങ്ങിമരിച്ച ഫാത്വിമ ലത്വീഫിന്റെ അവസാന എഴുത്താണിത്. 
''ടീച്ചര്‍ പറഞ്ഞതാ, വേഗം ആശുപത്രിയില്‍ കൊണ്ടുപോകാന്‍, എന്നാല്‍ സാറന്മാര്‍  വീട്ടില്‍നിന്ന് ആള് വരാന്‍ കാത്തുനിന്നു. ആരും ഒന്നും ചെയ്തില്ല.'' സുല്‍ത്താന്‍ ബത്തേരി  ഗവണ്‍മെന്റ് സര്‍വജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ മരണം കൊത്തിയെടുത്തപ്പോള്‍ അധ്യാപകര്‍ക്കെതിരെ സഹ്‌ലയുടെ കൂട്ടുകാര്‍ പറഞ്ഞ വാക്കുകളാണിത്. 
ഒന്നാമത്തെ സംഭവം  അധ്യാപകര്‍ക്കിടയിലെ ഒരു വിഭാഗത്തിന്  വര്‍ഗീയഭ്രാന്തും മതഭ്രാന്തും തലക്കു പിടിച്ചിരിക്കുന്നു എന്നും  രണ്ടാമത്തേത് മനുഷ്യത്വവും  കാരുണ്യവും എഴുതി പഠിപ്പിക്കുന്നവര്‍ മാത്രമായി അവര്‍  മാറിയിരിക്കുന്നുവെന്നും വെളിപ്പെടുത്തുന്നു. എല്ലാ വര്‍ഷവും  സെപ്റ്റംബര്‍ അഞ്ചാം തീയതി മുറതെറ്റാതെ അധ്യാപകരെക്കുറിച്ച് മേന്മകള്‍ വാഴ്ത്തപ്പെടുന്ന അതേ ശിഷ്യന്മാര്‍ തന്നെയാണ്  തന്റെ അല്ലെങ്കില്‍ തന്റെ സുഹൃത്തിന്റെ  മരണത്തിന് ഉത്തരവാദികള്‍  തങ്ങളുടെ സ്വന്തം അധ്യാപകര്‍ തന്നെയാണെന്ന് ലോകത്തോട് വിളിച്ചു പറയുന്നത്. 
സ്വയം പ്രകാശിക്കുകയും മറ്റുള്ളവരിലേക്ക് ആ  പ്രകാശം പകര്‍ന്നു നല്‍കുകയും ചെയ്യുന്നവരാണ് യഥാര്‍ഥ അധ്യാപകരെന്ന്  എഴുത്തുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും പറഞ്ഞറിയിക്കുന്ന കാലത്തു തന്നെയാണ് ഇത്തരത്തിലുള്ള  സംഭവങ്ങള്‍  അരങ്ങേറുന്നത് എന്നതാണ്  ദുഃഖകരം.   മുകളില്‍ പറഞ്ഞ രണ്ട് സംഭവങ്ങളും മാനുഷിക മൂല്യങ്ങളുടെ ജീവിക്കുന്ന പ്രതീകമായി വാഴ്ത്തപ്പെട്ടവര്‍ കാരുണ്യവും  മനുഷ്യത്വവും വറ്റിപ്പോയവരാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഇത്തരക്കാര്‍ എന്ത് വിദ്യയാണ് ശിഷ്യരെ പഠിപ്പിക്കുക?
ക്ലാസ് റൂമുകളുടെ അകത്തളങ്ങളില്‍ ഓരോ കുട്ടിയുടെയും ഹൃദയത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നവരാണ് യഥാര്‍ഥ അധ്യാപകരെന്ന് മഹാത്മാഗാന്ധി പറയുന്നുണ്ട്. തന്റെ മുന്നില്‍ അറിവ് തേടി എത്തുന്നവരുമായി താദാത്മ്യം പ്രാപിക്കാന്‍  കഴിവുള്ളവനാണ് മികച്ച  അധ്യാപകര്‍. ഗുരു എന്ന വാക്കിന്റെ ആശയം  അന്ധകാരത്തെ നീക്കുന്നവന്‍ എന്നാണ്. അക്ഷരങ്ങള്‍ വായില്‍നിന്ന് മൊഴിയുന്നതിനപ്പുറം ശിഷ്യരുടെ ഹൃദയത്തില്‍ തൊട്ട് അവന്റെ  സ്വഭാവത്തിലും സമീപനങ്ങളിലും  കൂടുകൂട്ടിയ തിന്മയുടെ  കൂട്ടുകാരെ മാറ്റിനിര്‍ത്തുക  എന്ന വലിയ ദൗത്യമാണ് അവര്‍  ഓരോരുത്തര്‍ക്കും നിര്‍വഹിക്കാനുള്ളത്. ഇതു തന്നെയാണ് മാതാപിതാക്കള്‍ അധ്യാപകരില്‍നിന്ന് പ്രതീക്ഷിക്കുന്നതും. വ്യത്യസ്ത  ജീവിത സാഹചര്യത്തില്‍ കുഴഞ്ഞുമറിഞ്ഞ ഓരോ  വിദ്യാര്‍ഥിക്ക് മുന്നിലും  അധ്യാപകന്‍  ഒരു ശില്‍പിയായി മാറുന്നു. അവനെ നന്മയുടെ വലിയ ലോകത്തേക്ക്  കൈപിടിച്ചു നടത്തുന്നതോടൊപ്പം നന്മയുടെ ആള്‍രൂപമായി മാറ്റിയെടുക്കുക എന്ന വലിയ ദൗത്യം കൂടി അവര്‍ നിര്‍വഹിക്കണം. 
ഒരു ശിഷ്യന്‍  തനിക്ക് വ്യഭിചരിക്കാന്‍ അനുവാദം നല്‍കണം എന്ന് ആവശ്യപ്പെട്ട്  ഗുരുവിന്റെ മുന്നിലേക്ക് വന്നപ്പോള്‍ സുന്ദരമായിതന്നെ തന്റെ ശിഷ്യന്റെ  മനസ്സില്‍നിന്ന് ആ ദുര്‍ചിന്തയെ പിഴുതെറിയുന്ന ഒരു ഗുരുവിനെ ചരിത്രത്തില്‍ നമുക്ക് കാണാം. അത് മറ്റാരുമല്ല. ഏതൊരു ഗുരുവിനും   പിന്തുടരാന്‍ മാതൃകയുള്ള  പ്രവാചകന്‍ മുഹമ്മദ് നബി (സ). മനശ്ശാസ്ത്രപരമായി തന്നെ  ഗുരു  തിരിച്ചു ചോദിക്കുന്നുണ്ട്. 'നിന്റെ ഉമ്മയെ, നിന്റെ സഹോദരിയെ ഒരാള്‍  വ്യഭിചരിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമാണോ?' ആ മറുചോദ്യത്തില്‍ ശിഷ്യന്‍ പിന്നീട് നന്മയുടെ പാതയിലേക്ക് സഞ്ചരിക്കുന്നു. ഇവിടെയാണ് ഒരു അധ്യാപകന്‍, ഒരു കുട്ടി, ഒരു പുസ്തകം,  ഒരു പേന ഇത്ര മാത്രം മതി ഈ  ലോകത്തെ മാറ്റിമറിക്കാന്‍ എന്ന പ്രയോഗത്തിന്റെ പൊരുള്‍ വെളിപ്പെടുന്നത്. കാണാപ്പാഠം പഠിക്കാനുള്ള  കൂട്ടക്ഷരങ്ങള്‍ക്കപ്പുറം ശിഷ്യരില്‍ ഗുണങ്ങള്‍ പാകപ്പെടുത്തിയെടുക്കാന്‍  ഓരോ അധ്യാപകനും കഴിയണം. അറിവിന്റെ ഈ വെള്ളിനക്ഷത്രങ്ങള്‍  ആസ്വാദനത്തിന്റെയും ആലോചനയുടെയും അനന്ത തീരങ്ങളിലേക്ക് ശിഷ്യരെ പറഞ്ഞയക്കണം. അവിടെ ജീവിതം പടരുന്നുവെങ്കില്‍, നന്മയുടെ വസന്തം വിടരുന്നുവെങ്കില്‍, അറിവിന്റെ പുതിയ ലോകം ലഭിക്കുന്നുവെങ്കില്‍ അതെല്ലാം ശിഷ്യന്റെ ജീവിതത്തിന്റെ കെടാവിളക്കായി നിലനില്‍ക്കും.
കവിയും എഴുത്തുകാരനുമായ  ജിബ്രാന്‍ എഴുതുന്നുണ്ട്, നിങ്ങളുടെ മനസ്സിന്റെ  ഉമ്മറപ്പടിയിലേക്ക് നയിക്കുന്ന ഒരാള്‍, അയാളാണ് നിങ്ങളുടെ അധ്യാപകന്‍ എന്ന്. ഇമാം മുസ്‌ലിം ഉദ്ധരിച്ച ഒരു ഹദീസ് ഇതിനോട് ചേര്‍ത്ത് വായിക്കാം. മുആവിയതുബ്‌നു ഹകമിസ്സലമി പറയുന്നു: ''ഞാന്‍ നബി(സ)യോടൊപ്പം നമസ്‌കരിക്കുകയായിരുന്നു. അപ്പോള്‍ ഒരാള്‍ തുമ്മി. ഞാന്‍ 'അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ' എന്ന് പ്രാര്‍ഥിച്ചു. ആ സമയം ആളുകളെല്ലാം എന്നെ നോക്കി.  ഞാന്‍ ചോദിച്ചു. 'ശ്ശെ, എന്താണ് നിങ്ങള്‍ എന്നെ ഇങ്ങനെ നോക്കുന്നത്?' അപ്പോള്‍ അവര്‍ എന്നോട് നിശ്ശബ്ദമായിരിക്കാന്‍ സൂചിപ്പിച്ചു. ഞാന്‍ നിശ്ശബ്ദനായി. തിരുമേനി (സ) നമസ്‌കരിച്ചു കഴിഞ്ഞപ്പോള്‍ - ഞാന്‍ നബി തിരുമേനിയേക്കാള്‍ നല്ലൊരു ഗുരുനാഥനെ  അതിന് മുമ്പും ശേഷവും കണ്ടിട്ടില്ല- അദ്ദേഹമെന്നെ ശാസിക്കുകയോ അടിക്കുകയോ ചീത്ത പറയുകയോ ചെയ്തില്ല. അവിടുന്ന് പറഞ്ഞു; ഇത് നമസ്‌കാരമാണ്. സംസാരം അതിന് യോജിച്ചതല്ല. അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുന്നതിന്റെയും  അവന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുന്നതിന്റെയും ഖുര്‍ആന്‍ ഓതുന്നതിന്റെയും പേരാണ്  നമസ്‌കാരം.''
നോക്കൂ, തെറ്റുകളിലേക്ക് ശിഷ്യന്മാര്‍ വഴുതിവീഴുമ്പോള്‍ അവരെ ഇത്തരത്തില്‍ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച്  നേര്‍വഴി കാട്ടികൊടുക്കാനും സന്തോഷത്തിന്റെ വേളകളില്‍  തോളില്‍ തട്ടി അവരുടെ ഹൃദയത്തില്‍ സ്ഥാനം പിടിക്കാനും  ഓരോ  അധ്യാപകനും കഴിയണം. 
ഒരു ഗുരുവിന്റെ  സവിശേഷതകള്‍ എന്തെല്ലാം ആണെന്ന്  സ്വാമി വിവേകാനന്ദന്‍ പറയുന്നുണ്ട്: 'ശ്രോതിയന്‍-ശ്രുതി രഹസ്യമറിയുന്നവന്‍, അവ്യജിനന്‍- പാപരഹിതന്‍, അകാ മഹതന്‍- കാമന രഹിതന്‍ പഠിപ്പിച്ച പണമുണ്ടാക്കാന്‍ ആഗ്രഹിക്കാത്ത അവന്‍ അയാള്‍ ശാന്തനും സാധുവാണ് ആണ്. അയാള്‍ വസന്തകാലം പോലെ   വരുന്നു.  പലതരം ചെടികള്‍ക്ക് തളിരും പൂവും നല്‍കാന്‍.  എന്നാല്‍ ഈ ചെടികളില്‍ നിന്ന്  ഒന്നും ആവശ്യപ്പെടുന്നുമില്ല.  വസന്തത്തിന് സ്വഭാവമാണ് നന്മ ചെയ്യുക. നന്മ ചെയ്യുന്നു. അത്രമാത്രം. അത്തരക്കാരാണ്  ഗുരു. തീര്‍ണാ സ്വയംഭീമന്‍ ദവാര്‍ണവം ജനാല്‍ അഹേതു സന്യാന വിതാരയന്ത: 'ജീവിതമാകുന്ന വന്‍ കടല്‍ സ്വയം  കടന്ന് സ്വാര്‍ഥപരിഗണന കൂടാതെ മറ്റുള്ളവരെയും കടക്കാന്‍ തുണയ്ക്കുന്നു.' ഇയാളാണ് ഗുരു.  മറ്റാര്‍ക്കും ഗുരുവാകണം സാധ്യമല്ലെന്ന് ശ്രദ്ധിക്കുക.  ഇത്തരത്തില്‍ ഉപദേഷ്ടാവും തത്ത്വജ്ഞാനിയും  സുഹൃത്തും നേതാവുമായ ഗുരുവിനെയാണ് കാലം ആവശ്യപ്പെടുന്നത്. അതല്ലാതെ കണ്ണുകളടച്ച, കാതുകള്‍ പൊത്തിയ, ശിഷ്യരുടെ മനസ്സിന്റെ  ഉള്ളറകള്‍  കാണാന്‍ മടിക്കുന്ന വരെയല്ല ആവശ്യം. പഠിപ്പിക്കുന്നതിന് അപ്പുറം തന്റെ ശിഷ്യരുടെ അടുത്ത് നിന്നും  പഠിക്കുന്നവര്‍ കൂടിയായിരിക്കണം ഓരോ അധ്യാപകനും. തന്റെ   ശിഷ്യന്റെ  അടുത്തുനിന്നും ഒന്നും പഠിക്കാത്തയാള്‍ മികച്ച അധ്യാപകന്‍ ആകുന്നില്ല എന്ന് പറഞ്ഞത് ഗാന്ധിജിയാണ്.
ഭാരതീയ  സംസ്‌കാരത്തിന്റെ കാതലായ  സന്ദേശമാണ്  'മാതാ-പിതാ- ഗുരു-ദൈവം' എന്ന സങ്കല്‍പ്പം. ദൈവത്തിന്റെ അടുക്കലേക്ക് സഞ്ചരിക്കുന്ന ഓരോ വിശ്വാസിയായ സഞ്ചാരിയുടെ ജീവിതത്തിന്റെയും വിവിധ ഘട്ടങ്ങളില്‍ മാതാവിനും പിതാവിനും ഗുരുവിനും വിവിധ ധര്‍മങ്ങളുണ്ട്. നമ്മെ ഈ പ്രപഞ്ചത്തിലേക്ക് കൊണ്ടുവന്ന മാതാവിനാണത്രെ പ്രഥമസ്ഥാനം. ജനനത്തിന് കാരണഭൂതനായ പിതാവിനെ മാതാവ് കാട്ടിത്തരുന്നു.  ക്രമേണ, മാതാവും പിതാവും കൂടി നമ്മുടെ ഗുരുവിനെ കണ്ടെത്തുന്നു. പിന്നീടങ്ങോട്ട് ജന്മത്തിന്റെ അടുത്ത ഘട്ടമായി... ഗുരുവില്‍നിന്ന് അക്ഷരങ്ങളും അനുഭവങ്ങളും പാഠങ്ങളും ഒക്കെ ഉള്‍ക്കൊണ്ട്, ശരിയായ ജ്ഞാനത്തിലൂടെ ഈശ്വരനെ അനുഭവിക്കാന്‍ കഴിയുന്നു.  താത്ത്വികമായി പറഞ്ഞാല്‍, മനുഷ്യന് മാതാവ് ഭൂമിയും പിതാവ് മനസ്സും (ചിന്ത) ഗുരു ബോധവും ആകുന്നു. ഇതിന്റെയെല്ലാം സാക്ഷാത്കാരമാണ് ഈശ്വരന്‍. ജീവിതത്തില്‍ ഉയര്‍ച്ച നേടാന്‍ ഗുരുവിന്റെ സഹായം അനിവാര്യമായിരുന്നു. ഗുരുവില്‍നിന്നും വിജയകരമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ അടുത്ത സാധ്യത സ്വാഭാവികമായും തെളിഞ്ഞുവരികയായി.... അതാണ് ഈശ്വരസാക്ഷാത്കാരം. ഗുരു ശിഷ്യരെ  കുഴച്ച് പാകപ്പെടുത്തുന്നു. ആ കുഴച്ചുരുട്ടലിലൂടെയാണ് ഓരോ  വ്യക്തിജീവിതവും രൂപപ്പെടുന്നത്. മാവ് നന്നായി കുഴച്ചു മാര്‍ദവമുള്ളതാക്കണം. ആ മാവുകൊണ്ടുണ്ടാക്കിയ റൊട്ടിയേ രുചിയോടെ കഴിക്കാനാവൂ. മനുഷ്യന്റെ കാര്യത്തിലും ഇത് അത്യാവശ്യമാണ്. ഈശ്വരനുപോലും ആസ്വദിച്ചു കഴിക്കാന്‍ പറ്റുന്ന മൃദുവായ മാധുര്യമുള്ള റൊട്ടിയായി ഓരോ വ്യക്തിയും പാകപ്പെടണം.
മഹാകവി  കബീര്‍ദാസ് പറയുന്നു: 'എന്റെ ഗുരുവിനെയും ദൈവത്തെയും ഒരേ വീഥിയില്‍  വെച്ച് കണ്ടാല്‍ ഞാന്‍ ആദ്യം നമിക്കുക  എന്റെ ഗുരുവിനെയായിരിക്കും. കാരണം,  ആദ്യമായി ദൈവത്തെ എനിക്ക് കാട്ടിത്തന്നത് എന്റെ ഗുരുവാണ്.' ഇത്തരത്തില്‍ കാലങ്ങള്‍ക്കു ശേഷവും കണ്ടുമുട്ടുമ്പോള്‍  ഇതെന്റെ ഗുരുനാഥനാണ് എന്ന് പറഞ്ഞുകൊണ്ട്  പരസ്പരം സ്‌നേഹം പങ്കിടുന്ന,  രൂപപ്പെടേണ്ട  ഒരു അവസ്ഥയിലേക്ക്  ഗുരു ശിഷ്യ ബന്ധം മാറണം. അതിനുള്ള ഉദാഹരണവും സമകാലിക ലോകത്ത് തന്നെ കാണാം. കരിക്കുന്നം ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയായിരുന്ന അമൃത എന്ന അധ്യാപികയെ സ്‌കൂളില്‍നിന്ന് പുറത്താക്കിയപ്പോള്‍ പോകരുതേ  എന്ന് പറഞ്ഞുകൊണ്ട്  പൊട്ടിക്കരഞ്ഞുപോയ  ശിഷ്യരെ  നാം സാമൂഹിക മാധ്യമങ്ങളില്‍ കണ്ടതാണ്. അതുപോലെതന്നെ മറ്റൊരു അധ്യാപകനെയും നാം കണ്ടു. തിരുവള്ളൂര്‍ പള്ളപ്പട്ട് സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായ ഭഗവാനെ   അധികൃതര്‍ സ്ഥലം മാറ്റിയപ്പോള്‍ 'സാറേ  ഞങ്ങളെ വിട്ടു പോകരുത്' എന്ന് പറഞ്ഞ് കരഞ്ഞും ക്ലാസ് ബഹിഷ്‌കരിച്ചും കൂട്ടം  കൂടിയ ശിഷ്യന്മാരെ. ഇവരൊക്കെ  വിദ്യാര്‍ഥികള്‍ക്ക് അധ്യാപകന്‍ മാത്രമല്ല നല്ല  കൂട്ടുകാരനും, വഴികാട്ടിയും എല്ലാമാണ്. അതാണ് ഇങ്ങനെ ഒരു ബന്ധത്തിലേക്ക് അവരെ അടുപ്പിച്ചതും. ഭഗവാന്  സമൂഹത്തോട് ഒന്നേ പറയാനുള്ളൂ; വിദ്യാര്‍ഥികളും അധ്യാപകരും തമ്മില്‍ മികച്ച ആത്മബന്ധം ഉണ്ടാക്കിയെടുക്കണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (53-55)
ടി.കെ ഉബൈദ്‌

ഹദീസ്‌

അറിവ് നിധിയാണ്, പ്രയോജനപ്പെടുത്തണം
അബ്ദുല്ലത്വീഫ് കൊടുവള്ളി