മൗലവി അഹ്മദുല്ല ഷാ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല വ്യക്തിത്വം
ശിപ്പായി ലഹള എന്ന് ബ്രിട്ടീഷുകാര്‍ തെറ്റായി രേഖപ്പെടുത്തിയ, 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരപോരാട്ടത്തിലെ തിളങ്ങുന്ന വ്യക്തിതമാണ് ഫൈസാബാദ് മൗലവി എന്ന അപരനാമത്തില്‍ പ്രസിദ്ധനായ മൗലവി അഹ്മദുല്ല ഷാ. അടിയുറച്ച ദൈവവിശ്വാസിയായ മൗലവിയുടെ അതിശയകരമായ ധൈര്യം, നേതൃപാടവം, സംഘാടന മികവ് എന്നിവ ഇംഗ്ലീഷുകാരെപോലും അതിശയിപ്പിച്ചിരുന്നതിനാലാണ് മൗലവിക്കെതിരെ യുദ്ധം നയിച്ച ബ്രിട്ടീഷ് സൈനിക മേധാവി George Bruce Malleson അദ്ദേഹത്തെ house of the Rebellion Movement എന്ന് വിശേഷിപ്പിച്ചത്.
ഇന്നത്തെ തമിഴ്‌നാട്ടിലെ ആര്‍ക്കോട്ട് ദേശത്തെ വിജികപട്ടണം എന്ന സ്ഥലത്ത് 1787-ലാണ് മൗലവിയുടെ ജനനം. പിതാവ് ഹര്‍ട്ടോള്‍ സ്വദേശി ഗുലാം ഹുസൈന്‍ ഖാന്‍, മൈസൂര്‍ രാജാവ് ഹൈദര്‍ അലിയുടെ സൈന്യത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. ബാല്യത്തില്‍ തന്നെ ഇസ്‌ലാമിക വിഷയങ്ങളില്‍ പാണ്ഡിത്യം നേടിയ മൗലവി അറബി, ഉര്‍ദു, പേര്‍ഷ്യന്‍, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ പ്രാവീണ്യവും നേടി. പുറമെ യുദ്ധമുറകളിലും വിവിധ ആയുധ പ്രയോഗങ്ങളിലും പ്രത്യേക പ്രാഗല്‍ഭ്യവും കരസ്ഥമാക്കിയിരുന്നു.
യുവാവായ മൗലവി, നൈസാമിന്റെ ക്ഷണിക്കപ്പെട്ട അതിഥിയായി ഹൈദറാബാദ് സന്ദര്‍ശിക്കുകയുണ്ടായി. അവിടെ വെച്ച് മൗലവിയുടെ സവിശേഷ വ്യക്തിത്വത്തില്‍ ആകൃഷ്ടരായ ഇംഗ്ലീഷ് ഉദ്യോഗസ്ഥര്‍, അദ്ദേഹത്തെ ഇംഗ്ലണ്ട് സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു. ഇംഗ്ലണ്ട് സന്ദര്‍ശനവേളയില്‍ രാജാവിനെയും മറ്റു രാജകുടുംബാംഗങ്ങളെയും കാണാനും പരിചയപ്പെടാനും അവസരം ലഭിച്ചു. കൂടാതെ വിവിധ ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ തനിക്കുള്ള മികവ്, ഒരു പ്രദര്‍ശനത്തിലൂടെ അവരെ ബോധ്യപ്പെടുത്താനും മൗലവിക്കു സാധിച്ചു.
വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ മൗലവി, സ്വന്തം നാടിന്റെ പാരതന്ത്ര്യത്തില്‍ ഏറെ ദുഃഖിതനായിരുന്നു. പിറന്ന നാടിന്റെ സ്വാതന്ത്ര്യം, വിശ്വാസ ജീവിതത്തിന്റെ അഭിവാജ്യഘടകമായി അദ്ദേഹം കരുതി. ഈ ലക്ഷ്യത്തിലേക്ക് ജനങ്ങളെ സംഘടിപ്പിക്കുന്നതിന്, അന്നത്തെ ഉത്തരേന്ത്യന്‍ നഗരങ്ങളായ ആഗ്ര, ലഖ്‌നൗ, ഗ്വാളിയോര്‍, അവധ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചു. ഫൈസാബാദിലെ ചൗക്കിലുള്ള മസ്ജിദ് സെരായ്, അദ്ദേഹത്തിന്റെ മുഖ്യകാര്യാലയമായിരുന്നു. പള്ളികളുടെ വരാന്തകളിലും മുറ്റത്തും ഒത്തുകൂടിയ നാനാ ജാതിമതസ്ഥരോട്, നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. 'യഥാര്‍ഥത്തില്‍ ഒരു രാജകുമാരനായ അദ്ദേഹം മൗലവിയായി വേഷപ്രഛന്നനായി നടന്ന്, ജനങ്ങളെ ബ്രിട്ടീഷ് സര്‍ക്കാറിനെതിരെ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ്' എന്ന് ആഗ്രയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ മേലധികാരികള്‍ക്ക് പരാതി അയച്ചു. ഈ പോരാട്ടത്തില്‍ ജാതിമതഭേദമന്യേ ജനങ്ങളുടെ പങ്കാളിത്തം അവശ്യഘടകമാണെന്ന്, ഫൈസാബാദിലെ ഗംഗാ-യമുനാ സംസ്‌കാരം അറിഞ്ഞ മൗലവിക്ക് നന്നായി ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, കാന്‍പുരിലെ നാനാസാഹിബ്, അര്‍റയിലെ കുന്‍വാര്‍ സിംഗ് എന്നിവര്‍ 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ മൗലവിയുടെ ഇരു കരങ്ങളായിരുന്നു. 'ഈ ദിവസങ്ങളില്‍ വാക്കിലും പ്രവൃത്തിയിലും രാജകീയത തോന്നുന്ന, അഹ്മദുല്ല ഷാ എന്നൊരാള്‍ ഒരു ഫകീറായി വേഷം കെട്ടി നാടു നീളെ നടന്ന് നാട്ടാരെ കലാപത്തിന് തയാറാക്കുന്നതിലേക്കായി തിങ്കളാഴ്ചകളിലും വ്യാഴാഴ്ചകളിലും മസ്ജിദുകള്‍ കേന്ദ്രീകരിച്ച് മജ്‌ലിസ് ഹല്‍ഖ എന്ന പേരില്‍ മീറ്റിംഗുകള്‍ സംഘടിപ്പിക്കുന്നതായി അധികാരികള്‍ക്ക് വിവരം ലഭിച്ചിരിക്കുന്നു.' മൗലവിയുടെ പ്രവര്‍ത്തനങ്ങളെ പറ്റി ലഖ്‌നൗവിലെ പ്രാദേശിക ദിനപ്പത്രമായ 'ടിലിസം' 1856 നവംബര്‍ 21-ന് റിപ്പോര്‍ട്ട് ചെയ്തതാണിത്.
മൗലവിയുടെ ബോധവല്‍ക്കരണ മീറ്റിംഗുകള്‍ക്ക് അനുബന്ധമായി നടന്ന മറ്റൊരു സംഭവമാണ് ചപ്പാത്തി മൂവ്‌മെന്റ് (Chappati Movement). കൂടോത്ര വിദ്യയിലും ദുഷ്ട ശക്തികളുടെ സേവയിലും വിദഗ്ധരാണ് ഇന്ത്യക്കാര്‍ എന്ന് വിശ്വസിച്ചിരുന്ന ബ്രിട്ടീഷുകാരില്‍ ഈ സംഭവം അത്യധികം ഭീതിയും ആശയക്കുഴപ്പവും ഉണ്ടാക്കി. ഒരാള്‍ നൂറുകണക്കിന് ചപ്പാത്തിയുമായി ഒരു ഗ്രാമത്തില്‍ എത്തുന്നു. അത് ഗ്രാമത്തലവനെ ഏല്‍പിക്കുന്നു, ആ ഗ്രാമത്തില്‍നിന്നും മറ്റൊരാള്‍ ചപ്പാത്തിയുമായി അടുത്ത ഗ്രാമത്തിലേക്ക് പോകുന്നു. ശ്രിരാംപുരില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന The Friend of India എന്ന ഇംഗ്ലീഷ് ദിനപത്രം 1857 മാര്‍ച്ച് 5-ന് എഴുതി: ചപ്പാത്തി ഫാറൂഖാബാദില്‍നിന്ന് ഗുര്‍ഗോണ്‍ വരെയും അവധില്‍നിന്ന് രൊഹില്‍കാന്ത് വഴി ദല്‍ഹിയിലും എത്തുന്നു. ബ്രിട്ടീഷ് തപാല്‍ സംവിധാനത്തേക്കാള്‍ കാര്യക്ഷമതയിലും വേഗത്തിലും നടക്കുന്ന ചപ്പാത്തി വിതരണത്തെ അത്യധികം ഭയത്തോടെയും സംശയത്തോടെയുമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ വീക്ഷിക്കുന്നത്. അതില്‍ എന്തെങ്കിലും സന്ദേശം എഴുതിയിട്ടുണ്ടോ എന്നറിയാന്‍ ചുടുവെള്ളത്തിലും ചുടുപാലിലും മുക്കി നോക്കി. ഒന്നും കണ്ടില്ല. പലതവണ ചപ്പാത്തി പിടിച്ചെടുത്ത് പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. സാധാരണക്കാരന്റെ ഭക്ഷണമായ ചപ്പാത്തി, നിയമംമൂലം നിരോധിക്കാനും കഴിയില്ല.' യഥാര്‍ഥത്തില്‍ മീറ്റിംഗുകളില്‍ പങ്കെടുക്കുന്നവര്‍ക്കായി വിതരണം ചെയ്യാനുള്ളതായിരുന്നു ചപ്പാത്തി. 1857 മാര്‍ച്ചില്‍ ഡോ. ഗില്‍ബെര്‍ട്ട് ഹാഡോ, ബ്രിട്ടനിലുള്ള തന്റെ സഹോദരിക്ക് എഴുതി: 'ഇവിടെ (ഇന്ത്യയില്‍) ഇപ്പോള്‍ വളരെ ദുരൂഹതയുള്ള ഒരു കാര്യം നടന്നുകൊണ്ടിരിക്കുന്നു. ചപ്പാത്തി എന്ന പേരുള്ള ഗോതമ്പിനാലുള്ള പരന്ന ഒരു തരം റൊട്ടി ആയിരക്കണക്കിന് എണ്ണം അതിശയകരമായ വേഗതയില്‍ ഗ്രാമങ്ങളില്‍നിന്നും ഗ്രാമങ്ങളിലേക്ക് വിതരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ചപ്പാത്തി മൂവ്‌മെന്റ് എന്നാണ് അധികാരികള്‍ ഇതിനെ വിളിക്കുന്നത്. പത്രങ്ങളില്‍ നിറയെ ഇതിനെപറ്റി വാര്‍ത്തകള്‍ ഉണ്ട്.'
മൗലവിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സൈന്യം ആദ്യം ലഖ്‌നൗ ബ്രിട്ടീഷുകാരില്‍നിന്ന് മോചിപ്പിച്ചു, ഭരണം നടത്തി. ഒരു വര്‍ഷക്കാലത്തോളം ബ്രിട്ടീഷുകാര്‍ക്ക് ലഖ്‌നൗവില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. അടുത്ത ഗവര്‍ണര്‍ ജനറല്‍ സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടിരുന്ന, ബ്രിട്ടന്റെ മികച്ച സേനാനായകന്‍ ഹെന്റി മോണ്ട് ഗോമറി ലാറന്‍സ് ആയിരുന്നു ബ്രിട്ടീഷ് സേനയെ നയിച്ചത്. അദ്ദേഹം ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ബര്‍കത് അഹ്മദ്, ബീഗം ഹസ്രത് മഹല്‍, സുബേദാര്‍ ഉംരോ സിംഗ് എന്നിവര്‍ മൗലവിക്കൊപ്പം യുദ്ധം ചെയ്തു. പിന്നീട് സര്‍കോളിന്‍ ക്യാമ്പ്‌വെല്ലിന്റെ നേതൃത്വത്തില്‍ വന്ന ഇംഗ്ലീഷ് സേന ഈ പ്രദേശങ്ങളെല്ലാം തിരിച്ചുപിടിച്ചു.
ഒരിക്കല്‍പോലും മൗലവിയെ പിടിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ജീവനോടെയോ അല്ലാതെയോ പിടിച്ചു കൊടുക്കുന്നവര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍, രൂപ 50000 ഇനാം പ്രഖ്യാപിച്ചിരുന്നു. പണത്തിനും ബ്രിട്ടീഷുകാരുടെ പ്രീതിക്കുമായി ആര്‍ത്തിപൂണ്ട, പോവയാന്‍ എന്ന സ്ഥലത്തെ രാജാ ജഗന്നാഥ് സിംഗ് എന്ന നാട്ടുപ്രമാണിയാണ്, ചരിത്രം മാപ്പു നല്‍കാത്ത ആ ഹീനകൃത്യം ചെയ്തത്. 1858 ജൂണ്‍ 5-നാണ് നാടിനെ നടുക്കിയ ആ ദുരന്തം സംഭവിച്ചത്. യുദ്ധത്തിന്റെ ചില കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുണ്ടെന്ന് വിവരം അറിയിച്ച് ജഗന്നാഥ് സിംഗ് മൗലവിയെ തന്റെ വസതിയിലേക്ക് വരുത്തുകയായിരുന്നു. ദേശത്തെയും മഹാനായ ഒരു ദേശസ്‌നേഹിയെയും ശത്രുക്കള്‍ക്ക് ഒറ്റിക്കൊടുത്തു വഞ്ചകനായ ആ ദേശദ്രോഹി. തന്റെ വസതിയിലെത്തിയ മൗലവിയെ ജഗന്നാഥ് സിംഗ് ഒളിഞ്ഞിരുന്നു വെടിവെച്ചു വീഴ്ത്തി. മൗലവിയുടെ മുറിച്ചെടുത്ത തല ഒരു തുണിയില്‍ പൊതിഞ്ഞു. അപ്പോഴും അതില്‍നിന്നും ആ ധീര ദേശസ്‌നേഹിയുടെ രക്തം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു. സുഹൃത്തുക്കളൊന്നിച്ച് ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ജില്ലാ മജിസ്‌ട്രേറ്റ് മുമ്പാകെ തീന്മേശപ്പുറത്ത് ജഗന്നാഥ് സിംഗ് മൗലവിയുടെ വെട്ടിയെടുത്ത തല സമര്‍പ്പിച്ചു. ബ്രിട്ടീഷുകാര്‍ പോലും ഏറെ ബഹുമാനിച്ചിരുന്ന മൗലവിയുടെ ചേതനയറ്റ ശിരസ്സ് കണ്ട് മജിസ്‌ട്രേറ്റ് അമ്പരന്നു. സര്‍ക്കാര്‍ ഉത്തരവ് അനുസരിക്കാന്‍ ബാധ്യസ്ഥനായ അദ്ദേഹം ഉടനെ 50000 ഉറുപ്പിക കൈപ്പറ്റാനുള്ള ഉത്തരവ് ജഗന്നാഥ് സിംഗിനു നല്‍കി. അന്നത് വമ്പിച്ച മൂല്യമുള്ള തുകയായിരുന്നു.
മൗലവിക്കെതിരെ യുദ്ധം നയിച്ച ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥര്‍ പോലും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തെ ബഹുമാനിച്ചിരുന്നു. നീണ്ടു മെലിഞ്ഞ ബലിഷ്ഠമായ ശരീരമായിരുന്നു അദ്ദേഹത്തിന്. 1857-ലെ പോരാട്ടത്തിലെ മഹാനായ ഹീറോ എന്നാണ് ബ്രിട്ടീഷ് സൈനിക ഓഫീസര്‍ G.B.Malleosn പറഞ്ഞത്. 'അസാമാന്യ കഴിവുകളുള്ള ഒരാള്‍, ആരെയും ഭയപ്പെടുത്തുന്ന ധൈര്യശാലി, കിടയറ്റ നിശ്ചയദാര്‍ഢ്യം, സര്‍വോപരി ഉത്തമനായ പോരാളി'- മറ്റൊരു ബ്രിട്ടീഷ് ഓഫീസര്‍ Thomas Seaton പറഞ്ഞ വാക്കുകളാണിവ. മൗലവിയുടെ പോരാട്ട ജീവിതം പഠിച്ച ഹിന്ദു മഹാസഭാ നേതാവ് സവര്‍ക്കര്‍ എഴുതി; 'ഇസ്‌ലാം മതവിശ്വാസം ഒരുതരത്തിലും ദേശസ്‌നേഹത്തിന് തടസ്സമല്ല എന്നാണ് ധീരനായ ഈ മുഹമ്മദീയന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്.'
Ref.
The Indian Mutiny of 1857 by G.B.Malleosn published by Rupa & Co.
The Milli Gazette of 5 Nov 2016
Comments