Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 20

3131

1441 റബീഉല്‍ ആഖിര്‍ 23

ഞാന്‍ അഭ്യാസിയായ കഥ

ടി.കെ അബ്ദുല്ല

ഞാന്‍ പഠനത്തിലും തുടര്‍ന്ന് പ്രസ്ഥാന പ്രവര്‍ത്തനത്തിലും ആയിരുന്ന കാലത്ത് ജ്യേഷ്ഠനാണ് വീട്ടുകാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത്. അതിനിടെ, 1950-കളില്‍ ഞാന്‍ 'പ്രബോധന'ത്തില്‍ ഉണ്ടായിരുന്ന കാലത്ത് ജ്യേഷ്ഠന് മാനസികാസ്വാസ്ഥ്യം ബാധിച്ചതായി വിവരം ലഭിച്ചു. സജീവ പ്രസ്ഥാന പ്രവര്‍ത്തകനായ ജ്യേഷ്ഠന്‍ ശാന്തപുരത്ത് ജമാഅത്ത് സമ്മേളനത്തിന് പോയതായിരുന്നു. അവിടെ വെച്ചാണ് അസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. ചികിത്സാര്‍ഥം ഞാന്‍ ലീവെടുത്ത് വീട്ടിലെത്തി. ആയുര്‍വേദ ചികിത്സയാണ് നടക്കുന്നത് (അക്കാലത്ത് അന്‍പതോളം പച്ചമരുന്നുകളുടെ പേര് എനിക്ക് കാണാപ്പാഠമായിരുന്നു). പച്ചമരുന്ന് പറിയും കഷായം വെപ്പും ധാരയും എണ്ണയും മറ്റ് ചികിത്സാമുറകളുമായി സഹായത്തിനും ഒത്താശക്കും അയല്‍ക്കാരും പ്രസ്ഥാന സുഹൃത്തുക്കളും ഉണ്ടാകും. അങ്ങനെയൊരു സുഹൃദ്‌സംഘം നിറഞ്ഞുനിന്ന ദിവസം തികച്ചും അപ്രതീക്ഷിതമായി ഒരു സംഭവമുണ്ടായി. എല്ലാവരുടെയും കണ്ണ് വെട്ടിച്ച് കൊണ്ട് ജ്യേഷ്ഠന്‍ മിന്നല്‍ വേഗത്തില്‍ ഒരിറങ്ങിയോട്ടം. കിണറ്റിന്റെ ഭാഗത്തേക്കാണ് ഓടുന്നത്. നല്ല പേശീബലവും മെയ്‌വഴക്കവുമുള്ള ജേ്യഷ്ഠനെ, പ്രത്യേകിച്ചും രോഗാവസ്ഥയില്‍ പിടിച്ചുനിര്‍ത്തുക എളുപ്പമല്ല. ഞാന്‍ വരാന്തയിലുണ്ടായിരുന്നു. മറ്റാര്‍ക്കും ഒന്നും ചെയ്യാന്‍ തോന്നുന്നതിനു മുമ്പ് ഞാന്‍ പിന്നാലെ അതിലും മിന്നല്‍ വേഗത്തില്‍ ഒരോട്ടം. കിണറ്റിന്റെ ആള്‍മറക്കടുത്ത് വെച്ച് ജ്യേഷ്ഠനെ ഒരൊറ്റ പിടിത്തം. രണ്ടു പേരും കെട്ടിമറിഞ്ഞ് നിലത്ത് വീണു. അപ്പോഴേക്കും ആളുകള്‍ എത്തിക്കഴിഞ്ഞിരുന്നു. എല്ലാവരും ചേര്‍ന്ന് ജേ്യഷ്ഠനെ അകത്ത് കൊണ്ടുപോയി കിടത്തി. സംഭവം അസാധാരണവും ആശങ്കാജനകവും ആയിരുന്നെങ്കിലും എന്നില്‍ പ്രത്യേകിച്ചൊരു ഭാവഭേദവും ആള്‍ക്കാര്‍ കണ്ടില്ല (രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ പോലും ജ്യേഷ്ഠന്‍ എന്നോടും ഉമ്മയോടും കുടുംബത്തോടും നല്ല പെരുമാറ്റമായിരുന്നു). എന്നാല്‍ സംഭവത്തെ തുടര്‍ന്ന് നാട്ടില്‍ പരന്ന അഭ്യൂഹങ്ങള്‍ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. എന്നെ പറ്റി, ഞാന്‍ പോലും അതിശയിച്ചുപോകുന്ന വാര്‍ത്തകളാണ് പരക്കുന്നത്. ആളുകളുടെ അഭിനന്ദനപ്രവാഹം ഏറ്റുവാങ്ങേണ്ടി വന്ന ഞാന്‍ സ്വയം അമ്പരന്നു പോയി. പിന്നീടാണ് സംഗതിയുടെ ഗുട്ടന്‍സ് പിടികിട്ടുന്നത്. എന്താണെന്നല്ലേ?! ജമാഅത്ത് നേതാവ് ഹാജി വി.പി മുഹമ്മദലി സാഹിബില്‍നിന്നാണ് കഥയുടെ തുടക്കം. ഹാജി സാഹിബ് വെറുമൊരു മതനേതാവോ മുസ്‌ലിയാരോ ഒന്നുമല്ല. പ്രശസ്തനായ ചങ്ങമ്പള്ളി മമ്മുക്കുരിക്കളുടെ മരുമകനാണ് അദ്ദേഹം. അമ്മാവനില്‍നിന്ന് എല്ലാ അഭ്യാസമുറകളും ആയോധനകലകളും വേണ്ടവിധം പഠിച്ചെടുത്തിട്ടുണ്ട്. അതിന്റെ ബലത്തിലാണ് ഹാജി സാഹിബ് കാല്‍നടയായി ഹജ്ജിന് പോയതും, വഴിനീളെ കൂലിപ്പണിയെടുത്ത് പഠാന്‍കോട്ട് മൗദൂദി സാഹിബിനെ കാണാന്‍ നടന്നുപോയതുമൊക്കെ. ഈ അഭ്യാസമുറകളില്‍ ചിലതെല്ലാം ശിഷ്യനായ ടി. കെയെയും ഹാജി സാഹിബ് പഠിപ്പിച്ചിട്ടുണ്ട്, അതാണ് കിണറ്റിന്‍കരയില്‍ ജ്യേഷ്ഠനെ പിടിച്ചുനിര്‍ത്തിയപ്പോള്‍ കണ്ടത്. മറ്റെല്ലാവരും അറച്ചു നിന്നപ്പോള്‍ മിന്നലോട്ടത്തില്‍ ജ്യേഷ്ഠനെ പിടിച്ചുവീഴ്ത്തിയതും മറ്റൊന്ന് കൊണ്ടല്ല. ഇങ്ങനെ പോകുന്നു എന്റെ അഭ്യാസ കഥ. ഒടുവില്‍ എന്നെ കുറിച്ച ഈ വ്യാജ മതിപ്പ് നഷ്ടപ്പെടുത്തിയതും ഞാന്‍ തന്നെ. ആ നഷ്ടബോധത്തില്‍ ചിലപ്പോഴൊക്കെ 'ഖേദം' തോന്നായ്കയുമില്ല. വ്യാജമെങ്കിലും ഒരഭ്യാസിയായി വിലസി നടക്കാമായിരുന്നല്ലോ. സംഗതിയുടെ ഉള്ളുകള്ളി മറ്റൊന്നായിരുന്നു. വീട്ടുമുറ്റത്ത് തേങ്ങ ഉണക്കാനിട്ടിരുന്നു. ആ തേങ്ങാ കൂനയില്‍ തട്ടിയാണ് ജേ്യഷ്ഠന്‍ വീണതും എന്റെ പിടിയിലൊതുങ്ങിയതുമൊക്കെ. ഞാനിത് വെളിപ്പെടുത്തിയപ്പോള്‍ അതും ഒരു തമാശയായി. അന്നൊക്കെ നാട്ടുകൂട്ടത്തിലും പ്രസ്ഥാന സുഹൃത്തുക്കളിലും ഇത് നല്ലൊരു നേരമ്പോക്കായിരുന്നു. ഇന്നിത് അറിയുന്ന ആരും ഞാനല്ലാതെ ജീവിച്ചിരിപ്പില്ല. അടുത്ത കുടുംബവും.

ഓണസദ്യയും തേങ്ങയുടക്കലും
ജേ്യഷ്ഠന്റെ ചികിത്സാര്‍ഥം മലപ്പുറം ജില്ലയിലെ ആനക്കയത്ത് താമസിക്കാനിടയായി. രണ്ട്-നാല് കടമുറികളുള്ള ഉള്‍നാടന്‍ പ്രദേശമായിരുന്നു അന്ന് ആനക്കയം. പ്രസിദ്ധമായ പൂങ്കുള മനക്കല്‍ നമ്പൂതിരിയുടെ കീഴില്‍ ആയുര്‍വേദ, പാരമ്പര്യ ചികിത്സാര്‍ഥം ജ്യേഷ്ഠനെ അങ്ങോട്ട് കൊണ്ടുപോവുകയായിരുന്നു. വലിയ നമ്പൂതിരിയുടെ കീഴില്‍ വിഷ്ണു നാരായണന്‍ നമ്പൂതിരിയെന്ന ചെറിയ നമ്പൂതിരിയാണ് ചികിത്സാ മുറകള്‍ നടത്തിയിരുന്നത്. രോഗിയെ പുഴയില്‍ കുളിപ്പിച്ച് ചികിത്സാ മുറകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഒരു തേങ്ങാ ഉടക്കല്‍ ആചാരമുണ്ട്. ഈ കര്‍മം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഞങ്ങള്‍ക്ക് അതില്‍ വിശ്വാസമില്ലെന്ന് ഞാന്‍ മറുപടി പറഞ്ഞു. വിശ്വാസമില്ലെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടതില്ല, ചെയ്തിട്ട് കാര്യവുമില്ല എന്നായിരുന്നു ചെറിയ നമ്പൂതിരിയുടെ പ്രതികരണം. അങ്ങനെ ഒരു അനാചാരത്തില്‍നിന്നും ഒഴിവായിക്കിട്ടിയതില്‍ വലിയ സന്തോഷം തോന്നി.
ചികിത്സാ മുറകള്‍ ഏതാണ്ട് ഒരു മാസത്തോളം തുടര്‍ന്നു എന്നാണ് ഓര്‍മ. പ്രബോധനം ഓഫീസില്‍ ജോലി ചെയ്തിരുന്ന കാലമായതിനാല്‍ അധിക ദിവസവും ഞാന്‍ ഓഫീസിലേക്ക് പോകും. ജ്യേഷ്ഠന്റെ കാര്യങ്ങള്‍ നോക്കി നടത്താന്‍  എടയൂരിലെ ആലിക്കുട്ടി എന്ന ചെറുപ്പക്കാരനെ ജമാഅത്ത് അമീര്‍ ഹാജി സാഹിബ് ഏര്‍പ്പാട് ചെയ്തു തന്നിരുന്നു. ആഴ്ചയില്‍ ഒന്നോ രണ്ടോ വട്ടം ഞാന്‍ ആനക്കയത്തേക്കു പോകും. ഒരിക്കല്‍ അങ്ങനെ പോയത് ഒരു ഓണക്കാലത്തായിരുന്നു. ചെന്നു നോക്കുമ്പോഴാണ് മനസ്സിലായത്, അന്ന് പൂങ്കുള മനയ്ക്കല്‍ അതിഗംഭീരമായ ഓണസദ്യയാണ്. പങ്കെടുത്തവരില്‍ മിക്ക പേരും മനയ്ക്കല്‍ ജന്മിത്തറവാട്ടിലെ  കുടിയാന്മാരോ  കര്‍ഷകത്തൊഴിലാളികളോ ആയ നമ്പൂതിരിയുടെ ആശ്രിതരും പരിസരവാസികളും. ഭൂരിപക്ഷവും മാപ്പിളമാര്‍. പിന്നെ, രോഗികളുടെ കൂട്ടിരിപ്പുകാരും. ഓണസദ്യയില്‍ എല്ലാവരും പങ്കെടുക്കണമെന്നത് നിര്‍ബന്ധമായിരുന്നു. സത്യത്തില്‍ അന്നാണ് ഞാന്‍ ഓണസദ്യ കാണുന്നതും ഉണ്ണുന്നതും. വലിയ അന്തര്‍ജനം തന്നെയാണ് സദ്യ വിളമ്പലിന് കാര്‍മികത്വം വഹിച്ചിരുന്നത്. പൂങ്കുള മനയ്ക്കലെ ഈ ഓണസദ്യ എന്നെ സംബന്ധിച്ച് ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത അനുഭവമാണ്. ഇത്രക്കൊന്നും വരില്ലെങ്കിലും 1975-ല്‍ അടിയന്തിരാവസ്ഥക്കാലത്ത് കോഴിക്കോട് സെന്‍ട്രല്‍ ജയിലിലും തരക്കേടില്ലാത്ത ഒരോണസദ്യ ഉണ്ണാന്‍ സന്ദര്‍ഭമുണ്ടായി. ഉള്ളു വേവാത്ത പരുക്കന്‍ ചപ്പാത്തിയും പച്ചവെള്ളവും കൊണ്ട് നാളെണ്ണുന്ന ജയിലില്‍ ഓണസദ്യ ഓര്‍ക്കാപ്പുറത്ത് വീണുകിട്ടിയ ഒരു സൗഭാഗ്യം തന്നെയായിരുന്നു.
ഓണസദ്യയെ കുറിച്ച് ഒരു ലഘു വിവരണം ഇവിടെ പ്രസക്തമാണെന്ന് തോന്നുന്നു. 'ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പമുള്ള മഹാഭോജനം' എന്നര്‍ഥമുള്ള 'സഗ്ദി' എന്ന സംസ്‌കൃത ശബ്ദത്തില്‍നിന്നാണ് സദ്യ എന്ന മലയാള വാക്കിന്റെ ഉത്ഭവം. (ലോകത്തിലെ തന്നെ വലിയ സദ്യ വിളമ്പുന്നത് കേരള സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിലാണെന്ന് പറയപ്പെടുന്നു). 
സമ്പൂര്‍ണ ഓണസദ്യയില്‍ 28 ഇനങ്ങളാണ് വിളമ്പുക. നാക്കില വിരിക്കുന്നതിലും നിലത്ത് ചമ്രം പടിഞ്ഞിരുന്ന് ഉണ്ണുന്നതിലും വിഭവങ്ങള്‍ വിളമ്പുന്നതിലും കൃത്യമായ ക്രമവും വ്യവസ്ഥയും ഉണ്ട്. വഴിക്കുവഴി ക്രമമനുസരിച്ചേ വിളമ്പാന്‍ പാടുള്ളൂ. വാഴ ഇലയില്‍ ഓരോ ഇനവും വിളമ്പുന്നതിന് നിര്‍ണിത സ്ഥലവും ഭാഗവും ഉണ്ട്. സദ്യ ഉണ്ണുന്നതിനും  വഴിക്കുവഴി ക്രമം പാലിക്കണം. എരിവ്, പുളിപ്പ്, ഉപ്പ്, മധുരം, കയ്പ്പ്, ചവര്‍പ്പ് എന്നീ ആറ് രസങ്ങള്‍ ചേര്‍ന്നതാണ് വിഭവങ്ങള്‍. ആയുര്‍വേദത്തിലും ഇതിന്റെ പരാമര്‍ശമുണ്ട്. വിഭവങ്ങളുടെ എണ്ണത്തിലും ആചാരസമ്പ്രദായങ്ങളിലും കാലദേശ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്.
സമൃദ്ധമായ സമ്പൂര്‍ണ ഓണസദ്യവിഭവങ്ങള്‍: വഴിക്കുവഴി ക്രമമനുസരിച്ചുള്ള 28 ഇനങ്ങളുടെ പട്ടികയാണ് ചുവടെ. ഉപ്പ്, കദളിപ്പഴം, മൈസൂര്‍പ്പഴം, ശര്‍ക്കര ഉപ്പേരി, ഞെരിയന്‍ ഉപ്പേരി, അച്ചാര്‍,  പുളിയിഞ്ചി, ഉപ്പേരി, പപ്പടം ചെറുത്, പപ്പടം വലുത്, മുളക് കൊണ്ടാട്ടം, പച്ചടി, കിച്ചടി, ഓലന്‍, അവിയല്‍, കൂട്ടുകറി, മാമ്പഴ പുളിശ്ശേരി, ചോറ്, പരിപ്പ്, നെയ്യ്, സാമ്പാര്‍, കാളന്‍, എരിശ്ശേരി, രസം, മോര്, വെള്ളം, പരിപ്പ് പ്രഥമന്‍, പഴം പ്രഥമന്‍/അട പ്രഥമന്‍, അരിപ്പായസം/ ഗോതമ്പ് പ്രഥമന്‍. നാക്കിലയും ഒരിനമായി എണ്ണുന്നവരുണ്ട്. മത്സ്യവും മാംസവും വര്‍ജ്യമാണ് (ആചാരലംഘനം ഓണസദ്യയിലും വന്നു തുടങ്ങിയത്രെ!).

പാലക്കാടന്‍ പെരുമ
ജ്യേഷ്ഠന്റെ ചികിത്സാര്‍ഥം ഒരു മാസം തുടര്‍ച്ചയായി പാലക്കാട് താമസിക്കാനും സന്ദര്‍ഭമുണ്ടായി. ബ്രാഹ്മണ കേന്ദ്രമായ കല്‍പ്പാത്തി തെരുവിലെ ഡോ.വിശ്വേശരയ്യരുടെ കീഴിലായിരുന്നു ചികിത്സ. ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യമേ ചികിത്സാലയത്തില്‍ പോകേണ്ടതുള്ളൂ. അതുകൊണ്ട് ടൗണിലെ ജമാഅത്ത് ഓഫീസിലായിരുന്നു ഞങ്ങളടെ താമസം. ഓഫീസില്‍ ക്ലാസുകള്‍ സംഘടിപ്പിക്കാനും അയല്‍പ്രദേശങ്ങളില്‍ പരിപാടികളില്‍ പങ്കെടുക്കാനും അതുമൂലം സൗകര്യമുണ്ടായി. ആ പരിചയം വെച്ച് പില്‍ക്കാലത്തും പാലക്കാടന്‍ പ്രദേശങ്ങളില്‍ പ്രസ്ഥാനാവശ്യാര്‍ഥം ഞാന്‍ പോയിക്കൊണ്ടിരുന്നു.   1970-കളില്‍ കേരള അമീറായപ്പോള്‍ ആ നിലയിലും പാലക്കാടിന്റെ നഗരങ്ങളും നാട്ടിന്‍പുറങ്ങളും സന്ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടായി.
കുട്ടനാടിനൊപ്പം കേരളത്തിന്റെ നെല്ലറയെന്ന് പ്രശസ്തമായ പാലക്കാട് പട്ടിണിയിലും മുന്നിലായിരുന്നു. ജനങ്ങള്‍ ഭൂരിപക്ഷം ഈഴവരാണ്. തൊഴിലാളികളും കൂലിപ്പണിക്കാരുമായ അവരുടെ രാഷ്ട്രീയ ചായ്‌വ് സ്വാഭാവികമായും മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടികളോടാണ്. അതാണ് പാലക്കാട്ട് സി.പി എം സ്വാധീനത്തിന്റെ അടിത്തറയായി വര്‍ത്തിച്ചത്. മുസ്‌ലിംകള്‍ പതിനഞ്ച് ശതമാനത്തോളം വരും. ദലിതരും ശക്തമായ സാന്നിധ്യമാണ്. അട്ടപ്പാടിയാണ് ആദിവാസി കേന്ദ്രം. സ്വാഭാവികമായി നക്‌സല്‍ സ്വാധീനവും അവിടെ തന്നെ. വിദ്യാഭ്യാസത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ബ്രാഹ്മണരാണ് അധികാര കേന്ദ്രങ്ങളിലെ ആധിപത്യ ശക്തി.  ഇലക്ഷന്‍ കമീഷന് പുതിയ അര്‍ഥം നല്‍കിയ മുന്‍ ചീഫ് ഇലക്ഷന്‍ കമീഷണര്‍ ടി.എന്‍ ശേഷന്‍ കല്‍പ്പാത്തി സ്വദേശിയാണ്. 
മലമ്പുഴ അണക്കെട്ടും മറ്റ് പത്തോളം ചെറിയ അണക്കെട്ടുകളും പാലക്കാടിന്റെ ആധുനിക പ്രൗഢി അടയാളപ്പെടുത്തുന്നു. ടിപ്പുവിന്റെ കോട്ട പാലക്കാടന്‍ പഴമയുടെയും പാരമ്പര്യത്തിന്റെയും പ്രതീകമാണ്. ടിപ്പു കോട്ടയിലെ ഹനുമാന്‍  ക്ഷേത്രം, നൂറ്റാണ്ടുകളുടെ മതസൗഹാര്‍ദം വിളംബരപ്പെടുത്തുന്നു. പൗരാണിക ക്ഷേത്രം യഥോചിതം നിലനിര്‍ത്തിക്കൊണ്ടാണ് ടിപ്പു കോട്ട പണിതത്. കോട്ടക്കകത്ത് അദ്ദേഹം പള്ളി പണിതില്ല. ഈ സഹിഷ്ണുതയും വിശാലമനസ്‌കതയും തകിടം മറിക്കാന്‍ ശ്രമങ്ങള്‍ നടന്നുവരുന്നു എന്നത് ഖേദകരം തന്നെ. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന പാലക്കാടന്‍ പ്രദേശങ്ങളില്‍ തമിഴ്- ഹൈന്ദവ സംസ്‌കാരത്തിന്റെ സ്വാധീനം ശക്തമാണ്. ഭാഷ, വേഷം, ഭക്ഷണം എന്നല്ല മതാചാരങ്ങളില്‍ പോലും ഇത് കാണാം. 
ജമാഅത്തെ ഇസ്‌ലാമി നയിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനത്തിന് പ്രഗത്ഭരായ രണ്ട് നേതാക്കളെ പാലക്കാട് സംഭാവന ചെയ്തതും അഭിമാനകരമാണ്. എസ്.എം ഹനീഫ സാഹിബും ആലത്തൂര്‍ എ. പി അബ്ദുല്ല സാഹിബും. അബ്ദുല്ലാ സാഹിബിന്റെ സംഘാടന ശേഷിയും സേവന മേഖലയും ജില്ലയില്‍ ഒതുങ്ങിനിന്നപ്പോള്‍ ഹനീഫ സാഹിബ് കേരള ജമാഅത്തില്‍ പരക്കെ അറിയപ്പെടുന്ന നേതാവും  ശൂറാമെമ്പറും ആയിരുന്നു. മലയാളത്തിലെന്ന പോലെ തമിഴിലും ഉജ്ജ്വല പ്രസംഗകനായിരുന്നു അദ്ദേഹം.
വയനാട്ടിലെ ആദിവാസി മേഖലകളിലെ മുസ്‌ലിംകളും പാലക്കാട്ടെ തമിഴ് മേഖലകളിലെ മുസ്‌ലിംകളും പിന്നാക്കാവസ്ഥയില്‍ ഏറെ സമാനതകള്‍ പങ്കിടുന്നതായി തോന്നുന്നു. 'സവര്‍ണ' മുസ്‌ലിം സംഘടനകളുടെ ശ്രദ്ധ പതിയേണ്ട മേഖലയാണിത്. മറ്റൊരു മേഖലയാണ് കേരളത്തിലെ കടലോര മുസ്‌ലിം പ്രദേശങ്ങള്‍.
കേരള സമൂഹത്തിന്റെ വര്‍ത്തമാനകാല സമൃദ്ധിയും പുരോഗതിയും കടപ്പെട്ടിരിക്കുന്നത് മറ്റേതിനേക്കാളുമേറെ ഗള്‍ഫ് രാജ്യങ്ങളോടാണെന്ന  സത്യം മറച്ചുവെക്കേണ്ടതല്ല. ഗള്‍ഫ്  കവാടം തുറക്കും മുമ്പുള്ള കേരളം മൊത്തത്തില്‍തന്നെ 'വയനാടും പാലക്കാടും' ആയിരുന്നു. നാല് പതിറ്റാണ്ടുകള്‍ക്കു മുമ്പ് പ്രശസ്ത ഇസ്‌ലാമിക സാമ്പത്തിക വിദഗ്ധന്‍ ഡോ. നജാത്തുല്ല സിദ്ദീഖി കേരളം സന്ദര്‍ശിച്ച അനുഭവം ഞാനോര്‍ക്കുന്നു. അദ്ദേഹത്തിന്റെ മനസ്സില്‍  പതിഞ്ഞ കേരളത്തിന്റെ മുഖമുദ്ര ആരാഞ്ഞപ്പോള്‍ പെട്ടെന്നു തന്നെ മറുപടി വന്നു: 'ദാരിദ്ര്യം'. ഇതേ കാലത്ത് ഞാന്‍ ഉത്തരേന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ സുഹൃത്തുക്കള്‍ കേരളത്തെ കുറിച്ച് കൗതുകപൂര്‍വം എന്നോട് ചോദിച്ചുകൊണ്ടിരുന്നു. പ്രാസപ്രയോഗത്തിലുള്ള എന്റെ മറുപടി അവരെ  വിസ്മയിപ്പിച്ച പോലെ തോന്നി; 'ഹര്‍ ജഗാ ഹരിയാലീ, മഗര്‍ നഹീ ഖുശ്ഹാലീ' (ഹരിതഭരിതം ദുരിത പൂരിതം)
---------------------
ദാരിദ്ര്യത്തിന് ഒരു നര്‍മോക്തി 1950-കളിലെ സംഭവമാണ്. പാലക്കാട്ട് ആലത്തൂരിനു സമീപം എനിക്ക് നന്നായറിയുന്ന ഒരു പ്രദേശത്ത് ഒരു മദ്‌റസാധ്യാപകന്‍ കമ്മിറ്റിക്ക് ഹരജി നല്‍കുന്നു. മദ്‌റസയോടനുബന്ധിച്ച് ശുചിമുറി സൗകര്യം ഇല്ല. പരന്ന പരിസരങ്ങളില്‍ 'വെളിക്കിരിക്കാന്‍' വലിയ പ്രയാസം. എങ്ങനെയും ഒരു സൗകര്യം ഉണ്ടാക്കിത്തരണം. ലജ്ജാശീലനായ മൗലവിയുടെ മിതവും ന്യായവുമായ ആവശ്യം കമ്മിറ്റി ഗൗരവമായി തന്നെ കണക്കിലെടുത്തു. അടിയന്തര യോഗം വിളിച്ചു. നീണ്ട ചര്‍ച്ചക്കു ശേഷം എടുത്ത അതീവ ശ്രദ്ധേയമായ തീരുമാനത്തിന്റെ ചുരുക്കം: ''മൗലവിയുടെ ആവശ്യം വളരെ ന്യായം തന്നെ; പക്ഷേ സാമ്പത്തിക പ്രതിസന്ധി കാരണം നിറവേറ്റിത്തരാന്‍ തല്‍ക്കാലം ഒരു മാര്‍ഗവും കാണുന്നില്ല. അതുകൊണ്ട് വെളിക്കിരിക്കുന്ന കര്‍മം മൗലവി രാത്രിസമയത്തേക്ക് മാറ്റേണ്ടതാണ് എന്ന് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു.'' മൗലവി മറുത്തൊന്നും പറഞ്ഞില്ല.  മനസ്സിലിരിപ്പ് മറ്റെന്തോ ആയിരിക്കണം. അടുത്ത പ്രാവശ്യം നാട്ടില്‍ പോയി, മടങ്ങി വന്നില്ല.  പിന്നീട് മൗലവി അറബിക് മുന്‍ഷിയായി സ്‌കൂളില്‍ ചേര്‍ന്ന വിവരമാണ് ഞാനറിയുന്നത്.

'കാളീയ മര്‍ദനം'
രോഗമെല്ലാം നോര്‍മലായി ജേ്യ ഷ്ഠന്‍ കുറ്റിയാടിയിലെ സ്വന്തം വീട്ടില്‍ വിശ്രമിക്കുന്ന കാലം. വാപ്പയുടെ അനന്തര സ്വത്തിന്റെ ഓഹരി വിറ്റ് കുറ്റിയാടിയില്‍ പകരം വാങ്ങിയ പറമ്പില്‍ ഒരു പഴയ ചെറിയ വീടുണ്ടായിരുന്നു. വീടിന്റെ വരാന്തയില്‍ ഓഫീസ് റൂം എന്ന് പറയാവുന്ന ഒരു ഇടുങ്ങിയ മുറിയുണ്ട്. അതിലാണ് ജേ്യഷ്ഠന്റെ ഉറക്കവും വിശ്രമവും. മുറിക്ക് വരാന്തയിലേക്കല്ലാതെ വീടിന്റെ അകത്തേക്ക് വാതിലില്ല. വീടിന്റെ മുന്‍വാതിലടച്ചു കഴിഞ്ഞാല്‍, ഓഫീസ് റൂമുമായി വീടകത്തുള്ളവര്‍ക്ക് നേരിട്ട് സമ്പര്‍ക്കമില്ല.
രോഗം ഭേദമായെങ്കിലും ജേ്യ ഷ്ഠന്‍ വീടു വിട്ട് അധികം പോകാറില്ല. ചെറിയ ചെറിയ വീട്ടുകാര്യങ്ങളില്‍ ഇടപെടും, പ്രത്യേകിച്ച് പശുവിനെ പരിപാലിക്കാന്‍ വലിയ താല്‍പര്യമാണ് (ഈ പ്രകൃതം എനിക്കുമുണ്ട്). വേനല്‍കാലത്ത് വീട്ടുപരിസരങ്ങളില്‍നിന്ന് പശുവിന് തീറ്റയായി കമുങ്ങിന്‍ പട്ടയും പാളയും ശേഖരിച്ചുവെക്കുക പതിവായിരുന്നു. ഇടുങ്ങിയ മുറിയില്‍ ജ്യേഷ്ഠന്റെ കട്ടിലിന് ചോട്ടിലും അരികിലുമാണ് പാളയും മറ്റും സൂക്ഷിക്കുക. ഈ റൂമില്‍നിന്ന് അകലെയല്ലാതെ പറമ്പില്‍ ഒരു വലിയ കുളമുണ്ട്. വെള്ളം പേരിനു മാത്രമേയുള്ളൂവെങ്കിലും ചുറ്റും കുറ്റിക്കാട് പിടിച്ചുകിടക്കുന്നു. ഈ കുളവും കുറ്റിക്കാടും പാമ്പുകളുടെ ആവാസകേന്ദ്രമാണ് (ഇപ്പോള്‍ ഇതെല്ലാം നികത്തിയെങ്കിലും അക്കാലത്ത് പറമ്പുകളില്‍ ഇതൊക്കെ സാധാരണമായിരുന്നു).
ഒരു രാത്രി വീട്ടുകാരെല്ലാം ഏതോ ബഹളം കേട്ട് ഞെട്ടിയുണര്‍ന്നു. ശ്രദ്ധിച്ചപ്പോള്‍ ജേ്യഷ്ഠന്റെ മുറിയില്‍നിന്നാണെന്ന് മനസ്സിലായി. വീട്ടുകാര്‍ ഭയാശങ്കകളോടെ വരാന്തയില്‍ ഇറങ്ങി. ജേ്യഷ്ഠന്റെ മുറി നിശ്ശബ്ദം. വീട്ടുകാര്‍ നിലവിളിച്ചുപോയി. ബഹളം കേട്ട് ആളുകളൊക്കെ ഓടിയെത്തി. അപ്പോഴാണ് കാണുന്നത്, വാതില്‍ ഉന്തിതുറന്നപ്പോള്‍ ജ്യേഷ്ഠന്റെ മുറിയില്‍ ഒരു 'മൊരത്ത'  മൂര്‍ഖന്‍ പാമ്പ് അടിയേറ്റ് ചത്തുമലച്ചു കിടക്കുന്നു. അന്തരീക്ഷം അല്‍പമൊന്ന് ശാന്തമായപ്പോള്‍ ജേ്യഷ്ഠന്‍ തികച്ചും അക്ഷോഭ്യനായി സംഭവം വിശദീകരിച്ചു: ''അവന്‍ ഇവിടെ പതിവുകാരനാണ്. പാളക്കെട്ടില്‍ തവളക്കുഞ്ഞുങ്ങളും മറ്റ് ഇരകളും കാണും. അതിനു വേണ്ടിയാണ് വരവ്. ഞാന്‍ അവനെയോ അവന്‍ എന്നെയോ ശല്യപ്പെടുത്താറില്ല. എങ്ങനെയെന്നറിയില്ല, ഇന്നാണിത് സംഭവിച്ചത്.'' ഇത് പറയുമ്പോള്‍ പെരുമാറ്റത്തിലോ വര്‍ത്തമാനത്തിലോ പ്രത്യേകിച്ചൊരു ഭാവഭേദവുമില്ല. റൂമിനകത്ത് ജ്യേഷ്ഠന്‍ ഒരു വടി കരുതുമായിരുന്നു. ആ ചെറിയ വടികൊണ്ട് വിഷം ചീറ്റുന്ന ഈ മൂര്‍ഖ ഭീമനെ എങ്ങനെ നേരിട്ടു? പാമ്പ് ചത്തുമലര്‍ന്നപ്പോഴും ജേ്യഷ്ഠന് ഒന്നും പറ്റിയില്ല! വീട്ടുകാര്‍ക്കോ അയല്‍ക്കാര്‍ക്കോ അന്ന് മാത്രമല്ല, ഇന്നും ഇതിനൊരു വ്യാഖ്യാനമില്ല. ഏതാണ്ടൊരു നിഗമനത്തിലെത്തിയത്, ഹൈ വോള്‍ട്ടേജ് ഇലക്ട്രിക്ക് ലൈറ്റില്‍ പാമ്പിന് കാഴ്ച മങ്ങിയതായിരിക്കാം എന്നാണ്. എന്ത് മൂര്‍ഖനായാലും കാഴ്ചയുണ്ടെങ്കിലല്ലേ എതിരാളിയെ തോല്‍പിക്കാനാവൂ. ചത്തു മലര്‍ന്ന സര്‍പ്പരാജനെ കുഴിച്ചുമൂടിയ ശേഷം അയല്‍ക്കാരൊക്കെ പോകാനിരിക്കെ ജ്യേഷ്ഠന്‍ പറഞ്ഞ മറ്റൊരു  വാക്കാണ് കൂടുതല്‍ ഉദ്വേഗജനകമായത്: ''ഇതിന് മുമ്പും ഞങ്ങള്‍ അടുത്ത് പെരുമാറിയിട്ടുണ്ട്.  ഒരിക്കല്‍ തൊട്ടുരസിപ്പോയിരുന്നു. കാലില്‍ അല്‍പം രക്തവും പൊടിഞ്ഞു. അതുപക്ഷേ, വിഷപ്പല്ല് കൊണ്ടല്ല. ഇരപിടിക്കുമ്പോള്‍ അബദ്ധത്തില്‍ തൊട്ടുപോയതാണെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് ആരോടും പറഞ്ഞില്ല. എന്നാല്‍ ഇന്നത്തേത് ശരിക്കും ഒരു യുദ്ധം തന്നെയായിരുന്നു.'' ജേ്യഷ്ഠന്റെ ഈ വാക്കുകളാണ് ശ്രോതാക്കളെ കൂടുതല്‍ അമ്പരപ്പിച്ചത്. പിന്നീടൊരിക്കല്‍ ഒരു ചെറിയ സുഹൃദ്‌സദസ്സില്‍ എനിക്ക് ഈ സംഭവം വിവരിക്കേണ്ടിവന്നു. അല്‍പം തന്മയത്വത്തോടു കൂടിയ എന്റെ 'ദൃക്‌സാക്ഷി വിവരണം' സദസ്സ് ഞെട്ടലോടെയാണ് കേട്ടത്. വലിയ ടോര്‍ച്ച് കൈയിലിരുന്നിട്ടും, ഈ കഥ കേട്ട ഒരു സുഹൃത്തിന് ഒറ്റക്ക് വീട്ടില്‍ പോകാന്‍ പേടി. ഒരു സ്‌നേഹിതന്‍ കൂടെ പോവുകയാണുണ്ടായത് (മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലത്ത് ആളുകള്‍ രാത്രിയാത്രക്ക് ടോര്‍ച്ച് കരുതുമായിരുന്നു).
----------------
കുറിപ്പ്: പാമ്പുമായുള്ള കണ്ടുമുട്ടല്‍ ജ്യേഷ്ഠന് ഇതാദ്യത്തേതല്ല. വാപ്പയുടെ പാരമ്പര്യമാണെന്നു വരെ ആളുകള്‍ പറയാറുണ്ട്. ഒരിക്കല്‍ രോഗാവസ്ഥയില്‍ രാത്രി വീട്ടുപറമ്പില്‍ വെളിക്കിരിക്കാന്‍ പോയപ്പോള്‍ ശരിക്കും പാമ്പു കടിയേറ്റു. പക്ഷേ, വീട്ടില്‍ ആരോടും പറഞ്ഞില്ല. പല പഥ്യക്കേടും ചെയ്തു. ഭക്ഷണവും കഴിച്ചു. പിന്നീടാണ് വേദന മൂര്‍ഛിച്ചപ്പോള്‍ വീട്ടുകാരറിയുന്നത്. ഇത് ആയഞ്ചേരിയിലെ വീട്ടിലാണ്. ഞാന്‍ സ്ഥലത്തില്ല. ഒരു പരിപാടിക്ക് പോയതായിരുന്നു. ആളയച്ച് കൂട്ടിക്കൊണ്ടുവരികയാണുണ്ടായത്. എല്ലാ വഴിക്കും വിഷഹാരികളെ തേടി ആളുകള്‍ പോയി. പലരും വന്നു. 'ദൂത്' ഒക്കാത്തതുകൊണ്ട് ചില വിഷഹാരികള്‍ വന്നില്ല. ചികിത്സകള്‍ മാറിമാറി നടന്നെങ്കിലും ഒരാഴ്ച കഴിഞ്ഞും വിഷമിറങ്ങിയില്ല. ഒടുവില്‍ കുന്ദമംഗലത്തെ സുഹൃത്തുക്കള്‍ ഒരു വിഷഹാരിയെ അയക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ചികിത്സക്കിടയിലാണ് രോഗം ഭേദമായിത്തുടങ്ങിയത്. എല്ലാ ചികിത്സകളുടെയും ഫലമായിട്ടു കൂടി ആകാം. കടിച്ച പാമ്പ് ഏതിനത്തില്‍പെട്ടതാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അതറിഞ്ഞെങ്കില്‍ ചികിത്സ എളുപ്പമായേനെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (53-55)
ടി.കെ ഉബൈദ്‌

ഹദീസ്‌

അറിവ് നിധിയാണ്, പ്രയോജനപ്പെടുത്തണം
അബ്ദുല്ലത്വീഫ് കൊടുവള്ളി