Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 13

3130

1441 റബീഉല്‍ ആഖിര്‍ 16

ഹാജറ ആലപ്പുഴ

കെ.കെ സഫിയ, ആലപ്പുഴ

ആലപ്പുഴ പുന്നപ്രയില്‍ നിറസാന്നിധ്യമായിരുന്നു ഹാജറ. ആറ് വര്‍ഷത്തോളമായി അര്‍ബുദരോഗം ബാധിച്ച് അവശതയനുഭവിക്കുമ്പോഴും തന്നെ ബാധിച്ച രോഗത്തെ ഗൗരവത്തിലെടുക്കാതെ പ്രസ്ഥാനമാര്‍ഗത്തില്‍ പണിയെടുത്തുകൊണ്ടിരുന്നു. പ്രസ്ഥാനത്തെ നെഞ്ചിലേറ്റി നടന്ന അവര്‍, തന്നെ കാണാന്‍ വരുന്നവരോട് രോഗത്തെപ്പറ്റിയല്ല സംസാരിച്ചിരുന്നത്. മറിച്ച് പ്രസ്ഥാന കാര്യങ്ങളെപ്പറ്റിയാണ്. വേദന കടിച്ചിറക്കുമ്പോഴും പുഞ്ചിരിക്കുന്ന മുഖത്തോടെ അവര്‍ ഒരു വാക്കു പറയും, 'എന്റെ വേദനയില്‍ ക്ഷമ കൈക്കൊള്ളാന്‍ നിങ്ങളെല്ലാം പ്രാര്‍ഥിക്കണേ' എന്ന്. അവസാന സമയങ്ങളില്‍ ഹല്‍ഖാ യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത് അങ്ങേയറ്റത്തെ വിഷമം ഉണ്ടാക്കിയിരുന്നു. അപ്പോഴും തോറ്റുകൊടുക്കാന്‍ തയാറായില്ല. ഹല്‍ഖയില്‍ വായിക്കുകയും പഠിക്കുകയും ചെയ്യേണ്ട കാര്യങ്ങള്‍ വീട്ടിലിരുന്ന് പഠിച്ച് മറ്റുള്ളവരെ കവച്ചുവെക്കുമായിരുന്നു. ഏറെ ത്യാഗം സഹിച്ചും പൊതുപരിപാടികളിലും പങ്കെടുക്കുക അവര്‍ക്ക് ആവേശമായിരുന്നു. വനിതാ വിഭാഗം ജില്ലാ വൈസ് പ്രസിഡന്റായ സന്ദര്‍ഭത്തിലായിരുന്നു രോഗത്തിന്റെ തുടക്കം. ജില്ലാ സമിതിയില്‍ പങ്കെടുക്കാന്‍ പറ്റാത്തതിന്റെ കുറവ് നികത്താന്‍ സെക്രട്ടേറിയറ്റ് എന്റെ വീട്ടില്‍ വെച്ച് നടത്തണേ എന്നപേക്ഷിച്ചിരുന്നു. അത് സ്വീകരിക്കുകയും ചെയ്തിരുന്നു. ആദ്യകാല ജി.ഐ.ഒ ജില്ലാ പ്രസിഡന്റ്, വനിതാ ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ഏരിയാ കണ്‍വീനര്‍, ഹല്‍ഖാ നാസിമത്ത് എന്നിങ്ങനെ പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനങ്ങളില്‍ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. കൂടാതെ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ അധ്യാപിക, മദ്‌റസാ അധ്യാപിക, സ്‌കൂള്‍ ടീച്ചര്‍, തംഹീദുല്‍ മര്‍അഃ അധ്യാപിക എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇടുക്കിക്കാരിയായ ഹാജറയെ, അവര്‍ മൂവാറ്റുപുഴ ബനാത്തിലെ പഠനശേഷം വാടാനപ്പള്ളി ഓര്‍ഫനേജില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കെയാണ് പുന്നപ്ര സ്വദേശി ഉബൈദ് സാഹിബ് വാടാനപ്പള്ളി അങ്കണത്തില്‍ വെച്ച് നികാഹ് ചെയ്ത്. അന്നു മുതല്‍ നാട്ടുകാരുടെയും വീട്ടുകാരുടെയും ബന്ധുക്കളുടെയും പ്രസ്ഥാന ബന്ധുക്കളുടെയും പ്രിയപ്പെട്ടവളായിരുന്നു. സൗമ്യത, സഹനം, ലാളിത്യം, സ്‌നേഹം തുടങ്ങിയ സദ്ഗുണങ്ങള്‍ എല്ലാവരുടെയും സ്‌നേഹം പിടിച്ചുപറ്റാന്‍ അവരെ പ്രാപ്തയാക്കി. രോഗം ഗുരുതരമായപ്പോള്‍ അവസാനത്തെ ഒന്നു രണ്ടാഴ്ച ആശുപത്രിയിലാക്കിയപ്പോള്‍ തന്റെ ഭര്‍തൃമാതാവിനൊപ്പം നില്‍ക്കണം എന്ന നിര്‍ബന്ധം എല്ലവരെയും അതിശയിപ്പിച്ചു. മാതാവിനോടുള്ള സ്‌നേഹവും അടുപ്പവും അത്രത്തോളമായിരുന്നു.

 

 

അരീക്കന്‍ കുട്ട്യാലി

സാത്വിക ജീവിതത്തിന്റെ ഉടമയും ആത്മാര്‍ഥതയുള്ള അധ്യാപകനും ചാഞ്ചല്യലേശമില്ലാത്ത ഇസ്‌ലാമിക പ്രവര്‍ത്തകനുമായിരുന്നു തോട്ടശ്ശേരിയറയിലെ അരീക്കന്‍ കുട്ട്യാലി സാഹിബ് (64). പള്ളി ദര്‍സുകളിലൂടെ  മതപഠനം തുടങ്ങിയ അദ്ദേഹം കാസര്‍കോട്ട് സ്‌കൂളില്‍ അറബിക് അധ്യാപകനായി ഏറെക്കാലം സേവനം ചെയ്തിട്ടുണ്ട്. സ്വതഃസിദ്ധമായ ചിന്തയിലൂടെയും പരന്ന വായനയിലൂടെയും വൈജ്ഞാനിക ശേഷി വികസിപ്പിച്ചുകൊണ്ടിരുന്നു. ഈ യാത്രക്കിടയില്‍ പരിചയപ്പെട്ട ഇസ്‌ലാമിക പ്രസ്ഥാനത്തെ സ്വന്തം ജീവനേക്കാള്‍ സ്‌നേഹിച്ചു. പരിസരവാസികളെയും കുടുംബാംഗങ്ങളെയും പ്രസ്ഥാനവുമായി അടുപ്പിച്ചു. ഇസ്‌ലാമിക ചലനങ്ങളുടെ പ്രസരിപ്പുകളായി. പ്രാസ്ഥാനികാശയങ്ങള്‍ കുടുംബത്തിലേക്ക് പകരുന്നതില്‍ എപ്പോഴും ജാഗരൂകനായിരുന്നു.  എ.ആര്‍ നഗറിനടുത്ത തോട്ടശ്ശേരിയറ മദ്‌റസയില്‍ കുറേക്കാലം അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. നിരവധി കാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ജാതിമത വ്യത്യാസമില്ലാതെ വളരെ വിശാലമായിരുന്നു അദ്ദേഹത്തിന്റെ സുഹൃദ് വൃന്ദം. മക്കളെയും കുടുംബത്തെയും പ്രാസ്ഥാനിക വഴി നടത്തുന്നതില്‍ വിജയിച്ചു.

അഫ്‌സല്‍ രാമനാട്ടുകര

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (7-11)
ടി.കെ ഉബൈദ്‌