Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 20

3131

1441 റബീഉല്‍ ആഖിര്‍ 23

ജ്ഞാനവും സഹവാസവും ഇഖ്‌ലാസ്വിന്റെ പ്രഥമോപാധികള്‍

ഡോ. യൂസുഫുല്‍ ഖറദാവി

ഇസ്‌ലാമിക പ്രവര്‍ത്തകനില്‍ ആത്മാര്‍ഥതയും നിസ്വാര്‍ഥതയും (ഇഖ്‌ലാസ്വ്) ഉണ്ടാക്കിയടുക്കാനുള്ള മാര്‍ഗങ്ങള്‍ പലതാണ്. മാനസികവും ആത്മീയവും ചിന്താപരവും കര്‍മപരവുമായ ഒട്ടേറെ തലങ്ങള്‍ അതിനുണ്ട്. അവയെല്ലാം ഒരുവനില്‍ സമ്മേളിക്കുമ്പോള്‍ അവയുടെ സ്വാധീനം അവന്റെ മനസ്സിലും മനസ്സാക്ഷിയിലും അതിശക്തമായി പ്രതിഫലിക്കുകയും സ്വാര്‍ഥതാല്‍പര്യങ്ങളില്‍നിന്ന് മുക്തി നേടി നിസ്വാര്‍ഥരുടെ കര്‍മപഥത്തിലൂടെ സഞ്ചരിക്കാന്‍ അതവന് പ്രചോദനമേകുകയും ചെയ്യും.

അഗാധ ജ്ഞാനം

അല്ലാഹു മനസ്സിലുള്ള എല്ലാ രഹസ്യവും അറിയുന്നവനാണെന്നും അവങ്കല്‍ ഒരു കര്‍മം സ്വീകാര്യമാകുന്നത് ഉദ്ദേശ്യശുദ്ധിയുടെ അടിസ്ഥാനത്തിലാണെന്നുമുള്ള ദൃഢമായ ബോധവും ബോധ്യവുമാണ് ഒരാള്‍ക്ക് ഇഖ്‌ലാസ്വ് ഉണ്ടാകാന്‍ ഏറെ സഹായകമാവുക.
'നാഥാ, നീ ഞങ്ങള്‍ മറച്ചുവെക്കുന്നതും പരസ്യമാക്കുന്നതും അറിയുന്നവനല്ലോ, ആകാശ ഭൂമികളില്‍ ഒരു വസ്തുവും അല്ലാഹുവില്‍നിന്ന് മറഞ്ഞിരിക്കുന്നതായി ഇല്ലല്ലോ' (14:38) എന്ന ഇബ്‌റാഹീം നബി(അ)യുടെ വാക്കുകള്‍ അതാണ് വ്യക്തമാക്കുന്നത്.
വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും പൂര്‍വസൂരികളുടെ വചനങ്ങളിലും ഇഖ്‌ലാസ്വുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ വന്നിട്ടുണ്ട്. അവ നിരന്തരം ആവര്‍ത്തിച്ചു വായിക്കുകയും ലോകമാന്യത്തിന് കര്‍മങ്ങള്‍ ചെയ്യുന്നതിന്റെ അപകടത്തെക്കുറിച്ച് സദാ ജാഗ്രത പുലര്‍ത്തുകയും ചെയ്യുമ്പോഴേ ഈ അറിവ് സമ്പൂര്‍ണവും സഫലവുമാവുകയുള്ളൂ.
ഇഖ്‌ലാസ്വിന് മറ്റേത് ദൈവിക ഗുണത്തെയും പോലെ വൈജ്ഞാനിക തലം, വൈകാരിക തലം, സോദ്ദേശ്യത്തോടുകൂടിയ കര്‍മതലം എന്നിങ്ങനെ മൂന്ന് ഘടകങ്ങളുണ്ട്. ഇമാം ഗസ്സാലി തന്റെ 'അല്‍ ഇഹ്‌യാഇ'ല്‍ അറിവ്, അവസ്ഥ, കര്‍മം എന്നീ മൂന്ന് ഘടകങ്ങളുടെ മിശ്രിതമാണ് ഇഖ്‌ലാസ്വ് എന്ന് വ്യക്തമാക്കുന്നു്.
ഇവയില്‍ പ്രഥമവും പ്രധാനവുമായത് അറിവ് തന്നെയാണ്. ആദ്യം അറിവാണ് ഉണ്ടാവേണ്ടത്. തനിക്ക് അറിയാത്ത ഒരു കാര്യത്തിലേക്ക് മനുഷ്യന്റെ ശ്രദ്ധ ഒരിക്കലും തിരിയുകയേ ഇല്ല. ഇഷ്ടം, അനിഷ്ടം, സ്‌നേഹം, ഭയം ആദിയായ വൈകാരികതകള്‍ അറിവിനെ തുടര്‍ന്നുണ്ടാവുന്നതാണ്. അറിവ് എത്രത്തോളം സുദൃഢവും സുശക്തവുമാണോ അത്രത്തോളമായിരിക്കും മനസ്സില്‍ അതുണ്ടാക്കുന്ന സ്വാധീനം. ആദ്യം അറിവ്, രണ്ടാമത് അതുണ്ടാക്കുന്ന പ്രതികരണം, മൂന്നാമത് കര്‍മം. ഈ യാഥാര്‍ഥ്യത്തിലേക്ക് ഖുര്‍ആന്‍ വിരല്‍ചൂണ്ടുന്നു:
''ജ്ഞാനം ലഭിച്ചവര്‍ അത് നിന്റെ നാഥനില്‍നിന്നുള്ള സത്യമാണെന്ന് മനസ്സിലാക്കാനും അങ്ങനെ അവരതില്‍ വിശ്വസിക്കാനും തങ്ങളുടെ ഹൃദയങ്ങളെ അതിന് കീഴ്‌പ്പെടുത്താനുമാണ് അപ്രകാരം ചെയ്യുന്നത്'' (അല്‍ഹജ്ജ് 54). അറിവ്, തുടര്‍ന്ന് വിശ്വാസം, പിന്നീട് കീഴ്‌പ്പെടല്‍ എന്നീ ക്രമത്തിലാണ് വരേതെന്ന് വ്യക്തമാക്കുന്നതാണീ വാചകഘടന തന്നെ. ജ്ഞാനം സിദ്ധിച്ചവര്‍ ഖുര്‍ആന്‍ അല്ലാഹുവിങ്കല്‍നിന്നുള്ള സത്യമാണെന്ന് ആദ്യം ഗ്രഹിക്കുന്നു. അതിലുള്ള വിശ്വാസം ക്രമേണ അവരില്‍ രൂഢമൂലമാവും. വിശ്വാസത്തിന്റെ ഫലമെന്നോണം അവരുടെ ഹൃദയങ്ങള്‍ തരളിതമാവുകയും അല്ലാഹുവിന് സര്‍വാത്മനാ കീഴ്‌പ്പെടുകയും ചെയ്യും.

നിസ്വാര്‍ഥരായ കര്‍മഭടന്മാരുമായുള്ള സഹവാസം

നിസ്വാര്‍ഥരുമായുള്ള സഹവാസവും അവരുടെ ജീവിത മാതൃകകള്‍ സ്വായത്തമാക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ട് അവരോടൊന്നിച്ചുള്ള ജീവിതവും ഇഖ്‌ലാസ്വ് ഉണ്ടാവാന്‍ ഏറെ സഹായകമാണ്. നബി(സ) സഹവാസത്തിന്റെ നല്ലതും ചീത്തയുമായ സ്വാധീനത്തെ വളരെ മനോഹരമായി ചിത്രീകരിക്കുന്നുണ്ട്:
''നല്ല കൂട്ടൂകാരന്റെയും ചീത്ത കൂട്ടുകാരന്റെയും ഉപമ കസ്തൂരിവാഹകന്റെയും ഉലയില്‍ ഊതുന്നവന്റെയും ഉപമയാണ്. കസ്തൂരിവാഹകന്‍ നിനക്ക് കസ്തൂരി നല്‍കിയേക്കാം. അല്ലെങ്കില്‍ നിനക്കവനില്‍നിന്ന് കസ്തൂരി വാങ്ങിക്കാം. അതുമില്ലെങ്കില്‍ നിനക്ക് അവനില്‍നിന്ന് കസ്തൂരിയുടെ സുഗന്ധം അനുഭവിക്കാം. എന്നാല്‍ ഉലയില്‍ ഊതുന്നവന്‍ നിന്റെ വസ്ത്രം കരിച്ചുകളഞ്ഞേക്കാം. അല്ലെങ്കില്‍ അവനില്‍നിന്ന് നിനക്ക് ദുര്‍ഗന്ധം അനുഭവിക്കേണ്ടിവരും.''
ഭൂമിയില്‍ നിസ്വാര്‍ഥരായ ആളുകള്‍ എല്ലാ കാലത്തുമുണ്ടാവും. അത് അല്ലാഹുവിന്റെ കാരുണ്യമാണ്. അത്തരം ആളുകളെ കണ്ടെത്തി അവരില്‍നിന്ന് മാതൃകകള്‍ ഉള്‍ക്കൊള്ളുകയെന്നത് ഇസ്‌ലാമിക പ്രവര്‍ത്തകന്റെ ബാധ്യതയാണ്. അത്തരക്കാരെ കണ്ടെത്തുന്നതും അവരോട് സഹവസിക്കുന്നതും നേട്ടമേ ഉണ്ടാക്കുകയുള്ളൂവെന്ന് നബി(സ) അരുളിയതായി ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഒരു നീണ്ട ഹദീസില്‍ വന്നിട്ടുണ്ട്.
തത്ത്വജ്ഞാനികളും കവികളും ചങ്ങാത്തത്തിന്റെ സല്‍ഫലങ്ങളെക്കുറിച്ച് ധാരാളം പറഞ്ഞിട്ടുണ്ട്. 'നീ ഒരാളെക്കുറിച്ച് ചോദിക്കേ, അവന്റെ കൂട്ടുകാരനെ അന്വേഷിച്ചാല്‍ മതി, ഓരോരുത്തരും തന്റെ സുഹൃത്തിനെയാണ് മാതൃകയാക്കുക' എന്ന അര്‍ഥത്തില്‍ ഒരു അറബി പദ്യശകലമു്.
തങ്ങളുടെ സമ്പത്തും ശരീരവും അല്ലാഹുവിന് വിറ്റവര്‍, തങ്ങളുടെ ജീവിതം പൂര്‍ണമായും അല്ലാഹുവിന് സമര്‍പ്പിച്ചവര്‍ ഇവര്‍ ആരോടെങ്കിലും കൂട്ടുകൂടുന്നുങ്കെിലും ആരെയെങ്കിലും സ്‌നേഹിക്കുന്നുങ്കെിലും അല്ലാഹുവിന്റെ പേരില്‍ മാത്രമായിരിക്കും. ഭൗതികമായ ഒരു താല്‍പര്യവും അതിന് പിന്നിലുാകില്ല. അത്തരം ആളുകളുമായുള്ള സഹവാസവും സൗഹൃദവും അവരുടെ കൂടെ ജീവിക്കുന്നവരില്‍ വലിയ സ്വാധീനമുണ്ടാക്കും. അതുകൊണ്ടുതന്നെയാണ് അത്തരക്കാരോടൊപ്പം സഹവസിക്കാന്‍ അല്ലാഹു നബി(സ)യോട് നിര്‍ദേശിക്കുന്നതും. ''തങ്ങളുടെ നാഥന്റെ പ്രീതി കാംക്ഷിച്ച് പ്രഭാതത്തിലും പ്രദോഷത്തിലും അവനെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരോടൊപ്പം താങ്കളുടെ മനസ്സിനെ ഉറപ്പിച്ചുനിര്‍ത്തുക. അവരില്‍നിന്ന് ഒരിക്കലും ഐഹികാലങ്കാരങ്ങള്‍ കാംക്ഷിച്ചുകൊണ്ട് ദൃഷ്ടി തെറ്റിച്ചുകളയരുത്. മനസ്സിനെ നമ്മെ സ്മരിക്കുന്നതില്‍നിന്ന് അശ്രദ്ധനാക്കുകയും സ്വേഛയെ പിന്‍പറ്റുകയും പരിധി വിടുകയും ചെയ്തവനെ താങ്കള്‍ അനുസരിച്ചുപോകരുത്''(18:28).
മഹത്തായ മാതൃകകള്‍ സ്വായത്തമാക്കാന്‍ നല്ല സൗഹൃദം സഹായിക്കും. അതുകൊണ്ടാണ് 'ഒരാളുടെ സ്വഭാവവും പെരുമാറ്റവും കര്‍മവും ആയിരം ആളുകളിലുണ്ടാക്കുന്ന സ്വാധീനമാണ് ആയിരം ആളുകളുടെ സംസാരം ഒരാളില്‍ ഉണ്ടാക്കുന്ന സ്വാധീനത്തേക്കാള്‍ കൂടുതല്‍' എന്ന് പൂര്‍വികര്‍ പറഞ്ഞത്.
'രണ്ട് സത്യവിശ്വാസി സുഹൃത്തുക്കളുടെ ഉപമ രണ്ടു കൈകള്‍ പോലെയാണ്. ഒരു കൈ മറുകൈ കഴുകി വൃത്തിയാക്കുന്നു. രണ്ടു സത്യവിശ്വാസികള്‍ സഹവസിച്ചാല്‍ ഒരാള്‍ മറ്റേ ആളുടെ നന്മ വര്‍ധിപ്പിക്കും' എന്ന് സല്‍മാനു ല്‍ ഫാരിസി(റ) പറഞ്ഞതും സൗഹൃദത്തിന്റെ സല്‍ഫലങ്ങളിലേക്ക് സൂചന നല്‍കുന്നു.
ഇസ്‌ലാമില്‍ പൗരോഹിത്യമില്ല. പൗരോഹിത്യ ജീവിതരീതി ഇസ്‌ലാമില്‍ അഭികാമ്യവുമല്ല. ജനങ്ങളില്‍നിന്ന് അകന്നു ജീവിക്കുന്നത് ഇസ്‌ലാം ഇഷ്ടപ്പെടുന്നില്ല. 'ആളുകളുമായി ഇടപഴകുകയും അതുമൂലമുണ്ടാകുന്ന ക്ലേശങ്ങള്‍ സഹിക്കുകയും ചെയ്യുന്ന സത്യവിശ്വാസിയാണ് ആളുകളുമായി ഇടപഴകുകയോ തന്മൂലമുണ്ടാവുന്ന ക്ലേശങ്ങള്‍ സഹിക്കുകയോ ചെയ്യാത്ത സത്യവിശ്വാസിയേക്കാള്‍ ഉത്തമന്‍. അതിനാല്‍ നീ ഒറ്റക്ക് താമസിക്കാതിരിക്കുക. നന്മയും കാരുണ്യവും സംഘടിത ജീവിതത്തിലാണ്. സംഘടനയില്‍നിന്ന് വേറിട്ടു കഴിയുന്നത് നാശമാണ്. ദൈവസഹായവും സംഘടിത ജീവിതത്തില്‍തന്നെ. പിശാച് ഒറ്റയാനെ തേടിപ്പിടിക്കുന്നു. രണ്ടാളുകളില്‍നിന്ന് പിശാച് അകലുന്നു. ചെന്നായ ഒറ്റപ്പെട്ട ആടിനെയാണ് ഭക്ഷിക്കുക. കൂട്ടായി നില്‍ക്കുന്നത് ആടിന് സംരക്ഷണമാണ്. പിശാച് മനുഷ്യരിലെ ചെന്നായയാണ്. ഒറ്റപ്പെട്ട മനുഷ്യന്‍ നിസ്സഹായന്‍. സംഘടിക്കുമ്പോള്‍ മനുഷ്യന്‍ ശക്തനാവുന്നു.' പാ പങ്ങളില്‍നിന്ന് സുരക്ഷിതരാവാനും സംഘടിത ജീവിതം വഴിയൊരുക്കുന്നു.
അതിനാല്‍ നീ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള നിന്റെ സുഹൃത്തുക്കളെ തിരിച്ചറിയുക. അവരോട് കൈകോര്‍ക്കുക. അവരില്‍നിന്ന് അറിവ് നേടുകയും അവര്‍ക്ക് അറിവ് പകര്‍ന്നു നല്‍കുകയും ചെയ്യുക. നന്മയിലും ഭയഭക്തിയിലും പരസ്പരം സഹകരിക്കുക. പള്ളികളിലും വിജ്ഞാന സദസ്സുകളിലും പ്രബോധന മേഖലകളിലും അവരോടൊപ്പം കൂടുക. ഭൂമിയില്‍ അത്തരം നിസ്വാര്‍ഥഭടന്മാര്‍ ഉണ്ടാവും. അല്ലാഹു പറയുന്നു: ''നമ്മുടെ സൃഷ്ടികളില്‍ ജനത്തെ സത്യപാതയില്‍ നയിക്കുകയും സത്യനിഷ്ഠയോടെ നീതി നടത്തുകയും ചെയ്യുന്ന ഒരു വിഭാഗമുണ്ട്.'' ''കാലം സാക്ഷി. മനുഷ്യര്‍ നഷ്ടത്തിലാണ്. വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും സത്യം കൊണ്ടും ക്ഷമകൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരൊഴികെ.'' അതിനാല്‍ സത്യംകൊണ്ട് മറ്റുള്ളവരെ ഉപദേശിക്കുക. മറ്റുള്ളവരില്‍നിന്ന് ഉപദേശം സ്വീകരിക്കുകയും ചെയ്യുക. സത്യവിശ്വാസി ഉപദേശിക്കുന്നവനും ഉപദേശിക്കപ്പെടുന്നവനുമായിരിക്കണം. അതാണ് പരസ്പരം ഉപദേശിക്കുക എന്ന ഖുര്‍ആനികാധ്യാപനം കൊണ്ട് അര്‍ഥമാക്കുന്നത്. 

വിവ: കെ.കെ ഫാത്വിമ സുഹ്‌റ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (53-55)
ടി.കെ ഉബൈദ്‌

ഹദീസ്‌

അറിവ് നിധിയാണ്, പ്രയോജനപ്പെടുത്തണം
അബ്ദുല്ലത്വീഫ് കൊടുവള്ളി