വൈദേശിക ഗൂഢാലോചനയാണല്ലോ, അടിച്ചമര്‍ത്താം!
പശ്ചിമേഷ്യയില്‍ പലയിടങ്ങളിലും ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുമ്പോള്‍, അതത് നാടുകളിലെ ദുഷിച്ചു നാറിയ ഭരണകൂടങ്ങള്‍ തങ്ങളുടെ വീഴ്ചകള്‍ സമ്മതിച്ച് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുന്നതിനു പകരം ഉത്തരവാദിത്തത്തില്‍നിന്ന് പാടേ കൈകഴുകുന്ന രീതിയാണ് കാണാനുള്ളത്. എന്നിട്ട് സകല പ്രശ്‌നങ്ങള്‍ക്കും 'വൈദേശിക ഗൂഢാലോചനകളെ' തെറിവിളിക്കുകയും ചെയ്യുന്നു. ഈ വിദേശ ഗൂഢാലോചനാ സിദ്ധാന്തം എന്തിനാണെന്നു വെച്ചാല്‍, പ്രക്ഷോഭങ്ങളുടെയും പ്രതിഷേധങ്ങളുടെയും സാധുതയും നിയമാനുസൃതത്വവും റദ്ദു ചെയ്തുകിട്ടാന്‍ വേണ്ടിയാണ്. ഓരോ നാട്ടിലെയും 'വിദേശ ചാരന്മാര്‍' ആണ് സകല കുഴപ്പങ്ങളും കുത്തിപ്പൊക്കുന്നത് എന്ന് വിശ്വസിപ്പിക്കാനായാല്‍ ജനമുന്നേറ്റങ്ങളെ അതിക്രൂരമായി അടിച്ചൊതുക്കാം. ഭരണാധികാരികള്‍ക്ക് രാഷ്ട്രത്തിന്റെയും ജനതയുടെയും രക്ഷകരായി ചമയാം. ഇറാനിലും ഇറാഖിലും ലബ്‌നാനിലും ഈജിപ്തിലും അള്‍ജീരിയയിലും ഈയൊരു സിനാറിയോ ആണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇതേ (കു)യുക്തി മുമ്പും പലയിടങ്ങളില്‍ പ്രയോഗിച്ചിട്ടുണ്ട്. മറ്റു പലയിടങ്ങളിലും ഇനിയുമത് പ്രയോഗിക്കാനിരിക്കുന്നു. സകല സ്വേഛാധിപതികളുടെയും ഏടുകളില്‍ ഇങ്ങനെയൊരു ഐറ്റം നിങ്ങള്‍ കാണാതെ പോകില്ല.
കഴിഞ്ഞ നവംബര്‍ മാസത്തിലാണ് ഇറാനില്‍ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. കാരണം വളരെ വ്യക്തം. ഭരണകൂടം ഇന്ധനങ്ങള്‍ക്ക് വിലകൂട്ടി. നിയതമായ മത, രാഷ്ട്രീയ, നിയമ, സൈനിക സിദ്ധാന്തങ്ങളുടെ പിന്‍ബലമുള്ള ഇറാന്‍ ഭരണകൂടത്തിന് പ്രക്ഷോഭങ്ങള്‍ വിദേശ ഗൂഢാലോചനയാണെന്ന് പറയാന്‍ ഒട്ടും അമാന്തിച്ചു നില്‍ക്കേണ്ടി വന്നില്ല. ഈയൊരു വിശേഷണം മതിയായിരുന്നു പ്രതിഷേധ സമരങ്ങളെ മൃഗീയമായി അടിച്ചമര്‍ത്താന്‍. നൂറ് കണക്കിന് പേര്‍ കൊല്ലപ്പെട്ടു; ആയിരങ്ങള്‍ ജയിലുകളിലുമായി. രണ്ടറ്റം കൂട്ടിത്തൊടുവിക്കാന്‍ നിവൃത്തിയില്ലാതെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ സ്വന്തം പൗരന്മാര്‍ക്കെതിരെ, കടന്നാക്രമിക്കാന്‍ വരുന്ന വിദേശ ശത്രുവിനോടെന്ന പോലെയാണ് വിപ്ലവ ഗാര്‍ഡുകള്‍ മുരണ്ടത്. ഇറാനിലെ പരമോന്നത മതാധ്യക്ഷന്‍ അലി ഖാംനഈ പറഞ്ഞത് നോക്കൂ, 'ശത്രുവിനെ തുരത്തി ഓടിച്ചെ'ന്ന്! സ്വന്തം പൗരന്മാരെക്കുറിച്ചാണ് ഇത് പറയുന്നതെന്നോര്‍ക്കണം. ഖാംനഈയുടെ ഈ ലോജിക്കാണ് നാം സ്വീകരിക്കുന്നതെങ്കില്‍, ശത്രുവിനെ 'ആട്ടിയോടിക്കാന്‍' അടിച്ചമര്‍ത്തലും രക്തച്ചൊരിച്ചിലുമൊക്കെ വേണ്ടിവരും. കാരണം, ഖാംനഈയുടെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍, 'അത്യന്തം ഗുരുതരമായ മഹാ ഗൂഢാലോചന'യാണല്ലോ അരങ്ങേറുന്നത്!
ആഴ്ചകളായി പ്രക്ഷോഭങ്ങള്‍ക്ക് ശമനമില്ലാത്ത ഇറാഖിലും ഇതു തന്നെ സ്ഥിതി. അവിടെയും കുറെ പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു. ഗവണ്‍മെന്റ് സുരക്ഷാസേനകളും അവര്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കുന്ന സായുധ മിലീഷ്യകളുമാണ് വെടിവെപ്പ് നടത്തുന്നത്. കഴിഞ്ഞ ഒക്‌ടോബര്‍ ആദ്യത്തില്‍ ഒരു മുതിര്‍ന്ന ഗവണ്‍മെന്റ് വക്താവ് പറഞ്ഞത്, ഭരണം അട്ടിമറിക്കാനുള്ള 'ഗൂഢാലോചന' തങ്ങള്‍ തകര്‍ത്തുകളഞ്ഞു എന്നാണ്. ജനകീയ പ്രക്ഷോഭങ്ങളുടെ വേഷത്തില്‍ വന്നിരിക്കുന്നത് 'ഗൂഢാലോചന'യാണ് എന്നര്‍ഥം. യഥാര്‍ഥത്തില്‍ ഇറാഖിലെ പ്രക്ഷോഭം അഴിമതിക്കും സ്വജനപക്ഷപാതിത്വത്തിനുമെതിരെയാണ്; സമ്പത്ത് ന്യായമായ വിധത്തില്‍ പങ്കുവെക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ളതാണ്. നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തിലും കാതലായ മാറ്റങ്ങള്‍ വേണമെന്ന് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു. ഇവിടെയും ഭരണകൂടത്തിന്റെ ലക്ഷ്യം ഒന്നുതന്നെ- പ്രക്ഷോഭങ്ങളുടെ സാധുതയും നിയമാനുസൃതത്വവും ഇല്ലാതാക്കുക. ചുരുക്കം പറഞ്ഞാല്‍ 'വിദേശ ഗൂഢാലോചന' തകര്‍ക്കാനുള്ള ഈ യത്‌നത്തിനിടെ നിരവധി നിരപരാധികള്‍ക്കാണ് ജീവന്‍ ബലി കൊടുക്കേണ്ടി വന്നത്.
ലബനാനിലെ സ്ഥിതിയും ഇറാഖില്‍നിന്ന് ഒട്ടും ഭിന്നമല്ല. അവിടെയും മാസങ്ങളായി ജനം പ്രക്ഷോഭങ്ങളുമായി തെരുവിലാണ്. രാജ്യഭരണം നടത്തുന്ന വരേണ്യവര്‍ഗങ്ങളുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരായ പോരാട്ടമാണ് അവിടെ നടക്കുന്നത്. കാലങ്ങളായി തുടരുന്ന വിഭാഗീയ നയനിലപാടുകളെയും അവര്‍ എതിര്‍ക്കുന്നു. തകരുന്ന സമ്പദ്ഘടനയും ജീവിത നിലവാരവും അവരെ അസ്വസ്ഥരാക്കുന്നു. പക്ഷേ ലബനാന്‍ പ്രസിഡന്റ് മിഷേല്‍ ഔനിന്റെ ഉത്കണ്ഠ അതൊന്നുമല്ല; അത് 'വിദേശ ഗൂഢാലോചന'യാണ്! അദ്ദേഹം പറയുന്നത് നോക്കൂ: ''കഴിഞ്ഞ പ്രക്ഷോഭങ്ങളില്‍ വിദേശങ്ങളില്‍നിന്ന് അതിര്‍ത്തി കടന്ന് ഫോണ്‍ കോളുകള്‍ വന്നിട്ടുണ്ട്. രാജ്യത്തിനകത്തുള്ള ചിലരെ കൂട്ടുപിടിച്ചുള്ള വളരെ ആസൂത്രിതമായ നീക്കമാണിത്.'' ഇദ്ദേഹത്തിന്റെ ബന്ധുവും ലബനാന്‍ വിദേശകാര്യമന്ത്രിയും അല്‍ഹുര്‍റ് പാര്‍ട്ടിയുടെ നേതാവുമായ ജബ്‌റാന്‍ ബാസിലിന്റെ പ്രസ്താവന ഇങ്ങനെ: ''അകത്തുള്ള ചിലര്‍ രാജ്യത്തിനും അതിന്റെ സമ്പദ്ഘടനക്കുമെതിരെ ഗൂഢാലോചന നടത്തുകയാണ്. അവരാണ് നശീകരണ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത്. അവര്‍ പിന്തുടരുന്നത് വൈദേശിക അജണ്ടയാണ്.'' ഹിസ്ബുല്ലയുടെ ജനറല്‍ സെക്രട്ടറി ഹസന്‍ നസ്വ്‌റുല്ലക്ക് പിന്നെ അടങ്ങിയിരിക്കാന്‍ പറ്റുമോ! പ്രക്ഷോഭകര്‍ക്ക് വിദേശപ്പണം വരുന്നുണ്ടെന്നായി അദ്ദേഹത്തിന്റെ കണ്ടെത്തല്‍.
ലബനാനിലെയും ഇറാഖിലെയും പ്രക്ഷോഭങ്ങളുടെ പ്രത്യേകത, വ്യത്യസ്ത ചിന്താഗതികളെയും രാഷ്ട്രീയ നിലപാടുകളെയും പ്രതിനിധീകരിക്കുന്നവര്‍ അതില്‍ അണിചേരുന്നുണ്ട് എന്നതാണ്. ഉദാഹരണത്തിന് ശീഈകള്‍ക്ക് മേധാവിത്വമുള്ള കര്‍ബല, ബസ്വറ, നജ്ഫ് പോലുള്ള ഇറാഖീ നഗരങ്ങള്‍ പ്രക്ഷോഭത്തില്‍ പങ്കു ചേരുന്നുണ്ട്. എന്നല്ല, പ്രക്ഷോഭം നടത്തുന്ന അധിക നഗരങ്ങളും ശീഈകള്‍ക്ക് ഭൂരിപക്ഷമുള്ളവയാണ്. അവര്‍ ആവശ്യപ്പെടുന്നതോ, ഇറാഖിന്റെ കാര്യത്തില്‍ ഇറാന്‍ കൈകടത്തരുതെന്നും. ലബനാനില്‍ പ്രക്ഷോഭം രൂക്ഷമായ തെക്കന്‍ നഗരങ്ങളായ സ്വറുവര്‍, നബ്ത്വിയ്യ എന്നിവിടങ്ങളില്‍ ശീഈകള്‍ക്കും സൈ്വദാ, ത്വറാബുലുസ് എന്നിവിടങ്ങളില്‍ സുന്നികള്‍ക്കുമാണ് ഭൂരിപക്ഷം. ബൈറൂത്തിലെ പ്രക്ഷോഭ ചത്വരങ്ങളില്‍ ഒത്തുകൂടുന്നുവര്‍ എല്ലാ വിഭാഗക്കാരുമാണ്. അവരില്‍ ക്രിസ്ത്യാനികളും ദുറൂസുകളുമെല്ലാമുണ്ട്. ഒരു പ്രക്ഷോഭകന്‍ പറഞ്ഞപോലെ, ദാരിദ്ര്യം ആരോടും വിവേചനം കാണിക്കില്ലല്ലോ. ഇറാഖിലെയും ലബനാനിലെയും പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ ഇറാന്‍ -ഇത് രണ്ടും അവരുടെ 'കളിസ്ഥലങ്ങള്‍' - കാണുന്നത് അമേരിക്കയെയും ഇസ്രയേലിനെയുമൊക്കെയാണ്. ഈ രാഷ്ട്രങ്ങളാണത്രെ ഇറാനിലെന്നപോലെ ഈ രണ്ടു രാഷ്ട്രങ്ങളിലും കുഴപ്പവും അരാജകത്വവും കുത്തിപ്പൊക്കുന്നത്. വിദേശകരങ്ങള്‍ പിറകിലില്ലെന്ന് ധരിക്കുന്നത് വങ്കത്തമാണെങ്കിലും, 'വിദേശ ഗൂഢാലോചനകള്‍' വിജയം കാണുന്നത് രാജ്യത്തിന്റെ ആഭ്യന്തര പ്രതിരോധം തകര്‍ന്നതുകൊണ്ടാണെന്നും വ്യക്തമാണല്ലോ. ഈ ആഭ്യന്തര ശൈഥില്യമാണ് ഇറാനിലെയും ഇറാഖിലെയും ലബനാനിലെയുമൊക്കെ രാഷ്ട്രീയ യാഥാര്‍ഥ്യം.
കഴിഞ്ഞ ഫെബ്രുവരിയില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ട അള്‍ജീരിയയിലെ ഭരണവര്‍ഗത്തിന്റെ ആയുധപ്പുരയില്‍ 'വൈദേശിക ഗൂഢാലോചന,' പ്രയോഗിക്കാന്‍ പാകത്തില്‍ ഒരുക്കിനിര്‍ത്തിയിരുന്നു. അവിടത്തെ മുന്‍പ്രസിഡന്റ് അബ്ദുല്‍ അസീസ് ബൂതഫ്‌ലീഖ താന്‍ അഞ്ചാമതും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും എന്ന് പ്രഖ്യാപിച്ചതാണ് പ്രക്ഷോഭങ്ങള്‍ക്ക് നിമിത്തമായത്. സൈന്യം ബൂതഫ്‌ലീഖക്ക് ഒപ്പമായിരുന്നെങ്കിലും തെരുവുകള്‍ പ്രക്ഷുബ്ധമായതോടെ അതിന്റെ സമ്മര്‍ദങ്ങള്‍ കാരണം അവര്‍ ബൂതഫ്‌ലീഖയോട് രാജിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ കഴിഞ്ഞ ഏപ്രിലില്‍ ബൂതഫ്‌ലീഖ സ്ഥാനമൊഴിഞ്ഞെങ്കിലും അഴിമതിക്കാരെ പിടിച്ചുകെട്ടുക, രാഷ്ട്ര സമ്പത്ത് കൊള്ളയടിക്കുന്നത് തടയുക, രാഷ്ട്രീയ ഘടന പരിഷ്‌കരിക്കുക തുടങ്ങിയ ജനകീയാവശ്യങ്ങളോട് ഇപ്പോഴും പുറംതിരിഞ്ഞു നില്‍ക്കുകയാണ് അള്‍ജീരിയന്‍ സൈന്യം. 'ഒരു വിദേശ ശക്തിയുമായും ഒത്തുതീര്‍പ്പില്ല; അവരെ ഇടപെടാനും അനുവദിക്കില്ല' എന്നാണ് ഇപ്പോള്‍ രാഷ്ട്രഭരണം കൈയടക്കിവെച്ചിരിക്കുന്ന മേജര്‍ ജനറല്‍ ഖായിദ് സ്വാലിഹ് പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് 'വിദേശ ഇടപെടലി'ന്റെ പേരു പറഞ്ഞ് സകല ജനകീയാവശ്യങ്ങളെയും തള്ളിക്കളയുകയും അവയെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയുമാണ്.
ഇനി ഈജിപ്തിലേക്ക് വന്നാലോ! അവിടത്തെ ഭരണാധികാരി അബ്ദുല്‍ ഫത്താഹ് സീസി കഴിഞ്ഞ സെപ്റ്റംബറില്‍ പറഞ്ഞത്, 'സൈനിക യത്‌നങ്ങളെ താറടിച്ചു കാണിക്കാനും ഭരണം അട്ടിമറിക്കാനും ഒരു ഗൂഢാലോചന' അരങ്ങേറുന്നുണ്ടെന്നാണ്. സീസി ഈജിപ്തുകാര്‍ക്ക് മുമ്പില്‍ രണ്ട് ഓപ്ഷനുകള്‍ വെക്കുന്നു; ഒന്നുകില്‍ ആ ഗൂഢാലോചനകള്‍ക്ക് വഴിപ്പെട്ടുകൊടുക്കുക. അല്ലെങ്കില്‍, ആ ശക്തികള്‍ 'ഈജിപ്തിനെ തകര്‍ക്കുന്ന'തിനു മുമ്പ് അതിനെതിരെ പ്രതിരോധം തീര്‍ക്കുക. 'സൈന്യത്തെ തകര്‍ത്തുകൊണ്ടേ ഈജിപ്തിനെ തകര്‍ക്കാനാവൂ. അത്തരമൊരു ഗൂഢാലോചനയായിരുന്നു 2011-ല്‍ നടന്നത്.' ഈജിപ്ഷ്യന്‍ നടനും കോണ്‍ട്രാക്ടറുമായ മുഹമ്മദ് അലി, സൈന്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന വമ്പന്‍ അഴിമതി കുംഭകോണങ്ങള്‍ വെളിച്ചത്തു കൊണ്ടു വന്നപ്പോഴായിരുന്നു സീസിയുടെ ഈ പ്രസ്താവന. അതിനെതിരെ ഉയര്‍ന്ന ജനകീയ പ്രക്ഷോഭങ്ങളെ സുരക്ഷാ വിഭാഗങ്ങള്‍ അതിക്രൂരമായി അടിച്ചമര്‍ത്തുകയും ചെയ്തു.
ചുരുക്കം പറഞ്ഞാല്‍, എല്ലാ രംഗത്തും പരാജയപ്പെട്ട ഏകാധിപത്യ വിധ്വംസക ഭരണകൂടങ്ങള്‍ 'വൈദേശിക ഗൂഢാലോചനാ' സിദ്ധാന്തം ചമച്ച്, വളരെ ന്യായമായ ജനകീയാവശ്യങ്ങളുടെ നിയമസാധുത ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. നേരത്തേ സൂചിപ്പിച്ചപോലെ, വൈദേശിക ഗൂഢാലോചനകള്‍ ഇല്ലെന്നല്ല പറയുന്നത്. ചില രാജ്യങ്ങളെ അസ്ഥിരപ്പെടുത്താന്‍ അവര്‍ ശ്രമിക്കുന്നുണ്ടെന്നതു സത്യം. പക്ഷേ, ഈ സ്വേഛാധിപത്യ ഭരണക്രമങ്ങള്‍ക്കു കീഴെ രാഷ്ട്രം ആഭ്യന്തരമായി ഭദ്രമായിരുന്നെങ്കില്‍, 'വൈദേശിക ശക്തികളുടെ' ഇന്ദ്രജാലത്തില്‍പെട്ട് ജനം തെരുവിലേക്കിറങ്ങുമായിരുന്നില്ലല്ലോ. ജനം മുദ്രാവാക്യം വിളിച്ച് തെരുവുകളിലേക്കിറങ്ങുന്നത് സഹനത്തിന്റെ സകല സീമകളും കൈവിട്ടുപോയതുകൊണ്ടാണ്; രോഷവും അമര്‍ഷവും ഇനിയും കടിച്ചമര്‍ത്താന്‍ കഴിയാതെ വരുമ്പോഴാണ്. അത്തരം സന്ദിഗ്ധ ഘട്ടങ്ങളില്‍ 'വൈദേശിക ഗൂഢാലോചനാ സിദ്ധാന്തം' എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്യമാണ്. യഥാര്‍ഥത്തില്‍ ഒരു രംഗത്തും വിജയിക്കാത്ത സ്വേഛാധിപത്യ ഭരണകൂടങ്ങള്‍ തങ്ങളുടെ ജനതക്കെതിരെ നടത്തുന്നതു തന്നെയാണ് ഏറ്റവും വലിയ ഗൂഢാലോചന. തക്കം പാര്‍ത്തിരിക്കുന്ന വൈദേശിക ശക്തികള്‍ക്ക് അത് അവസരങ്ങള്‍ തുറന്നുകൊടുത്തുവെന്നു മാത്രം.
(വാഷിംഗ്ടണില്‍ താമസിക്കുന്ന ഫലസ്ത്വീന്‍ വംശജനായ രാഷ്ട്രീയ നിരീക്ഷകനാണ് ഉസാമ അബൂറാശിദ്)
Comments