ഭാഷ ഒരു മതത്തിെന്റയും കുത്തകയല്ല
പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ രജിസ്‌ട്രേഷനുമെല്ലാം ഇന്ത്യന്‍ സമൂഹത്തെ മതകീയമായി ഭിന്നിപ്പിക്കാനും ധ്രുവീകരിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. ഭരണകൂടം നേരിട്ട് നടത്തുന്ന ഇത്തരം വിഭാഗീയ നീക്കങ്ങള്‍ പൊതുസമൂഹത്തെയും മാരകമായി വര്‍ഗീയവത്കരിക്കുമെന്നതിന്റെ സാക്ഷ്യമാണ്, ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയിലെ സംസ്‌കൃതം ഡിപ്പാര്‍ട്ട്‌മെന്റില്‍ അസി. പ്രഫസറായി നിയമനം ലഭിച്ച ഡോ. ഫൈറൂസ് ഖാന്‍ രാജിവെച്ചൊഴിയാന്‍ നിര്‍ബന്ധിതമായ സാഹചര്യം. സംസ്‌കൃതം വകുപ്പിലെ ഒരു വിഭാഗം വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് രാജി. ബി.ജെ.പിയുടെ വിദ്യാര്‍ഥി വിഭാഗമായ എ.ബി.വി.പിയാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്. ഹിന്ദുവല്ലാത്ത ഒരാള്‍ക്ക് സംസ്‌കൃതം പഠിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു അവരുടെ വാദം. അധ്യാപകന്റെ യോഗ്യതകളെക്കുറിച്ചോ കഴിവുകളെക്കുറിച്ചോ പ്രതിഷേധക്കാര്‍ക്ക് യാതൊരു പരാതിയുമില്ല. ആള്‍ മുസ്‌ലിമായിപ്പോയി എന്നതു മാത്രമാണ് കാരണം. സംസ്‌കൃതം ഡിപ്പാര്‍ട്ട്‌മെന്റ് ആദ്യം മടിച്ചുനിന്നെങ്കിലും പ്രതിഷേധക്കാര്‍ അന്ത്യശാസനം പുറപ്പെടുവിച്ചതോടെ വഴങ്ങുകയായിരുന്നു. രാഷ്ട്രീയ, സാമൂഹിക ജീവിതത്തില്‍ തിമിര്‍ത്താടുന്ന മതകീയ വിവേചനവും ധ്രുവീകരണവും ഭാഷാ പഠനത്തിലേക്കു പോലും വലിച്ചിഴച്ചു കൊണ്ടുവരികയാണ്.
മുസ്‌ലിമായ ഒരാള്‍ എങ്ങനെ സംസ്‌കൃതം പഠിപ്പിക്കും എന്ന് ആക്രോശിച്ചവരോട് ഫൈറൂസ് ഖാന്‍ വളരെ ശാന്തമായി പറഞ്ഞ ഒരു മറുപടിയുണ്ട്; സംസ്‌കൃതം ഒരു ഭാഷയാണ്, ഒരു ഭാഷയും ഒരു മതത്തിന്റെയും കുത്തകയല്ല. കേരളത്തില്‍ ഒരു അന്തര്‍ജനം അറബി ഭാഷാധ്യാപികയായി വന്നപ്പോള്‍ ചിലരത് വിവാദമാക്കിയിരുന്നല്ലോ. അത്തരം കുടിലമനസ്‌കതയെ കേരളം അന്നുതന്നെ ചെറുത്തുതോല്‍പിച്ചിട്ടുണ്ട്. ഇസ്‌ലാമിക പ്രമാണ ഗ്രന്ഥങ്ങളുടെ ഭാഷയായ അറബി മുസ്‌ലിമല്ലാത്ത ഒരാള്‍ എങ്ങനെ പഠിപ്പിക്കും എന്നായിരുന്നു അന്ന് ഉയര്‍ന്ന ചോദ്യം. യാതൊരു അടിസ്ഥാനവും അതിനുണ്ടായിരുന്നില്ല. പ്രവാചകന്‍ ആഗതനാവുന്നതിനു മുമ്പും വളരെ സജീവമായി നിലനിന്ന ഭാഷയായിരുന്നു അറബി. ഭാഷാ പഠനത്തിന് ഇന്നും അറബി സിലബസുകളില്‍ ഉള്‍പ്പെടുത്തുന്നത് ഇസ്‌ലാം പൂര്‍വകാലത്തെ അറബിക്കവികളുടെ കവിതകളാണ്. അറബി ഭാഷയെ സമ്പന്നമാക്കുന്നതിലും, അതിനെ ഒരു ലോക ഭാഷയാക്കി ഉയര്‍ത്തുന്നതിലും മധ്യകാലത്ത് ഗ്രീക്ക് ഗ്രന്ഥങ്ങള്‍ അറബിഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിലുമൊക്കെ ജൂത-ക്രിസ്ത്യന്‍ പണ്ഡിതന്മാരും സാഹിത്യകാരന്മാരും വലിയ പങ്കുവഹിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ ഏതാണ്ടെല്ലാ മതന്യൂനപക്ഷങ്ങളുടെയും മാതൃഭാഷയും അറബിയാണ്. അത് എങ്ങനെ ഒരു മതത്തിന് സ്വന്തമാവും?
ഇത്തരം സങ്കുചിതത്വങ്ങളെ സാമാന്യബോധമുള്ള ഒരാള്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല. ആര്‍.എസ്.എസ്സിന്റെ പോഷക സംഘടനയായ സംസ്‌കൃത ഭാരതി വരെ ഫൈറൂസ് ഖാനെതിരെ നടത്തുന്ന നീക്കങ്ങളെ പുറമേക്ക് അപലപിച്ചിട്ടുണ്ട്. സംസ്‌കൃത ഭാഷാ പ്രചാരണത്തിന്റെ ഭാഗമായി ആ സംഘം പതിനേഴ് രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കാനിരിക്കുകയാണ്. അവയില്‍ ഗള്‍ഫ് രാഷ്ട്രങ്ങളുമുണ്ട്. ഇതിനായി ആയിരത്തോളം പേര്‍ക്ക് അവര്‍ പരിശീലനം നല്‍കുന്നുണ്ട്. അവരിലൊരാളാണ് ഡോ. ഫൈറൂസ് ഖാനും. മറുവശത്ത്, ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയുടെ പാരമ്പര്യം തന്നെ ഇത്തരം സങ്കുചിതത്വങ്ങള്‍ക്ക് എതിരാണ്. പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയാണ് ഈ യൂനിവേഴ്‌സിറ്റി സ്ഥാപിച്ചത്. അന്ന് അറബി, ഉര്‍ദു, പാര്‍സി ഭാഷകള്‍ ഒറ്റ ഡിപ്പാര്‍ട്ട്‌മെന്റിനു കീഴിലായിരുന്നു. മഹേഷ് പ്രസാദായിരുന്നു അന്നതിന്റെ തലവന്‍. ഇന്ന് ഈ മൂന്ന് ഭാഷകള്‍ക്കും വെവ്വേറെ ഡിപ്പാര്‍ട്ട്‌മെന്റുകളുണ്ട്. ഉര്‍ദു പഠിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും മുസ്‌ലിംകളാണെങ്കിലും അത് പഠിപ്പിക്കുന്നവരില്‍ ഹിന്ദു അധ്യാപകരുമുണ്ട്. അവര്‍ക്കെതിരെ ഒരു വിദ്യാര്‍ഥിയും ഇന്നുവരെ ഒരക്ഷരം പറഞ്ഞിട്ടില്ലെന്ന് ബനാറസ് യൂനിവേഴ്‌സിറ്റി ഉര്‍ദു ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രഫസര്‍ ഡോ. ഖാസിം അന്‍സാരി പറയുന്നു. ഉന്നത വിദ്യാലയങ്ങളില്‍ നടക്കുന്ന ഇത്തരം വര്‍ഗീയ നീക്കങ്ങളെ ചെറുത്തേ മതിയാവൂ.
Comments