Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 20

3131

1441 റബീഉല്‍ ആഖിര്‍ 23

അവള്‍ വെറും ഉടലല്ല

നജീബ് മൂടാടി

നമ്മുടെ ട്രെയിന്‍ യാത്രകളില്‍, ആശുപത്രികളില്‍, മറ്റ് പൊതുയിടങ്ങളില്‍ എത്ര മാന്യമായി ഇടപെടുന്ന മനുഷ്യരെയാണ് നാം കാണുന്നത്. സൗഹാര്‍ദത്തോടെ പെരുമാറുന്ന, അവനവന്റെ തിരക്കുകളില്‍ മുഴുകുന്ന ആളുകള്‍. എന്നാല്‍ ഇവിടങ്ങളിലെയെല്ലാം ടോയ്ലറ്റുകളില്‍ ഒന്ന് കയറി നോക്കിയാല്‍ അശ്ലീല സാഹിത്യത്തിന്റെ പ്രദര്‍ശനപ്പലകകളായ ചുവരുകള്‍ കണ്ട് അമ്പരന്നുപോകും.
ഏറക്കുറെ നമ്മുടെ സമൂഹത്തിന്റെ അവസ്ഥയും ഇതുതന്നെയാണ്. പുറമേ ഏറ്റവും മാന്യമായി പെരുമാറുമ്പോഴും ഉള്ളില്‍ നുരകുത്തുന്ന വികൃതമായ ലൈംഗികചിന്തകള്‍ പേറി നടക്കുകയും ആരും കാണുന്നില്ല എന്ന് ഉറപ്പുള്ള ഇടങ്ങളില്‍ അത് എങ്ങനെയെങ്കിലും പ്രകടിപ്പിക്കുകയും ചെയ്യുന്ന മനോവൈകല്യം.
ചോരപ്പൈതല്‍ മുതല്‍ പടുവൃദ്ധകള്‍ വരെ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും അതിനിടയില്‍ നിഷ്ഠുരമായി കൊല്ലപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ പരിഷ്‌കൃത സമൂഹം എന്ന് ഊറ്റം കൊള്ളുന്നവരുടെ വര്‍ത്തമാന കാലത്ത് ഏറെയേറി വരികയാണ്. ഉന്നാവും വാളയാറും ഹൈദറാബാദും വാര്‍ത്താമാധ്യമങ്ങളിലൂടെ പുറത്തെത്തുമ്പോള്‍ ഇരുചെവി അറിയാതെ ഒതുങ്ങിപ്പോകുന്ന എത്രയോ പീഡന കഥകള്‍ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. വീടിനകത്ത് സ്വന്തം പിതാവിനാലും വിദ്യാലയങ്ങളില്‍ അധ്യാപകരാലും മതപഠനകേന്ദ്രങ്ങളിലും ദേവാലയങ്ങളില്‍ നിന്ന് പോലും ലൈംഗികാക്രമണം നേരിടേണ്ടി വരുന്ന പെണ്‍ജന്മങ്ങള്‍ ഏറിവരികയാണ് നമുക്ക് ചുറ്റും. അഭയം നല്‍കേണ്ടവര്‍ കടിച്ചു കീറിയതിനാല്‍ നിര്‍ഭയഹോമുകളില്‍ എത്തിപ്പെട്ട പെണ്‍മക്കളുടെ കണ്ണീര്‍ നമ്മെ പൊള്ളിക്കുന്നേയില്ല.
ലൈംഗികതയും അതിന്റെ ആസ്വാദനവും മനുഷ്യരല്ലാത്ത ഏറിയ കൂറും ജീവികളില്‍ വംശവര്‍ധനക്ക് വേണ്ടി ഉള്ളതാണെങ്കില്‍, വിശേഷബുദ്ധിയും ഭാവനയും ഉള്ള മനുഷ്യനില്‍ അത് ഏറ്റവും മനോഹരമായ ആനന്ദാനുഭൂതിക്ക് വേണ്ടി കൂടിയുള്ളതാണ്. കലയും സാഹിത്യവും പാട്ടും നൃത്തവും സംഗീതവും കായിക വിനോദങ്ങളുമൊക്കെ ഉണ്ടാകുന്നതിന് മുന്നേക്ക് മുന്നേ മനുഷ്യന്‍ അനുഭവിച്ചു തുടങ്ങിയ മടുക്കാത്ത ആനന്ദമാണ് ലൈംഗികത. ഇണയോടുള്ള സ്‌നേഹത്തിനും പ്രണയത്തിനും രാസത്വരകമായി വര്‍ത്തിക്കുന്നതും വംശവര്‍ധനവിന് കാരണമാകുന്നതും ഈ അനുഭൂതിയുടെ ആസ്വാദനത്തിലൂടെയാണ്.
പരസ്പരം ഇഷ്ടത്തോടെയും പ്രണയത്തിന്റെ മൂര്‍ധന്യത്തിലും സംഭവിക്കേണ്ട ഈ അവാച്യമായ അനുഭൂതി, ദൗര്‍ഭാഗ്യവശാല്‍ പുരുഷന് സ്ത്രീക്ക് മേലുള്ള മേല്‍ക്കോയ്മയുടെയും അധികാരപ്രകടനത്തിന്റെയും ഉപകരണമായി തരം താഴ്ന്നതോടെ രതി എന്നത് അശ്ലീലതയിലേക്കും ലൈംഗിക വൈകൃതങ്ങളിലേക്കും കൂപ്പുകുത്തി. അത് സ്ത്രീശരീരത്തെ കേവലം കാമമോഹിതമായ ഒരു വസ്തുവാക്കി മാറ്റി. അതിന്റെ ഭീകരമായ കെടുതികളാണ് ഇന്ന് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
ഗോത്രവര്‍ഗ പാരമ്പര്യം നിലനിന്ന കാലങ്ങളില്‍ ധീരതയും കരുത്തും കൊണ്ട് മുന്നിട്ടു നിന്ന പുരുഷന്‍ സ്ത്രീക്ക് വിധേയനാവുന്നത്ര അവളുടെ ശരീരം അവനെ പ്രചോദിപ്പിച്ചിരുന്നുവെങ്കില്‍, കുടുംബ വ്യവസ്ഥിതിയില്‍ ആ പ്രതാപം നഷ്ടപ്പെട്ട് അടിമയുടെ അവസ്ഥയിലേക്ക് സ്ത്രീ മാറി എന്നത് ആശ്ചര്യകരമാണ്. എന്നിട്ടും ഒരു ഇണയില്‍ ഒതുങ്ങാത്ത കാമമോഹവുമായി പുരുഷന്‍ അലയുന്നു.
സ്ത്രീ കേവലം ലൈംഗികോപകരണങ്ങള്‍ മാത്രമായി മാറിയ കാലങ്ങളില്‍ മതങ്ങള്‍ പകര്‍ന്നു നല്‍കിയ മൂല്യബോധങ്ങളാണ് ശരീരത്തിനപ്പുറം മനസ്സും ചിന്തയും ബുദ്ധിയുമുള്ള അവളെ മോചിപ്പിക്കുന്നത്. ആത്മാഭിമാനവും അന്തസ്സും തിരിച്ചുപിടിച്ച് വനിതകള്‍ ചരിത്രത്തിലെങ്ങും നക്ഷത്രങ്ങള്‍ പോലെ തിളങ്ങി നില്‍ക്കുന്നുണ്ട്.
സ്ത്രീ ശരീരത്തോട് ആകര്‍ഷണവും പ്രലോഭനവും തോന്നുന്ന പ്രകൃതമാണ് പുരുഷന്. സംസ്‌കാരം കൊണ്ട് ഉള്ളിലുള്ള മൃഗത്തെ മെരുക്കാനും ശരീരത്തിനുമപ്പുറം ഒരു വ്യക്തി എന്ന നിലയില്‍ അവളെ കാണാനും കഴിയുമ്പോഴാണ് പുരുഷന്‍ പുരുഷനാവുന്നത്. പ്രവാചകന്മാരും പ്രബോധകന്മാരും മത ഗ്രന്ഥങ്ങളും പകര്‍ന്ന് നല്‍കിയ പ്രകാശത്തില്‍ നിന്ന് മനുഷ്യന്‍ അകന്നു തുടങ്ങുമ്പോഴൊക്കെ സ്ത്രീ ഒരു വ്യക്തി എന്നതില്‍ നിന്ന് മാറി ശരീരം മാത്രമായി അവഹേളിക്കപ്പെട്ടുകൊണ്ടിരുന്നു. ഇപ്പോഴും അത് തുടരുകയാണ്.
പുരുഷന് സുഖിക്കാനുള്ള വെറുമൊരു ഭോഗവസ്തുവായി മാത്രമേ പല ഘട്ടങ്ങളിലും സ്ത്രീയെ കണ്ടിരുന്നുള്ളൂ. ജീവിതപങ്കാളിക്ക് പുറമെ വെപ്പാട്ടികളും ദാസികളുമായി നിറഞ്ഞു നില്‍ക്കുന്ന ധാരാളം സ്ത്രീകളു് ചരിത്രത്തില്‍. പുരുഷന്റെ ആഘോഷങ്ങളില്‍ ആഹ്ലാദിപ്പിക്കാനുള്ള ഉപകരണങ്ങളാവാന്‍ വിധിക്കപ്പെട്ടവര്‍.
പുരുഷന്റെ വിജയങ്ങളും നേട്ടങ്ങളും വീരകഥകളും ചരിത്രവും കവിതകളിലും മറ്റു സാഹിത്യ രൂപങ്ങളിലും പുനര്‍ജനിച്ചപ്പോള്‍, പെണ്ണിന്റെ ചിന്തകളോ കഴിവുകളോ അല്ല വാഴ്ത്തപ്പെട്ടത്. പെണ്ണുടലുകളുടെ വര്‍ണനകളില്‍ അഭിരമിക്കാനായിരുന്നു എഴുത്തുകാര്‍ക്ക് താല്‍പര്യം. അവള്‍ ചൂതിനുള്ള പണയവസ്തുവും വീതം വെക്കപ്പെടാനുള്ള യുദ്ധമുതലും ഒക്കെ ആയിരുന്നു ഇന്നലെകളില്‍. ഇതൊക്കെ പണ്ട് കാലത്തല്ലേ എന്ന് ചോദിക്കാന്‍ വരട്ടെ. കഴിഞ്ഞ നൂറ്റാണ്ടില്‍ പോലും സ്ത്രീക്ക് മാറ് മറക്കാന്‍ അവകാശമില്ലാത്ത, 'മുലക്കരം' നിര്‍ബന്ധമായിരുന്ന നാടായിരുന്നു ഇന്നത്തെ നമ്മുടെ സാക്ഷരസുന്ദര കേരളം പോലും എന്നത് ഇന്ന് ചിന്തിക്കുമ്പോള്‍ അമ്പരപ്പുണ്ടാക്കും. സ്ത്രീ എത്ര ഉന്നതയായാലും 'ചരക്കെ'ന്നോ 'ഉരുപ്പടി'യെന്നോ വ്യവഹരിക്കപ്പെടുന്ന ഉടല്‍ മാത്രമാണ് ഇന്നും സമൂഹത്തിന്.
പഴയ കാലങ്ങളില്‍ പെണ്ണുടലിനെ വര്‍ണിച്ചു കവിതകള്‍ രചിച്ചും ശില്‍പങ്ങള്‍ നിര്‍മിച്ചുമാണ് ലൈംഗിക ചോദനകളെ ആളിക്കത്തിച്ചിരുന്നുവെങ്കില്‍, ഇന്നത് പോണ്‍ സിനിമകളിലൂടെയും വീഡിയോകളിലൂടെയുമാണ് എന്ന വ്യത്യാസമേയുള്ളൂ. വന്‍ ലാഭം ലഭിക്കുന്ന കച്ചവടമാണ് ഇന്ന് ലൈംഗികതയുടെ വിപണി. നീലച്ചിത്രങ്ങള്‍ മുതല്‍ നക്ഷത്ര പെണ്‍വാണിഭ കേന്ദ്രങ്ങള്‍ വരെ ഈ വിപണിയുടെ ഭാഗമാണ്.
പ്രായത്തിനും ശരീര വളര്‍ച്ചക്കുമനുസരിച്ച് ആണിലും പെണ്ണിലും ലൈംഗിക ചിന്ത മുളപൊട്ടി തുടങ്ങുമെങ്കിലും, മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യന് മാത്രമുള്ള വിശേഷ ബുദ്ധിയും മതപാഠങ്ങളും ധാര്‍മികചിന്തകളും, സമൂഹവും ചുറ്റുപാടും പകര്‍ന്നു നല്‍കുന്ന മൂല്യങ്ങളും സദാചാരബോധവും ശിക്ഷയോടുള്ള പേടിയും ഇണയോടുള്ള ആത്മാര്‍ഥതയും സ്‌നേഹവുമൊക്കെ ഉള്ളിലെ ലൈംഗിക ചിന്തകളെ മൃഗസമാനമാവാതെ കടിഞ്ഞാണിട്ടു കൊണ്ടുപോകാന്‍ ബഹുഭൂരിപക്ഷം മനുഷ്യരെയും പ്രാപ്തരാക്കുന്നു.
ഇത്തരം ധാര്‍മിക മൂല്യ വിചാരങ്ങള്‍ക്കൊന്നും ജീവിതത്തില്‍ യാതൊരു പ്രാധാന്യവും നല്‍കാത്ത, ഏതു വിധേനയും ശരീരാസക്തികളെ തൃപ്തിപ്പെടുത്തുന്നതില്‍ ആനന്ദം കണ്ടെത്തുന്ന മനുഷ്യര്‍ സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ സ്ത്രീകളെ കൈയേറ്റം ചെയ്യാനും പീഡിപ്പിക്കാനും മുതിരുകയും ചെയ്യുന്നു.
മണിപവറും മസില്‍പവറും ഉപയോഗിച്ച് ഏതു പെണ്ണിനെയും ലൈംഗികാവശ്യത്തിന് ഉപയോഗിച്ചിരുന്ന മാടമ്പിമാരുടെ ഫ്യൂഡല്‍ കാലഘട്ടം പിന്നിട്ട് മനുഷ്യര്‍ പൊതുവെ സ്വതന്ത്രരായി ജീവിക്കുന്ന ഇക്കാലത്തും സ്ത്രീപീഡനങ്ങള്‍ നിത്യ വാര്‍ത്തയാകുന്നത് അതുകൊണ്ടാണ്.
പുരുഷന് സ്ത്രീക്കുമേല്‍ സവിശേഷമായ എന്തൊക്കെയോ അധികാരമുണ്ട് എന്ന മൂഢമായ ധാരണ കാലങ്ങളായി നമ്മുടെ സമൂഹത്തിനുണ്ട്. ദൗര്‍ഭാഗ്യവശാല്‍ അതിന് വളം വെച്ചു കൊടുക്കുന്ന രീതിയിലാണ് നമ്മുടെ സാമൂഹിക, മത വായനകള്‍ പോലും. അബലയും ചപലയുമായി മാത്രം പെണ്ണിനെ കാണാനാണ് നമുക്ക് താല്‍പര്യം. സ്‌നേഹം, വാത്സല്യം, സഹാനുഭൂതി തുടങ്ങി മാതൃത്വത്തിന്റെ സവിശേഷമായ അലിവുള്ള പെണ്‍മനസ്സിനെ അതുകൊണ്ട് തന്നെ ദുര്‍ബല എന്ന് ചിത്രീകരിക്കാനാണ് നമുക്കിഷ്ടം. എന്നാല്‍ വിവിധങ്ങളായ ഉദ്യോഗങ്ങളിലും രാജ്യഭരണ കാര്യങ്ങളിലും പക്വതയും വിവേകവും തീരുമാന ശേഷിയുമുള്ള സ്ത്രീകള്‍ യഥേഷ്ടം നമ്മുടെ മുന്നില്‍ ഉള്ള ഇക്കാലത്തും പെണ്ണിനെ കുറിച്ചുള്ള മുന്‍ ധാരണകള്‍ മാറ്റാന്‍ പുരുഷലോകം തയാറാവുന്നില്ല. 'വെറുമൊരു പെണ്ണല്ലേ' എന്ന നിസ്സാരഭാവം 'സംരക്ഷക'ന്റെ അധികാരധാര്‍ഷ്ട്യം പ്രകടിപ്പിക്കാന്‍ പുരുഷനെ പ്രേരിപ്പിക്കുന്നു. അതുകൊണ്ടാണ് സാമൂഹിക രാഷ്ട്രീയ സാഹിത്യ സാംസ്‌കാരിക മേഖലകളിലോ ഉയര്‍ന്ന ഉദ്യോഗങ്ങളിലോ വിരാജിക്കുന്ന സ്ത്രീകളുടെ അഭിപ്രായങ്ങളോടും നിലപാടുകളോടും സമാന പദവികള്‍ കൈയാളുന്ന പുരുഷന്മാരുടെ അഭിപ്രായങ്ങളോടുള്ളതിനേക്കാള്‍ കൂടുതല്‍ എതിര്‍പ്പുകളുയരുന്നത്. സോഷ്യല്‍ മീഡിയയില്‍ നമുക്കിത് നിത്യ അനുഭവമാണ്. പറഞ്ഞ വിഷയത്തോടായിരിക്കില്ല, പറഞ്ഞ വ്യക്തിയോടാവും രൂക്ഷമായ എതിര്‍പ്പ്. പെട്ടെന്ന് തന്നെ അത് അസഭ്യം പറച്ചിലിലും ഭോഗവര്‍ണനകളിലുമെത്തും. പറഞ്ഞത് പെണ്ണാണ് എന്നത് മാത്രമാണ് ഇവരെ വിറളി പിടിപ്പിക്കുന്നത്. ചിലര്‍ സ്‌നേഹോപദേശത്തിന്റെ മട്ടില്‍ ഒതുക്കാന്‍ ശ്രമിക്കും. കരുതലിന് വേണ്ടിയാണ് എന്ന് വാദിക്കും. ദല്‍ഹി നിര്‍ഭയ കേസിലെ നിരക്ഷരരായ പ്രതികളും വിദ്യാസമ്പന്നനായ വക്കീലും ഒരേ സ്വരത്തില്‍ പറഞ്ഞ ഒരു കാര്യമുണ്ട്; രാത്രി പുരുഷസുഹൃത്തിനോടൊപ്പം യാത്ര ചെയ്തതാണ് ആ പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിക്കാന്‍ പ്രേരിപ്പിച്ചത് എന്ന്. അവള്‍ ചെറുത്തു നിന്നത് കൊണ്ടാണത്രെ ക്രൂരമായ നിലയില്‍ അവളുടെ ശരീരത്തെ കടന്നാക്രമിക്കാന്‍ മുതിര്‍ന്നത്. തന്റെ നേരെ ലൈംഗികാക്രമണത്തിന് തുനിയുന്നവനോട് അവള്‍ക്ക് വിനീതമായി അപേക്ഷിക്കാമായിരുന്നില്ലേ എന്ന് അന്നൊരു മാന്യന്‍ ന്യായം പറഞ്ഞതും ഓര്‍ക്കുന്നു.
ഇതാണ് സ്ത്രീകളോടുള്ള മനോഭാവം. ആര്‍ക്കും അവളുടെ മേല്‍ അധികാരം പ്രയോഗിക്കാം എന്ന ധാരണ മൂടുറച്ചു പോയിരിക്കുന്നു. അവളെ അച്ചടക്കം പഠിപ്പിക്കാനുള്ള അധികാരം പുരുഷന് ഉണ്ടെന്നും പലരും കരുതുന്നു. ആ മനോഭാവമാണ് എത്ര ഉന്നത നിലയിലുള്ള സ്ത്രീയാണെങ്കിലും അവളെ പുഛിക്കാനും പരിഹസിക്കാനും കൂട്ടമായി ആക്രമിക്കാനും പ്രേരിപ്പിക്കുന്നത്. ഇതേ മനോനില തന്നെയാണ് മാനഭംഗത്തിലൂടെ പെണ്ണിനെ കീഴ്‌പ്പെടുത്തുന്നവരിലും മറ്റൊരു രീതിയില്‍ പ്രവര്‍ത്തിക്കുന്നത്.
ബെന്യാമിന്റെ 'സോലാപ്പൂര്‍' എന്ന കഥയില്‍ സ്വന്തം കിടപ്പറ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി വില്‍ക്കേണ്ടി വരുന്ന നിസ്സഹായരായ ഉത്തരേന്ത്യന്‍ ഗ്രാമീണ ദമ്പതികളുടെ കഥ പറയുന്നുണ്ട്. ലൈംഗിക മനോരോഗികള്‍ ഏറിവരുന്ന ഇക്കാലത്ത് അതൊരു യാഥാര്‍ഥ്യം മാത്രമാണ്. വന്‍ നഗരങ്ങളിലെ ചുവന്ന തെരുവില്‍ വില്‍ക്കപ്പെടുന്ന എത്രയോ ബാലികമാര്‍. നമ്മുടെ സമൂഹത്തിന്റെ ലൈംഗിക ഭ്രാന്തിനെ തൃപ്തിപ്പെടുത്താന്‍ ഇങ്ങനെ തകര്‍ക്കപ്പെടുന്ന ഒരുപാട് ജീവിതങ്ങളുണ്ട്. അരുണ്‍ എഴുത്തഛന്റെ 'വിശുദ്ധ പാപങ്ങളുടെ ഇന്ത്യ' എന്ന പുസ്തകത്തില്‍ ഭക്തിയുടെ മറവില്‍ വേശ്യാവൃത്തിയിലേക്ക് വലിച്ചെറിയപ്പെടുന്ന സ്ത്രീകളെ കുറിച്ച ഞെട്ടിക്കുന്ന കഥകള്‍ വായിച്ചാല്‍ രക്ഷകരാവേണ്ടവര്‍ പോലും എങ്ങനെയൊക്കെയാണ് പെണ്ണായിപ്പിറന്നവര്‍ക്ക് മേല്‍ ശിക്ഷകരായി മാറുന്നത് എന്ന് മനസ്സിലാകും.
ഇന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ പടുവൃദ്ധന്മാര്‍ വരെ വൈവിധ്യമാര്‍ന്ന ഭോഗദൃശ്യങ്ങളുടെ മൊബൈല്‍ ഫോണ്‍ സംഭരണിയുമായാണ് നടപ്പ്. റേറ്റിങിന് വേണ്ടി പരസ്പരം മത്സരിക്കുന്ന ദൃശ്യ മാധ്യമങ്ങളും വിളമ്പുന്നത് ഏറെയും പെണ്ണുടല്‍ ദൃശ്യങ്ങള്‍ തന്നെ. വാര്‍ത്തയായാലും പരസ്യങ്ങളായാലും, റിയാലിറ്റി കൂത്താട്ടങ്ങളോ അവിഹിത ബന്ധങ്ങളെ ആദര്‍ശവത്കരിക്കുന്ന സീരിയലുകളോ ആയാലും, പുരുഷനു വേണ്ടി ഒരുക്കിയ പെണ്ണുടല്‍ സമൃദ്ധിയാണ് എങ്ങും. വനിതാ പ്രസിദ്ധീകരണങ്ങളും പരസ്യ ഫഌ്‌സ് ബോര്‍ഡുകളുമൊക്കെ പെണ്‍ ശരീരങ്ങളുടെ പ്രദര്‍ശനപ്പലകകളാണ്.
കിടപ്പറകളുടെ സ്വകാര്യതയില്‍ മാത്രം ഒതുങ്ങിയ പവിത്രമായ ഒരു കര്‍മത്തെ വില്‍പനചരക്കാക്കി മാറ്റിയും പെണ്ണിനെ വെറും ഭോഗതൃഷ്ണ ഉണര്‍ത്താനുള്ള ശരീരം മാത്രമായി നിരന്തരം പ്രദര്‍ശിപ്പിച്ചും 'കാമപ്പേ' ഇളകിയ ഒരു സമൂഹത്തെ സൃഷ്ടിച്ചതിന്റെ ദുരന്തം കൂടിയാണ് ഇന്ന് അനുഭവിക്കുന്നത്. റവന്യൂ വരുമാനത്തിന്റെ വലിയൊരു ഭാഗം മദ്യത്തിലൂടെ കണ്ടെത്തുന്ന, മയക്കുമരുന്ന് യഥേഷ്ടം ലഭിക്കുന്ന ഒരു സമൂഹത്തില്‍ സ്ത്രീ പീഡനങ്ങള്‍ വര്‍ധിക്കുന്നതിന്റെ കാരണങ്ങള്‍ മറ്റെങ്ങും തിരയേണ്ടതില്ല.
മത-ജാതി ഭേദമോ സാമൂഹിക സ്ഥിതിയോ ഇത്തരം ചെയ്തികളില്‍ ഒരു ഘടകമാവുന്നില്ല. ദല്‍ഹിയിലും, വാളയാറിലും, തെലങ്കാനയിലും പ്രതിസ്ഥാനത്തുണ്ടായിരുന്നവര്‍ സമൂഹത്തിലെ ഏറ്റവും താഴെതട്ടിലുള്ളവരും വലിയ വിദ്യാഭ്യാസം ഇല്ലാത്തവരുമായിരുന്നു. എന്നാല്‍ ഈയിടെ 'മീ ടൂ' കാമ്പയിന്‍ കാലത്ത് ഉയര്‍ന്നു കേട്ടതൊക്കെയും വിദ്യാസമ്പന്നരുടെയും സമൂഹത്തിലെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെയും ലൈംഗികാക്രമണ കഥകളായിരുന്നു. മത പ്രാസംഗികരും മദ്‌റസാധ്യാപകരും, ബിഷപ്പ് അടക്കമുള്ള പുരോഹിതരും പൂജാരിമാരും സ്വാമിമാരും ആള്‍ ദൈവങ്ങളും ഒക്കെ സ്ത്രീപീഡനങ്ങളിലും ബലാത്സംഗങ്ങളിലും സമൂഹമധ്യത്തില്‍ തുറന്നു കാട്ടപ്പെടുന്നത് ഇന്നൊരു വാര്‍ത്തയേ അല്ലാതായിരിക്കുന്നു.
അടിമയെപ്പോലെ വിധേയപ്പെട്ടു നില്‍ക്കേണ്ടവളാണ് സ്ത്രീ എന്ന ധാരണ അബോധമായെങ്കിലും നമ്മുടെ കുടുംബസംവിധാനങ്ങള്‍ ചെറുപ്പം മുതലേ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും പകര്‍ന്നു നല്‍കുന്നുണ്ട്. വളര്‍ന്നു വരുംതോറും പെണ്ണിന്റെ ശരീരം എങ്ങനെയൊക്കെ ഒളിപ്പിച്ചുവെക്കാം എന്ന ആധിയാണ്. അവളെ അച്ചടക്കവും അനുസരണയും പഠിപ്പിക്കേണ്ടത് പുരുഷന്റെ ബാധ്യതയാണ് എന്ന ധാരണയാണ്. പ്രണയത്തിന് മുതല്‍ ഇന്റേണല്‍ മാര്‍ക്കിന് വരെ വിലയായി അവളുടെ ശരീരം ആവശ്യപ്പെടാം എന്ന അഹങ്കാരമാണ്.
പടച്ചവന് പറ്റിയ കൈയബദ്ധമാണ് പെണ്ണ് എന്ന ധാരണ മാറുമ്പോഴേ, സമസൃഷ്ടി എന്ന നിലയില്‍ വ്യക്തിത്വമുള്ള മനുഷ്യനായി സ്ത്രീയോട് ഇടപെടാനും വര്‍ത്തിക്കാനും സമൂഹം സന്നദ്ധമാവുമ്പോഴേ അവള്‍ക്ക് ഇവിടെ നിര്‍ഭയമായി സഞ്ചരിക്കാന്‍ കഴിയൂ. അന്തസ്സായി ജീവിക്കാന്‍ കഴിയൂ. അല്ലാത്ത കാലത്തോളം നഖങ്ങള്‍ ഒളിപ്പിച്ചു വെച്ച വന്യമൃഗത്തെ പോലെ ദംഷ്ട്രകള്‍ ഒളിപ്പിച്ചു വെച്ച രക്തരക്ഷസ്സിനെ പോലെ ഉള്ളിലൊരു ബലാത്സംഗിയെയും പേറി നടക്കുന്നവരാവും പുരുഷവര്‍ഗം. ആള്‍ക്കൂട്ടത്തില്‍ നിന്നും ഒറ്റക്കാവുമ്പോള്‍ കണ്ടുമുട്ടുന്ന ഓരോ പുരുഷനും അവളുടെ നെഞ്ചിടിപ്പ് കൂട്ടും; ഇരയെ കണ്ട വേട്ടമൃഗത്തെ പോലെ എപ്പോഴാണ് ചാടി വീഴുക എന്ന ഭീതിയോടെ.
മാറേണ്ടത് പുരുഷ സമൂഹമാണ്. അവളെ കൂടുതല്‍ കൂടുതലായി വസ്ത്രത്തിന്റെയും ചുവരുകളുടെയും തടങ്കലുകളിലേക്ക് കെട്ടിയിട്ടുകൊണ്ടല്ല സ്ത്രീപീഡനങ്ങള്‍ക്ക് പരിഹാരമാര്‍ഗം കാണേണ്ടത്. വസ്ത്രം ധരിക്കുന്നത് സൗന്ദര്യവും ആത്മവിശ്വാസവും വര്‍ധിപ്പിക്കാനാണ് എന്ന ബോധ്യമാണ് പകരേണ്ടത്. അവള്‍ ലൈംഗിക ദാഹം തീര്‍ക്കാനുള്ള ഇരയല്ല എന്ന് ചെറുപ്പം മുതല്‍ ആണ്‍കുട്ടികളില്‍ ധാരണ ഉറപ്പിച്ചുകൊണ്ടാണ് മാറ്റങ്ങള്‍ ഉണ്ടാവേണ്ടത്. അവഹേളനങ്ങളും അതിക്രമങ്ങളുമല്ല, അവള്‍ ആദരവാണ് അര്‍ഹിക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (53-55)
ടി.കെ ഉബൈദ്‌

ഹദീസ്‌

അറിവ് നിധിയാണ്, പ്രയോജനപ്പെടുത്തണം
അബ്ദുല്ലത്വീഫ് കൊടുവള്ളി