Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 13

3130

1441 റബീഉല്‍ ആഖിര്‍ 16

അംറുബ്‌നു ത്വുഫൈലിന്റെ 'ഒറ്റക്കൈ' പോരാട്ടങ്ങള്‍

വി.കെ ജലീല്‍ 

മദീനയില്‍, ഖലീഫാ ഉമറി(റ)ന്റെ ശാന്തലളിത ഭവനം. അവിടെ ഏതാനും സന്ദര്‍ശകരെ കാണാം. കൂട്ടത്തിലേക്ക് ഒരാള്‍ കൂടി ധൃതിയില്‍ വന്നുചേര്‍ന്നു. അംറുബ്‌നു ത്വുഫൈല്‍ (റ) എന്ന പുകള്‍പെറ്റ പോരാളി. അവിടെയുണ്ടായിരുന്ന എല്ലാവര്‍ക്കും അദ്ദേഹത്തെ അറിയാം. ദൗസ് ഗോത്രക്കാരനാണ്. മഹാ പ്രബോധകനായ ത്വുഫൈല്‍ അദ്ദൗസിയുടെ പുത്രനും.
അതിസാധാരണമായ  എന്തോ ചില ഭക്ഷ്യ വിഭവങ്ങള്‍  കൊണ്ടുവന്നു വെച്ചിട്ടുണ്ട്. ഖലീഫ എല്ലാവരെയും  ക്ഷണിച്ചു. അംറ് മാത്രം  ഭവ്യതയോടെ ഒരു വശത്തേക്ക് മാറിനിന്നു. ഖലീഫ അയാളെ ആപാദചൂഡം ശ്രദ്ധിച്ചശേഷം ചോദിച്ചു: 'കൈക്ക് പ്രശ്‌നമുള്ളതുകൊണ്ടാണോ ഭക്ഷണത്തളികയെ സമീപിക്കാന്‍ മടി കാണിക്കുന്നത്?' അംറ് അതേയെന്ന മട്ടില്‍ ഒന്നു പുഞ്ചിരിച്ചു. അന്നേരം ഖലീഫ അദ്ദേഹത്തോട് പറഞ്ഞു: 'ഞങ്ങളോടൊപ്പം ഇരുന്നു, ദൈവമാര്‍ഗത്തില്‍ അറ്റുപോയ  ആ കരത്തിന്റെ അറ്റം കൊണ്ട് ഈ ഭക്ഷണത്തളികയിലെ വിഭവങ്ങള്‍ ഒന്ന് കൂട്ടി കലര്‍ത്തിത്തരൂ. അതിനുശേഷം എല്ലാവര്‍ക്കും കഴിച്ചു തുടങ്ങാം.'
ഒന്നാം ഖലീഫ അബൂബക്‌റി(റ)ന്റെ കാലത്ത് ഹിജ്‌റ വര്‍ഷം പതിനൊന്നില്‍ നടന്ന യമാമ യുദ്ധത്തില്‍ അറ്റുവീണതായിരുന്നു അദ്ദേഹത്തിന്റെ വലതു കൈപ്പത്തി. വ്യാജ പ്രവാചകനായ മുസൈലിമയുടെ സൈന്യത്തോട് ഏറ്റുമുട്ടാന്‍ പിതാവിനോടൊപ്പം പോയ അംറിന്, എല്ലാമെല്ലാമായ പിതാവും തന്റെ വലതു കരവും  രണഭൂമിയില്‍  ജീവനറ്റു ചോരയില്‍ കുതിര്‍ന്ന് കിടക്കുന്ന കാഴ്ച, ഒരേ കണ്ണാല്‍ കാണേണ്ടിവന്നു. എന്നിട്ടും അംറ് ഒറ്റക്കൈ പോരാട്ടങ്ങള്‍ തുടര്‍ന്നു.
പിന്നീട് ആദ്യമായി അമീറുല്‍ മുഅ്മിനീനെ നേരില്‍ കാണുകയാണ്. ആദ്യ അവസരത്തില്‍ തന്നെ, അദ്ദേഹം  അംറിന്റെ മഹാ സൈനിക സേവനങ്ങളെ  അംഗീകരിക്കുന്ന നിസ്തുല രീതിയാണ് നാം കണ്ടത്! മാത്രമല്ല, ഖലീഫ ഇത്ര പറയുക കൂടി ചെയ്തു: 'ജീവിച്ചിരിക്കുന്ന സ്വശരീരത്തിന്റെ ഒരംശം സ്വര്‍ഗത്തിലേക്ക് അയക്കാന്‍ ഭാഗ്യം സിദ്ധിച്ച ഒരേയൊരാള്‍, ഈ കൂട്ടത്തില്‍ താങ്കള്‍ മാത്രമാണ്?' എന്തൊരു ഈമാനിക സ്പര്‍ശമുള്ള അനുമോദനം!
കാലം ഒരല്‍പം മുന്നോട്ടു നീങ്ങി. ഹിജ്‌റ പതിനഞ്ചാം വര്‍ഷം. അപ്പോഴേക്കും, ഇസ്‌ലാം നിരവധി പോര്‍മുഖങ്ങളെ അഭിമുഖീകരിച്ചുകഴിഞ്ഞിരുന്നു. ലോകചരിത്രഗതിയെ നിര്‍ണായകമായി സ്വാധീനിച്ച 'യര്‍മൂക്' യുദ്ധം നടന്നതും ഈ വര്‍ഷമാണ്. ബൈസാന്റിയന്‍ സൈന്യത്തിന്റെ അംഗബലം രണ്ടു ലക്ഷത്തി നാല്‍പതിനായിരം! അവരെ നേരിടാന്‍ മുപ്പതിനായിരത്തില്‍ അല്‍പം കൂടുതലുള്ള മുസ്‌ലിംസൈന്യം. അവര്‍ ഖലീഫയുടെ 'സ്റ്റാന്റിംഗ് ആര്‍മി' ഒന്നുമല്ല. സന്ദര്‍ഭാനുസാരം സൈനിക ദൗത്യത്തിനായി സ്വയം സമര്‍പ്പിതരായി വന്ന മുഅ്മിനുകള്‍! എന്നിട്ടും ഇസ്‌ലാമികവ്യൂഹം ലോകത്തെ ഞെട്ടിച്ചുകൊണ്ട് സര്‍വായുധ വിഭൂഷിതരും മികച്ച പരിശീലനം സിദ്ധിച്ചവരുമായ ബൈസാന്റിയന്‍ സൈന്യത്തെ നിശ്ശേഷം പരാജയപ്പെടുത്തി. വിസ്മയ നയനങ്ങളോടെയല്ലാതെ അന്നു തൊട്ടിന്നോളം ആരും  ഈ രോമാഞ്ച ചരിതം വായിച്ചിട്ടില്ല. ഈ സ്വയംസന്നദ്ധ സംഘത്തിനൊപ്പം 'ഒരു കൈ' നോക്കാന്‍ ആദരണീയനായ അംറും ഇറങ്ങിയിരുന്നു. 
നബിതിരുമേനിയുടെ വിയോഗം കഴിഞ്ഞ് നാലു വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന ഈ നിര്‍ണായക സംഘട്ടനം, ലോകചരിത്രത്തിന്റെ വഴിത്തിരിവായാണ് വിശ്വചരിത്രകാരന്മാര്‍ വിലയിരുത്തുന്നത്. അറേബ്യന്‍ ഉപദ്വീപിനു പുറത്തേക്കുള്ള ഇസ്‌ലാമിന്റെ ആദ്യ തിരമാലയുടെ ഈ ഇരച്ചുകയറ്റം, തുടര്‍ന്നുള്ള നിരവധി വിജയങ്ങള്‍ക്ക് ഹേതുവായി. അതില്‍ തന്റെ 'ഇടതു കൈയൊപ്പ്' ചാര്‍ത്താന്‍ അംറിനു ഭാഗ്യം ലഭിച്ചു. വില്ലില്‍നിന്ന് വേര്‍പ്പെട്ട അസ്ത്രം കണക്കെ ശത്രുനിരയെ ഭേദിച്ചുകയറിയ അദ്ദേഹം, കുറേ നേരത്തെ നിസ്തുലമായ ധീരപ്രകടനങ്ങള്‍ക്കു ശേഷം ആത്മഹര്‍ഷത്തോടെ ശഹീദായി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (7-11)
ടി.കെ ഉബൈദ്‌